Image

മിൽക്ക് മാനിലൂടെ  പ്രണയിച്ചു, സബർമതിയിൽ  മലയാളിക്ക്  ആത്മനിർവൃതി (കുര്യൻ പാമ്പാടി)

Published on 14 May, 2023
മിൽക്ക് മാനിലൂടെ  പ്രണയിച്ചു, സബർമതിയിൽ  മലയാളിക്ക്  ആത്മനിർവൃതി (കുര്യൻ പാമ്പാടി)

നൂറ്റാണ്ടായി പള്ളിമണികൾ  നിർമ്മിക്കുന്ന നിരണം മാന്നാറിൽ നിന്ന് ശശി എന്ന എസ്എസ് നായർ 1965 ൽ ഇരുപതാം വയസിൽ  ഒന്നാംക്‌ളാസ് എസ്എസ്എൽസി സർട്ടിഫിക്കറ്റുമായി മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലേക്ക്  തീവണ്ടി കയറി.  സൈന്യത്തിൽ ചേർന്ന് അഞ്ചാണ്ടിനു ശേഷം ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോസ്റ്റിങ്ങ്. അവിടെ മൂന്നരപതിറ്റാണ്ടിനു കഴിഞ്ഞു ജന്മനാട്ടിൽ തിരിച്ചെത്തി. ഇപ്പോൾ  വയസ് 78.

മലയാളി-ഗുജറാത്തി കല്യാണം: നിഷയും രവിയും, നിഷയുടെ മാതാപിതാക്കൾ  നാരായണനും ഷൈലയും  

ഭാര്യ പദ് മാവതിയുടെ നാടായ തൃശൂരിൽ വടക്കുന്നാഥ ക്ഷേത്രത്തിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ പുതിയൊരു വീടുപണിയുടെ അവസാന ഘട്ടത്തിലാണ്. പൂരമോ  കുടമാറ്റമോ വെടിക്കെട്ടോ  കാണാൻ ഇത്തവണ സമയം കിട്ടിയില്ല. എങ്കിലും  പെരിങ്ങാവിൽ പൂമാല റോഡിലെ പുതിയ വീടിനു മുകളിലേക്ക് അമിട്ടുകൾ പെയ്തിറങ്ങിയപ്പോൾ  മനസ് നിറഞ്ഞു.  

ഗുജറാത്തിൽ ജീവിച്ച കാലമത്രയും  രോമാഞ്ചത്തോടെയേ ശങ്കരൻ നായർ  ശശിധരൻ നായർക്ക് ഓർക്കാൻ കഴിയൂ. വ്യവസായങ്ങൾ കൂണുപോലെ മുളച്ചുവന്ന കാലം. നാട്ടിൽ നിന്ന് ആരുവന്നാലും   ഉടൻ ജോലി.  സ്വാതന്ത്ര്യത്തിനു മുമ്പ് 1945ൽ തുടങ്ങിയ അഹമ്മദാബാദ് കേരള സമാജം (എകെഎസ്) പടർന്നു  പന്തലിച്ച്‌ "കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ മലയാളി സമൂഹം" ആയി മാറി.

വടക്കും നാഥന്റെ സവിധത്തിലേക്കു മടങ്ങി വന്ന  കേരള സമാജം മുൻ അധ്യക്ഷൻ എസ് എസ് നായർ

 'പോർബന്ദറിൽ ഗാന്ധിജി ജനിച്ച മണ്ണിൽ, ദ്വാരകയിൽ ശ്രീകൃഷ്ണൻ  രാജധാനി പണിത നാട്ടിൽ,  ഞങ്ങൾ ഏകോദര സഹോദരന്മാരായി കഴിഞ്ഞു. ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും പട്ടേലും ദേശായിയും മോഡിയും ഷായും അംബാനിയും അദാനിയും ഒന്നിച്ച്‌.' നായർ പറഞ്ഞു.

'ഞാൻ പ്രസിഡന്റ്  ആ യിരിക്കുബോഴാണ് ഗുജറാത്ത് മലയാളികളെ ഒന്നിച്ച് കൊണ്ടുവരാൻ  'ഫെഗ്മ' എന്ന പേരിൽ വിവിധ നഗരങ്ങളിലെ സമാജങ്ങളുടെ ഫെഡറേഷൻ ഉണ്ടാക്കിയത്. തൃശൂർ സ്വദേശി ഗവർമെന്റ് പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി സൈമൺ ആയിരുന്നു ആദ്യ പ്രസിഡന്റ്.'

ആനന്ദിൽ അമുൽ കുര്യൻ സ്ഥാപിച്ച റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്; പുത്രി നിർമ്മലയുടെ ജന്മശതാബ്ദി സ്മരണിക

തീവ്രമായ ഗൃഹാതുരത്വം ആണ് 2005 ൽ നാട്ടിലേക്കു മടങ്ങാൻ ശശിയേയും ഡിജിപി ഓഫീസിൽ സേവനം ചെയ്തിരുന്ന പത്മാവതിയെയും പ്രേരിപ്പിച്ചത്. മൂത്ത മകൻ സുനിൽ കൂടെ പോന്നു. രണ്ടാമൻ സഞ്ജയ് അബുദാബിയിലാണ്. അമ്മ സരസ്വതിയമ്മ ആഗ്രഹിച്ചത് പോലെ മുപ്പതാണ്ടു മുമ്പ് മാന്നാറിൽ പണിത ശങ്കരാ ഭരണം വീട്ടിൽ സഞ്ജയ് താമസിക്കും. തൃശൂരിലെ വീടിനു പാർവതീയം എന്നു പേരിടാൻ ആഗ്രഹം.

എ കെഎസ് പ്രസിഡന്റ് സി ഗിരീശൻ ഷൈനി വിത്സനും സഞ്ജു സാംസനുമൊത്ത്

അഹമ്മദാബാദിൽ നിന്നിറങ്ങിയിരുന്ന 'യുഗശിൽപി' മലയാളം മാസികയിൽ മാന്നാർ ശശി എന്ന പേരിൽ എഴുതിയ 'വീട്' എന്ന കവിതയിൽ തന്റെ എല്ലാ സ്വപ്നങ്ങളും പ്രതിഫലിച്ചിട്ടുണ്ടെന്നു നായർ പറയുന്നു. ആ കവിത എന്നെ ചൊല്ലിക്കേൾപ്പിച്ചു. താൻ എഡിറ്റിറ്റു ചെയ്തിരുന്ന എകെഎ സിന്റെ ന്യൂസ്‌ലെറ്റരിലും  ചെയ്തപ്പോഴും പലവുരു ഗൃഹാതുരത്വം പങ്കു വച്ചു.  

എന്നാൽ ചവറ പൊന്മനയിൽ  കായലിനും കടലിനും ഇടയിലുണ്ടായിരുന്ന ജനിച്ച വീടും സ്ഥലവും കരിമണലിന്റെ പേരിൽ ടൈറ്റാനിയം ഏറ്റെടുത്ത ഗതികേടിലാണ്‌ എകെഎ സിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് സി. ഗിരീശനും കരുനാഗപ്പള്ളി സ്വദേശിനി ഭാര്യ സുഷമയും.  അര നൂറ്റാണ്ടു കഴിഞ്ഞിരിക്കുന്നു ഗിരീശൻ ഗുജറാത്തിൽ വന്നിട്ട്. സഹോദരനും രണ്ടു സഹോദരിമാരും ഒപ്പമുണ്ട്  

. ഫെഗ്മ പ്രസി. കെഎം രാമചന്ദ്രനും സെക്രട്ടറി സിവി നാരായണനും മദർ തെരേസ സിസ്റ്ററിനു ഉപഹാരം നൽകുന്നു; ശശി തരൂരിനൊപ്പം.

'ഗുജറാത്തിൽ കുറഞ്ഞത് മൂന്നുലക്ഷം മലയാളികൾ ഉണ്ടെന്നാണ്  ഗിരീശന്റെ കണക്ക്. അതിൽ കൂടുതൽ ഉണ്ടെന്നു വേറൊരു പക്ഷം. അഹമ്മദാബാദിലും 27 കിമീ വടക്കു തലസ്ഥാനമായ ഗാന്ധിനഗറിലുമായി അമ്പതിനായിരം  കാണും. അഹമ്മദാബാദ്, വഡോദര, സൂററ്റ്‌, ഗാന്ധിധാം എന്നിവിടങ്ങളിലാണ് മലയാളികൾ കൂടുതൽ.  ഫെഗ്മയുടെ കീഴിൽ മലയാളികളെ മുപ്പതു സമാജങ്ങളിലായി കോർത്തിണക്കിയിട്ടുണ്ട്. വടക്കു കടലോരത്തെ കച്ച് മുതൽ  തെക്കു വാപി വരെ. അഹമ്മദാബാദിൽ തന്നെ സമാജത്തിൽ 6000 ലൈഫ് മെമ്പർമാർ ഉണ്ട്.

‘2001 ജനുവരി 26നു രാവിലെ  റിപ്പബ്ലിക് ദിന പതാക ഉയർത്താൻ ഞാനും എനിക്ക് ശേഷം സമാജം അദ്ധ്യക്ഷനായ മോഹനൻ നമ്പ്യാരും കൂടി നടന്നു നീങ്ങുമ്പോഴാണ് ഭുജ് പ്രഭാകേന്ദ്രമായ ഭൂകമ്പം അലയടിച്ചെത്തിയത്.  ഞങ്ങളുടെ മുമ്പിൽ ബഹുനില കെട്ടിടങ്ങൾ പലതും തകർന്നടിഞ്ഞു.  20,000 പേർ  മരിച്ചുവെന്നാണ് ഔദ്യോഗിക ഭാഷ്യം. അഹമ്മദാബാദിലും ഒരുപാട് മരണം നടന്നു.   ഒന്നരലക്ഷം പേർക്ക് പരുക്ക് പറ്റി. അനേക ലക്ഷം  ഭവനരഹിതരായി. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മലയാളികളും മുന്നണിയിൽ നിന്നു,' നായർ പറയുന്നു.

 ലിവിങ് ഇൻ ഫെയ്‌ത് മാനേജിങ് എഡിറ്റർ ജോ ജോസഫ്; ആലിസ് കൈപ്പുഴയിലെ  വീട്ടിൽ  പിതാവ്‍ സി.ടി. ജോസഫ് (85) ഒപ്പം.

കണ്ണൂർ മട്ടന്നൂർ സ്വദേശിയായ മോഹനൻ ഐഐഎമ്മിൽ കമ്മ്യുണിക്കേഷൻ മാനേജർ ആയി റിട്ടയർ ചെയ്തു. ഭാര്യ ശ്യാമള അവിടെ ഐഎസ്ആർഒ യിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ആയിരുന്നു. നാട്ടിൽ അദ്ദേഹം മാതാ അമൃതാനന്ദ മഠവുമായി ബന്ധപെട്ട ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിരക്കിലാണ്.
 
'അഹമ്മദാബാദിലെ തുണി മില്ലുകളാണ് ആദ്യം മലയാളികൾക്ക് ജോലി കൊടുത്തത്. കെ. കരുണാകരൻ തൊഴിലാളി നേതാവായിരുന്ന തൃശൂർ സീതാറാം മിൽ  അടച്ചുപൂട്ടിയതോടെ നിരാധാരരായവർ കൂട്ടമായി ഗുജറാത്തിലേക്കു വച്ചു പിടിച്ചു. 1985 മുതൽ അഹമ്മദാബാദിലെ മില്ലുകൾ പൂട്ടിത്തുടങ്ങിയതോടെ ഒരുപാടു  മലയാളികൾ മടങ്ങിപ്പോയി. 2001 ലെ ഭൂകമ്പത്തിനും 2002 ലെ  ഗോധ്ര തീവയ്പ്പിനും  ശേഷം മലയാളികളുടെ വരവ് നിലച്ചു.  ജാമ്‌നഗറിലെ   റിലയൻസ് പെട്രോകെമിക്കൽ സ്ഥാപനത്തിൽ നൂറു കണക്കിന് മലയാളികൾ അവശേഷിക്കുന്നു,' ഗിരീശൻ പറയുന്നു .

പുതുക്കിപ്പണിത സെന്റ് ആന്റണീസ് പള്ളിയിൽ  ജോ-ആലീസ് ദമ്പതിമാരുടെ മകൾ നേഹയുടെ മനസമ്മതം.

'അഹമ്മദാബാദ്,  സുററ്റ്  പോലുള്ള വൻ നഗരങ്ങളിൽ ജീവിതം സുഖമാണ്. ഹൈവേ, മെട്രോ, തുടങ്ങിയവ.  മുംബൈയ് ക്കുള്ള  ബുള്ളറ്റ് ട്രെയിൻ പാതയുടെ പണി നടക്കുന്നു. പക്ഷെ  നഗരങ്ങൾ  സമൃദ്ധിയിൽ തിളങ്ങുപോഴും നാട്ടിൻപുറങ്ങളിലെ സ്ഥിതി പരമ ദയനീയം!'

കേരളത്തിൽ നിന്ന് ഗുജറാത്തിലേക്കു ഇന്ന് അഹമ്മദാബാദ് വഴി ആഴ്ചയിൽ 10 ട്രെയിനുകൾ ഓടുന്നു. ബോംബെ, മദ്രാസ് വഴി ട്രെയിൻ മാറിക്കയറി നാലാം ദിവസം കേരളത്തിലെത്തിയ കാലം എന്നേ മറഞ്ഞു. കൂടുതൽ ട്രെയിനുകൾക്കു വേണ്ടി കേരള സമാജം ശക്തമായി രംഗത്തിറങ്ങിയ കാര്യം മറക്കാനാവില്ല. ഇന്ന് കൊച്ചിയിലേക്ക്  ദിവസവും ഇൻഡിഗോ ഫ്ലൈറ്റും ഉണ്ട്. ജൂണിൽ ആകാശ് എയർലൈൻസിന്റെ ഒരു സർവീസ് കൂടി തുടങ്ങുന്നു.  

പെരുമ്പടവം;  'ഒരു സങ്കീർത്തനം പോലെ' മൊഴിമാറ്റിയ ഫാ. വർഗീസ് പോൾ; ആദിവാസിസംരക്ഷകൻ  ഫാ. ഇടിയാകുന്നേൽ

കേരളത്തിന്റെ അഞ്ചിരട്ടി വലിപ്പവും ഇരട്ടി ജനവുമുണ്ട് ഗുജറാത്തിന്. മൂന്നിരട്ടി കടലോരവും--1600 കിമീ. തിരുവനന്തപുരത്തു നിന്ന്  നിന്ന് നാഷനൽ  ഹൈവേ വഴി 2231  കിമീ അകലെയാണ് അഹമ്മദാബാദ്.

ഗുജറാത്തിൽ അമ്പത്തിമൂന്നു സർവ്വകലാശാലകൾ. അഹമ്മദാബാദിലെ ഐഐഎം, ഇന്ത്യയിലെ ഏറ്റവും മികച്ചത്. നാഷണൽ ഇൻസ്റ്റിറ്റിയൂട് ഓഫ് ഡിസൈനും പ്രസിദ്ധം. ആനന്ദിലെ 'ഇർമ'  മറ്റൊരു ദേശിയ സ്ഥാപനം. രാജകോട്ട് 201 ഏക്കറിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് മെഡിക്കൽ സയൻസസും ഉണ്ട്.

 ഐഐഎം പ്രൊഫസർ എബ്രഹാം കോശി, റിട്ട. കമ്യൂണിക്കേഷൻ മാനേജർ മോഹനൻ നമ്പ്യാർ, ഭാര്യ ശ്യാമള

അലഹാബാദിൽ നാലരപതിറ്റാണ്ടു പൂർത്തിയാക്കിയ എകെഎസ് നേതാവ് തൃശൂർ കിള്ളിമംഗലം സ്വദേശി സിവി നാരായണനും (64) മലയാള നാടിനെക്കുറിച്ചുള്ള  ആത്മഹർഷം എന്നുമുള്ള ആളാണ്.  എലൈറ്റ് എന്ന അച്ചടിശാല (യുഗശിൽപ്പി വാരിക) നടത്തിയ ആൾ ഇപ്പോൾ മലയാളം മിഷന്റെ ഗുജറാത്തിലെ മുഖ്യ പ്രചാരകൻ ആണ്. ഈയിടെ കോവളത്തു  പോയി മിഷന്റെ ശിൽപ്പശാലയിൽ പങ്കെടുത്തു.

പ്രേംനസീറിന്റെ നാടായ ചിറയിൻകീഴിൽ  ജനിച്ച ശൈലയെ അലഹബാദിൽ വച്ച് വിവാഹം ചെയ്ത നാരായണൻ, മകൾ നിഷയും നാട്ടുകാരനായ രവിയും തമ്മിലുള്ള വിവാഹം നടത്തിയത് അഹമ്മദാബാദിനടുത്ത് ദേവ് തീർത്ഥിലെ  ശ്രീകൃഷ്‌ണ ക്ഷേത്രത്തിൽ വച്ചാണ്. ദമ്പതിമാർ 'ചാർക്കോൾ' എന്ന   ഡിസൈൻ സ്റ്റുഡിയോ നടത്തുന്നു. നാരായണന് നാട്ടിൽ അമ്മയുണ്ട്. 94 വയസ് എത്തിയ കുഞ്ഞിക്കാവ്.

എൻഐഡി രജിസ്ട്രാർ രേഖ നായർ, ഡോ.ദീപക് ജോൺ മാത്യു, പിഎച് ഡി സ്കോളർ നെബു; അനൂപും കൂട്ടുകാരും

കലാമണ്ഡലം സ്ഥിതിചെയ്യന്ന കിള്ളിമംഗലം ഗ്രാമത്തിലേക്ക് വൈസ് ചാൻസലറായി മല്ലിക സാരാഭായ് എത്തിയതിൽ  ഏറ്റവും സന്തോഷിക്കുന്ന ആളാണ് നാരായണൻ. എകെഎ സിന്റെയും  ഫെഗ് മയുടെയും   പരിപാടികൾക്ക്‌ മൃണാളിനിയെയും മല്ലികയെയും കൊണ്ടുവന്നു ആദരിച്ചിട്ടുണ്ട്.

നിള എന്ന് വിളിക്കുന്ന ഭാരതപ്പുഴയിൽ നിന്ന് മൂന്നു കിമീ അടുത്താണ് കിള്ളിമംഗലം വീട്.  സബർമതിയിൽ നിന്ന്  13 കിമീ അകലെ ബൊപ്പലിലാണ്  കാൽ നൂറ്റാണ്ടായി താമസം. വന്നകാലത്തു നെൽവയലുകൾ തിങ്ങി നിറഞ്ഞിരുന്ന ഗ്രാമമായിരുന്നു ബൊപ്പൽ.  ഇന്നത് കോൺക്രീറ്റ്  വനമായി മാറിക്കൊണ്ടിരിക്കുന്നു. .

ഗുജറാത്തിലെ ക്ഷീര കർഷകരെ സംഘടിപ്പിച്ച്‌ അമുൽ ബ്രാൻഡ് 'ടേസ്റ്റ് ഓഫ് ഇന്ത്യ' യായി മാറ്റി മറിച്ച കോഴിക്കോടുകാരൻ ഡോ. വർഗീസ് കുര്യനാണ് ഒരുപക്ഷെ ഗുജറാത്തിനു കേരളം നൽകിയ ഏറ്റവും വലിയ സംഭാവന. അദ്ദേഹം ആനന്ദിൽ തുറന്ന  ഇർമ എന്ന ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് റൂറൽ  മാനേജമെന്റും  ലോകപ്രസിദ്ധം. 'അട്ടെർലി ബട്ടർലി മിൽക് മാൻ' എന്നാണ് മകൾ നിർമ്മല കുര്യൻ 2021ൽ പുറത്തിറക്കിയ  ജന്മശതാബ്ദി പുസ്തകത്തിന് പേര്.

സബർമതി തീരത്തെ ഗാന്ധി ആശ്രമം, പ്രധാനമന്ത്രി മോഡി പ്രസിഡന്റ്  ട്രംപുമൊത്ത് ആശ്രമത്തിൽ

ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെ പത്നി മൃണാളിനി, മകൾ മല്ലിക, ചീഫ് സെക്രട്ടറി ഭാനുജൻ, പ്രിൻസിപ്പൽ സെക്രട്ടറിമാരായിരുന്ന കൈലാസനാഥൻ, പ്രസാദ്,  ആനി ദമ്പതിമാർ, ഡിജിപിമാരായ  പിജിജെ  നമ്പൂതിരി, ആർ ബി ശ്രീകുമാർ, സമാജം ഭാരവാഹികൾ  ജേക്കബ് മാത്യു, മോഹനക്കുറുപ് , എ. പദ് മനാഭൻ എന്നിങ്ങനെ ഗുജറാത്തിലെ സ്മരണീയരായ  മലയാളികൾ വേറെയുമുണ്ട്.  

ഐ ഐഎമ്മിലെ 107 അധ്യാപകരിൽ ഏഴെട്ടു പേരുണ്ട് മലയാളികൾ. ജോർജ് കണ്ടത്തിൽ ജോഷി ജേക്കബ്, അനീഷ് സുഗതൻ, ബിജു വർക്കി തുടങ്ങിയവർ. കോർണൽ, ഹാർവാർഡ്, എംഐടി, ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് ഒക്കെ പഠിച്ചവർ.  ബിജു കോട്ടയത്തെ എംജി യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ചെയ്‌തു. ഹേന നായർ ആണ് പ്രൊഫ. കണ്ടത്തിലിന്റെ സെക്രട്ടറി.  ബിജുവിന്റെ സെക്രട്ടറി കവിത സുധീരൻ.

ബറോഡയിൽ എംഎസ് (മഹാരാജ സായാജി റാവു) യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകരുടെ കൂട്ടത്തിൽ  മലയാളികളെ കണ്ടത് ഓർക്കുന്നു. ബോട്ടണി പഠിപ്പിച്ചിരുന്ന കോത്തല പുള്ളോലിക്കൽ കരോട്ട് തോമസ് ഐപ്പ് ആണ് ഒരാൾ. അദ്ദേഹം യുഎസിലേക്ക് കുടിയേറി അവിടെ അന്തരിച്ചു. ബന്ധു തോമസ് ജോർജ് അവിടെ കെമിക്കൽ എൻജിനീയറിങ് വകുപ്പിൽ ഉണ്ടായിരുന്നു. ആനന്ദിലെ സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റിയിൽ  മാസ്റ്റേഴ്സ് ചെയ്‌ത പോൾ തറപ്പേൽ  ആണ് മറ്റൊരാൾ. എന്റെ ഭാര്യാ സഹോദരീ ഭർത്താവ്. മാന്നാനം കെഇ  കോളജ്  ഫിസിക്സ് പ്രഫസറായി റിട്ട. ചെയ്തു.

 ബറോഡയിൽ നിന്നിറങ്ങിയ എൻലൈറ്റ് വാർത്താ വാരിക, കേരള ലേഖകൻ  കുര്യൻ  പാമ്പാടി

ന്യൂ ഡൽഹിയിലും അഹമ്മദാബാദിലും നാലുപതിറ്റാണ്ടു ജീവിച്ച ശേഷം തിരികെ വന്നു കോട്ടയത്തിനടുത്ത് കാണക്കാരിയിൽ പിയെത്ത ശിൽപ്പത്തോടുചേർന്നു വീട് വച്ചു  താമസിക്കുന്ന ജോ ജോസഫിനെയും ഭാര്യ ആലീസിനെയും കണ്ടു. അദ്ധ്യാപകനും  എഴുത്തുകാരനും എഡിറ്ററുമായിരുന്ന ജോ ഡൽഹി സെന്റ് സേവിയേഴ്‌സിലും അലഹബാദ് ഡിവൈൻ ഇന്റർനാഷണൽ സ്‌കൂളിലും പഠിപ്പിച്ചു. ആലീസ് സെന്റ് മേരീസ് സ്‌കൂളിലും.

രണ്ടു മാസ്റ്റേഴ്‌സും ജേർണലിസം ഡിപ്ലോമയുമായി ഡൽഹിയിൽഓറിയന്റ പേപ്പർബാക്ക് പ്രസിദ്ധീകരണ ശാലയിൽ സേവനംതുടങ്ങിയ ജോ ജോസഫ് പാലത്തുങ്കൽ ലാ ക്വാ ദിനപത്രം ഉൾപ്പെടെ 190 പ്രസിദ്ധീകരണങ്ങൾ ഇറക്കുന്ന ഫ്രഞ്ച് പ്രസാധന സ്ഥാപനംബായാർഡ് വക ലിവിങ് ഇൻ ഫെയിത് എന്ന ഇംഗ്ലീഷ് മാ സികയുടെ ഇന്ത്യയിലെ മാനേജിങ് എഡിറ്ററും ലേഖകനുമാണ്.1870ൽ തുടങ്ങിയ സ്ഥാപനമാണ് ബായാർഡ്.  പതിനാലു  മില്യൺ കോപ്പികളുള്ള ലിവിങ് വിത്ത് ക്രൈസ്റ്റ് എന്ന മാസികയുടെ ഭാരതീയപതിപ്പാണ് ലിവിങ് ഇൻ ഫെയ്‌ത്. ബിനു അലക്സാണ്ടർ എഡിറ്റർ ഇൻചീഫ്.

മധ്യപ്രദേശിലെ ആദിവാസികളുടെ ഇടയിൽ സേവനം ചെയ്യുന്ന മലയാളി ആയ ദയാബായിയെപ്പറ്റിയുള്ള ഒരുസചിത്ര ഫീച്ചറും ജോ എന്നെ കാണിച്ചു. ബഗൈച്ചയിലെ മരങ്ങൾ എന്ന പേരിൽ സ്റ്റാൻസ്വാമിയുടെ രക്തസാക്ഷിത്തത്തെപ്പറ്റിഎഴുതിയ ഇംഗ്ലീഷ്കവിതയും. വിങ്ങുന്ന ഓർമ്മകൾ തൊട്ടുണർത്തുന്ന വരികൾ.

ഭൂകമ്പത്തിനു ശേഷം കച്ചിൽ പലതവണ പോയി പുസ്തകംരചിച്ചു. കച്ച് ജ്യോതി ട്രസ്റ്റ് കച്ചിൽ നടപ്പാക്കിയ പുനരധിവാസപ്രവർത്തനങ്ങളുടെ സമഗ്രചരിത്രമാണ് പുസ് തകത്തിൽഅനാവരണം ചെയ്തിട്ടുള്ളത്. രാജക്കോട്ട്രൂപതയിലെ റവ. തോമസ് മാത്യു ഡയറക്ടർ ആയ നവചേതന ട്രസ്റ്റ് ആണ്പ്രസാധകർ.

രാജപിപ്പില  സോഷ്യൽ സർവീസ് സൊസൈറ്റിക്കു വേണ്ടിയാണ്ജോ കച്ചിൽ പോയത്  സൊസൈറ്റി കോട്ടയം ജില്ലയിലെ ചെങ്ങളം സ്വദേശി ജോസഫ് ഇടിയാകുന്നേൽ എന്ന ജെസ്വിറ്റ്‌ വൈദികൻ ആദിവാസികൾക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി 1975 ൽ നർമ്മദാ ജില്ലയിൽ സ്ഥാപിച്ചതാണ്.  ആദിവാസികൾ എന്നും കൃതജ്ഞതയോടെ സ്മരിക്കുന്ന അദ്ദേഹം 2000 ജനുവരിയിൽ ഒരു വാഹനാപകടത്തിൽ മരിച്ചുവെങ്കിലും സൊസൈറ്റി ഇന്നും സൗജന്യ നിയമ സഹായം തുടരുന്നു.

ജനിച്ച നാടിനോടുള്ള സ്നേഹവും അതിലേറെ അന്യനാട്ടിൽ പ്രവാസിയായി കഴിയുമ്പോഴുള്ള ശ്വാസംമുട്ടലുമാണ്   തങ്ങളെ ജനിച്ച നാട്ടിലേക്കു പിടിച്ചു വലിച്ചതെന്നു ജോയും ആലീസും പറയുന്നു. നാട്ടിലും വിരഹവേദനയുണ്ട്. പെൺമക്കളിൽ നേഹ  ഭർത്താവ് തുഷാറുമൊത്തു ജർമ്മനിയിലെ റൈൻലാൻഡിലെ കൈസർസ്ലോട്ടനിലാണ്. നീതയ്ക്ക്   ബാംഗളൂരിൽ ഐക്കിയയിൽ ജോലി. നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളിയിലെ നിത്യസന്ദർനമാണ് ആലീസിനു ആശ്വാസം.

നേഹയും തുഷാറും തമ്മിലുള്ള വിവാഹനിശ്ചയം ടന്നതുഅഹമ്മദാബാദിലെ സെന്റ് ആന്റണീസ്പള്ളിയിലാണ്. അതിന്റെ ചിത്രം കാണിച്ച് കൊണ്ട് ജോ പറഞ്ഞു: ഗുജറാത്തിൽ പള്ളികൾ ആക്രമിക്കപ്പെട്ട ഒരു കാലയളവിൽ ആൾക്കൂട്ടം തകർത്ത പള്ളിയാണത്. അത്പുതുക്കി പണിതു. പള്ളി എന്ന അർഥത്തിൽ ചർച്ച് പണിയാൻ ഇപ്പോൾ അനുമതി നൽകില്ല. തന്മൂലം എല്ലാ ആരാധനാലയങ്ങളും ഇപ്പോൾ പ്രാർഥനാ ഹാളുകൾ ആണ്.

മലയാളത്തിന് ഹെർമൻ ഗുണ്ടർട്ട് പോലെ ഗുജറാത്തി ഭാഷക്ക്  വലിയ സംഭാവന ചെയ്ത ഒരാളുണ്ട്- ഈശോ സഭക്കാരനായ വർഗീസ് പോൾ ചൊല്ലാമഠം. കോതമംഗലം രൂപതയിൽ ജനിച്ചു ലണ്ടനിൽ ജേർണലിസം പഠിച്ച അദ്ദേഹം ബറോഡയിൽ  കഴിയവേ ഗുജറാത്തി ഭാഷയിൽ അവഗാഹം നേടി അമ്പതിലേറെ പുസ്തകങ്ങൾ രചിച്ചു ബഹുമതികൾ നേടി. കാൽനൂറ്റാണ്ട് കൊണ്ട് നൂറിലേറെ പതിപ്പുകളും രണ്ടുലക്ഷത്തിലേറെ കോപ്പികളും അടിച്ച പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീർത്തനം പോലെ' എന്ന നോവൽ അദ്ദേഹം ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു. 2021 ൽ 78 ആം വയസിൽ അന്തരിച്ചു.  

തൃശൂർ വടക്കാഞ്ചേരിയിൽ നിന്ന് പതിനെട്ടാം വയസിൽ എസ്എസിൽസി പാസായി ഗുജറാത്തിൽ എത്തിയ ആളാണ്‌  കെ എം രാമചന്ദ്രൻ എംഎ, എംബിഎ, പിഎച്ച്ഡി നേടിയ ഒരു 'ഗോ ഗെറ്റർ'. ഐഐഎമ്മിലും ടാറ്റാസിലും മാനേജമെന്റ് പരിശീലനം നേടി. ബംഗളൂരിൽ എബിബി യിൽ തുടക്കം. അഹമ്മദാബാദിൽ ടോറെന്റ് ഗ്രൂപ്പിൽ വൈസ് പ്രസിഡന്റ് ആയി 21 വർഷം. റായ് കോർപറേഷൻ, ട്രോയിക്ക ഫാർമസ്യുട്ടിക്കൽ, ഒക്കെ കഴിഞ്ഞു ഇപ്പോൾ ഏവിയേഷണ് രംഗത്ത്.

എകെഎസിന്റേയും ഫെഗ്മയുടെയും  പ്രസിഡന്റ് ആയി. ഏഷ്യൻ ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ 'മോസ്റ്റ് ഇൻസ്പയറിങ്  ലീഡർ' പുരസ്ക്കാരം നേടി. കേരളത്തിൽ കേരളത്തിൽ ആയിരുന്നെങ്കിൽ ഇത് വല്ലതും നടക്കുമോ? ഗുജറാത്ത് റാമിന് വേണ്ടി  വാതായനങ്ങൾ തുറന്നിട്ടു. ഭാര്യ ഷീല സ്റ്റേറ്റ് ബാങ്കിൽ. മകൾ റിയ മാനേജ്‌മെന്റ് കൺസൽട്ടൻറ്. മകൻ രാഹുൽ നിയമ വിദ്യാർത്ഥി.

ഗുജറാത്തുമായി അഭേദ്യ ബന്ധമുള്ള ഒരാളാണ് ഞാൻ. 1980ൽ  സബർമതിയിൽ ആരംഭിച്ച ദണ്ഡിയാത്രാ സുവർണ്ണ ജൂബിലിപദയാത്രയിൽ  പ ത്തു കിലോമീറ്റർ നടന്നു. അതിനു ശേഷം  ഗാന്ധിജി ജനിച്ച പോർബന്തറും പഠിച്ച രാജകോട്ടും സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തു ബർമയിലെ  റംഗൂണിൽ സേവനം ചെയ്ത മാവൻ  കാപ്റ്റൻ  ഒ.  മത്തായിയുടെ  ആത്മസുഹൃത്ത് കേണൽ അംഗത് സിംഗിനെ കാണാൻ അടുത്തകാലത്ത്  കച്ചിലെ ഭുജിൽ  പോയി താമസിച്ചു. അവർ പങ്കെടുത്ത ഇന്ത്യ-പാക് യുദ്ധങ്ങളുടെ വഴിത്താരയിലൂടെ ശ്രീനഗറിലേക്കും  അവിടെ നിന്ന് ബാരാമുളയിലേക്കും സഞ്ചരിച്ചു.  

ജേര്ണലിസ്റ് ആയി എന്റെ തുടക്കം തന്നെ 1960 ആദ്യം ബറോഡയിൽ അലംബിക്  ഗ്രൂപ് ആരംഭിച്ച 'എൻലൈറ്റ്' ഇംഗ്ലീഷ് വാർത്താ വാരികയുടെ കേരള ലേഖകൻ എന്ന നിലയിലായിരുന്നു. സി. ജെ. പട്ടേൽ എഡിറ്റർ. ജ്ഞാനപീഠപുരസ്ക്കാരം നേടിയ മഹാകവി ജിയുടെ അഭിമുഖം, ഓണം എന്നിവ കവർ സ്റ്റോറിയാക്കി. ടൈം, ന്യൂസ് വീക്ക്  ശൈലിയിൽ ആരംഭിച്ച എൻലൈറ്റ് ഇന്ത്യൻ ന്യൂസ് മാഗസിൻ ചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. എത്രയോ വർഷം കഴിഞ്ഞാണ് ഇൻഡ്യാ ടുഡേയും ദി വീക്കും ഔട്ട് ലുക്കും  സൺഡേയും എത്തിയത്.  മനോരമയിൽ ചേർന്നതോടെ ആ ജോലി അവസാനിപ്പിച്ചു.  

ബറോഡയിൽ നടന്ന എൻലൈറ്റ് ലേഖകന്മാരുടെ ഒരു അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചു കൊണ്ടുപോയി.  അലംബിക്  ഗ്ലാസ് ഫാക്ടറിയിൽ  നിന്ന്  ഉപഹാരമായി ലഭിച്ച മഹോഹരമായ ഒരു ഡസൻ ഗ്ലാസ്സുകൾ വളരെക്കാലം കാത്തു സൂക്ഷിച്ചു. ആനന്ദിലെ അമുൽ ഫാക്ടറിയിൽ  പോയി മതിതീരെ ഐസ് കീമും കഴിച്ചു. ഗുജറാത്തിനെക്കുറിച്ചുള്ള മധുരമനോഹര സ്മരണകളിൽ ചിലതു മാത്രമാണ് ഇവ.

അഹമ്മദബാദ് ഐഐഎമ്മിന്റെ മാർക്കറ്റിങ് പ്രൊഫസ്സർ ആയി പ്രശസ്തനായ ഡോ. ഏബ്രഹാം കോശിയുടെ അതിഥിയായി അവരുടെ ഗസ്റ്ഹൗസിൽ താമസിച്ചതും മറക്കാനാവില്ല. തിരുവനന്തപുരത്തു ജനിച്ച ആളാണ്‌. പിതാവ് അവിടെ ഇന്റർമീഡിയറ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന കൈതമുക്കിൽ എം. കോശി.

എബ്രഹാമും  ഭാര്യ ലിൻഡയും കൂടി എന്നെ കാമ്പസ് ചുറ്റിനടന്നു കാണിച്ചു. അദ്ദേഹം പിന്നീട്  ഫെഡറൽ ബാങ്ക് ചെയർമാനും മലയാള മനോരമ ഡയറക്ടറും ആയി. റിട്ടയർചെയ്തു ഇപ്പോൾ പൂനെയിൽ  ഇളയ മകൾ റിനു റിബേക്കയുടെ അടുത്താണ് താമസം. മൂത്ത മകൾ ഡോ. ലിനു സാറാ ചിക്കാഗോയിൽ.  അദ്ദേഹം സന്തോഷ പൂർവം  സംസാരിച്ചു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഡിസൈനും സന്ദർശിച്ചു. ഡാർലി കോശി ആയിരുന്നു ഒരുകാലത്തു അതിന്റെ ഡയറക്ടർ. എൻഐഡിയുടെ വാർഷികം പ്രമാണിച്ച് വിദ്യാർഥികൾ രൂപകൽപന ചെയ്ത ഉത്പന്നങ്ങളുടെ പ്രദർശനം ചുറ്റിക്കാണാൻ കഴിഞ്ഞു. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി സ്വദേശിനികളായ ചില പെൺകുട്ടികളെ പരിചയപെട്ടു. ഫാഷൻ ഡിസൈനിങ്  പഠിക്കുന്നവർ.   ഫോട്ടോഗ്രാഫി പഠിപ്പിച്ചിരുന്ന ഡോ. ദീപക് മാത്യു ജോണിനെയും പരിചയപെട്ടു.    

കുമിളി സ്വദേശിയാണ് ദീപക്.  അദ്ദേഹത്തിന്റെ കോട്ടയത്തെ സഹോദരി ആൽബി കുര്യൻ എന്റെ ഒരു സുഹൃത്ത്. യൂറോപ്പിൽ ഫോട്ടോ പ്രദർശനങ്ങൾ നടത്താറുണ്ട് അദ്ദേഹം.ഡോക്കുമെന്ററികളിലാണ് ഇപ്പോൾ താല്പര്യം. 2014ൽ  എൻഐഡി വിട്ട അദ്ദേഹം ഇപ്പോൾ ഹൈദരബാദിലെ ഐഐടി യിൽ ഡിസൈൻ വകുപ്പ് മേധാവിയാണ്.

ഈയിടെ കോട്ടയത്തെ സൂര്യകാലടി മനയും ചാൾസ് കൊറയ ഡിസൈൻ ചെയ്ത പരുമല പള്ളിയും സന്ദർശിക്കാൻ പോയി.  കുമിളിയിലെ മംഗളാദേവി ക്ഷേത്രത്തെക്കുറിച്ച് ഒരു ഹൃസ്വ ചിത്രം എടുക്കണമെന്നുണ്ട്. ഇനിയും വരും. "എൻഐഡിയോ ഐഐറ്റിയോ ഭേദം?" ഞാൻ  ചോദിച്ചു. ഐഐടി തന്നെ. എൻഐടിക്ക് 18 ഏക്കറുള്ളപ്പോൾ ഹൈദ്രബാദ്‌ ഐഐറ്റിക്കു 650 ഏക്കറുണ്ട്, അങ്ങിനെ എല്ലാം," ദീപക് പറഞ്ഞു.

എന്റെ കസിൻ അനൂപ് രഞ്ജിത് നെല്ലിക്കാലായിൽ ആണ് എൻഐഡിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിസൈൻ നേടിയ ഒടുവിലത്തെ ആളുകളിൽ ഒരാൾ. ഓട്ടോമൊബൈൽ ഡിസൈനിംഗ് പഠിച്ച്  ഇപ്പോൾ ജയ്പ്പൂരിൽ ഹീറോ മോട്ടോഴ്‌സിൽ ആർ ആൻഡ് ഡി വിഭാഗത്തിത്തിൽ സേവനം. ഈയിടെ ജർമ്മനിയിലെ  സെൻട്രൽ ബവേറിയയിൽ റോസെൻഹൈം ജില്ലയിൽ സ്റ്റെഫൻക്രിഷൻ  മുനിസിപ്പൽ ടൗണിലുള്ള  ഹീറോ ടെക്നിക്കൽ സെന്ററിൽ പോയി വന്നു.

ഗുജറാത്ത് ബന്ധം തീർന്നില്ല. എന്റെ അനുജൻ വർഗീസ് മാത്യു ബറോഡ ഇലക്ട്രോണിക്സിൽ ജോലി ചെയ്തിരുന്നു. അഹമ്മദാബാദിൽ വിക്രം  സാരാഭായിയുടെ സഹോദരി മൃദുലാ സാരാഭായി വക  ശ്രേയസ് പബ്ലിക് സ്‌കൂളിൽ  പഠിപ്പിച്ചിരുന്ന ഉഷയെ വിവാഹം ചെയ്‌തു. അവർ ആദ്യം സാംബിയക്കും അവിടെനിന്നു സിഡ്‌നിക്കും കുടിയേറി. ഹിന്ദുസ്ഥാൻ ബ്രൗൺ ബോവറിയിൽ മാത്യുവിന്റെ സുഹൃത്ത് മമ്മുട്ടിയും സേവനം ചെയ്തു. ഇപ്പോൾ എറണാകുളത്തെ വ്യവസായ പ്രമുഖൻ. കോൺഫെഡറേഷൻ  ഓഫ് ഇന്ത്യൻ ഇൻഡസ് ട്രീസ് ചെയർമാൻ ആയി. മാത്യുവിന്റെ മകൻ മനോ മാത്യു സിറ്റി ബാങ്കിന്റെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറും.
 
ബറോഡയിൽ എന്റെ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും ചേക്കേറി. പിതൃസഹോദര പുത്രൻ ജോർജ് തോമസ് ആദ്യം ബ്രൗൺ ബോവറിയിലും പിന്നീട്  എസ്ബിഐയിലും സേവനം ചെയ്തു. റിട്ടയർ ചെയ്‌ത ശേഷം വാട്ടർ മീറ്റർ നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചു. കസിൻ വിഎസ് ഐപ്പും ഭാര്യ മെഴ്‌സിയും പ്രൈവറ്റ് ബിസിനസിൽ ജോലി ചെയ്‌തു. അവരുടെ മകൾ സോന കാനഡയിൽ ചേക്കേറി. ഐപ്പിന്റെ സഹോദരി  സുശീലയുടെ ഭർത്താവ് കൊട്ടാരക്കര ചെങ്ങമനാട് കളിയിൽ വർഗീസ് പണിക്കരും എബിബിയിൽ നിന്ന് റിട്ടയർ ചെയ്തു.

എന്റെ വീടും ഒരു ഗാന്ധിനഗറിലാണ്. അരനൂറ്റാണ്ട് മുമ്പ് ഡോ. പിജിആർ പിള്ള പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായി  ആരംഭിച്ച കോട്ടയം ജേസീസ് ആണ് മൂന്ന് പഞ്ചായത്തുകളുടെ സംഗമഭൂമിയായ മെഡിക്കൽ  കോളജ് പ്രദേശത്തിനു  ഗാന്ധിനഗർ എന്ന് നാമകരണം ചെയ്യാൻ അഭ്യർഥിക്കുകയും ഗവര്മെന്റിനെക്കൊണ്ട്  അംഗീകരിപ്പിക്കുകയും ചെയ്തത്. ആദ്യം വന്ന പൊതുസ്ഥാപനം ഗാന്ധിനഗർ ക്ലബ്. 250 മെമ്പർമാർ.  

Join WhatsApp News
Rajesh 2023-05-17 16:00:48
good article. but when you talk about Baroda you forgot to mention so many people in Baroda since 1960. Most of them are in USA now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക