Image

'ഡബിള്‍ എഞ്ചിന്‍' ഗവണ്‍മെന്റിന് മണിപ്പൂരില്‍ എന്തു സംഭവിച്ചു (ദല്‍ഹി കത്ത്: പി.വി. തോമസ്)

Published on 13 May, 2023
'ഡബിള്‍ എഞ്ചിന്‍' ഗവണ്‍മെന്റിന് മണിപ്പൂരില്‍ എന്തു സംഭവിച്ചു (ദല്‍ഹി കത്ത്: പി.വി. തോമസ്)

ഇന്‍ഡ്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്.  സാധാരണഗതിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വാര്‍ത്താപരമായി ഇംഗ്ലീഷ് മാദ്ധ്യമങ്ങളില്‍ കാര്യമായി ഇടം കാണാറില്ലെങ്കിലും ഇപ്രാവശ്യം ഒന്നാംപേജ്  വാര്‍ത്തകളും അവലോകനങ്ങളും മുഖപ്രസംഗങ്ങളും എല്ലാം ഉണ്ടായി. മുഖ്യമന്ത്രി എന്‍. ബിമന്‍സിംങ്ങ് പറഞ്ഞതു പോലെ ആഴ്ചകളോളം നീണ്ടുനിന്ന ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തില്‍ 60 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. കൊല ഇപ്പോഴും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. 3500പേര്‍ തെരുവിലായി. 1700 വീടുകള്‍ കത്തിച്ചാമ്പലായി. പോലീസ് സ്റ്റേഷനുകളില്‍നിന്നു 1041 ആയുധങ്ങളും 7460 റൗണ്ടുകള്‍ വെടിക്കോപ്പുകളും മോഷ്ടിക്കപ്പെട്ടു. സംഭവത്തെക്കുറിച്ച് വളരെ നിര്‍ഭാഗ്യകരമെന്നാണ് ബി.ജെ.പി. മുഖ്യമന്ത്രി സിംങ്ങ് പറഞ്ഞത്.

ദല്‍ഹിയിലും സംസഥാനതെരഞ്ഞെടുപ്പുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രിഅമിത്ഷായും 'ഡബിള്‍ എഞ്ചിന്‍' ഗവണ്‍മെന്റിന്റെ പ്രവര്‍ത്തിക്ഷമതയെ പ്രകീര്‍ത്തിക്കാറു ണ്ടെങ്കിലും മണിപ്പൂര്‍ പിടിയില്‍ ഒതുങ്ങിയില്ല. മുഖ്യമന്ത്രി ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും കലാപത്തില്‍ 25-ല്‍ പരം ദേവാലയങ്ങള്‍ ചുട്ടുകരിക്കപ്പെട്ടു. കലാപത്തിന്റെ വര്‍ഗ്ഗീയസ്വഭാവം ഇത് തുറന്നു കാണിച്ചു. കലാപം മുഖ്യമായും ഭൂരിപക്ഷസമുദായമായ മെയ്റ്റി വിഭാഗവും ആദിവാസികളും നമ്മില്‍ ആയിരുന്നു. ആദിവാസികളില്‍ കുക്കി ട്രൈബ് ആണ് പ്രധാനം. മെയ് 3-ന് ചുരാചന്ദ്പൂര്‍ ജില്ലയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അത് സംസ്ഥാനവ്യാപകമായി പടര്‍ന്നു. സംഭവദിവസം ഏകദേശം 1500 ആദിവാസി വിദ്യാര്‍ത്ഥികള്‍ മെയ്റ്റിവിഭാഗത്തിന് അനുകൂലമായ ഒരു ഹൈക്കോടതിവിധിയെ എതിര്‍ത്തുകൊണ്ട് ഒരു പ്രകടനം ആണ് ആക്രമിക്കപ്പെട്ടതും അക്രമണമായതും. ഉടന്‍ തന്നെ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു ഇന്റര്‍നെറ്റ് നിര്‍ത്തലാക്കി. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവും പുറപ്പെടുവിച്ചു.

കലാപം എന്നിട്ടും തുടര്‍ന്നു. പട്ടാളം പുറത്തിറങ്ങി ഫ്‌ളാഗ് മാര്‍ച്ചുകള്‍ നടത്തി, ഡ്രോണുകള്‍ നിയോഗിക്കപ്പെട്ടു. എന്നിട്ടും കൊള്ളയും കൊള്ളിവയ്പ്പും അനധികൃതമായി സ്വത്തുക്കള്‍ കയ്യേറുന്നതും തുടര്‍ന്നു. ആര്‍ട്ടിക്കിള്‍ 355 നിലവില്‍ വന്നു. സാധാരണ ഗതിയില്‍ ക്രമസമാധാനനില കൈവിട്ടുപോയാല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുകയാണ് ചെയ്യുന്നത്. അത് ഒട്ടും ജനാധിപത്യപരമായ ഒരു കാര്യം അല്ലെങ്കിലും ഇവിടെ അതിന് ഒട്ടും സാദ്ധ്യതയില്ല. കാരണം 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരാണ് ഭരിക്കുന്നത്. ഇതേതുടര്‍ന്ന് സൈനിക അര്‍ദ്ധസൈനിക വ്യത്യാസം ഉണ്ടായി. സെന്‍ട്രല്‍ സായുധസേനയുടെ 50 കമ്പനികള്‍ ആസാം റൈഫിള്‍സ് എല്ലാം നിയോഗിക്കപ്പെട്ടു.

ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വടക്കുകിഴക്കന്‍ സൊസൈറ്റി എന്ന വിദ്യാര്‍ത്ഥി സംഘടന ഈ കലാപങ്ങളുടെ കാരണമായി പറഞ്ഞത് മതവും വര്‍ഗ്ഗീയതയും രാഷ്ട്രീയ മുതലെടുപ്പും ആണ് ഈ കലാപങ്ങള്‍ക്കു പിന്നില്‍ എന്നാണ്. ഇതിനൊപ്പം ഭൂമിയുടെ അപര്യാപ്തതയും തൊഴിലില്ലായ്മയും ഉണ്ട്. ഇതെല്ലാം വര്‍ഷങ്ങളായിട്ടുള്ള  പരാധീനതകള്‍ ആണ്. വടക്കുകിഴക്കന്‍ ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ എല്ലാം മെയ്റ്റികളും കുക്കികളും തമ്മിലുള്ള കലാപത്തിന് ചരിത്രവും ഭൂമിശാസ്ത്രവും കള്‍ച്ചറും എല്ലാത്തിന്റെയും കലര്‍പ്പുണ്ട്.

അതില്‍ ചരിത്രത്തിന്റെ മുറിപ്പാടുകളും ഉണ്ട്. മെയ്റ്റികളും കുക്കികളും തമ്മിലുള്ള ചരിത്രം കലാപത്തിന്റേതാണ്. ഇംഫാല്‍വാലിയാണ് മെയ്റ്റികളുടെ  വാസകേന്ദ്രം. കുക്കികളുടേതാകട്ടെ മറ്റ് ആദിവാസികളോടൊപ്പം മണിപ്പൂര്‍ മലമ്പ്രദേശങ്ങളും. നാഗന്മാരും ഇവിടെ താമസമുണ്ട്.  മണിപ്പൂര്‍ മലകള്‍നിബിഡമായ വനങ്ങളാല്‍ നിറഞ്ഞതാണ്. കുക്കുകളുടെ നാഗന്മാരുടെയും മറ്റു ട്രൈബുകളുടെയും ആഹാരവും തൊഴിലും പാര്‍പ്പിടവും ഈ മലനിരകളിലെ വനങ്ങളിലാണ്.

മെയ്റ്റികള്‍ ഇംഫാന്‍വാലിയില്‍ കൃഷി ഭൂമിക്കും തൊഴിലിനും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ട്. ദീര്‍ഘകാലമായിട്ടുള്ള അവരുടെ ഒരു ആവശ്യം ആണ് അവരെയും കുക്കികളെയും  നാഗന്മാരെയും പോലെ പട്ടികവര്‍ഗ്ഗമായി പ്രഖ്യാപിക്കുക, ഇതിലാണ് മണിപ്പൂര്‍ ഹൈക്കോടതി ഏപ്രില്‍ 19-ന് ഇവര്‍ക്ക് അനുകൂലമായ ഒരു വിധി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള കലാപങ്ങളുടെ കാരണവും ഇതുതന്നെ. അനുകൂലമായി വിധിയെന്നുപറഞ്ഞാല്‍ കോടതി മെയ്റ്റികളെ പട്ടികജാതിയായി പ്രഖ്യാപിച്ചില്ല. സംസ്ഥാനഗവണ്‍മെന്റിനോട് ഇത് കേന്ദ്രഗവണ്‍മെന്റിനോട് ശുപാര്‍ശ ചെയ്യുവാനാണ് നിര്‍ദ്ദേശിച്ചത്. കുക്കികളും മറ്റ് ആദിവാസി വിഭാഗങ്ങളും ഇത് അവര്‍ക്കുള്ള അപകടസൂചനയായിട്ടാണഅ കണ്ടത്. ആദിവാസികള്‍ അല്ലാത്ത മെയ്റ്റികള്‍ക്ക് ആസ്ഥാനം നല്‍കി അവര്‍ക്കു സംവരണാവകാശവും മറ്റും മെയ്റ്റികള്‍ കൈക്കലാക്കുമെന്ന് പരക്കെ ധാരണയുണ്ടായി. മെയ്റ്റികള്‍ ഹിന്ദുക്കള്‍ ആണ്.

കുക്കികളും മറ്റും വിവിധ കൃസ്ത്യന്‍ മതവിഭാഗത്തിലാണ് വിശ്വസിക്കുന്നത്. ഇവിടെ വിഭജനം പൂര്‍ത്തിയാകുന്നു. രാഷ്ട്രീയവും കുക്കികളുടെയും മറ്റ് ആദിവാസികളുടെയും ഭൂമിക്കും തൊഴിലിനും വിദ്യാഭ്യാസത്തിനും ഭരണഘടനാപരമായ സംരക്ഷണം ഉണ്ട്. എന്നാല്‍ ഇത് മെയ്റ്റികള്‍ക്ക് ഇല്ല. ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ രാഷ്ട്രീയം കൃത്യമായി നിരീക്ഷിക്കുന്ന രാഷ്ട്രീയ ലേഖകര്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2022-ല്‍ ബി.ജെ.പി. ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ വര്‍ദ്ധിച്ച ഒരു വര്‍ഗ്ഗീയ പക്ഷപാതപ്രകടനം ആയിരുന്നുവെന്ന്. അങ്ങനെ ഗോത്രസംഘര്‍ഷങ്ങള്‍ക്ക് വര്‍ഗ്ഗീയചുവയുണ്ടായി.

തീവ്രഹിന്ദത്വയുടേയും മറ്റും അതിപ്രസരവും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്വാധീനവും എല്ലാം ആയപ്പോള്‍ സംഭവം കലുഷിതമായി. മറ്റ് ഹിമാലയന്‍ സംസ്ഥാനങ്ങളിലെപ്പോലെ മണിപ്പൂരിലും കടുത്ത സാമ്പത്തീക പ്രതിസന്ധിയുണ്ട്. സംസ്ഥാനഗവണ്‍മെന്റിന്റെ എന്തെങ്കിലും വികസന പദ്ധതി നടപ്പിലാക്കണമെങ്കില്‍ കേന്ദ്രഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം വേണം. ലോണ്‍, ഗ്രാന്റ് എന്ന രൂപത്തില്‍ അതുകൊണ്ടാണ് ഇവിടങ്ങളില്‍ 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാര്‍ എന്ന ആശയത്തിന് പ്രചാരം ലഭിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ സ്വാധീനത്തിന് കാരണം ഇതായിരുന്നു കേന്ദ്രത്തില്‍ ഭരണം നഷ്ടമായതോടെ വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ഒന്നൊന്നായി കോണ്‍ഗ്രസിന് നഷ്ടമായി. ഇന്‍ഡ്യയുടെ കൊട്ടിഘോഷിക്കപ്പെടുന്ന സാമ്പത്തിക വളര്‍ച്ച പിന്നോക്കവസ്ഥയിലായ ഈ സംസ്ഥാനങ്ങളെയും ജനങ്ങളെയും അഭിവൃദ്ധ്യയിലേയ്ക്ക് നയിക്കുവാനോ അവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുവാനോ പരാജയപ്പെട്ടു മ്യാന്‍മാറിനോടു (ബര്‍മ്മ) അതിരുപങ്കിടുന്നു. മണിപ്പൂറിനെ അവിടുത്തെ ഭരണഅസ്ഥിരതയും പട്ടാളഭരണവും അഭയാര്‍ത്ഥിപ്രവാഹവും എല്ലാം വല്ലാതെ സാധീനിക്കുന്നുണ്ട്.

ഒരു അഭയാര്‍ത്ഥി പോളിസി ഇന്‍ഡ്യ രൂപപ്പെടുത്താത്തതും മണിപ്പൂരിന് പ്രശ്‌നമാണ്. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍നിന്നും വരുന്ന അഭയാര്‍ത്ഥി പ്രവാഹം മണിപ്പൂരിന്റെ തലവേദനയാണ് സ്ഥിരം. മണിപ്പൂരിലെ ക്രിസ്ത്യന്‍  ന്യനപക്ഷങ്ങള്‍ക്ക് കാലാകാലമായി നല്കിവരുന്നനിയമപരമായ സംരക്ഷണവും അവകാശങ്ങളും ഇല്ലാതാക്കുവാന്‍ ആര്‍ട്ടിക്കിള്‍ 342 എ ഭേദഗതി ചെയ്യണമെന്ന് തീവ്രഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. മേഘാലയിലും നാഗാലാന്റിലും ഇതേ ആവശ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ വിഷയത്തിന് ഒരു വര്‍ഗ്ഗീയനിറം നല്കിയിരിക്കുകയാണ്.

മണിപ്പൂരിന്റെ പ്രധാന പ്രശ്‌നം മറ്റ് ഹിമാലയന്‍ സംസ്ഥാനങ്ങളെപ്പോലെ, സാമ്പത്തിക വികസനം ആണ്. അതിന് നല്ല വികസന പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന 'ഡബിള്‍ എഞ്ചിന്‍' ഗവണ്‍മെന്റുകള്‍ കൊണ്ടുവരണം. നടപ്പിലാക്കണം. തൊഴിലുറപ്പു പദ്ധതികള്‍വേണം നല്ല വിദ്യാഭ്യാസം നല്‍കണം ക്രസ്ത്യന്‍ സ്വാധീനമുള്ള കുക്കികളുടെ ഒരു നേട്ടവും ഇതാണ്.രണ്ടു വിഭാഗങ്ങളെ തമ്മില്‍ കലഹിപ്പിക്കാതെ അവരുടെ നന്മയ്ക്കും പരസ്പര സൗഹാര്‍ദ്ദതയ്ക്കും സഹകരണത്തിനും മുന്‍കൈ നല്‍കുകയാണ് 'ഡബിള്‍ എഞ്ചിന്‍' ഗവണ്‍മെന്റുകള്‍ ചെയ്യേണ്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക