Image

കൂനമ്പാറക്കവല (അധ്യായം 5 നോവല്‍: തമ്പി ആന്റണി)

Published on 09 June, 2023
കൂനമ്പാറക്കവല (അധ്യായം 5 നോവല്‍: തമ്പി ആന്റണി)

അഞ്ചുരുളിപ്പുഴ

    ഏറ്റവും ഉയരംകൂടിയ പാറയായ ആനപ്പാറയില്‍നിന്നും അവിടുത്തെ മറ്റു കുന്നുകളില്‍നിന്നും വേഗത്തില്‍ ഒഴുകിവരുന്ന കാട്ടുചോലകളുടെ സംഗമസ്ഥലമായ അഞ്ചുരുളിപ്പുഴയ്ക്ക് ഒരു ചരിത്രമുണ്ട്. ഓരോ മഴക്കാലത്തും മലനിരകള്‍ മനുഷ്യരോടു പറയുന്ന, ആരുമെഴുതാത്ത ചരിത്രം. 

    മലയിടുക്കുകളില്‍നിന്നു വരുന്ന കൊച്ചുകൊച്ചു കാട്ടരുവികളും വെള്ളച്ചാട്ടങ്ങളുംകൂടി അഞ്ചു കൈത്തോടുകളായി രൂപാന്തരം പ്രാപിക്കുന്നു. ആ തോടുകള്‍ താഴ്‌വാരത്തെത്തുമ്പോള്‍ കെട്ടിപ്പുണര്‍ന്നു പുഴയാകുന്നു. അതാണ് ആദിവാസികളുടെ ഊരുമൂപ്പന്‍ ഒരിക്കല്‍ വരത്തന്‍മാരോടു പറഞ്ഞ അഞ്ചുരുളിപ്പുഴയുടെ പ്രണയകഥ. അതു വെറും പ്രണയകഥയല്ല, ചരിത്രമാണ്. ഓരോ മഴക്കാലത്തും പ്രകൃതിതന്നെ രേഖപ്പെടുത്തുന്ന ചരിത്രം. 

    ആ പുഴയൊഴുകി, മുല്ലപ്പുഴ ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയിലെത്തുന്നു. നൂറ്റമ്പതു വര്‍ഷം പഴക്കമുള്ള മുല്ലപ്പുഴ അണക്കെട്ട് അപകടകാരിയാണ്. അത് ഏതുനേരവും പൊട്ടുമെന്ന ഭീതിയുണ്ട്. അതുകൊണ്ട്, പുതിയ ഡാം പണിയണമെന്ന ആവശ്യവുമായാണ് നീലിമയുടെയും കാടുകേറിയച്ചന്റെയും ആദിവാസി മയിലപ്പന്റെയും നേതൃത്വത്തില്‍ മുല്ലപ്പുഴ ഡാം സംരക്ഷണസമിതി രൂപീകരിച്ചത്. പല രാഷ്ട്രീയക്കാരുടെയും പിന്തുണയുണ്ടെങ്കിലും തൊട്ടടുത്തുള്ള തമിഴ്‌നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുമൂലം വഞ്ചി ഇപ്പോഴും തിരുനക്കരെത്തന്നെ എന്ന അവസ്ഥയിലാണ്. മയിലപ്പന്റെയും ഭാര്യ മയിലമ്മയുടെയും നേതൃത്വത്തില്‍ കട്ടപ്പനയ്ക്കടുത്തു ചപ്പാത്തില്‍ ഇരുപത്തിനാലു മണിക്കൂറും റിലേ സത്യാഗ്രഹവും നടക്കുന്നുണ്ട്. ഇടയ്ക്കിടെ പല പാര്‍ട്ടിയിലുള്ളവരും അവിടെപ്പോയി തീപ്പൊരിപ്രസംഗങ്ങള്‍ നടത്താറുണ്ട്. ഇലക്ഷന്‍സമയമടുത്താല്‍പ്പിന്നെ പറയുകയും വേണ്ട. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല. കോടതിവിധിപോലും തമിഴ്‌നാടിനനുകൂലമായാണു വന്നിരിക്കുന്നത്. 

    ഇത് ആദിവാസികളുടെയും കുടിയേറ്റക്കാരുടെയും മാത്രം പ്രശ്‌നമല്ല; കേരളത്തിലെ എല്ലാ ജനങ്ങളുടെയും പ്രശ്‌നമാണ്. മുല്ലപ്പുഴ അണക്കെട്ടു പൊട്ടിയാല്‍ ഇടുക്കിയും തകരുമെന്നാണു പറയുന്നത്. കേരളം നാലായി വിഭജിക്കപ്പെടുമെന്നും ലക്ഷക്കണക്കിനാളുകള്‍ മരിക്കുമെന്നും എന്‍ജിനീയര്‍മാരും വിദഗ്ദ്ധസമിതികളും പ്രഖ്യാപിച്ചുകഴിഞ്ഞു. ആരുണ്ട് അതൊക്കെ കേള്‍ക്കാന്‍! 

    ഈ പഞ്ചായത്തിനോ പ്രപഞ്ചത്തിനോ എന്തു സംഭവിച്ചാലും എനിക്കൊന്നുമില്ല എന്ന ഭാവത്തിലാണ് ആ പുഴയുടെ പോക്ക്! അങ്ങനെ അഞ്ചുരുളിപ്പാലത്തിനടിയിലൂടെ, വെള്ളാരംകല്ലുകളെയും പാറക്കൂട്ടങ്ങളെയും മുട്ടിയുരുമ്മിക്കൊണ്ട് ശാന്തമായൊഴുകി, അതു മുല്ലപ്പുഴയിലെത്തുന്നു. ഇരുകരകളിലും വിശാലമായ കുന്നിന്‍പുറങ്ങളും തേയിലക്കാടുകളുമാണ്. സഞ്ചാരികള്‍ പലപ്പോഴും അഞ്ചുരുളിപ്പാലത്തിനരികിലുള്ള തുറസ്സായ സ്ഥലത്ത് വാഹനങ്ങള്‍ തലങ്ങും വിലങ്ങും നിര്‍ത്തും. അവിടെനിന്നു നടന്നെത്താവുന്ന ദൂരത്തിലാണ് കുട്ടാപ്പിയുടെ ഹോട്ടലും വേറേ കുറേ കടകളും ബാര്‍ബര്‍ഷോപ്പും. പിന്നെയുള്ളത്, ഡോക്ടര്‍ സോളമന്റെ ബംഗ്ലാവാണ്. അദ്ദേഹം വൈകുന്നേരങ്ങളില്‍ രോഗികളെ പരിശോധിക്കുന്ന പതിവുണ്ട്. ഗവണ്‍മെന്റ് ഡോക്ടറായ സോളമന്റെ ശരിയായ പേര് സോളമന്‍ ജോസഫ് എന്നാണ്. സ്ഥലം നെയ്യാറ്റിന്‍കര. അതുകൊണ്ടു കന്തസ്വാമിയുടെ തമിഴ്മക്കള്‍ ചേരിയിലാണ്. ക്ലിനിക്കില്‍ വരുന്ന തോട്ടംതൊഴിലാളികളില്‍നിന്നു നല്ലൊരു തുക അടിച്ചുമാറ്റുന്നുണ്ട്. നീലിമ അതൊക്കെ ചോദ്യംചെയ്യുന്നതുകൊണ്ടായിരിക്കണം, അയാള്‍ക്ക് അവരോടു നീരസമുണ്ട്. എസ് ഐ ജനമര്‍ദ്ദകനെപ്പോലും അയാള്‍ കൈമടക്കു കൊടുത്തു കൂടെ നിര്‍ത്തിയിരിക്കുകയാണെന്നു കേള്‍വിയുണ്ട്. 

    പോലീസ് സ്റ്റേഷന്‍ അവിടെനിന്നു കുറച്ചു താഴേക്കുമാറി, ഇരുട്ടുകവലയിലാണ്. വൈകുന്നേരങ്ങളില്‍ അവര്‍ ഒത്തുകൂടാറുണ്ടെന്നാണ് നാടകനടന്‍ കൈനകരി കറിയാച്ചന്‍ പറയുന്നത്. കൂനമ്പാറ നാടകസമിതിയുടെ സംവിധായകനും നടത്തിപ്പുകാരനുമായ അപ്പാജി നാടകം നടത്തിക്കൊണ്ടിരുന്ന കാലത്തു പ്രമുഖനടനായിരുന്നു കറിയാച്ചന്‍. ആലപ്പുഴ കൈനകരിയില്‍നിന്നു കുറ്റിയുംപറിച്ചു വന്നതാണ്. അപ്പാജിയുടെ മുടിഞ്ഞ കുടിയും പെണ്‍വാണിഭവും കാരണം നടകസമിതി കുത്തുപാളയെടുത്തതുകൊണ്ട്, കൈനകരിക്കിപ്പോള്‍ കപ്പക്കച്ചവടമാണ്. ഡോക്ടര്‍ സോളമന്റെ ക്ലിനിക്കിനടുത്തുള്ള അഞ്ചുരുളിപ്പാലത്തിനടുത്താണ്, അയാളുടെ കപ്പപ്പീടിക. തടികൊണ്ടുള്ള തൂണുകളില്‍ ടിന്‍ഷീറ്റിട്ടു നിര്‍മ്മിച്ചതാണത്. കപ്പ മാത്രമല്ല, കുറേ പഴക്കുലകളും മറ്റു ചില്ലറ സാധനങ്ങളുമുണ്ട്. 

    പാലത്തില്‍ കയറിനിന്നാല്‍, നിന്നുമുള്ളിപ്പാറയില്‍നിന്നുള്ള വെള്ളച്ചാട്ടം ഒരു കാഴ്ചതന്നെയാണ്. അതുകൊണ്ട്, അവിടെ മിക്കപ്പോഴും ആള്‍സഞ്ചാരമുണ്ട്. ഡോക്ടര്‍ സോളമനു നല്ല വെട്ടുമേനിയുമുണ്ട്. മഴക്കാലമായാല്‍പ്പിന്നെ പറയുകയുംവേണ്ട. പാലത്തിന്റെ തൊട്ടടുത്തുള്ള പാര്‍ക്കിംഗ് സ്ഥലത്തു മിക്കപ്പോഴും നിറയെ കാറുകളും തമിഴ്‌നാട്ടില്‍നിന്നു വരുന്ന ട്രക്കുകളുമായിരിക്കും. കൈവരിയില്‍ ചാരിനിന്നുകൊണ്ട്, വിനോദയാത്രയ്ക്കു വരുന്നവര്‍ പരസ്പരം ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുക്കാറുണ്ട്. അതൊന്നുമറിയാതെ, നിന്നുമുള്ളിപ്പാറയില്‍നിന്നു വരുന്ന വെള്ളച്ചാട്ടം, അല്‍പ്പമൊരഹങ്കാരത്തോടെ അഞ്ചുരുളിപ്പുഴയിലൂടെയെങ്ങനെ ഒഴുകിക്കൊണ്ടേയിരുന്നു. പുഴകളുടെ സ്വഭാവം പൊതുവേ അങ്ങനെയാണല്ലോ. എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും കരയില്‍ നടക്കുന്ന ഒരു കാര്യവുമറിയാതെ ഒരു പോക്കാണ്! 

    പുത്തന്‍വേലിയുടെയും സതീശന്റെയും മാത്രമല്ല, മറ്റു പലരുടെ മൃതദേഹങ്ങളും ആ വെള്ളച്ചാട്ടത്തിലേക്കു തള്ളപ്പെട്ടിട്ടുണ്ട്. ചിലതൊക്കെ ആരുമറിയാതെ മുല്ലപ്പുഴയിലൂടെ ഒഴുകിയൊഴുകി ഡാമിന്റെ ആഴക്കയങ്ങളില്‍ മുങ്ങിപ്പോയിട്ടുണ്ട്. അതെല്ലാം വെറും സാധാരണക്കാരുടേതോ ആദിവാസികളുടേതോ ആയിരുന്നു. അവര്‍ക്കുവേണ്ടി കൊടി പിടിക്കാനോ കോലം കത്തിക്കാനോ കൂനമ്പാറയില്‍ ആരുമില്ലായിരുന്നു. 

    ഇലക്ഷനടുത്തതുകൊണ്ട് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന്റെ തിക്കിലായിരുന്നു പാര്‍ട്ടിക്കാര്‍. പാര്‍ട്ടി സീറ്റു നല്‍കിയില്ലെങ്കില്‍, സ്വതന്ത്രയായി നില്‍ക്കുമെന്നൊരു ഭീഷണി, നീലിമാ ഉണ്ണിത്താന്‍ പല അഭിമുഖങ്ങളിലും മീറ്റിംഗുകളിലും വീണ്ടും വീണ്ടും തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു ഭരണപക്ഷക്കാര്‍ ആകെ അങ്കലാപ്പിലാണ്. കയ്ച്ചിട്ട് ഇറക്കാനുംമേല, മധുരിച്ചിട്ടു തുപ്പാനും മേല എന്ന അവസ്ഥ! പ്രതിപക്ഷവും അതീവഗുരുതരാവസ്ഥയിലാണ്. നീലിമയ്‌ക്കെതിരെ ആരെ നിര്‍ത്തും? അവളോടു കിടപിടിക്കാന്‍ പറ്റിയ വനിതാസ്ഥാനാര്‍ത്ഥി വേണമല്ലോ! അതിനുള്ള അന്വേഷണത്തിലാണ് അവരിപ്പോള്‍. 

    കുട്ടാപ്പിയുടെ ചായക്കടയിലാണ് മിക്കവാറും ചര്‍ച്ചകളുടെ തുടക്കം. വിശേഷിച്ചു പണിയൊന്നുമില്ലാത്ത, സാധാരണക്കാരായ നാട്ടുകാരുടെ സംഗമസ്ഥലംകൂടിയാണ് ഈ ചായക്കട. അടുത്ത കാലത്താണ് പേരെഴുതിയ പുതിയ മഞ്ഞ ബോര്‍ഡു വച്ചത്. കൂനമ്പാറ സ്വ ലേ കരണ്ടുരാജപ്പന്റെ പല ബ്രേക്കിംഗ് ന്യൂസുകളും ഉത്ഭവിക്കുന്നത് പരിഷ്‌ക്കരിച്ച ഈ കുട്ടാപ്പി ആന്‍ഡ് സണ്‍സ് ടീ ഷോപ്പില്‍നിന്നാണ്. 

    ഇന്നുമുണ്ട്, പുതിയൊരു വാര്‍ത്ത. രാജപ്പന്റെ പഴയ ബൈക്കിന്റെ ഇരപ്പു കേട്ടപ്പോഴേ കുട്ടാപ്പി പറഞ്ഞു, 'ഇന്നെന്തോ കാര്യമായ വാര്‍ത്തയുണ്ട്, അല്ലെങ്കില്‍ ഇത്ര ഇരപ്പിക്കേണ്ട കാര്യമില്ല' എന്ന്. അടുത്ത കാലത്താണ് ബൈക്കിന് ഇത്ര ശബ്ദം കൂടിയത്. അതു കേട്ടിട്ടു കുട്ടാപ്പി പറഞ്ഞു: 

    'രാജപ്പനു വയസ്സാകുന്തോറും ബൈക്കിനും വയസ്സാവുകയല്ലേ! അപ്പോള്‍ മുക്കലും ചീറ്റലുമൊക്കെ ഇത്തിരി കൂടാതിരിക്കുമോ?'

    രാജപ്പന്‍ കടയുടെ മുമ്പിലെത്തി. ബൈക്ക്, മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ചാരിവച്ച്, 'കടുപ്പത്തിലൊരു ചായയെടുത്തേ കുട്ടാപ്പീ' എന്നു പറഞ്ഞുകൊണ്ട് അയാള്‍ കടയിലേക്കു വന്നു. ആ വരവു കാണുമ്പോള്‍ത്തന്നെ സ്ഥിരം പറ്റുകാര്‍ക്കറിയാം, എന്തെങ്കിലും ടോര്‍പ്പിഡോ വരുന്നുണ്ടെന്ന്. എല്ലാവരും അക്ഷമരായി ചെവിയോര്‍ത്തിരിക്കെ, ചൂടുചായ മോന്തിക്കൊണ്ട് രാജപ്പന്‍ പ്രഖ്യാപിച്ചു: 

    'ഇത്രനാളും ഊഹാപോഹങ്ങളായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ക്കൊക്കെയൊരു തീരുമാനമായി.'

    'കാര്യമെന്താണെങ്കിലും ഒന്നു തെളിച്ചുപറ.'

    കരുണാകര്‍ജീക്കു ദേഷ്യം വന്നു. 

    'നമ്മുടെ നീലിമാ ഉണ്ണിത്താനെ തോല്‍പ്പിക്കാന്‍ സിനിമാനടി സസ്‌നേഹം സുശീലാമ്മ നാമനിര്‍ദ്ദേശപ്പത്രിക സമര്‍പ്പിച്ചു.'

    അതൊക്കെ എല്ലാവരും പ്രതീക്ഷിച്ചതാണെങ്കിലും അല്‍പ്പനേരത്തേക്ക് ആരും ഒന്നും ശബ്ദിച്ചില്ല. സസ്‌നേഹം സുശീലയെ എല്ലാവര്‍ക്കുമറിയാം. വിശേഷിച്ച്, അവര്‍ വീട്ടമ്മമാരുടെ പ്രിയതാരമാണ്. സൂപ്പര്‍ഹിറ്റായ സസ്‌നേഹം എന്ന സിനിമയില്‍ അഭിനയിച്ചതുകൊണ്ടാണ്, 'സസ്‌നേഹം' എന്ന വാലുണ്ടായത്. അങ്ങനെ താരപ്രഭയില്‍ തിളങ്ങിനിന്ന സമയത്താണ് പെട്ടെന്നു പ്രശസ്തനടന്‍ അരുണ്‍കുമാറുമായി അടുത്തതും വിവാഹമെന്ന അപകടത്തില്‍ കലാശിച്ചതും. അപകടം എന്ന് എടുത്തുപറയാന്‍ കാരണമുണ്ട്: അതോടുകൂടി ആരാധകരെയെല്ലാം നിരാശയുടെ കയത്തില്‍ മുക്കിക്കൊണ്ട് അഭിനയം നിര്‍ത്തിയെന്നു പ്രഖ്യാപിച്ചു. അത് അരുണിന്റെ നിര്‍ബ്ബന്ധപ്രകാരമായിരുന്നെന്നും അല്ലെന്നുമുള്ള അഭ്യൂഹങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. അങ്ങനെ, കാഞ്ചനക്കൂട്ടില്‍ അടയ്ക്കപ്പെട്ട ആ കിളി വര്‍ഷങ്ങള്‍ക്കുശേഷം ഒരു സുപ്രഭാതത്തില്‍ പുറത്തേക്കു പറന്നെങ്കിലും അത്ര ഉയരത്തിലെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് വീണ്ടും നൃത്തത്തിലേക്കു ശ്രദ്ധ തിരിച്ചത്. അവിടെയും അത്രയ്ക്കങ്ങോട്ടു ശോഭിക്കാന്‍ സാധിച്ചില്ലെന്നത് സുശീലയ്ക്കു താങ്ങാവുന്നതല്ലായിരുന്നു. കുട്ടികള്‍ വേണ്ട എന്ന, സുശീലയുടെ കടുംപിടിത്തമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നു വാര്‍ത്തകളുണ്ടായിരുന്നു. കുട്ടികളുണ്ടായാല്‍ അതു ശരീരഭംഗി നഷ്ടപ്പെടുത്തുമെന്നും അതു നൃത്തത്തിലുള്ള ഭാവിയെ ബാധിക്കുമെന്നും സുശീല ഏതോ ടി വി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടുപോലും! അതൊക്കെ പഴയ കഥ. ഇപ്പോഴിതാ, പുതിയ മേച്ചില്‍സ്ഥലമായ രാഷ്ട്രീയത്തിലേക്കു വരുന്നു! അങ്ങനെ പരദൂഷണത്തില്‍ ചാലിച്ചെടുത്ത പല കഥകളും കുട്ടാപ്പിയുടെ ചായക്കടയില്‍ത്തന്നെ പലതവണ ചര്‍ച്ചയ്ക്കു വന്നിട്ടുണ്ട്. 

    'ഇനിയിപ്പം ഇവിടൊരു കളി കാണാം. പെണ്ണിനു പെണ്ണുതന്നെ വേണം. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നല്ലേ!'

    കൈക്കാരന്‍ കുഞ്ചാക്കോ പറഞ്ഞു. 

    'പെണ്ണുങ്ങള്‍ തമ്മിലായതുകൊണ്ട് അടിപിടിയും കത്തിക്കുത്തുമൊക്കെ കാണാമെന്ന മോഹം ഇനി നടക്കത്തില്ല ചാക്കോച്ചാ.'

    കുട്ടാപ്പി മറുപടി കൊടുത്തു. 

    'അതില്‍ ചാക്കോച്ചന്‍ ഇത്തിരി വിഷമത്തിലാ.'

    'എന്തായാലും മലയോരപ്രദേശമായ നമ്മുടെ കൂനമ്പാറയ്‌ക്കൊരു ഗ്ലാമറുതന്നെയാ സസ്‌നേഹം സുശീലയുടെ വരവ്!'

    കുട്ടാപ്പിതന്നെ പറഞ്ഞു. 

    'ഈ കളികളൊന്നും നീലിമയുടെ രോമത്തില്‍പ്പോലും തൊടില്ല.' 

    അപ്പച്ചന്‍ നീലിമയുടെ പക്ഷം പിടിച്ചു. ഒന്നും പ്രവചിക്കാന്‍ വയ്യാത്ത കാലമാണ്. താരത്തിളക്കത്തില്‍ എം ജി ആറും ജയലളിതാമ്മയുമൊക്കെ വന്നപ്പോള്‍ എല്ലാവരും വെറും രാഷ്ട്രീയക്കളിയാണെന്നുകരുതി പ്രതികരിക്കാതിരുന്നു. എന്നിട്ട് അവരൊക്കെ എവിടംവരെയെത്തി! കേരളാമുഖ്യമന്ത്രി സസ്‌നേഹം സുശീലയാണെന്നു പറയേണ്ടിവരുമോ എന്നതായിരുന്നു നാട്ടുകാരുടെയും മാധ്യമങ്ങളുടെയെല്ലാം ചര്‍ച്ചാവിഷയം. 

    എല്ലാം സമയാസമയങ്ങളില്‍ നീലിമയുടെ ചെവിയിലുമെത്തിയിരുന്നു. അവള്‍ അതിനെയെല്ലാം പുച്ഛിച്ചുതള്ളി. ഒരിക്കല്‍ റോഷനച്ചന്‍ ഇതേക്കുറിച്ചു നീലിമയോടു ചോദിച്ചു. അവര്‍ പറഞ്ഞു: 

    'അച്ചന്‍ നോക്കിക്കോ. ഈ പറയുന്ന കൂനമ്പാറക്കാരുതന്നെ സസ്‌നേഹം സുശീലയുടെ പ്രേതവും ഈ കുരിശുപള്ളിക്കവലേലിട്ടു കത്തിക്കും.'

    സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നപ്പോഴേക്കും പ്രചാരണവും തുടങ്ങി. സസ്‌നേഹത്തിനെ ആരൊക്കെയോ പറഞ്ഞു പുകഴ്ത്തിപ്പുകഴ്ത്തി ഒരു പരുവത്തിലാക്കി. ജയിച്ചാല്‍ മന്ത്രിപദം ഉറപ്പാണെന്നും അങ്ങനെ പടിപടിയായി പാര്‍ട്ടിയില്‍ ഉന്നതസ്ഥാനം കിട്ടുമെന്നും മോഹിപ്പിച്ച് ആവേശഭരിതയാക്കി. സുശീലയും അങ്ങനെയൊക്കെ സ്വപ്നം കണ്ടുതുടങ്ങി. പാര്‍ട്ടി സഖാക്കള്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അവര്‍ക്കു തോന്നി. ജയലളിതാമ്മയെപ്പോലെ ഒരിക്കല്‍ മുഖ്യമന്ത്രി സുശീലാമ്മയാകാനുള്ള സാധ്യത തള്ളിക്കളയാന്‍ അവര്‍ക്കു കഴിഞ്ഞില്ല. മുഖ്യമന്ത്രിയായില്ലെങ്കിലും ഒരു വകുപ്പുമന്ത്രിയെങ്കിലുമായി അരുണ്‍കുമാറിനെ ഒരു പാഠം പഠിപ്പിക്കണമെന്നതായിരുന്നു അവരുടെ ചിന്ത. അതൊക്കെത്തന്നെയേ നാട്ടുകാരും പ്രതീക്ഷിക്കുന്നുള്ളു! 

    സസ്‌നേഹം സുശീലയുടെ കടുത്ത ആരാധകനായ കുട്ടാപ്പി പ്രസ്താവിച്ചു:

    'നീലിമാമാഡത്തിനു കെട്ടിവച്ച കാശുപോലും കിട്ടുകേല!'

    കൈക്കാരന്‍ കുഞ്ചാക്കോയ്ക്കു ശക്തമായി പ്രതികരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അയാള്‍ കുട്ടാപ്പിയുടെ പറ്റു മുഴുവന്‍ കൊടുത്തുതീര്‍ത്തിട്ടില്ല. അതുകൊണ്ട്, തിരിഞ്ഞുനിന്ന് കുട്ടാപ്പി കേള്‍ക്കാതെ രാജപ്പനോടും കൂട്ടുകാരോടുമായി പറഞ്ഞു: 

    'അതവന്റെ സിനിമാപ്രാന്തുകൊണ്ടു പറയുന്നതാ. വിവരദോഷി! കേരളത്തില്‍ ഏതെങ്കിലും സിനിമാനടിമാരു നിന്നു ജയിച്ച ചരിത്രമുണ്ടോ?'

    പ്രചരണം തുടങ്ങുമ്പോള്‍ ഫ്‌ളക്‌സുകളുടെ പെരുമഴയായിരിക്കും. സസ്‌നേഹം സുശീലയുടെ കിടിലന്‍ സിനിമാസ്റ്റൈല്‍ ഫ്‌ളക്‌സുകളോടു പിടിച്ചുനില്‍ക്കാന്‍ നീലിമയ്ക്കു പറ്റുമോ എന്നുള്ളതായിരുന്നു പിന്നത്തെ ആലോചനാവിഷയം. അല്‍പ്പം ഇരുണ്ടതാണെങ്കിലും നീലിമയാണു ചെറുപ്പം. എന്നാലും സിനിമാനടിയുടെ ഗ്ലാമര്‍ ഒന്നു വേറെത്തന്നെയാണെന്നു ചര്‍ച്ചകള്‍ക്കിടയില്‍ കുട്ടാപ്പി ഇടയ്ക്കിടെ തട്ടിവിട്ടു. അതൊക്കെ വെറും മുഴുപ്രാന്തല്ലാതെ മറ്റൊന്നുമല്ലെന്നു കുഞ്ചാക്കോയും തരം കിട്ടുമ്പോഴൊക്കെ വച്ചുകാച്ചും. അങ്ങനെ നാട്ടിലെങ്ങും ഇലക്ഷന്റെ ചൂടു പടര്‍ന്നുപിടിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക