Image

ഇന്‍ഡ്യയുടെ പുതിയ പാര്‍ലിമെന്റും സവര്‍ക്കുറും നല്‍കുന്ന സന്ദേശം( ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 27 May, 2023
ഇന്‍ഡ്യയുടെ പുതിയ പാര്‍ലിമെന്റും സവര്‍ക്കുറും നല്‍കുന്ന സന്ദേശം( ദല്‍ഹികത്ത്: പി.വി.തോമസ്)

ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് പുതിയ ഒരു ദേവാലയം- പാര്‍ലിമെന്റ്-തുറന്നു കിട്ടുകയാണ്. അത് ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്, മെയ് 28-ാം തീയതി. ഗവണ്‍മെന്റ് ഈ ദിവസം തെരഞ്ഞെടുക്കുവാനുള്ള കാരണം അന്നാണ് ഹിന്ദുരാഷ്ട്രപിതാവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപജ്ഞാതാവും ആയ വിനായക് ദാമോദര്‍ സവര്‍ക്കറുടെ 140-ാം ജന്മ വാര്‍ഷീകം. സവര്‍ക്കര്‍ ഹിന്ദു രാഷ്ട്ര പിതാവ് മാത്രമല്ല, അദ്ദേഹം രാഷ്ട്രപിതാവ്, മഹാത്മജിയുടെ ഘാതകരുടെ പ്രതിപട്ടികയില്‍ ഏഴാം സ്ഥാനീയനും ആയിരുന്നു. പുതി യ പാര്‍ലിമെന്റ് കമനീയമായ ഒരു മന്ദിരം ആണ്. ചിലവ് ഇരുപതിനായിരം കോടിരൂപ. പ്രൗഢഗംഭീരമായ പഴയ പാര്‍ലിമെന്റ് കെട്ടിടം ഉള്ളപ്പോള്‍ പുതിയ ഒന്നിന്റെ ആവശ്യം ഇല്ലെന്ന് പ്രതിപക്ഷം വാദിച്ചിരുന്നെങ്കിലും ഇത് ഒരു ദുര്‍വ്യയം അല്ല കാലത്തിന്റെ ആവശ്യമാണെന്ന് മറുവാദമുന്നയിച്ചുകൊണ്ടാണ് മോദി ഗവണ്‍മെന്റ് ഈ പ്രോജക്ടുമായി മുമ്പോട്ടു പോയത്. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം അത് സഫലമായിരിക്കുന്നു. വിവാദത്തിലൂടെ ഉടലെടുത്ത പുതിയ പാര്‍ലിമെന്റിന്റെ ഉദ്ഘാടനചടങ്ങും വിവാദത്തില്‍ മുങ്ങി നില്‍ക്കുകയാണ്. ഇരുപതിലേറെ പ്രതിപക്ഷകക്ഷികള്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചിരിക്കുകയാണ്. അവരുടെ വാദഗതി പ്രകാരം  ഉദ്ഘാടനം നടത്തേണ്ടത് പ്രധാനമന്ത്രി അല്ല രാഷ്ട്രപതിയാണ്. കാരണം പ്രോട്ടോക്കോള്‍ അനുസരിച്ച് രാഷ്ട്രപതിയാണ് പുതിയ പാര്‍ലിമെന്റ് രാഷ്ട്രത്തിന് സമര്‍പ്പിക്കേണ്ടത്. കാരണം പാര്‍ലിമെന്റ് എന്നു പറഞ്ഞാല്‍ രാഷ്ട്രപതിയും ലോകസഭയും രാജ്യസഭയും അതിന്റെ അധ്യക്ഷന്മാരും ആണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഇന്‍ഡ്യയുടെ ആദ്യത്തെ ഗോത്രവര്‍ഗ്ഗക്കാരിയായ പ്രസിഡന്റ് ആണ്. അതിനാല്‍ ഈ കര്‍മ്മത്തിന് ഏറ്റവും അനുയോജ്യ അവര്‍ തന്നെയാണെന്ന് പ്രതിപക്ഷം വാദിച്ചെങ്കിലും വിലപ്പോയില്ല. കാരണം ഈ ചടങ്ങ് സവര്‍ക്കറിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന് ഒന്നായിട്ടാണ് ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം തെരഞ്ഞെടുക്കുക വഴി നിശ്ചയിച്ചിരിക്കുന്നത്. ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും രാഷ്ട്രപ്രതി പുരുഷനായ സവര്‍ക്കറിന് ആദരാജ്ഞലി അര്‍പ്പിക്കേണ്ടത് മോദി തന്നെ ആണെന്ന്  ഗവണ്‍മെന്റ നിശ്ചയിച്ചാല്‍ അതില്‍ എന്തു തെറ്റ്? പ്രതിപക്ഷം സവര്‍ക്കര്‍ വിഷയം പ്രതിഷേധത്തിനായി തെരഞ്ഞെടുത്തില്ല. കാരണം സവര്‍ക്കര്‍ ഇപ്പോള്‍ തന്നെ പഴയ പാര്‍ലിമെന്റില്‍ ഉണ്ട്. 2003 ഫെബ്രുവരി26ന് ഏ.ബി.വാജ്‌പേയ് പ്രധാനമന്ത്രി ആയിരുന്ന മുന്‍ ബി.ജെ.പി. ഭരണകാലത്ത് സവര്‍ക്കര്‍ മഹാത്മഗാന്ധിക്ക് ഒപ്പം പാര്‍ലിമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒരുഛായാചിത്രമായി സ്ഥാനം പിടിച്ചിരുന്നു. അന്നും പ്രതിപക്ഷം ഇതിനെ എതിര്‍ത്തിരുന്നെങ്കിലും വിലപ്പോയില്ല. 1927-ല്‍ ഏതാണ്ട് 100 വര്‍ഷങ്ങള്‍ക്കു മുമ്പ് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പഴയ പാര്‍ലിമെന്റ് ഇനി ചരിത്രമാവുകയാണ്, പുരാവസ്തു ആവുകയാണ്. പുതിയ പാര്‍ലിമെന്റ് പണിതിരിക്കുന്നത് 130 വര്‍ഷം വരെയെങ്കിലും നിലനില്‍ക്കുവാനാണ്. 150 ശതമാനം വര്‍ദ്ധിച്ച ഇരിപ്പിട സൗകര്യവും ഉണ്ട് അതില്‍ എം.പി.മാര്‍ക്കായി. തൊട്ടടുത്ത് പിന്നിലായി സ്ഥിതി ചെയ്യുന്ന പഴയ പാര്‍ലിമെന്റ് മന്ദിരത്തിന് വലിയ ഒരു ചരിത്രമുണ്ട് പറയുവാനായി. പണ്ഡിറ്റ് നെഹ്‌റുവും ലാല്‍ ബഹുദീര്‍ ശാസ്ത്രിയം ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മോറാര്‍ജി ദേശായിയും തുടങ്ങിയ മഹാസാരഥികള്‍ ഇവിടെയാണ് ഭരണം നടത്തിയിരുന്നതും നിയമനിര്‍മ്മാണം നടത്തിയതും. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിന്റെ ഭീമാകാരമായ തൂണുകള്‍ അകമ്പടിനില്‍ക്കാനയി ഗംഭീരമായ ഇടനാഴികയിലൂടെയും സെന്‍ട്രല്‍ ഹാളിലെയും  രാജ്യസഭയിലെയും ലോകസഭയിലെയും പ്രസ്ഗ്യാലറിയില്‍ ഏറെ സമയം ചിലവഴിച്ചിട്ടുണ്ട് ലേഖകന്‍. ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങള്‍ക്കും വാശിയേറിയ ഡിബേറ്റുകള്‍ക്കും സാക്്ഷ്യം വഹിച്ചിട്ടുണ്ട്. അതെല്ലാം ഒരു കാലഘട്ടം. സ്വപ്‌നതുല്യമായ പുതിയ പാര്‍ലിമെന്റിന്റെ ഉദ്ഘാടനം ഹിന്ദുത്വ ആചാര്യനും ഹിന്ദുരാഷ്ട്ര ഉപജ്ഞാതാവും ആയ വിനായക് ദാമോദര്‍ സവര്‍ക്കറിന്റെ ജന്മ വാര്‍ഷികത്തില്‍ നടത്തുക വഴി ബി.ജെ.പി. ഗവണ്‍മെന്റ് ശക്തമായ ഒരു സന്ദേശം ആണ് രാഷ്ട്രത്തിനു നല്‍കുന്നത്. രാജ്യം ഏതു ദിശയിലേക്ക് ആണ് നീങ്ങുന്നതെന്ന് വ്യക്തവും ദൃഢവുമായ ഭാഷയില്‍ ഒരു സന്ദേശം നല്‍കുകയാണ് ഇനിയും സംശയം ഉള്ളവര്‍ക്ക്. സവര്‍ക്കറുടെ ഹിന്ദുത്വ ഒരു രാഷ്ട്രീയതത്വദര്‍സനം ആണ്. അതിന് മതവുമായി യാതൊരു ബന്ധവും ഇല്ല. സവര്‍ക്കര്‍ തന്നെ ഒരു നിരീശ്വരവാദി ആയിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയദര്‍ശനം ചരിത്രത്തെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമായിട്ടാണ് കണ്ടിരുന്നത്. 1989-90 ല്‍ ബി.ജെ.പി. ഹിന്ദുത്വ അതിന്റെ രാഷ്ട്രീയനയമായി അംഗീകരിച്ചു. 2002-ല്‍ എല്‍.കെ. അദ്വാനി സവര്‍ക്കറെ ഒരു നാഷ്ണല്‍ ഹീറോ ആയി പ്രഖ്യാപിച്ചു. സവര്‍ക്കര്‍ ആന്റമാനിലെ സെല്ലുലര്‍ ജയിലില്‍ നിന്നും മോചിപ്പിക്കപ്പെടുവാനായി ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത്  അവര്‍ക്ക് സേവ ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തതൊക്കെ ബി.ജെ.പി.യും അദ്വാനിയും മറന്നു. അദ്ദേഹം ഒരു ദേശീയ നായകനല്ല സ്വാതന്ത്ര്യസമരത്തെ തുരങ്കം വച്ച ദേശദ്രോഹി ആണെന്ന് അവര്‍ വിശ്വസിച്ചു. ഏതായാലും അദ്വാനി സവര്‍ക്കറുടെ ഹിന്ദുത്വയും സാംസ്‌ക്കാരിക ദേശീയതയും അയോദ്ധ്യരഥയാത്രയ്ക്കും ബാബരി മസ്ജിദ് ഭേദനത്തിനും 1992-ല്‍ ഉപയോഗിച്ചു. ഒരു രാജ്യത്തെ വീണ്ടും കുത്തി പിളര്‍ന്നു. അന്തമില്ലാത്ത വേദനയിലേക്കും യാതനയിലേക്കും തള്ളിവിട്ടു. പക്ഷേ, ഈ തത്വശാസ്ത്രത്തിന് ആര്‍.എസ്.എസിനും അതിന്റെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പി.ക്കും ഇന്‍ഡ്യയുടെ ഭരണം പിടിച്ചെടുക്കുവാന്‍ സഹായിക്കുവാനായി. സവര്‍ക്കര്‍ ഇന്‍്ഡ്യന്‍ ദേശീയത എന്ന ആശയത്തിനെതിരായിരുന്നു. അദ്ദേഹം ഹിന്ദുദേശീയതയില്‍ ആണ് വിശ്വസിച്ചിരുന്നത്. അതുപോലെ തന്നെ സാംസ്‌ക്കാരിക ദേശീയതയിലും. സവര്‍ക്കറെ ദേശീയ നേതാവായി പ്രതിഷ്ഠിക്കുവാനുള്ള ബി.ജെ.പിയുടെ നീക്കം മഹാത്മജിയെയും അദ്ദേഹത്തിന്റെ ഇന്‍്ഡ്യന്‍ ദേശീയതയെയും സ്ഥാനഭ്രഷ്ടമാക്കുവാനായിരുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലും ജസ്റ്റീസ് ജീവന്‍ലാല്‍ കപൂര്‍ കമ്മീഷനും രേഷപ്പെടുത്തുകയുണ്ടായി സവര്‍ക്കര്‍ ആണ് മഹാത്മജിയെ വധിക്കുവാനുള്ള ഗൂഢാലോചനയ്ക്ക്് നേതൃത്വം നല്‍കിയതെന്ന്. ഗാന്ധിവധക്കേസില്‍ ഏഴാം പ്രതിയായ സവര്‍ക്കര്‍ തൂക്കുമരത്തില്‍ നിന്നും രക്ഷപ്പെട്ടത് ചില സാങ്കേതിക കാരണങ്ങളാല്‍ ആണ്. അദ്ദേഹത്തിന്റെ ശിഷ്യതുല്യനായ നാഥുറാം ഗോഡ്‌സെയും മറ്റും തൂക്കിക്കൊല്ലപ്പെടുകയും ചെയ്തു. സവര്‍ക്കറുടെ ഹിന്ദുത്വ ജന്മമെടുത്ത് 1923-ല്‍ ആണ്. ഹിന്ദുത്വം; ആരാണ് ഒരു ഹിന്ദു? എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് വിസതരിക്കുന്നുണ്ട്. അത് രണ്ടു രാജ്യ തിയറിയും വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഭീതിയുടെയും ബീജം വിതച്ചു. 1939 ഒക്ടോബര്‍ 9-ന് സവര്‍ക്കര്‍ വൈസ്രോയി ലോഡ് ലിന്‍ലിതഗോവിനെ ബോംബെയില്‍ വച്ച് കണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന് എല്ലാ സഹായവും ചെയ്തു. കാരണം സവര്‍ക്കറിന് നല്ല നിശ്ചയം ഉണ്ടായിരുന്നു മഹാത്മഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്‍ഡന്യന്‍ സ്വാതന്ത്ര്യസമരം ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുകയില്ലെന്ന്. ക്വിറ്റ് ഇന്‍ഡ്യ സമരത്തിനുമുമ്പുള്ള 1942-ലെ എ.ഐ.സി.സി. സമ്മേളനത്തില്‍ മഹാത്മജി വ്യക്തമാക്കിയിരുന്നു അദ്ദേഹവും സവര്‍ക്കറും നേരെ എതിരെയുള്ള രണ്ട് വീക്ഷണങ്ങള്‍ ആണ് വച്ചു പുലര്‍ത്തുന്നതെന്ന്. സവര്‍ക്കര്‍ 1947, ജൂലൈ 22-ന് കോണ്‍സ്റ്റിറ്റ്്യൂവന്റ് അസംബ്ലി അംഗീകരിച്ച ഇന്‍ഡ്യയുടെ ദേശീയപതാകയെ നിരാകരിച്ചിരുന്നു. ഞാന്‍ വ്യക്തമായിട്ടും പറയുന്നു ഇത് ഹിന്ദുസ്ഥാന്റെ ദേശീയ പതാകയായി അംഗീകരിക്കുവാന്‍ എനിക്ക് ഒരിക്കലും സാധിക്കുകയില്ല. ബ്രിട്ടീഷുകാരുടെ സൃഷ്ടിയായ ഇന്‍ഡ്യന്‍ യൂണിയനും കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയും ആണ് അത് ദേശീയ പതാകയായി അംഗീകരിച്ചത്. ജനങ്ങള്‍ അല്ല, ഒരു ജനങ്ങളുടെ ഹിത പരിശോധനയും അല്ല, സവര്‍ക്കര്‍ വാദിച്ചു. ഇന്‍ഡ്യയുടെ ദേശീയ പതാക കുണ്ഡലീനിയും കൃപാണും മുദ്രണം ചെയ്തിട്ടുള്ള കാവിക്കൊടി ആയിരിക്കണം, അദ്ദേഹം വാദിച്ചു. ഇത് നമ്മുടെ പാരമ്പര്യത്തെ വെളിപ്പെടുത്തും. അത് ഹിന്ദുചരിത്രത്തിന്റെ ഒരു വിശാലകാഴ്ച നല്‍കും. അത് ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ആരാധിക്കുന്നത് ആണ്. ഹിമാലയത്തിന്റെ ഉയരങ്ങള്‍ മുതല്‍ തെക്ക് കടലുകള്‍ വരെ പാറിപ്പറക്കുന്നതാണ്. ഈ ഭാഗവ(കാവി) പാതാകയില്ലാതെ ഒന്നും ദേശീയ പതാകയായി അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. സവര്‍ക്കര്‍ ഉറപ്പിച്ചു പറഞ്ഞു.

പുതിയ പാര്‍ലിമെന്റ് മന്ദിരം അത് ഉദ്ഘാടനം ചെയ്യുന്നതല്ല പ്രധാന വിഷയം. സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറിന്റെ ഛായാചിത്രം അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം അനാവരണം ചെയ്തതുപോലെ ഇതു ആദ്യത്തെ ആദിവാസി രാഷ്ട്രപതിയായ ദ്രൗപതി മുര്‍മ്മു ചെയ്യുന്നതുപോലെ തന്നെ ആയിരുന്നു ഉചിതം. പക്ഷേ, അതിലും വലിയ ചോദ്യം സവര്‍ക്കറും ഇതും തമ്മിലുള്ള ബന്ധം എന്താണെന്നുള്ളതാണ്. എന്തു സന്ദേശം ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്? സവര്‍ക്കര്‍ രക്ഷപ്പെടുവാനുള്ള ഒരു കാരണം 39-ാം നമ്പര്‍ പ്രതി ദിഗംബര്‍ ബാഡ്‌ജെ മാപ്പുസാക്ഷി ആയി കോടതിയെ ബോദ്ധ്യപ്പെടുത്തിയ ഗൂഢാലോചന രഹസ്യങ്ങള്‍ സ്ഥിരീകരിക്കുവാന്‍ സ്വതന്ത്രസാക്ഷികള്‍ ആരും ഉണ്ടായിരുന്നില്ല എന്നതാണ്. ഇവിടെ മറ്റൊരു വിധി ന്യായം ഉദ്ധരിക്കാം. എല്ലാ ഗൂഢാലോചനകളിലും ഒരു നേരിട്ടുള്ള തെളിവ് ഉണ്ടാകാറില്ല, ഉണ്ടാവുകയുമില്ല. പ്‌ക്ഷേ, സാഹചര്യ തെളിവുകള്‍ ആണ് ഇവിടെ പ്രധാനം. ഇങ്ങനെയാണ് പാര്‍ലിമെന്റ് ആക്രമണക്കേസിലെ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷിക്ക് വിധിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക