Image

മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം (ആസ്വാദനം: ജ്യോതിലക്ഷ്മി നമ്പ്യാർ)

Published on 30 May, 2023
മാധവിക്കുട്ടിയുടെ നീർമാതളം പൂത്തകാലം (ആസ്വാദനം: ജ്യോതിലക്ഷ്മി നമ്പ്യാർ)

കഥയുടെ ഓപ്പോൾ: മലയാളത്തിന്റെ സ്വന്തം 'കഥയുടെ ഓപ്പോൾ' ആകുന്ന മാധവികുട്ടി അക്ഷരസ്നേഹികളുടെ മനസ്സിൽ എന്നും നിത്യവസന്തമാണ്.  കഥാകാരി, കവയിത്രി, നോവലിസ്റ്റ്, കോളമിസ്റ്റ്  എന്നീ വിവിധ ഭാവങ്ങളിൽ ഇന്നും അവർ  മലയാളിക്കൊപ്പം ജീവിക്കുന്നു. മലയാളത്തിൽ എന്ന് മാത്രമല്ല ഇംഗ്ലീഷിലും തന്റെ ഭാവനകളെയും, ചിന്തകളെയും വാക്കുകളിൽ പകർത്താൻ ഈ എഴുത്തുകാരിക്ക് കഴിഞ്ഞു.  ആർക്കും ഇടംപിടിക്കാനാകാത്ത ഒരു സിംഹാസനം മലയാളഭാഷാ തറവാട്ടിൽ  ഉറപ്പിച്ചുകൊണ്ടാണ് മാധവികുട്ടി എന്ന എഴുത്തുകാരി നമ്മോട് വിടപറഞ്ഞത്. അവർക്കുശേഷം  നിരവധി എഴുത്തുകാരികൾക്ക് മലയാളം ജന്മം നൽകിയെങ്കിലും ആ സിംഹാസനം അലങ്കരിക്കാൻമാത്രം ശക്തയായ ഒരു എഴുത്തുകാരി പിറന്നിട്ടുണ്ടോ എന്നത് ആശങ്കാവഹമാണ്. കാരണം ഉച്ചനീചത്വവും, ജാതീയതയും, അസമത്വവും നിലനിന്നിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന മാധവിക്കുട്ടി  ഒരു സ്ത്രീയുടെ പച്ചയായ വികാരവിചാരങ്ങളുടെയും,  മനോകാമനകളുടെയും   യഥാർത്ഥനിറങ്ങൾ    കടലാസിലേക്ക് പകർത്തുമ്പോൾ  സദാചാര ഗുണ്ടകളെയോ, സമൂഹത്തെയോ, കുടുംബബന്ധങ്ങളെയോ ഭയന്ന്  അതിൽ വെള്ളപൂശാൻ ശ്രമിച്ചിരുന്നില്ല.  എഴുതുന്ന വിഷയം പ്രണയമോ, ലൈംഗികതയോ, സ്ത്രീപുരുഷ ബന്ധങ്ങളുടെ പ്രകടമായ ഭാവങ്ങളോ, സമൂഹം മറച്ചുപിടിച്ച കാപട്യങ്ങളോ എന്തുതന്നെയാകട്ടെ അവ തുറന്നെഴുതാൻ അവർ യാതൊരു മടിയോ, സങ്കോചമോ കാണിച്ചില്ല.        അതേസമയം ലിംഗസമത്വവും, സ്ത്രീസ്വാതന്ത്രവും, മതിയാവോളം വിദ്യാഭ്യാസവും എല്ലാമുള്ള   ഈ കാലഘട്ടത്തിൽ സ്വന്തം മനസ്സിനെ കടലാസിൽ പകർത്തുന്ന നേരത്ത് ചുറ്റിലും  നിൽക്കുന്ന സമൂഹത്തിന്റെയും, സംഘടനകളുടെയും, രാഷ്ട്രീയത്തിന്റെയും, സദാചാരഗുണ്ടകളുടെയും ഉണ്ടക്കണ്ണുകളിലെ തറച്ച നോട്ടത്തിൽ ഇന്നത്തെ എഴുത്തുകാരികൾ ചൂളിപ്പോകുന്നു എന്നതാണ് യാഥാർഥ്യം. 

പുരുഷന്റെ മാനസികാവസ്ഥക്കനുസരിച്ച് ചരടുവലിച്ചാൽ ആടുന്ന  പാവകളായിമാത്രം വിലകല്പിച്ചിരുന്ന ഒരു സമൂഹത്തിനു മുന്നിലും  സ്നേഹിക്കപ്പെടാനും, ലാളിക്കപ്പെടാനും ഇഷ്ടപ്പെടുന്ന, വ്യക്തമായ അഭിപ്രായങ്ങളുള്ള ഒരു സ്ത്രീമനസ്സ് ജീവിക്കുന്നു എന്നത് അവരുടെ പല കഥാപാത്രങ്ങളിലൂടെയും അവർ സമൂഹത്തെ അറിയിച്ചു അല്ലെങ്കിൽ മുന്നറിയിപ്പ് നൽകി.  അതുകൊണ്ടു തന്നെ പലപ്പോഴും സ്ത്രീ വിമോചനവാദി ( feminist ) എന്നവരെ വിളിക്കാനും സമൂഹം മടികാണിച്ചില്ല.  

ഒരു തുള്ളി ആത്മാർത്ഥസ്നേഹത്തിനായി അവർ കൊതിച്ചിരുന്നതായി അവരുടെ ഓരോ രചനകളിൽനിന്നും മനസ്സിലാക്കാം. " ജീവിക്കുവാൻ കാരണങ്ങൾ വൃഥാ തേടിക്കൊണ്ട് ഞാൻ മാത്രം എല്ലാവരെയും ഓർമ്മിച്ചുകൊണ്ടു ജീവിക്കുന്നു. കൊടുക്കുവാൻ സമൃദ്ധമായ സ്നേഹം എന്റെ പക്കൽ ഉണ്ടായിരുന്നു. സ്വീകരിക്കുവാൻ തയ്യാറായി ആരും മുന്നോട്ട് വന്നതുമില്ല" , " എന്റെ ജീവിതത്തിന്റെ ഏകാന്തത ഭഞ്ജിക്കുവാൻ ഒരു ദിവസം ഒരാൾ വന്നെത്തുമെന്നും, എന്നും സ്നേഹിക്കാമെന്ന വാഗ്ദാനത്തോടെ അയാൾ എന്നെ കൂട്ടികൊണ്ടുപോകുമെന്നും ഞാൻ ആശിച്ചു. സ്നേഹിക്കപ്പെടാനും അർഹത നേടിത്തരുന്ന യാതൊരു സ്ഥിതിവിശേഷവും എന്നിൽ ഉണ്ടായിരുന്നില്ലെന്ന് അന്ന് ഞാൻ അറിഞ്ഞിരുന്നില്ല. എനിക്ക് വല്ലവരെയും സ്നേഹിക്കണം. എന്റെ ഹൃദയത്തിന്റെ അകത്ത് താങ്ങുവാൻ വയ്യാത്ത ഏതോ ഭാരമുണ്ടെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരുന്നു" ഇത്തരം അവരുടെ രചനകളിലെ വരികൾ ഒരിറ്റു സ്നേഹത്തിനു ദാഹിച്ചിരുന്ന ഒരു വേഴാമ്പൽ ആയിരുന്നു അവരെന്ന് വ്യക്തമാക്കുന്നു.

'ഒരിക്കെലെങ്കിലും ഒരു ക്ഷേത്രനടയിൽ ചെന്നുനിന്നു ആത്മാർത്ഥതയോടെ ദൈവത്തിൽനിന്ന് എന്തെങ്കിലും ആവശ്യപ്പെടുവാൻ എനിക്ക് സാധിച്ചിട്ടില്ല. എന്റെ സ്വകാര്യ ആവശ്യങ്ങൾ നിർവ്വഹിച്ചുതരുന്ന ദൈവം ഏതെങ്കിലും ദേവാലയത്തിലുണ്ടെന്ന് വിശ്വസിക്കുവാൻ വേണ്ട ഹൃദയനൈർമല്യം എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല എന്നതാണ് സത്യം" ഇത്തരത്തിൽ ഒരു   ഭക്തിയെപ്പറ്റിയും അവർ എഴുതിയിട്ടുണ്ട്.  

 " ഞാൻ ആർക്കുവേണ്ടി ജനിച്ചു . ഞാൻ ആർക്കുവേണ്ടി വളർന്നു എന്ന ചോദ്യങ്ങളെന്നെ പലപ്പോഴും അലട്ടി. തെല്ലൊരാശ്വാസം തരുന്ന ഉത്തരം ദൈവം എന്നായിരുന്നു" എന്നവർ എഴുതിയതും മതപരിവർത്തനത്തിന് തയ്യാറായതും ഒരിറ്റു സ്നേഹത്തിനുവേണ്ടി കൊതിച്ചിരുന്ന ഒരു പെണ്മനസ്സിന്റെ  ആസക്തിതന്നെയാകാം എന്ന് അനുമാനിക്കാം.  "എന്റെ കഥ" പോലുള്ള രചനകൾ നടത്താൻ ഞാൻ സ്വീകരിച്ച മതം അനുവദിക്കില്ല എങ്കിലും ഞാൻ അല്ലാഹുവിന്റെ വേലക്കാരിയാണെന്ന്" അവർ എഴുതി സ്വയം ആശ്വസിക്കുന്നതായും കണ്ടു. വ്യക്തിപരമായ ജീവിതം എന്തുതന്നെയായിരുന്നാലും മാധവിക്കുട്ടി എന്ന എഴുത്തുകാരി തന്റെ സ്വതസിദ്ധമായ കഴിവുകളാൽ മലയാളസാഹിത്യ സഞ്ചാരത്തിന്റെ ഓരോ കാലാടിക്കൊപ്പം  ഓർമ്മയായി സഞ്ചാരം തുടരുന്നു. വായിച്ചുകഴിഞ്ഞാൽ ഒരിക്കലും മനസ്സിൽനിന്നും മാഞ്ഞുപോകാത്ത മാധവിക്കുട്ടിയുടെ നിരവധി രചനകളിൽ ഒന്നാണ് 'നീർമാതളം പൂത്തകാലം'  

നീർമാതളം പൂത്തകാലം (ആസ്വാദനം)

നീർമാതളം പൂത്തകാലം എന്ന നോവൽ മാധവിക്കുട്ടി   എന്ന എഴുത്തുകാരിയുടെ വിവാഹപൂർവകാലഘട്ടത്തെലുറിച്ചുള്ള മനസ്സിൽ മാഞ്ഞുമറഞ്ഞുകൊണ്ടിരുന്നു കുറെ നിറമുള്ള ഓർമ്മകളാണ്. നാട്ടിൽ നിന്നും കൽക്കട്ടയിലേക്കും അവിടെ നിന്നും നാട്ടിലേക്കും മാറി സഞ്ചരിക്കുന്ന ബാല്യത്തിന്റെ ഓർമ്മകളെ യാതൊരു വളച്ചുകെട്ടുമില്ലാതെ, തെളിഞ്ഞ വെള്ളംപോലെ വായനക്കാർക്കുവേണ്ടി തൂലികയിലൂടെ ഒഴുക്കുകയാണ്  ഈ രചനയിൽ. നമ്മളിലോരോരുത്തരും കണ്ടുമറന്നതും,  മനസ്സിൽ സൂക്ഷിക്കുന്നതുമായ ചെറിയ നിമിഷങ്ങളെ നമുക്കായി എഴുതിയതായ ഒരു അനുഭവവും ഇതിൽനിന്നും ഉണ്ടാകാം. തന്റെ ഓർമ്മകൾ പങ്കുവക്കുന്നതോടൊപ്പം ജാതീയതയും, ദേശീയ പ്രസ്ഥാനത്തിന്റെ വ്യവസ്ഥിതികളും, വിദേശസംസ്കാരത്തെ കടമെടുക്കാൻ വെമ്പുന്ന ചില ഇന്ത്യക്കാരെയും വരച്ചുകാണിക്കുന്നതിലൂടെ ആ കാലഘട്ടത്തിന്റെ ഒരു കാൽമുദ്രയായും ഇതിനെ കണക്കാക്കാം.   ഇതൊരു നല്ല ഓർമ്മക്കുറിപ്പ് അല്ലെങ്കിൽ ഒരു ഭാഗിക ജീവചരിത്രമായി വായനക്കാരുടെ മനസ്സിൽ എന്നും തങ്ങി നിൽക്കും.

സ്വാതന്ത്ര ലബ്ദിക്ക് മുൻപുള്ള കേരളത്തിലെയും, കൽക്കട്ടയിലെയും ജീവിതത്തെക്കുറിച്ച് പലയിടത്തും പരാമർശിച്ചിരിക്കുന്നതായും   ഈ രചനയിൽ കാണാം.

1997 വയലാർ അവാർഡ് നേടിയതാണ്  ഈ കൃതി.  ഇതൊരു നല്ല ഓർമ്മക്കുറിപ്പും അനുഭവകഥയുമൊക്കെ ആണെന്നാലും ഇതിന്റെ അന്തസത്തയിലേക്ക് ഇറങ്ങിച്ചെന്നു വിലയിരുത്തുമ്പോൾ നാലപ്പാട് എന്ന ഒരു തറവാടിന്റെ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ഓരോ വ്യക്തികളിലൂടെ ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന സമൂഹത്തിലെ കുറെ മനുഷ്യരുടെ യഥാർത്ഥ നിറമാണ് വ്യക്തമാക്കുന്നത്. അവരിലെ നിഷ്കളങ്കതയും വിശ്വാസങ്ങളും, നാട്ടുനടപ്പുകളും, ആചാരങ്ങളും, ജനജീവിതത്തിന്റെ ചട്ടക്കൂടുകളും ഓരോ കഥാപാത്രങ്ങളും നമ്മോട് സംവദിക്കുന്നു.  അതോടൊപ്പം തന്നെ കലി നാരായണൻ, പാറുക്കുട്ടിയമ്മ, മാധവിയമ്മ, വള്ളി, മണ്ണാൻ, പെഗ്ഗി, തോട്ടി, കുഞ്ഞാത്തു, തൃപുര  തുടങ്ങിയ കൽക്കട്ടയിലെ വീടിനോട് ചുറ്റിപറ്റിനിൽക്കുന്ന കഥാപാത്രങ്ങളിലൂടെ വിവരിക്കുന്നത് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഓരോ മനുഷ്യരുടെയും വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും, സ്വഭാവങ്ങളുമാണ്.  ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്ത സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതിൽ ആ കാലഘട്ടത്തിനുള്ള പങ്കും വളരെ വ്യക്തമായി പ്രതിപാദിക്കുന്നു.

ഓർമ്മകളുടെ പ്രയാണം നാട്ടിലും, കൽക്കട്ടയിലെ മാറിമാറിയാകുന്നതിലൂടെ   അന്നുനിലനിന്നിരുന്ന ഉൾനാട്ടിലെ സംസ്കാരവും, പട്ടണത്തിലെ സംസ്കാരവും തമ്മിൽ പല താരതമ്യ പഠനങ്ങളും കടന്നുവരുന്നതായി കാണാം 

പുന്നയൂർക്കുളത്തിന്റെ പൊന്നോമനയായി ജനിച്ച മാധവിക്കുട്ടിക്ക് വെണ്ണപോൽ ഉരുകുന്ന അമ്മമ്മയുടെ സ്നേഹവും, കരുതലും വിട്ട് കല്കട്ടയിലേക്ക് പറിച്ച് നടപ്പെടുമ്പോൾ ഉണ്ടായ മാനസികസംഘർഷങ്ങൾ പല സാഹചര്യങ്ങളിലും വ്യക്തമാക്കപ്പെടുന്നു . കൽക്കട്ടനഗരത്തിന്റെ കാപട്യവും, സ്നേഹരഹിതവും, യാന്ത്രികവുമായ അന്തരീക്ഷം സുഖകരമായി തോന്നിയില്ല. ഗ്രാമത്തിന്റെ ഭംഗിയും, പെൺകുട്ടിയുടെ വളർച്ചയിൽ അത്യധികം ശ്രദ്ധ ചെലുത്തുന്ന അമ്മുമ്മയുമുള്ള സ്നേഹശീതളമായ  അന്തരീക്ഷത്തിൽ ബാല്യത്തിൽനിന്നും കൗമാരത്തിലേക്ക് കാൽവയ്ക്കുന്ന പെൺകുട്ടി നെയ്തുകൂട്ടിയ സ്വപ്നങ്ങളിൽനിന്നും സ്‌കൂൾതുറക്കുമ്പോൾ കൽക്കട്ട പട്ടണത്തിലേക്കുള്ള  യാത്ര അവരറിഞ്ഞ ആദ്യവിരഹത്തിന്റെ വേദനയായിരുന്നു. 

 ഈ കൃതിയിൽ  ഗ്രാമസ്മൃതികൾ പീലിവിടർത്തുന്ന അപൂർവ്വമായ ഒരു ഓർമ്മകുറിപ്പും അതേസമയം ഒരു ഗ്രാമീണ പെൺകുട്ടിയുടെ ഗൃഹാതുരത്വവുമുണ്ട്. അന്ന് കാലഘട്ടത്തിൽ നായർ തറവാടുകളിൽ നിലനിന്നിരുന്ന ആചാരങ്ങളുടെയും,  ജീവിതരീതികളുടെയും ആകെത്തുകയാണ് ഈ രചന എന്നു പറയാം.

നാലപ്പാട്ട് തറവാടിന്റെ ഘടനയും അവിടത്തെ  പ്രകൃതി ഭംഗിയും വിവരിച്ചുകൊണ്ടാണ് ഈ പുസ്തകം തുടങ്ങുന്നത്. ഒന്നുമുതൽ ആറുവരെയുള്ള അധ്യായങ്ങൾ നാലപ്പാട്ട് കുടുംബവൃക്ഷത്തിന്റെ ശാഖകളും, തായ്‌വേരുകളുമൊക്കെ വളരെ വിശാലമല്ലാതെ എന്നാൽ തീരെ ഹ്രസ്വമല്ലാതെ വിവരിക്കുന്നു. ആദ്യത്തെ അധ്യായത്തിൽ കുടുംബങ്ങളുടെ ബന്ധങ്ങളും, ബന്ധങ്ങളിലെ താഴപ്പിഴകളും വിവരിക്കുമ്പോൾ എഴുത്തുകാരി അവരുടേതായ ചില നിഗമനങ്ങൾ അല്ലെങ്കിൽ കാഴ്ചപ്പാടുകളിൽ എത്തിച്ചേരാൻ  ശ്രമിക്കുന്നതായി കാണാം.   കോവിലകത്തെ തമ്പുരാൻ വിവാഹം കഴിച്ച മുത്തശ്ശി പെട്ടെന്നൊരു ദിവസം അതും പത്തൊമ്പതാം വയസ്സിൽ കൈകുഞ്ഞുമായി ഭർത്താവിനെ ഉപേക്ഷിച്ച് തിരിച്ചുവരുന്ന സംഭവം വിവരിച്ചപ്പോൾ " തമ്പുരാൻ മറ്റു സ്ത്രീകളെ ഏതോ ദുർബലനിമിഷത്തിൽ സമീപിച്ചിരിക്കാം" എന്നും,  അതുപോലെത്തന്നെ "വൃത്തിയോടുള്ള ഈ അഭിനിവേശമായിരിക്കാം അവരെ പത്തൊമ്പതാം വയസ്സിൽ ബ്രഹ്മചര്യത്തിലേക്ക് മടങ്ങുവാൻ പ്രേരിപ്പിച്ചത്" എന്നിങ്ങനെയുള്ള നിഗമനങ്ങൾ   എഴുത്തുകാരി നിരത്തുന്നു. "നായർ സ്ത്രീകൾക്ക് ആ കാലത്ത് ഭർത്താവിനോട് തോന്നുന്നതിലും കൂടുതൽ  അടുപ്പം സ്വന്തം ആങ്ങിളമാരോടാണ് തോന്നിയിരുന്നത്" എന്ന് എഴുതിയതിൽനിന്നും   നായർതറവാടുകളിൽ ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന മരുമക്കത്തായസമ്പ്രദായത്തിന്റെ ഒരു നേർചിത്രം പ്രകടമാണ്.  

"മുലകുടിക്കുന്ന കുട്ടി അമ്മയുടെ മറ്റൊരു അവയവമായിത്തീരുന്നു" എന്ന് എന്ന രണ്ടാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നതിൽ ഒരമ്മക്ക് കുട്ടിയോടുള്ള ആത്മബന്ധത്തതിന്റെ ആഴമാണ്. അതുപോലെ "പിന്നീട് ആ ആത്മബന്ധം പുലർത്താൻ കുട്ടിക്ക് സാധിക്കുകയില്ല" എന്ന് മക്കൾക്ക് മാതാപിതാക്കളോടുള്ള ബന്ധത്തെപ്പറ്റിയും പറയുന്നു.

“കറുത്തവരെ അടിച്ച് വേദനിപ്പിക്കാൻ വെളുത്തവർക്ക് യാതൊരു സങ്കോചവുമില്ലെന്നു അന്ന് കാലം മുതൽക്കേ എനിക്ക് മനസ്സിലായി" എന്ന് പറമ്പിൽ നിന്നും നാളികേരം മോഷ്ടിച്ച ഒരാളെ പുളിവടികൊണ്ട് അടിച്ചുപൊട്ടിക്കുന്ന ആ കാലത്തെ രംഗത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നതിനെക്കുറിച്ച് അവർ എഴുതി. ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജന്മി-കുടിയാൻ  വ്യവസ്ഥയോടും, ഉച്ചനീചത്വത്തോടുമായിരുന്നു  എഴുത്തുകാരിയുടെ  പ്രതിഷേധം.  ഈ സംഭവത്തിനു കൽപ്പന നൽകിയ ചെറിയൊപ്പുവിലൂടെ വരച്ചുകാണിക്കുന്നത് അന്നുകാലത്ത് നായർതറവാടുകളിൽ സ്ത്രീകൾക്കുണ്ടായിരുന്ന അധികാരത്തെയാണ്.    അച്ഛനെ ഒരുപാട് ഉപദ്രവിച്ചിട്ടും ആ നേരത്ത് നൽകപ്പെടുന്ന  ദോശക്കുവേണ്ടി കാത്തുനിൽക്കുന്ന ബാലനിലൂടെ ആ കാലഘട്ടത്തുണ്ടായിരുന്ന അടിയാളന്മാരുടെ ആഹാരത്തിനുള്ള ദാരിദ്ര്യമാണ് വെളിപ്പെടുത്തുന്നത്. അതോടൊപ്പം "പുന്നയൂർക്കുളം ഗ്രാമത്തിലെ പണ്ടത്തെ ദരിദ്രർ ഇന്ന്  പ്രതാപികളാണ്" എന്ന് പറഞ്ഞുകൊണ്ട് കാലഘട്ടങ്ങൾ തമ്മിലുള്ള ഒരു താരതമ്യപഠനവും എഴുത്തുകാരി സ്വയം നടത്തുന്നു  

തന്നെക്കാളും ഒരുപാട് വയസ്സ് കൂടിയതും, ഒട്ടും രൂപഭംഗിയില്ലാത്തതുമായ ഒരാളെ വിവാഹം ചെയ്യേണ്ടിവരുന്ന സുന്ദരിയായ പാറുകുട്ടിയമ്മയുടെ കാര്യം പറയുമ്പോൾ "ധനത്തിൽ മാത്രമേ ഒരു സ്ത്രീയ്ക്ക് പ്രത്യേകിച്ചും ഒരു കുട്ടിയുള്ള ഒരു സ്ത്രീക്ക് - സുരക്ഷിതത്വം സമ്പാദിക്കുവാൻ സാധിക്കുകയുള്ളുവെന്ന് അവർക്ക് അന്നേ അറിയാമായിരുന്നു" എന്നവർ എഴുതിയതിലൂടെ വ്യക്തമാക്കുന്നത് ആ കാലഘട്ടത്തിൽ വിവാഹമോചനം എടുത്ത അഭ്യസ്തവിദ്യനേടാത്ത ഒരു സ്ത്രീയുടെ  നിസ്സഹായാവസ്ഥയാണ്.  "കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് അതിനെപ്പറ്റി ഉത്കണ്ഠ ഉണ്ടാകുന്നതുപോലെ ധനം സമ്പാദിച്ചവന് ധനത്തെപ്പറ്റിയായിരിക്കും ആലോചന" എന്ന് ധനികരുടെ മനസ്സമാധാനകേടിനെകുറിച്ച് അവർ എഴുതി.   

ഏഴാം അധ്യായത്തിലാണ് നീർമാതളപ്പൂക്കളെപ്പറ്റി  വളരെ കാവ്യാത്മകമായി വിവരിച്ചിട്ടുള്ളത്. നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു എന്നവർ പറയുന്നു. എന്നോ മനസ്സിൽ വാടാതെ കിടക്കുന്ന ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ് നീര്മാതളപ്പൂക്കൾ എന്ന ഇതിൽനിന്നും മനസ്സിലാക്കാം. നാല് മിനുത്ത ഇതളുകളും അവയ്ക്ക് നടുവിൽ ഒരു തൊങ്ങലും മാത്രമുള്ള നീര്മാതളപ്പൂക്കൾക്ക് ഒരാഴ്ചമാത്രമാണ് ആയുസ്സെന്നും വിശദീകരിക്കുന്നു.   പൂമ്പാറ്റയെപ്പോലെ പാറിനടക്കുന്ന ഒരു പെൺകുട്ടിയുടെ സ്വപ്ങ്ങൾക്ക് വളരെ കുറച്ചുമാത്രമേ ആയുസ്സുള്ളൂ എന്നതായിരിക്കാം ഇതിൽനിന്നും എഴുത്തുകാരി ഉദ്ദേശിച്ചത്. അതുപോലെത്തന്നെ നീർമാതളം പൂക്കുന്നതിനുമുന്പ് അതിന്റെ എല്ലാ ഇലകളും പൊഴിയുന്നുവെന്നും അവർ അതിൽ വിശദീകരിക്കുന്നു. ഒരുപക്ഷെ ഒരു പെൺകുട്ടിയെ വളർത്തുന്നതിൽ ഒരമ്മക്ക് ഉപേക്ഷിക്കപ്പെടേണ്ടിവരുന്ന  സുഖങ്ങളാണോ അടർന്നുവീഴുന്ന ഇലകളിലൂടെ ഉദ്ദേശിച്ചത് എന്നും അനുമാനിക്കാം. നീർമാതളം പൂക്കുമ്പോൾ നാലപ്പാട്ട് തറവാട്ടിൽ എത്തുക എന്നത് അവരുടെ മോഹമായിരുന്നു  എന്നും അവരെഴുതി. ബാല്യകാലസ്മരണകൾക്ക് ഒരിക്കലും തിരിച്ചുപോകാൻ കഴിയാറില്ല എന്നതായിരിക്കാം ഇതിലൂടെ വ്യക്തമാക്കാൻ ആഗ്രഹിച്ചത് എന്ന് തോന്നാം. "വൈകാരിക സുരക്ഷിതത്വത്തിന്റെ ഒരു പ്രതീകം കണക്കെ ആ മരം നിലകൊള്ളുന്നു അതിന്റെ ഗന്ധം സ്മരണയുടെ രാജവീഥികളിൽ താളം  കൊട്ടുന്നു" എന്ന് അവർ സമാധാനിക്കുന്നു.  ആ പൂവിന്റെ മണമായി അവരിൽ ഗൃഹാതുരത്വം  നിറഞ്ഞുനിൽക്കുന്നതായി ഈ നോവലിൽ ഉടനീളം കാണാം.

എട്ടാമത്തെ  അദ്ധ്യായം മുതൽ നാട്ടിൽനിന്നും കൽക്കട്ടയിലേക്കും  തിരിച്ചും മാറിമാറി   ഓർമ്മകളുടെ സഞ്ചാരമാണ് നമുക്ക് കാണാൻ കഴിയുന്നത്. പലപ്പോഴും മാധവികുട്ടി  മാതാപിതാക്കളോട് പറയാനോ, ചോദിക്കാനോ കഴിയാത്ത പല കാര്യങ്ങളും വേലക്കാരുമായി ചർച്ചനടത്താനും അവരിൽ നിന്നും ചോദിച്ചറിയുവാനും താല്പര്യം പ്രകടിപ്പിക്കുന്നതായി കാണാം. ആ കുടുംബത്തിലെ ഓരോ വേലക്കാരും അവരുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിരിക്കുന്നതായും കാണാൻ കഴിയും. അതിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ് തൃപുര. നിറം ഒരൽപം കുറഞ്ഞു എന്ന ഒരു അപകർഷതാബോധം കുഞ്ഞായിരുന്ന അവരിൽ ഉണ്ടായിരുന്നു എന്ന് പല സ്ഥലങ്ങളിലും തോന്നാം. " തൃപുരക്ക് ചെറുപ്പകാലത്ത് സൗന്ദര്യമുണ്ടായിരുന്നോ" എന്നവർ സ്വന്തം ആത്മവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിനായി ചോദിക്കുന്നുണ്ട്.     വേലക്കാർ പറയുന്ന കഥകളും പുരാണങ്ങളും ശ്രദ്ധയോടെ കേൾക്കുവാനും അവ വിലയിരുത്താനും അവർക്കിഷ്ടമായിരുന്നു. ഒരുപക്ഷെ അതിൽ നിന്നുമായിരിക്കാം ആ കാലഘട്ടത്തിലെ ജനജീവിതങ്ങളെ  അവർക്ക് വിലയിരുത്താൻ കഴിയാറുള്ളത്. തൃപുരക്ക്  പതിമൂന്നാമത്തെ വയസ്സിൽ ഒരു പണക്കാരനിൽനിന്നും വിവാഹ ആലോചന വന്നതും അവർ ഏറ്റവുമധികം വിശ്വസിക്കുന്ന കാളീഘട്ടിൽ അമ്മയോട് പോയി പ്രാർത്ഥിച്ചപ്പോൾ അയാൾക്ക് വസൂരി വന്ന് എട്ടാം ദിവസം മരിച്ചുപോയതുമായ കഥ പറഞ്ഞു. ഇതുകേട്ട നിഷ്കളങ്കമായി " കാളീഘട്ടിൽ പ്രാർത്ഥിച്ചത് അയാൾ മരിക്കുവാനായിരുന്നുവോ" എന്നവർ ചോദിക്കുന്നു. "മറ്റെന്തു പോംവഴി ഒരു ദരിദ്രയായ പെൺകുട്ടിക്ക് പ്രാര്ഥിക്കയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലല്ലോ " എന്നും പറയുന്നു. ഇതിൽനിന്നും ആ കാലഘട്ടത്തിലെ ബാലികാവിവാഹത്തെകുറിച്ചും,  മാതാപിതാക്കളുടെ തീരുമാനത്തിനു മുന്നിൽ  പെൺകുട്ടികൾ നിസ്സഹായരാകുന്നതിന്റെയും ദയനീയാവസ്ഥയാണ്  എടുത്തുകാണിക്കുന്നത്.    

അപക്വമായ വയസ്സിൽ വീട്ടുജോലികാരിൽനിന്നും കേട്ട  കഥകളിൽ വിവാഹിതയായ ഒരു പെൺകുട്ടി നിസ്സഹായയാണെന്നായിരിക്കും അവർ മനസ്സിലാക്കിയിട്ടുണ്ടാകുക. അതുകൊണ്ടാകാം വിദ്യാഭ്യാസത്തിൽ മിടുക്കിയായിട്ടും അവരെ വിവാഹം കഴിച്ചയക്കുവാനുള്ള മാതാപിതാക്കളുടെ തീരുമാനത്തെ അവർ വളരെ ഭയത്തോടെ നോക്കികണ്ടത്. "ദാസേട്ടനെപ്പറ്റി മോശമായി ഞാൻ ഡയറികളിൽ പലപ്പോഴും എഴുതിയിരിക്കാം' എന്ന ഒരു സ്വയം കുറ്റം ഏറ്റുവാങ്ങൽ അവർ നടത്തുന്നുണ്ട്. "മാനസികമായ പക്വത നേടിക്കഴിഞ്ഞ വ്യക്തിക്ക് രോമാഞ്ചമില്ല" എന്നും അവർ പറയുന്നുണ്ട്.

എന്തും തുറന്നെഴുതുവാനുള്ള ഒരു ചങ്കൂറ്റം കൃതിയിൽ ഉടനീളം കാണാം. "അമ്മെ എനിക്ക് ചീത്ത വിചാരങ്ങൾ മനസ്സിൽ വരാണ്. ഞാനെന്താ ചെയ്യണ്ടേ" എന്നവർ സ്വന്തം അമ്മയോട് തുറന്നുചോദിക്കുന്നു. അതുപോലെത്തന്നെ സ്വന്തം ശരീരത്തിൽ വരുന്ന ഭാവമാറ്റങ്ങളെക്കുറിച്ചുള്ള ഒരു  പെൺകുട്ടിയുടെ ജിജ്ഞാസ വളരെ നിഷ്കളങ്കമായി വിവരിക്കുന്നു.     കൗമാരം യൗവനത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളൊക്കെ അശ്ലീലമല്ലാത്തവിധം വിവരിച്ചിരിക്കുന്നത് കാണാം,. “തന്റെ തന്നെ ശരീരം ഒരു അന്യയുടേതെന്നപോലെ തോന്നുക” "ലജ്ജ നനഞ്ഞ ഒരടിവസ്ത്രംപോലെ എന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചുകിടന്നു" എന്നൊക്കെ എത്ര ധീരമായി അവർ എഴുതുന്നു.

തിരുവാതിര കുളിക്കാൻ പോകുമ്പോൾ ഒരു പട്ടി കൂടെ  വരുന്നതും കുളിമുറിയിൽ മരത്തവള ഉണ്ടാകുന്നതും ഒക്കെ പലസ്ഥലത്തും വിവരിച്ചിരിക്കുന്നത്  മാധവികുട്ടി എന്ന എഴുത്തുകാരിയുടെ സൂക്ഷ്മ നിരീക്ഷണങ്ങളും, പ്രകൃതിയോട് അവർക്കുള്ള ഇഴുകിച്ചചേരലിന്റെയും അടയാളങ്ങളാണ്.    നാട്ടിലെ അഭ്യസ്തവിദ്യരല്ലാത്ത സ്ത്രീകളുടെ  കുശുമ്പും, ഇടുങ്ങിയ ചിന്തകളിൽ നിന്നുണ്ടാകുന്ന  മറ്റുള്ളവരെക്കുറിച്ചുള്ള അഭിപ്രായപ്രകടനങ്ങളും രസകരമായി വർണ്ണിക്കുന്നുണ്ട്. " ധാ ദാ പോണു നമ്മടെ തെണ്ട്യേത്തെ  ഹേമലത..പച്ചസാരീ ഉടുത്തോണ്ടു.." അന്നത്തെ കുടുംബങ്ങളിലെ സ്ത്രീകൾ മറ്റുള്ളവരെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ വളരെ സ്വാഭാവികമായി അവർ വിവരിക്കുന്നുണ്ട്. "പച്ചസാരി ഉടുത്തോണ്ടു പോകുന്ന പെൺകുട്ടി പഠിക്കുന്നത് കോഴിക്കോട്ടാണ്. അമ്പാഴത്തേൽ സുന്ദര്യമേ സുന്ദരിയെ കാണാൻ പുവ്വാണ്. സുന്ദര്യമേടെ നിറം ഇല്ല.  ഉവ്വോ? പക്ഷെ നല്ലോണം മുടീണ്ട് ..." എന്നുള്ള സംഭാഷണ ശകലങ്ങളെല്ലാം ഇതിനുദാഹരങ്ങളാണ്

ഒരാൾ കരടിയുമായി വരുന്നതും, അയാൾക്കും കരടിക്കും ഭക്ഷണം നൽകുന്നതും അതിനെചുറ്റുപ്പറ്റിയുള്ള അവിടത്തെ കോലാഹലങ്ങളും ജീവിതത്തിലെ നിത്യവൃത്തിക്കുവേണ്ടി മനുഷ്യർ പട്ടണങ്ങളിൽ കെട്ടുന്ന വേഷങ്ങളുടെ സ്വാഭാവികമായ ചിത്രീകരണമാണ്. .

ഗ്രാമങ്ങളിലെ നിഷ്കളങ്കരായ മനുഷ്യർ അവരുടെ ജീവിതംപോലെത്തന്നെ മൃഗങ്ങളുടെ ജീവിതത്തിലും ശ്രദ്ധയും, താല്പര്യവും കാണിക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് നാലപ്പാട്ട് തറവാട്ടിലെ പശു പ്രസവിക്കുമ്പോൾ ദയാലുവായ അമ്മമ്മയും, മറ്റുള്ളവരുടെയും സംഭാഷണങ്ങളിലൂടെ വിശദീകരിക്കുന്നത്.

ഒരു പട്ടാളക്കാരന്റെ ജീവിത ചിട്ടകളും, എന്നാൽ ഇത്രയും ചിട്ടയും ശുഷ്കാന്തിയും ഉണ്ടായിട്ടും അവരുടെ ജീവിതത്തിൽ ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതിനാൽ സംഭവിച്ച നഷ്ടബോധങ്ങൾ അവർക്കും ഉണ്ടെന്നുമുള്ള അറിവാണ്   കാണിക്കുന്നത്.

തോട്ടിപ്പണിചെയ്തു ജീവിക്കുന്ന ചോട്ടുവിന്റെ കഥയിലൂടെ സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ ജീവിക്കുന്ന ഒരു വിഭാഗത്തിന്റെ കഥയും എഴുത്തുകാരി   നമ്മോടു പറയുന്നുണ്ട്. അച്ഛനില്ലാത്ത, 'അമ്മ രോഗിയായ ചേരിയിൽ താമസിക്കുന്ന ‘നിപ്പ’ എന്ന പെൺകുട്ടിയുടെ ജീവിതപശ്ചാത്തലവും, സാഹചര്യങ്ങളും വിവരിച്ചിരിക്കുന്നതും പാവപ്പെട്ട ജനതയുടെ ഒരു ജീവിതം നമ്മെ കാണിച്ചുതരുന്നതാണ്. 

ക്രിസ്തുമസ്സിന് വീട്ടിലേക്കുവിളിക്കുന്ന ‘പെഗ്ഗി’ എന്ന കൂട്ടുകാരിയുടെ  കഥയിലൂടെ  ജീവിതയവനികക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ചില യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് അവർ വിവരിക്കുന്നുണ്ട്. സാഹചര്യങ്ങളാൽ കുത്തഴിഞ്ഞ ജീവിതത്തിലേക്ക് തള്ളിയിട്ട ഒരു ജീവിതമാണ് പെഗ്ഗിയുടെ പിതാവിലൂടെ   നമുക്ക് കാണിച്ചു തരുന്നത് 

ഒരിറ്റു സ്നേഹത്തിന് അവരുടെ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു എന്ന് ഈ പുസ്തകത്തിലുടനീളം ശ്രദ്ധിക്കപ്പെടാൻ കഴിയുന്ന ഒന്നാണ്  " പ്രകടമാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കന്റെ ക്ലാവ് പിടിച്ച് നാണ്യശേഖരം പോലെ ഉപയോഗശൂന്യം.” ഇതായിരുന്നു അവരുടെ ഉറച്ച വിശ്വാസവും ചിന്തയും. പുസ്തകത്തിൽ മുഴുനീളം സ്നേഹമെന്ന വികാരം അവർക്ക് അനുഭവപ്പെടുന്നില്ല എന്നാൽ അവർ അതിനായി ഒത്തിരി മോഹിക്കുന്നവെന്നു  നമുക്ക് വായിക്കാം.  ഇതിലെ അനവധി കഥാപാത്രങ്ങളെക്കുറിച്ച് പറയുമ്പോഴെല്ലാം അവർ വിലമതിക്കുന്ന ഈ വികാരം സ്പർശിക്കാതെ പോകുന്നില്ല. ഇവർ സ്നേഹത്തിനു വലിയ പ്രാധാന്യം കൊടുക്കുന്നതായി കാണാം. "ചരിത്രം രാജാക്കന്മാരുടെയും യുദ്ധങ്ങളുടെയും മാത്രം കഥയല്ല. സ്നേഹിച്ചവരുടെയെയും കഥയാണ്. സാധാരണ മനുഷ്യരുടെ കഥ. അതുകൊണ്ടാണ് അവരുടെ ദോബിയുടെ  (അലക്കുകാരൻ) മകളെ അവളുടെ അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനെകൊണ്ട് കല്യാണം കഴിക്കുമ്പോൾ ആ പെൺകുട്ടിയുടെ ആവശ്യപ്രകാരം അവളുടെ മുസ്ലീമായ കാമുകനെ കാണാൻ പോകുന്നത്. കമിതാക്കൾ ഒരുമിച്ച് ചേരണമെന്ന  അവരുടെ ആഗ്രഹം അവർ വ്യക്തമാക്കുന്നു. പക്ഷെ അത് നടന്നില്ല. അതിൽ അവർക്ക് ദുഃഖം തോന്നിയെങ്കിലും പാർവ്വതി എന്ന അലക്കുകാരന്റെ മകൾ  ഗർഭവതിയായി  ഒരു നാൾ സന്തോഷത്തോടെ പഴയകാര്യങ്ങളെല്ലാം വിസ്മരിച്ച്  അവരെ സമീപിക്കുമ്പോൾ  പാർവ്വതിയിലും  കാമുകനിലും ഉണ്ടായിരുന്ന   സ്നേഹത്തിന്റെ വിലയെന്തു എന്ന് സ്വയം ചോദിക്കുന്നു.

അമ്പത്തത്തൊന്ന് അധ്യായങ്ങൾ അടങ്ങുന്ന ഈ കൃതിയിലെ ഓരോ അധ്യായങ്ങളും, ഓരോ കഥാപാത്രങ്ങളും, ഓരോ സാഹചര്യങ്ങളും കീറിമുറിച്ചു നോക്കിയാൽ അന്നുകാലത്ത് ഗ്രാമങ്ങളിലും, പട്ടണങ്ങളിലും നിലനിന്നിരുന്ന ജനജീവിതത്തിന്റെ, സംസ്കാരത്തിന്റെ കൃത്യമായ ഒരു രൂപരേഖ തയ്യാറാക്കാൻ കഴിയാവുന്ന ഒരു കൃതിയാണിത് എന്ന് മനസ്സിലാക്കാൻ കഴിയും. അതേസമയം ഒരു സാധാരണക്കാരന് വായിച്ചുരസിക്കുവാൻ തയ്യാറാക്കിയ ഒരു ഓർമ്മകുറിപ്പായും ഈ കൃതിയെ കാണുവാൻ കഴിയും . പുസ്തകത്തിലെ ഓരോ സംഭവങ്ങളും വളച്ചുകെട്ടില്ലാതെ സത്യസന്ധമായി അവർ എഴുതിയിട്ടുണ്ട്.  ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്ന പുസ്തകമെന്നു വിശേഷിപ്പിക്കാം. ഈ കൃതി വായിച്ചുതീരുമ്പോൾ ഇതൊരു മികച്ച കൃതിയാകാൻ സഹായിച്ചത് ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോൾ എഴുത്തുകാരി കാണിച്ചിരിക്കുന്ന സത്യസന്ധത തന്നെയാണ് എന്ന്   മനസ്സിലാക്കാൻ കഴിയും.

ഭാഷയുടെ നീർമാതളപ്പൂസുഗന്ധവുമായി ഈ പുസ്തകം നമുക്ക് അറിവുകൾ പകർന്നുതന്നുകൊണ്ട് ഒരിക്കലും അവസാനിക്കാത്ത ആസ്വാദനത്തിന്റെ ഉയരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

#Madhavikutty'sNeermathalampoothakalam

Join WhatsApp News
ജയ്ദേവ് നമ്പിയാർ 2023-05-30 16:05:41
നീർമാതളം പൂത്ത കാലം' എന്ന പുസ്തകത്തിന്റെ ഏറ്റവും വലിയ സംഭാവന ഗൃഹാതുരത ഉണർത്തുന്നതോടൊപ്പം, ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞ കമലയുടെ കാഴ്ചപ്പാടുകളുടെയും നിരീക്ഷണങ്ങളുടെയും പരിണാമത്തെക്കുറിച്ച് അനുവാചകന് അറിവ് നൽകുക എന്നതായിരിക്കാം. ലക്ഷ്മിയുടെ ആസ്വാദനം നീർമാദളം പൂത്തുലഞ്ഞ് നിൽകുന്നതുപോലുണ്ട്. അഭിനന്ദനങ്ങൾ.
P.R. 2023-05-30 17:52:48
മാധവിക്കുട്ടിയുടെ ചരമവാര്ഷികമാണ് നാളെ മെയ് 31st. ഈ അവസരത്തിൽ അവരുടെ ഒരു പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനം ഉചിതം തന്നെ. പക്ഷെ വായനക്കാർ കൊട്ടിഘോഷിച്ചപോലെ നീർമാതളം പൂത്തകാലം അത്ര മഹത്തരമായ ഗ്രന്ഥ്മല്ല. ഒരു സവർണ്ണ കൗമാരക്കാരിയുടെ ഗ്രാമവും അവരുടെ അച്ഛന്റെ ജോലിസ്ഥലമായ കൽക്കട്ടയും അവർ എങ്ങനെ കണ്ടുവോ അതിന്റെ ലളിതമായ ഒരു ആവിഷ്കാരം ആണ് ഈ പുസ്തകം. അന്നത്തെ ജാതിവ്യവസ്ഥയുടെവിവരങ്ങളുമുണ്ട്. ഒരു വലിയ എഴുത്തുകാരിയുടെ ചെറിയ ഓർമ്മക്കുറിപ്പുകൾ എന്ന് പുസ്തകം വായിക്കുന്നവർക്ക് മനസ്സിലാകും. ജ്യോതിയുടെ കാഴ്ച്ചപ്പാടിലൂടെ കണ്ട പുസ്തകത്തിന്റെ വിലയിരുത്തലാണ് ഈ ലേഖനത്തിൽ . ജ്യോതിയുടെ നിർദ്ധാരണ/നിരൂപണ ശൈലി പ്രശംസാർഹം തന്നെ.
Jayan varghese 2023-05-31 09:50:48
എരുമച്ചാപ്രകളിലെ വാവ് കാല സംഗീതത്തിന്റെ തീവ്ര താളത്തിലാണ് മാധവിക്കുട്ടിയുടെ മിക്ക രചനകളും. അതുകൊണ്ടു തന്നെ അവ വല്ലാതെ ശ്രദ്ധിക്കപ്പെടുന്നു ! ജയൻ വർഗീസ്.
Abdul Punnayurkulam 2023-06-01 02:05:10
Dear Joythi, it's a lengthy aswadanam, but i enjoyed every bit of it. I'm quoting a couple sentence from your beautiful review.നീർമാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു എന്നവർ പറയുന്നു. എന്നോ മനസ്സിൽ വാടാതെ കിടക്കുന്ന ഗൃഹാതുരത്വത്തിന്റെ പ്രതീകമാണ് നീര്മാതളപ്പൂക്കൾ എന്ന ഇതിൽനിന്നും മനസ്സിലാക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക