ന്യു ജേഴ്‌സി: സ്വന്തമായി വീടില്ലെങ്കിലും സജി തോമസ് 13 കുടുംബങ്ങൾക്ക് വീട് വച്ച് നൽകി. മൂന്നു പെൺകുട്ടികളുടെ വിവാഹം നടത്തി. 300-ൽ പരം പേർക്ക് ഡയാലിസിസ് നടത്താൻ സൗകര്യമൊരുക്കുന്നു.
അടിയന്തരമായി മൂന്ന് കുടുംബങ്ങൾക്ക് വീട് വേണം. രണ്ട് ക്യാൻസർ രോഗികളും ഒരു ക്ഷയ രോഗിയും. അവർക്ക് വീട് വച്ചു കൊടുക്കണം. ഡയാലിസിസിന് ആളെ കൊണ്ട് പോകാൻ ഒരു ആംബുലൻസ് വേണം...
ജീവകാരുണ്യ പ്രവർത്തനം നടത്താൻ അമേരിക്ക ഒട്ടാകെ ഓടി നടന്ന് പണപ്പിരിവ് നടത്തുന്നവർക്ക് നേർവിപരീതമാണ് കൊട്ടാരക്കര വാളകം സ്വദേശിയായ സജി തോമസ്. പണമൊന്നും നേരിട്ട് തരണമെന്ന് ആവശ്യപ്പെടാറില്ലെന്ന് അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കോൺഫറൻസിൽ ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടലിൽ നിന്ന് ഹ്യുമാനിറ്റേറിയൻ അവാർഡ് സ്വീകരിക്കവേ പറഞ്ഞു.
സഹായിക്കാൻ താല്പര്യമുണ്ടെങ്കിൽ അർഹരായവരെ ചൂണ്ടിക്കാണിക്കാം. അവർക്കും നേരിട്ട് പണം നല്കേണ്ട. കാരണം പണം കിട്ടിയാൽ അത് അവർ എങ്ങനെ ചെലവഴിക്കുമെന്ന് അറിയില്ല. അതിനാൽ അവക്ക് വീട് വയ്ക്കാനുള്ള സാമഗ്രികൾ നൽകുന്നവർക്ക് പണം നൽകിയാൽ മതി. അതിനുള്ള സംവിധാനങ്ങളാണുള്ളത്. അതൊക്കെ ബുദ്ധിമുട്ടുള്ളവരിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കാനും വിഷമമില്ല. എങ്ങനെയും കാര്യങ്ങൾ നടക്കുക എന്നതാണ് പ്രധാനം.
ഒന്നര വയസുള്ളപ്പോൾ കഴുത്തിന് താഴെ തളർന്ന് ആറാം വയസിൽ വടിയുടെ സഹായത്തോടെ എഴുന്നേറ്റു. ഈ നാല്പത്തിമൂന്നാം വയസിലും വലിയ വടി തന്നെ ശരണം-അദ്ദേഹം പറഞ്ഞു. ദുബായിൽ നിന്ന് ഇത്രയും വലിയ വടിയുമായി യാത്ര ചെയ്യുന്നത് പ്രശ്നമായി. പക്ഷെ സജി തോമസിന്റെ ബാക്ക്ഗ്രൗണ്ട് നോക്കിയ അധികൃതർ സമ്മതിച്ചു.
ഗ്രാഫിക് ആർട്ടിസ്റ് ആണ് സജി. അമേരിക്ക ഒട്ടാകെ സുഹൃത്തുക്കളും പരിചയക്കാരുമുണ്ട്. അതിനു മന്ത്രിയോ എം.എൽ.ആയോ ഒന്നും ആകേണ്ടതില്ല. നേരത്തെ ഫോമാ കൺവൻഷനു വരാനിരുന്നതാണ്. പക്ഷെ വിസ അപേക്ഷ കെട്ടിക്കിടന്നു. അത് പരിഗണനക്കു വന്നപ്പോൾ ബിജു ചാക്കോ മുഖേന വേൾഡ് മലയാളി കൗൺസിൽ ക്ഷണിച്ചു.
അടിയന്തരമായി നടപ്പാക്കാനുള്ള പദ്ധതികൾ മനസ്സിൽ പ്ലാൻ ചെയ്താണ് വിസക്ക് പോലും അപ്ലൈ ചെയ്തത്-അദ്ദേഹം പറഞ്ഞു. ഞാൻ ചൂണ്ടി കാണിക്കുകയേയുള്ളു. അവർക്ക് അവിടെ ഒരു വീട് വേണം. എങ്ങനെയാണ് ഈ ആൾക്കാരെ കണ്ടെത്തുന്നത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.
ഞാൻ കഴുത്തിനു താഴെ ഒന്നര വയസിൽ തളർന്ന വ്യക്തിയാണ്. ആറ് വയസ് വരെ ഈ ഭൂമിയിൽ ഇഴഞ്ഞു ജീവിച്ച് ആറാമത്തെ വയസിൽ ഒരു വടിയുടെ സഹായത്താൽ എഴുന്നേറ്റതാണ്. ഇന്നെനിക്ക് 43വയസുണ്ട്. എനിക്ക് എഴുന്നേറ്റ് നടക്കാൻ ശക്തി നൽകിയ ഒരു ദൈവം എന്റെ കൂടെയുണ്ടെന്ന് എനിക്ക് വിശ്വാസമുണ്ട്.
അതേ പോലെഎഴുന്നേൽക്കാനോ സ്വന്തം ആവശ്യങ്ങൾ പോലും നിർവഹിക്കാനോ കഴിയാത്ത ഇടങ്ങളിലാണ് എന്റെ പ്രവർത്തനം. നമ്മുടെ ചുറ്റുവട്ടത്ത് ഒരുപാട് പേരുണ്ടാവാം. അർഹരല്ലാത്തവർ പോലും ഇക്കാര്യങ്ങൾക്കായി ചാടി വീഴുന്നുണ്ട്. പക്ഷെ അർഹത ഉള്ളവർക്ക് അത് നേടി കൊടുക്കാൻ പലരും ശ്രമിക്കുന്നുമില്ല.
നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്ത് അർഹതയാണ് അത് ലഭിക്കുന്നവർക്ക് ഉള്ളതെന്ന് നിങ്ങൾ അന്വേഷിക്കാറില്ല. അത് ചെയ്യുന്നവരും അന്വേഷിക്കാൻ സാധ്യതയില്ല. എന്നാൽ അർഹതയുള്ളവരുടെ മുന്നിലേക്ക് എന്നിൽ നിന്നും പത്തിരട്ടി വേദനയുള്ളവരിലേക്ക് ഞാൻ ചെയ്യുന്നു. അവർക്ക് അർഹതയുണ്ടെങ്കിൽ മാത്രം. അങ്ങനെയുള്ള 13വീടുകളാണ് ഇപ്പോൾ പൂർത്തിയാക്കിയത്.
ആവശ്യകതയ്ക്കാണ് പ്രാധാന്യം. ഞങ്ങളുടെ പെട്ടിക്കവല എന്ന സ്ഥലത്ത് ഭാര്യയും ഭർത്താവും ക്യാൻസർ രോഗികളാണ്. മക്കളില്ല, അവർ സാരി ചുറ്റി ഒരു ഷെഡിലാണ് കിടക്കുന്നത് .അവർക്ക് മഴ സമയത്ത് കിടന്നുറങ്ങാൻ ഒരിടം വേണം. അതേ പോലുള്ള കേസുകളാണ് ചെയ്യുന്നത്. 12 ദിവസം കൊണ്ടാണ് അവർക്ക് വീട് പൂർത്തിയാക്കിയത്. കൊല്ലം കലക്ടറാണ് വന്നു താക്കോൽ കൊടുത്തത്.
ആവശ്യത്തിനാണ് മുൻഗണന കൊടുത്തത്. കാരണം അവർക്ക് മഴ സമയത്തു കിടന്നുറങ്ങാൻ ഒരിടം വേണം.
നിങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും വേണം. ഒരിക്കലും കാഷ് ആയിട്ട് തരരുതെന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഇടത്ത് നിങ്ങൾക്ക് അവരെ ബന്ധപ്പെടുത്തി തരും. പൈസ അവർക്ക് കൊടുക്കരുത്. ആവശ്യമായ മെറ്റീരിയൽസ് കളക്ട് ചെയ്തു അവർക്കത് എത്തിച്ച് ഞങ്ങൾ തന്നെ നേതൃത്വം കൊടുത്തു അത് വച്ചു കൊടുക്കും.
ഇതാണ് ഞങ്ങളുടെ പദ്ധതി. യാതൊരു കാരണവശാലും ഞങ്ങൾ സാമ്പത്തികമായ ഒരുപരിപാടിയും ഏറ്റെടുക്കുന്നില്ല, അർഹതയുള്ളവരെ ചൂണ്ടികാണിക്കുകയേയുള്ളു. ഇന്ന് ലഭിച്ച എല്ലാ നന്മകൾ ക്കും പ്രത്യേകിച്ചു സപ്പോർട്ട് ചെയ്ത അമേരിക്ക റീജിയൻറെ ചെയർമാൻ, പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഇതിന്റെ പിന്നിൽപ്രവർത്തിക്കുന്ന എല്ലാർക്കും നന്ദി.
ഞാൻ ഇവിടെ എത്തി ഓരോ നിമിഷവും എന്നെ വിളിച്ചു കൊണ്ടിരിക്കുന്ന ഒരുപാട് പേരുണ്ട്, എല്ലാവരും എന്റെ ഹൃദയത്തിലുണ്ട് അവരെ നന്ദിയോടെ ഓർക്കട്ടെ-അവാർഡ് സ്വീകരിച്ചു കൊണ്ട് സജി തോമസ് പറഞ്ഞു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് സജി തോമസ്.
വാട്ട്സ്ആപ്പ് നമ്പർ: 9446749749
see also: വേൾഡ് മലയാളി കൗൺസിൽ കോൺഫറൻസ്: ഓർമ്മകളിൽ അംബാസഡർ ശ്രീനിവാസൻ
നിരന്തരം റീത്ത് വയ്ക്കാൻ പോയി, ഭാര്യയുടെ പേര് ജനം റീത്താമ്മ എന്നാക്കിയെന്ന് മാണി സി. കാപ്പൻ എം.എൽ.എ