Image

സത്യമെന്ത്? വാർത്ത ഇതാണ്: '​റുബീന എന്ന സന ഇനി എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോൾ സർക്കാർ തുണയായി'

Published on 26 May, 2023
സത്യമെന്ത്? വാർത്ത ഇതാണ്: '​റുബീന എന്ന സന ഇനി എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോൾ സർക്കാർ തുണയായി'

റേഷൻ കാർഡ് കിട്ടുക എന്നത് പൊതുജനത്തിന് സർക്കാർ നൽകുന്ന സഹായമല്ല. പൗരന്റെ അവകാശമാണ്. അർഹതയുടെ തോതു നോക്കി ജനങ്ങൾക്ക് റേഷൻ കൊടുക്കൽ സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
സർക്കാർ  ഭീമമായി എന്നെ സഹായിച്ചു എന്ന രീതിയിലുള്ള വാർത്തയാണ് 'മെട്രോ വാർത്ത ' യിലും ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫീസിന്റെ  fb പേജിലും മറ്റു പലയിടത്തും കൊടുത്തിരിക്കുന്നത്.  'സന റബ്സിനു സർക്കാർ സഹായം, റുബീന എന്ന സന ഇനി എന്തു ചെയ്യണമെന്നറിയാതെ ഇരിക്കുമ്പോൾ സർക്കാർ തുണയായി' 'ഇനി അവർക്കു മുന്നോട്ടു ജീവിക്കാൻ താങ്ങായി സർക്കാർ സഹായം ' എന്നൊക്കെയാണ് വ്യാജവാർത്തകൾ കൊടുത്തിരിക്കുന്നത്. ഇത് കണ്ടു ഏറെപേർ എന്നെ വിളിക്കുന്നു. എന്തു സഹായം കിട്ടി എന്നറിയാൻ!

പ്രിയ മനുഷ്യരെ, എനിക്കൊരു റേഷൻ കാർഡ് ആണ് കിട്ടിയത്! ഏതൊരു വ്യക്തിക്കും അവകാശമുള്ള നമ്മുടെ റേഷൻ കാർഡ്!!
അതു ഞാൻ 'പൊതു പരിഹാര അദാലത്തിന്റെ'ചടങ്ങിൽ പോയി വാങ്ങി എന്നതു നേരാണ്. ക്ഷണിക്കപ്പെട്ടാണ് ഞാൻ അവിടെ പോയത്. റേഷൻ കാർഡ് മന്ത്രിമാരുടെ കൈയിൽ നിന്നും വാങ്ങുന്നത് അഭിമാനം തന്നെയാണ്. എന്നാൽ പുറകെ വന്ന വാർത്തകൾ തികച്ചും അസത്യവും എന്നെ അപമാനിക്കുന്നതുമാണ്.
ഞാൻ യാതൊരു സഹായവും ഇന്നു വരെ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെടാത്ത സഹായം ആരും എനിക്കു നേരെ നീട്ടിയിട്ടില്ല. എന്റെയോ കുടുംബത്തിന്റെയും അസുഖത്തെകുറിച്ചോ മറ്റെന്തെങ്കിലും ആവശ്യത്തെക്കുറിച്ചോ ഇന്നുവരെ ഒരു സർക്കാർ പ്രതിനിധിയോടും ഞാൻ യാതൊരു ചർച്ചയും നടത്തിയിട്ടില്ല.

ചില  സത്യങ്ങളും അനുഭവങ്ങളും ഇവിടെ പറയാൻ നേരമായി. പറഞ്ഞില്ലെങ്കിൽ പൊതുജനങ്ങളും എന്റെ നാട്ടുകാരും മനസിലാക്കി വെച്ചിരിക്കുന്ന കള്ളങ്ങൾ ഇവിടെ അടിയുറക്കുമെന്നുള്ളതുകൊണ്ടും  എന്നെയും എന്റെ ജീവിതത്തെയും സംബന്ധിച്ച ചില കാര്യങ്ങൾ പൊതുജനങളുടെ അറിവിലേക്കായി ഇവിടെ പറയുന്നു.

ഈ കഥയിൽ ഞാൻ 15 വർഷത്തോളമായി എന്റെ വീട്ടിലേക്കു വാഹനം വരാൻ വേണ്ടി നടത്തിയ പോരാട്ടവും അതു നടക്കാതെ  ഞാനും കുടുംബവും 10 വർഷം മുൻപേ വീട് വീട്ടിറങ്ങാനുണ്ടായ അനുഭവവും സ്വന്തം വീടുണ്ടായിട്ടും കഴിഞ്ഞ 10 വർഷത്തിൽ ഏറെയായി വാടകവീട്ടിൽ താമസിക്കാനുണ്ടായ സാഹചര്യവും എന്റെ മാതാപിതാക്കൾ  എന്തസുഖം വന്നു എങ്ങനെ മരിച്ചു എന്നും അവസാനത്തെ വരിയിൽ മേല്പറഞ്ഞ 'റേഷൻ കാർഡ് സഹായ സഹതാപ ഹൈപ്പിന്റെ'കഥയും ഉണ്ട്. ഞാനും കുടുംബവും കടന്നു പോയ മാനസിക ശാരീരിക സാമ്പത്തിക ട്രോമകൾ ഉണ്ട്.   വ്യാജ വാർത്തകൾ കേട്ടു 'നിങ്ങൾക്ക് എത്ര കിട്ടി? എന്തു കിട്ടും? ഇനി എത്ര കിട്ടാൻ ഉണ്ട്? ഓപ്പറേഷൻ ഗവണ്മെന്റ് ചെയ്യുമോ...? വീട്ടിലേക്കു വഴി കിട്ടിയോ? വീട് വിറ്റോ... എനിങ്ങനെയുള്ള നാണം കെട്ട ചോദ്യങ്ങൾ ചോദിക്കാൻ എന്നെ ആരും വിളിക്കേണ്ടതില്ല.

  750 square feet വീടുള്ള ആ വീട്ടിലേക്കു  മൂന്നരയടി മാത്രം വഴിയുള്ള, ടുവീലർ മാത്രം വരുന്ന,അതും ബുള്ളറ്റ് പോലുള്ള വലിയ രണ്ടുചക്ര വാഹനങ്ങൾ വരാത്ത സ്വന്തമായി വഴിയോ കാറോ ഇല്ലാത്ത   ഞങ്ങൾക്ക് 16 വർഷങ്ങൾക്ക് മുൻപേ തന്നെ എ പി ൽ കാർഡ് ആണ് ഉള്ളത്. ഇൻകം ടാക്സ് അടയ്‌ക്കേണ്ട ജോലിക്കാർക്ക് കൊടുക്കേണ്ട  ഈ കാർഡ് എന്തുകൊണ്ട് ഞങ്ങൾക്ക് എന്നു ചോദിച്ചപ്പോൾ അന്നത്തെ ഉദോഗസ്ഥർ പറഞ്ഞത് എന്റെ സഹോദരൻ ഗൾഫിൽ ആണ് എന്ന ഒറ്റ കാര്യം ആയിരുന്നു. അന്ന് ഞാൻ നാട്ടിൽ ട്യൂഷനും പ്രൈവറ്റ് അധ്യാപനവും നടത്തുന്നു. മറ്റാർക്കും വീട്ടിൽ ജോലിയില്ല. ഒരാൾ 
പ്രവാസിയായാൽ മാത്രം പോരല്ലോ എപിഎൽ കാർഡിന് അർഹരാകാൻ! വലിയ ശമ്പളം വാങ്ങുന്ന income tax അടയ്ക്കേണ്ടുന്ന ആളുകൾക്ക് കൊടുക്കേണ്ട കാർഡ് വീട്ടിൽ ഒരാൾ പ്രവാസി ആയി എന്ന ഒറ്റ കാരണം കൊണ്ടു  നമുക്ക് കിട്ടി!
അതു മാറ്റികിട്ടാൻ വേണ്ടി ഉപ്പ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ പിടിവാശിയിലും അന്വേഷിക്കാൻ മെനെക്കേടാൻ വയ്യാത്ത അവരുടെ ജോലിപോരിമയിലും പെട്ടു വെള്ള കാർഡ് തുടർന്നു.
ഓക്കേ, നടക്കട്ടെ എന്നു വെച്ചു. കാർഡ് മാറ്റൽ മാത്രമല്ലല്ലോ ജീവിതത്തിൽ ഉള്ളത്. മറ്റു കാര്യങ്ങൾക്കും നേരം വേണമല്ലോ.

ശേഷമാണു ഞാൻ മാലിദ്വീപിൽ പോയത്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടു വരുമ്പോഴാണ് എന്റെ മാതാവിന്റെ സഹോദരി (ഞാൻ ദബ എന്നു വിളിക്കുന്ന എന്റെ വളർത്തമ്മയ്ക്ക് ) കാൻസറിന്റെ രൂപത്തിൽ അസുഖം വരുന്നത്. അവരുടെ വീടും എന്റെ വീടും അടക്കം 6 വീട്ടുകാർക്ക് റോഡിൽ നിന്നും ഈ മൂന്നര അടി വഴിയെ ഉള്ളൂ വീട്ടിലേക്ക്‌. അതിൽ ഏറ്റവും അറ്റത്താണ് എന്റെ വീട്. അവശയായ കാൻസർ രോഗി ഉള്ള വീട്ടിലേക്കുള്ള ഇത്തരം വഴിയെക്കുറിച്ചു അത്തരം രോഗികൾ ഉള്ള വീട്ടുകാർക്കെങ്കിലും മനസ്സിലാവും!
വഴിക്കുവേണ്ടി പറമ്പിന്റെ ഉടമസ്ഥരോട് ചോദിച്ചപ്പോൾ അതിഭീമമായ തുക പറഞ്ഞു. ആകെ രണ്ടര സെന്റ്റു ഭൂമി നീളത്തിൽ കിട്ടിയാൽ വാഹനവഴി ആയി. ഉടമസ്ഥർ ആവശ്യപ്പെട്ടത് അത്യാർത്തി നിറഞ്ഞ തുക ആയതിനാൽ അതു നടന്നില്ല. മൂന്നു ഭാഗത്തു നിന്നും വഴി കിട്ടാവുന്ന പറമ്പാണ് വീട് സ്ഥിതി ചെയ്യുന്ന സ്ഥലം!  ഭീമന്റെ വഴി എന്ന സിനിമയിലെ വഴി പ്രശനത്തേക്കാൾ ഭീകരമാണ്  നമ്മുടെ വഴി! ചർച്ചകൾ നടന്നെങ്കിലും പറമ്പിന്റെ ഉടമസ്ഥർ 'വലിയ നോ' പറഞ്ഞു. രോഗം കൊണ്ടു വലയുന്ന വീട്ടുകാരോടുള്ള സഹതാപമല്ല ജന്മിമനോഭാവമാണ് ഇവരിൽ ഉണ്ടായിരുന്നത്. കൊടുക്കാതിരിക്കാൻ ആണല്ലോ ഇത്രയും വലിയ തുക പറയുന്നത്. ചിലർ പറഞ്ഞത്   ഞങ്ങൾ പറമ്പ് വിൽക്കാൻ ജനിച്ചവർ അല്ല വാങ്ങാൻ   ജനിച്ചവർ ആണെന്നാണ്!!

ഹാ പുഷ്പമേ... അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നൊരു രാജ്ഞി കണക്കയേ നീ...
വീണിതല്ലോ കിടക്കുന്നു ധരണിയിൽ...
ശ്രീ ഭൂവിലസ്ഥിര!

ജീവിതത്തിന്റെ ഈ ആശയം മനസ്സിലാക്കാത്തവർ പറഞ്ഞ വചനമാണത്!
ഹാ... കഷ്ടം!

ഞങ്ങളും കുടുംബവും ലോകത്തെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ ദബയ്ക്ക് കൊടുത്തു. അവസാനം  അവർ മരണത്തിനു കീഴടങ്ങി.

എന്റെയും സഹോദരന്റെയും പ്രവാസം തുടർന്നു. രണ്ടു വർഷത്തിനു ശേഷം എന്റെ ഉമ്മ കിഡ്‌നി പേഷ്യന്റ് ആയി മാറുന്നു. വീണ്ടും വഴിക്ക് വേണ്ടി ഇവരോടെല്ലാം ചോദിക്കുന്നു. കിട്ടിയില്ല. ഹോം നഴ്സിന്റെ സഹായത്തോടെ ജീവിക്കുന്ന, നടക്കാൻ പ്രയാസമുള്ള ഉമ്മയെയും കൊണ്ടു വാഹനസൗകര്യമുള്ള ഇടത്തേക്ക് ഞങ്ങൾ താമസം മാറി.
ഏകദേശം ആറേഴു വർഷം ഉമ്മയെ ചികിൽസിച്ചു. ഏറ്റവും നല്ല ചികിത്സയും മരുന്നും നൽകി.  കിഡ്‌നി മാറ്റി വെക്കാനുള്ള ശ്രമം വരെ നടന്നു.
അത്യാധുനിക ചികിത്സയാണ് ഇവിടെയും ഞങ്ങൾ നൽകിയത്. ഞങ്ങൾ മൂന്നു മക്കൾക്കും വളരെ നല്ല ജോലിയും കൂലിയും ഉണ്ടായിരുന്നു. ഒരു മനുഷ്യനോടും ഒരു സർക്കാറിനോടും ഞങ്ങൾ സഹായം ചോദിച്ചില്ല. 
ചോദിക്കേണ്ട ആവശ്യവും ഇല്ല. ഞങ്ങൾ മൂന്നു മക്കളും ഊഴം വെച്ചു ലീവ് എടുത്താണ് ഉമ്മയെ നോക്കിയത്. ഒടുവിൽ ഉമ്മയും ഈ ലോകം വിട്ടുപോയി.

വീണ്ടും വഴിക്കുള്ള ശ്രമം തുടർന്നു. കാരണം എല്ലാ സൗകര്യങ്ങളും ഉള്ള വീട് ഉപേക്ഷിച്ചാണ് പുറത്തു വാടക കൊടുത്തു നിൽക്കുന്നത്. ആ വീട്ടിലേക്കു വീണ്ടും ഞങ്ങൾ തിരികെ വന്നു.
അപ്പോഴാണ് എന്റെ ഉപ്പ അസുഖബാധിതനാകുന്നത്. നടക്കാൻ വയ്യാതാകുന്നു. വാഹനം മുറ്റത്തു വരികയില്ല. ഏതെങ്കിലും ഒരു അയൽവാസി മതിൽ പൊളിച്ചെങ്കിലും വാഹനം കടത്തി വിടാൻ തയ്യാറായില്ല. പണം കൊടുത്തു വഴി വാങ്ങിയിട്ടില്ലല്ലോ.
കഴിഞ്ഞ കാലങ്ങൾ ആവർത്തിക്കപ്പെടുന്നു. വീണ്ടും പെട്ടിയും കിടക്കയും എടുത്തു വാടക വീട് തേടുന്നു. ഭാഗ്യത്തിന് ഉപ്പ കൂടുതൽ കാലം രോഗത്തിന് അടിപ്പെട്ടു വിഷമിച്ചില്ല.  ഏറ്റവും നന്നായി ചികിൽസിച്ചു. പക്ഷേ രക്ഷിക്കാനായില്ല.
നിരന്തരമായി കുടുംബത്തിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ മക്കളുടെയും കുടുംബത്തിന്റെയും മനോനില ഈ സന്ദർഭങ്ങളിലൂടെ കടന്നുപോയവർക്ക് അറിയാം. മാനസിക ശാരീരിക സാമ്പത്തിക ട്രോമകൾ പുറത്തു നില്കുന്നവർക്ക് ചിന്തിക്കാൻ ആകാത്തതാണ്.
സഹായത്തിനായി സർക്കാരിനെ സമീപിച്ചിട്ടില്ല എന്ന സത്യം ഒന്നുകൂടി അടിവരയിടുന്നു.

ഒടുവിലായി,വഴി കിട്ടാൻ ഗുരുവായൂർ നഗരസഭാ ചെയർമാൻ, വാർഡ് മെമ്പർ, പഞ്ചായത്ത് അംഗങ്ങൾ  എന്നിവർക്ക് ഞാനടക്കം ആറു വീട്ടുകാർ ഒപ്പിട്ട നിവേദനം കൊടുത്തു. ഹരിജനങ്ങൾ ഉൾപ്പെട്ട വീടും ഉള്ളതിനാൽ ബന്ധപ്പെട്ട മന്ത്രിയോടും സംസാരിച്ചു. നടക്കാനുള്ള വഴി ഉള്ളതുകൊണ്ടും പറമ്പു പേർസണൽ ആയതിനാലും ലീഗൽ ആയി ഒന്നും ചെയ്യാൻ ആവില്ലെന്നാണ് അധികൃതർ അറിയിച്ചത്. നാട്ടുനടപ്പുള്ള എമൗണ്ട് കൊടുക്കാമെന്നു പറഞ്ഞിട്ടും പറമ്പിന്റെ ഉടമസ്ഥർ സമ്മതിച്ചില്ല.
സർക്കാരിന് ഈ കാര്യത്തിൽ പലതും ചെയ്യാമായിരുന്നു. ഹരിജനങ്ങളും കിടപ്പു രോഗികളും  വൃദ്ധരും താമസിക്കുന്ന വീടുകൾ ഉള്ളതിനാൽ ആ സ്ഥലം  അക്വയർ ചെയ്തു ഒരു ആംബുലൻസു പോകാനുള്ള വഴിയെങ്കിലും നേടിത്തരാമായിരുന്നു. അതിനുള്ള പൈസ സർക്കാർ ചോദിച്ചിരുന്നെങ്കിൽ തെണ്ടിയിട്ടാണെങ്കിലും കൊടുക്കാമായിരുന്നു. ഹൈവെ ക്ക്‌ സ്ഥലമെടുക്കാൻ പണം കൊടുക്കുന്നതും കുറ്റി പറിക്കാനും നാട്ടാനും പണം കൊടുക്കുന്നതും ഇവിടെ എല്ലാവരും കാണുന്നുണ്ട്. പക്ഷേ ഈ കാര്യത്തിൽ സർക്കാരും സിസ്റ്റവും അതു ചെയ്തില്ല.

ഇതിനിടയിൽ ആണ് PhD ചെയ്യുവാൻ ഞാൻ നാട്ടിൽ എത്തുന്നത്.  തമിഴ് നാട്ടിലെ യൂണിവേഴ്സിറ്റിയിൽ പഠനം രണ്ടു വർഷം പൂർത്തിയാക്കുന്ന കാലയളവിലാണ് കാലിലേക്കുള്ള വേദന കലശലാകുന്നത്. ഒരു ഡോക്ടറെ കാണാമെന്നും മരുന്ന് കുടിക്കാമെന്നും രണ്ടു ആഴ്ച റസ്റ്റ്‌ എടുത്താൽ മതി എന്നും കരുതി യൂണിവേഴ്സിറ്റിയിൽ നിന്നും നാട്ടിലേക്കു വണ്ടി കയറിയ ഞാൻ അപ്പോൾ സ്വപനത്തിൽ പോലും കരുതിയിട്ടില്ല ജീവിതം മാറി മറിയുന്ന യാത്രയാണ് അതെന്നും 
അവാസ്ക്കുലർ നെക്രോസിസ് എന്ന അസുഖത്തിലേക്കാണ് എന്റെ യാത്രയെന്നും. ഈ അസുഖത്തിന്റെ പേര് ഒരു പക്ഷേ മുകളിലെ വാർത്ത കണ്ടപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ നെറ്റിൽ തിരഞ്ഞ വാക്കായിരിക്കും. അതെന്താണെന്നു ഞാൻ വിശദീകരിക്കുന്നില്ല. അത്തരം ഒരു അപൂർവരോഗം ഉണ്ടെന്ന് ആ രോഗം വന്നപ്പോഴാണ് ഞാൻ ആദ്യമായി അറിഞ്ഞതും.
ഒരു കാല് ഒരു ഇഞ്ച് പോലും അനക്കാൻ വയ്യാതെ ഒരു വശം paralaysed ആയ അവസ്ഥ വന്നു. നിവർന്നു നിൽക്കാൻ ആവാത്ത തൊണ്ണൂറ് വയസ്സായ അമ്മ കുനിഞ്ഞു പോയതുപോലെ ഞാൻ ചുരുണ്ടുപോയി! പ്രതിരോധശേഷി  തകർന്നു.
അതിഭീകരമായ വേദനയും
ഇനി എഴുന്നേൽക്കാൻ ആവില്ല എന്ന  മെഡിക്കൽ സയൻസിന്റെ ഫൈൻഡിങ്‌സും മുന്നിൽ നിന്നും പല്ലിളിച്ചു. ഇനി എഴുന്നേൽക്കലില്ലേ ഒരിക്കലും നടക്കില്ലേ  എന്താണീ സംഭവിക്കുന്നത് സത്യമാണോ മറ്റാർക്കെങ്കിലും വന്ന അനുഭവം ഞാൻ സ്വപനം കണ്ടതാണോ എന്നൊക്കെ അറിയാതെ ആദ്യത്തെ കുറേ മാസങ്ങൾ ഭീകരമായ ട്രോമയിൽ വീഴുന്നു. ബുദ്ധിയും മനസ്സും യാഥാർഥ്യം സമ്മതിക്കാൻ  കൂട്ടക്കാത്ത ദിവസങ്ങൾ.... മാസങ്ങൾ... വർഷങ്ങൾ....
മെഡിക്കൽ സയൻസ് രണ്ടു ഫീമർ ഹെഡും തുടയെല്ലും മാറ്റി വെച്ചാൽ മാത്രമേ നിങ്ങൾ നടക്കു എന്നു വിധി എഴുതി!  അതും ഉറപ്പില്ല.50%  മാത്രം പ്രതീക്ഷിക്കാം എന്ന്....!!!

കഴിഞ്ഞ നാലര വർഷമായി ഞാൻ ചികിൽസിക്കയാണ്.  ഒരു മാസത്തെ ചികിത്സാ ചെലവ് തൊണ്ണൂറായിരം രൂപയ്ക്കു മുകളിൽ പോയ മാസവും 15 ദിവസത്തെ ചെലവ് മൂന്നര ലക്ഷം രൂപയ്ക്കു മുകളിൽ പോയ മാസവും നാല് ദിവസത്തെ ചികിത്സാ ചെലവ് ഒന്നര ലക്ഷത്തിനു മുകളിൽ പോയ മാസങ്ങളും അടങ്ങിയ നാലര വർഷമാണ് ഞാൻ ചികിൽസിച്ചത്.ഞാനിപ്പോൾ നോർമൽ ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കയാണ്.
എന്റെ കുടുംബവും ഗുരുനാഥരും എന്റെ ഒരിക്കലും കൈവിടാത്ത സുഹൃത്തുക്കളുമാണ് എന്റെ കൈത്താങ്ങു. അല്ലാതെ മുകളിൽ പറഞ്ഞ വാർത്താഏജൻസികൾ അല്ല. സർക്കാരല്ല. 

ഇനി റേഷൻ കാർഡിലേക്ക് വരാം. വാടകവീട്ടിലെ എനിക്കു വെള്ളകാർഡ്കൊണ്ടു എന്താണ് ഗുണം? എന്റെ സഹോദരങ്ങൾക്കുള്ള കാർഡ് കൊണ്ടും അവർക്കുള്ള വാടകവീടുകൊണ്ടും എന്റെ കാര്യങ്ങൾ മുഴുവനും നടക്കുമോ? അവർ ഫാമിലി ആയി താമസിക്കുന്നു. സ്വന്തം വീട്ടിൽ താമസിക്കാൻ ഇൻഡിപെൻഡൻഡ് ആയി താമസിക്കാൻ ആണ് ഞാൻ ഈ യുദ്ധമെല്ലാം ചെയ്യുന്നത്. 
ഇത്രയും അവസ്ഥകൾ ഉണ്ടായിരിക്കെ ജോലി ഇല്ലാതെയിരിക്കെ രോഗവസ്ഥയിലിരിക്കെ ഞാൻ സ്വന്തമായി ഒരു കാർഡിന് അപേക്ഷിച്ചു.
ജോലി ഉള്ള കാലത്തുപോലും  അർഹതപെട്ട കാർഡല്ല കുടുംബത്തിന് മൊത്തം ഉണ്ടായിരുന്നത്.  സ്വന്തമായി ജീവിക്കാനും മറ്റുമായാണ് തനിച്ചുള്ള കാർഡിന് അപേക്ഷിച്ചത്.    വില്ലേജ് ഓഫീസർ മൂന്നു വട്ടം എന്റെ വരുമാനം വളരെ വലുതാണ് എഴുതിയത്. വീണ്ടും വീണ്ടും അപേക്ഷിച്ചും സത്യവാങ്മൂലം കൊടുത്തും മൂന്നുവട്ടവും എഴുതിയത് 25000 രൂപയിൽ കൂടുതൽ വരുമാനം!
എന്റെ വീട്ടുകാരും സുഹൃത്തുക്കളും ചെലവാക്കുന്ന പൈസ എങ്ങനെയാണ് എന്റെ വരുമാനം ആകുന്നതു?
സിവിൽ സപ്ലൈ ഓഫീസറോട് കാര്യങ്ങൾ വിശദീകരിച്ചും പലവട്ടം ഓഫീസുകൾ കയറിയിറങ്ങിയും സിവിൽ സപ്ലൈ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ബോധ്യം വന്നിട്ടാണ് എനിക്കിപ്പോൾ മുൻഗണനാ റേഷൻ കാർഡ് കിട്ടിയത്. എന്റെ അവകാശം ആണത്. അതു ഞാൻ അവർ പറഞ്ഞിടത്തു പോയി സ്വീകരിച്ചു. ഇതിൽ സർക്കാർ എന്തു സഹായം എനിക്കു നൽകി എന്നാണ് ഇവരൊക്കെ അവകാശപ്പെടുന്നത്? Psc പരീക്ഷകൾ എഴുതി കൈ തേഞ്ഞ ഒരാളാണ് ഞാൻ. Lp സ്കൂൾ അസിസ്റ്റന്റ് മുതൽ ഹയർ സെക്കണ്ടറി ടീച്ചർ ലിസ്റ്റിൽ വരെ പലപ്പോഴും കേറിയ എനിക്കു സർക്കാർ ജോലിയും കിട്ടിയില്ല. Psc യുടെ കഥകൾ എല്ലാവർക്കും അറിയുന്നതിനാൽ വിശദീകരിക്കുന്നില്ല. എവിടെയാണ് സർക്കാർ സഹായം ഈ കഥകളിൽ?

റേഷൻ കാർഡ് ഒരാളുടെ സ്വകാര്യപൊതു അവകാശമാണ്. അതു സ്വീകരിച്ചതിനു എഴുത്തുകാരി സനയ്ക്കു സർക്കാർ സഹായം എന്ന ഹൈപ് നൽകി എന്റെ സ്വകാര്യതയെ അപമാനിച്ചതിനു ഞാൻ മാനനഷ്ടത്തിന് ഈ വാർത്ത കൊടുത്തവർക്കെതിരെ കേസ് കൊടുക്കുമെന്ന് അറിയിക്കുന്നു. എന്നെ സംബന്ധിച്ച വ്യാജവാർത്തകളോട് ഏറ്റുമുട്ടാൻ ഞാൻ മതി എന്നു എല്ലാവർക്കും മനസ്സിലായി കാണുമെന്നു കരുതുന്നു.

സന റബ്‌സ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക