Image

സമാധാന പാലനത്തിനിടയിൽ കൊല്ലപ്പെട്ട  ഇന്ത്യൻ സൈനികരെ യുഎൻ ആദരിച്ചു 

Published on 26 May, 2023
സമാധാന പാലനത്തിനിടയിൽ കൊല്ലപ്പെട്ട  ഇന്ത്യൻ സൈനികരെ യുഎൻ ആദരിച്ചു 

 

യുഎൻ സമാധാന സേനയിൽ അംഗങ്ങളായിരുന്ന മൂന്ന് ഇന്ത്യക്കാർക്കു മരണാന്തര ബഹുമതി. ഐക്യ രാഷ്ട്ര സംഘടനയുടെ ദാഗ് ഹാമർഷജോൾഡ് മെഡൽ രക്തസാക്ഷിത്വം വരിച്ച മൂന്നു പേർക്കു വേണ്ടി യുഎൻ സെക്രട്ടറി ജനറൽ അന്തോണിയോ ഗട്ടറസിൽ നിന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് ഏറ്റു വാങ്ങി. 

അതിർത്തി രക്ഷാ സേന (ബി എസ് എഫ്) ഹെഡ് കോൺസ്റ്റബിൾമാരായ ശിശുപാൽ സിംഗ്, സംവല റാം വിഷ്ണോയി എന്നിവർ കോംഗോ റിപ്പബ്ലിക്കിൽ 2022 ജൂലൈയിലാണ് കൊല്ലപ്പെട്ടത്. സിവിലിയൻ ഷബീർ താഹിർ അലി ഇറാക്കിൽ വച്ചും. 

"അവരുടെ സംഭാവനകൾ നമുക്ക് മറക്കാൻ കഴിയില്ല," അന്തോണിയോ ഗട്ടറസ് പറഞ്ഞു. "സംഘട്ടനങ്ങളുടെ നടുവിൽ പെടുന്ന സിവിലിയന്മാർക്കു നമ്മുടെ ബ്ലൂ ഹെൽമെറ്റ് ഭടന്മാർ സുരക്ഷയുടെ പ്രത്യാശയാണ്." 

ചടങ്ങിനു മുൻപ് കംബോജ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു: "അസാധാരണ ധീരതയും ചുമതലയോടുള്ള പ്രതിബദ്ധതയും സമാധാനത്തിനു വേണ്ടിയുള്ള ത്യാഗവും കൊണ്ട് വേറിട്ടു നിൽക്കുന്ന യുഎൻ സമാധാന ഭടന്മാർക്കു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്." 

സമാധാന സേനാ അംഗങ്ങൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ ശിക്ഷിക്കേണ്ടത് ആവശ്യമാണെന്നു അണ്ടർ സെക്രട്ടറി ജനറൽ ജീൻ-പിയറി ലക്രോയിക്സ് പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ നടത്തിയ നീക്കം പ്രശംസാർഹമാണ്. കഴിഞ്ഞ ഡിസംബറിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ ഇന്ത്യ സൗഹൃദ സഖ്യം രൂപീകരിക്കാൻ മുൻകൈയെടുത്തിരുന്നു. ബംഗ്ലാദേശ്, ഈജിപ്ത്, ഫ്രാൻസ്, മൊറോക്കോ, നേപ്പാൾ എന്നീ രാജ്യങ്ങളാണ് സഹ അധ്യക്ഷന്മാർ. 

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആണ് ഉദ്‌ഘാടനം ചെയ്തത്. കോംഗോയിൽ ഇന്ത്യൻ ഭടന്മാർ കൊല്ലപ്പെട്ട ആക്രമണം രാജ്യാന്തര നിയമം അനുസരിച്ചു യുദ്ധക്കുറ്റമാണെന്നു യുഎൻ കണ്ടെത്തി.  

കിഴക്കൻ കോംഗോയിൽ വച്ചാണ് അവർ കൊല്ലപ്പെട്ടത്. സൈനിക താവളത്തിനു പുറത്തു നടന്ന പ്രതിഷേധ പ്രകടനത്തിനിടയിൽ ജനക്കൂട്ടം സൈനികരുടെ ആയുധങ്ങൾ പിടിച്ചു വാങ്ങി ആക്രമിക്കയായിരുന്നു. 

UN honours 3 Indian peacekeepers killed in service

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക