Image

മസ്‌കിയാമ്മേടെ വള (സാം നിലമ്പള്ളില്‍-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

Published on 18 May, 2023
മസ്‌കിയാമ്മേടെ വള (സാം നിലമ്പള്ളില്‍-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ)

'അച്ചന്മാരും ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനാ?' ബാങ്ക് മാനേജര്‍ ചോദിച്ചു. 'മറ്റുള്ളവര്‍ക്ക് മാതൃക ആയിരിക്കേണ്ടവരല്ലേ അച്ചന്മാര്?'

കുര്യാക്കോസച്ചന്‍ ബാങ്കില്‍നിന്ന് ലോണെടുത്ത പതിനയ്യായിരം രൂപയുടെ രണ്ടുമാസത്തെ തവണ മുടങ്ങയതിനെപ്പറ്റി സംസാരിക്കാനാണ് മനേജര്‍ വിളിച്ചത്.

'മിസ്റ്റര്‍. തോമസ് മാത്യു പറയുന്നത് നൂറുശതമാനം ശരിയാണ്. മനഃപൂര്‍വം മുടക്കിയതല്ല. അല്‍പം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിപ്പോയി. മിസ്റ്റര്‍ തോമസ് മാത്യു കാര്യക്ഷമതയുള്ള ഒരു മാനേജര്‍ ആണെന്നെനിക്കറിയാം. അതുകൊണ്ടാണല്ലോ ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ചത്?'

'അച്ചനെന്നെ സോപ്പിടുകയൊന്നും വേണ്ട. ഇന്‍സ്റ്റോള്‍മെന്റ് എപ്പോള്‍ അടയ്ക്കുമെന്ന് പറ? അല്ലെങ്കില്‍ എനിക്ക് നോട്ടീസ് അയക്കേണ്ടിവരും; പിന്നെ റിക്കവറി.'

'അയ്യോ. ഞാന്‍ സോപ്പിട്ടതൊന്നുമല്ല, മിസ്റ്റര്‍ തോമസ് മാത്യു. ഞാന്‍ നാളെത്തന്നെ അവിടെവന്ന് മിസ്റ്റര്‍ തോമസ് മാത്യുവിനെ കാണുന്നുണ്ട്.'

'അച്ചന്‍ ഒന്നാമത് ഈ മിസ്റ്റര്‍ വിൡങ്ങ് നിറുത്ത്. അച്ചനായതുകൊണ്ട് വെറും തോമസ് എന്നുവിളിച്ചാലും എനിക്ക് പരിഭവമൊന്നും ഇല്ല. പിന്നെ, എന്നെ വന്നുകണ്ടതുകൊണ്ട് യാതൊരു കാര്യവുമില്ല. പണോംകൊണ്ടാണ് വരുന്നതെങ്കില്‍ അച്ചനെ കാണുന്നതില്‍ സന്തോഷമയുള്ളു.' അയാള്‍ ഫോണ്‍വെച്ചു.

അച്ചനും ഫോണ്‍വെച്ചിട്ട് ആലോചനയില്‍ മുഴുകി. ഇനിയിപ്പം എന്താണ് ഒരു പോംവഴി? രണ്ടുമാസത്തെ തവണ അടക്കണമെങ്കില്‍ ആയിരത്തി അഞ്ഞൂറുരൂപ വേണ്ടിവരും. ഇടവകയില്‍നിന്ന് കിട്ടുന്ന മൂവായിരം രൂപകൊണ്ട് തട്ടിമുട്ടി കഴിഞ്ഞുകൂടുന്നു എന്നേ പറയാനൊക്കു. ഒരു ഗുണമുള്ളത് പാര്‍സണേജിന് വാടക കൊടുക്കേണ്ട; കറണ്ടുചാര്‍ജും പള്ളിയുടെ അക്കൗണ്ടില്‍ പൊയ്‌ക്കോള്ളും. കുഞ്ഞാടുകളില്‍ മനസലിവുള്ളവര്‍ അവരുടെ പറമ്പില്‍ വിളയുന്ന ചക്കയോ, മാങ്ങയോ രണ്ട് തേങ്ങയോ കൊണ്ടുവന്ന് തന്നാലായി. അതുകൊണ്ടൊന്നും ബുദ്ധിമുട്ട് തീരുന്നില്ലല്ലോ? ലോണിന്റെ തവണ അടച്ചുകഴിഞ്ഞാല്‍ ബാക്കിയുള്ളതുകൊണ്ട് വേണം വീട്ടുചിലവ് നടത്താന്‍.

ടീവി വാങ്ങിക്കാനാണ് ലോണെടുത്തത്. ശോശാമ്മക്കും മക്കള്‍ക്കും 'യങ്കര നിര്‍ബന്ധം ടീവി വേണമെന്ന്. വല്ലവരുടേം വീട്ടില്‍പോയി കാണാന്‍ അവര്‍ക്ക് തീരെഇഷ്ടമില്ല. തനിക്കും അത് ഇഷ്ടമുള്ള കാര്യമല്ല. പിന്നെ ടീവിയുണ്ടങ്കില്‍ തനിക്ക് ക്രിക്കറ്റുകളിയും കാണാമല്ലോ.

ശോശാമ്മയുടെ ആങ്ങള അമേരിക്കയില്‍നിന്ന് വന്നപ്പോള്‍ അയ്യായിരം രൂപ പെങ്ങള്‍ക്ക് കൊടുത്തിട്ട് പോയി. അത് കിട്ടിയപ്പോഴാണ് ടീവി വാങ്ങാനുള്ള നിര്‍ബന്ധം കൂടിയത്.

'എന്റെ വളയും മാലയുംകൂടി വിറ്റിട്ട് ഇതുംകൂടിചേര്‍ത്ത് നല്ലൊരു കളര്‍ ടീവി വാങ്ങിക്ക്.' അയ്യായിരം രൂപാ തന്റെ കയ്യില്‍തന്നിട്ട് ശോശാമ്മ പറഞ്ഞു.

'അതുവേണ്ട.' അച്ചന്‍ പറഞ്ഞു. 'മസ്‌കിയാമ്മയുടെ സ്വര്‍ണ്ണംവിറ്റിട്ട് ടീവീന്നല്ല ഒന്നും വാങ്ങിക്കുന്നില്ല. വേറെ വഴിവല്ലതും ഉണ്ടോന്ന് ഞാനൊന്ന് നോക്കട്ടെ.'

'എന്നെ മസ്‌കിയാമ്മേന്ന് വിളിക്കരുതെന്ന് അച്ചനോട് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതാണ്,'ശോശാമ്മ ദേഷ്യപ്പെട്ടു. 'എന്നെ എന്റെ പേരുവിളിച്ചാല്‍ എന്താ?'

'സോറി മ… അല്ല ശോശാമ്മേ. അറിയാതെ വായില്‍ വന്നുപോകുന്നതാ. അച്ചന്മാരുടെ ഭാര്യമാരെ മസ്‌കിയാമ്മേന്നല്ലേ വിളിക്കേണ്ടത്?'

'അതൊക്കെ പണ്ട്. ഇപ്പോള്‍ ഇടവകക്കാരുപോലും കൊച്ചമ്മേന്നാ വിളിക്കുന്നത്. അച്ചന്‍ മാത്രമാ മസ്‌കിയാമ്മേന്ന് വിളിക്കുന്നത്. എന്തൊരു വൃത്തികെട്ട പേരാ… മസ്‌കിയാമ്മ.'

'അങ്ങനെയൊന്നും പറയരുത് മ… അല്ല ശോശാമ്മേ. കര്‍ത്താവിന് അതൊന്നും ഇഷ്ടമുള്ള കാര്യമല്ല.'

'കര്‍ത്താവ് പറഞ്ഞിട്ടുണ്ടോ അച്ചന്മരുടെ ഭാര്യമാരെ മസ്‌കിയമ്മേന്ന് വിളിക്കണമെന്ന്? അച്ചന്‍ ഈ നൂറ്റാണ്ടിലൊന്നും ജീവിക്കേണ്ട ആളല്ല.'

'അതു ശരിയാ മമ്മിപറഞ്ഞത്,' സംസാരം കേട്ടുകൊണ്ടുവന്ന മകള്‍ പറഞ്ഞു. 'ഡാഡിഅച്ചന്‍ പതിനെട്ടാം നൂറ്റാണ്ടിലെങ്ങാനും ജീവിച്ചിരിക്കേണ്ട ആളാ.'

മകളുടെ വര്‍ത്തമാനംകേട്ട് കുര്യാക്കോസച്ചന്‍ ചിരിച്ചു. കൊച്ചുപിള്ളാരുവരെ ഇപ്പോള്‍ അച്ചന്മാരെ വിമര്‍ശിക്കാന്‍ തുടങ്ങിയിരിക്കുന്നു. കാലം പോയപോക്ക്. പണ്ടൊക്കെ അച്ചന്മാരെ കുഞ്ഞാടുകള്‍ക്കും, മക്കള്‍ക്കും എന്തു ബഹുമാനമായിരുന്നു. കുഞ്ഞാടുകള്‍ എന്നുവിളിക്കുന്നതുപോലും ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല.

'ഞങ്ങളന്താ ആടാണോ, അച്ചോ?' കഴിഞ്ഞദിവസം മണ്ണൂരെ മത്തായിച്ചന്റെ മകന്‍ ബിനു ചോദിച്ചതാണ്.

'കര്‍ത്താവിന്റെ അനുയായികളെ കുഞ്ഞാടുകള്‍ എന്നാണ് വിളിച്ചിരുന്നത്, മകനെ. കര്‍ത്താവ് ഇടയനും, അനുയായികള്‍ ആടുകളും ആയിരുന്നു.'

'ഇപ്പേള്‍ ആടുകളും ഇടയന്മാരുമൊന്നും ഇല്ലച്ചോ. ആടുകളെയെല്ലാം ഇപ്പോള്‍ ഫാമിലാ വളര്‍ത്തുന്നത്.' അവന്റെ സംസാരംകേട്ട് കൂട്ടുകാരെല്ലാം ചിരിച്ചു.

'നീ ഇങ്ങനൊന്നും സംസാരിക്കരുത്, മകനേ; കര്‍ത്താവ് നിന്നെ ശിക്ഷിക്കും.'

'കര്‍ത്താവ് ശിക്ഷിക്കത്തൊന്നുമില്ല., അച്ചന്‍ റെക്കമെന്റ് ചെയ്യാതിരുന്നാമതി.'

എങ്ങനെയുണ്ട് ഇപ്പോഴത്തെ പിള്ളാരുടെ സംസാരം? അച്ചന്മാരെ ബഹുമാനമില്ല, മാതാപിതാക്കളെ അനുസരണയില്ല. സെമിനാരിയില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത് താമസിക്കുന്ന വല്ല്യച്ചനെന്ന് എല്ലാവരും വിളിക്കുന്ന ഗീവറുഗീസച്ചന്റെ വീട്ടില്‍ പോകുമായിരുന്നു. അച്ചന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അച്ചന്റെ 'ാര്യക്കും, മക്കള്‍ക്കും എന്തു ബഹുമാനമായിരുന്നു അദ്ദേഹത്തെ? മക്കള്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ ചെല്ലത്തില്ല; പുറകില്‍നിന്നേ സംസാരിക്കത്തുള്ളു. സ്റ്റൂളില്‍ കാലുംപൊക്കിവെച്ച് ചാരുകസേരയില്‍ അങ്ങനെ കിടക്കും. മക്കളുടെ ചോദ്യങ്ങള്‍ക്ക് ഒന്നോരണ്ടോ വാക്കില്‍ മറുപടി പറയും. കാണാന്‍ വരുന്നവരും 'യ'ക്തി ബഹുമാനത്തോടെ മാത്രമേ അച്ചനോട് സംസാരിക്കൂ. എന്തൊരു ദൈവചൈതന്ന്യമായിരുന്നു അച്ചന്? രണ്ടുവര്‍ഷം ഒറ്റക്കിടപ്പില്‍ കിടന്ന് കഷ്ടപ്പെട്ടാ അച്ചന്‍ മരിച്ചത്.

ആധുനികയുഗത്തില്‍ രക്ഷിതാക്കള്‍ മക്കളെ വളര്‍ത്തുന്നരീതി ശരിയല്ലെന്ന് എപ്പോഴും താന്‍ ഞായറാഴ്ച കുറുബാന കഴിഞ്ഞുള്ള പ്രസംഗത്തില്‍ പറയാറുണ്ട്. അതെങ്ങനാ മാതാപിതാക്കളും ശരിയല്ലല്ലോ? മദ്യപിച്ച് വീട്ടിലെത്തുന്ന പല രക്ഷകര്‍ത്താക്കളേയും തനിക്കറിയാം. കഴിഞ്ഞദിവസം കൊല്ലത്ത് പോയിട്ട് തിരിച്ചുവരുമ്പോളാണ് ബസ്സില്‍ ഇടവകയിലെ ഒരുമെമ്പര്‍ കര്‍ച്ചീഫുകൊണ്ട് മുഖംമറച്ചുകൊണ്ട് മുമ്പിലത്തെ സീറ്റില്‍ ഇരിക്കുന്നു. തനിക്കവനെ മനസിലായില്ലെന്നാണ് പാവത്താന്‍ വിചാരിച്ചത്.

'സാബു എവിടെപ്പോയിട്ടാ?' പുറത്ത് തട്ടിക്കൊണ്ട് ചോദിച്ചു.

ഒരു ഞെട്ടലോടുകൂടിയാണ് അവന്‍ തിരിഞ്ഞുനോക്കിയത.്

'കൊല്ലംവരെ പോയതാണച്ചോ. അച്ചന്‍ എവിടെപ്പോയതാ?'

കള്ളിന്റെ വൃത്തികെട്ട നാറ്റം. കര്‍ച്ചീഫുകൊണ്ട് അവന്‍ വാപൊത്തി പിടിച്ചിരിക്കയാണ്.

'എന്താ സാബു നീ വാപൊത്തി പിടിച്ചിരിക്കുന്നത്?'

'ഒരു പല്ലെടുക്കാന്‍ പോയതാണച്ചോ, നല്ല വേദന.' അവന് സംസാരം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്നായി. അടുത്തിരിക്കുന്നവരെല്ലാം ചിരിക്കുന്നു.

അവനെ വിഷമിപ്പിക്കേണ്ട എന്നുകരുതി പിന്നൊന്നും ചോദിച്ചില്ല. തനിക്കിറങ്ങേണ്ടതിന്റെ മുന്‍പിലെ സ്റ്റോപ്പില്‍ അവന്‍ ഇറങ്ങി. വെള്ളമടിക്കാന്‍ കൊല്ലത്ത് പോയതാണ് കുഞ്ഞാട്, അല്ലെങ്കില്‍ കൊല്ലത്ത് പോയപ്പോള്‍ അവസരം മുതലാക്കിയതാണ്. പിന്നീടൊരുദിവസം അവന്റെ 'ാര്യയെകണ്ടപ്പോള്‍ ചോദിച്ചു, 'സാബൂന്റെ പല്ലെടുത്തതിന്റെ വേദനയൊക്കെ മാറിയോ, ലീലാമ്മേ?'

അവള്‍ ഒന്നും മനസിലാകാത്തതുപോലെ നോക്കയിട്ട് ചോദിച്ചു, 'അച്ചന്‍ ആരുടെ കാര്യമാ പറയുന്നത്?'

'നിന്റെ ഭര്‍ത്താവ് സാബൂന്റെ. അവന്‍ പല്ലെടുത്തേച്ച് വരുന്നവഴി ബസ്സില്‍ വെച്ചുകണ്ടു.'

'അച്ചന് ആളുമാറിപ്പോയതാ. സാബുച്ചായന്റെ പല്ല് മുപ്പത്തിരണ്ടും അതുപോലെ വായിലുണ്ട്,' അവള്‍ കളിയാക്കുതുപോലെ ചിരിച്ചുംകൊണ്ട് പോയി.

കള്ളുകുടിച്ചതും പോരാഞ്ഞ് ഇടയനോട് കള്ളവും പറഞ്ഞു കുഞ്ഞാട്.  മക്കളും അവനെകണ്ടല്ലേ പഠിക്കുന്നത്?

വീട്ടിലിരിക്കുന്ന പെണ്ണുങ്ങളും ശരിയല്ലല്ലോ. കുഞ്ഞുങ്ങള്‍ക്ക് നല്ലകാര്യം പറഞ്ഞുകൊടുക്കേണ്ടതിന് പകരം ടീവിയില്‍ സീരിയലും, സിനിമയും ഒക്കെ കണ്ടുകൊണ്ടിരിക്കും. തന്റെ വീട്ടിലെ സ്ഥിതിയും അതുതന്നെയാണ്. ശോശാമ്മക്കും മക്കള്‍ക്കും സീരിയലു കണ്ടില്ലെങ്കില്‍ ഉറക്കം വരത്തില്ല. അതിനാണ് താന്‍ വഴക്കുപറയുന്നത്.

'അച്ചന് ക്രിക്കറ്റുകാണുന്നതിന് കുഴപ്പമൊന്നുമില്ലേ; ഞങ്ങള്‍ സീരയലോ സിനിമയോ കാണുന്നതിനാ ദേഷ്യം?'

'ക്രിക്കറ്റുപോലെയല്ലല്ലോ സനിമ. ക്രിക്കറ്റൊരു കളിയല്ലേ?'

'സിനിമയും ഒരു കളിയാ.'

'സിനിമയില്‍മൊത്തം വഷളത്തരങ്ങളല്ലേ? അതൊക്കെ കണ്ടിട്ടാ കുട്ടികളും വഷളാകുന്നത്.'

'അച്ചനെന്താ ഈ പറയുന്നത്? സിനിമാ കാണുന്നവരെല്ലാം വഷളായിപ്പോകുകയാണോ? അങ്ങനെയാണെങ്കില്‍ ലോകത്തുള്ളവരെല്ലാം വഷളായിത്തീരുമല്ലോ?'

'ശരിയല്ലേ? ലോകം ഇന്ന് വഷളത്തരംകൊണ്ട് നിറഞ്ഞിരിക്കുകയല്ലേ?'

'അച്ചനോട് തര്‍ക്കിക്കാന്‍ ഞാനില്ല.' ശോശാമ്മ അടുക്കളയിലേക്ക് പോയി.

കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് കുര്യാക്കോസച്ചന്‍. ടീവി വിറ്റുകളഞ്ഞാലോ എന്നുവരെ ആലോചിച്ചു. ട്രഷറര്‍ ചാക്കോച്ചനോട് അതിനെപ്പറ്റി സംസാരിക്കുകയും ചെയ്തു.

'എന്തിനാ അച്ചോ വിക്കുന്നത്?' ചാക്കോച്ചന്‍ ചോദിച്ചു. 'കൊച്ചമ്മേം പിള്ളാരും ടീവി കാണട്ടെ. പിന്നെ അച്ചന് ക്രിക്കറ്റും കാണാമല്ലോ? വിറ്റാല്‍ മേടിച്ചതിന്റെ പകുതിവിലപോലും കിട്ടത്തില്ല.'

അതോര്‍ത്തപ്പോള്‍ വില്‍ക്കുന്ന പരിപാടി ഉപേക്ഷിച്ചു. പകുതിവിലകിട്ടിയാലും ലോണ്‍ അടച്ചുതീര്‍ക്കാന്‍ പറ്റില്ല. ഇനിയിപ്പം ബാങ്കിലെ തവണയെങ്ങനെ അടക്കും? ചാക്കോച്ചനോടുതന്നെ ചോദിക്കാം; അല്ലാതെ വേറെ മാര്‍ഗമില്ല. അത്യാവശ്യത്തിന് പത്തുംനൂറുമൊക്കെ അയാളോടാണ് കടംവാങ്ങുന്നത്. വല്ലപ്പോഴുമൊരിക്കല്‍ ഒരു കല്ല്യാണമോ, പെരകൂദാശയോ വന്നാല്‍ നൂറോ, ഇരുനൂറോ കിട്ടിയാലായി.

'ആയിരത്തി അഞ്ഞൂറൊന്നും എടുക്കാനില്ലച്ചോ,' ചാക്കോച്ചന്‍ പറഞ്ഞു. 'ഒണ്ടായിരുന്നതെല്ലാംകൂടി നുള്ളിപ്പെറുക്കി ഇന്നലെയാ ബാംഗ്‌ളൂരില്‍ നേഴ്‌സിങ്ങിനു പഠിക്കുന്ന മോള്‍ക്ക് അയച്ചുകൊടുത്തത്. മന്നൂറുവേണമെങ്കില്‍ എടുക്കാം.'

മുന്നൂറുകിട്ടിയിട്ട് എന്തെടുക്കാനാ? വേറെ കിട്ടുമോന്ന് നോക്കട്ടെ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്നു.

'മ.. അല്ല ശോശാമ്മേ, നിന്റെ ഒരുവളയിങ്ങ് ഊരിത്താ,' വീട്ടില്‍വന്നിട്ട് അച്ചന്‍ മസ്‌കിയാമ്മയോട് പറഞ്ഞു.

'എന്തിനാ അച്ചോ ഇപ്പംഎന്റെ വള? അച്ചനും വളയിടണമെന്ന് മോഹംതുടങ്ങിയോ?'

'നീ അതിങ്ങ് താ. കാര്യം പിന്നെപ്പറയാം.'

വള പണയംവെച്ച് ആയിരത്തിഅഞ്ഞൂറുരൂപാ എടുക്കാനാണ് ബാങ്കില്‍ ചെന്നത്. മനേജരുകാണാതെ പണയം എടുക്കുന്ന ക്‌ളാര്‍ക്കിനെ സമീപിച്ച് കാര്യംപറഞ്ഞു. അച്ചനിരിക്കെന്നു പറഞ്ഞ് അയാള്‍ വളയുംകൊണ്ട് അകത്തേക്കുപോയി. 'വളക്ക് വല്ലകുഴപ്പവും ഉണ്ടായിരിക്കുമോ? സ്വര്‍ണംപൂശിയ ചെമ്പുവളയോ മറ്റോ ആണോ? ബാങ്കിനെ കബളിപ്പിക്കാന്‍ വന്ന പുരോഹിതനെ പോലീസ് അറസ്റ്റുചെയ്തു എന്ന് നാളത്തെ പത്രത്തില്‍ വാര്‍ത്തവരുമോ?' എന്നെല്ലാം ചിന്തിച്ച് ഫാനിന്റെകീഴിലിരുന്ന് വിയര്‍ത്തപ്പോള്‍ ക്‌ളാര്‍ക്ക് തിരികെവന്ന് മാനേജര്‍ വിളിക്കുന്നെന്ന് പറഞ്ഞു. അതോടുകൂടി താന്‍ സംശയിച്ചത് ശരിയായിരുന്നു എന്നുതന്നെ ഉറപ്പിച്ചു.

കര്‍ത്താവേ നീ ഇപ്പോള്‍തന്നെ അടിയനെ അങ്ങയുടെ സന്നിധിയിലേക്ക് എടുത്തോളണേയെന്ന് മനസില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാനേജരുടെ മുറിയിലേക്ക് കയറിച്ചെന്നത്. വളയും പിടിച്ചുകൊണ്ടിരിക്കുന്ന മാനേജരെ കണ്ടപ്പോള്‍ സംശയം ഒന്നുകൂടി ബലപ്പെട്ടു. എന്തെങ്കിലും അദ്ദേഹത്തോട് പറയണമെന്നുണ്ട്, പക്ഷേ നാവ് പൊങ്ങുന്നില്ല.

അച്ചന്‍ ഇരിക്കെന്ന് പറഞ്ഞിട്ട് അയാള്‍ ഫോണെടുത്തു. അയാള്‍ പോലീസിനെ വിളിക്കാന്‍ പോകുകയാണെന്ന് അച്ചന് മനസിലായി.

'പോലീസിനെ വിളിക്കരുത്, വള ഞാന്‍ തിരികെ കൊണ്ടുപൊക്കോളാം,' അച്ചന്‍ അപേക്ഷിച്ചു.

'അച്ചനെന്തൊക്കെയാ ഈ പറയുന്നത്?' മാനേജര്‍ ചോദിച്ചു. 'ഇത് ഇന്റര്‍കോം ആണ്. ഞാന്‍ പീയൂണിനെ വിളച്ചതാ. അച്ചന് ഇപ്പോഴെന്താ പണത്തിന് ആവശ്യം?'

'ലോണിന്റെ തവണ അടക്കാമെന്ന് വിചാരിച്ചാ മ… അല്ല ശോശാമ്മേടെ വളേംകൊണ്ട് വന്നത്. അത് മുക്കുപണ്ടം ആണെന്ന് അറിയില്ലായിരുന്നു.'

'ഇത് മുക്കുപണ്ടം അല്ലല്ലോ,' മാനേജര്‍ ചിരിച്ചു. 'അച്ചനെന്താ കുടിക്കാന്‍ വേണ്ടത്. ചായ വരുത്തട്ടെ.'

ചായയല്ല കല്ലടയാറ്റിലെ വെള്ളംമൊത്തം കൊടുത്താലും കുടിക്കാം എന്ന അവസ്ഥയിലായിരുന്നു കുര്യാക്കോസ് അച്ചന്‍.

'അച്ചന് സന്തോഷമുണ്ടാകുന്ന ഒരുകാര്യം ഞാന്‍ പറയട്ടോ?' 

'എന്താ മി…അല്ല തോമസ് മാത്യു പറയുന്നത്? എനിക്കൊന്നും മനസിലാകുന്നില്ല.'

മിസ്റ്റര്‍ തോമസ് മാത്യു ചരിച്ചുകൊണ്ട് പറഞ്ഞു, 'അച്ചന്റെ ലോണ്‍മൊത്തം ഇന്നലെ ഒരാള്‍ അടച്ചു.'

'ആര്?'്

'അത് പറയരുതെന്നാ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. ഞാന്‍ ഇന്നലെ അച്ചനുമായി സംസാരിക്കുമ്പോള്‍ അദ്ദേഹം ഇവിടെ ഇരിപ്പുണ്ടായിരുന്നു. സംസാരത്തില്‍ രസംപിടിച്ച അദ്ദേഹം കാര്യംതിരക്കി. ആദ്യം ഞാന്‍ പറയാന്‍ മടിച്ചു; നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഇവിടുത്തെ അക്കൗണ്ടില്‍നിന്ന് അന്നേരംതന്നെ പണമെടുത്ത് അച്ചന്റെ ലോണ്‍മൊത്തം അടച്ചു. ഇതാ രസീത്.'

'അതുവേണ്ടായിരുന്നു. ഞാന്‍ എങ്ങനെങ്കിലും പണം അടക്കത്തില്ലായിരുന്നോ? ആരാണ് ആ നല്ല മനഷ്യന്‍?'

'അത് ഞാന്‍ ഒരിക്കലും പറയത്തില്ല. ഒരു മനുഷ്യസ്‌നേഹി എന്നേ പറയാവൂന്നാ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്.'

'അദ്ദേഹത്തോട് എന്റെ ഹൃദയംഗമായ നന്ദി പറയണം. ഞാന്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാമെന്നും പറയണം.'

'അച്ചന്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു കാന്‍സര്‍ രോഗിയാണ്. ദിവസങ്ങള്‍ എണ്ണിയെണ്ണി കഴിയുകയാണ്.'

ബാങ്കില്‍നിന്ന് ഇറങ്ങുമ്പോള്‍ അച്ചന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 'തന്നോടിത്ര കരുണതോന്നാന്‍ താനെന്തു നന്മയാണ് കര്‍ത്താവെ ചെയ്തത്?' എന്ന് മനസില്‍ പ്രാര്‍ത്ഥിച്ചു. നല്ലവനായ ആ മനുഷനുവേണ്ടിയും.

'അച്ചോ മസ്‌കിയാമ്മേടെ വളയുംകൂടി കൊണ്ടുപോ,' മിസ്റ്റര്‍ തോമസ് മാത്യു പുറകേ വന്നിട്ട് പറഞ്ഞു.

(ഈ കഥ വര്‍ഷങ്ങള്‍ക്കുമുന്‍പ് എഴുതിയതാണ്.  ഈമലയാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വായനക്കാരുടെ അഭിപ്രയങ്ങളും നിരൂപണങ്ങളും അറിയാന്‍ എഴുത്തുകാരന് ആഗ്രഹമുണ്ട്.)

സാം നിലമ്പള്ളില്‍
samnilampallil@gmail.com

 

Join WhatsApp News
josecheripuram 2023-05-19 02:18:19
It's a story that can happen in one's life, It shows the financial and family problems of a common man whether he is a priest or layman, well said with humor. I enjoyed it all the best. .
Abdul Punnayurkulam 2023-05-19 20:06:38
It's an interesting story. Easy to read. Sam knows how to write stories.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക