Image

കാണാതായവരുടെ  കടല്‍ (കഥ: ജോസഫ്‌  എബ്രഹാം) 

Published on 03 June, 2023
കാണാതായവരുടെ  കടല്‍ (കഥ: ജോസഫ്‌  എബ്രഹാം) 

ഈ സംഭവങ്ങള്‍ക്കെല്ലാം കടല്‍ മാത്രമാണ് സാക്ഷി. ഞാനും,          ഫോറെന്‍സിക് ലാബ്‌ മേധാവി  ഡോക്ടര്‍ സെലെസ്റ്റിനയും  പറയുന്നത്‌  ഊഹങ്ങള്‍ മാത്രമാണ്.

 കോഫീ മേക്കറില്‍  നിന്നും  രണ്ടു കപ്പു കാപ്പി എടുത്തുകൊണ്ട് വന്നു  ഡോക്ടര്‍   സെലസ്റ്റീന  എനിക്ക്  അഭിമുഖമായിരുന്നു. ഒരു  കപ്പു കാപ്പി എന്‍റെ അരികിലേക്ക്  നീക്കിവച്ചു. ചൂടുള്ള കാപ്പി ഒരിറക്ക്  കുടിച്ചശേഷം ഡോക്ടര്‍  കസേരയില്‍ അല്പം മുന്നോട്ടാഞ്ഞിരിന്നുകൊണ്ട്  തുടക്കമിട്ടു.

“പറയൂ  മിസ്.  മെഹ്റത്ത്,   നിങ്ങളുടെ  കഥ വളരെ സങ്കീര്‍ണ്ണമാണെന്നു തോന്നുന്നല്ലോ.  നിങ്ങള്‍ തേടുന്ന  ആള്‍ ആരാണ്,  എന്തിനാണ്  നിങ്ങള്‍ അയാളെ അന്വോഷിക്കുന്നത് ?”

ഏതൊരു കക്ഷിയുടെയും  കേസ് കേള്‍ക്കുന്നത് പോലെത്തന്നെ   എന്‍റെ  കഥയും കേള്‍ക്കാനായി ഒരു നോട്ട്ബുക്ക്  മുന്‍പിലേക്ക്  നീക്കി വച്ചുകൊണ്ട്‌  ഡോക്ടര്‍  തയ്യാറായി.  ഞാന്‍ എന്‍റെ ജീവിതം  പറഞ്ഞു തുടങ്ങി.  

സലാസ്സി എന്നാണ് അയാളുടെ പേര്‍. എന്‍റെ  അയല്‍  വീട്ടുകാരനായിരുന്നു. ഞാന്‍ അവനുമായി പ്രണയത്തിലായി   ഏറെ താമസിയാതെ യമനിയെ,     എന്‍റെ മകനെ  ഗര്‍ഭത്തില്‍ പേറി. 

അധികം താമസിയാതെ   എന്നെ  വിവാഹം കഴിച്ചുകൊള്ളാമെന്നു  സലാസി  വാക്കു നല്‍കിയിരുന്നു. യെമനിയുടെ മാമോദീസയ്ക്ക് അവന്‍   പങ്കെടുത്തിരുന്നു. പക്ഷെ  യെമനിക്ക്  ഒരു വയസാകുന്നതിനു മുന്‍പേ  വാക്ക് പാലിക്കാന്‍ നില്‍ക്കാതെ സലാസി സുഡാനിലേക്ക് ഒളിച്ചോടി. എന്തുകൊണ്ടാണ്  അവന്‍ എന്നെ  വിവാഹം കഴിക്കാത്തതെന്ന്  ഒരിക്കലും   പറഞ്ഞില്ല. 

ആ സമയം എന്‍റെ നാടായ എറിത്രിയയിലെ രാഷ്ട്രീയ കാലാവസ്ഥയും വളരെ മോശമായിരുന്നു. അവിടെനിന്നും എങ്ങിനെയും പുറത്ത് കടക്കാനാണ് എല്ലാവരെയുംപോലെ സലാസിയും ശ്രമിച്ചത്. ജോലിയും ജീവിത സൌകര്യങ്ങളും  അന്വോഷിച്ചു  എറിത്രിയക്കാര്‍  ഒളിച്ചോടി  പോകുന്ന   ഒരിടമാണ്  അയല്‍ രാജ്യമായ സുഡാന്‍.

സലാസി എന്നെയും കുഞ്ഞിനേയും  ഉപേക്ഷിച്ചുകടന്നു കളഞ്ഞതോര്‍ത്തു  കുറച്ചുനാളുകള്‍ ഞാന്‍ കരഞ്ഞു. പിന്നെ ജീവിതത്തിന്‍റെ പതിവ് മുഷിപ്പുകളിലേക്കു തന്നെ തിരികെപ്പോയി. അങ്ങിനെയിരിക്കെ,  യെമനിക്ക്  ഒന്നര വയസുള്ളപ്പോളാണ് എന്‍റെ  സഹോദരന്‍ കൊല്ലപ്പെടുന്നത്. 

നിര്‍ബന്ധിത സൈനിക സേവനത്തിന്‍റെ   ഭാഗമായി  എന്‍റെ സഹോദരന്‍ മിലിട്ടറിയില്‍  ചേര്‍ന്നിരുന്നു. കുറഞ്ഞ വേതനവും കഠിനമായ നിര്‍ബന്ധിത ജോലിയും നിമിത്തം പട്ടാളത്തില്‍  നിന്നും ഒളിച്ചോടാന്‍ ശ്രമിച്ച അവനെ  അവര്‍ പിടികൂടി തടവിലാക്കി. പട്ടാള വിചാരണയില്‍  വധശിക്ഷനല്‍കി കൊന്നു കളഞ്ഞു.

സഹോദന്‍ കൊല്ലപ്പെട്ടതോടെ എനിക്കൊരു ഉറച്ചതീരുമാനം എടുക്കേണ്ടിവന്നു. എന്‍റെ മകനെ പട്ടാളത്തിനു വിട്ടുകൊടുക്കാന്‍ തയ്യാറല്ലന്ന തീരുമാനമെടുക്കുമ്പോള്‍  എനിക്കു  പതിനെട്ടു  വയസു പ്രായമായിരുന്നു.

യെമനിയെയും  എടുത്തുകൊണ്ടു  മൂന്നുദിവസം സഹാറയുടെ കിഴക്കന്‍ മരുഭൂമിയിലൂടെ നടന്നു. നടപ്പിനൊടുവില്‍ വിണ്ടുകീറിയ പാദങ്ങളും തളര്‍ന്ന മനസുമായി   സുഡാനിലെ ‘ഖാര്‍തൂം’മിലെത്തി. അവിടെ ചായ വില്‍ക്കുന്ന ഒരു കടയില്‍ ആറു വര്‍ഷത്തോളം  ജോലി ചെയ്തു. സുഡാനില്‍  നില്‍ക്കാനുള്ള രേഖകളൊന്നും എനിക്കില്ലായിരുന്നു.  പോലീസുകാരുടെ  പിടിയിലായാല്‍  അവര്‍  ജയിലില്‍ പിടിച്ചിടും   പിന്നെ  നാട്ടിലേക്കു  നാടുകടത്തുകയും ചെയ്യും.

സുഡാനില്‍ വച്ചു ഞാന്‍   സലാസിയെ  വീണ്ടു കണ്ടുമുട്ടി. അവനും   അവിടെ തങ്ങുവാനുള്ള   രേഖകളൊന്നും  ഇല്ലായിരുന്നു. കണ്ടുമുട്ടിയെങ്കിലും  അവന്‍ എന്നോട് യാതൊരടുപ്പവും  കാണിച്ചില്ല.  കുഞ്ഞിനെ ഒന്നു കാണുവാന്‍ പോലും     താല്പര്യം    കാണിച്ചില്ല.

കുറച്ചുനാളുകളായി അവനെ കാണാറില്ലായിരുന്നു, ഇടയ്ക്കൊക്കെ  അവന്‍ തെരുവിലൂടെ നടന്നുപോകുന്നത് കാണാറുണ്ടായിരുന്നു. അവനെ കാണുമ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് എനിക്കുതന്നെ കേള്‍ക്കാനാവുമായിരുന്നു. തെരുവില്‍  നടന്നു മറയുന്നതിനിടയില്‍ അവനൊന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കുമായിരുന്നു പക്ഷെ അവന്‍ അങ്ങിനെപോലും  ചെയ്യാറില്ലായിരുന്നു. മറ്റുള്ളവര്‍ കാണാതെ ഞാന്‍ എന്‍റെ കണ്ണുനീര്‍ തുടയ്ക്കും. ചായക്കടയിലെ  സമോവറില്‍ നിന്നും ഉയരുന്ന ആവിയില്‍ ബാഷ്പമായി    എന്‍റെ   കണ്ണുനീരും വറ്റി. 

സലാസി സുഡാനില്‍ നിന്നും കടന്നു. അവന്‍ ഇറ്റലിയിലേക്ക്  കടക്കാനായി ലിബിയയിലേക്ക്  പോയെന്നവന്‍റെ  ചില കൂട്ടുകാര്‍  പറഞ്ഞറിഞ്ഞു. ലിബിയയില്‍  എത്തുന്നതുവരെ സലാസിയുടെ  സന്ദേശങ്ങള്‍ കൂട്ടുകാര്‍ക്കു  കിട്ടിയിരുന്നു. ലിബിയയില്‍ നിന്നും ബോട്ടില്‍ കയറിയതിനു ശേഷം അവന്‍റെ സന്ദേശങ്ങള്‍  ആര്‍ക്കും കിട്ടിയിട്ടില്ല.

സലാസി  ബോട്ടപകടത്തില്‍ മരണപ്പെട്ടിട്ടുണ്ടാകാം  എന്നുള്ള വര്‍ത്താനങ്ങള്‍  കേട്ടപ്പോള്‍  ഞാന്‍  ഏറെ ദുഖിച്ചു. അവന്‍ എന്നെ  വേദനിപ്പിച്ചുവെങ്കിലും അയാളെ ഞാന്‍   വളരെയധികം  സ്നേഹിച്ചിരുന്നു. അച്ഛനില്ലാതെ വളര്‍ന്ന എന്‍റെ അവസ്ത എന്‍റെ   മകനുണ്ടാകരുതെന്ന്  ഞാന്‍   ആഗ്രഹിച്ചിരുന്നു. അയാള്‍ എന്നെങ്കിലും  എന്നെയും മകനെയും തേടിവരുമെന്നെ പ്രതീക്ഷയും  അങ്ങിനെ ഇല്ലാതായി.

ഡോക്ടര്‍ സെലസ്റ്റീന എഴുന്നേറ്റു ഇരിപ്പടത്തിനു പിന്നിലായുള്ള വലിയ ചില്ലു ജാലകത്തിന്‍റെ ബ്ലൈന്‍ഡ് മുകളിലേക്ക്  ഉയര്‍ത്തി. വെയിലില്‍ ഇന്ദ്രനീലം പോലെ വെട്ടി തിളങ്ങുന്ന  നീലക്കടലിന്‍റെ മനോഹരമായ കാഴ്ച മുറിയിലേക്ക് കടന്നുവന്നു.

രണ്ടുവര്‍ഷം കൂടി ഞാന്‍  സുഡാനില്‍ കഴിഞ്ഞു. സുഡാനില്‍  നിത്യവും കുഴപ്പങ്ങളാണ്‌. കലാപം നിറഞ്ഞ ആ നാട്ടില്‍ നിന്നും  മകനെയുംകൊണ്ട്   എങ്ങിനെയും യൂറോപ്പിലേക്ക്  കടക്കണം എന്ന ആഗ്രഹം ശക്തമായി. മകനും  എനിക്കും നല്ലൊരു ജീവിതം ഉണ്ടാകണം. പൊടിയിലെ പുഴുക്കളെപ്പോലുള്ള ജീവിതം മടുത്തുകഴിഞ്ഞു. യൂറോപ്പില്‍ പോകണമെങ്കില്‍  സുഡാനില്‍ നിന്നും ലിബിയയില്‍ എത്തണം,  അതു  വളരെ സഹസികമായ യാത്രയാണ്.  സ്ത്രീകള്‍ക്ക്  ഒരുപാടു വെല്ലുവിളികള്‍ നിറഞ്ഞതാണ്‌  അത്തരം യാത്രകള്‍.

ഡോക്ടര്‍ സെലസ്റ്റിന്‍ മേശപ്പുറത്തിരുന്ന ചെറിയ ഗ്ലോബില്‍ നോക്കിക്കൊണ്ടിരുന്നു. എന്‍റെ വാക്കുകള്‍ക്കൊപ്പം ഞാന്‍ കടന്നുവന്ന പാതകളെ തെല്ലൊരു അത്ഭുതത്തോടെ അവര്‍ നോക്കിക്കാണുകയായിരുന്നു. 

യൂറോപ്പിലേക്ക് കടക്കുന്നതിനിടയില്‍ അപകടങ്ങളില്‍പെട്ട് ആളുകള്‍ മധ്യധരണാഴിയില്‍  മുങ്ങിച്ചാവുന്നുണ്ടെന്ന കാര്യം എനിക്കറിയാമായിരുന്നു.  എങ്കിലും പോകാന്‍ തന്നെ  ഞാന്‍ തീരുമാനമെടുത്തിരുന്നു. ആറു വയസുമാത്രം പ്രായമുള്ള  യെമനിയെ  ഒരു കുടുംബ സുഹൃത്തിനെ ഏല്‍പ്പിച്ചുള്ള യാത്ര എന്‍റെ  കരള്‍ പിളര്‍ക്കുന്ന കാര്യമായിരുന്നു. പക്ഷെ അതവന്‍റെ സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു. യാത്രക്കിടയില്‍ കൈകുഞ്ഞുമായി കടലില്‍ മുങ്ങിമരിച്ച ഒരു സ്ത്രീയെ എനിക്കറിയാമായിരുന്നു. അങ്ങിനെ ഒരമ്മയായി മാറാന്‍  എനിക്കാവില്ലായിരുന്നു.  യൂറോപ്പില്‍  എവിടെയെങ്കിലും  അഭയം ലഭിച്ചാല്‍  പിന്നീടു അവനെ കൂടെചേര്‍ക്കാമല്ലോ  എന്നു കരുതി യാത്ര തുടങ്ങി.

യാത്രയില്‍ അനേകര്‍ വിശപ്പും ദാഹവും മൂലം മരിച്ചുവീഴുന്ന ‘സേഹല്‍’ മരുഭൂമിയിലൂടെ ഞാന്‍ നടന്നു.  വഴിയില്‍ കവര്‍ച്ചക്കാരും സ്ത്രീകളെ ഉപദ്രവിക്കുന്നവരുമായ സംഘങ്ങള്‍ ഉണ്ടെന്ന അറിവുള്ളതിനാല്‍ ഓരോ നിമിഷവും ഭയം നിറഞ്ഞ മനസ്സുമായിട്ടായിരുന്നു പ്രയാണം.   ലക്‌ഷ്യം പിഴച്ച ചില ഹതഭാഗ്യരുടെ വരണ്ടുണങ്ങിയ മൃതദേഹങ്ങള്‍ മരുഭൂമിയില്‍ അങ്ങിങ്ങായി ചിതറികിടക്കുന്നത് യാത്രക്കിടയിലെ മനമിടിക്കുന്ന കാഴ്ചകളായി മാറിയെങ്കിലും   തളരാന്‍ എനിക്കാവില്ലായിരുന്നു. എങ്ങിനെയും എത്തിച്ചേരണമെന്ന നിശ്ചയത്തിനൊടുവില്‍  ലിബിയയില്‍ എത്തിച്ചേര്‍ന്നു. 

ലിബിയയില്‍ എത്തിയപ്പോള്‍ ലിബിയന്‍ പോലീസിന്‍റെ പിടിയിലായി.  ട്രിപ്പോളിയിലെ തടവ് കേന്ദ്രത്തില്‍ ഒരു മാസത്തോളം അകപ്പെട്ടു.  യാത്രയില്‍ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ കാവല്‍ക്കാര്‍ തല്ലിചതച്ചു. തടവ് കേന്ദ്രത്തില്‍ ഒരു നേരത്തെ ആഹാരം മാത്രമാണ് അവര്‍ തടവുകാര്‍ക്ക് നല്‍കിയിരുന്നത്.

“എല്ലാം നഷ്ട്ടപ്പെട്ടവരും   എവിടെയെങ്കിലും പോയി ജീവിക്കാന്‍ തത്രപ്പെട്ടു പോകുന്നവരുമായ  ദുര്‍ബലരെ  തടവിലാക്കി  മര്‍ദ്ദിക്കുന്ന  ഭരണകൂടങ്ങള്‍. എന്താണ്  ഡോക്ടര്‍ ഞങ്ങള്‍  ചെയ്ത തെറ്റ്.  ജീവിക്കാന്‍ നിര്‍വാഹമില്ലാത്ത  ഒരിടത്ത് ജനിച്ചുപോയതോ? അതോ അഭയംതേടി മറ്റൊരിടത്തേക്കു  പോകുന്നതോ?” 

ഡോക്ടര്‍ സെലസ്റ്റീന മറുപടിയൊന്നും പറഞ്ഞില്ല അവര്‍ എന്‍റെ  കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ടിരുന്നു. ദുരിതങ്ങളുടെ സഹാറ താണ്ടിയ എന്നോടവര്‍ക്ക്  അനുകമ്പയായിരിക്കണം. 

ഇറ്റലിയിലേക്ക്  കടക്കാനായി  ബോട്ട് കയറുന്നതിനായി മെഡിറ്ററെനിയന്‍ തീരത്തെത്തി. മുന്നില്‍ ജീവിതമെന്ന അനശ്ചിതത്വം കടല്‍പോലെ പരന്നുകിടന്നു.  എങ്കിലും ഒരു നരകത്തെ  പിന്നിലാക്കി  നടന്നു തീര്‍ത്ത ആശ്വാസമായിരുന്നു കാലുകള്‍ക്ക്. ആ  സന്ധ്യയില്‍ മെഡിറ്ററെനിയന്‍ കടലില്‍നിന്നും വീശിയ കാറ്റിനു  പോലും  സ്വാതന്ത്ര്യത്തിന്‍റെ   കുളിരായിരുന്നു.  ബോട്ടില്‍ തിങ്ങിനിറഞ്ഞ പുരുഷാരം. ഡെക്കിലും ചരക്കുകള്‍ കയറ്റുന്ന താഴെത്തട്ടിലും ആളുകള്‍ തിങ്ങി ഞെരുങ്ങിയിരുന്നു.  താഴെത്തട്ടില്‍ കിട്ടിയ അല്പം ഇടത്തില്‍   പ്രാര്‍ഥനയോടെ ഞാനിരുന്നു. ആ യാത്രയില്‍ ഒരുവേള  ഞാന്‍ കരുതി, ഇനി ഞാനൊരിക്കലും  കര കാണില്ലെന്ന്, അതുപോലെ  ദുര്‍ഘടവും ഭയവും നിറഞ്ഞതായിരുന്നു  തിരകളില്‍ ആടിയുലഞ്ഞുള്ള  ബോട്ടിലെ യാത്ര.

ഇറ്റലിയുടെ  ഒരു ദ്വീപിനടുത്ത്, ഇരുളിന്‍റെ മറപറ്റി   ബോട്ടടുത്തു. വേലിയേറ്റ സമയം ആയതിനാല്‍ ദീപിനോട് അടുത്തു പോകാന്‍ ബോട്ടിനായി, കരയില്‍ കാലുകുത്തിയെങ്കിലും  വീണ്ടും യാത്രകളും അഭയാര്‍ഥി ക്യാംപുകളിലുമായി മൂന്ന് മാസങ്ങള്‍കൂടി തള്ളിനീക്കേണ്ടിവന്നു.  അവസാനം  ജര്‍മനി  അവരുടെ മണ്ണില്‍  എനിക്ക് അഭയം നല്‍കി.  

ജനലിനപ്പുറമുള്ള കടല്‍ കാഴ്ചയില്‍  രണ്ടു ഉല്ലാസ നൌകകള്‍ പ്രത്യക്ഷപ്പെട്ടു. അതിന്‍റെ മുകള്‍ തട്ടിലെ ഇരിപ്പിടങ്ങളില്‍ ഇരിക്കുന്ന സഞ്ചാരികള്‍ ബീച്ചില്‍ ഉല്ലസിക്കുന്നവരുടെ നേരെ കൈകള്‍ വീശിക്കാണിച്ചുകൊണ്ട് അവരുടെ യാത്ര തുടര്‍ന്നു. ഞാനും ഡോക്ടറും ആ കാഴ്ച കുറച്ചുനേരം നോക്കിനിന്നു.

                                                   II
ജര്‍മനിയില്‍  ഒരുജീവിതം നട്ടുമുളപ്പിക്കാന്‍  അയല്‍വാസികള്‍ സഹായിച്ചു. ജീവിതത്തില്‍ ആദ്യമായി  സ്വാതന്ത്ര്യം  എന്തെന്ന്  അനുഭവിക്കാന്‍ പറ്റി. ജീവിതമൊന്നു പച്ചപിടിച്ചൊരു ദീര്‍ഘനിശ്വാസം വിട്ടപ്പോള്‍  മകനെയോര്‍ത്തു. പിന്നീട്  അവനെ കൂടെകൂട്ടാന്‍ വേണ്ട കാര്യങ്ങള്‍ തുടങ്ങി.

സുഡാനിലെ ജര്‍മന്‍  എംബസിയില്‍  വിളിച്ചു മകനെ കൊണ്ടുവരാനുള്ള  കാര്യങ്ങള്‍  ചോദിച്ചുപ്പോള്‍ മുതല്‍ തുടങ്ങിയതാണ്  ഇപ്പോഴത്തെ ഈ  ഓട്ടം മുഴുവനും.
    
ജര്‍മനിയിലെ നിയമം  അനുസരിച്ച്  പിതാവിന്‍റെ  സമ്മതപത്രം  ഇല്ലാതെ യെമനിക്ക്  ജര്‍മനിയിലേക്ക്‌  വരാനുള്ള  അനുമതി ലഭിക്കില്ല  അല്ലെങ്കില്‍  പിതാവ്  മരിച്ചുവെന്ന  രേഖകള്‍ ഹാജരാക്കണം. എന്താണ്  ചെയ്യുക  സലാസി കടലില്‍ മുങ്ങിമരിച്ചെന്ന കേട്ടുകേഴ്വിക്കപ്പുറം  രേഖകളോ തെളിവുകളോ  ലഭ്യമല്ല. 

സലാസി യാത്ര നടത്തിയ  നാളുകള്‍ക്കടുത്തായി  ഒരു ബോട്ടപകടം ഇറ്റലി സ്ഥിതീകരിച്ചിരുന്നു. അപകടം നടന്ന  കുറച്ചു മാസങ്ങള്‍ക്കുശേഷം ഒരു ബോട്ടിനെ  കടലില്‍ നിന്നും അധികൃതര്‍ വീണ്ടെടുത്തിരുന്നുവെന്നും  അറിയാന്‍ കഴിഞ്ഞു. അങ്ങിനെയാണ് അഭയാര്‍ഥികളെ  സഹായിക്കുന്ന ഒരു   വക്കീല്‍ മുഖാന്തിരം   ഇറ്റലിയിലെ  മിലാനിലെ  ഡോക്ടര്‍  സെലസ്റ്റനയുടെ ഫോറെന്‍സിക്ക് ലാബുമായി ബന്ധപ്പെട്ടത്.

ഞാന്‍   അയച്ചുകൊടുത്ത  ഫോട്ടോയുടെ സാമ്യതയുള്ള ഒരു  മൃതദേഹത്തിന്‍റെ  ചിത്രം ലാബിന്‍റെ  കൈവശം ഉണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന   മറ്റൊരു ജഡത്തിന്‍റെ ചിത്രവുമായി  ആ ഫോട്ടോയ്ക്ക്  സാമ്യത ഇല്ലായിരുന്നതിനാല്‍ അവര്‍ ആ മൃതദേഹത്തിന്‍റെ ഫോട്ടോ എനിക്കയച്ചു തന്നു. 

സലാസി മരിച്ചുവെന്ന  വിവരം കിട്ടിയപ്പോള്‍ ഞാന്‍  വളരെ സന്തോഷിച്ചു  ഫോട്ടോ കണ്ടപ്പോള്‍ അതു സലാസിയുടെതെന്നു ഞാന്‍ ഉറപ്പിച്ചു. എനിക്കുറപ്പായിരുന്നു കാരണം അയാള്‍ മരിച്ചിട്ടുണ്ടാകണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. ആ ഒരു വിവരം ലഭിക്കാനാണ് ഞാന്‍ കാത്തിരുന്നതും    എങ്കിലും  അയാള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍  ഞാന്‍  പൊട്ടിക്കരഞ്ഞു പോയി, അയാള്‍ എന്നോടു ദ്രോഹമാണ്  ചെയ്തതെങ്കിലും ഞാന്‍  അയാളെ ഒരുപാടു  സ്നേഹിച്ചിരുന്നു.

ഞാന്‍ ലാബിനു നല്‍കിയ ഫോട്ടോയില്‍ മുഖം   വ്യക്തത  കുറഞ്ഞതായിരുന്നു, മറ്റൊരു ചിത്രവും എന്‍റെ കൈവശമില്ലായിരുന്നു. കടലില്‍ നിന്നും  പുറത്തെടുക്കാന്‍  കാലതാമസം  വന്നതിനാല്‍ ജഡത്തിന്‍റെ മുഖം അഴുകി  തുടങ്ങിയിരുന്നു  അതുകൊണ്ട് തന്നെ  പൂര്‍ണ്ണമായ  തിരിച്ചറിയല്‍  അസാധ്യമായതിനാല്‍   മരണം സ്ഥിതീകരിച്ചുള്ള രേഖകള്‍ നല്‍കാനും  ലാബിനു     കഴിയാതെ വന്നു.

“ഡി.എന്‍.എ ടെസ്റ്റ്‌ നടത്തണം. എങ്കിലേ എന്തെങ്കിലും ഉറപ്പിക്കാനാവൂ.” അതായിരുന്നു  ലാബ്‌   നല്‍കിയ മറുപടി. 
സുഡാനില്‍ നിന്നും അയച്ചു കിട്ടിയ മകന്‍റെ ഡി.എന്‍.എ  സാമ്പിളുമായി   അങ്ങിനെ ഞാന്‍ ജര്‍മനിയില്‍ നിന്നും  മിലാനില്‍  എത്തി. 

                                          III
ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കെ ഇടയ്ക്കിടെ ഡോക്ടര്‍  കമ്പ്യൂട്ടര്‍ പരിശോധിച്ചുകൊണ്ടിരുന്നു.  കമ്പ്യൂട്ടര്‍ മോണിട്ടറില്‍ നോക്കിയ ഡോക്ടറുടെ  മുഖം പെട്ടന്ന്  ഗൌരവമായി.  കസേരയില്‍  മുന്നോട്ടാഞ്ഞു മേശമേല്‍ കൈകള്‍ വച്ചുകൊണ്ട്‌  ശബ്ദം താഴ്ത്തി ഡോക്ടര്‍  ചോദിച്ചു 

“മിസ്.  മെഹറിത്ത്   ചോദിക്കുന്നതില്‍  വിഷമം  തോന്നരുത്, സലാസിയുമായി അല്ലാതെ നിങ്ങള്‍ മറ്റാരെങ്കിലുമായി  ശാരീരികമായി  ബന്ധപ്പെട്ടിട്ടുണ്ടോ?”

ഡോക്ടര്‍ സെലസ്റ്റീന  മടിച്ചുമടിച്ചാണ്  എന്നോടപ്പോള്‍ അങ്ങിനെ  ചോദിച്ചത്. 
ഇല്ല എന്നു മറുപടി  പറയുന്നതില്‍   ഒരുനിമിഷം പോലും എനിക്ക് ആലോചിക്കേണ്ടി വന്നില്ല 

“അല്ല ഡി.എന്‍.എ  ഫലം നെഗറ്റീവാണ്. യെമനിയുടെ പിതാവ് സലാസി അല്ലെന്നാണ്  പരിശോധ ഫലം വന്നിരിക്കുന്നത്. വര്‍ഷങ്ങള്‍   കുറച്ചായില്ലേ ഒന്നുകൂടെ  ആലോചിച്ചു നോക്കിയേ?”

എന്ത്  പറയണമെന്ന്  അറിയാതെ ഞാന്‍ ഡോക്ടറെ നോക്കി മിഴിച്ചിരുന്നു.

“നോക്കൂ മെഹറിത്ത്, കുട്ടിയോട്  അയാള്‍ക്ക് യാതൊരുവിധ  താല്‍പര്യവും ഇല്ലാന്നല്ലേ  പറഞ്ഞത്. ഇനി ഒരുപക്ഷെ  യെമനി അയാളുടെ കുട്ടിയല്ലെന്നു  അയാളും കരുതിയിരിക്കുമോ?”
“ഇല്ല ഡോക്ടര്‍, അയാളല്ലാതെ മറ്റൊരാള്‍ യമനിയുടെ പിതാവാകാന്‍ ഒരു സാധ്യതയുമില്ല.”
മറുപടി പറയുമ്പോള്‍ എന്‍റെ വാക്കുകള്‍ ഇടറിയിരുന്നു. ഓര്‍മ്മകള്‍   പിന്നിലേക്കോടി.  
“ശരി. ഞാന്‍ ഒന്നുറപ്പ് വരുത്താന്‍ ചോദിച്ചെന്നേയുള്ളൂ.
“നമുക്ക്  ഒരിക്കല്‍ കൂടി ടെസ്റ്റ്‌നടത്താം. ചില സമയം  അപൂര്‍വമായി  ചില പിശകുകള്‍  കടന്നു കൂടാറുണ്ട്. അതിനിടയില്‍  നമുക്കു നിലവറയിലെ  വസ്തുവഹകള്‍  പരിശോധിക്കുകയുമാകാം.”

ഡോക്ടറുടെ  വാക്കുകള്‍ എന്നെ  ചിന്തയില്‍ നിന്നുണര്‍ത്തി. നിലവറയിലേക്ക്  നടക്കുന്നതിനിടയില്‍ ഡോക്ടര്‍ പറഞ്ഞു,
“എന്‍റെ  ഭര്‍ത്താവ്  എന്നെ ഉപേക്ഷിച്ചു പോയിട്ട്  വര്‍ഷങ്ങളായി. അയാള്‍ ജീവിച്ചിരിപ്പുണ്ടോ  ഇല്ലയോ  എന്നറിവില്ലാത്തതിനാല്‍ അയാളുടെ സ്വത്തുക്കള്‍  എന്‍റെ മക്കള്‍ക്ക്‌ കൊടുക്കാന്‍ ഇതുവരെയും  കഴിഞ്ഞിട്ടില്ല. വീണ്ടുമൊരു വിവാഹം കഴിക്കാന്‍  എനിക്കാഗ്രഹമില്ല, ഉണ്ടെങ്കില്‍ പോലും  അതിനു കഴിയാത്ത നിയമക്കുരിക്കിലാണിപ്പോള്‍ ഞാനും.”

ഡോക്ടറുടെ മുഖത്തേക്ക് ഞാന്‍  ഉറ്റുനോക്കി  നോക്കി. അമ്പതില്‍ ആയിരിക്കണം നടപ്പെങ്കിലും  എന്തൊരു സൌന്ദര്യവും ചെറുപ്പവുമാണ്  അവര്‍ക്കിപ്പോഴും.

ഫോറെന്‍സിക് ലാബിന്‍റെ നിലവറയില്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന വസ്തുവഹകള്‍ക്കിടയിലൂടെ നടക്കവേ ഡോക്ടര്‍  സെലെസ്റ്റിന പറഞ്ഞു,
“ഒരാള്‍ മരിച്ചെന്നു  തെളിയിക്കേണ്ടത് അപരനു ജീവിക്കാനായി വേണ്ടി വരുമ്പോള്‍   മരിച്ചവരെ അന്വോഷിച്ചു പോകാതെ തരമില്ലല്ലോ ”
മരണമടഞ്ഞവരുടെ ശേഷിപ്പുകളായി കണ്ടെടുത്ത വസ്തുവഹകള്‍  പരിശോധിക്കുന്നതിനിടയില്‍  ഡോക്ടര്‍ സെലെസ്റ്റിന അങ്ങിനെ പറഞ്ഞപ്പോള്‍  അതു തീര്‍ത്തും ശരിയായ ഒരു പ്രസ്താവനയെന്നു തോന്നി. 

ലാബിന്‍റെ നിലവറയിലെ സ്റ്റോര്‍മുറിയില്‍ നിറയെ ഉപയോഗശൂന്യമെന്ന്  തോന്നാവുന്ന  വസ്തുക്കളാണ്.   കടലാസുകളും കളിപ്പാട്ടങ്ങളുമായി കാണപ്പെടുന്ന  അവ ഓരോന്നും  ഒരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നുവെന്നും, അതേസമയം അയാള്‍ മരിച്ചുവെന്ന നിഗമനത്തില്‍ എത്തിച്ചേരാനും  സഹായിച്ചേക്കാവുന്ന വളരെ പ്രധാനപ്പെട്ട  തെളിവുകളാണ്.

ഞാന്‍   അവ ഓരോന്നും  സൂക്ഷ്മായി നോക്കി. ഫോട്ടോകള്‍, എഴുത്തുകള്‍,  പ്രണയ ലേഖനങ്ങള്‍  തിരിച്ചറിയല്‍ കാര്‍ഡുകള്‍, ചെറിയ ബാഗുകള്‍,  ചെറിയ കിഴികളായി പ്ലാസ്റ്റിക്കു ബാഗുകളില്‍ കൂടെ കൊണ്ടുപോന്ന ജന്മനാട്ടിലെ മണ്ണ്, വിവാഹ ഫോട്ടോകള്‍, മക്കളുടെ ചിത്രങ്ങള്‍,  നോട്ടുബുക്കുകള്‍, അങ്ങിനെ വ്യക്തിപരമായി ഒരുപാട് പ്രധാന്യമുള്ളതാകയാല്‍ യാത്രയില്‍ കൂടെ കൊണ്ടുപോകുന്ന അനേകം വസ്തുക്കള്‍. അവയ്ക്കിടയില്‍ എനിക്കു പരിചയമുള്ളവ   എന്തെങ്കിലുമുണ്ടോയെന്നു ചികഞ്ഞുകൊണ്ടിരുന്നു.  ഒരു പക്ഷെ അയാള്‍ യാത്രപുറപ്പെടും മുന്‍പ് തന്‍റെ  മകന്‍റെ  ഒരു ഫോട്ടോയെങ്കിലും  കൂടെ കരുതിയിട്ടുണ്ടാവുമെന്നു  വൃഥാ മോഹിച്ചു.

“ഇരുപത്തയ്യായിരത്തില്‍പരം ആളുകള്‍ ഈ മെഡിറ്ററെനിയന്‍  ആഴിക്കടിയില്‍  ഉറങ്ങുന്നുണ്ട്. അവരില്‍  കുറച്ചുപേരെ മാത്രമെ  കടല്‍ തീരത്തിനായി  വിട്ടു നല്‍കിയിട്ടുള്ളൂ,  ബാക്കിയെല്ലാം അവള്‍ ഉള്ളില്‍ ഒതുക്കി വച്ചിരിക്കുന്നു.”

ഡോക്ടര്‍ സെലെസ്റ്റീന ഒരു ടൂറിസ്റ്റു ഗൈഡിനെപ്പോലെ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്  എനിക്കൊപ്പം   നടന്നു.
“ഒരു  ബോട്ട് മാത്രമാണ് അടുത്തകാലത്തായി   കടലിനടിയില്‍ നിന്നും ഉയര്‍ത്തി എടുത്തിട്ടുള്ളത്. അതില്‍ നിന്നും ദേഹങ്ങളും  വസ്തുക്കളും  കണ്ടെടുത്തിട്ടുണ്ട്. വലിയ ചെലവാണ്  അങ്ങിനെയൊരു  ഉദ്യമം നടത്താന്‍.   സ്വന്തം രാജ്യത്തിന്‍റെ   കപ്പലുകളോ, സ്വന്തം പൌരന്മാരോ  അല്ലാത്തവരും അനധികൃതമായി യാത്രചെയ്യുന്നതുമായ  യാത്രക്കാരുടെ  ബന്ധുക്കള്‍ക്ക് വേണ്ടി   നികുതിപണം  ചെലവഴിക്കാന്‍  സര്‍ക്കാരുകള്‍  തയ്യാറല്ല”

ഡോക്ടര്‍  സെലസ്റ്റീന   പറഞ്ഞുകൊണ്ടിരുന്നു.
“കടലിന്‍റെ ഗര്‍ഭത്തില്‍ അനേകം മൃതര്‍ പു:നര്‍ജന്മം കാത്തുകിടക്കുന്നു. അന്ത്യോപചാരം പോലും ചെയ്യാന്‍ പറ്റാതെപോയ ഉറ്റവരുടെയും ഉടയവരുടെയും സങ്കടങ്ങളുടെ കണ്ണുനീര്‍ ചേര്‍ന്നതിനാലാവാം  മെഡിറ്ററെനിയന്‍  ആഴിക്കു  ഇത്രയധികം ഉപ്പുരസം”

ഡോക്ടറുടെ  വാക്കുകള്‍  കേട്ടപ്പോള്‍  എന്‍റെ കവിളിലൂടെയും  കണ്ണുനീരിന്‍റെ  ചൂട് ഒലിച്ചിറങ്ങി. പക്ഷെ കൈത്തലം കൊണ്ടു  കവിള്‍ തുടച്ചെങ്കിലും  കയ്യില്‍ നനവൊന്നും   പറ്റിയിരുന്നില്ല.

നിലവറയില്‍  നിന്നും തിരികെ  ആളുകള്‍ കാത്തിരിക്കുന്ന  ഹാളിലെത്തി. അവിടെ തറയില്‍ ഒരിടം കണ്ടെത്തി ഞാനിരുന്നു. ലാബിന്‍റെ ഇടനാഴിയിലും  ഹാളിലുമായി.  അനേകം ആളുകള്‍  കാത്തു കിടക്കുകയാണ്.  ഉറ്റവരുടെയും  ഉടയവരുടെയും  മരണം സ്ഥിതീകരിക്കാന്‍ വേണ്ടി കാത്തു നില്‍ക്കുന്നവരാണ്  അവരെല്ലാവരും.

ഹാളിന്റെ  നടുവില്‍  മകന്‍റെ മൃതദേഹം മടിയില്‍ കിടത്തി  കണ്ണുനീര്‍ വാര്‍ക്കുന്ന  ‘ലാ പിയത്ത’  രൂപത്തെ ഉറ്റുനോക്കി ഞാനിരുന്നു. ഉറ്റവരുടെ ഉടല്‍ വേണ്ട, മരിച്ചുവോ ഇല്ലയോ എന്ന സന്നിഗ്തതയില്‍ ഉഴലുന്നവര്‍ക്ക് അല്പം ആശ്വാസം നല്കുന്നുണ്ടാകാം  വ്യാകുല മാതാവിന്‍റെ  ആ തിരുരൂപം. 

അവിടെ ഇരിക്കുന്നവരില്‍ എല്ലാവരിലും ഒരേതരത്തിലുള്ള  ആകുലതയാണ്. എല്ലാവര്‍ക്കും മുന്‍പില്‍ ഒരേ പ്രശ്നമാണ്  അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട  ഒരാള്‍  മരിച്ചുവെന്ന ഉറപ്പു ലഭിക്കാത്തതിനാല്‍  ഉണ്ടാകുന്ന നിയമപ്രശ്നങ്ങള്‍, വ്യക്തിപരവും  മാനസികവുമായ്  പ്രശ്നങ്ങള്‍. മരിച്ചുവെന്ന ഉറപ്പില്ലാതെ വന്നതിനാല്‍ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പറ്റാത്തത്തിലുള്ള മനോവിഷമം. 

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍  ചൊല്ലിക്കാനായി  ഒരിക്കല്‍ പള്ളിയില്‍ ചെന്നപ്പോള്‍ പുരോഹിതന്‍  എന്നോട്  പറഞ്ഞത്  അവന്‍ തിരിച്ചു വരുമെന്ന് നമുക്ക് പ്രത്യാശിക്കാമെന്നായിരുന്നു.  എത്രയുംവേഗം  തിരികെ എത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞെന്നെ ആശ്വസിപ്പിച്ചു പറഞ്ഞയച്ചു. ഒരാള്‍ മരിച്ചുപോകണമെന്നു പ്രാര്‍ത്ഥിക്കാന്‍ ആ പുരോഹിതനാവുമായിരുന്നില്ല. 

ഞാന്‍ എഴുന്നേറ്റു ജാലകത്തിനടുക്കലേക്കു നടന്നു. ഹാളിലെ ജാലകത്തിനപ്പുറം, എല്ലാം അറിഞ്ഞുകൊണ്ട്, ഒന്നും അറിയാത്തപോലെ   തിരയിളക്കുന്ന  കടലിലേക്ക്  നോക്കി നിന്നു.  

ഹാളില്‍  കാത്തിരുന്ന ആളുകളില്‍  ഒരു കൂട്ടത്തില്‍ നിന്നും  പെട്ടെന്ന് പൊട്ടിച്ചിരിയും  ആഹ്ലാദവും  വിടര്‍ന്നു. അവരുടെ  ഉറ്റബന്ധു മരിച്ചുവെന്ന രേഖ അവര്‍ക്ക് കിട്ടിയ നിമിഷമാണത്. ഒരുപാട്  സന്നിഗ്ദ്ധമായ  അവസ്ഥകളില്‍ നിന്നും  നിയമപ്രശ്നങ്ങളില്‍ നിന്നും വിടുതല്‍ കിട്ടിയ  നിമിഷം.  ഒരാളുടെ മരണത്തില്‍ അവര്‍  ദുഖിക്കുകയല്ല  ആശ്വാസത്തില്‍  സന്തോഷിക്കുകയാണ്. അയാളുണ്ടാക്കിയ ശൂന്യത പെട്ടന്ന്  ഇല്ലാതായതില്‍  അവര്‍ പൊട്ടിച്ചിരിച്ചു, പരസ്പരം കെട്ടിപ്പിടിച്ചു.

മരിച്ചവര്‍ അല്ലെങ്കില്‍ അപ്രത്യക്ഷനാകുന്ന മനുഷ്യനാണ് ജീവിച്ചിരി ക്കുന്നവരെക്കാള്‍   മറ്റുള്ളവരുടെ ജീവിതത്തില്‍  കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നു തോന്നുന്നു. എന്തോ എനിക്കറിയില്ല, പക്ഷെ എനിക്കങ്ങിനെയാണ്  തോന്നുന്നത്. 

രണ്ടാം  തവണയും ഡി.എന്‍. എ പരിശോധനാ ഫലം നെഗറ്റീവായി വന്നപ്പോള്‍ ഡോക്ടര്‍ സെലസ്റ്റീന  പറഞ്ഞു  അന്നത്തെ ബോട്ടപകടത്തില്‍  മരിച്ചതില്‍ ലഭ്യമായ  മുഴുവന്‍ ഡി.എന്‍.എ കളുമായി ഒത്തുനോക്കാമെന്ന്. എങ്കിലും ചേരുന്ന ഡി.എന്‍.എ കിട്ടാതെ വന്നപ്പോള്‍ ഡോക്ടറുടെ മുഖത്ത് നിരാശ നിറഞ്ഞു.  
“ഒന്നുകില്‍  അയാള്‍ ഈ ബോട്ടില്‍ യാത്ര ചെയ്തിട്ടില്ല, ആല്ലെങ്കില്‍  അയാളുടെ ദേഹം  കടലിനടിയില്‍ നിന്നും കണ്ടെടുത്തിട്ടില്ല”

ഡോക്ടര്‍  സെലസ്റ്റീന അവരുടെ   നിഗമനം   പങ്കുവച്ചു.  ഇതു പറയുമ്പോള്‍  ഒരാള്‍ മരിച്ചിരിക്കില്ല  എന്ന പ്രതീക്ഷയുടെ തിളക്കമായിരുന്നില്ല ഡോക്ടറുടെ  മുഖത്തും, സലാസിയുടെ മരണം ഉറപ്പിക്കാന്‍ ആവാത്തതിന്‍റെ  നിരാശയായിരുന്നു.

അയാള്‍  മരിക്കണമെന്ന്  എനിക്കാഗ്രഹമില്ലന്നു പറയുമ്പോഴും  അങ്ങിനെ ഒരു ആഗ്രഹം എന്‍റെയുള്ളില്‍ എവിടെയോ മറഞ്ഞുകിടക്കുന്നുവോ? അയാളുടെ മരണത്തിലൂടെ എന്‍റെ ജീവിതം ഭദ്രമാക്കാമെന്ന ചിന്ത അടിത്തട്ടില്‍ എവിടെയോ മറഞ്ഞു കിടക്കുന്നുണ്ടോ? ഇല്ലായെന്ന് ഉറപ്പിക്കാന്‍ ആവതില്ലെങ്കിലും, അയാള്‍ മരിച്ചെങ്കില്‍ അതിനുള്ള ഉറപ്പു ലഭിക്കണമെന്നായിരുന്നു പുറമേയ്ക്കുള്ള അതുവരെയുള്ള  എന്‍റെ  പ്രാര്‍ത്ഥനകള്‍ മുഴുവനും. 

ഇനി ഒരുപക്ഷെ അയാള്‍ മറ്റൊരു ബോട്ടിലായിരിക്കുമോ  കയറിയിരിക്കുക? അതോ മറ്റു വല്ലയിടത്തും  ജീവിച്ചിരിക്കുന്നുണ്ടോ?

 നാശം,...  അല്ലെ വേണ്ട, അയാള്‍ എവിടെയെങ്കിലും ജീവിക്കട്ടെ. എന്തായാലും അയാളെന്‍റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരിക്കുന്നു.

ഇനിയൊന്നും ചെയ്യാനില്ല. ഞാന്‍ ലാബില്‍ നിന്നും പുറത്തേക്ക് നടന്നു. തിരിഞ്ഞു നോക്കിയപ്പോള്‍ മകന്‍റെ ജഡവും മടിയില്‍ കിടത്തികൊണ്ട് വ്യാകുലപ്പെടുന്ന അമ്മയുടെ കണ്ണുകള്‍ എന്നെ പിന്തുടരുന്നതു കണ്ടു. വ്യാകുല മാതാവിനോട്  എനിക്കപ്പോള്‍  അസൂയ തോന്നി.

ഞാന്‍ കടലിനടുക്കലേക്കു നടന്നു. കണ്ണാടിചില്ലുപോലെ സുതാര്യമായ കടല്‍ വെള്ളത്തിലേക്ക്  നോക്കിനിന്നു. എന്‍റെ മനസ്സില്‍ എന്തെന്ന്  എനിക്ക് നിശ്ചയമില്ല   ഒരുപക്ഷെ ഇരുപത്തയ്യായിരം  ആത്മാക്കളെ ഉള്ളില്‍ ഒളിപ്പിച്ച കടലിനു തീര്‍ച്ചയായും  അതൊക്കെ മനസ്സിലായിട്ടുണ്ടാകണം.

Join WhatsApp News
Sudhir Panikkaveetil 2023-06-04 02:57:07
'മരിച്ചവര്‍ അല്ലെങ്കില്‍ അപ്രത്യക്ഷനാകുന്ന മനുഷ്യനാണ് ജീവിച്ചിരി ക്കുന്നവരെക്കാള്‍     മറ്റുള്ളവരുടെ ജീവിതത്തില്‍  കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതെന്നു തോന്നുന്നു'.അതെങ്ങനെയെന്ന് ഈ കഥ വ്യക്തമാക്കുന്നു.കഥ വികാരസാന്ദ്രവും, പ്രക്ഷുബ്ധവും, വായനക്കാരെ ഒരു വിസ്മയലോകത്തേക്ക് കൊണ്ടുപോയി പലതും പറഞ്ഞു മനസിലാക്കുന്നതുമാണ്. കഥപറച്ചലിലെ സാങ്കേതിക മികവ് പ്രകടമാണ്.
ജോസഫ്‌ എബ്രഹാം 2023-06-04 10:19:24
കഥ വായിച്ച ഏവര്‍ക്കും അഭിപ്രായം എഴുതാന്‍ സന്മനസ് കാണിച്ച ശ്രീ സുധീര്‍ പണിക്കവീട്ടിലിനും നന്ദി.
വായനക്കാരന്‍ 2023-06-04 10:36:24
പ്രണയം, പ്രവാസം, അഭ്യന്തര പ്രശ്നങ്ങള്‍, അഭയംതേടി യാത്ര അതില്‍ പതിയിരിക്കുന്ന അപകടം, ഒരാള്‍ മരിച്ചുവെന്ന തെളിവ് അവശേഷിപ്പിക്കാതെ കാണാതാകുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ അനുഭവിക്കുന്ന മാനസികവും നിയമപരവുമായ പ്രശ്നങ്ങള്‍. ഒരു നോവലിന് വകയുള്ള വിഷയങ്ങള്‍ എല്ലാം കാച്ചിക്കുറുക്കി ആര്‍ദ്രമായ ഒരു കഥ പറഞ്ഞിരിക്കുന്നു. വലിയ ഏഴുത്തുകാര്‍ പോലും ചെറുപ്പകാല ലീലകള്‍ കഥയെന്നു എഴുതുമ്പോള്‍, മലയാളത്തിന്റെ അതിരുകള്‍ താണ്ടിയ മനോഹരമായ മലയാളം കഥ. മലയാളം കഥ മരിക്കുന്നില്ല ചുരുങ്ങിയ പക്ഷം അത് അമേരിക്കയില്‍ എങ്കിലും ജീവിച്ചിരിക്കുന്നുണ്ട് എന്നത് ഒരു പ്രതീക്ഷയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക