Image

ധീരതയുടെ പര്യായമായി രാഹുൽ (ജോർജ്ജ് എബ്രഹാം)

Published on 27 May, 2023
ധീരതയുടെ പര്യായമായി രാഹുൽ (ജോർജ്ജ് എബ്രഹാം)

ധീരതയ്ക്ക് അതിന്റേതായ സങ്കീർണ്ണതകൾ ഉണ്ടെങ്കിൽകൂടി, അതിനോട് ചേർന്നുതന്നെ നിശ്ചിത തലത്തിലുള്ള ശക്തിയുമുണ്ട്. അടിസ്ഥാന തത്ത്വങ്ങൾക്കുവേണ്ടി  നിലകൊള്ളുക എന്നത് വർത്തമാന ലോകത്തിൽ  വെല്ലുവിളി നിറഞ്ഞതും പലപ്പോഴും ചെലവേറിയതുമായ കാര്യമാണ്. എന്നാൽ, പുതിയ തലമുറയെ പിന്തുടരാൻ പ്രചോദിപ്പിക്കുന്ന ഒന്നായി അത് പരിണമിക്കും. ഔചിത്യത്തിന്റെ ഭാഗമായോ  തന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനു വേണ്ടിയോ, അതിശക്തരായവർക്കു മുൻപിൽ  പോലും തലകുനിക്കാത്ത വ്യക്തിത്വത്തിന്റെ ഉടമ എന്ന പ്രതിച്ഛായ രാഹുൽ ഗാന്ധി നേടിയെടുത്തിട്ടുണ്ട്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ  ഏറ്റവും കൂടുതൽ അധിക്ഷേപിക്കപ്പെട്ടിട്ടുള്ള വ്യക്തി രാഹുൽ ഗാന്ധിയായിരിക്കാം. കഴിഞ്ഞ കുറെ വർഷങ്ങളായി, സമൂഹ മാധ്യമങ്ങളിലെ കൂലിയെഴുത്തുകാരുടെ  പരിഹാസത്തിനും നിരന്തരമായ ആക്രമണത്തിനും അദ്ദേഹം വിധേയനായിട്ടുണ്ട്. കേവലം മക്കൾ രാഷ്ട്രീയത്തിന്റെ ഗുണഭോക്താവ് എന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക്  "പപ്പു" എന്ന പരിഹാസ നാമധേയം ചാർത്തിക്കൊടുക്കുന്നതിൽ ബിജെപി  വിജയിച്ചിരിക്കാം. സാധാരണക്കാരുടെ യഥാർത്ഥ ലോകത്തുനിന്ന് അകന്നുകഴിയുന്ന വരേണ്യവർഗത്തിനെതിരായ വ്യാപകമായ രോഷവും, അദ്ദേഹത്തെ ഇകഴ്ത്തിക്കൊണ്ടുള്ള
     പ്രചാരണത്തിന്റെ ആക്കംകൂട്ടാൻ സഹായിച്ചിട്ടുണ്ടാകാം. തെറ്റ് മനുഷ്യസഹജമാണ് ; അദ്ദേഹത്തിന് പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, ഇന്ത്യയുടെ ഭരണകക്ഷി അദ്ദേഹത്തിനെതിരെ നടത്തുന്ന വെറുപ്പും വിദ്വേഷവും തീർത്തും അചിന്തനീയമാണ്.

  'ഇന്ത്യയെ ഒന്നിപ്പിക്കുക' എന്ന ബാനറുമായി രാഹുൽ ഗാന്ധി കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്ക് 4080 കിലോമീറ്റർ ദൂരം നടത്തിയ  ഭാരത് ജോഡോ യാത്ര,  പൊതുജനത്തിന്റെ ചിന്താമണ്ഡലങ്ങളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്നതിന് അവസരമൊരുക്കി. ഇന്ത്യയിലെ ജനങ്ങൾ മതത്തിന്റെ പേരിൽ കൂടുതൽ ധ്രുവീകരിക്കപ്പെടുകയും, കോവിഡ് മഹാമാരിയെ തെറ്റായി കൈകാര്യം ചെയ്തതിലൂടെയും യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായതിന്റെ  പേരിലും  സിഎഎ യ്ക്ക് അംഗീകാരം നൽകിക്കൊണ്ട്  ന്യൂനപക്ഷങ്ങളെ പാർശ്വവത്കരിക്കുന്നതിന് ഇടയാക്കിയ നിലയ്ക്കും  മോദി ഭരണകൂടം അടിപതറി നിന്ന  സമയത്താണ് പദയാത്ര നടന്നത്. 

 പദയാത്രകൾ ഇന്ത്യയ്ക്ക് അപരിചിതമായ ഒന്നല്ല. മഹാത്മാഗാന്ധി മുതൽ, പല നേതാക്കളും അതിന്റെ ഗുണഫലം നേടിയിട്ടുണ്ട്. വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഭാരത് ജോഡോ യാത്ര (ബിജെവൈ)  കോൺഗ്രസ് പാർട്ടിക്ക് വോട്ട് വിഹിതമായി മാറുമോ എന്ന് കാലത്തിന്  മാത്രമേ പറയാൻ കഴിയൂ. എന്നിരുന്നാലും, ഈ യാത്രയ്ക്ക് സാധാരണ ഇന്ത്യക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും  വിശ്വാസത്തിന്റെയും  ജാതിയുടെയും  ഭാഷയുടെയും  പ്രാദേശികതയുടെയും വ്യത്യാസങ്ങൾക്ക്  അതീതമായി  എല്ലാവരുമായും സമാധാനപരമായ സഹവർത്തിത്വത്തിനു വേണ്ടിയുള്ള  അവരുടെ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതിനും സാധിച്ചു.

 കാര്യപ്രാപ്തി ഇല്ലാത്ത, പരാജിതനായ നേതാവായിരുന്നു രാഹുൽ ഗാന്ധിയെങ്കിൽ,  ബിജെപി സശ്രദ്ധം അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുന്നത് എന്തിനാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും അതിശയിക്കാം.
     
ഈ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും തെറ്റായ നടപടികളും സധൈര്യം തുറന്നുകാട്ടാൻ മുൻനിരയിലുള്ള ചുരുക്കം ചിലരിൽ ഒരാളാണ് രാഹുൽ എന്നതാണ് സത്യം. ഉന്നതതലങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവരാനും  റാഫേൽ ഇടപാടുകളിലും   അദാനിയുടെ  അഴിമതി പോലുള്ള വിഷയങ്ങളിലും  പ്രധാനമന്ത്രിയെപ്പോലും പാർലമെന്റിനുള്ളിൽ നേരിടാനും അദ്ദേഹത്തിന് ചങ്കൂറ്റമുണ്ട്. 

ഇന്നത്തെ രാഷ്ട്രീയ രംഗം പരിശോധിച്ചാൽ, അഴിമതിയോടും ഈ ഗവൺമെന്റ് കൈക്കൊള്ളുന്ന ജനാധിപത്യ വിരുദ്ധ നടപടികളോടുമുള്ള രോഷം പ്രകടിപ്പിക്കാൻ മറ്റു രാഷ്ട്രീയക്കാർ പാടുപെടുന്നത് കാണാം. കാരണം ലളിതമാണ്: തങ്ങളുടെ രാഷ്‌ട്രീയ ഭാവി സുരക്ഷിതമാക്കാൻ, അവർ കുഴിച്ചുമൂടിയ രഹസ്യങ്ങൾ ചികഞ്ഞെടുക്കപ്പെടുമോ എന്ന ഭയമാണ് പലരുടെയും വായടപ്പിക്കുന്നത്. കാരണം ലളിതമാണ്: നിയമ വിരുദ്ധമായ   തങ്ങളുടെ മുൻകാല ചെയ്തികളും   അത് ചികഞ്ഞെടുക്കാൻ കേന്ദ്ര സർക്കാർ ഏജൻസികൾ ഓരോ കോണിലും പതിയിരിക്കുന്നുണ്ടെന്നും  അവർക്ക് നന്നായി അറിയാം.

പദയാത്രയ്ക്കിടെ രാഹുൽ ഗാന്ധി പകർന്നുകൊടുക്കുന്ന സന്ദേശം കേൾക്കാൻ ആളുകൾ ഉണർന്നിരിക്കുന്നതുപോലും, ബി.ജെ.പി സർക്കാരിനെ സംബന്ധിച്ചിടത്തോളം അസ്വാസ്ഥ്യകരവും ഒരുപക്ഷേ ഭയപ്പെടുത്തുന്നതുമായ ഒരു വിഷയമായി മാറിയിരിക്കുന്നു. അക്കാരണം കൊണ്ടാകാം, ഏതു വിധേനയും ആ മനുഷ്യനെ നിശബ്ദനാക്കാൻ അവർ തീരുമാനിച്ചതും. ഗുജറാത്ത് വിധി പ്രസ്താവനയ്ക്കും  ലോക്‌സഭാംഗമെന്ന നിലയിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിനുമുള്ള ചരടുവലിക്ക് വളരെ മുൻപേ തന്നെ,ബ്രിട്ടൺ സന്ദർശനത്തിനിടെ  'ദേശീയ വിരുദ്ധ പ്രസ്താവനകൾ' നടത്തിയെന്ന് ആരോപിച്ചുകൊണ്ട്,  അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് പുറത്താക്കാനുള്ള കരുക്കൾ നീക്കിയിരുന്നു. ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് മാത്രമാണ് അദ്ദേഹം സംസാരിച്ചത്, അത് ലോകത്തിന്റെ മുഴുവൻ നല്ലതിനുവേണ്ടിയായിരുന്നു.

വെല്ലുവിളികളെ നേരിടാൻ തയ്യാറായ ധീരനായ വ്യക്തിയാണ് രാഹുൽ ഗാന്ധി രാജ്യത്തെ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പേരിൽ സ്വന്തം കുടുംബത്തിലെ രണ്ടുപേർ രക്തസാക്ഷിത്വം വരിച്ചിട്ടും, ഇന്ത്യയെ  സേവിക്കാൻ അവർ തെളിച്ച പാത പിന്തുടരാനുള്ള ധാർമ്മികമായ ധൈര്യം അദ്ദേഹം പ്രകടിപ്പിച്ചു. 
     
ധൈര്യശാലിയായിരിക്കുന്നതിന് ഏറ്റവും ആവശ്യം,സ്വന്തം നിയന്ത്രണത്തിനപ്പുറമുള്ള ജീവിതസാഹചര്യങ്ങളെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോവുക എന്നുള്ളതാണ്. വിധി പ്രസ്താവിച്ച ഉടൻ ലോകസഭയിൽ നിന്ന്  അയോഗ്യനാക്കപ്പെടുകയും  താമസസ്ഥലത്ത് നിന്നുപോലും പൊടുന്നനെ   പുറത്താക്കപ്പെടുകയും ചെയ്തത് കണക്കിലെടുക്കുമ്പോൾ, വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് വളരെ അളന്നുതൂക്കി പ്രതികരിച്ച രാഹുൽഗാന്ധിയുടെ വേറിട്ട ശൈലി അത്ഭുതം ഉളവാക്കുന്നു.
     
സാധാരണക്കാരന്റെ നിത്യേനയുള്ള കഷ്ടപ്പാടുകൾ മനസ്സിലാക്കുന്ന  സഹാനുഭൂതിയുള്ള ഒരു മനുഷ്യനാണ് രാഹുൽ എന്ന് പദയാത്രയിലൂടെ ആളുകൾ തിരിച്ചറിഞ്ഞു എന്നകാര്യത്തിൽ സംശയമില്ല. 
    
പൊതുവായ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിന്, ആളുകളെ ഒന്നിപ്പിക്കുന്ന പുതിയൊരു ദർശനം ഇന്ത്യക്കാർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഈ യാത്രയിലൂടെ അദ്ദേഹത്തിന് സാധിച്ചു. ജനങ്ങളിൽനിന്ന് വളരെയധികം അകന്നുനിൽക്കുകയും അവരുടെ ക്ഷേമത്തെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങൾ പിന്തുടരുകയും ചെയ്യുന്ന നിലവിലെ നേതൃത്വത്തിന് നേർ വിപരീതമായ കാഴ്ചപ്പാടാണത്. മാർട്ടിൻ ലൂഥർ കിംഗ് തന്റെ മരണത്തിന് മുമ്പ് നടത്തിയ അവസാന പ്രസംഗങ്ങളിലൊന്നിൽ പറഞ്ഞതുപോലെ, "ജനങ്ങളെ സേവിക്കുന്നതിന് ഒരു കോളജ് ബിരുദത്തിന്റെയും ആവശ്യമില്ല, കർത്താവും ക്രിയയും തമ്മിലുള്ള യോജിപ്പും വേണ്ടതില്ല; സേവിക്കാൻ നിങ്ങൾ പ്ലേറ്റോയെയും അരിസ്റ്റോട്ടിലിനെയും കുറിച്ച് അറിയേണ്ടതില്ല. സേവിക്കാൻ ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം അറിയണമെന്നും നിർബന്ധമില്ല. കരുണാർദ്രമായ ഹൃദയവും സ്നേഹിക്കാൻ കഴിയുന്ന മനസ്സുമുണ്ടെങ്കിൽ നിങ്ങൾക്കൊരു ജനസേവകനായി തീരാം."

  അത്തരമൊരു ജനസേവകനാകാനുള്ള പടയൊരുക്കത്തിലാണോ രാഹുൽ?  പദയാത്രയ്ക്കിടെ, അദ്ദേഹം പലപ്പോഴും ആവർത്തിച്ചുരുവിട്ട  മന്ത്രം, "വെറുപ്പിന്റെ വിപണിയിൽ, ഞാൻ സ്നേഹത്തിന് ഒരു കൗണ്ടർ തുറക്കുന്നു." എന്നുള്ളതാണ്. ആ സ്നേഹം ഇന്ത്യയിലുടനീളം വ്യാപിക്കുകയും മാനവികതയെ സ്പർശിക്കുകയും രാജ്യത്തെ  1.4 ബില്യൺ ജനങ്ങൾക്ക് സമാധാനത്തിന്റെയും ഐക്യത്തിന്റെയും വിളവ് ലഭിക്കുകയും ചെയ്യട്ടെ. ഇന്ത്യയിലെ ജനങ്ങൾ ഉണർന്ന് ഈ സൗരഭം ആസ്വദിക്കേണ്ട സമയമാണിത്!

 

Join WhatsApp News
Jayan.varghese 2023-05-27 18:17:38
അശ്വ രഥത്തിൽ എഴുന്നള്ളുന്നു ശില്പീ, യുഗ ശില്പീ! ശ്രീ രാഹുൽ ഗാന്ധിക്ക് അമേരിക്കൻ മനസ്സിലേക്ക് സ്വാഗതം! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക