Image

മന്ത്രിയുടെ അറിവോടെ കൈക്കൂലിക്ക് റേറ്റ് കാര്‍ഡ് ! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 25 May, 2023
മന്ത്രിയുടെ അറിവോടെ കൈക്കൂലിക്ക് റേറ്റ് കാര്‍ഡ് ! : (കെ.എ ഫ്രാന്‍സിസ്)

നമുക്ക് കൃത്യമായി പറഞ്ഞാല്‍ 1666 വില്ലേജ് ഓഫീസുകള്‍ ഉണ്ട്. അവിടെയെല്ലാം പാലക്കയം വില്ലേജ് ഓഫീസില്‍ ഉള്ളതുപോലെ കാര്യം നടക്കണമെങ്കില്‍ ഫീസ് പിരിക്കുന്ന മട്ടിലുള്ള 'സുരേഷിന്റെ ഏര്‍പ്പാടു'മുണ്ട്.  ഓരോ കാര്യം നടത്തുന്നതിനും റേറ്റ് കാര്‍ഡ് ഉണ്ട്.അത് മന്ത്രി രാജനും അറിയാം. ഇനി അറിയില്ലെങ്കില്‍ ഇത് എഴുതിയെടുത്തു പോക്കറ്റില്‍ വെച്ചോട്ടെ. 

പൂച്ചയുടെ പാലുകുടി : 

പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് 500 രൂപ മുതല്‍ 1500 രൂപ വരെ, ഉടമാവകാശ രേഖ 1500 - 2500, ലോക്കേഷന്‍ രേഖ 1500 - 2500, വസ്തു അളന്നു തരല്‍ 5000, വരുമാനസര്‍ട്ടിഫിക്കറ്റ് 5000 -15000, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് 10000, മണ്ണ് നീക്കലിനും  ഭൂമി തരം മാറ്റലിനും  25000 രൂപ, ഇല്ലാത്ത പട്ടയം ഉണ്ടാക്കുന്നത് മിനിമം രണ്ടുലക്ഷം രൂപ ഇത്തരം ആവശ്യക്കാരെ 'സുരേഷു'മാര്‍ വന്നു കണ്ടെത്തും. ഒരു വില്ലേജ് ഓഫീസിലെ സുരേഷ് അത്ര പോരെങ്കില്‍ ഏജന്റ്മാരെ വെക്കും. സുരേഷ് കുമാറിന്റെ ആക്ടിവിറ്റി അറിയില്ലെന്ന് വില്ലേജ് ഓഫീസര്‍ എത്ര നിഷ്‌കളങ്കമായാണ് പറയുന്നതെന്ന് ടിവി ചാനലുകളില്‍ നാം കണ്ടതല്ലേ ? പാലക്കയത്തെ പിരിവ് മുഴുവന്‍ വില്ലേജ് ഓഫീസര്‍ക്ക്  കൂടിയാണെന്ന് പറഞ്ഞാണ് സുരേഷ് കുമാര്‍ ഇത്രനാളും പിടിച്ചു വാങ്ങിയിരുന്നത്. പൂച്ചകള്‍ പാലു കുടിക്കുന്നതും കണ്ണടച്ചാണല്ലോ.

നാളെ ഒരു അമിട്ടും : 

തിരുവനന്തപുരത്തുകാരനായ സുരേഷ് കുമാര്‍ രണ്ടു പതിറ്റാണ്ടായി മണ്ണാര്‍ക്കാട് മേഖലയിലെ വിവിധ വില്ലേജ് ഓഫീസുകളില്‍ ആണ് 'സേവനം' ചെയ്തിരുന്നത്. മിക്ക വില്ലേജ് ഓഫീസുകളിലും പ്രവര്‍ത്തിക്കുമ്പോള്‍ പിരിവിനു ചില പ്രത്യേക ഓട്ടോറിക്ഷകളിലെ  കയറു. ഈ കൈക്കൂലി എങ്ങനെ നിര്‍ത്താം എന്ന് രാജന്‍ മന്ത്രിക്ക് ശരിക്കും അറിയാം. 1666 വില്ലേജ് ഓഫീസുകളിലെയും ഇത്തരം സേവനങ്ങള്‍ ഓണ്‍ലൈലാക്കിയാല്‍ മതി. അതിനു രാജന്‍ മന്ത്രി നേരത്തെ തീരുമാനിച്ചതാണ്. അത് നടപ്പാക്കാതെ 'ഞഞ്ഞാ പിഞ്ഞാ' പറയുകയാണോ സാര്‍ ? മറുപടി ഉടനുണ്ടാവില്ല. ട്രേഡ് യൂണിയന്‍ നേതാക്കളെ പിണക്കാതെ എങ്ങനെ അത് നടപ്പാക്കാനാവുമെന്നാണ് മന്ത്രിയുടെ അന്വേഷണം. രാജന്‍ മന്ത്രിക്കും വേണമെങ്കില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ കേരളത്തില്‍ കൈക്കൂലി താരതമ്യേന കുറവാണെന്ന് ആശ്വസിക്കാം. ഇന്നും എല്ലാ ടിവി ചാനലുകളിലും സ്ഥിരം ചാനല്‍ 'വിദ്വാന്മാര്‍' ഇരുന്ന് അവരുടെ വിജ്ഞാനം വിളമ്പും. നാളെ മാധ്യമങ്ങള്‍ ചെയ്യുന്ന പതിവ് അധരവ്യായാമങ്ങള്‍ക്ക് ബദലായി മനോരമ പത്രത്തില്‍ 'അഴിമതി അനുഭവങ്ങള്‍' ശേഖരിച്ച് പരമ്പരയായോ ഒറ്റയടിക്കോ അവതരിപ്പിക്കും. കതിനകള്‍ മാത്രം പൊട്ടുന്നതിനിടയില്‍  ഒരു അമിട്ട്  പൊട്ടുന്നത് കൗതുകം തന്നെ.

കാപ്പി കാശിനും...: 

റവന്യുവിലും പഞ്ചായത്തിലുമാണ് അഴിമതിയും കൈക്കൂലിയും കൂടുതലെന്നു പറയുമ്പോള്‍ പൊതുമരാമത്തും മോശമല്ലെന്ന്  അറിയിക്കാന്‍ ഒരു അവസരം. പത്തനംതിട്ട -കാമ്പഴ -മല്ലശ്ശേരി- കോന്നി-ലാക്കൂര്‍ റോഡില്‍ ക്രാഷ് ബാരിയറും സൈന്‍ബോര്‍ഡും  സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് 4,80,000 രൂപ പാസാക്കി പോലും ! ഒരു കാപ്പി കാശിനു വേണ്ടി പോലും ഏതൊരു കൃത്രിമ  രേഖ ചമയ്ക്കുന്നവരാണ് പൊതുമരാമത്ത് വകുപ്പിലെ എന്‍ജിനീയര്‍മാര്‍ എന്ന് വ്യക്തമായില്ലേ ? 

അടിക്കുറിപ്പ് : ലഹരിയുടെ അടിമകളായവര്‍ സിനിമ ഫീല്‍ഡിലുണ്ടെന്ന് ഹൃദയംപൊട്ടി നടന്‍ ടിനി ടോം പറഞ്ഞതിന് പിന്നാലെ പോലീസ് സേനയിലെ പലവിധ തട്ടിലുള്ളവരുടെ മക്കളും ലഹരിയ്ക്ക് അടിമകളാണെന്ന് തുറന്നടിച്ചു  കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍. ഒരു എസ്.പിയുടെ രണ്ട് ആണ്‍മക്കളും ലഹരിക്കടിമയായതോടെ ആ കുടുംബബന്ധങ്ങള്‍ തന്നെ തകര്‍ന്നു. അദ്ദേഹവും പിണറായി സാര്‍ പറഞ്ഞതു പോലെ ലഹരി പ്രശ്‌നം കേരളത്തില്‍ താരതമ്യേന കുറവാണെന്ന് പറയുന്നു. അതാണ് നമുക്ക് ഒരു ആശ്വാസം!

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
Sudhir Panikkaveetil 2023-05-25 14:09:59
സർക്കാർ നിശ്ചയിച്ച ഫീസിന് പുറമെയുള്ള ഈ തട്ടിപ്പും സർക്കാർ തന്നെ ഏറ്റെടടുത്താൽ ഖജനാവിൽ പണം നിറയ്ക്കാം. അതായത് പോക്കുവരവ് സെർട്ടിഫിക്കറ്റിനു സർക്കാരിന്റെ ഫീസിനൊപ്പം 500 അല്ലെങ്കിൽ 1500 രൂപ കൂടി വേണമെന്ന് സർക്കാർ പറയുമ്പോൾ ജനങ്ങൾക്ക് കൈക്കൂലി കൊടുക്കുന്നുവെന്ന വിഷമം ഉണ്ടാകില്ല. യൂണിയൻകാരെ നിലക്ക് നിർത്താൻ സർക്കാരിന് കെൽപ് വേണം. കാശ് കിട്ടാതാവുമ്പോൾ യൂണിയൻ നിന്നുപോകും. ഒരു വ്യക്തിയുടെ അല്ലെങ്കിൽ വ്യക്തികളിലേക്ക് പണം പോകയില്ല.ശ്രീ ഫ്രാൻസിസ് സാർ അതേക്കുറിച്ച് ചിന്തിക്കുക.
Mr Bribery 2023-05-25 14:56:36
Corruption and bribery are the order of the day in Kerala. It starts from Chief Minister, his family and to the lowest grade. To hide them, the teeth of Lokayuktha is being plucked by the present government.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക