ടൈംസ് സ്‌ക്വയറിൽ മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റേജിൽ ഇരിക്കാൻ കൊടുത്ത 'ഇരുമ്പു കസേര' സാമൂഹ്യ മാധ്യമങ്ങൾ എടുത്തിട്ട് അലക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മുഖ്യധാരാ മാധ്യമങ്ങളും ഒരു പോലെ ഈ 'നാണക്കേട്' ആഘോഴിച്ചു. യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? സ്റ്റേജിൽ നിന്നും ഏതാനും അടി മാത്രം അകലെയുണ്ടായിരുന്ന ഈ ലേഖകന് അത് കൃത്യമായി കാണാൻ കഴിഞ്ഞു. സമ്മേളനത്തിൽ സംബന്ധിക്കുന്ന വിശിഷ്ട അതിഥികൾക്കും സാധാരണ ഡെലിഗേറ്റുകൾക്കും നുഴഞ്ഞു കയറുന്നവർക്കും എല്ലാം ഇരിക്കാൻ ഒരേ തരം കസേരയാണുണ്ടായിരുന്നത്. മലയാളി പോലീസുകാരുടെ കനത്ത സുരക്ഷാ വലയത്തിൽ സ്ഥലത്തേക്ക് ആനയിച്ച മുഖ്യമന്ത്രിയെ മുൻപിൽ കൊണ്ടിരുത്തിയത് അതിലൊരു കസേരയിൽ തന്നെയായിരുന്നു.
സ്വാഗത പ്രസംഗത്തിന് ശേഷം ഷംസീറിനെ പ്രസംഗത്തിനായി സ്റ്റേജിലേക്ക് ക്ഷണിച്ചു. ഷംസീറിന്റെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിക്കും എന്നറിയിച്ചു. ഒരവസരത്തിൽ ഷംസീറിന്റെ പ്രസംഗം ഏതാണ്ട് സമാപിക്കുന്നു എന്ന തോന്നലുളവായപ്പോൾ മുഖ്യമന്ത്രിയെ സ്റ്റേജിലേക്ക് സംഘാടകർ കയറ്റി വിട്ടു. മുഖ്യമന്ത്രി തൊട്ടടുത്തു വന്നു നിൽക്കുന്നു എന്ന് മനസ്സിലാക്കിയ ഷംസീർ ഗിയർ മാറ്റിയിട്ടു പ്രസംഗം കത്തിക്കയറ്റി. മുഴുവൻ മുഖ്യസ്‌തുതി തന്നെയായിരുന്നു. ഈ പ്രസംഗം ഉടനെയെങ്ങും തീരുന്ന മട്ടില്ലെന്നു മനസ്സിലാക്കിയ മുഖ്യൻ നിസ്സഹായനായി ചുറ്റും നോക്കി. സംഗതി മനസ്സിലാക്കിയ ഒരു സംഘാടകൻ താഴെ ആളില്ലാതെ കിടന്ന ഒരു കസേര എടുത്തു സ്റ്റേജിലേക്കെത്തിച്ചു. ഷംസീറിന്റെ തൊട്ടു പുറകിലായി മുഖ്യൻ അതിൽ ഇരുന്നു.
ഷംസീറിന്റെ പ്രസംഗം തീർന്നപ്പോൾ മുഖ്യമന്ത്രി കസേരയിൽ നിന്നും എഴുന്നേറ്റു മൈക്കിന്റെ മുൻപിലെത്തി. മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നതു കണ്ട സ്‌പീക്കർ ഷംസീർ ആ കസേരയിലേക്ക് കയറി ഇരുന്നു. സ്റ്റേജിൽ ആ കസേര കയ്യടക്കാൻ മറ്റാരുമില്ലല്ലോ എന്ന സത്യം അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. ഇനിയും എന്നെകിലും മുഖ്യമന്ത്രിക്കസേര പിണറായി വിജയൻ ഒഴിഞ്ഞാൽ തനിക്കവസരമുണ്ടാകും എന്ന സൂചനയാണോ ഈ യാദൃശ്ചികം എന്നദ്ദേഹം മനസ്സിൽ കരുതിക്കാണുമോ ആവോ? എന്തായാലും കിട്ടിയ അവസരം ഷംസീർ മുതലാക്കി. പ്രസംഗം കഴിഞ്ഞു ഷംസീർ സ്റ്റേജിൽ നിന്നിറങ്ങിയില്ല. മുഖ്യൻ പ്രസംഗിച്ച 45 മിനിറ്റു നേരവും അദ്ദേഹം ആ കസേരയിൽ തന്നെ ഇരുന്നു. അതൊരു 'ഇരുമ്പു കസേര' അല്ലായിരുന്നു. അവിടെയുണ്ടായിരുന്നതെല്ലാം വൈനല് കസേരകൾ ആയിരുന്നു. എല്ലാവർക്കും തുല്യത എന്ന സമഭാവനാ സന്ദേശം പ്രാവർത്തികമാക്കുകയായിരുന്നു സംഘാടകർ ചെയ്‌തത്. അതിലെന്താണ് തെറ്റ്? പിന്നെ ഇത് എങ്ങനെ ഇത്ര വിവാദമായി? അതാണ് വിഷയം. അതെന്താണെന്നു നോക്കാം.
പുരോഗമന കേരളം എല്ലാത്തിലും നമ്പർ വൺ എന്ന് പറയുമ്പോഴും ജാതി മത വർഗ്ഗ വർണ്ണ വിവേചനം ഇന്നും കൊടികുത്തി വാഴുകയാണ്. ചാതുർവർണ്യത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നോ സാമൂഹ്യ നിലയിൽ പട്ടം കെട്ടി നിർത്തിയിരിക്കുന്ന ക്ലാസ്സ് വ്യത്യാസത്തിന്റെ തടവറയിൽ നിന്നോ കേരളീയർ ഇനിയും മോചിക്കപ്പെട്ടിട്ടില്ല. വെളുത്തവനെ ബ്രാഹ്മണനായും കറുത്തവനെ കീഴ്‌ജാതിക്കാരനുമായും കാണുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. മനുഷ്യർ നിർമ്മിച്ച ജാതിയുടെ ആവരണത്തിൽ കറുത്ത നിറമുള്ള പാവപ്പെട്ടവരെ പട്ടികജാതി-പട്ടിക വർഗത്തിലാക്കിയാണ് രാജ്യത്തിന്റെ ഭരണഘടന പോലും നിർമ്മിച്ചത്. ആരാണിവരെ താഴ്ന്ന ജാതിയാക്കിയത്? വെളുത്ത ബ്രാഹ്മണനേക്കാൾ കറുത്ത പാവപ്പെട്ടവനും ഒരവയവും കുറവില്ലെങ്കിലും സമൂഹത്തിൽ വളരെയധികം കുറവുകൾ അവനുള്ളതായി ജനിക്കുന്ന ഓരോ കുഞ്ഞിന്റെയും തലയിലേക്ക് കുത്തിവച്ചാണ് അവനെ ജീവിക്കാൻ അനുവദിക്കുക. ആ സവർണ്ണ മേധാവിത്വത്തിന്റെ പൊതു സ്വഭാവത്തിൽ നിന്നാണ് ഈ കസേരയുടെ വിവാദവും ജനിച്ചത്.
സർക്കാർ ഓഫീസുകളിലെ കസേരയിൽ ഇരിക്കുന്ന ഓഫീസർമാർ ഏതാണ്ട് വലിയ സംഭവമാണെന്ന് അവർ തന്നെ വിചാരിക്കുന്നു. എനിക്കുണ്ടായ ഒരനുഭവം പറയട്ടെ. ഒരിക്കൽ കേരളത്തിലെ ഒരു ഇൻകം ടാക്‌സ് ഓഫീസിൽ ഒരു കാര്യത്തിനായി ചെന്നപ്പോൾ 'ഞാൻ ഫയൽ നോക്കട്ടെ. ഉച്ച കഴിഞ്ഞു വരാൻ പറഞ്ഞു. ഉച്ച കഴിഞ്ഞു ചെന്നപ്പോൾ ഓഫീസർ വളരെ വിനയത്തോടെ ഇരിക്കാൻ പറഞ്ഞു. ഇരുന്നു കഴിഞ്ഞപ്പോൾ അയാൾ മേശപ്പുറത്തിരുന്ന ബെൽ അടിച്ചു. അപ്പുറത്തു മറ്റെന്തോ പണി ചെയ്‌തുകൊണ്ടിരുന്ന പ്യൂൺ ഓടിവന്നു. “ആ ഫയൽ ഇങ്ങെടുത്തോ” എന്ന് ഓഫീസർ മൊഴിഞ്ഞു. ആ മേശയുടെ മുകളിൽ തന്നെ ഒരു വശത്തായി ഇരിക്കുന്ന ഒരു ചുവന്ന ഫയൽ അയാൾ എടുത്തു ഓഫീസറുടെ മുൻപിലേക്ക് വച്ചു. ഞാൻ നോക്കിയിരുന്നു പോയി. ആ ഓഫീസിൽ നിന്നും ഇറങ്ങുവാൻ തുടങ്ങിയപ്പോൾ ഞാൻ ആ ഓഫീസറോട് ചോദിച്ചു. “ആ ഫയൽ എടുക്കാൻ സാറിനു കയ്യകലമല്ലേയുള്ളു, പിന്നെ എന്തിനാണ് പ്യൂണിനെ വിളിച്ചത്” എന്ന്. അയാൾ പറഞ്ഞ മറുപടി എന്നെ ചിന്തിപ്പിച്ചു. “അതെന്റെ പണിയല്ല. അതിനാണ് സർക്കാർ അയാൾക്ക് ശമ്പളം കൊടുക്കുന്നത്.”
ധരിക്കുന്ന വേഷത്തിന്റെയും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നിലവാരത്തിനാലാണ് ഒരു മനുഷ്യനെ മലയാളികൾ വിലയിരുത്തുന്നത്. ദയാബായിക്കുണ്ടായ അനുഭവം നാം മറന്നിട്ടുണ്ടാവില്ലല്ലോ. അതൊരു സംസ്ക്കാരത്തിന്റെ ഭാഗമാണ്. പള്ളികളിൽ തിരുമേനിമാർ വരുമ്പോഴും ഈ വിധേയത്വമാണ്. പള്ളിയിലെ സാധാരണ കസേരകളിൽ അവർ ഇരിക്കാറില്ല. അഥവാ, ആ കസേരകൾ അവർക്ക് ഇരിക്കാനായി കൊടുക്കാറില്ല. രാജാക്കന്മാർ സിംഹാസനത്തിലാണ് ഇരിക്കാറുള്ളത്. മുഖ്യമന്ത്രിയെയും രാജാവിന്റെ സ്ഥാനത്താണ് പലരും കാണുന്നത്. അവരും നമ്മളെപ്പോലെ സാധാരണ മനുഷ്യർ തന്നെയാണെന്നുള്ള സത്യം മനസ്സിലാക്കിയാൽ മാത്രം മതി ഈ വിവാദം അവസാനിപ്പിക്കുവാൻ. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്, കസേരയല്ല.
മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ആഫ്രിക്കൻ അമേരിക്കൻ വനിത എന്റെ അടുത്ത് വന്നു നിന്ന് മുഖ്യന്റെ മലയാളത്തിലുള്ള പ്രസംഗം വീഡിയോയിൽ പകർത്തുന്നതു കണ്ടു ഞാൻ വെറുതെ അവരെ ഒന്ന് നോക്കിയപ്പോൾ അവർ ചിരിച്ചുകൊണ്ടു ചോദിച്ചു, "വെൻ ഹി ഈസ് ഗോയിങ് ടു പെർഫോം?" മുഖ്യമന്ത്രിയിൽ നിന്നും അവർ മറ്റെന്തോ ആണ പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ടൈംസ് സ്‌ക്വയറിൽ വരുന്നവർ അതാണ് പ്രതീക്ഷിക്കുന്നത്. അവിടെ ഒരു സിംഹാസനം കൊണ്ടിട്ട് അതിൽ മുഖ്യൻ ഇരുന്നിരുന്നെങ്കിൽ "നാടകം എപ്പോൾ തുടങ്ങും" എന്നവർ ചോദിച്ചേനെ. ഓരോ സ്ഥലത്തിനുമൊരു സംസ്‌കാരമുണ്ട്. ടൈംസ് സ്ക്വയറിന്റെ സംസ്‌കാരത്തിൽ ആ കസേര തന്നെ ധാരാളം. എങ്കിൽ പിന്നെ മുഖ്യമന്ത്രിയെ അവിടെ കൊണ്ടു വന്നിരുത്തണമായിരുന്നോ എന്നത് വേറെ ചോദ്യം!
_________________