Image

കത്തിയിട്ടും പുകഞ്ഞു തീരാതെ മെഡിക്കല്‍ കോര്‍പ്പറേഷന്‍ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 26 May, 2023
കത്തിയിട്ടും പുകഞ്ഞു തീരാതെ മെഡിക്കല്‍ കോര്‍പ്പറേഷന്‍ (ദുര്‍ഗ മനോജ് )

കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആകെ പുകയുകയാണ്. രണ്ടുവട്ടം കത്തിയമര്‍ന്നു, അതു കത്തിയതോ കത്തിച്ച തോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പിന്നാമ്പുറത്തുയരുമ്പോഴും പുകഞ്ഞു തീരുന്നില്ല സ്ഥാപനത്തിലെ പ്രശ്‌നങ്ങള്‍. രണ്ടാം വട്ട കത്തല്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ ജീവനെടുത്താണ് അവസാനിച്ചത്. എന്നാല്‍ തുടര്‍ന്ന് കോര്‍പറേഷന്റെ വെബ് സൈറ്റ് പ്രവര്‍ത്തനരഹിതമായതു മണിക്കൂറുകള്‍.ഫയര്‍ഫോഴ്‌സ് മാസങ്ങള്‍ക്കു മുന്‍പു തന്നെ ഗോഡൗണില്‍ അശാസ്ത്രീയമായ രീതിയില്‍ മരുന്നു സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പായി വിശദമായ കത്ത് നല്‍കിയതാണ്. ആ കത്ത് അപ്പാടെ അവഗണിച്ച് വന്‍തോതില്‍ ബ്ലീച്ചിങ്ങ് പൗഡറും മറ്റ് ക്ലിനിങ്ങ് രാസവസ്തുക്കളും മരുന്നുകളും അശാസ്ത്രീയമായ രീതിയില്‍ സംഭരിച്ചതാണ് തീപിടുത്തത്തിനു കാരണമെന്നാണ് കോര്‍പ്പറേഷന്‍ തന്നെ സമ്മതിക്കുന്നത്. കൊല്ലത്തും തുടര്‍ന്നു തിരുവനന്തപുരത്തും കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണുകളിലുമാണ് തീ പിടിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കോര്‍പറേഷന്‍ ഗോഡൗണുകളില്‍ രാസവസ്തുക്കള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പില അടിയന്തിര നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഇതു പ്രകാരം, രാസവസ്തുക്കള്‍ ഗോഡൗണിനു പുറത്തു വേണം സംഭരിക്കാന്‍ എന്നതാണ് പ്രധാന നിര്‍ദേശം. ഗോഡൗണിനു വെളിയില്‍ മുറി ലഭ്യമല്ലെങ്കില്‍ മറ്റെവിടെയെങ്കിലും സുരക്ഷിത സ്ഥാനം കണ്ടെത്തണമെന്നാണ് ഉത്തരവ്
മെഡിക്കല്‍ കോര്‍പറേഷന്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മരുന്നുകളും ക്ലീനിങ്ങിനുള്ള രാസവസ്തുക്കളും സുരക്ഷിതമായി സംഭരിച്ചു വെക്കാനുള്ള സംവിധാനങ്ങള്‍ ഒന്നും തന്നെ ക്രമീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഇതിനിടയില്‍ പി പി ഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ ഉള്ള അഴിമതി ആരോപണങ്ങളും, അതിനു മുകളിലുള്ള അന്വേഷണവും നടക്കുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായി ഗോഡൗണുകളില്‍ പരിശോധന നടക്കാനിരിക്കെയാണ് രണ്ട് ഗോഡൗണുകളില്‍ തീപിടുത്തം നടക്കുന്നത്. മലപ്പുറത്തും തിരുവനന്തപുരത്തും രണ്ടു വീതവും മറ്റു ജില്ലകളില്‍ ഓരോ ഗോഡൗണുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ ചിലത് വാടകക്കെട്ടിടത്തിലുമാണ്. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ലഭിച്ചിട്ടില്ല. ഇപ്പോള്‍ നടന്ന തീപിടുത്തത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.

ഇതിനൊക്കെ ഇടയിലാണ് ടെന്‍ഡര്‍ രേഖകളുടെ വിവരങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ചിരുന്ന കോര്‍പറേഷന്റെ സൈറ്റ് പ്രവര്‍ത്തനരഹിതമായത്. മണിക്കൂറുകള്‍ക്കു ശേഷം സൈറ്റ് പ്രവര്‍ത്തിച്ചു തുടങ്ങി എന്നു പറയുമ്പോഴും അതിലെ വിശദാംശങ്ങള്‍ ഓപ്പണ്‍ ചെയ്യാത്ത അവസ്ഥയാണുള്ളത്.
സത്യത്തില്‍ മെഡിക്കല്‍ കോര്‍പറേഷനില്‍ എന്താണ് സംഭവിക്കുന്നത് എന്നാണ് ജനം ഉറ്റുനോക്കുന്നത്. രണ്ടുവട്ടം കത്തിയമര്‍ന്നിട്ടും ഇനിയും എന്തൊക്കെയോ ഒളിപ്പിക്കാനുണ്ടോ കോര്‍പ്പറേഷന്?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക