HOTCAKEUSA

സ്നേഹം ഒരു ക്ളീഷേ അല്ല (ജോസ് ടി തോമസ്)

Published on 22 May, 2023
സ്നേഹം ഒരു ക്ളീഷേ അല്ല (ജോസ് ടി തോമസ്)
 
നടുവിലെ അധ്യായത്തിനു 'സ്നേഹത്തിന്റെ കാരാഗൃഹം' എന്നു ശീർഷകമുള്ള നോവലാണ്, ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ മികവോടെ എഴുതുന്ന സിബിച്ചൻ കെ. മാത്യുവിന്റെ 'സ്നേഹക്കൂട് '.
 
നാലു തലമുറയുടെ ജീവിതാഖ്യാനത്തിലൂടെ ഒരു നാടിന്റെ കഴിഞ്ഞ നൂറ്റാണ്ടിലെ ബഹുജനജീവിതം പരോക്ഷമായി ഒരു ചരിത്രാഖ്യായിക പോലെ അവതരിപ്പിക്കുന്ന നോവൽ. നാട്, അച്ചനും കപ്യാരും ഉള്ള കോട്ടയം ആയതുകൊണ്ടും നായിക ഒരു അരുവിത്തറ മറിയമ്മ ആയതുകൊണ്ടും, ബഹുജനജീവിത ചരിത്രം എന്നു ഞാൻ പറഞ്ഞതിൽ കയറിപ്പിടിക്കാൻ വരുന്നവരോട് എനിക്കു തെല്ലും വിരോധമില്ല ഈ പ്രായത്തിൽ.
 
സോപാധിക സ്നേഹങ്ങളുടെ (conditional love) കാരാഗൃഹങ്ങളായ സ്നേഹക്കൂടുകളിൽനിന്ന്, നിരുപാധികസ്നേഹത്തിന്റെ (unconditional love) കൂട്ടുകൂടലിലേക്കു നടക്കുന്ന അദൃശ്യ സാമൂഹിക പരിണാമം. വീട് മുൻനിർത്തി ആ പരിണാമം സൗന്ദര്യാത്മകമായി ചിത്രപ്പെടുത്തുന്നതിലാണ് ഈ നോവലിന്റെ പരിണാമഗുപ്തി.
 
എഴുത്തിന്റെ കല ഭാഷയിൽ പുതിയ ലാവണ്യമതം സ്ഥാപിക്കണമെന്നും ഭാഷയെ പുതുക്കിപ്പണിയണമെന്നും ഒരു പറച്ചിൽ ഉണ്ടല്ലോ. ആരുടെയൊക്കെ ഭാഷ എന്നൊരു ചോദ്യവും അവിടെ ഉണ്ട്. "ശുദ്ധ മാർപാപ്പാതിരുമനസ്സുകൊണ്ട് അപേക്ഷിക്കുന്ന ധർമ്മ കാര്യങ്ങൾ സാധിപ്പാനും അജ്ഞാനം നീക്കി സത്യവേദം പരക്കാനും ശത്രുരാജാക്കൾ തമ്മിൽ സമാധാനമായിരിപ്പാനും ഇടത്തൂട്ടുകാരുടെ ദുർമതങ്ങൾ നശിപ്പാനും പഞ്ഞം, പട, വസന്ത ആദിയായവ നീങ്ങുവാനും ശുദ്ധീകരണ സ്ഥലത്തിൽ സങ്കടപ്പെടുന്ന ആത്മാവുകളുടെ അവധി കുറവാനും" വേണ്ടി പ്രാർത്ഥിച്ച് പാറപ്പുറത്തിന്റെയും മുട്ടത്തുവർക്കിയുടെയും ഡയലോഗുകളിലൂടെ കടന്ന് അരീക്കലച്ചന്മാരുടെ "ഉണ്ടായിട്ടുള്ളതായിട്ടുള്ള" തട്ടുപൊളിപ്പൻ സുവിശേഷപ്രഘോഷണം കേട്ട മധ്യതിരുവിതാംകൂറിലെ സുറിയാനി ക്രൈസ്തവ ജീവിതത്തെ റിട്രോ എഫക്റ്റിൽ നോവലിസ്റ്റ് ആവാഹിക്കുന്ന ശൈലി ഒരിടത്ത് ഇങ്ങനെ:
 
"പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മറിയമ്മയുടെ പ്രാർത്ഥനയാണെന്നു മറിയമ്മയുടെ വീട്ടുകാരും, തോമാച്ചന്റെ ഭാഗ്യമെന്നു നാട്ടുകാരും, അപ്പന്റെ അനുഗ്രഹമെന്നു ബന്ധുക്കളും, മരിച്ചുപോയ തോമാച്ചന്റെ അമ്മ ഏലിയുടെ മധ്യസ്ഥതയെന്നു കുറെ ദൈവദാസന്മാരും തോമാച്ചന്റെ കഴിവും തയ്യാറെടുപ്പും ആണെന്നു കുറെ ബുദ്ധിജീവികളും പരസ്യമായി പ്രഖ്യാപിക്കുന്നതിനിടെ ഉപ്പാപ്പൻ അച്ചൻ ഫാദർ തോമസ് അരുവിത്തറ കൊടുത്ത വലിയ തുകൽപ്പെട്ടിയുമേന്തി തോമാച്ചൻ പട്ടാളത്തിലേക്കു വണ്ടി കേറി".
 
"ഒരു ഐ. ആർ. എസ്. ഉദ്യോഗസ്ഥന്റെ നോവലിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന മുൻവിധികൾ" സ്നേഹക്കൂട് തകർത്തുകളഞ്ഞു എന്ന് ബ്ളർബിൽ കെ.ആർ. മീര സത്യസന്ധമായി സാക്ഷ്യപ്പെടുത്തുന്നത് ഏറെ വായനക്കാരുടെ പേരിലാണ്. "ഒരു സ്ത്രീയുടെ ദാമ്പത്യാനുഭവങ്ങളിലൂടെ കേരളീയ ക്രൈസ്തവരുടെ നാലു തലമുറകളുടെ വൈയക്തികവും കുടുംബപരവും മതപരവും സാമൂഹികവും കാർഷികവും സാമ്പത്തികവുമായ തിരഞ്ഞെടുപ്പുകളും അവയ്ക്ക് അനുസൃതമായി മാറിമറിഞ്ഞ വിദ്യാഭ്യാസം, സ്ത്രീപദവി, ഗതാഗതം, വസ്ത്രധാരണം, ഭക്ഷണശീലം, ക്രയവിക്രയം തുടങ്ങിയ സാമൂഹിക സൂചികകളും അവയാൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവസ്ഥകളും സിബിച്ചൻ കെ. മാത്യു അയത്നലളിതമായി ആലേഖനം ചെയ്യുന്നു" എന്നത് മീരയുടെ വ്യാജസ്തുതി അല്ല.
 
 നൂറ്റാണ്ടു നീളുന്ന കഥ പറയാൻ ദൃക്സാക്ഷീവിവരണശൈലിയുടെ തന്ത്രം സമർത്ഥമായാണു നോവലിസ്റ്റ് സിബിച്ചൻ പ്രയോഗിക്കുന്നത്. നാലു തലമുറയിൽ മൂന്നിലെയും ഇന്നു ജീവിക്കുന്ന വായനക്കാർക്ക് അപരിചിതത്വം തോന്നാത്ത ഭാഷയിൽ.
 ഭാഷാനവീകരണം പോലെതന്നെയുള്ള ഒരു സാഹിത്യധർമമാവുകയാണ് ഇവിടെയീ ഭാഷാസംയോജനം. 
 
ചെറുപ്പത്തിൽ ദീപിക വാരാന്തപ്പതിപ്പിൽ സേതുനാഥിന്റെ "അസ്ഥിമാടം" വായിച്ചു പൊള്ളിയ ഞാൻ യൗവനത്തിൽ ഇ. വാസുവിന്റെ "വീട്" വായിച്ച് വിങ്ങി അതേ പതിപ്പിൽ എഴുതി. അപരിചിതനായ എനിക്ക് പിറ്റേ ആഴ്ച ഒരു ഇൻലാൻഡ് ലെറ്റർ കവർ നിറയെ നോവലിസ്റ്റിന്റെ ആശ്ളേഷം. അതേവർഷം ബാബു കുഴിമറ്റത്തിന്റെ "കുരുതി" എന്ന നോവലറ്റ് ഒരു പുസ്തകം ആയി അടിക്കണമെങ്കിൽ നീണ്ട പഠനം കൂടി ചേർക്കണം എന്ന് ഡി.സി. കിഴക്കേമുറി നിർദേശിച്ചപ്പോൾ അതു നിർവഹിച്ചു കൊടുക്കുകയും ചെയ്തു.
പിന്നെ കഥയെക്കുറിച്ചുള്ള അഭിപായമെഴുത്ത് എന്നല്ല, ഫിക്ഷൻവായനതന്നെ നിന്നുപോയ എന്നെ വീണ്ടും നോവൽവായനയിലേക്കു കൊണ്ടുവന്ന സ്നേഹക്കൂടുകാരാ, നന്ദി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക