പരപ്പനങ്ങാടി- താനൂര്‍ നഗരസഭാ അതിര്‍ത്തിയിലെ പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍തീരത്തിനു സമീപം ആണ് അക്ഷരാര്‍ത്ഥത്തില്‍ ആ കറുത്തഞായര്‍ സംഭവിച്ചത്. ആദ്യം വന്ന വാര്‍ത്തകള്‍ പ്രകാരം താനൂരിലെ അപകടത്തില്‍ പത്തില്‍ താഴെ ആയിരുന്നു മരണസംഖ്യ. അതു നിമിഷംപ്രതി വര്‍ദ്ധിച്ച് ഇരുപത്തിരണ്ട് എന്ന സംഖ്യയിലെത്തി. എത്ര പേര്‍ ബോട്ടില്‍ക്കയറി എന്നറിയില്ല. അവസാന ട്രിപ്പ് ആറരയ്ക്കു മുന്‍പ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ആ ട്രിപ്പ് ആരംഭിച്ചത് ഏഴു മണിക്ക്. കരയില്‍ നിന്നും ഏതാണ്ട് മുന്നൂറു മീറ്റര്‍ അകലെ ബോട്ട് ചരിഞ്ഞു. കുറച്ചു പേര്‍ ബോട്ടിന്റെ മുകള്‍ത്തട്ടില്‍ നിന്നും തെറിച്ചു വീണു. പിന്നാലെ, പരിഭ്രാന്തരായ യാത്രക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചതോടെ ബോട്ട് തലകീഴായ് മറിഞ്ഞു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളും. ഒരു കുടുംബത്തിലെ പതിനൊന്നുപേര്‍ ദുരന്തത്തില്‍പ്പെട്ടുവെന്നു പറയുമ്പോള്‍ ആ അപകടത്തിന്റെ വ്യാപ്തി എത്ര വലുതാണെന്നു നോക്കുക. പെരുന്നാള്‍ അവധിയില്‍ നാട്ടിലെത്തിയ ഗൃഹനാഥന്മാര്‍ക്കൊപ്പം ഉല്ലസിക്കാന്‍ ഇറങ്ങിയവരാണ് കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും. അവരുടെ സന്തോഷവും സ്വപ്നങ്ങളുമാണ് നിലയില്ലാക്കയത്തില്‍ മുങ്ങിപ്പോയത്. സര്‍ക്കാര്‍ നല്‍കുന്ന നഷ്ട പരിഹാരത്തുക കൊണ്ടു പരിഹരിക്കാനാകുമോ വേര്‍പെട്ട ജീവിതത്തെ?
മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന ബോട്ട് രൂപമാറ്റം വരുത്തി, പൊന്നാനിയിലെ ലൈസന്‍സില്ലത്ത യാര്‍ഡില്‍ വെച്ചു രൂപമാറ്റം വരുത്തിയാണ് ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ട് സര്‍വ്വീസ് നടത്തിയിരുന്നത്. ബോട്ടിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന പരാതിക്കു പിന്നാലെ കഴിഞ്ഞ മാസമാണ് ബോട്ടിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ബോട്ട് സര്‍വീസിന് ഇറക്കിയത്. മീന്‍പിടുത്ത ബോട്ട് രൂപമാറ്റം വരുത്തി ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമവും ഉടമ നാസര്‍ തന്റെ രാഷ്ട്രീയ പിടിപാടു കൊണ്ട് മറികടക്കുകയായിരുന്നു. ഇപ്പോള്‍ നരഹത്യാക്കുറ്റം ചുമത്തിയിട്ടുണ്ട് ഉടമയ്‌ക്കെതിരെ. അയാള്‍ ഒളിവിലുമാണ്.
പാട്ടൊക്കെയിട്ട് വളരെ സന്തോഷത്തോടെ നടത്തിയ യാത്രയാണ് ഒടുവില്‍ ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 22 പേരുടെ ജീവനെടുത്തത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കുറച്ചു പേരെ രക്ഷിക്കാന്‍ സഹായിച്ചു. ബോട്ടിന്റെ ശേഷിയിലും കൂടുതല്‍ ആളെ കയറ്റിയതും, സുരക്ഷാ സംവിധാനങ്ങള്‍ അപര്യാപ്തമായിരുന്നതും വെളിച്ചക്കുറവും ദുരന്തത്തിന്റെ ആഴം കൂട്ടി.
ടൂറിസ്റ്റ് ബസ് അപകടം നടന്നാല്‍ ബസ് വെള്ളയടിപ്പിക്കുന്നതുപോലുള്ള തുഗ്ലക് പരിഷ്‌ക്കാരങ്ങള്‍ പലതിന് ഇനി കേരളം സാക്ഷിയാകും. അപ്പോഴും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നിലകൊള്ളുമ്പോള്‍ ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന നാടായിത്തുടരും.
Repetitive negligence; Life in the water