Image

പ്രഥമ കാനഡ ക്‌നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം

Published on 26 May, 2023
പ്രഥമ കാനഡ ക്‌നാനായ സംഗമത്തിന് ഉജ്ജ്വല സമാപനം

നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കുമെന്ന് അബ്രഹാം മുതലുള്ള പൂര്‍വ്വപിതാക്കന്മാരിലൂടെഅരുള്‍ ചെയ്ത ഉടമ്പടിയുടെ മക്കളുടെ പിന്‍തലമുറക്കാര്‍ കാനഡാ മണ്ണില്‍ തങ്ങളുടെ ഗോത്ര പിതാവിനോടപ്പം തനിമയിലും വിശ്വാസനിറവിലും മൂന്നു ദിവസം ഒത്തു ചേര്‍ന്നു. 2023 മെയ് മാസം 19 ) തിയതി നടവിളികളുടെ അകമ്പടിയോടെ ആരംഭം കുറിച്ച സംഗമം 21 ) തിയതി ഞായറാഴ്ച സമാപിച്ചു. കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലകാട്ടു മെത്രാപോലിത്തയുടെ മുഖ്യ കര്‍മ്മികത്വത്തില്‍ നടത്തപെട്ട വിശുദ്ധ കുര്‍ബാനയില്‍ മിസ്സിസ്സാഗ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ വചന സന്ദേശം നല്‍കുകയും ഒന്റാരിയയിലും സമീപ പ്രെദേശത്തും സേവനം ചെയ്യുന്ന ക്‌നാനായ വൈദികര്‍ സഹ കാര്‍മികത്വം വഹിക്കുകയും ചെയ്തു.

സംഗമം ചെയര്‍മാന്‍ ശ്രീ ജോജി വണ്ടംമാക്കില്‍ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനം കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലകാട്ടു ഉദ്ഘാടനം ചെയ്യുകയും മിസ്സിസ്സാഗ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും റവ ഫാ ജോര്‍ജ് പാറയില്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഡയറക്ടറേറ്റ് ചാപ്ലൈന്‍ വെരി റവ ഫാ പത്രോസ് ചമ്പകര സ്വാഗതവും കണ്‍വീനര്‍ ശ്രീ സാബു തറപ്പേല്‍ നന്ദി പറയുകയും ചെയ്തു. വരും തലമുറയിലെ കുട്ടികളില്‍ ക്‌നാനായ തനിമ വളര്‍ത്തുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും കൂടുതല്‍ മനസ്സിലാക്കുന്നതിന് കുട്ടികള്‍ തന്നെ അവതരിപ്പിച്ച ക്‌നാനായ വിവാഹ ചടങ്ങുകള്‍ ആദ്യദിനത്തെ പ്രൗടഗംഭീരമാക്കി തീര്‍ത്തു.

വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച രണ്ടാം ദിനത്തില്‍ ഗോത്ര പിതാവ് മാര്‍ മാത്യു മൂലകാട്ടു നേതൃത്വം കൊടുത്ത സംവാദത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും ദൈവശ്രയത്തിലൂടെ ഭയപ്പാടില്ലാതെ പരിഹരിക്കപ്പെടും എന്നുള്ള ഉറച്ച ബോധ്യം നല്‍കുന്ന ഒന്നായിരുന്നു. സംവാദത്തിന് മോഡറേറ്റര്‍ ആയിരുന്നത് ക്‌നാനായ റീജിയന്‍ ഡയറക്ടറും ചിക്കാഗോ രൂപതാ വികാരി ജനറളുമായ വെരി റവ ഫാ തോമസ് മുളവനാല്‍ ആണ്. കുട്ടികളെ അവരുടെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ തിരിച്ചു
പഠനൊന്മുഖമായ വിവിധ പ്രോഗ്രാകുകളും വിവിധ ദിനങ്ങളില്‍ നടത്തപെട്ടു. നാലു മണിക്കൂറോളം നീണ്ടു നിന്ന ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ മറഞ്ഞിരുന്ന കായിക കഴിവുകള്‍ പുറത്തെടുക്കുവാനുള്ള അവസരമായിരുന്നു.

പ്രായഭേദമന്യേ നൂറ്റി അമ്പതോളം പേര്‍ അരങ്ങു തകര്‍ത്ത കലാസന്ധ്യ ആര്‍ക്കും മറക്കാനാവാത്ത ഒന്നായിരുന്നു. പിന്നണി ഗായികയും കഴിഞ്ഞ ഒന്നര പതിറ്റാണ്ടു കാലമായി ക്‌നാനായക്കാരുടെ വിവാഹ ചടങ്ങുകളില്‍ നിറസാന്നിധ്യമായ ക്‌നാനായ വാനമ്പാടിയെന്നു അറിയപ്പെടുന്ന ബ്ലെസ്സി തോമസ് സ്റ്റാര്‍ വോയിസ് അവതരിപ്പിച്ച ക്‌നാനായ സിംപണി രണ്ടാം ദിനത്തെ സംഗീത സാന്ദ്രമാക്കി. ഇമ്മീഗ്രന്റ കമ്മ്യൂണിറ്റി പേരെന്റ്‌റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ ക്രിസ്റ്റീന്‍ പണ്ടാരശ്ശേരിയുടെ സെമിനാറോട് കൂടി മൂന്നാം ദിന പ്രോഗ്രാമുകള്‍ ആരംഭിച്ചു.

തങ്ങളുടെ ആത്മീയ ആചാര്യന്‍ മാര്‍ മാത്യു മൂലകാട്ടു മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സില്‍വര്‍ ജൂബിലിയും കാനഡാ ക്‌നാനായ കാത്തലിക്കു ഡയറക്ടറേറ്റ് ചാപ്ലൈനും മിസ്സിസ്സാഗ രൂപതാ വികാരി ജനറാളുമായ വെരി റവ ഫാ പത്രോസ് ചമ്പകരയുടെ പൗരോഹത്യ സില്‍വര്‍ ജൂബിലിയും സംയുക്തമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു ആഘോഷിക്കുകയുണ്ടായി. കാനഡയിലെ ക്‌നാനായ സഭാ സംവിധാനത്തിന്റെ വളര്‍ച്ചയില്‍ വിവിധ മേഖലകളില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുത്തവരെ മൊമെന്റോ നല്‍കി സമാപന സമ്മേളനത്തില്‍ ആദരിക്കുകയുണ്ടായി.

സംഗമം വന്‍ വിജയമാക്കുവാന്‍ അധ്വാനിച്ച ഏവര്‍ക്കും സംഗമം കോ ചെയര്‍മാന്‍  റോയ് പുത്തന്‍കുളം നന്ദി അറിയിച്ചു. തങ്ങള്‍ക്ക് മൂന്നു ദിവസങ്ങളായി ലഭിച്ച സ്മരണകളും അനുഭവങ്ങളും വരും വര്‍ഷങ്ങളിലും തുടരുവാന്‍ ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ കാനഡാ ക്‌നാനായ സംഗമം നടത്തണമെന്നുള്ള ഐക്യക്കണ്ടെനെ പ്രായഭേദമന്യേ ഏവരുടെയും അഭ്യര്‍ത്ഥനയെമാനിച്ചു അടുത്ത സംഗമം 2024 മെയ് മാസത്തില്‍ നടത്തപെടുമെന്ന് ചാപ്ലൈന്‍ പ്രഖ്യാപിക്കുകയുണ്ടായി. കാന്‍ വോയിസ് അവരിപ്പിച്ച ഗാനമേളയോട് സംഗമം പരിയവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക