Image

ഗൃഹാതുരസ്മരണകളുടെ ഒരു കൊളാഷ് (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

Published on 16 May, 2023
ഗൃഹാതുരസ്മരണകളുടെ ഒരു കൊളാഷ് (നിരൂപണം: സുധീർ പണിക്കവീട്ടിൽ)

ജനിച്ച നാടും പരിസരങ്ങളും ആർക്കും മറക്കാൻ കഴിയില്ല  എഴുത്തുകാരെ സംബന്ധിച്ചേടത്തോളം അതൊരു ഗൃഹാതുരത്വമായി അവരെ പിന്തുടരുന്നു. ചിലർക്ക് അത് ഓർക്കുന്നതും അതേക്കുറിച്ച് എഴുതുന്നതും  സന്തോഷകരമാണ്.  മലയാളത്തിൽ ധാരാളം എഴുത്തുകാർ അവരുടെ ജന്മദേശത്തെ എഴുതി അനശ്വരമാക്കിയിട്ടുണ്ട്. പക്ഷെ അവരൊന്നും ജന്മസ്ഥലത്തിനു യഥാർത്ഥ പേര് നൽകിയിരുന്നില്ല  ഓ വി വിജയൻറെ എക്കാലത്തെയും ക്ലാസ്സിക്കായ ഖാസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്ക് ഭാവനാനിർമ്മിതമാണ് . പാലക്കാട്ടെ തസ്രാക്ക് എന്ന ഗ്രാമവും അവിടത്തെ മനുഷ്യരുമാണ് ഖസാക്ക് എന്ന ഗ്രാമം സൃഷ്ടിക്കാൻ എഴുത്തുകാരൻ തിരഞ്ഞെടുത്തത്. എസ് .കെ പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയിൽ എസ്  കെ പൊറ്റെക്കാട് അതിരാണിപ്പാടം എന്ന സാങ്കൽപ്പിക ഗ്രാമം സൃഷ്ടിക്കുന്നു.ഗ്രാമത്തിന്റെ പേരു എഴുത്തുകാരന്റെ ഭാവനാസൃഷ്ടിയെങ്കിലും അവിടത്തെ സംഭവവികാസങ്ങൾ  ജീവിതവുമായി ചേർന്നുനിൽക്കുന്നു. അങ്ങനെ നിർത്തുന്നതിലാണ്. എഴുത്തുകാരന്റെ വിജയം.   അത്തരം നോവലുകൾ എഴുതുന്നവർ കഥക്ക് അനുയോജ്യമായ ഒരു പേര് ആ പ്രദേശത്തിന്  കണ്ടുപിടിക്കുന്നു.  ഭാവനാത്മകമായി സൃഷ്ടിക്കുന്ന ആ സ്ഥലത്തിന് അവർക്ക് പരിചയമുള്ള ഏതെങ്കിലും പ്രദേശത്തെ ആധാരമാക്കുന്നു. അവിടത്തെ ജനങ്ങളെ കഥാപാത്രങ്ങളാക്കുന്നു. അവർക്കെല്ലാം അനന്യമായ ഒരു സവിശേഷം  നൽകുന്നു. അവരുടെ ഭാഷയും ജീവിതരീതിയുമെല്ലാം കഥയ്ക്ക്  അനുയോജ്യമായ വിധത്തിൽ മാറ്റുന്നു.   

എഴുത്തുകാരുടെ ആത്മകഥാംശം അത്തരം നോവലുകളിൽ പരോക്ഷമായോ പ്രത്യക്ഷ്യമായോ ഇടം പിടിക്കുന്നു. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന നോവൽ ഒരു കല്പനാസൃഷ്ടിയെങ്കിലും അതിൽ മാഹിയുടെ സാമൂഹ്യവും രാഷ്ട്രീയവുമായ വിവരങ്ങൾ അടങ്ങുന്നുണ്ട്. ശ്രീ ജയന്ത് കാമിച്ചേരിൽ എഴുതിയ നോവൽ "വേമ്പനാടൻ ബ്വാന" കുമരകം എന്ന ദേശത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ്. ആഫ്രിക്കയിൽ നിന്നും അമ്പത്തിരണ്ടാമത്തെ വയസ്സിൽ കുമരകത്തെത്തുന്ന ബ്വാനയും ഭാര്യ മേരിയമ്മയും  കേന്ദ്രകഥാപാത്രങ്ങളാണ്. ആഫ്രിക്കയിലേക്ക് പതിനേഴാം വയസ്സിൽ ചേക്കേറിയ ബ്വാനയുടെ ബിരുദം എം.എ. ബി. എഫ്. ആണ്.അതെന്താണെന്നു വിവരിക്കുന്നുണ്ട്. Matriculation Appeared but Failed. "നിന്റെ അമ്മയുടെ തേങ്ങാ" (Your mother's coconut) എന്ന് മലയാളികൾക്ക് മാത്രം വിവർത്തനം ചെയ്യാവുന്ന        തരത്തിലുള്ള ഇംഗ്ളീഷ് വാക്കുകൾ കൊണ്ട് ബ്വാന സായിപ്പിനെ കറക്കി അദ്ദേഹത്തിന്റെ പ്രീതി സമ്പാദിച്ച് പണമുണ്ടാക്കി വിശ്രമജീവിത്തിനു നാട്ടിലെത്തി.

വിവരണങ്ങളിൽ നിന്നും ആറു പതിറ്റാണ്ടുമുമ്പുള്ള കാലഘട്ടമാണ് നോവലിൽ ചേർത്തിരിക്കുന്നത് എന്ന് കാണാം. അൾത്താര (1964 ) എന്ന മലയാള സിനിമയുടെ നോട്ടീസുകൾ വിതരണം ചെയ്യുന്നതായി പറഞ്ഞിട്ടുണ്ട്. അതേസമയം പുന്നപ്ര വയലാർ സമരങ്ങളും അതിൽ രക്തസാക്ഷികളാകുന്നവരുടെ  വിവരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.  കണ്ടതും കേട്ടതും സത്യമായും ഇടക്കെല്ലാം നർമ്മവും ആക്ഷേപികഹാസ്യവും ധ്വനിപ്പിക്കുന്ന ഭാഷയിൽ കുമരകംകാരനായ നോവലിസ്റ്റ് വളരെ വിശ്വാസയോഗ്യമായി എഴുതുന്നു.അദ്ദേഹത്തിന്റെ കഴിഞ്ഞുപോയ കാലങ്ങളിലൂടെ ഒരിക്കൽ കൂടി സഞ്ചരിച്ച് ആ കാലഘട്ടത്തെ ഓര്മിച്ചെടുത്ത് ആ ഓർമ്മത്തുണ്ടുകൾ ഒരുമിച്ചുചേർക്കുകയാണ്. നോവലിസ്റ്റ്. അദ്ദേഹം ഒരു പ്രധാന കഥാപാത്രമായി വരുന്നില്ലെങ്കിലും താൻ കണ്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ  അവരോടൊപ്പം അദ്ദേഹം മാറി നിന്നുകൊണ്ട് സന്ദർഭങ്ങൾ സജീവമാക്കുന്നു. .  ബ്വാന എന്ന കഥാപാത്രത്തിന്റെ പൊങ്ങച്ചങ്ങളും, പിടിവാശികളും പറയുമ്പോൾ അയാളുടെ നർമ്മങ്ങളും ആദ്യന്തം കാണാവുന്നതാണ്. ഈസ്റ്റർ കാലത്ത് വെളുപ്പാൻ കാലത്ത് പള്ളിയിൽ നിന്നും വരുന്ന ഭക്തിഗാനം കേൾക്കുന്നു ബ്വാന. "ദൈവമെന്നെ കുരിശിലേറ്റാൻ അപരാധം എന്ത് ഞാൻ ചെയ്തു" . ഞാൻ എന്തപരാധം ചെയ്തു എന്ന് മുറുമുറുത്ത് ബ്വാന കാതിൽ പഞ്ഞി തിരുകുന്നു  നോവലിലുടനീളം ബ്വാനയുടെ രസകരമായ കമന്റുകൾ ഉണ്ട്.  

ആഫ്രിക്കൻ ഭാഷയിൽ ബ്വാന എന്നാൽ യജമാനൻ എന്നോ ബഹുമാനസൂചകമായി സാർ എന്നോ അർത്ഥമുണ്ടെന്ന് കാണുന്നു. ഒരു പക്ഷെ പുതുപ്പണക്കാരനായ ബ്വാനയുടെ പേര് ജനങ്ങൾ മറന്നു കാണും  ബ്വാനയുടെ സംസാരത്തിൽ ഒരു ആധികാരികത വെളിപ്പെടുന്നുണ്ട്. ഗ്രാമങ്ങളിലെ പ്രമാണിമാരെപോലെ ബ്വാന എന്ന കഥാപാത്രവും നോവലിൽ ഉടനീളം ജീവിക്കുന്നു. മഠത്തിലെ മദറിനോടും ഹാസ്യരൂപത്തിലെങ്കിലും ആധികാരികമായി ബ്വാന പറയുന്നത് കേൾക്കുക. "കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ കെട്ടിച്ചുവിടുന്നതിനു പകരം മുടി പറ്റയടിച്ച് ഈ അടിമവേല  ചെയ്യിക്കുന്നത് ശരിയാണോ?
 
എഴുത്തുകാരന്റെ ആത്മകഥക്ക് ഒരാമുഖംപോലെ ഈ നോവൽ കണക്കാക്കപ്പെടാം. മറ്റ് കഥാപാത്രങ്ങളില്ലാതെ ഒരു ആത്മകഥയും പൂര്ണമാകുന്നില്ല. ഈ നോവലിൽ സ്വന്തം നാട് അവിടത്തെ ജനങ്ങളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. കഥാപാത്രങ്ങൾ മുൻകൂട്ടി നിശ്ചയിച്ചപോലെ പ്രത്യക്ഷപെടുകയല്ല സന്ദര്ഭങ്ങൾക്കനുസരിച്ച് അവർ കടന്നു വരുന്നു. കഥയുടെ പുരോഗമനം പലപ്പോഴും കഥാപാത്രങ്ങളിലൂടെയായിരിക്കും. കഥാപാത്ര സൃഷ്ടിയിൽ എഴുത്തുകാർ നേടുന്ന മികവ് പൂർണ്ണമായിരിക്കണം. ശ്രീ കാമിച്ചേരിയുടെ വിജയം അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം സവിശേഷതയുണ്ടെന്നാണ്. (good traits) ഈ നോവലിലെ പ്രധാന കഥാപാത്രമായ  ബ്വാനയെ എല്ലാവര്ക്കും നന്മവരേണമെന്ന ചിന്താഗതിയുള്ളവനാക്കിയിട്ടുണ്ട്.  ഈഴവച്ചെറുക്കൻ കൃസ്താനിപ്പെണ്ണിനെ പ്രണയിക്കുമ്പോൾ  എതിർക്കുന്നില്ല മറിച്ച് അവർ ജീവിച്ചുപോകട്ടെയെന്ന അഭിപ്രായം. കള്ളക്കേസിൽ പെടുന്ന ഒരു യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ അങ്ങനെ അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന പരാതികൾ, പ്രശ്നങ്ങൾ എല്ലാം സമചിത്തതയോടെ സമീപിക്കാൻ അദ്ദേഹം കരുത്താനാണ്.  അങ്ങനെ ബ്വാന സ്ഥലത്തെ പ്രധാന ദിവ്യനായി നാട്ടുകാരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് പ്രശ്നങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്ന സംഭവങ്ങൾ കൃത്രിമത്വമില്ലാതെ വിവരിച്ചുപോകുന്നുണ്ട്. കൂടാതെ സാഹിത്യത്തിലുള്ള നോവലിസ്റ്റിന്റെ അറിവുകളുടെ ഭണ്ഡാരത്തിൽനിന്നും വിജ്ഞാനശകലങ്ങൾ സന്ദർഭാനുസരണം അതാത്  പേജുകളിൽ നിറച്ചുവച്ചിരിക്കുന്നത് കാണാം.

പുതുപ്പണക്കാരെ നാട്ടുകാർ എങ്ങനെ സ്വീകരിക്കുമെന്ന വായനക്കാരന്റെ പൊതുധാരണ അങ്ങനെ തന്നെ നിലനിറുത്തുന്നുണ്ട് നോവലിലെ വിവരണങ്ങൾ. ബ്വാനയുടെ ബന്ധുവായ ഐപ്പച്ചൻ പോലും അസൂയ കലർന്ന ഒരു സമീപനം നടത്തുന്നുണ്ട്. ഒരു പക്ഷെ ആഫ്രിക്കയിലെ ജീവിതം ബ്വാനയുടെ കാഴ്ചപ്പാടുകളെ നാട്ടിലെ ജനങ്ങളിൽ നിന്നും മാറ്റിക്കാണും. അതെല്ലാം നോവലിസ്റ്റ് രസാവഹമായി വിശ്വസനീയമായി വിവരിച്ചിരിക്കുന്നു . നോവലിസ്റ്റ് ഒരു ക്യമാറ പോലെ മുന്നിൽ നിന്ന് കണ്ട കാഴ്ചകൾ കാണിക്കുമ്പോൾ അതെല്ലാം നമുക്ക് മുന്നിൽ വീണ്ടും സജീവമാകുന്ന പ്രതീതിയുണർത്തുന്നു. അതിനെ നോവലിസ്റ്റിന്റെ
ആഖ്യാന സാമർഥ്യമായി കരുതാം. (Narrative Power).

നോവലിൽ തന്നെ വ്യത്യസ്തമായ കാലഘട്ടങ്ങൾ ഉണ്ട്. മുൻ അധ്യായങ്ങളിൽ നമ്മൾ കണ്ട കഥാപാത്രങ്ങൾ കുമരകം വിട്ടുപോകുന്നു വീണ്ടും അവിടെ എത്തിച്ചേരുന്നു  കാലങ്ങൾ  കടന്നുപോയപ്പോൾ ഉണ്ടായ മാറ്റങ്ങൾ അവരിലൂടെ നമ്മൾ അറിയുന്നു  മേരിയമ്മയുടെ വാക്കുകളിൽ നിന്നും അവരെല്ലാം ജീവിതത്തിൽ വിജയം നേടിയെന്നും മനസ്സിലാക്കാം.നമ്മൾ പ്രതീക്ഷിക്കാത്ത ഉയരങ്ങളിൽ അവർ എത്തുന്നുണ്ട്. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്.   ഇതിലെ ഒരു കഥാപാത്രമായ ജോണിയുടെ ഭാര്യ ലീലയെ കബളിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ച അവളെ മാർഗ്ഗം കൂട്ടിയ ഉപദേശിയെ ജോണി അമേരിക്കയിൽ വച്ച് കണ്ടുമുട്ടുമ്പോൾ  പ്രതികാരം ചെയ്യുന്നുണ്ട്. വളരെ സംഭവബഹുലമായ കഥകളുടെ ഒരു മിശ്രിതം ഒരു ദേശത്തിന്റെ ക്യാൻവാസിലൂടെ നോവലിസ്റ്റ് വരച്ചിടുന്നു. ഒന്നും അസാധാരണമോ കൃത്രിമോ ആകുന്നതായി അനുഭവപ്പെടുകയില്ല

ഇതിന്റെ അവസാന അധ്യായം അതിനു മുന്നുള്ള അധ്യായത്തിന്റെ ഉള്ളടക്കം ഭാഗികമായി ഉൾകൊള്ളുന്നതായി അനുഭവപ്പെടാം. അതിനു മുമ്പായി മുൻ അധ്യായത്തിലെ ഈ വരികൾ ശ്രദ്ധിക്കുക. 'അമ്പിളി അമ്മാവൻ ഇല്ലാത്ത കൂരിരുട്ടുള്ള രാത്രിയായിരുന്നു, കുട്ടിച്ചാത്തനും ഒടിയനും , മറ്റും ഇറങ്ങുന്ന ഇരുട്ടിന്റെ ആത്മാവിലൂടെയാണ് മരണവുമായി ബോട്ട് വടക്കുനിന്നും വേമ്പനാട്ട് കായലിലൂടെ...പിന്നെ കുത്തുകളാണ്.. അത് വാചകം പൂർണ്ണമായിട്ടില്ലെന്ന സൂചനയാകാം.  ഐപ്പച്ചന്റെ മരണമായിരിക്കും പരാമർശിക്കുന്നത്. പിന്നെ ബ്വാനയുടെ മരണം. ബ്വാനയുടെ നിര്ദേശപ്രകാരം ഐപ്പച്ചൻ കൊലപ്പെടുകയാണ്. അവസാന അധ്യായത്തിൽ മച്ചുവ തുഴയുന്ന തോമ മുൻ അധ്യായത്തിൽ മരിച്ചുവെന്നറിയിച്ച ബ്വാനയെ കണ്ടെന്നു പറയുന്നുണ്ട്. അത് പക്ഷെ തോമയുടെ തോന്നലായിരുന്നിരിക്കാം. ഒരാളെ കൊലപാതികൾക്ക് ഇട്ടുകൊടുത്തു മടങ്ങുന്ന തോമയുടെ മനസ്സിൽ അതിനു നിർദേശം നൽകിയ ആളുടെ വീട്ടിൽ അദ്ദേഹമുണ്ടെന്ന തോന്നൽ വരുന്നത് മനസ്സിന്റെ  ഭ്രമം കൊണ്ടായിരിക്കാം.

ഈ കഥ കടൽത്തീരത്ത് കാറ്റ് കൊള്ളാൻ  ഇരിക്കുമ്പോൾ കപ്പലണ്ടി കൊറിക്കുന്ന കൂട്ട്  വെറുതെ ടൈം പാസ്സിന് കടലാസ്സിൽ പൊതിഞ്ഞു ഉപ്പും മുളകും ഒക്കെ തൂളി സഹജർക്കായി ഒരുക്കിയിട്ടുണ്ട്, ചുമ്മാ ചവച്ച് ഉല്ലസിക്കാൻ. ഇങ്ങനെയാണ് നോവലിസ്റ്റ് പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നത്. പക്ഷെ വായനക്കാർക്ക്  ആ കടലാസ്സ് പൊതിയിലെ കപ്പലണ്ടി തീരല്ലേ എന്ന തോന്നലാണുണ്ടാക്കുക. ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത ഇത് മാതൃഭൂമിയുടെ നൂറാം വർഷം  ആഘോഷിക്കുന്നതിന്റെ ഭാഗമായി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കിയതാണെന്നുള്ളതാണ്.

ശ്രീ ജയന്ത് കാമിച്ചേരിയിൽ നിന്നും ധാരാളം പുസ്തകങ്ങൾ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ഭാവുകങ്ങൾ  നേരുന്നു.

ശുഭം

# Jayanth Kamicheril

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക