അങ്ങിനെ അവസാനം കൂടും കിടക്കയുമെടുത്തുകൊണ്ട് ഫ്‌ളോറിഡയിലേക്ക് കൂടുമാറാനുള്ള ഒരു തീരുമാനത്തിലെത്തി. കുടുംബജീവിത്തില്‍ എല്ലാം കൂട്ടായ തീരുമാനമാണെന്നൊരു ഭംഗിവാക്ക് പറയാമെങ്കിലും, അവസാന തീരുമാനം കുടുംബിനിയുടേയാതാണ്. അതുകൊണ്ടാണ് 'വീടിനു പൊന്‍വിളക്ക്, നീ കുടുംബിനി'
ഒരു വീട് കണ്ട് ഒരുമാതിരി ഇഷ്ടപ്പെട്ട്, വിലയും ഒത്തുവരുമ്പോള്‍ കുടുംബിനി പറയും, 'അടുക്കള അത്ര പോരായെന്ന്' -'ഇയര്‍ എന്‍ഡ് ക്ലിയറന്‍സില്‍' നല്ലൊരു കാര്‍ ആദായ വിലയ്ക്ക് കിട്ടിയാലും ഒരു ഉടക്കിടും 'കറുത്ത കളര്‍ അത്ര ഗുണമില്ല, മെറ്റാലിക് ബ്ലൂ ആണ് പുതിയ ട്രെന്‍ഡെന്ന്'. ഞാനാണെങ്കില്‍ തല ചായിക്കുവാന്‍ തരക്കേടില്ലാത്ത ഒരിടവും, സഞ്ചരിക്കാന്‍ കേടുപാടില്ലാത്ത ഒരു കാറും മതിയെന്ന മനോഗതിയുള്ള ഒരു സാധാരണ മനുഷ്യപുത്രനാണ്.
'ഇങ്ങേര്‍ക്ക് ഇപ്പോഴും ആ മൈലപ്രാക്കാരുടെ പഴയ ചിന്താഗതിയാണ്' എന്ന് എന്റെ നാട്ടുകാരെ ഉള്‍പ്പടെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രസ്താവനയും നടത്തും.
'ഞാന്‍ പറയുന്നതേ ഇവിടെ നടക്കൂ' എന്നൊക്കെ വീമ്പിളിക്കാമെങ്കിലും, അവസാന തീരുമാനം ആഭ്യന്തര മന്ത്രിയായ ഭാര്യയുടേത് തന്നെയാണ്.
എന്നാല്‍, എന്തെങ്കിലും കുഴപ്പം പറ്റിയാല്‍, 'ഞാന്‍ അന്നേ ഇങ്ങേരോട് പറഞ്ഞതല്ലേ അതു വേണ്ടായെന്ന്' പിറവം സ്റ്റൈലില്‍ ഒരു പ്രസ്താവന നടത്തി, കുറ്റം മുഴുവന്‍ നമ്മുടെ തലയില്‍ കെട്ടിവയ്ക്കും. ഈയൊരു കാര്യത്തില്‍ സ്ത്രീകള്‍ക്കുള്ള ഒരു വിരുത് അഭിനന്ദനാര്‍ഹമാണ്.
സാധനങ്ങളെല്ലാം കെട്ടിപ്പെറുക്കി പോകുന്നതിലും നല്ലത്, അവിടെ ചെന്ന് പുതിയത് വാങ്ങുന്നതായിരിക്കും, സൗകര്യവും ലാഭകരവുമെന്ന് ഞാന്‍ പറഞ്ഞെങ്കിലും, ഇവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന സാധനങ്ങള്‍ക്ക് 'സെന്റിമെന്റല്‍ വാല്യൂ' ഉള്ളതുകൊണ്ട്, അതെല്ലാം കൊണ്ടുപോയേ പറ്റൂ എന്ന് ഭാര്യ പറഞ്ഞതിന് വഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലല്ലോ?
ആദ്യപടിയായി ഗൂഗിള്‍ ചെയ്തുനോക്കി നമ്പര്‍വണ്‍ മൂവിംഗ് കമ്പനിയെ തന്നെ വിളിച്ചു. വെറും ആയിരത്തഞ്ഞൂറ് ഡോളര്‍. അതു തരക്കേടില്ലാ എന്നു തോന്നി. അവര്‍ ഇ-മെയില്‍ വഴി അയച്ച പത്തിരുപത് പേജ് സൈന്‍ ചെയ്ത്, ആയിരത്തഞ്ഞൂറ് ഡോളറും മുന്‍കൂറായി കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മൂവിംഗ് കമ്പനിക്കാര്‍ വീണ്ടും വിളിച്ചു. പതിനായിരം ഡോളര്‍ കൊടുക്കണം. പകുതി അഡ്വാന്‍സ്. ബാക്കി തുക സാധനങ്ങള്‍ ട്രക്കില്‍ കയറ്റിക്കഴിയുമ്പോള്‍ ക്യാഷായി കൊടുത്താല്‍ മതി. ആദ്യം വിളിച്ചവന്‍ ബുക്കിംഗ് ഏജന്റായിരുന്നു. അവരുടെ കമ്മീഷനായിരുന്നു ആയിരത്തഞ്ഞൂറ് ഡോളര്‍. ഇതെല്ലാം ഞാന്‍ ഒപ്പിട്ട് കൊടുത്ത പേപ്പറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കാറ് വാങ്ങിക്കുമ്പോഴും, വീട് വാങ്ങിക്കുമ്പോഴും, എന്തിനേറെ ഒരു ഡോക്ടറുടെ ഓഫീസില്‍ ചെന്നാല്‍ പോലും നൂറു പേപ്പറില്‍ ഒപ്പിട്ടുകൊടുക്കണം.
കരാറില്‍ നിന്നും പിന്മാറാനും പറ്റില്ല. അതിനുള്ള വകുപ്പുകളിലും ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. റോഡ് ടാക്‌സ്, ഡെസ്റ്റിനേഷന്‍ സ്റ്റോറേജ്, ഫര്‍ണിച്ചര്‍ റീ അസംബ്ലിംഗ്- എന്തിനെറെ പറയുന്നു - ഇരുപതിനായിരം ഡോളര്‍ ക്ലീന്‍ ഔട്ട്. അവിടെ നിന്നും കെട്ടിപ്പെറുക്കി കൊണ്ടുവന്ന പെട്ടികള്‍, രണ്ടുമാസം കഴിഞ്ഞിട്ടും പൊട്ടിച്ചുനോക്കിയിട്ടുപോലുമില്ല.
അങ്ങിനെ പുതിയ വീട്ടില്‍ പൊറുതി തുടങ്ങി. അത്യാവശ്യത്തിന് പുല്‍ത്തകിടിയൊക്കെയുണ്ട്. അപ്പോഴാണ് അടുത്ത വീട്ടില്‍ പുല്ലു വെട്ടിക്കൊണ്ടിരുന്ന പയ്യന്‍ ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടത്.
അവനുമായി അവള്‍ ഒരു ലാഭക്കരാര്‍ ഉണ്ടാക്കി. വീടിനു മുന്നില്‍ നില്‍ക്കുന്ന ചെടികളൊക്കെ ഒന്നു വൃത്തിയാക്കണം. പുല്ലുവെട്ടണം. ഒന്നു കണ്ണു തെറ്റിയപ്പോഴേയ്ക്കും അവിടെ നിന്ന ചെടികളൊക്കെ വെട്ടിനിരപ്പാക്കി. അവിടെ നിന്നിനുരുന്ന ഒരു ചെറിയ പനയുടെ ഓലകള്‍ വെട്ടി, അവന്റെ അതേ ഹെയര്‍ സ്റ്റൈലില്‍ രൂപപ്പെടുത്തി. പനയുടെ തല വെട്ടിയതിന്, പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കൂലിയും വാങ്ങിയിട്ടാണ് അവന്‍ സ്ഥലം വിട്ടത്.
പുതിയ സ്ഥലത്ത് ചെല്ലുമ്പോള്‍, നമ്മുടെ അവശ്യ സേവനങ്ങള്‍ക്കായി പുതിയ ആള്‍ക്കാരെ കണ്ടുപിടിക്കണം. ഡോക്‌ടേഴ്‌സ് മുതല്‍ ബാര്‍ബറെ വരെ!
കഷണ്ടി കടന്നാക്രമിച്ചിട്ടുണ്ടെങ്കിലും, മാസത്തിലൊരിക്കല്‍ മുടി വെട്ടിക്കുന്നത് ഒരു ശീലമായതുകൊണ്ട് അതിന്നും തുടരുന്നു. വീട്ടില്‍ നിന്നും അധികം ദൂരമില്ലാത്ത ഒരു ബ്യൂട്ടി സലൂണിലാണ് ആദ്യം കയറിയത്.
രണ്ടുമൂന്നു തരുണീമണികളാണ് ബ്യൂട്ടീഷ്യന്‍സ്. 'ഹൂട്ടേഴ്‌സ്' റെസ്റ്റോറന്റിലെ ഹോസ്റ്റസുകളുട വേഷം. വെറും മുടിവെട്ടല്ലാതെ മറ്റു പല സേവനങ്ങളും അവിടെയുള്ളതായി ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന ബോര്‍ഡില്‍ നിന്നും മനസിലായി. ഹെയര്‍ വാഷിംഗ്, ഹെഡ് മസാജ്, ഷവര്‍ മസാജ് അങ്ങനെ പലതും. കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെക്കാളും വയസായ ഒരപ്പച്ചന്‍ നനഞ്ഞ ടൗവ്വലുമുടുത്തുകൊണ്ട് അകത്തുനിന്നും പ്രത്യക്ഷപ്പെട്ടു. സായിപ്പ് ടൗവ്വല്‍ ഉടുക്കുന്നതിലും ഭേദം ഉടുക്കാതിരിക്കുന്നതാണ്. എല്ലാംകൂടി ചുരുട്ടിക്കൂട്ടി പിടിച്ചിരിക്കുന്നു. വല്യപ്പച്ചന്റെ മുഖത്ത് സംതൃപ്തി നിറഞ്ഞ ഒരു ശൃംഗാരഭാവവുമുണ്ട്.
അവിടുത്തെ സ്ഥിരം കസ്റ്റമേഴ്‌സ് ആയ ചില സീനിയര്‍ സിറ്റിസണ്‍സ് എന്നെ തുറിച്ചുനോക്കുന്നുണ്ട്. 'ഈ ഇന്ത്യന്‍ നാറിക്ക്, ഇവിടെ എന്താ കാര്യം? എന്നു വേണമെങ്കില്‍ അവരുടെ നോട്ടത്തിനെ മലയാള ഭാഷയില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്താം.
'ഏതായാലും കയറിയല്ലേ - ഒന്നു നോക്കിക്കളയാം ' എന്നു പറഞ്ഞ് ഞാന്‍ ഭാര്യയുടെ മുഖത്തേക്ക് നോക്കി. അവളുടെ തീപാറുന്ന നോട്ടത്തില്‍, എന്റെ മുടി കരിഞ്ഞുപോകുമെന്ന് തോന്നി. ആ തീക്ഷണ നോട്ടത്തിന്റെ അര്‍ത്ഥം 'കടക്കൂ പുറത്ത്' എന്നാണെന്നു മനസിലായി.
അവസാനം ചുവപ്പും വെള്ളയും കലര്‍ന്ന അക്ഷരത്തില്‍ 'ബാര്‍ബര്‍ ഷോപ്പ്' എന്നെഴുതി വച്ചിരിക്കുന്ന ഒരു കടയില്‍ കയറി. മുടിവെട്ടുകാരുടെ സംസാരഭാ. സ്പാനിഷ് ആണ്. കുറെ മുറി ഇംഗ്‌ളീഷ് അറിയാം. അവിടുത്തെ സെറ്റപ്പ് എന്റെ ഭാര്യയ്ക്ക് നന്നേ പിടിച്ചു. ബാര്‍ബര്‍ മോന്‍ നിന്നിടത്തുനിന്നും അനങ്ങുന്നില്ല. എന്റെ തലയെ അവന്റെ വരുതിയ്ക്ക് കൊണ്ടുവരത്തക്ക രീതിയില്‍ ഒരു മയവുമില്ലാതെ അവന്‍ കസേര കറക്കിക്കൊണ്ടിരുന്നു. 'മോഷന്‍ സിക്ക്‌നെസ്' എന്ന അസുഖമുള്ള ഞാന്‍ കറങ്ങി താഴെ വീഴുമെന്നു തോന്നി.
എന്റെ തലയിലേക്ക് ചൂണ്ടിക്കൊണ്ട്, അവന്റെ സഹ ബാര്‍ബേഴ്‌സിനോട് എന്തോ പറഞ്ഞ് അവര്‍ ചിരിക്കുന്നുണ്ട്. അര്‍ത്ഥം പിടികിട്ടിയില്ലെങ്കിലും, എന്നെ അവര്‍ കളിയാക്കുകയാണെന്ന് മനസിലായ എന്റെ പ്രിയപ്പെട്ട പ്രിയതമയും അവരുടെ ചിരിയില്‍ പങ്കുചേര്‍ന്നു. ബോണസായി, റെയില്‍വേ ട്രാക്കുപോലെ, എന്റെ തലയില്‍ രണ്ട് വരകൂടി വരച്ചിട്ടാണ് അവന്‍ മുടിവെട്ട് കര്‍മ്മം പൂര്‍ത്തീകരിച്ചത്.
എന്തെല്ലാം അനുഭവങ്ങളില്‍ കൂടിയാണ് മനുഷ്യജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. എല്ലാം ഒന്നൊതുക്കി, ഇനിയുള്ള ശിഷ്ടകാലം സ്വസ്ഥമായി ഇരിക്കെന്നു കരുതുമ്പോഴാണ്, ഒരിക്കലും പ്രതീക്ഷിക്കാത്ത പാരകള്‍, ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ അസമയത്ത് കയറിവരുന്നത്.
എല്ലാ അമ്മമാര്‍ക്കും ഒരു നല്ല മാതൃദിനം ആശംസിക്കുന്നു!