മെല്‍ബണ്‍: സെന്റ് തോമസ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേക കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കാനെത്തിയ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൃദ്യമായ സ്വീകരണം നല്‍കി.
മെല്‍ബണ്‍ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍, വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ചാന്‍സലര്‍ ഫാ. സിജീഷ് പുല്ലങ്കുന്നേല്‍, പ്രൊകുറേറ്റര്‍ റവ. ഡോ. ജോണ്‍സണ്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോബി ഫിലിപ്പ്, യൂത്ത് അപ്പൊസ്തലേറ്റ് ഡയറക്ടര്‍ സോജിന്‍ സെബാസ്റ്റ്യന്‍, ഫാ. ഏബ്രഹാം കഴുന്നടിയില്‍, സിഎംഐ സഭ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ. ഏബ്രഹാം വെട്ടിയാങ്കല്‍, ഫാ. വിന്‍സന്റ് മഠത്തിപ്പറമ്പില്‍ സിഎംഐ, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, മെല്‍ബണ്‍ രൂപത വൈദിക വിദ്യാര്‍ഥികള്‍, എസ്എംവൈഎം പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കര്‍ദിനാളിനെ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
മാര്‍ ആലഞ്ചേരിക്കൊപ്പം മേജര്‍ എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പ്പുരയിടത്തിലും മെല്‍ബണില്‍ എത്തിയിട്ടുണ്ട്. സെന്റ് തോമസ് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ മെത്രാഭിഷേകം ബുധനാഴ്ചയാണ്.
വൈകുന്നേരം അഞ്ചിന് മെല്‍ബണിനടുത്തുള്ള ക്യാമ്പെല്‍ഫീല്‍ഡില്‍ വിളവുകളുടെ നാഥയായ പരിശുദ്ധ കന്യകമറിയത്തിന്റെ നാമധേയത്തിലുള്ള കല്‍ദായ കത്തോലിക്കാ ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും.
ഓസ്ട്രേലിയയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ചാള്‍സ് ബാല്‍വോ, സീറോ മലബാര്‍ സഭയുടെ മറ്റു രൂപതകളില്‍നിന്നുള്ള ബിഷപ്പുമാര്‍, ഓഷ്യാനിയയിലെ വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, മെല്‍ബണ്‍ രൂപതയുടെ വിവിധ ഇടവകകളില്‍നിന്നും മിഷനുകളില്‍ നിന്നുമുള്ള വൈദികര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരിനു യാത്രയയപ്പും നല്‍കും.