Image

കാത്തിരിപ്പ് (കവിത: ഉമാ സജി)

Published on 30 April, 2023
കാത്തിരിപ്പ് (കവിത: ഉമാ സജി)

ഞാൻ കാത്തുനിന്നൊരാ  വഴിയിൽ
കുളിർ കാറ്റായി വന്നു മെല്ലെയെൻ
കവിളിൽ തഴുകി നീ നിന്ന നേരം
ഒരു കുടമുല്ലപ്പൂവായി ഞാൻ വിടർന്നു

മണമെല്ലാമേറ്റി നീ ചുറ്റിപ്പറന്നപ്പോൾ
സുഖമുള്ള നോവായ് ഞാൻ കാത്തുനിന്നു
ഇനിയും കൊഴിയാത്തൊരിതളുകളിൽ
പ്രണയ സുഗന്ധം നിനക്കായി കാത്തുവച്ചു

ഞാൻ പൂത്ത വഴികളിൽ പവിഴം പൊഴിക്കുന്ന
പുതുമഴയായി നീ വന്നനേരം
നീളെ നനഞ്ഞൊരു കുളിരുളള-
കനവായി ഞാൻ നിന്നിലലിഞ്ഞു നിന്നു

വാർമഴവില്ലായി മാനത്തു വന്നു നീ
ഏഴു വർണ്ണങ്ങളും നീർത്തി നിൽക്കെ
കടക്കണ്ണെറിഞ്ഞു ഞാൻ പച്ചിലക്കൂട്ടത്തി-
ന്നിടയിലായ് നാണം കുണുങ്ങി നിന്നു

രാവിൽ ഇന്ദുവിൻ ചാരൊത്തൊളിഞ്ഞും
തെളിഞ്ഞുംനീ എന്നെ നോക്കുന്നതു കണ്ടനേരം
 നാണത്താൽ മിഴിപൊത്തി നവോഢയെ-
 പോലൊരു പൂത്താലി മോഹിച്ചു നിന്നു പോയി

നീഹാരമായ് വന്നുനീ എന്നെ പൊതിഞ്ഞപ്പോൾ
മഞ്ഞിന്റെ വൽക്കലം മന്ത്രകോടിയാക്കി
പുലരി പൂത്തപ്പോൾ സ്വർണ്ണകിരണങ്ങൾ
കൊണ്ടൊരു മണിയറ ഞാനൊരുക്കിവച്ചു

ഒരിക്കലും വാടാത്ത സ്നേഹത്തിൻ മലരിന്റെ 
തല്പത്തിൽ നിന്നെയും കാത്തിരുന്നു
ഋതുക്കൾ കൊഴിഞ്ഞിട്ടും ഒഴുകൊന്നൊരോടമായ്
ഓളപ്പരപ്പിൽ ഞാൻ പൂത്തു നിന്നു

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക