Image

ഒരു വിരല്‍ത്തുമ്പ് ( പുസ്തകപരിചയം : ജോയ്ഷ് ജോസ് )

Published on 19 May, 2023
ഒരു വിരല്‍ത്തുമ്പ് ( പുസ്തകപരിചയം : ജോയ്ഷ് ജോസ് )

''എന്നെ ചേര്‍ത്തു പിടിക്കാന്‍ ഒരു പുരുഷനെയോ സ്വന്തമായി ഒരു കുഞ്ഞിനെയോ എനിക്ക് ലഭിച്ചേക്കില്ല.പരമ്പരാഗതമായ ഒരു ജീവിത സാഹചര്യത്തിലേയ്ക്ക് ഒരിക്കിലും ഞാന്‍ പ്രവേശിച്ചേക്കില്ല.എങ്കിലും ഈ പോരാട്ടം തുടരേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു.ആളുകള്‍ എന്നെ ഒഴിവാക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെട്ട് തന്നെ''.
               മാലിനി ചിബ്.

ഒരു  വിരല്‍ത്തുമ്പ്......
സെറിബ്രല്‍ പള്‍സി എന്ന മാരക രോഗാവസ്ഥയെ തരണം ചെയ്ത് ജീവിതം കൈവരിച്ച ഒരു അസാധാരണ വനിതയുടെ ആത്മഥയാണിത്.പ്രതിസന്ധികളില്‍ തളരാതെ ഉന്നത വിദ്യാഭ്യാസം നേടി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന മാനസിക ശാരീരിക വെല്ലുവിളിനേരിടുന്നവര്‍ക്ക് പ്രചോദനമേകുന്ന മാലിനി ചിബിന്‍റെ ജീവിത കഥ . മാലിനി തന്‍റെ ശരീരത്തില്‍ അവളുടെ നിയന്ത്രണത്തിന് വഴങ്ങുന്ന ഏക അവയമായ ഒറ്റവിരലിന്‍റെ കഠിന പ്രയത്‌നത്തിലൂടെ രണ്ട് വര്‍ഷമെടുത്ത് തയ്യാറാക്കിയ ആത്മകഥയാണ് വണ്‍ ലിറ്റില്‍ ഫിംഗര്‍  അഥവ ഒരു വിരല്‍ത്തുമ്പ്

സെറിബ്രല്‍ പള്‍സിയെക്കുറിച്ച് വേണ്ടത്ര പഠനങ്ങളോ ബോധ്യങ്ങളെ ഇല്ലാത്ത കാലഘട്ടത്തില്‍ രഞ്ജിത് ചിബിന്‍റെയും മിതു അലുറിന്‍റെയും മകളായി1966ല്‍ കല്‍ക്കത്തയിലാണ് മാലിനിയുടെ ചിബിന്റെ ജനനം. ചലനസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ശരീരവും ശബ്ദം നിഷേധിക്കപ്പെട്ട നാവും വഴങ്ങാത്ത കൈവിരലുകളുമായുള്ള അവളുടെ ജനനത്തില്‍ ആദ്യമൊന്ന് പകച്ചുവെങ്കിലും ആ മാതാപിതാക്കള്‍ മാലിനിയുടെ ജീവിതവഴികളിലെ മുള്ളുകള്‍ ഓരോന്നായി എടുത്തുമാറ്റി.ഇടയ്ക്ക് വച്ച് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞുവെങ്കിലും അവളുടെ മാതാവ് മിതു അലുര്‍ കണ്ണീരിന് പകരം പുഞ്ചിരിച്ചുകൊണ്ടു മുന്നേറാന്‍ അവള്‍ക്ക് നനുത്ത പാതകള്‍ ഒരുക്കി.

സെറിബ്രല്‍ പാള്‍സി അല്ലെങ്കില്‍ മറ്റ് ശാരീരികമാനസിക അസുഖങ്ങള്‍ ബാധിച്ച  യാതന നേരിടുന്ന നിരവധി കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്.  അവര്‍ക്ക് താങ്ങും തണലും പ്രചോദനവുമാകേണ്ട മാതാപിതാക്കള്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചക്കിടയിലാണ് മിതു അലുര്‍ എന്ന അമ്മ മാലിനിയെ മറ്റ് മക്കളോടൊപ്പം  യാതൊരു വിവേചനവുമില്ലാതെ വളര്‍ത്തി ഉയരങ്ങളില്‍ എത്തിച്ചത്. അതുകൊണ്ട് തന്നെ മാലിനി ചിബിന്റെ ജീവിതം നമ്മുക്ക് പറഞ്ഞു തരുന്നത് അതിജീവിനത്തിന്റെ പാഠങ്ങള്‍ മാത്രമല്ല, ആത്മവിശ്വാസത്തിന്റെ പ്രചോദനപാഠങ്ങളും അവളുടെ അമ്മയുടെ സ്വാര്‍ത്ഥരഹിതമായ സഹനപാഠങ്ങള്‍ കൂടിയാണ്.അവരുടെ കഠിനപ്രയത്‌നങ്ങള്‍ ഇന്ത്യയിലെ ആദ്യത്തെ സ്‌പെഷ്യല്‍ സ്‌ക്കൂള്‍ സ്ഥാപിക്കുന്നതിലേയ്ക്ക് അവരെ എത്തിക്കുകയും ചെയ്തു. 
മാലിനിയുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം സാധാരണ ജീവിതത്തിലേയ്ക്ക് എത്തുകയെന്നത് അതികഠിനമായിരുന്നു. തീവ്രമായൊരു ഒറ്റപ്പെടലായിരുന്നു അവര്‍ അനുഭവിക്കേണ്ടിയിരുന്നത് എങ്കിലും  ഇംഗ്ലണ്ടിലും ഇന്ത്യയിലുമായി മാലിനി തന്റെ പഠനങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ട് ബിരുദാനന്തരബിരുദങ്ങള്‍ കരസ്ഥമാക്കി. 2011 ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഈ മാതൃകാജീവിതത്തെ ആദരിക്കുകയുണ്ടായി.മാലിനി ചിബ് ഇന്ന് സെറിബ്രല്‍ പള്‍സി കൊണ്ടും മറ്റ് ശാരീരക ദുരിതമനുഭവിക്കുവര്‍ക്കും  പ്രചോദനമായി നിലകൊള്ളുന്ന സാമൂഹിക പ്രവര്‍ത്തകയാണ്. 

അംഗവൈകല്യം ഒരു ശാപമല്ല; രോഗവുമല്ല. മറിച്ച് അപകടമോ രോഗമോ വഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണിതെന്നും  അംഗപരിമിതര്‍ക്ക് ആവശ്യം സഹതാപമല്ല മറിച്ച് സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണെന്നും  അവര്‍ 'കഴിവില്ലാത്തവര'ല്ല; മറിച്ച് 'വ്യത്യസ്തമായ കഴിവുള്ളവരാ'ണെന്നും മാലിനി ചിബിന്‍റെ ജീവിത കഥ നമ്മെ ബോധ്യപ്പെടുത്തുന്നു.
അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകാന്‍ കാരണവും മറ്റൊന്നല്ല-അവര്‍ക്ക് വേണ്ട പിന്തുണ കുടുംബവും സമൂഹവും നല്കിയെന്നത്  തന്നെയാണ്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവരും  അംഗപരിമിതരും  പ്രത്യേക പരിഗണന ആവശ്യമുള്ളവരും വ്യത്യസ്തമായി കഴിവുള്ളവരും അങ്ങനെ പലരും നമുക്കിടയിലുണ്ട് അവരെ കണ്ടത്തി സമൂഹത്തിന്‍റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ മാലിനി ചിബിന്‍റെ ഈ ജീവിത കഥ ഏവര്‍ക്കും ഒരു പ്രചോദനമാവട്ടേ...

പുസ്തകം - ഒരു വിരല്‍ത്തുമ്പ്
എഴുത്ത് - മാലിനി ചിബ്
പരിഭാഷ -  ജെനി ആന്‍ഡ്രൂസ്
പ്രസാധനം - ഡി സി ബുക്സ്
വില - 150

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക