Image

ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യൻമാർ, ചരിത്രമെഴുതി ഓസീസ്

Published on 11 June, 2023
ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യൻമാർ, ചരിത്രമെഴുതി ഓസീസ്

ഇന്ത്യയെ തകർത്ത് ഓസട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻമാരായി. ഇം​ഗ്ലണ്ടിലെ ഓവലിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 209 റൺസിനാണ് ഓസ്ട്രേലിയ തകർത്തെറിഞ്ഞത്. ഇതാദ്യമായാണ് ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻമാരാകുന്നത്. ഇന്ത്യയുടേത് തുടർച്ചയായ രണ്ടാമത്തെ പരാജയവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പും നേടിയതോടെ എല്ലാ ഐസിസി ട്രോഫികളും നേടുന്ന ഏക ടീമായി ഓസ്ട്രേലിയ. ഐസിസി ഏകദിന ലോകകപ്പ്. ട്വന്റി 20 ലോകകപ്പ്, ഐസിസി ചാമ്പ്യൻഷിപ്പ് എന്നിവയും നേരത്തെ ഓസീസ് സ്വന്തമാക്കിയിട്ടുണ്ട്. 


രണ്ടാം ഇന്നിങ്സിൽ ഓസീസിനെ മറികടക്കാനാവശ്യമായ 444 വിജയറൺസ് പിന്തുടർന്ന ഇന്ത്യ 234 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. 164 റൺസിന് 3 എന്ന നിലയിൽ അവസാനദിവസം കളിയാരംഭിച്ച ഇന്ത്യക്ക് പക്ഷെ സമനിലയിലേക്ക് മത്സരം എത്തിക്കാൻ പോലും ആയില്ല. വിരാട് കോഹ്ലിയും അജിൻക്യരഹാനെയും ചേർന്ന് നാലാം വിക്കറ്റിൽ മികച്ച പാർടണർഷിപ്പ് പടുത്തുയർത്തിയെങ്കിലും പക്ഷെ കാര്യങ്ങൾ അനുകൂലമായില്ല. 49 റൺസെടുത്ത വിരാട് കോഹ്ലി പുറത്തായതിന് പിന്നാലെ റൺസെടുക്കാതെ രവീന്ദ്ര ജഡേജയും പുറത്തായത് ഇന്ത്യക്കി തിരിച്ചടായായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഭരതുമായി ചേർന്ന് രഹാനെ പോരാട്ടം തുടരാൻ ശ്രമിച്ചെങ്കിലും ആ സഖ്യത്തിന് അധികം ആയുസുണ്ടായില്ല. 108 പന്തിൽ നിന്ന് 46 റൺസെടുത്ത രഹാനെയെ സ്കോട്ട് ബോളണ്ട് പുറത്താക്കി. പിന്നാലെ 22 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യയുടെ ശേഷിച്ച എല്ലാ ബാറ്റർമാരും പുറത്തായി. ഓസീസിനുവേണ്ടി നാഥൻ ലയൺ 41 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ബോളണ്ട് 3 ഉം മിച്ചൽ സ്റ്റാർക്ക് 2 ഉം വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ കമ്മിൻസ് ഒരു വിക്കറ്റും വീഴ്ത്തി. 


ആദ്യ ഇന്നിം​ഗ്സിൽ സ്റ്റീവ് സ്മിത്ത്, ട്രീവിസ് ഹെഡ് എന്നിവർ നേടിയ സെഞ്ച്വറിയുടെ പിൻബലത്തിൽ 469 രൺസെടുത്ത ഓസീസ് ഇന്ത്യയെ ഒന്നാം ഇന്നിം​ഗ്സിൽ 296 ന് പുറത്താക്കിയിരുന്നു. രണ്ടാം ഇന്നിം​ഗ്സിൽ 8 വിക്കറ്റിന് 270 റൺസിന് ഡിക്ലയർ ചെയ്ത ഓസീസ് 444 റൺസിന്റെ വിജയലക്ഷ്യമാണ് ഒന്നരദിവസം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്.  ഒന്നാം ഇന്നിം​ഗ്സിൽ 163 റൺസെടുത്ത് ഓസ്ട്രേലിയയുടെ ടോപ്പ് സ്ക്കോററായ ട്രാവിസ് ഹെഡാണ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച്. 

ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യൻമാർ, ചരിത്രമെഴുതി ഓസീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക