Image

റേഡിയോ മാധ്യമഗവേഷണ രംഗത്തെ പെൺപെരുമ; ഡോ. ജൈനിമോൾ കെ.വി (ദുർഗ മനോജ്)

Published on 03 June, 2023
റേഡിയോ മാധ്യമഗവേഷണ രംഗത്തെ പെൺപെരുമ; ഡോ. ജൈനിമോൾ കെ.വി (ദുർഗ മനോജ്)

മാധ്യമങ്ങൾ മനുഷ്യരാശിയുടെ മുന്നോട്ടുള്ള കുതിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാവലാളാണ്. കേരളത്തിൻ്റെ എന്നല്ല, ഏതൊരു നാടിൻ്റേയും സാമൂഹ്യസാംസ്കാരിക മണ്ഡലങ്ങളിൽ മാധ്യമങ്ങളുടെ സ്വാധീനം നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. നിരപരാധികളെ കുറ്റവാളികളാക്കാനും കുറ്റവാളികളെ നിരപരാധികളാക്കാനും അവയ്ക്ക് കഴിയും. കാരണം, അവ പൊതുബോധത്തെ നിയന്ത്രിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നു. കേവലം വിനോദോപകരണങ്ങൾ എന്ന മട്ടിൽ നിലയിറപ്പിച്ചിട്ടുള്ള മാധ്യമങ്ങൾക്കു പോലും വ്യക്തമായ രാഷ്ട്രീയമുണ്ട്. സമൂഹത്തിലും സംസ്കാരത്തിലും ഉള്ള മാധ്യമഇടപെടലുകളെ ജാഗ്രതയോടെയും വിമർശനാത്മകമായും സമീപിക്കുന്ന ഒരു വ്യക്തിത്വത്തെ പരിചയപ്പെടുത്തുകയാണിവിടെ. മാധ്യമപഠനങ്ങൾ സിനിമാപഠനത്തിനും ടെലിവിഷൻ പഠനത്തിലേക്ക വഴിമാറിയപ്പോൾ അവഗണിക്കപ്പെട്ടുപോയ ഒന്നാണ് റേഡിയോ പഠനങ്ങൾ. ഈ മേഖലയിൽ ഗവേഷണം നടത്തുകയും തുടർപഠനങ്ങൾ നടത്തുകയും ചെയ്യുന്നവർ മലയാളത്തിൽ കുറവാണ്. ആ ചരിത്രദൗത്യം ഏറ്റെടുത്ത് ശ്രദ്ധേയയായ നിരൂപികയാണ് ഡോ. ജൈനിമോൾ കെ.വി. ഒരു ഭാഷാധ്യാപിക എന്ന നിലയിൽ ഒതുങ്ങിപ്പോവാതെ വ്യത്യസ്ത തരത്തിലുള്ള മാധ്യമ പഠനമേഖലകളെ അവർ നിരന്തരം നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു. കണ്ണൂർ മാടായി കോളേജിൽ മലയാള വിഭാഗം അധ്യാപികയാണ് ഡോ. ജൈനിമോൾ കെ. വി. കണ്ണൂർ യൂണിവേഴ്സിറ്റി റിസർച്ച് ഗൈഡ് എന്ന നിലയിലും പ്രവർത്തിക്കുന്നു. കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോ.ശിവദാസ് കെ. കെയുടെ മാർഗ്ഗനിർദേശത്തിൽ ‘കേൾവിയുടെ രാഷ്ട്രീയവും സംസ്കാരനിർമ്മിതിയും: കേരളത്തിലെ സ്വകാര്യ എഫ് . എം പരിപാടികളെ മുൻനിർത്തിയുള്ള പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. മാധ്യമ പഠനമേഖലയിൽ തുടർഗവേഷണങ്ങൾ നടത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും എഴുതുകയും ചെയ്യുന്നു. മാധ്യമ പഠനമേഖലയിലെ ചുരുക്കം ചില വനിതാ സാന്നിധ്യങ്ങളിലൊരാളായ ഡോ. ജൈനിമോൾ  ഇ-മലയാളിയുമായി സംവദിക്കുന്നു.

പഠന മേഖലയായി റേഡിയോ എന്ന മാധ്യമത്തെ തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?

        റേഡിയോ കേട്ടു വളർന്ന ഒരാളാണ് ഞാൻ. റേഡിയോ എന്നും കൗതുകമായിരുന്നു. ആകാശവാണി മാത്രമാണ് അന്നുണ്ടായിരുന്നത്. പിന്നീട് റേഡിയോ അവതാരകനെ തന്നെ ജീവിതപങ്കാളിയായി ലഭിച്ചു. പ്രവാസിയായിരുന്ന അല്പകാലം ഗൾഫ് റേഡിയോകളെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. കോളേജ് അധ്യാപികയായപ്പോഴാണ് ഈ മേഖലയിലെ അക്കാദമിക് പഠനങ്ങളുടെ അപര്യാപ്തത മനസ്സിലാക്കുന്നത്. കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും മാധ്യമ പഠനം ഒരു പ്രധാന പഠന വിഷയമാണിന്ന്. എന്നാൽ ആവശ്യത്തിന് സഹായകഗ്രന്ഥങ്ങളോ പഠന മെറ്റീരിയലുകളോ ലഭ്യമല്ലതാനും. കേരളീയ സന്ദർഭത്തിലുള്ള റേഡിയോ സംബന്ധിച്ച അക്കാദമിക പഠനങ്ങൾ ഒന്നും തന്നെ ഇല്ല. അങ്ങനെയാണ് എന്തുകൊണ്ട് റേഡിയോ തന്നെ പഠന വിഷയമാക്കിക്കൂടാ എന്ന ചിന്ത വന്നത്.

കേരളത്തിൽ ആകാശവാണിയും പ്രൈവറ്റ് എഫ് എമ്മുകളും ഇന്റർനെറ്റ് റേഡിയോകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും മറ്റ് മാധ്യമങ്ങളെപ്പോലെ റേഡിയോ എന്ന മാധ്യമത്തെക്കുറിച്ച് പഠനങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണ്? 

ഇതിന് പല കാരണങ്ങളുണ്ട്. ഒന്നാമതായി, പ്രക്ഷേപണം ചെയ്യപ്പെട്ട പരിപാടികൾ ശ്രോതാക്കൾക്ക് സൂക്ഷിച്ചു വെക്കാനാവില്ല. ഒരിക്കൽ കൂടി കേൾക്കണമെന്ന് വിചാരിച്ചാലും സാധിക്കില്ല. റേഡിയോ പ്രക്ഷേപണത്തിന്റെ പ്രധാനപരിമിതിയും അതു തന്നെ. റേഡിയോയിലൂടെ പ്രസരിക്കുന്ന ശബ്ദവീചികൾ ശ്രോതാവിന്റെ ചെവിയിലൂടെ ഹൃദയത്തിലെത്തുകയാണ് ചെയ്യുന്നത്. ഗവേഷണത്തിൽ പ്രധാനമായി വേണ്ടുന്നത് കൃത്യമായ ഡാറ്റയാണ്. ആവശ്യമായ വിവരങ്ങൾ ആവേദകരിലൂടെ കണ്ടെത്തേണ്ടതുണ്ട്. അത് എളുപ്പമല്ല.

മറ്റൊന്ന്, ഈ മേഖലയോട്  കാണിക്കുന്ന അവഗണനയാണ്. നിരക്ഷരരായ കേരളീയ സമൂഹത്തിൽ വിപ്ലവകരമായ പരിവർത്തനങ്ങൾ സൃഷ്ടിച്ച മാധ്യമമാണ് റേഡിയോ. എന്നിട്ടും പ്രക്ഷേപണ കലയ്ക്ക് അർഹിക്കുന്ന സ്ഥാനമല്ല കിട്ടിയിട്ടുള്ളത്. ആകാശവാണിയും പ്രൈവറ്റ് എഫ് എമ്മുകളും ഇന്റർനെറ്റ് റേഡിയോയും കമ്മ്യൂണിറ്റി റേഡിയോയും എല്ലാം ചേർന്ന് വിപുലവും വ്യത്യസ്തവുമായ ഒരു റേഡിയോ സംസ്കാരം ഇന്ന് കേരളത്തിലുണ്ട്. അവയുടെയെല്ലാം വിവിധ തലങ്ങൾ പ്രത്യേകം പ്രത്യേകം തന്നെ അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. പഠിക്കപ്പെടേണ്ടതുണ്ട്. പാശ്ചാത്യ നാടുകളിലെല്ലാം ധാരാളം പഠനങ്ങളുണ്ടാകുന്നുണ്ട്. 1923 ലാണ്  ചില അമെച്വർ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആദ്യമായി നടക്കുന്നത്. ആ നിലയ്ക്ക് പ്രക്ഷേപണം നൂറ് വർഷം പൂർത്തിയാക്കുന്ന സന്ദർഭമാണിതെന്ന് ഓർക്കണം.

ജൈനിമോൾ എന്ന എഴുത്തുകാരിയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും എന്താണു പറയാനുള്ളത്?

മാധ്യമ സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളുമാണ് കൂടുതലായും തയ്യാറാക്കിയിട്ടുള്ളത്. മാധ്യമം വിനിമയവും വിചിന്തനവും എന്ന പുസ്തകം റേഡിയോ ഉൾപ്പെടെ വിവിധ മാധ്യമങ്ങളെക്കുറിച്ചുളള നിരീക്ഷണങ്ങളും പഠനങ്ങളുമാണ്. ഫിഫ്ത്ത് എസ്റ്റേറ്റ്, മാധ്യമങ്ങളും ജനാധിപത്യവും തുടങ്ങിയ വ വിദ്യാർത്ഥികളെയും ഗവേഷകരെയും മുന്നിൽ കണ്ടു കൊണ്ട് എഡിറ്റ് ചെയ്ത് തയ്യാറാക്കിയവയാണ്. ഏറ്റവും പുതിയ പുസ്തകം എന്റെ ദീർഘനാളത്തെ ഗവേഷണത്തിന്റെ ഫലമാണ്. റേഡിയോ : ആകാശവാണി മുതൽ സ്വകാര്യഎഫ്.എം വരെ എന്ന പുസ്തകം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിക്കുന്നത്. റേഡിയോ സംബന്ധിച്ച സമഗ്രവും സൈദ്ധാന്തികവുമായ ആദ്യ പഠനമാണിത്. സ്വകാര്യ എഫ്.എമ്മുകളുടെ കടന്നുവരവിനെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമൊക്കെ മാധ്യമ പഠനത്തിന്റെ ഭാഗമായി യൂനിവേഴ്സിറ്റി സിലബസിലുണ്ട്. പക്ഷേ ഒരൊറ്റ റഫറൻസ്ഗ്രന്ഥം പോലുമില്ല. അതിലേക്ക് ഈ പുസ്തകം സഹായകമാകും എന്ന സന്തോഷമുണ്ട്.

മാധ്യമ പഠനത്തിന് വേണ്ടത്ര പ്രാധാന്യം കേരളത്തിൽ ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ ?

തീർച്ചയായും ഉണ്ട്. മാധ്യമ യുഗത്തിലാണ് നമ്മുടെ ജീവിതം. അവ നമ്മുടെ ജീവിതത്തിൽ ഇടപെടുന്നു. വിപുലമായ ഒരു പഠന മേഖലയായി മാധ്യമ പഠനങ്ങൾ മാറിക്കഴിഞ്ഞു. പാശ്ചാത്യരാജ്യങ്ങളെല്ലാം മാധ്യമ പഠനത്തിൽ ബഹുദൂരം മുന്നിലാണ്. സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ നിരന്തരം അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.

ട്രോളുകളുടെയും സമൂഹമാധ്യമങ്ങളിലെ കമന്റുകളുടെയും പഠനങ്ങൾ നടത്തിയിട്ടുണ്ടല്ലോ. അത്തരം അന്വേഷണങ്ങൾ നൽകുന്ന അറിവ് പുതുതലമുറയുടെ ഭാവുകത്വത്തെ വിലയിരുത്താൻ പ്രാപ്തമാണോ?

മനുഷ്യജീവിതത്തെ നിർണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വിധത്തിലേക്ക് മാധ്യമങ്ങൾ വളർന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പഠനങ്ങൾ സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ വിശകലനം കൂടിയാകുന്നു. ട്രോളുകളെക്കുറിച്ചും കമന്റുകളെകുറിച്ചും ഒക്കെ പഠിക്കുന്നത് അങ്ങനെയാണ്. മാധ്യമലോകം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പ്രത്യയശാസ്ത്രങ്ങളെ വിലയിരുത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം കൂടിയാണെന്ന് കരുതുന്ന ആളാണ് ഞാൻ. മാധ്യമമേഖലകളിൽ ഉണ്ടാവുന്ന പുതുചലനങ്ങളെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

ഡിജിറ്റൽ മാധ്യമങ്ങളിലെ ജനപ്രിയ സാംസ്കാരിക വ്യവഹാരങ്ങളിൽ പ്രധാനപ്പെട്ടവയാണ് ട്രോളുകളും മീമുകളും. സൈബർ ലോകത്ത് വലിയ സ്വീകാര്യതയും പ്രചാരവും അവയ്ക്കുണ്ട്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനായി നമ്മൾ ട്രോളുകളെയും കമന്റുകളെയും ഉപയോഗിക്കുന്നുമുണ്ട്.  മീമുകൾ ഇന്നൊരു പുതുഭാഷയായി മാറുന്ന അവസ്ഥയാണ്. ഓരോ ദിവസവും നവമാധ്യമങ്ങളിലും ചാറ്റിങ് ആപ്പുകളിലും ആയി എത്രയെത്ര മീമുകളാണ് നമ്മൾ പങ്കിടുന്നത്! ഇവയ്ക്ക് വ്യക്തികളുടെ അഭിപ്രായങ്ങളെയും സമീപനങ്ങളെയും സ്വാധീനിക്കുവാനും അവരുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകാനും ഒക്കെയുള്ള കഴിവുണ്ട്. ആശ്വസിപ്പിക്കുക, പുഞ്ചിരി നൽകുക, സംഭാഷണത്തിൽ പങ്കാളിത്തം പ്രകടിപ്പിക്കുക, സ്നേഹവും പിന്തുണയും അറിയിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് ഒക്കെ നമ്മൾ ട്രോളുകളെയും കമന്റുകളെയും  ഉപയോഗിക്കുന്നുണ്ട്. ശരിക്ക് പറഞ്ഞാൽ ഇവയെല്ലാം വലിയ സാധ്യതയുള്ള രൂപങ്ങളായാണ് നമ്മൾ തുടക്കത്തിൽ കണ്ടത്.നിരുപദ്രവകരമായ തമാശകൾ എന്നോ ആളുകളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഉള്ള ശ്രമമെന്നോ പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള പുതിയ വേദി എന്നോ ഒക്കെയാണ് നമ്മൾ ട്രോളുകളെ മനസ്സിലാക്കിയിരുന്നത്. പക്ഷേ, ഇന്ന് സൈബർ ലോകത്ത് ട്രോളുകളെയും കമന്റുകളെയും ദുരുപയോഗപ്പെടുത്തുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിൽ ദാസപ്പൻ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗ് പ്രസക്തമാണ്.  “കൂടുതൽ കളിച്ചാൽ നിന്നെ ട്രോളന്മാർക്ക് ഇട്ടുകൊടുക്കും കേട്ടോ.” അതായത് ആരെയും ഒളിഞ്ഞിരുന്ന് വിമർശിക്കാനുള്ള പുതിയ വഴിയായി ട്രോളുകൾ മാറുന്നുണ്ട് എന്നാണ് എൻറെ ഒരു നിരീക്ഷണം. വേറിട്ട രീതിയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്യുന്ന സ്ത്രീകളെ അസഭ്യവർഷംകൊണ്ട് ഒതുക്കാൻ ട്രോളുകൾ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നു. പല സിനിമാതാരങ്ങളും സാമൂഹ്യപ്രവർത്തകരും  ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുമുണ്ട്. ചില ട്രോളുകളൊക്കെ സ്ത്രീകളെ ലൈംഗിക പൂരണത്തിനുള്ള ഉപകരണമായി മാത്രം ചിത്രീകരിക്കുന്നു. പുതിയകാലത്ത് നവമാധ്യമങ്ങളിൽ രൂപപ്പെടുന്ന പൊതുബോധമണ്ഡലത്തിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനവും വിപ്ലവങ്ങളും ഒക്കെ പുരോഗമിക്കുന്നത്. ഭരണകൂടനിയന്ത്രണങ്ങളെ ഒട്ടും വകവയ്ക്കാതെ ആശയങ്ങൾ സൈബർസ്പേസിലൂടെ പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. അറേബ്യൻ ലോകത്തെ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവത്തിന് പിന്നിൽ ഇൻറർനെറ്റ് കൂട്ടായ്മകൾ ഉണ്ടായിരുന്നത് ഓർക്കാം. എന്നാൽ മനുഷ്യരുടെ പങ്കാളിത്തത്തെ ശക്തിപ്പെടുത്താനും പൊതുവേ രാഷ്ട്രീയകാര്യങ്ങളിൽ നിഷ്ക്രിയരായി ഇടപെടുന്നവരെ പോലും സജീവമാക്കാനും സോഷ്യൽമീഡിയയ്ക്ക് സാധിക്കുന്നു എന്നത് സ്വാഗതാർഹമാണ്. വ്യാജവാർത്തകളും വിശകലനങ്ങളും ഒക്കെ ടൈംലൈനുകളിൽ നിറച്ച് ജനാഭിപ്രായം സ്വന്തം വരുതിയിൽ എത്തിക്കാൻ ശ്രമിക്കുന്ന ട്രോൾ ആർമികൾ ലോകത്ത് ധാരാളം ഉണ്ട്. വാർത്താവിതരണത്തിൽ മേൽക്കൈ നേടിയ മാധ്യമരൂപമായി സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകൾ മാറിക്കഴിഞ്ഞു. ഇങ്ങനെ നിരന്തരം പ്രവഹിക്കുന്ന വാർത്തകൾക്കിടയിലെ ശരിതെറ്റുകൾ വേർതിരിച്ചറിയാനുള്ള സംവിധാനങ്ങൾ ഭാവിയിൽ നമുക്ക് കണ്ടെത്തേണ്ടി വരും. വംശീയതയും സ്ത്രീവിരുദ്ധതയും അശ്ലീലവും നിറച്ച് പ്രചരിപ്പിക്കുന്ന പ്രകോപനമട്ടിലുള്ള ട്രോളിംഗിനപ്പുറത്ത് നിലവാരമുള്ള ആക്ഷേപഹാസ്യ കലയായി ട്രോളുകൾ മാറേണ്ടതുണ്ട്.

വായനയുടെ രീതി തന്നെ മാറിയിരിക്കുന്നു. പുതിയ സാങ്കേതികവിദ്യകൾ പഴയ വായന രീതിയെ എങ്ങനെ സ്വാധീനിക്കുന്നു?

കാലം വരുത്തിയ മാറ്റമാണത്.റേഡിയോയിൽ യുവവാണി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ദിരാഗാന്ധി നടത്തിയ ഒരു പ്രസംഗമുണ്ട്. അവർ പറഞ്ഞത് യുവജനങ്ങൾ എല്ലായിടത്തും അസ്വസ്ഥരാണെന്നും അവർ എന്നും എന്തെങ്കിലും പുതുമ അന്വേഷിച്ചുകൊണ്ടിരിക്കുന്നു എന്നുമാണ്. വിചിത്രമായ പല ദിശകളിലേക്കും, പ്രായമായവർക്ക് മനസ്സിലാക്കാൻ കഴിയാത്ത വിചിത്രമായ രൂപത്തിലേക്കും യുവമനസ്സ് തിരിയാറുണ്ട്. അവയൊന്നും നിഷേധിക്കാൻ നമുക്ക് അവകാശമില്ല. കാലം വരുത്തുന്ന മാറ്റങ്ങളെ നമ്മൾ സ്വീകരിക്കേണ്ടതുണ്ട് കാരണം മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള അന്വേഷണങ്ങൾ നടന്നതുകൊണ്ടാണ് ഈ ലോകം ഇന്നത്തെ നിലയിൽ എത്തിയത്. എത്രമാത്രം പ്രസക്തമാണ് ദീർഘദർശിയായ അവരുടെ വാക്കുകൾ! ചാറ്റ് ജിപിടി ഒക്കെ അരങ്ങു തകർക്കാൻ പോകുന്ന കാലമാണ് വരാൻ പോകുന്നത്. പ്രിൻ്റ് മീഡിയയിൽ നിന്ന് ഡിജിറ്റൽ മീഡിയയിലേക്കുള്ള പരിവർത്തനം പാശ്ചാത്യനാടുകളിൽ ഒക്കെ ഏകദേശം പൂർത്തിയായി കഴിഞ്ഞു. നമ്മുടെ നാട്ടിലും ആ അവസ്ഥ വരാൻ പോവുകയാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ നൂതനമായ വഴികൾ നമ്മൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. ചെറിയ ടാബ്ലോയ്ഡ് ഫോർമാറ്റുകളിലേക്ക് പ്രിൻറ് കോളങ്ങൾ ചുരുങ്ങി കൊണ്ടിരിക്കുന്നു. അനുവാദങ്ങൾക്ക് കാത്തുനിൽക്കാതെ വിമർശകർക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ എഴുതാൻ സാധിക്കുന്നു. പ്രതിമാസ പുസ്തകങ്ങളിലൂടെ മാത്രം സിനിമകളെ കുറിച്ച് വായിച്ചിരുന്ന നാളുകളിൽ നിന്ന് ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു. ദിനപത്രങ്ങൾ പോലും കൂടുതൽ നൂതനമായ വിനോദ വാർത്തകൾ അവരുടെ ഓൺലൈൻ എഡിഷനിലൂടെ നൽകിത്തുടങ്ങി. പറഞ്ഞു തുടങ്ങിയാൽ  ഇങ്ങനെ എന്തെല്ലാംമാറ്റങ്ങൾ! സിനിമകളെ ഒക്കെ ഓരോ കാലത്തും വിലയിരുത്തുമ്പോൾ എങ്ങനെ മാറുമെന്ന് ഓൺലൈൻ നിരൂപകരുടെ അവലോകനം ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇതൊന്നും അധികം ചെലവ് കൂടാതെയാണ് നമുക്ക് ലഭിക്കുന്നതെന്നും ഓർക്കണം. ഡിജിറ്റൽയുഗത്തിൽ കാഴ്ചക്കാരന് വെബ്സൈറ്റ്, ഓൺലൈൻ ട്രെയിലറുകൾ, അവലോകനങ്ങൾ തുടങ്ങിയവയിലൂടെയെല്ലാം സിനിമകളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നു. ഇ-ബുക്കുകളൊക്കെ ധാരാളമായി ഇറങ്ങുന്നു. അവരവരുടെ മൊബൈൽ ഫോണിൽ ആളുകൾക്ക് എഴുതാനും വായിക്കാനും സാധിക്കുന്നു. എന്നാൽ പുസ്തകങ്ങൾ കൈയ്യിലെടുത്ത് വായിച്ചാൽ മാത്രം സംതൃപ്തരാവുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്.

സാഹിത്യനിരൂപണത്തിൽ സ്ത്രീ സാന്നിധ്യം ഏറിയിട്ടുണ്ട്. മാധ്യമപഠന രംഗത്ത് പക്ഷേ, അവരുടെ സാന്നിധ്യം കുറവാണ്. അല്ലെങ്കിൽ ഇല്ലെന്നുതന്നെ പറയാം. അതെന്തായിരിക്കാം?

ശരിയാണത്. മാധ്യമ പഠനരംഗത്ത് സ്ത്രീ സാന്നിധ്യം താരതമ്യേന കുറവാണ്. പ്രത്യേകിച്ച് കേരളത്തിൽ. മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും കുറച്ചുകൂടി സമയം ആവശ്യപ്പെടുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സിലെ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്. “സ്ത്രീകൾക്ക് അല്പസ്വല്പം സ്വാതന്ത്ര്യം ഒക്കെ കൊടുക്കുന്ന പരിഷ്ക്കാരിയായ ഭർത്താവാണ് ഞാൻ.” ഇങ്ങനെ പറയുന്ന ഷമ്മിമാരുടെ നാടാണിത്. ഈ രംഗത്തേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണം എന്നാണ് ആഗ്രഹം. കാരണം മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നവരാണ് സ്ത്രീകൾ. സിനിമ, സീരിയലുകൾ, പരസ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ എല്ലാം സീമകൾ ലംഘിക്കുകയാണ്. അശ്ലീല ട്രോളുകളും സഭ്യേതര കമന്റുകളും സ്ത്രീകൾക്കെതിരെ അഴിച്ചുവിടുന്ന കാലമാണിത്. പലപ്പോഴും സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ ഉപയോഗപ്പെടുത്തുന്ന പ്രവണതയും ഉണ്ട്. ഭർതൃമതിയായ യുവതി ഒളിച്ചോടി എന്നാണ് വാർത്ത. ഒരിക്കലും യുവാവിന്റേത് ഒളിച്ചോട്ടമാകുന്നില്ല. സ്ത്രീകളെ പരസ്യമായി അതിക്രമിക്കുന്ന പ്രവണത ധാരാളം കാണാനാവും. ജനപ്രിയമായ സിനിമകൾ നോക്കൂ, പാട്ടുകളും ഡയലോഗുകളും ഒക്കെ സ്ത്രീവിരുദ്ധ കുത്തിനിറച്ചിരിക്കുകയാണ്. അത് കണ്ട് കയ്യടിക്കുന്നവരും സമൂഹത്തിൽ കൂടുന്നു. സീരിയലുകൾ ആണെങ്കിൽ എല്ലാം മൂല്യങ്ങളെയും കൈവിട്ടു. അനേകം ആളുകൾ കണ്ടു ആസ്വദിക്കുന്ന ജനപ്രിയ സീരിയലുകളൊക്കെ അങ്ങേയറ്റം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. യൂട്യൂബിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളൊന്നും പരസ്യമാണെന്ന് തിരിച്ചറിയുന്നു പോലുമില്ല. ഇൻഫ്ലുവൻ മാർക്കറ്റിംഗിന്റെ കാലമാണല്ലോ ഇപ്പോൾ. മാധ്യമങ്ങളിലൂടെയുള്ള ഇത്തരം സാംസ്കാരിക അധമത്വം ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

*കുടുംബം?

 റേഡിയോ അവതാരകനായ രമേഷാണ് ജീവിതപങ്കാളി. ആകാശവാണിയിലും ഗൾഫിൽ റേഡിയോഏഷ്യ എഫ്.എമ്മിലും ജോലി നോക്കിയ രമേഷ് ഇപ്പോൾ മലയാളമനോരമയുടെ ഉടമസ്ഥതയിലുള്ള റേഡിയോ മാംഗോയിലാണ് ജോലി ചെയ്യുന്നത്.  റേഡിയോ എന്നമാധ്യമത്തെ അടുത്തറിയാൻ ഇത് സഹായിച്ചു. രണ്ട്  മക്കളാണ് ഞങ്ങൾക്കുള്ളത്. പത്താം തരത്തിൽ പഠിക്കുന്ന ശിവഗംഗ.ആർ. ജൈനിയും യു.കെ.ജി വിദ്യാർത്ഥിയായ ശ്രീനിധി ആർ. ജൈനിയും. കണ്ണൂരാണ് സ്വദേശം .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക