Image

എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമകള്‍ ; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച

ജോബിന്‍സ് Published on 25 May, 2023
എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമകള്‍ ; വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളുടെ അടക്കം ലഹരി ഉപയോഗത്തേക്കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ ആശങ്ക പങ്കുവച്ചാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ തുറന്ന് പറച്ചില്‍. എല്ലാ തട്ടിലും ഉള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരി ഉപയോഗമുണ്ട്. ഒരു എസ്. പിയുടെ രണ്ടുമക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഉദ്യോഗസ്ഥര്‍ സ്വയം ഇക്കാര്യം പരിശോധിക്കണമെന്നും ക്വാര്‍ട്ടേഴ്സുകളില്‍ ഈ കാര്യം പരിശോധിക്കണമെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ സേതുരാമന്‍ ആവശ്യപ്പെട്ടു.
********************************************
എഐ ക്യാമറ ഇടപാടില്‍ കെല്‍ട്രോണിനെതിരെ വീണ്ടും ചെന്നിത്തല. എഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനാവില്ലെന്നുള്ള  കെല്‍ട്രോണിന്റെ   മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെല്‍ട്രോണിന്റെ വിശ്വാസ്യത തന്നെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും ചെന്നിത്തല പറഞ്ഞു. 
*****************************************
പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. 33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
******************************************
ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ കുമളി ടൗണിന് സമീപമെത്തി മടങ്ങി. കുമളി ടൌണില്‍ നിന്നും ആകാശദൂര പ്രകാരം 6 കിലോമീറ്റര്‍ അകലെ വരെ ആനയെത്തിയെന്നാണ് സിഗ്‌നലുകളില്‍ നിന്നും വനംവകുപ്പിന് വ്യക്തമായത്. ഇന്നലെ രാത്രിയില്‍ ലഭിച്ച സിഗ്‌നല്‍ പ്രകാരമാണിതെന്നും ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ അരിക്കൊമ്പന്‍ മടങ്ങിയെന്നും വനംവകുപ്പ് അറിയിച്ചു.
**************************************
ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് നിലവില്‍ വന്നെന്നും ഹൈക്കോടതിയെ അറിയിച്ച് സര്‍ക്കാര്‍. ആശുപത്രികളില്‍ എസ്‌ഐഎസ്എഫിനെ വിന്യസിക്കുന്നതില്‍ മുന്‍ഗണന തീരുമാനിക്കുമെന്നും ആദ്യം മെഡിക്കല്‍ കൊളെജുകളില്‍ എസ്‌ഐഎസ്എഫിനെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഡോ.  വന്ദന കൊലപാതകക്കേസ് പരി?ഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
****************************************
ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചു. വെള്ളായണി കാര്‍ഷിക കോളജ് ഹോസ്റ്റലിലാണു സംഭവം. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിയെ ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു പെണ്‍കുട്ടിയാണ് പൊള്ളിച്ചത്. രണ്ടുപേരും ഹോസ്റ്റലില്‍ ഒരു മുറിയിലായിരുന്നു താമസം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ കോളജ് അധികൃതര്‍ നിയമിച്ചു. കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ തിരുവല്ലം പോലീസ് നടപടികള്‍ ആരംഭിച്ചു.
അതിക്രമത്തില്‍ പ്രതി ആന്ധ്രാ സ്വദേശി ലോഹിതയെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്.
********************************************
കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഷാഫിസാദിയെ തിരിച്ചെടുത്തു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് ഷാഫിസാദിയെ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുനര്‍ നിയമിച്ചത്. ബി ജെ പി സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ആയ ഷാഫി സാദി കോണ്‍ഗ്രസ് അധികാരത്തിലേറിയ ഉടനെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീം സമുദായത്തിന് വേണമെന്നാവശ്യപ്പെട്ട രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിലും വലിയ പ്രശ്‌നങ്ങള്‍ ഉടെലടുത്തിരുന്നു. കാന്തപുരം എ പി സുന്നി വിഭാഗക്കാരനാണ് ഷാഫി സാദി.
********************************************
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം നീക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍. മന്ത്രിസഭ പൂര്‍ണമായും വികസിപ്പിച്ചതിന് ശേഷമായിരിക്കും ഇക്കാര്യം സംബന്ധിച്ച തീരുമാനം ഉണ്ടാവുക. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഹിജാബ് നിരോധനം നീക്കല്‍. അതിനാല്‍ തന്നെ ആദ്യ പൂര്‍ണമന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള തീരുമാനം സര്‍ക്കാര്‍ എടുക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട് മുസ്ലിം വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. 
************************************************
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട് വിളിച്ചുവരുത്തി ഹണിട്രാപ്പില്‍ കുടുക്കുന്ന രണ്ടുപേര്‍ പൊലീസ് പിടിയില്‍. ഇന്‍സ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിക്കും തുടര്‍ന്ന് മണിക്കൂറുകളോളം സെക്സ് ചാറ്റ് നടത്തി ഇരയെ വലയില്‍ വീഴ്ത്തും. ശേഷം ഏതെങ്കിലും സ്ഥലത്തു വിളിച്ചുവരുത്തി ഹണി ട്രാപ്പില്‍ കുടുക്കുന്ന സംഘമാണ് പിടിയിലായത്.കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റില്‍ തെക്കേപുരയ്ക്കല്‍ വീട്ടില്‍ ശരണ്യ(20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവന്നപ്പാറയില്‍ എടശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

*******************************************

ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ബജ്‌റംഗദളിനെ നിരോധിക്കുമെന്ന് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നും പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിനെ കര്‍ണാടകയില്‍ നിരോധിക്കാനുള്ള ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്.''ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയാല്‍ ബജറംഗദള്‍ അടക്കമുള്ള ഏത് സംഘടനയെും ഉരുക്കുമുഷ്ടിയോടെ നേരിടും. നിരോധനമടക്കമുള്ള നടപടികളുണ്ടാകും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍ക്കൊള്ളിച്ചത് നടപ്പാക്കാനാണ്.''ആര്‍എസ്എസിന് എതിര്‍പ്പുണ്ടെങ്കില്‍ അവര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ'' എന്നാണ് പ്രിയാങ്ക് ഖാര്‍ഗെ വ്യക്തമാക്കിയത്.
***************************************
പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ അപേക്ഷ നല്‍കി. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് അദേഹം അപേക്ഷ നല്‍കിയത്. നേരത്തെ, കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാംഗത്വം നഷ്ടമായതിനെ തുടര്‍ന്ന് രാഹുല്‍ തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. പിന്നാലെയാണ് സാധാരണ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്. രാഹുലിനെതിരായ നാഷനല്‍ ഹെറാള്‍ഡ് കേസിന്റെ പശ്ചാത്തലത്തില്‍ എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) ആവശ്യമായതിനാലാണ് റോസ് അവന്യു കോടതിയെ സമീപിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക