Image

എത്ര സ്വപ്നങ്ങൾ കണ്ടാലും, എത്ര കണക്കുകൾ കുട്ടിയാലും  സംഭിവിക്കാനുള്ളത്  സംഭവിച്ചുകൊണ്ടേയിരിക്കും (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 26 May, 2023
എത്ര സ്വപ്നങ്ങൾ കണ്ടാലും, എത്ര കണക്കുകൾ കുട്ടിയാലും  സംഭിവിക്കാനുള്ളത്  സംഭവിച്ചുകൊണ്ടേയിരിക്കും (ശ്രീകുമാർ ഉണ്ണിത്താൻ)

മനുഷ്യൻ ആഗ്രഹിക്കുന്നത് എന്തും നടക്കും അല്ലെങ്കിൽ നടത്തണം  എന്നാണ് നമ്മളുടെ വിചാരം.    ചിലപ്പോൾ  നാം ആഗ്രഹിക്കാത്ത കുറെ കാര്യങ്ങൾ  നമ്മുടെ ജീവിതത്തിൽ  സംഭവിച്ചുകൊണ്ടേയിരിക്കും.  നമ്മുടെ  സങ്കൽപ്പങ്ങൾക്ക് അനുസരിച്ചു നടക്കാത്ത  കാര്യങ്ങളെ  പൊതുവെ നാം  വിധി എന്ന് പറയും. വിധി പ്രകൃതി നിയമം ആയതുകൊണ്ട് ആർക്ക്,  എപ്പോൾ, എന്ത്,  സംഭവിക്കും  എന്ന് മുൻകൂട്ടി പറയുവാൻ അസാദ്ധ്യമാണ്.

അനുവാദം ചോദിക്കാതെ പലരും കടന്നു വരുകയും കടന്നുപോവുകയും ചെയ്യുന്ന  ജീവിതമാണ് നമ്മുടേത്‌. കൂടെയുള്ളവരെ കുറിച്ച് പലപ്പോഴും നമ്മൾ ആലോചിക്കാൻ ശ്രമിക്കാറില്ല ..പക്ഷെ അവർ നമ്മളിൽ നിന്നും അകന്നുകഴിയുബോൾ മാത്രമാണ്  അവർ എത്രമാത്രം പ്രിയപെട്ടവരായിരുന്നു എന്ന് തിരിച്ചറിയുക.  നഷ്ടപ്പെടലിൽ നിന്നു മാത്രമേ  നമുക്ക് ഇഷ്ടപ്പെട്ടതിന്റെ മൂല്യം തിരിച്ചറിയാൻ കഴിയു എന്ന്  പണ്ട് മുത്തശ്ശി പറയുമായിരുന്നത് തീർത്തും സത്യമാണ് ....അത് വ്യക്തി ആയാലും, വസ്തു ആയാലും, ജീവിതം ആയാലും അങ്ങനെതന്നെയാണ്.

ഈശ്വരന്റെ തിരക്കഥയിൽ ഇടയ്ക്ക് നമുക്ക് ചില തിരുത്തലുകൾ സാധ്യമാണെങ്കിലും , ആ തിരക്കഥയെ മുഴുവനായും നമ്മുടെ ഇഷ്ടത്തിനുഅനുസരിച്ചു  മാറ്റിയെഴുതാൻ കഴിയില്ലല്ലോ? അങ്ങനെയാണെങ്കിൽ  നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നാം നേടിയേനെ.. എങ്കിൽ പിന്നെ നമുക്ക്  കഴിഞ്ഞു പോയതിനെകുറിച്ചോർത്തു പശ്ചാത്തപിക്കുകയോ  , നടക്കുന്നതിനെ കുറിച്ചു ഓർത്ത്‌ പരിഭ്രമിക്കുകയോ  , വരാനിരിക്കുന്നതിനെകുറിച്ചോർത്തു പേടിക്കുകയോ ചെയേണ്ടി വരില്ലായിരുന്നുവല്ലോ ....പക്ഷേ അങ്ങനെ അല്ലല്ലോ നമ്മുടെ ജീവിതങ്ങൾ. അത് ഒരു സ്വപ്നം പോലെ നടന്നുകൊണ്ടേയിരിക്കുന്നു. അടുത്ത നിമിഷത്തിൽ  എന്താ സംഭവിക്കുക എന്ന് നമുക്ക് അറിയില്ല.

ഒരുപാട്‌ പ്രതീക്ഷകകളിലൂടെയാണ്  നമ്മുടെ  ഓരോരുത്തരുടെയും   ജീവിതം മുൻപോട്ട്‌  പോകുന്നത്‌.  പ്രതീക്ഷകൾ  ചിലപ്പോൾ സ്നേഹമാകാം, സൗഹൃദമാകാം, ജോലിയാകാം, പണമാകാം , സ്വത്തുക്കളാകാം അങ്ങനെ നിരവധി കാര്യങ്ങൾ ആകാം.  ജീവിതത്തെ മുൻപോട്ട്‌ നയിക്കുന്ന  പേരകശക്തിയാണു പ്രതീക്ഷകൾ.  ചിലപ്പോൾ  പ്രതീക്ഷകൾ വെറും  പ്രതീക്ഷകൾ  മാത്രമായിരിക്കാം!! മറ്റ്  ചിലപ്പോൾ ചില  പ്രതീക്ഷകൾ സഫലമായേക്കാം!!. നമ്മുടെ പ്രതീക്ഷകൾക്ക് വിപരീതമായി സംഭവിക്കുബോൾ നാം ജീവിത്തൽ  പരാജയപെട്ടതായി തോന്നിയേക്കാം ..

നമ്മൾ എന്തെല്ലാം പ്രതീക്ഷിച്ചാലും അല്ലെങ്കിൽ ആഗ്രഹിച്ചാലും  അതിന്റെയെല്ലാം അവസാനം എല്ലാവരും എത്തിച്ചേരുന്ന ഒരു ഉപസംഹാരമുണ്ട്‌. എത്ര കൂട്ടിക്കിഴിക്കലുകൾ നടത്തിയാലും ജീവിതത്തിനു ഒരു ഗതിയുണ്ട്‌ അല്ലെങ്കിൽ ഓരോരുത്തർക്കും ഒരോ വിധിയുണ്ട്‌..... അത്‌ ഒരു കണക്കുക്കൂട്ടലുകളും നടത്താതെ തന്നെ നമ്മളെ തേടിയെത്തിയിരിക്കും...കാലം നമുക്കായി ജീവിതം എഴുതിച്ചേർത്തിട്ടുണ്ട്‌. അത്‌ തെളിക്കുന്ന വഴിയെ നാം മുൻപോട്ട്‌ പോകുന്നു, ഒരു നാടകം പോലെ നാം അഭിനയിച്ചുകൊണ്ടേയിരിക്കും.

ഈ ജീവിതം വളരെ വിചിത്രമാണ് ....ഇവിടെ കണ്ടു മുട്ടുന്നവർ അതിനേക്കാൾ ഏറെ വിചിത്രത പുലർത്തുന്നവരും,,,,,കണ്ണ് കൊണ്ട് സത്യം പറഞ്ഞും , നാവു കൊണ്ട് കള്ളം പറഞ്ഞും, ഹൃദയം കൊണ്ട് സ്നേഹിച്ചും, ബുദ്ധി കൊണ്ട് വെറുത്തും കൂടെ നടക്കുന്ന കുറെ പേർ..... .നാം എത്ര അഭിനയിച്ചാലും മറ്റുള്ളവർ  എന്തെല്ലാം പറഞ്ഞാലും ചെയ്താലും  നമ്മുടെ തലയിലെഴുത്തു മാറുകയില്ലല്ലോ ?

പകലിനെ ഒറ്റപെടുത്തിയ രാത്രികൾ ഉണ്ടായിരുന്നു. സത്യങ്ങളെ തള്ളിപ്പറഞ്ഞ കള്ളങ്ങളും സന്തോഷം വറ്റിച്ച  ദുഃഖത്തിന്റെ കഥയും മുത്തശ്ശിക്കഥകളിൽ ധാരാളം ഞാൻ കേട്ടിരുന്നു. പക്ഷേ അതൊന്നും എന്നെ സ്പർശിക്കില്ല എന്നയിരുന്നു നമ്മളിൽ ഓരോരുത്തരുടെയും  വിചാരം. പക്ഷേ കാലം  നമുക്ക് എന്താണ് കരുതിവെച്ചിരിക്കുന്നത്  എന്ന് നമുക്കറിയില്ല. അതുകൊണ്ടായിരിക്കണം പഴമക്കാർ  പറയുമായിരുന്നു തോൽക്കാനുള്ള മസ്സുമായി വേണം ജീവിക്കാൻ. നമ്മുടെ "വിധി"എന്താണ് എന്നറിയാൻ പറ്റില്ലല്ലോ ?

 ചുറ്റുപാടുകള്‍ എന്തു തന്നെയായിക്കോട്ടെ. നിങ്ങള്‍ മാറണമെന്ന് സ്വയം തീരുമാനമെടുത്താൽ, അതിൽ തന്നെ ഉറച്ച് നീങ്ങിയാൽ, തീര്‍ച്ചയായും വിജയത്തിന്റെ പടവുകള്‍ കയറുവാൻ സാധിച്ചേക്കും.  നിങ്ങളെ മറ്റിയെടുക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ. നിങ്ങളാണ് നിങ്ങളുടെ വിധിയുടെ വിധാതാവ് എന്ന് ധരിച്ചു മുന്നോട്ടുപോയാൽ കുറച്ചെക്കെ നമ്മുടെ വിധിയെ നമുക്ക് മാറ്റുവാൻ പറ്റിയേക്കും . ആ സത്യം മനസ്സിലാക്കി പ്രവര്‍ത്തനം തുടങ്ങിയാൽ, വിജയിച്ചില്ലെങ്കിലും  തോല്കാതിരിക്കാൻ  സാധിക്കും.

തോറ്റുപോയവന് ഈ ഭൂമിയിൽ അഭിപ്രായസ്വാതന്ത്ര്യം ഇല്ല എന്നു കരുതി നിശബ്ദരായി ഇരിക്കരുത്. അപ്പോഴാണ് നമ്മൾ  യഥാർത്ഥത്തിൽ തോൽക്കുന്നത് . ഈ ഭൂമി ജയിച്ചവർക്ക് മാത്രമല്ല,ജയിക്കാൻ പൊരുതുന്നവർക്ക് കൂടെ ഉള്ളതാണ്.

ഓടാത്ത ക്ലോക്കിലെ സമയവും ദിവസം രണ്ടു പ്രാവശ്യം  കൃത്യമായി വരും. ചിലതെക്കെ നാം പരിശ്രമിച്ചാലും ഇല്ലെങ്കിലും നടക്കേണ്ട സമയത്തു നടന്നിരിക്കും. എങ്കിലും പരിശ്രമിക്കാതെ  ഇരിക്കരുത്....

പകരം വയ്ക്കാൻ പറ്റാത്ത ചില അമൂല്യമായ നിധികൾ ജന്മം കൊണ്ട് നാം   നേടിയെടുക്കും. പക്ഷെ കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട് ആ നിധികളെയൊക്കെ   ചിലപ്പോൾ നഷ്ടപ്പെട്ട്പോയിരിക്കും. പിന്നീട്  ആയിരിക്കും നാം മനസിലാക്കുന്നത് ആ നിധിയെക്കാൾ  വലുതല്ല നേടിയതൊന്നും  എന്ന്!!.

വെളിച്ചം പല നിറങ്ങളിൽ മനുഷ്യനെ വ്യത്യസ്തനാക്കുമ്പോൾ ഇരുട്ട് ഒറ്റ നിറത്തിൽ നമ്മെ  തുല്യരാക്കുന്നു.
നമ്മുടെ ജീവിത്തൽ സംഭവിക്കുന്ന ചിലതൊക്കെ ഒരിക്കലും നമ്മുടെ  മനസ്സിൽ നിന്ന് മായുകയില്ല. ചില ഓർമകൾ  അതിങ്ങനെ ഇടക്കിടക്ക് വന്നു നോവിച്ചു കൊണ്ടിരിക്കും.

ചില സാഹചര്യങ്ങളിൽ നഷ്‌ടപ്പെട്ടതിനെ ഓർത്തു നാം  നമ്മളെതന്നെ ആശ്വസിപ്പിക്കാറുണ്ട്‌. അങ്ങനെ ആശ്വസിക്കുബോഴും നാം അറിയാതെ നമ്മുടെ കണ്ണുകളിൽ   കണ്ണുനീരിനാൽ ഒരു നനവ്‌ പടരും. എവിടെയോ ആരുമറിയാതെ, ആരും കാണാതെ മുറിപ്പെട്ട ആ കുഞ്ഞു മനസ്സിന്റെ നോവിൽ നിന്നുതിർന്ന കണ്ണുനീർ. സ്വയം ആശ്വാസം കണ്ടെത്തിക്കൊണ്ട്‌ ആ സമസ്യക്കും നമ്മൾ വിരാമം കുറിക്കുമ്പോൾ ഒരു നിസംഗത നമ്മിൽ അവശേഷിക്കും. അപ്പോഴും മനസ്സ്‌ മന്ത്രിച്ചുകൊണ്ടേയിരിക്കും, "നീ വിഷമിക്കാതിരിക്ക് "സംഭിവിക്കാനുള്ളത്  സംഭവിച്ചു കൊണ്ടിരിക്കും"

അങ്ങനെയുള്ളവർക്ക് ആകെപ്പാടെ ഉള്ള ഒരേ ഒരു പോംവഴി അത്ഭുതങ്ങളിൽ വിശ്വസിക്കുക എന്നതാണ് ........അപ്രതീക്ഷിത യാഥാർഥ്യങ്ങളുടെ സ്വപ്നഭൂമിയായ  ഈ ജീവിതത്തിൽ ചിലപ്പോൾ നമ്മൾ പോലുമറിയാതെ എന്തേലും അത്ഭുതം സംഭവിച്ചാലോ..... "അപ്പോഴും പറയും അതാണ് നമ്മുടെ വിധി" 

Join WhatsApp News
Sudhir Panikkaveetil 2023-05-26 22:32:05
നല്ല ചിന്തകൾ നല്ല ഉപദേശങ്ങൾ..."ജീവിതം ഒരു കൊച്ചു കിലുക്കാംപെട്ടി, വിധിയെന്ന കളി കുട്ടി വിരലുകൾ കൊണ്ട് തട്ടി കിലുക്കികളിക്കുമൊരു കിലുക്കാംപെട്ടി".കവികളുടെ നിർവ്വചനങ്ങൾ. നമുക്ക് സ്വപനങ്ങൾ കണ്ടു ജീവിക്കാം, ഏതെങ്കിലും ഒന്നു നിറവേറും. നല്ല ലേഖനം.ശ്രീ ഉണ്ണിത്താൻ സാറിനു അഭിനന്ദനം. നന്മകൾ നേരുന്നു.
Abdul punnayurkulam 2023-05-27 17:23:18
heartbreaking recall
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക