HOTCAKEUSA

മുത്തശ്ശിമാർ മരിക്കുന്നില്ല (സുധീർ പണിക്കവീട്ടിൽ-മാതൃദിനക്കുറിപ്പ്)

Published on 14 May, 2023
മുത്തശ്ശിമാർ മരിക്കുന്നില്ല (സുധീർ പണിക്കവീട്ടിൽ-മാതൃദിനക്കുറിപ്പ്)

അമ്മ മരിച്ചപ്പോൾ മുത്തശ്ശിയുണ്ടായിരുന്നു സ്നേഹിക്കാനും ലാളിക്കാനും. അതുകൊണ്ട് മുത്തശ്ശി  മരിക്കല്ലേയെന്നു എന്നും പ്രാർത്ഥിച്ചു. രാത്രി മുത്തശ്ശിയുടെ കൂടെ കിടക്കുമ്പോൾ  അവരുടെ  നെറ്റിയിൽ പൂശിയിരിക്കുന്ന ഭസ്മത്തിന്റെ സുഗന്ധം ശ്വസിച്ച് അവരോട് ചോദിച്ചു. നമ്മൾ പ്രാർത്ഥിക്കുന്നതൊക്കെ  ദൈവം കേൾക്കുമോ? തികഞ്ഞ ഈശ്വരഭക്തയായ മുത്തശ്ശി പറഞ്ഞു തീർച്ചയായും കേൾക്കും. ഉണ്ണിക്ക് സമാധാനവും സന്തോഷവുമായി. എന്നാലും ഒന്നുകൂടി ഉറപ്പു വരുത്താൻ ഉണ്ണി ചോദിച്ചു. തറവാട് വീട്ടിലെ മുല്ലത്തറയിൽ മുത്തശ്ശി വിളക്ക് വയ്ക്കുമ്പോൾ പ്രാർത്ഥിക്കുന്നതോ  കാവിലെ ദേവിയോട് പ്രാര്ഥിക്കുന്നതോ ഏതിനാണ് ശക്തി. അപ്പോൾ മുത്തശ്ശി ചോദിക്കും. എന്താ കുട്ടിക്ക് പ്രാർത്ഥിക്കാനുള്ളത്. ഉണ്ണി മുത്തശ്ശിയെ കെട്ടിപ്പിടിച്ച്  സുരക്ഷ ഉറപ്പുവരുത്തി പറയും. എന്റെ മുത്തശ്ശി മരിക്കരുത്. മുത്തശ്ശി പോയാൽ പിന്നെ ഉണ്ണിക്ക് ആരാണുള്ളത്?

എന്തായിപ്പോ ഇങ്ങനെയൊക്കെ ചോദിക്കുന്നത്.  ഉണ്ണി വലുതായി ഉണ്ണീടെ അച്ഛന്റെ പോലെ നല്ല ഭംഗിയുള്ള വലിയ ആളാകുമ്പോഴേ മുത്തശ്ശി പോകയുള്ളു. മുത്തശ്ശിടെ ശരീരം മാത്രമേ വിട്ടുപോകു. ആത്മാവ് ഉണ്ണിയുടെ കൂടെയുണ്ടാകും. എന്തെ കുട്ട്യേ ഇപ്പോൾ ഉണ്ടായേ? ഉണ്ണി പറഞ്ഞു. അതോ എന്റെ ക്ലാസ്സിലെ ഉണ്ണികൃഷ്ണന്റെ മുത്തശ്ശി ഇയ്യിടെ മരിച്ചു. അവനു അമ്മയുണ്ട്. അവൻ പറഞ്ഞു മുത്തശ്ശിമാർ വേഗം മരിക്കുമെന്ന്. മുത്തശ്ശി എന്തുപറയണമെന്നറിയാതെ കുറച്ച് നേരം നിശ്ശബ്ദത പാലിച്ചു. മുത്തശ്ശിക്ക് സങ്കടം വരുന്നത് അറിയാം. അവർ ആ ഇരുട്ടിൽ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരിക്കും. അവർ പറഞ്ഞു. ഉണ്ണിയുടെ അമ്മയെ ഈശ്വരൻ വിളിച്ചില്ലേ അപ്പോൾ പിന്നെ എങ്ങനെ മുത്തശ്ശിയേയും  വിളിക്കും. ഈശ്വരന് കുട്ടികളോട് സ്നേഹമല്ലേ. ഉണ്ണിക്ക് സന്തോഷമായി.

അടുത്ത മുറിയിൽ മുത്തശ്ശന്റെ ആട്ടുക്കട്ടിൽ  ഇളകുന്ന ശബ്ദം. മുത്തശ്ശൻ നമ്മൾ പറഞ്ഞതൊക്കെ കേട്ടു കാണുമെന്നു ഉണ്ണി പറഞ്ഞു. മുത്തശ്ശി പറഞ്ഞു കുട്ടി ഈശ്വരനെ മനസ്സിൽ ധ്യാനിച്ച് ഉറങ്ങു. ഉണ്ണിക്ക് ഉറക്കം വന്നില്ല. അമ്മ മരിച്ചപ്പോൾ ഉണ്ണി മൂന്നാം ക്‌ളാസിൽ ആയിരുന്നു. ഉണ്ണിയുടെ ഓർമ്മകളിലേക്ക് അമ്മ വന്നു. . വീട്ടിൽ ധാരാളം പുസ്തകങ്ങളും പിന്നെ തപാലിൽ വരുന്ന മാസികകളും അമ്മ വായിക്കുമായിരുന്നു. അലമാരിയിൽ ഇരിക്കുന്ന പുസ്തകങ്ങളിൽ പലതിലും ഗ്രന്ഥകർത്താവിന്റെ പേര് എഴുതുമ്പോൾ അയാളുടെ ബിരുദങ്ങളും എഴുതിവച്ചരിക്കുന്നത് ഉണ്ണി ശ്രദ്ധിക്കാറുണ്ട്.

ഉണ്ണിക്ക് തോന്നി എന്തുകൊണ്ട് ഒരു പുസ്തകം തനിക്ക് എഴുതിക്കൂടാ. കുറെ കടലാസുകൾ മുത്തശ്ശന്റെ കത്രിക  എടുത്ത് വെട്ടിയെടുത്ത് പുസ്തകരൂപത്തിലാക്കി. അന്ന് സ്റ്റാപ്ലർ ഇല്ലായിരുന്നു അതുകൊണ്ട് തുന്നികൂട്ടാമെന്നു കരുതി. സൂചിയും നൂലും ഉപയോഗിക്കാൻ ധൈര്യമില്ല. സഹായത്തിനു ചെറിയമ്മ  വന്നു.പിന്നെയാണ് ഉണ്ണിയുടെ വീരകൃത്യം. ഏതോ പുസ്തകത്തിന്റെ പേര് അതിന്മേൽ എഴുതി. പക്ഷെ ഗ്രന്ഥകർത്താവിന്റെ പേര് ഉണ്ണിയുടെ തന്നെ. പേരിന്റെ കൂടെ എഴുത്തുകാർ വയ്ക്കാറുള്ള കുറെ ബിരുദങ്ങളും. ആരും കാണാതെ സ്‌കൂൾ ബാഗിൽ വച്ച് നടന്നു. പക്ഷെ ബാഗ് പരിശോധിക്കുന്ന അമ്മ അത് കണ്ടുപിടിച്ചു.  കടലാസുകൾ വെട്ടി തുണ്ടമാക്കിയതിനും  തന്റെ പേരിൽ ഒരു പുസ്തകം ഉണ്ടാക്കിയതിനും അമ്മ കളിയാക്കുമെന്നും ശകാരിക്കുമെന്നും ഭയന്നു. പക്ഷെ അമ്മ കൗതുകത്തോടെ അതിൽ എഴുതിയ നീണ്ട ബിരുദങ്ങളുടെ നിര നോക്കി ആന ന്ദിക്കയായിരുന്നു. എന്നിട്ട് ഏതോ നിർവൃതി നുകരുന്ന പോലെ പറഞ്ഞു "വലുതാകുമ്പോൾ ഇതിനേക്കാൾ കൂടുതൽ ബിരുദങ്ങൾ ഉണ്ണി നേടണം." പുസ്തകം മുത്തശ്ശിയെ കാണിച്ചു. മുത്തശ്ശിക്ക് ആകെ അറിയുന്നത് ഉണ്ണി പഠിച്ച് മിടുക്കാനാകുക എന്നാണു. മുത്തശ്ശിയും ഉണ്ണിയുടെ പേരിന്റെ പുറകിൽ ഭാവിയിൽ നിറയുന്ന അക്ഷരങ്ങളുടെ തിളക്കം മനസ്സിൽ കണ്ടു. ഉണ്ണിക്ക് അന്ന് മുതൽ ആത്മവിശ്വാസം കൂടി.

എന്നാൽ എല്ലാവരെയും ദുഖത്തിലാഴ്ത്തികൊണ്ടു ആ സമയം ഉണ്ണിയുടെ  അമ്മയെ ഈശ്വരൻ വിളിച്ചു, .മരണത്തെക്കുറിച്ച് മനസ്സിലാക്കാൻ ഉണ്ണിക്ക് കഴിഞ്ഞില്ലെങ്കിലും മരിച്ചവർ തിരിച്ചുവരികയില്ല എന്ന തിരിച്ചറിവുണ്ടായിരുന്നു. അമ്മയുടെ ചിതക്ക് തീ കൊളുത്തി അന്തിമ സംസ്കാരകർമ്മങ്ങൾ കഴിഞ്ഞെത്തിയ ഉണ്ണിക്ക് ചുറ്റിലും വേദനിപ്പിക്കുന്ന ശൂന്യത അനുഭവപ്പെട്ടു. മുത്തശ്ശിക്ക് ബോധം വന്നും പോയിക്കൊണ്ടിരുന്നു. മൂന്നാം ദിവസം മുത്തശ്ശി ഉണ്ണിയെ കെട്ടിപിടിച്ച് കരഞ്ഞു. അമ്മയെ നഷ്ടപ്പെടാത്തവർ  ഭാഗ്യവാന്മാർ എന്ന് ഉണ്ണി കരുതി.

വർഷങ്ങൾ കൊഴിഞ്ഞുവീണു. ഉണ്ണിയുടെ അമ്മയും മുത്തശ്ശിയും ആഗ്രഹിച്ചപോലെ ഉണ്ണി ബിരുദവും ബിരുദാനന്ത ബിരുദങ്ങളും കുറെ ഡിപ്ലോമകളും നേടി. ബിരുദങ്ങൾ നേടിയതിനേക്കാൾ സന്തോഷം ഉണ്ണിക്കുണ്ടായത് ബിരുദധാരിയായി മുത്തശ്ശിയുടെ സമീപം എത്തിയപ്പോൾ മുത്തശ്ശി ഉണ്ണി ചെറുപ്പത്തിൽ ഉണ്ടാക്കിയ പുസ്തകം എടുത്ത് കാണിച്ചതാണ്. ഞാൻ ഇത് സൂക്ഷിച്ച്   വച്ചിരിക്കുകയായിരുന്നു.നിന്റെ അമ്മയും ഞാനും ആഗ്രഹിച്ചപോലെ നീ ബിരുദങ്ങൾ നേടി വരുമ്പോൾ സമ്മാനിക്കാൻ. ഇനി ഉണ്ണി  പുസ്തകങ്ങൾ  എഴുതു. മുത്തശ്ശി അനുഗ്രഹിച്ചു. പക്ഷെ മുത്തശ്ശി ജീവിച്ചിരിക്കുമ്പോൾ പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. പഠിക്കുന്ന കാലത്തെ തന്നെ രചനകൾ സമാഹരിച്ച് പുസ്തകം തയ്യാറാക്കി മുത്തശ്ശിയെ സന്തോഷിപ്പിക്കാമായിരുന്നു. ഒന്നും നീട്ടിവയ്ക്കരുതെന്ന പാഠം പഠിച്ചു. ഈ മാതൃദിനത്തിൽ എന്റെ പുസ്തകങ്ങൾ മുത്തശ്ശിക്ക് സമർപ്പിച്ച് ഞാൻ കാത്തിരിക്കുന്നു. ഉണ്ണി എന്ന വിളി കേൾക്കാൻ. മരിച്ചവർ അനന്തമായ ആകാശത്ത്  നക്ഷത്രങ്ങളായി പ്രത്യക്ഷപെടുമെന്നു നമ്മൾ വിശ്വസിക്കുന്നു. എനിക്ക് നക്ഷത്രങ്ങളെ  കാണാൻ കഴിയുന്നില്ല. ഞാൻ അമ്മയോടും മുത്തശ്ശിയോടും പറയുന്നു. എന്റെ പുസ്തകങ്ങൾ നിങ്ങൾ നോക്കി കാണുക. സന്ധ്യക്ക് കൊളുത്തിയ ദീപങ്ങൾ അണഞ്ഞിട്ടില്ല. രാത്രി ഒരു മാതാവിനെപോലെ സമാശ്വസിപ്പിക്കുന്നു. മക്കളെവിട്ടുപിരിഞ്ഞ എല്ലാ അമ്മമാരും ഈ രാവിൽ വരും. ഞാൻ അവർക്കായി വാതായനങ്ങൾ ഒരുക്കും.

എല്ലാ അമ്മാമാർക്കും സ്‌നേഹനിർഭരമായ മാതൃദിനം നേരുന്നു.

Jayan varghese 2023-05-14 03:45:23
തരള ഹൃദയനായ സുധീർ എന്ന ഉണ്ണി ! കണ്ണീർചാലുകളിൽ ഹൃദയരക്തം കലർത്തി എഴുതിയ വരികൾ. മുത്തശ്ശിയുടെ കൂടെ ഉറങ്ങിയ രാത്രി യാമങ്ങളിൽ നിന്ന് തൂലികയുടെ സൂഷ്മ നിനവുകൾ കൂർപ്പിച്ചെടുത്ത ഉണ്ണി! അനുഭവങ്ങളുടെ ആഴക്കടലുകളിൽ നിന്ന് മുത്തും പവിഴവും വാരി വായനക്കാർക്ക് എത്തിച്ചു കൊടുക്കുന്ന ബോൺ ടാലന്റീഡ് സാഹിത്യ രാജ ശില്പി! ശ്രീ സുധീറിന്റെ ഹൃദയ വിങ്ങലുകൾ എന്റെ വല്യാമ്മയെക്കുറിച്ച് വീണ്ടുമെഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു. ജയൻ വർഗീസ്.
Santhosh Pillai 2023-05-14 04:01:20
"മക്കളെവിട്ടുപിരിഞ്ഞ എല്ലാ അമ്മമാരും ഈ രാവിൽ വരും. ഞാൻ അവർക്കായി വാതായനങ്ങൾ ഒരുക്കും." രണ്ടു വർഷങ്ങൾക്ക് മുമ്പ് എന്നെ വേർപെട്ടുപിരിഞ്ഞ അമ്മ, പിന്നീടുണ്ടായിട്ടുള്ള എല്ലാ ദിനവും, രാവും എന്നോർമ്മകളിൽ ഓടിയെത്തിക്കൊണ്ടേയിരിക്കുന്നു. ക്രിസ്തുമസ്സ് ഈവിൽ സാന്താക്ലോസ് വരുന്നതുപോലെ, മതേർസ് ഡേ ഈവിൽ അമ്മമാരുടെ ആൽമാവുകൾ വരുന്നു എന്ന താങ്കളുടെ പ്രത്യാശ മനോഹരം. എല്ലാ അമ്മമാർക്കും സന്തോഷപൂർവ്വമായ മാതൃദിനാശംസകൾ.
ജോസഫ് എബ്രഹാം 2023-05-14 13:21:09
വളരെ ഹൃദയസ്പർശിയായ എഴുത്ത് മാതൃവാത്സല്യം നഷ്ടപ്പെട്ടവർക്ക് മനസിലാകും അതെത്ര വലുതെന്നു, മുത്തശ്ശിയും അമ്മ നഷ്ട്ടപ്പെട്ട പേരകുട്ടിയും തമ്മിലുള്ള ഹൃദയബന്ധം അതീവ തീവ്രമെന്നു പലയിടത്തും കണ്ടിട്ടുണ്ട്, ആ സ്നേഹത്തിനു അധികകാലം ആയുസു ഉണ്ടാവില്ല എന്ന ആധിയാകാം ആ വികാര തീവ്രതയ്‌ക്കു നിദാനം. പതിവ് എഴുത്തുകളിൽ നിന്നും വ്യത്യസ്തമായി തെളിവുള്ള എഴുത്ത്. ആലോചനാ ആയാസത ഇല്ലാതെ തനിയെ പൊട്ടിപുറപ്പെടുന്ന നീരുറവപോലെ വന്നവാക്കുകളുടെ തെളിമയാണ് അതെന്നു വ്യക്തം.
abdul Punnayurkulam 2023-05-14 16:26:41
Anybody have mother is blessing. If grandmother exists, that even a greater blessing. Sudheer, it's very important to remember mother, grandmother.
G. Puthenkurish 2023-05-14 16:39:52
അമ്മമാർ മരിക്കുന്നില്ല. അമ്മമാർ മരിക്കുന്നില്ലെങ്കിൽ മുത്തശ്ശി എങ്ങനെ മരിക്കും? 'സ്നേഹ വ്യഹതി തന്നെ മരണം' എന്ന് കുമാരനാശാൻ പറയുന്നു. സ്നേഹത്തിന്റെ സംജ്ഞാരൂപമാണ് അമ്മയും മുത്തശ്ശിമാരും. അവരെങ്ങനെ മരിക്കും? ഓർമ്മകളിൽ അവർ ജീവിക്കുന്നു! ഹാപ്പി മതേഴ്സ് ഡേ സുധീർ.
Sudhir Panikkaveetil 2023-05-15 11:56:31
വായിക്കുകയും അഭിപ്രായങ്ങൾ എഴുതുകയും ചെയ്ത എല്ലാ സുമനസ്സുകൾക്കും നന്ദി.
Raju Mylapra 2023-05-16 01:04:14
സരസ്വതിവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം അറിഞ്ഞു മുമ്പനായി വളർന്നു കേമനായി ഗുരു കടാക്ഷമായ് വരൂ കുമാരകാ അക്ഷരം നക്ഷത്ര ലക്ഷമാക്കു അക്കങ്ങളേക്കാൾ കണിശമാകു ഏതു ദേശമാകിലും ഏതു വേഷമാകിലും അമ്മതൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ.... അഭിനന്ദനങ്ങൾ....
ബെന്നി 2023-05-15 22:58:48
"മരിച്ചവർ അനന്തമായ ആകാശത്ത്  നക്ഷത്രങ്ങളായി പ്രത്യക്ഷപെടുമെന്നു നമ്മൾ വിശ്വസിക്കുന്നു." ശരിയാണ്. അമ്മമാർ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക