HOTCAKEUSA

അമ്പാട്ട് കടവ് (ചെറുകഥ: ജയ്‌മോന്‍ ജേക്കബ് പുറയംപള്ളിൽ)

Published on 26 May, 2023
അമ്പാട്ട് കടവ് (ചെറുകഥ: ജയ്‌മോന്‍ ജേക്കബ് പുറയംപള്ളിൽ)

"ബെക്കർ ഇക്കാ" എന്നാണ്  അമ്പാട്ട് ഗ്രാമത്തിലെ ചെറുപ്പക്കാരും സ്ക്കൂൾ കുട്ടികളും അദ്ദേഹത്തെ വിളിച്ചിരുന്നത്.
അമ്പാട്ട് കടവിൽനിന്ന്,  മീനച്ചിൽ ആറ് കടന്ന്, ടൗണിലേക്കുള്ള  പ്രധാനറോഡിൽ എത്താൻ ഗ്രാമവാസികളുടെ ഏക ആശ്രയം ആയിരുന്നു,അബൂബക്കർ തുഴഞ്ഞിരുന്ന  കടത്ത് വള്ള  സർവീസ്.

 അബൂബക്കർ എത്ര പതിറ്റാണ്ട് മുൻപാണ് ആ ഗ്രാമത്തിൽ എത്തിയതെന്നോ,എങ്ങനെയാണ് കടത്തുവള്ള സർവീസിന്‍റെ തുടക്കമെന്നോ മുതിർന്നവർക്കും ഇപ്പോൾ  അത്ര  നിശ്ചയം പോരാ. ആ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിൽ അബൂബക്കർ തുഴഞ്ഞ കടത്തുവള്ളത്തിന് ഒരു പ്രാധാന്യം ഉണ്ടായിരുന്നു. അക്കരെ മാത്രമുള്ള  ആശുപത്രിയിലോട്ടുള്ള അത്യാഹിത പാച്ചിലാണെങ്കിലും, നവവധു  വരന്മാരുമായുള്ള താളത്തിലുള്ള തുഴച്ചിൽ ആണെങ്കിലും!

ഒരു കാര്യത്തിൽ പരിസരവാസികൾക്ക് ഏക അഭിപ്രായമാണ്,ഏത് പാതിരാക്ക്‌ ഒരു അത്യാവശ്യത്തിന് വിളിച്ചാൽ ബെക്കർ ഇക്കാ,പങ്കായവുമെടുത്ത്‌ വള്ളത്തിൽ അക്കരക്ക്‌ കടത്താൻ  ഉണ്ടാവും. എഴുപത്തഞ്ച് കഴിഞ്ഞ ശങ്കരേട്ടന്‍റെ ഓർമ്മയിലും,ഇത്രയും കാലത്തിന്നിടയിലും അബൂബക്കർ രണ്ട് ദിവസം മാത്രമാണ് അവധി എടുത്തിരിക്കുന്നത്.അതും ഏക മകൾ റംലത്തിന്‍റെ നിക്കാഹിനോടനുബന്ധിച്ച്‌!

പൊതുതിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എക്കാലവും കോൺക്രീറ്റ് പാലത്തിന്‍റെ ചർച്ച ചൂട് പിടിക്കും.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ, ചർച്ച വീണ്ടും അബൂബക്കറിന്‍റെ വള്ളത്തിൽ കടത്തു കടക്കവേ നാട്ടുകാർ പൊടിപൊടിക്കും!

ഇതിനിടയിലെപ്പോഴോ, അമ്പാട്ട് പഞ്ചായത്ത് അബൂബക്കറിനെ സ്ഥിരം കടത്തു വള്ളക്കാരനായി നിയമിച്ചു. മറ്റ് വരുമാനം ഒന്നുമില്ലാതിരുന്ന  അബൂബക്കറിനും അദ്ദേഹത്തിന്‍റെ ഭാര്യക്കും അത്‌ ഏറെ ആശ്വാസം പകരുന്നതായി.

വാർദ്ധക്യം ഏറി വന്നിരുന്നെങ്കിലും ബെക്കർ ഇക്കാ പതിവുപോലെ, ക്രിസ്തുമസ് പാതിരാകുർബാനക്ക് അക്കരെ പള്ളിയിൽ  പോയവരെ തിരികെ എത്തിക്കാനായി കാത്ത് കിടന്നു. ആസ്മയുടെ രോഗം അലട്ടുന്നത് കാരണം,ഡിസംബറിലെ കുളിരുള്ള രാത്രിയിലും ,തലയിലൂടെ കമ്പിളി പുതച്ചിട്ടും ഒന്ന് മയങ്ങാൻ ആയില്ല.

അപ്പോഴേക്കും ചൂട്ടിന്‍റെ വെളിച്ചത്തിൽ,കരോൾ പാട്ടുമൊക്കെ പാടി,പള്ളിയിൽ പോയവർ അമ്പാട്ട് കടവിലേക്ക് മടങ്ങി പോകുവാൻ കടത്ത് വള്ളത്തിന്നരുകിൽ എത്തി. നക്ഷത്രവിളക്കും തെളിച്ച്‌, ക്രിസ്മസ് പാപ്പായുടെ വേഷവും  ധരിച്ച്,ഉണ്ണിയേശുവിന്‍റെ പാട്ടുമൊക്കെ പാടി,വള്ളത്തിൽ ആഘോഷം പൊടിപൊടിച്ചു. മീനച്ചിലാറ്  കുറുകെ കടക്കുന്നതിനിടയിൽ,അക്കൂട്ടത്തിൽ ഉണ്ടായിരുന്ന സിബി എന്ന ചെറുപ്പക്കാരൻ ഒരു കാര്യം ഭീതിയോടെ ശ്രദ്ധിച്ചു.

ഡിസംബറിന്‍റെ മഞ്ഞണിഞ്ഞ പാതിരാവിലും,വള്ളം തുഴയുന്നതിടയിൽ ബെക്കർ ഇക്കാ  വിയർത്ത്‌ കുളിക്കുന്നു, പങ്കായം കയ്യിൽ നിന്നും വഴുതി പോകുവാൻ തുടങ്ങുന്നു,വള്ളം ദിശ തെറ്റി ഒഴുകുന്നു.

"ബെക്കർ ഇക്കാ.., ബെക്കർ ഇക്കാക്ക് ഇതെന്ത് പറ്റി,സുഖം ഇല്ലേ?" സിബിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട്  കരോൾ പാട്ടുകാരെല്ലാം നിശബ്ദരായി. അതിൽ ചില ചെറുപ്പക്കാർ ബെക്കർ ഇക്കായെ താങ്ങി എടുത്ത്‌,അവരുടെ മടിയിൽ കിടന്ന് വിശ്രമിക്കാൻ  സഹായിച്ചു.
വള്ളത്തിലെ യാത്രക്കാരെല്ലാം ചേർന്ന് ബെക്കർ ഇക്കാക്ക്    പ്രഥമ ശുശ്രൂഷ   നൽകി  കൊണ്ടിരുന്നപ്പോൾ,സിബി ബെക്കർ ഇക്കായെ ആശ്വസിപ്പിച്ചുകൊണ്ട്  പറഞ്ഞു "ബെക്കർ ഇക്കാ..ഇനി മുതൽ പങ്കായം ഞാൻ പിടിക്കാം,ബെക്കർ ഇക്കാക്ക് സുഖം ഇല്ലാത്തതല്ലേ "

ചന്ദ്രബിംബം ആറ്റിലെ വെള്ളത്തിൽ നിഴലിച്ചിട്ടോ, ബെക്കർ ഇക്കായുടെ മുഖത്ത്‌ ഒരു അസാധാരണ പ്രകാശം പകരുന്നത് അവർ ശ്രദ്ധിച്ചു.കണ്ണുകൾ മറയുമ്പോഴും ബെക്കർ ഇക്കാ,  ഒരു ചെറു പുഞ്ചിരിയോടെ പങ്കായം സിബിക്ക് കൈമാറി.

ചേതന നിലക്കുംനേരം, ബെക്കർ ഇക്കായുടെ മുഖത്ത്‌ ഒരു  മാന്ത്രിക പ്രകാശം പകർന്നിരിക്കുന്നത്  അവർ കണ്ടു.ഒരു ആയുസ്സ് മുഴുവൻ തൊഴിൽ എടുത്ത സ്ഥലത്ത് തന്നെ അഭിമാനപൂർവം ജീവൻ വെടിയുന്നതിന്‍റെയോ?, അമ്പാട്ട്  കടവിനായി  പുതിയ തുഴച്ചിൽകാരനെ ഏൽപ്പിച്ച്‌ മടങ്ങുന്നതിന്‍റെയോ!

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക