Image

കാകോപനിഷത്ത്  (അനിത പണിക്കര്‍-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ))

Published on 28 May, 2023
കാകോപനിഷത്ത്  (അനിത പണിക്കര്‍-അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ))

ഗോമതി വിലാസത്തിന്റെ തെക്കുകിഴക്കേ മൂലയില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പേരമരത്തിന്റെ കൊമ്പിലിരുന്നാല്‍ വീടിന് അകത്തുംപുറത്തുമായി നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും കാണാം. ആര്‍ത്തു നില്‍ക്കുന്ന ഇലകളുടെ ഇടയിയില്‍ക്കൂടി എന്‍റെ ഈ കറുത്ത തൂവല്‍ ആര്‍ക്കും കാണാന്‍ കഴിയില്ല, ഇതാണെന്‍റെ ഒളിത്താവളം!  
പപ്പുനായരുടെ നിര്‍ത്താതുള്ള ആവലാതികള്‍ തെക്കിനിയില്‍ നിന്നും  പിന്നെയും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കഷണ്ടി തലയില്‍ തടവിക്കൊണ്ടുള്ള ചറപറാ നടത്തവും കാണാം. 
‘മോനേ സുകൂ, നീ ആ ഏറേത്തൂന്ന് അങ്ങോട്ട്‌ ഇറങ്ങി നിന്ന് കൈകൊട്ടിക്കെ. കണ്ണാ, കുട്ടിയവിടെ അങ്ങിനെപമ്മി നിന്നാല്‍ അവയൊന്നും അടുത്തുവരുകേല. എന്‍റെ ഭഗവാന്‍മാരേ, ഈ ബലിക്കാക്കകളൊക്കെ എവിടെപോയി ചത്തൊടുങ്ങിയോ!’ 
ശ്രീധരന്‍നായരുടെ അച്ഛനാണ് പപ്പുനായര്‍. വയസ്സ് തൊണ്ണുറു കവിയുമെങ്കിലും നല്ല ആരോഗ്യവും അതിനൊത്ത ചുറുചുറുക്കുമുണ്ട്. വീട്ടുഭരണവും നാട്ടുഭരണവും ആളിന് ഇത്തിരി കൂടിപ്പോയോ എന്ന് അയല്‍വാസികള്‍ അടക്കം പറഞ്ഞുകേള്‍ക്കുന്നു.
ആ വീട്ടിലെ ഗൃഹനാഥനായിരുന്ന ശ്രീധരന്‍നായര്‍ ചത്തിട്ട് ഇന്നേക്ക് പതിനാറ്. അയാളുടെ അടിയന്തിരത്തിനു കൂടിയിരിക്കുന്ന ആളുകളെക്കൊണ്ട് ഗോമാതീവിലാസം നിറഞ്ഞുകവിഞ്ഞിരിക്കുന്നു. വെറുതെയൊരു സദ്യ കിട്ടുമെന്നോര്‍ത്തിട്ടാവണം ഇത്രേം ആളുകള്‍ കൂടിയിരിക്കുന്നത്, അല്ലാതെ അയാളുടെ സല്‍പ്രവര്‍ത്തി കൊണ്ടൊന്നുമല്ലെന്നുറപ്പിച്ചു പറയാം.  ഞങ്ങള്‍ കാക്കകള്‍ കൂട്ടത്തിലുള്ള ഒരാള്‍ക്ക്‌ ഒരപകടം പിണഞ്ഞാല്‍ സര്‍വതും  ഉപേക്ഷിച്ചു സഹായത്തിന് ഓടിയെത്തും. പിന്നെ ചര്‍ച്ചകളും, തീരുമാനങ്ങളെടുക്കലും, മരണമെങ്കില്‍ കൂട്ടക്കരച്ചിലും ഒക്കെയാണ്.  എന്നാല്‍ ഇവിടെ എത്തിയിരിക്കുന്ന ഒറ്റ എണ്ണത്തിന്റെ മുഖത്തും ദുഖത്തിന്‍റെ ഒരു ലാഞ്ചന പോലും കാണുന്നില്ല. നേരെമറിച്ച്
ഗോമതീവിലാസത്തിന് ആകെ ഒരു ഉണര്‍വ് കിട്ടിയിട്ടുണ്ട്. ഒരു ചത്ത വീടുപോലെയല്ലന്നേയുള്ളൂ!
കിഴക്കേ മുറ്റത്ത്‌ ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന വലിയ പന്തല്‍. അവിടെ കസേരകളും അവയില്‍ അമര്‍ന്നിരുന്നു കുശലം പറഞ്ഞിരിക്കുന്ന കാരണവന്‍മാരും. വടക്കേ ചാര്‍ത്തില്‍ സദ്യ ഒരുക്കത്തിനിടയില്‍ തമ്മിലടിച്ചു കലഹിക്കുന്ന പാത്രങ്ങളും ദേഹണ്ണക്കാരും. പിന്നെ ബന്ധുക്കളുടെ ബഹളവും അയല്‍വാസികളുടെ അടക്കംപറച്ചിലും, പിള്ളേരുടെ കോലാഹലവും കൂടി ചേര്‍ന്നപ്പോള്‍, ഒരു പ്രൌഡ ഗംഭീര തറവാടി അടിയന്തിരത്തിന്‍റെ എല്ലാം ചുറ്റുവട്ടങ്ങളുമായിട്ടുണ്ട്.
പപ്പു നായര്‍ വീണ്ടും കൊച്ചു മകനോട്  ‘കണ്ണാ കുസൃതി കാട്ടാണ്ടിരിക്കൂ. ആ ബാലിക്കാകള്‍ വന്നു കൊത്തിത്തിന്നോട്ടെ’.  
ഓ,,, ഇയാള് പറയുന്നതു കേട്ടാല്‍തോന്നും വിളിച്ചാലുടന്‍ ഞങ്ങള്‍  ഓടിവന്നു അയാളുടെ ബലിച്ചോറ് തിന്നുമെന്ന്! ദുഷ്ടനും ക്രൂരനും സ്ത്രീലബടനുമായ ശ്രീധരന്‍നായരുടെ ബലിച്ചോറ്! ഈ ശ്രീധരന്‍നായര്‍ ഒരിക്കലെങ്കിലും ഓര്‍ത്തിട്ടുണ്ടോ ഞങ്ങടെ ആവശ്യം എന്നെങ്കിലും ഇയാള്‍ക്ക് ഉണ്ടാവുമെന്ന്? എന്തായിരുന്നു അയാളുടെ ഒരു തണ്ട്? ചത്തപ്പോള്‍ കൂടെ കൊണ്ടുപോയോ അയാളുടെ പുഴുക്ക നെല്ലും, ഉണക്ക തേങ്ങായും, ചെമ്മീന്‍ പരിപ്പും കൊണ്ടാട്ടവുമൊക്കെ? 
ഇപ്പൊ, ശ്രീധരന്‍നായരുടെ തന്ത പപ്പുനായര്‍, മോന്‍ സുകു, കൊച്ചുമോന്‍ കണ്ണന്‍ അങ്ങിനെ എല്ലാവരും നിരന്നു നിന്ന് എത്രസ്നേഹത്തോടെയാ മാറി മാറി വിളിക്കുന്നത്, ‘ബ്വാ കാക്കേ’ ‘ബ്വാ കാക്കേന്ന്! ചത്തുകഴിഞ്ഞപ്പം ദാ ഞങ്ങളെ വേണം, മോക്ഷപ്രാപ്തിക്ക്!
ശ്രീധരന്‍നായരുടെ ഭാര്യ ഗോമതി ചേച്ചി എന്തു സ്നേഹമുള്ള സ്ത്രീ ആയിരുന്നു. അവരുണ്ടായിരുന്നപ്പോള്‍ ആഹാരത്തിന് ഞങള്‍ക്ക് ഒരിക്കല്‍പ്പോലും മുട്ടുണ്ടായിട്ടില്ല. മാസത്തിലൊരിക്കലെങ്കിലും ഗോമതി ചേച്ചി നെല്ലു പുഴുങ്ങുമായിരുന്നുവെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മ നെല്ലു  കൊത്താന്‍ പറന്നു ചെന്ന് പായയില്‍  ഇരുന്നാല്‍ ഗോമതി ചേച്ചി വേലക്കാരി സരോജിനിയോടു പറയുമായിരുന്നു, പാവം ഇത്തിരി കൊത്തിക്കോണ്ടു പൊക്കോട്ടെടീന്ന്. ആ സരോജിനി ഒരു അസത്താ. അവള്‍  കൈയ്യില്‍ കിട്ടുന്നതൊക്കെ എടുത്ത് ഗോമതിചേച്ചി കാണാതെ  അമ്മേ എറിയുമായിരുന്നത്രേ. 

ഗോമതി ചേച്ചിയുടെ മരണം പെട്ടന്നായിരുന്നു. നല്ല കാര്യങ്ങള്‍ മാത്രം ചെയ്തിരുന്ന ഒരു പാവം സ്ത്രീ. അവര്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചെന്നു ആ ബലിച്ചോറുണ്ണാന്‍. അവര്‍ക്ക് തീര്‍ച്ചയായും മോക്ഷം കിട്ടിക്കാണണം! ദുഷ്ടനും, പരമ നാറിയുമായ ശ്രീധരന്‍നായരുടെ കാര്യം അങ്ങിനെയല്ലല്ലോ!
‘കണ്ണാ, നീ അവിടെ നിന്നു വികൃതി കാട്ടിയാല്‍ ആ ബലിക്കാക്കള്‍ പേടിച്ചിട്ടു വരില്ല.’ 
കാര്‍ന്നോരെ.. പോയി വല്ല പണീം നോക്ക് എന്ന് പറയാന്‍ വേണ്ടി വായ തുറന്നതാ..  
‘മുത്തശ്ശാ, എന്തിനാ ഈ കാക്കേ വിളിക്കുന്നേ? എന്താ ഈ ബലിക്കാക്ക മുത്തശ്ശ? ആ പാവം ചക്കിപൂച്ച വന്നു തിന്നോട്ടേ പ്ലീസ്...” 
വല്ല പട്ടിയേയും പൂച്ചയേയും പോലല്ല ഞങ്ങളെന്ന് കാര്‍ന്നോരു കൊച്ചുമോനു പറഞ്ഞു കൊടുക്കട്ടെ.  പിണ്ഡം പൂച്ചതന്നെ തിന്നുക യാവും  ശ്രീധരന്‍നായരുടെ ചെയ്തികള്‍ക്ക് ഉത്തമം!
‘അതോ, കണ്ണാ.. ആ വെച്ചിരിക്കുന്ന ബലിച്ചോറില്ലേ, അതു ബലിക്കാക്കകള്‍ കഴിച്ചാല്‍, നിന്‍റെ ചത്തുപോയ അപ്പൂപ്പന്‍ കഴിച്ച പോലെയാവും.’
‘അയ്യോ, കറുകറുത്ത കാക്കയോ, മുത്തശ്ശാ? ഹഹഹാ...’
ചെക്കന്‍റെ ഒരു ചിരിയേ!
‘ആ മോനേ... ഈ ബലിക്കാകള്‍ക്ക് പക്ഷികളില്‍ വെച്ച് ഏറ്റവും ബുദ്ധിയും വിവേകവും ഉണ്ടത്രേ. അതുകൊണ്ടാണ്  ദൈവം കാക്കകളെ ഇങ്ങനെ ഒരു ജോലി ഏല്‍പ്പിച്ചത്. ഈ കാക്കകളിലൂടെ മരിച്ചവരുടെ ആത്മാവിന് നമ്മളെ കാണാന്‍ പറ്റും കേട്ടോ. എന്തോ ശ്രീധരന്നു പിടിക്കാത്തത് നമ്മള്‍ ചെയ്തിട്ടുണ്ടാവും,, അതോണ്ടാവും അയാള്‍ ബാലിച്ചൊരു തൊടാന്‍ കൂടി കൂട്ടാക്കാത്തത്, എന്താ ഇപ്പൊ ചെയ്യാ ഭഗവാനേ..’
‘അയ്യോ... മുത്തശ്ശ, അപ്പൂപ്പന്‍റെ മുറിയൊക്കെ ഞാന്‍ മെസ്സപ്പ് ആക്കിയല്ലോ. കാക്ക അതൊക്കെ ചെന്നു പറഞ്ഞു കൊടുക്കുമോ??’ 
കൊച്ചിനതാ പേടി! അപ്പൂപ്പനെ അവന് അത്ര പിടുത്തമാ യിരുന്നില്ലല്ലോ. എന്തിനും അവനോട് ദെഷ്യപ്പെടുന്നതു കാണുമ്പൊള്‍ ഞങള്‍ക്കൊക്കെ സങ്കടം തോന്നുമായിരുന്നു. 
കാര്‍ന്നോരുടെ വിചാരം ദുഷ്ടനായ ശ്രീധരന്‍നായരുടെ ആത്മാവാണ് ഞങളെയങ്ങ് കണ്ട്രോള്‍ ചെയ്യുന്നതെന്നാ! 
എന്തൊക്കെ ശുദ്ധ അബദ്ധങ്ങളാ ഈ മനുഷ്യര്‍ പഠിച്ചു വെച്ചിരിക്കുന്നത്!! 
കൊച്ചുമോന് മുത്തശ്ശനെടുത്ത ഈ സ്റ്റഡിക്ലാസ്സ്‌, കാര്‍ന്നോരു സ്വന്തം മോന് പണ്ടേ എടുത്തിരുന്നേല്‍  ഇന്ന് മോന്‍റെ പിണ്ഡവും വെച്ചു തേരാപ്പാരാ നടക്കണ്ട കാര്യം വരുമായിരുന്നോ? 
അച്ഛനോട് ശ്രീധരന്‍നായരു കാണിച്ച ദുഷ്ടത ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ദേഷ്യം കൊണ്ട് ശരീരത്തിലെ ഓരോ തൂവലും എഴുന്നു നില്‍ക്കുന്നു... 
ഗോമതി ചേച്ചിയുടെ മരണ ശേഷം സരോജിനിയുടെ ഭരണമായി വീട്ടില്‍.  ഒരു ദിവസം തേങ്ങ ഉണക്കാനിട്ടിരുന്ന പായയുടെ അടുത്ത് ശ്രീധരന്‍നായരേ പിടിച്ചിരുത്തിയിട്ട് അവളു പറഞ്ഞു  – കണ്ണു വെട്ടിച്ചാല്‍ ആ നാശം പിടിച്ച കാക്കകള്‍  എല്ലാം കൊത്തിക്കൊണ്ടു പോവും, ചേട്ടനൊന്നു നോക്കിക്കൊണേ...ന്ന് 
ഗോമതി ചേച്ചിയുണ്ടായിരുന്നപ്പോള്‍ സാറേ..ന്നായിരുന്നു അവളുടെ വിളി അതിപ്പോ ‘ചേട്ടാ..’ ന്നായി.  
മാവിന്‍ കൊമ്പിലിരുന്നു ഞാനും അച്ഛനും രണ്ടിനേം വാച്ചു ചെയ്യുകയായിരുന്നു. ഉണക്ക തേങ്ങായുടെ മണം എന്നെ വല്ലാതെ കൊതിപ്പിച്ചു. അച്ഛനെ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ആ പുതുതേങ്ങാ ഒന്നു ടേസ്റ്റ് ചെയ്യണമെന്ന വാശി എനിക്ക്, വേണ്ടാന്നു അച്ഛനും. പിന്നെ എന്‍റെ ഇഷ്ടത്തിന് വഴങ്ങി, ഞാന്‍ മുന്നെയും അച്ഛന്‍ പിന്നാലെയുമായി  തേങ്ങപ്പൂള് ലക്ഷ്യമാക്കി പറന്നടുത്തതും ആ ദുഷ്ടന്‍ എന്തോ ഒന്നെടുത്ത് വീശി ഒരേറ്. എന്നെയാ  എറിഞ്ഞതെങ്കിലും ചെന്നുകൊണ്ടത്‌ അച്ഛന്. അച്ഛന്‍ പിടഞ്ഞങ്ങു വീണു, എന്‍റെ  പ്രാണന്‍ പോയതുപോലെ തോന്നി. കൂട്ടുകാരെല്ലാം വരാന്‍ ഞാന്‍ കൂകി വിളിച്ചപ്പോഴേക്കും അച്ഛന്‍ രണ്ടു കരണം മറിഞ്ഞ് മെല്ലെ പറന്ന് അടുത്ത മരച്ചില്ലയില്‍ വന്നിരുന്നു. ഭാഗ്യം, അപ്പോഴേക്കും കാക്ക വൈദ്യനും സ്ഥലത്തെത്തി. പിന്നെ എല്ലാരുംകൂടെ അച്ഛനേം കൊണ്ട് വൈദ്യശാലയിലേക്കു പറക്കുകയായിരുന്നു. പക്ഷെ ആ അടിയില്‍ അച്ഛന്റെ ഹാര്‍ട്ടിന് കാര്യമായ എന്തോ തകരാറു പറ്റിയെന്നാണ് വൈദ്യന്‍ പറഞ്ഞത്. അന്നു മുതല്‍ അച്ഛന് തീറ്റ ശേഖരിക്കാന്‍ വയ്യാതായി! 
ശ്രീധരന്‍നായരോട് എങ്ങിനെ പ്രതികാരം ചെയ്യണം എന്നായിരുന്നു പിന്നെ എന്‍റെ ഓരോ നിമിഷത്തെയും ചിന്ത.  
ഗോമതിചേച്ചിയുണ്ടായിരുന്നപ്പോള്‍ തന്നെ ശ്രീധരന്‍നായരുടെ സരോജിനിയുമായുള്ള ചുറ്റിക്കളി ഞങള്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ഞങ്ങളുടെ സ്ഥിരം വൂവിംഗ് ഗ്യാലറിയായ ഈ പേരമരത്തിന്‍റെ കൊമ്പിലില്‍ പല ആംഗിളില്‍ ഇരുന്നാല്‍ വീട്ടില്‍ നടക്കുന്നതൊക്കെ അങ്ങനേ കാണാം. രണ്ടിന്‍റെയും മൂരി ശ്രിംഗാരവും മറ്റും  കാണുമ്പൊള്‍ ഓര്‍ക്കും, അപ്പുറത്തെ ചെക്കന്‍ കാണുന്ന പെമ്പിള്ളാരുടെയൊക്കെ  പടം പിടിച്ചോണ്ടു നടക്കുന്ന ആ മൊബൈല്‍  സൂത്രം ഒന്നു കിട്ടിയിരുന്നേല്‍, കൊറേ പടം പിടിച്ച് എല്ലാരേം കാണിച്ച് രണ്ടിന്‍റെയും കള്ളി വെളിച്ചത്താക്കാമായിരുന്നുവെന്ന്. 
ശ്രീധരന്‍നായരുടെ മോന്‍ സുകു കഴിഞ്ഞ പ്രാവശ്യം അമേരിക്കയില്‍ നിന്നു വന്നപ്പോള്‍ ഈ വകയെല്ലാം അയാളോടു  പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാന്‍  കുറെ ശ്രമിച്ചതാണ്. പിറകുവശത്തെ വാഴത്തൈയില്‍ ഇരുന്ന് അയാളെയും നോക്കി കുറെയേറെപ്പറഞ്ഞു. പക്ഷേ, പോ കാക്കേ എന്നുപറഞ്ഞു ഓടിച്ചുവിട്ടില്ലേ അയാള്‍. ഞാന്‍ പറഞ്ഞതോന്നും അയാള്‍ക്ക്  മനസ്സിലായിട്ടുണ്ടാവില്ല..
അല്ലേലും ഈ മനുഷ്യര്‍ക്ക്‌ ഞങ്ങളെപ്പോലെ ബുദ്ധിയൊന്നുമില്ലല്ലോ!  
‘വാ ബാലിക്കാക്കെ, അപ്പുപ്പന്റെ ചോറ് ഉണ്ണ്, പ്ലീസ്...’ കണ്ണന്‍റെ വിളി!  കണ്ണനൊരു പാവമാ. അമേരിക്കന്‍ കുട്ടിയാണെന്ന യാതൊരു ഭാവവുമില്ല അവന്. കണ്ണന്‍ വരുമ്പോളൊക്കെ ഞങ്ങള്‍ക്ക് സദ്യയാ. ആരും കാണാതെ കൈയ്യില്‍ കിട്ടുന്നതൊക്കെ കൊണ്ടുവന്നു പുറത്തിടും. ബിസ്ക്കറ്റ്, ആലുവ. ഉണ്ണിയപ്പം, പിന്നെ കുക്കീസെന്നോ മറ്റോ അങ്ങിനെ പേരറിയാത്ത കുറെ അമേരിക്കന്‍ സാധനങ്ങളും. 
അയ്യോ ദാ അച്ഛന്‍!!! എന്തിനാ ഈ വയ്യാത്തആള് ഇവിടൊക്കെ കറങ്ങി നടക്കുന്നത്. ആ പറക്കലിന്റെവട്ടം കണ്ടിട്ട് എന്നെ തിരയുന്ന മട്ടുംരീതിയുമുണ്ടെല്ലോ. ഇലകള്‍ക്കിടയില്‍ പമ്മി ഇരിക്കുന്ന എന്നെ കാണാന്‍ വഴിയില്ല. പക്ഷേ, അച്ഛനല്ലേ ആള്. എന്ത് എവിടെ ഇരുന്നാലും കണ്ടുപിടിക്കും. 
ദാ കണ്ടിരിക്കുന്നു!!! പറന്നു അടുത്തു വന്നിരുന്നു. കൊക്കുകൊണ്ടുരുമ്മലും പിന്നെ എന്‍റെ തൂവലില്‍ക്കൂടെ ആ കൊക്കുകയറ്റി ഒരു ഇക്കിളി ഇടലും എല്ലാം കണ്ടിട്ട് എന്തോ കാര്യമായി പറയാനുള്ള പുറപ്പടിലാണെന്നു തോന്നുന്നു.. 
ഒന്നൂടെ ഒട്ടിയിരുന്ന്‍ മന്ത്രിക്കും പോലെ ചെവിയില്‍..’മോനേ, നീഎന്താ ഇവിടെ വന്നിരിക്കുന്നത്? നിന്നെ അവരെല്ലാം വിളിക്കുന്നത് കേള്‍ക്കുന്നില്ലേ?’
ഉണ്ട് അച്ഛാ...അച്ഛനെ ദ്രോഹിച്ച ശ്രീധരന്‍നായരുടെ ബലിച്ചോര്‍ ഞാന്‍ തൊടില്ല. അയാള്‍ക്കുള്ള ശിക്ഷയാണത്. ഒരിക്കലും അയാള്‍ക്കു മോക്ഷം കിട്ടാന്‍ പാടില്ല!   
മോനേ, അങ്ങിനെ പറയരുത്. ദൈവം നമ്മെ വിശ്വാസത്തോടെ ഏല്‍പ്പിച്ച ജോലിയാണിത്‌. നമ്മുടെ പൂര്‍വികര്‍ എത്ര കഷ്ടപ്പെട്ടു നേടിയെടുത്തതാണ് ഈ പദവിയെന്നു മോനറിയാമല്ലോ . ആ മിടുക്കരായ കുയിലുകളെയും, സുന്ദരി മയിലുകളെയും, ബലവാന്‍ പരുന്തിനേയും ഒക്കെ ബുദ്ധി കൊണ്ടു മുട്ടു കുത്തിച്ചാണ് നമ്മള്‍ ഈ പദവി കരസ്ഥമാക്കിയത്. നമ്മള്‍ക്ക് ബലിക്കാക്കകള്‍ എന്ന പേരും അങ്ങിനെയാണു കിട്ടിയത്. നമ്മളിലൂടെയാണ് മരിച്ചവരുടെ ആത്മാവിനു മോക്ഷം കിട്ടേണ്ടത്. നമ്മുടെ ജോലി നമ്മള്‍ ചെയ്തില്ലേല്‍ പിന്നെ ഈ മനുഷ്യരും നമ്മളും തമ്മില്‍ എന്താ വ്യത്യാസം? അതോണ്ട് വാശിപിടിക്കാതെ പോയി ബലിച്ചോര്‍ കഴിക്കു.
പക്ഷേ അച്ഛാ...
അതാണു മോനേ ശരി. ശ്രീധരന്‍നായര്‍ നമ്മുടെ വലിയ ലോകത്തിലെ ഒരു ചെറിയ കണിക മാത്രം. ഇത്ര ചെറിയ കണികയോട് പ്രതികാരം ചെയ്തിട്ട് നമ്മള്‍ എന്തു നേടാനാണ്? മോന്‍ പോയി ബലിച്ചോര്‍ കഴിക്കൂ. അയാളുടെ ആത്മാവിനും മോക്ഷം കിട്ടിപ്പൊക്കോട്ടേ.
ഹാ..! ഈ മനുഷ്യര്‍ എത്ര നിസ്സാരര്‍!! ഇവരുടെ മോക്ഷം വെറും പറവകളായ ഞങ്ങള്‍ ബാലിക്കാകളിലൂടെ!!!  

# AnithaPanicker                                            

Join WhatsApp News
Sudhir Panikkaveetil 2023-05-30 01:03:09
പിതൃക്കായുള്ള പിണ്ഡദാനം സ്വീകരിക്കുന്നത് കാക്കകളാണ്. അതാണ് ഈ കഥയിൽ വിഷയം. പക്ഷെ അതൊരു അന്ധവിശ്വാസമാണെന്നല്ല കഥ പറയുന്നത്. കാക്കകൾക്ക് മനുഷ്യരുടെ മുഖം ഓർക്കാൻ കഴിയുമത്രേ. മരിച്ചുപോയയാൾ അത്ര പുണ്യാളനല്ല അതുകൊണ്ട് കാക്കകൾ അയാളുടെ പേരിൽ കിട്ടുന്ന ബലിച്ചോറു തിന്നാൻ വിസമ്മതം കാണിക്കുന്നു. ഒരു തരം പ്രതികാരം. പക്ഷെ അവർ തന്നെ അതിൽ നിന്നും പിന്മാറുന്നു. നമ്മൾ മനുഷ്യർപോലെയാകരുത്. നമുക്ക് കിട്ടിയ ഉത്തരവാദിത്തം നിറവേറ്റുക. രസകരമായി വായിച്ചുപോകാവുന്ന കഥയും ഒപ്പം ഉപദേശരൂപവും (didactic). അമേരിക്കൻ മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ പ്രസിദ്ധീകരിക്കുന്ന ഇ മലയാളിക്ക് അഭിനന്ദനങ്ങൾ. നാട്ടിലുള്ള എഴുത്തുകാർക്ക് അവാർഡും അംഗീകാരവും കൊണ്ടുകൊടുക്കുന്ന ഇവിടത്തെ സംഘടന ചേട്ടന്മാർ ഇതൊക്കെ വായിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക