Image

പിതൃദിനാശംസകള്‍  (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

Published on 17 June, 2023
പിതൃദിനാശംസകള്‍  (സരോജ വര്‍ഗീസ്, ന്യൂയോര്‍ക്ക്)

റോസാപ്പൂക്കളുടെ നിറത്തില്‍ പിത്രുദിനം വേര്‍പിരിയുന്നു. മരിച്ച് പോയ പിതാക്കള്‍ക്ക് വേണ്ടി അവരുടെ അന്ത്യ വിശ്രമസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത് വെളുത്ത റോസാപ്പൂക്കള്‍. ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി ചുവന്ന റോസാപ്പൂക്കള്‍. പൂക്കളുടെ നിറങ്ങളില്‍ മാനുഷിക വികാരങ്ങളുടെ ചായം കലരുന്നു എന്ന ചിന്ത പിതാക്കള്‍ നഷ്ടപ്പെട്ട മക്കള്‍ക്ക് വേദന നല്‍കുന്നു.  എന്നാലും എല്ലാവരും അവരവരുടെ നിറങ്ങളില്‍ ഉള്ള പൂക്കളുമായി പിത്രുദിനം അനുസ്മരിക്കുന്നു, കൊണ്ടാടുന്നു. എന്റെ മക്കളെ സംബന്ധിച്ച് അവര്‍ക്ക് ചുവന്ന റോസാ പ്പൂക്കള്‍ ഡാഡിയുടെ വിശ്രമസ്ഥാനത്ത് സമര്‍പ്പിക്കാനാണിഷ്ടം. കാരണം ഡാഡിക്ക് ആ നിറമായിരുന്നു പ്രിയം.

അമേരിക്കയില്‍ വാസമുറപ്പിച്ചതിനു ശേഷമാണു പിത്രുദിനാചരണത്തെക്കുറിച്ച് കേള്‍ക്കുന്നത്. കുഞ്ഞിളം ചുണ്ടുകളില്‍ നിന്നും ആദ്യം ഊര്‍ന്നുവീഴുന്ന വാക്ക് 'അമ്മ'' എന്നാണെങ്കിലും പിന്നാലെ 'അച്ഛാ'' എന്ന വാക്ക് ഉച്ചരിക്കാന്‍ കുഞ്ഞുങ്ങള്‍ അഭ്യസിക്കുന്നു.  പിതാവ് കുടുംബത്തിന്റെ നാഥനാണെന്നും  ആദരിക്കപ്പെടേണ്ട വ്യക്തിത്വത്തിന്റെ ഉടമയാണെന്നും ഉള്ള പൂര്‍ണ്ണ വിശ്വാസത്തോടെ അവന്‍/അവള്‍ ആ പിത്രുവാത്സല്യം അനുഭവിച്ച് വളരുന്നു. ഭയപ്പെടുത്തുന്ന എന്ത് കണ്ടാലും കേട്ടാലും അച്ഛന്റെ അരികില്‍ അഭയം തേടാന്‍ ചില കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നത് അത്ഭുതകരമായി തോന്നാം. അമ്മയേക്കാള്‍ അച്ഛന്റെ കരുത്ത് കുഞ്ഞുങ്ങള്‍ തിരിച്ചറിയുന്നു. ആ സ്‌നേഹത്തിന്റെ കോട്ടക്കുള്ളില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധം അവരിലൂടെ വികസിച്ച് വരുന്നു.  എന്റെ മകള്‍ കേവലം ഏഴു വയസ്സുള്ള കുസ്രുതി ബാലിക ആയിരുന്നപ്പോള്‍ നടന്ന ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ നയാഗ്ര വെള്ളച്ചാട്ടം കാണുന്നതിനായി, ബോട്ടിലെ ജോലിക്കാര്‍ തന്ന പ്ലാസ്റ്റിക്ക് മേലുടയാടയും ധരിച്ച് ബോട്ടില്‍ക്കയറി വെള്ളച്ചാട്ടത്തിനടുത്ത് എത്തിയപ്പോള്‍ അപ്രതീക്ഷിതമായി വെള്ളച്ചാട്ടത്തിന്റെ ശക്തി വര്‍ദ്ധിച്ചപ്പോള്‍, അത് വരെ എന്നെ ചേര്‍ന്നിരുന്ന മകള്‍ എന്നെ തട്ടിമാറ്റി ഡാഡിയുടെ  മടിയിലേക്ക് ഒരു കുതിപ്പ്.  അപകട സാഹചര്യങ്ങളില്‍ മമ്മിയെക്കാള്‍ തന്നെ സംരക്ഷിക്കാന്‍ ഡാഡി പ്രാപ്തനാണെന്നുള്ള ഒരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ഉറച്ച വിശ്വാസം.

ഒരു പക്ഷെ അമേരിക്കയില്‍ ധാരാളം പൂക്കള്‍ വിരിയുന്ന ജൂണ്‍ മാസം പിത്രുദിനമായി  ആഘോഷിക്കാന്‍ തീരുമാനിച്ചത്  പൂക്കളുടെ വര്‍ണങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ  പോലെ ഉപഹാരമാകാന്‍ കഴിയുമെന്നുള്ളതുകൊണ്ടായിരിക്കാം.  ചുവപ്പ് ജീവന്റെ തുടിപ്പും ചൈതന്യവും കാണിക്കുമ്പോള്‍ വെളൂപ്പ് ശാന്തിയും പവിത്രതയും പ്രകടിപ്പിക്കുന്നു. ജൂണ്‍ മാസത്തിലെ  മൂന്നാമത്തെ ഞായാറാഴ്ച്ചയാണു  ഈ വിശേഷദിനം ആഘോഷിക്കുന്നത്.  1009 ലാണു പിത്രുദിനത്തിന്റെ തുടക്കമെങ്കിലും  1913ല്‍ അമേരിക്കയില്‍ അന്ന് പ്രസിഡണ്ടായിരുന്ന  വൂഡ്രൊ വിത്സന്‍ ഈ വിശേഷത്തിനു ഔദ്യോഗികമായി അനുമതി നല്‍കി. പിന്നീട് 1972 ല്‍ പ്രസിഡണ്ട് റിച്ചാഡ് നിക്‌സണ്‍ ആണു ജൂണിലെ മൂന്നാമത്തെ ഞായാറാഴ്ച്ച പിത്രുദിനമായി പ്രഖ്യാപിച്ചത്.

അമേരിക്കയിലാണു ഈ ആചാരത്തിനു തുടക്കം കുറിച്ചതെങ്കിലും  ഇന്ന് ലോകവ്യാപകമായി പിത്രുദിനം ആഘോഷിക്കപ്പെടുന്നു.  ജന്മം നല്‍കി വളര്‍ത്തിയ പിതാവിനെ ആദരിക്കുന്നതിനുവേണ്ടി ഒരു പ്രത്യേകദിനം ക്രമീകരിച്ചിരിക്കുന്നുവെങ്കിലും  പിതാവിനോടുള്ള ആദരവും  കരുതലും സ്‌നേഹവും ആജീവാനാന്തം പാലിക്കപ്പെടുകതന്നെ വേണം എന്ന ചിന്ത ഇന്നത്തെ തലമുറയില്‍ കുറഞ്ഞ് വരുന്നതായി മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്നു.  വ്രുദ്ധസദനങ്ങളുടെ എണ്ണവും അതിലെ അന്തേവാസികളുടെ എണ്ണവും താരതമ്യേന വര്‍ദ്ധിച്ചുവരുന്നതായീ നമ്മള്‍ പ്രതിദിനം വായിക്കുന്നു. ഇത് പക്ഷെ ചാക്രികമായി സംഭവിക്കുന്ന ഒരു ഘടനയായി മാറികൊണ്ടിരിക്കയാണു. വല്യപ്പച്ചനു ഭക്ഷണം നല്‍കിയിരുന്ന പാത്രം അദ്ദേഹത്തിന്റെ മരണശേഷം കൊച്ചുമകന്‍ ഭദ്രമായി വെയ്ക്കുന്നതകണ്ടു് അവന്റെ ഡാഡി അതു എന്തിനാണെന്ന് ചോദിച്ചു.  അവന്റെ നിഷ്‌ക്കളങ്കമായ മറുപടി: 'ഡാഡിക്ക് വയസ്സാകുമ്പോള്‍ ഭക്ഷണം തരാനാണു്.''

ഓരോ കുടുംബവും ജീവിത മൂല്യങ്ങള്‍ക്ക് വില കൊടുത്ത് അവരുടെ ജീവിതം ഭദ്രമാക്കേണ്ടതുണ്ട്.  ബാലന്‍ നടക്കേണ്ടുന്ന വഴി അവനെ കുഞ്ഞുനാളിലെ അഭ്യസിപ്പിച്ചാല്‍ പിന്നെ അവന്‍ വഴി തെറ്റി നടക്കുകയില്ല.  പുതിയ തലമുറയെ കുറ്റം പറയുന്നവര്‍ മറക്കുന്ന ഒരു കാര്യം മുതിര്‍ന്നവര്‍ ജീവിതത്തിനു മാത്രുക കാണിക്കുന്നില്ലെന്നതായിരിക്കാം. പുതിയ സാങ്കേതികവിദ്യ മനുഷ്യനു സമ്മാനിച്ച സൗകര്യങ്ങളുടെ പിടിയില്‍ നിന്നു വിമുക്തനാകാന്‍ കഴിയാതെ യാന്ത്രികമായ ജീവിതം നയിക്കുമ്പോള്‍ പലതും നഷ്ടപ്പെടും. ദൈവത്തിന്റെ ഉദാത്തമായ ദാനമാണു മനുഷ്യജീവിതം. അതിനെ ദൈവീകചിന്തകളാല്‍ അനുഗ്രഹപ്രദമാക്കേണ്ടത് ഓരോ വ്യക്തിയുടേയും കടമയാണു. മാത്രുദിനവും, പിത്രുദിനവും ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ആഘോഷമായി പരിഗണിക്കാതെ അവയെ മാതാപിതാക്കളോട് കാണിക്കാനുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും ദിവസമാക്കി ബാക്കിയുള്ള ദിവസങ്ങളും അതെപോലെ ആചരിക്കാന്‍ മുതിര്‍ന്നവരും അതുവഴി പുതു തലമുറയും സന്നദ്ധരാകണം. സ്വര്‍ഗം കിട്ടാന്‍ വേണ്ടി മതഭ്രാന്തരായി സമൂഹത്തില്‍ അശാന്തി സ്രുഷ്ടിക്കയും, അധികാരങ്ങള്‍ക്ക് വേണ്ടിയുള്ള വടംവലിയില്‍ പൊതുജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന മനുഷ്യന്‍ ആദ്യം അവന്റെ കുടുംബത്തില്‍ സ്‌നേഹം നിറക്കണം.സ്വര്‍ഗ്ഗം എവിടെയെന്നു ചോദ്യത്തിനു മുഹമ്മദ്‌നബി പറഞ്ഞത് അത് അമ്മയുടെ കാല്‍ക്കീഴിലാണെന്നാണു. അമ്മയും അച്ഛനും കാണപ്പെട്ട ദൈവങ്ങളാണു. അവരെ പൂജിക്കുക ഒരു ദിവസമല്ല, അവരുടെ കാലം കഴിയുന്ന വരെ. അതായിരിക്കണം ഇത്തരം ദിവസങ്ങളില്‍ ഓരോരുത്തരും ദ്രുഢവ്രുതമായി എടുക്കേണ്ടത്. പൂക്കള്‍ വാടിപോകും, കേക്കുകള്‍ അഴുക്കായി പോകും. അമ്മയോടും അച്ഛനോടുമുള്ള സ്‌നേഹമാണു അനശ്വരമായി നില്‍ക്കേണ്ടത്.

യുവതലമുറക്ക് മാത്രുകാപിതാക്കന്മാരായി അവര്‍ക്ക് മാര്‍ഗ്ഗദീപമായി ആയുരാരോഗ്യത്തോടെ സ്‌നേഹബഹുമാനങ്ങള്‍ ആര്‍ജ്ജിച്ച് ജീവിത വിജയം കൈവരിക്കാന്‍ എല്ലാ പിതാക്കന്മാര്‍ക്കും ഇടയാകട്ടെ !

എല്ലാ നന്മകളും ആശംസിച്ചുകൊണ്ട്, സ്‌നേഹത്തോടെ സരോജ വര്‍ഗീസ്.

#Fathersday

Join WhatsApp News
Elcy Yohannan Sankarathil 2023-06-17 02:30:26
Beautiful write up regards, Elcy Yohannan Sankarathil, NY.
Jyothylakshmy Nambiar 2023-06-18 09:24:31
പിതൃത്വത്തിൻ്റെ മഹനീയതകളെപ്പറ്റി മനോഹരമായി എഴുതി .ജീവിച്ചിരിക്കുന്നവർക്ക് ജീവൻ തുളുമ്പുന്ന ചുവന്ന പൂക്കൾ മരിച്ചവർക്ക് ശാന്തിയുടെ സമാധാനത്തിൻ്റെ വെള്ളപ്പൂക്കൾ എന്ന വിശദീകരണം ശ്രദ്ധേയം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക