2020 ജനുവരിയിൽ കൊച്ചിയിൽ നടന്ന ചരിത്രം സൃഷ്ടിച്ച നൈനാ സംഗമത്തിന് ശേഷം 2023 മെയ് 28ന് വീണ്ടും ഒരു ചരിത്ര സംഗമത്തിന് ആലുവ ടൗൺ ഹാൾ വേദിയാവുകയാണ്.നൈന മരയ്ക്കാർ സംഗമം.. ചരിത്ര പുരുഷൻമാരായ കുഞ്ഞാലി മരയ്ക്കാർമാർ ഉൾപ്പെട്ട മരയ്ക്കാർ കുടുംബവും നൈനാ കുടുംബവുമായുള്ള ബന്ധം കണ്ടെത്തിയ ചരിത്രാന്യേഷകനായ മൻസൂർ നൈനയുടെ,’’നൈന മരയ്ക്കാർ ചരിത്രം,അറിയപ്പെടാത്ത ഏടുകൾ’ എന്ന പുസ്തകം അന്ന് പ്രശസ്ത ചരിത്രകാരനായ ഡോ.ഹുസൈൻ രണ്ടത്താണി പ്രകാശനം ചെയ്യുകയാണ്. മുൻ വൈസ് ചാൻസലറും ചരിത്രകാരനുമായ ഡോ.കെ.കെ.എൻ. കുറുപ്പ് സമ്മേളനം ഉൽഘാടനം ചെയ്യും.അതോടെ നൈനാമാരും മരയ്ക്കാർമാരുമായുള്ള ബന്ധത്തിന്റെ വിശദ വിവരങ്ങൾ കേരള സമൂഹത്തിൽ അനാവരണം ചെയ്യപ്പെടും.
രണ്ടു വർഷങ്ങൾക്കപ്പുറം നടന്ന നൈനാ സംഗമത്തിൽ പ്രകാശനം ചെയ്യപ്പെട്ട ’’നൈനാ ചരിത്രം,നൂറ്റാണ്ടുകളില്ലൂടെ’’ എന്ന പുസ്തകവും ഇത്തരം ഒരു അന്യേഷണത്തിന്റെ ഭാഗമായിരുന്നു.കൊച്ചിയിലും ആലുവയിലും മണ്ണഞ്ചേരിയിലുമൊക്കെയായി അധിവസിച്ചിരുന്ന നൈനാമാർ ഒരു കുടുംബത്തിന്റെ ഭാഗമാണ് എന്നറിഞ്ഞിരുന്നില്ല.ഇത്തരം ഒരു ചരിത്രാന്യേഷണത്തിന്റെ ഭാഗമായി ഇറങ്ങിത്തിരിച്ചപ്പോഴാണ് കേരളത്തിൽ മാത്രമല്ല അങ്ങ് തമിഴ് നാട്ടിലെ കായൽപട്ടണത്തിലേക്ക് ഈ വേരുകൾ നീളുന്നു എന്ന് കണ്ടത്.അന്യേഷണം നീണ്ടപ്പോൾ അതിനുമപ്പുറം അറേബ്യൻ നാടുകളിൽ നിന്ന് കടന്നു വന്ന് ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ തന്നെ പലസ്ഥലങ്ങളിലും വേരുറപ്പിച്ചവരാണ് നൈനാമാർ എന്ന് കണ്ടെത്താൻ കഴിഞ്ഞു.
മദ്ധ്യകാലകഘട്ടത്തിൽ അറേബ്യയിലെ ദക്ഷിണേന്ത്യയിലെ തെക്കു കിഴക്കൻ തമിഴ് നാട്ടിലെ കൊറമാണ്ടൽ തീരത്തേക്കും അവിടെ നിന്ന് കൊച്ചി മലബാർ തുറമുഖങ്ങളിലേക്കും പായക്കപ്പലുകളിൽ വന്നവരാണ് നൈനാ മരയ്ക്കാർമാരുടെ പൂർവ്വികർ.വർത്തക പ്രമാണിമാരായ മരയ്ക്കാർ വംശത്തിന്റെ ഒരു ശാഖയാണ് നൈനാമാർ.
രാജാവ് നൽകിയ ‘’നൈനാർ’’ എന്ന സ്ഥാനപ്പേര് ലോപിച്ചാണ് നൈനാ എന്നായത്.അറബി നാടുകളിൽ നിന്ന് കായൽ പടണത്തെത്തിയതോടെ ഇന്ത്യയിലെയും അവിടെ നിന്നും കൊച്ചിയിലെത്തുന്നതോടെ കേരളത്തിലെയും നൈനാമാരുടെ ചരിത്രം ആരംഭിക്കുന്നു. കൊച്ചിയിൽ നിന്നുമാണ് ആലുവ,വടുതല,മണ്ണഞ്ചേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിലേക്ക് നൈനാമാർ പടർന്നു പന്തലിച്ചത്.പേർഷ്യൻ ഗൾഫ് രാജ്യങ്ങളുടെ ആസ്ഥാനമായ സിറുജിൽ വെച്ച് 1306ൽ മരണപ്പെട്ട സുൽത്താൻ ജമാലുദ്ദീന്റെയും അദ്ദേഹത്തിന്റെ സഹോദരനായ തഖിയുദ്ദീൻ അബ്ദുൽ റഹുമാന്റെയും പിൻഗാമികളാണ് ഇന്നത്തെ മരയ്ക്കാർമാരും നൈനാമാരും..അവരുടെ പിൻഗാമികൾ ഇപ്പോഴും രത്നവ്യാപാരികളായി കായൽ പട്ടണത്തുണ്ട്.നൈനാ സ്ട്രീറ്റും നൈനാ ഹൗസും അവിടെ പലയിടത്തും കാണാം.
പോർച്ചുഗീസുകാർക്കെതിരെ ആദ്യ വിപ്ളവ കാഹളമൊരുക്കിയ കുഞ്ഞാലി മരയ്ക്കാർമാരും മഖ്ദൂമുമാരും കായൽ പട്ടണത്തു നിന്നു തന്നെയാണ് കൊച്ചിയിലെത്തുന്നത്.അവരും നൈനാമാരുമായി ബന്ധമുണ്ടായിരുന്നു എന്ന് ഇപ്പോഴാണ് കണ്ടെത്തുന്നതെന്ന് മാത്രം.യുദ്ധത്തിന് വേണ്ടി കൊച്ചിയിലെത്തിയ പാലിയത്തച്ഛന്റെ സേനാധിപനായിരുന്ന കുഞ്ഞാലി നൈനയും മൂന്ന് സഹോദരൻമാരും പ്രാർത്ഥനയ്ക്ക് പള്ളിയില്ലാത്തതിനാൽ കോഴിക്കോട്ടേയ്ക്ക് തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ കൊച്ചിയിൽ തന്നെ തുടരാൻ അവരോട് കൊച്ചി രാജാവ് ആവശ്യപ്പെടുകയും അവർക്ക് പള്ളിക്കായി സ്ഥലം ദാനം ചെയ്യുകയും ചെയ്തു.
കൊച്ചി രാജാക്കൻമാരുടെ പ്രധാന ചടങ്ങായ അരിയിട്ടു വാഴ്ച്ചയിൽ നൈനാമാർ പ്രധാന ക്ഷണിതാക്കളായിരുന്നു.പുതിയ രാജാവിനെ വാഴിക്കുമ്പോൾ നൈനാമാർ മംഗള പത്രം നൽകുമായിരുന്നു.കൊച്ചങ്ങാടിയിലായിരുന്നു നൈനാമാർ പ്രധാനമായും താമസിച്ചിരുന്നത്.കുഞ്ഞാലി നൈനയുടെ നേതൃത്വത്തിൽ മൂന്ന് സഹോദരൻമാർ ചേർന്നു നിർമ്മിച്ച പള്ളിയായിരുന്നു ഇന്നത്തെ ചെമ്പിട്ട പള്ളി.അകത്തെ പള്ളിയിൽ കാണുന്നത് പ്രാചീന തമിഴ് ലിപിയും ശൈലിയുമാണ്.സദൃശ്യമായ ലിപികൾ കാണാൻ കഴിയുന്നത് കായൽ പട്ടണത്തും കീളേക്കരയിലുമാണ്.നൈനാമാരുടെ ചരിത്ര ബന്ധത്തിന് ഏറ്റവും വലിയ തെളിവാണ് ഈ ലിഖിതങ്ങൾ.
കൊച്ചിയിലെ നൈനാമാർ സുഗന്ധ വ്യഞ്ജനങ്ങളുടെ കുത്തക കച്ചവടക്കാരായി.പോർച്ചുഗീസ് അധിനിവേശ കാലത്ത് അവരിൽ നിന്ന് നേരിട്ട പ്രയാസങ്ങൾകൊണ്ട് കച്ചവടക്കാരായ നൈനാ മരയ്ക്കർമാരിൽ ചിലർ കേരളത്തിലെ വടക്കൻ പ്രദേശത്ത് കുടിയേറിയെങ്കിലും ബാക്കിയുള്ളവർ കൊച്ചിയിൽ തന്നെ തുടർന്നു.
കൊച്ചിയിലെ കൊച്ചങ്ങാടിയിൽ ജനിച്ച അഹമ്മദാലി മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ ഒന്നാമനിലൂടെയാണ് മരയ്ക്കാർ കുടുംബം സാമൂതിരിയുടെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. ‘’ഒന്നു കുറെ ആയിരം’’ എന്ന പേരിലാണ് നൈനാമാർ പണ്ട് അറിയപ്പെട്ടിരുന്നത്.രാജാവിന് കൊടുത്ത മംഗള പത്രത്തിലും ഈ പേര് കാണാം.നൈനാമാരിലെ സ്ത്രീകളെ താച്ചിമാർ എന്നാണ് വിളിച്ചിരുന്നത്.കുടുംബത്തിലെ തലൈവി എന്നാണ് അതിനർത്ഥം.പുരാതന അറേബ്യയിലെ വിഭവങ്ങളായിരുന്നു നൈനാമാരുടെ തീൻമേശകളിൽ ഇടം പിടിച്ചിരുന്നത്.മറ്റുള്ളവരെ സൽക്കരിക്കാനും രുചികരമായ ഭക്ഷണം നൽകാനും തൽപരരായിരുന്നു ഏതു ദേശത്തെയും നൈനാമാർ.
സൈനുദ്ദീൻ നൈന.ബഷീർ നൈന തുടങ്ങിയ സ്വാതന്ത്ര്യ സമര പോരാളികളും നൈനാമാരിലുണ്ടായിരുന്നു.സൈനുദ്ദീൻ നൈനയുടെ പേരിൽ കൊച്ചി കോർപ്പറേഷൻ റോഡും നിർമ്മിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ മകനാണ് പ്രശസ്ത മാദ്ധ്യമ പ്രവർത്തകനായ ജമാൽ കൊച്ചങ്ങാടി. വൈക്കം മുഹമ്മദ് ബഷീറും പി.കേശവദേവും സൈനുദ്ദീൻ നൈനയുടെ പ്രിയ മിത്രങ്ങളായിരുന്നു. ബഷീറിന്റെ പത്രാധിപത്യത്തിൽ ഉജ്ജീവനം പത്രം പ്രസിദ്ധീകരിച്ചത് അദ്ദേഹമാണ്.
മരയ്ക്കാർമാരുമായുള്ള ബന്ധം കൂടി കണ്ടെത്തിയതോടെ ചരിത്ര വീഥികളിൽ ഒരിക്കലും അവഗണിക്കാൻ കഴിയാത്ത നൈനാമാരുടെ ബന്ധങ്ങൾ കൂടുതൽ ശക്തമാവുകയാണ്, ഈ ബന്ധങ്ങളുടെ വിശദവും ആധികാരികവുമായ കണ്ടെത്തലുകളാണ് മൺസൂർ നൈനയുടെ ’’നൈനാ മരയ്ക്കാർ ചരിത്രം,അറിയപ്പെടാത്ത ഏടുകൾ’’ എന്ന പുസ്തകത്തിൽ. .ബന്ധങ്ങൾ വളരാനും ശക്തമാകാനുമുള്ള വേദിയാകട്ടെ മെയ് 28ന് ആലുവ ടൗൺ ഹാളിൽ നടക്കുന്ന നൈനാ മരയ്ക്കാർ സംഗമവും പുസ്തക പ്രകാശനവും എന്ന് ആശംസിക്കുന്നു.