സുപ്രീം കോടതി ദേശദ്രോഹ നിയമം ഇന്‍ഡ്യന്‍ ശിക്ഷ നിയമത്തില്‍ നിന്നും എടുത്തു കളയുന്നതിന്റെ മുന്നോടിയായി കേന്ദ്രഗവണ്‍മെന്റിന്റെ അഭിപ്രായം ആരാഞ്ഞിരിക്കവെയാണ് ലോ കമ്മീഷന്റെ ഇരുപത്തിരണ്ടാം റിപ്പോര്‍ട്ട് 2016-ലെ ഒരു പരാതി ചെകഞ്ഞെടുത്ത് ദേശദ്രോഹനിയമം നിയമ പുസ്തകത്തില്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ നിര്‍ദ്ദേശം അനുസരിക്കുവാന്‍ സുപ്രീം കോടതിയോ കേന്ദ്രഗവണ്‍മെന്റോ ബാദ്ധ്യസ്ഥര്‍ അല്ലെങ്കിലും പൊടുന്നെ ദേശദ്രോഹനിയമത്തെചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണ്. അനേകം പേരുടെ ജീവിതത്തെയും ഭരണഘടനാനുസൃതമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും സാരമായി ബാധിക്കുന്നതിനാല്‍ ഈ നിയമ-124-എ, ഇന്‍ഡ്യന്‍ പീനല്‍ കോഡ്-എടുത്തുകളയണമെന്ന വാദം ശക്തമാണ്. സുപ്രീംകോടതിയും ഈ നിയമം കാലാനുസൃതം അല്ലെന്നും ഭരണഘടനാവിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ്. ഇത് എടുത്തുകളയുന്നതിലുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അഭിപ്രായം ചോദിച്ചത്. സുപ്രീം കോടതിയുടെ മുമ്പാകെ ബോധിപ്പിച്ച കണക്കുപ്രകാരം 13,000 പേരാണ് ദേശദ്രോഹനിയമത്തില്‍പെട്ടു ജയിലില്‍ കഴിയുന്നത്. ഇത് ബ്രിട്ടീഷ് ഭരണാധികാരിക്കു വേണ്ടി അവര്‍ തന്നെ സൃഷ്ടിച്ച നിയമം ആണ്. ലക്ഷ്യം ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്തുക. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യസമര സേനാനികള്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ദേശദ്രോഹികള്‍ ആയിരുന്നു. സ്വതന്ത്ര ഇന്‍ഡ്യയിലെ ഭരണാധികാരികളും ഇതേ നിലപാടു തന്നെ തുടരുന്നതാണ് വിരോധാഭാസം. ആരാണീ ദേശദ്രോഹി? ഭരണകൂടത്തെ വിമര്‍ശിക്കുന്നവരും റിബലുകളും! ലോ കമ്മീഷന്റെ അഭിപ്രായപ്രകാരം ദേശദ്രോഹനിയമം ശിക്ഷാര്‍ഹമായ ഒരു അപരാധമായി പുസ്തകത്തില്‍ നിലനില്‍ക്കണം. ഗവണ്‍മെന്റ് കമ്മീഷന്റെ അഭിപ്രായത്തില്‍ നിന്നും ദൂരംകാത്ത് വിട്ടുനിന്നെങ്കിലും അതിന്റെ ഉദ്ദേശം പ്രവര്‍ത്തിയില്‍ മാത്രമെ വ്യക്തമാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിപ്രായത്തിനായി സമീപിച്ചതിനുശേഷം മാത്രമെ ഒരു നിലപാട് സ്വീകരിക്കുകയുള്ളൂ എന്നാണ് ഗവണ്‍മെന്റ് സൂചിപ്പിച്ചത്. ലോകകമ്മീഷനും സമ്മതിക്കുന്നുണ്ട് ദേശദ്രോഹനിയമം ദുരുപയോഗം ചെയ്യുവാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. അനുഭവങ്ങള്‍ തെളിയിക്കുന്നത് ഈ വക കരുതല്‍ നടപടികള്‍ ഒരിക്കലും ഫലവത്താകാറില്ലെന്നാണ്. സുപ്രീം കോടതിയുടെ കാഴ്ചപ്പാടും ലോകമ്മീഷന്റെ ശുപാര്‍ശകളും വിപരീത ദിശയില്‍ ആണ്. ഒരു പക്ഷേ, ജസ്റ്റീസ് റിതു രാജ് അവസ്ഥി, മുന്‍ കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസറ്റീസ്, ചെയര്‍മാനായിട്ടുള്ള ലോ കമ്മീഷന്‍ ജനങ്ങളുടെ യാഥാര്‍ത്ഥ്യവുമായി തൊട്ടുനില്‍ക്കുന്നില്ലായിരിക്കാം. ഏതായാലും സുപ്രീം കോടതി ദേശദ്രോഹനിയമത്തിന്റെ നിര്‍വ്വഹണം തല്‍ക്കാലത്തേക്ക് നിറുത്തി വച്ചിരിക്കുകയാണ്. നിയമം റദ്ദാക്കുവാന്‍ മാത്രമല്ല ലോ കമ്മീഷന്‍ വിസമ്മതിച്ചത് ദേശദ്രോഹ നിയമപ്രകാരമുള്ള ശിക്ഷ കൂടുതല്‍ കഠിനമാക്കുവാനും അത് ശുപാര്‍ശചെയ്തിട്ടുണ്ട്. ഇപ്പോള്‍ ജീവപര്യന്തവും അല്ലെങ്കില്‍ മൂന്നുവര്‍ഷം തടവും പിഴയും ആണെങ്കില്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം ഇത് ജീവപര്യന്തം തടവു അല്ലെങ്കില്‍ ഏഴുവര്‍ഷം തടവും പിഴയും ആയിരിക്കണം ശിക്ഷ. 186 വര്‍ഷം പഴക്കമുള്ള സാമ്രാജിത്വ നിയമത്തെ തല്‍ക്കാലത്തേക്ക് നിറുത്തിവച്ച സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇതനുസരിച്ചു പുതിയ കേസുകള്‍ എടുക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതുപോലെ എല്ലാ വിചാരണയും അന്വേഷണവും നിറുത്തിവച്ചിരിക്കുകയാണ്. ഉചിതമായ ഭേദഗതികള്‍ നിയമത്തില്‍ കൊണ്ടുവരാമെന്ന് സുപ്രീം കോടതിയോട് വാഗ്ദാനം ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് ലോ കമ്മീഷനു വിട്ടു ഒരു പഠനത്തിനായി. 2016 മാര്‍ച്ചില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം സമര്‍പ്പിച്ച ഒരു റഫ്രന്‍സും കമ്മീഷന്റെ മുമ്പാകെ ഉണ്ടായിരുന്നു. ദേശദ്രോഹനിയമം വ്യാപകമായി രാഷ്്ട്രീയ എതിരാളികള്‍ക്കും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും, അദ്ധ്യാപകര്‍ക്കും എതിരായി പ്രയോഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ വെളിച്ചത്തിലായിരുന്നു സുപ്രീംകോടതിയുടെ താല്‍ക്കാലിക നടപടി. ദേശദ്രോഹ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ആര്‍ട്ടിക്കിള്‍ 19(1)(എ)അനുഛേദം-ഹനിക്കുന്നുവെന്ന ആരോപണത്തെ ലോകമ്മീഷന്‍ തള്ളിക്കളഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണ്ണം അല്ല. കാരണസഹിതമായ നിയന്ത്രണങ്ങള്‍ അതിനുബാധകം ആണ്. കമ്മീഷന്റെ ഈ വാദം ദേശദ്രോഹനിയമവും അതിന്റെ പ്രത്യാഘാതവും തമ്മില്‍ യോജിക്കുന്നതല്ല. കാരണസഹിതമായ നിയന്ത്രണങ്ങളും ദേശദ്രോഹ നിയമവും തുല്യമല്ല. കാരണസഹിതമായ നിയന്ത്രണങ്ങള്‍ എന്താണെന്ന് ഭരണഘടനയില്‍ അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദേശദ്രോഹനിയമം ഒരു തീവെട്ടി നിയമം ആണ്. അതും കാരണസഹിതമായ നിയന്ത്രണങ്ങളും തമ്മില്‍ തുലനം ചെയ്യുന്നത് അനീതിയാണ്. കമ്മീഷന്റെ അഭിപ്രായത്തില്‍ ഗവണ്‍മെന്റിനെതിരായി വിപ്ലവ ശക്തി ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ ദേശദ്രോഹനിയമം അത്യന്താപേക്ഷിതം ആണ്. മാത്രവുമല്ല വിരുദ്ധ വിദേശശക്തി പ്രേരിതമായ അട്ടിമറി ശ്രമങ്ങള്‍ക്കും സാദ്ധ്യതയുള്ളപ്പോള്‍ ഈ നിയമം വളരെ പ്രസക്തവും ആണ്, കമ്മീഷന്‍ വാദിക്കുന്നു. ദേശദ്രോഹനിയമം എടുത്തു കളഞ്ഞാല്‍ അക്രമത്തിനും മറ്റുമുള്ള കുറ്റങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നത് ഭീകരവിരുദ്ധ നിയമത്തിനും ഇതുപോലെ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ക്കും കീഴിലായിരിക്കും. ഇതൊരു കൊളോണിയല്‍ നിയമം ആണെന്ന വാദഗതിയെ ഖണ്ഡിച്ചുകൊണ്ട് കമ്മീഷന്‍ വാദിക്കുന്നത് ഇന്‍ഡ്യയുടെ നിയമവ്യവസ്ഥയുടെ എല്ലാ ഫ്രെയിം വര്‍ക്കും കൊളോണിയല്‍ നിയമത്തിന്റെ ശേഷണങ്ങള്‍ ആണെന്നാണ്. പോലീസും, പട്ടാളവും സിവില്‍ സര്‍വ്വീസുകളും എല്ലാം കോളണി വാഴ്ചയുടെ ബാക്കിപത്രമാണ്. കമ്മീഷന്റെ ഈ വാദം ശരിയാണ്. അവയെ എത്രമാത്രം ഭാരതവല്‍ക്കരിക്കുന്നുവോ അതാണ് ഇന്നത്തെ ആവശ്യം. അവ കാലോചിതമാകണം. ദേശദ്രോഹനിയമം കാലോചിതം അല്ലെന്നാണ് സുപ്രീം കോടതി കണ്ടത്തിയത്- നോട്ട് ഇന്‍ ട്യൂണ്‍ വിത്ത് ടൈം-ഇവിടെയും കമ്മീഷന് എതിരഭിപ്രായം ഉണ്ട്. മറ്റു രാജ്യങ്ങള്‍, ഇംഗ്ലണ്ട് ഉള്‍പ്പെടെ, ദേശദ്രോഹനിയമം പിന്‍വലിച്ചുവെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് കമ്മീഷന്‍ പറയുന്നത് അവിടെയെല്ലാം അവര്‍ ആശ്രയിച്ചത് കൂടുതല്‍ കര്‍ക്കശമായ ഭീകരവിരുദ്ധ നിയമങ്ങളെ ആണെന്നാണ്. ദേശദ്രോഹനിയമം ഇവിടെ എടുത്തുകളയുന്നത് ഇന്‍ഡ്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് കണ്ണടയ്ക്കുന്നതിനു തുല്യം ആണെന്നും കമ്മീഷന്‍ വിശ്വസിക്കുന്നു. ഈ നിയമപ്രകാരം ജയിലില്‍ അടച്ച പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അദ്ധ്യാപകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എല്ലാം ലിസ്റ്റെടുത്തു പരിശോധിച്ചാല്‍ മനസിലാകും ഇവരില്‍ ആരാണ് ദേശദ്രോഹികള്‍ എന്ന്. ദേശ സ്‌നേഹികളായതു കൊണ്ട് സാമ്പത്തീക-രാഷ്ട്രീയ അനീതികള്‍ക്കെതിരെ ശബ്ദിച്ചവരാണ് അവരില്‍ ഏറയ പങ്കും. ഈ ഭരണകൂടത്തിന്റെ കാലത്ത് ദേശദ്രോഹനിയമത്തില്‍ ഒട്ടേറെ കേസുകള്‍ വന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. 2014-നും 2020-നും ഇടയ്ക്ക് 559 ദേശദ്രോഹനിയമകേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് ആണ് ഇതില്‍ മുമ്പില്‍. ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ ഈ നിയമം അനുസരിച്ച് അടിച്ചമര്‍ത്തിയ സ്ഥാനത്ത് ഇന്ന് അത് സ്വന്തം ഭരണാധികാരികള്‍ ആണെന്നു മാത്രം. ഭരണാധികാരിയുടെ തൊലിയുടെ നിറവും ഭാഷയും കൊടിയുടെ ചിഹ്നവും മാത്രമെ മാറുകയുള്ളൂ. സ്വഭാവം മാറുകയില്ല. 2022 മെയ് പതിനൊന്നിനാണ് സുപ്രീംകോടതി ദേശദ്രോഹനിയമം മരവിപ്പിച്ചത്. 1962-ല്‍ സുപ്രീം കോടതി തന്നെ ഈ നിയമത്തെ പിന്താങ്ങിയതാണെന്നും അതില്‍ മാറ്റമൊന്നും വേണ്ട എന്നും ആയിരുന്നു ഗവണ്‍മെന്റിന്റെ നിലപാട്. ഇതില്‍ ഇപ്പോള്‍ മാറ്റം ഉണ്ടാകുമോ? കാത്തിരുന്നു കാണണം. 1870-ല്‍ ആണ് ബ്രിട്ടീഷ് ഭരണം ഈ നിയമം ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ ഉള്‍പ്പെടുത്തിയത്: ബ്രിട്ടീഷ് ഗവണ്‍മെന്റിനോട് കൂറില്ലാത്തവരെ കഠിനമായി ശിക്ഷിക്കുവാനായി. അതായത് ഭരണകൂടത്തോട് വിയോജനം കുറ്റകരം ആക്കുക. സ്വാതന്ത്ര്യസമരവും ദേശദ്രോഹമായിട്ടാണ് ബ്രിട്ടീഷ് നിയമം കണ്ടത്. ഈ നിയമം ഇനിയും ഇന്‍ഡ്യക്കു വേണോ? സുപ്രീംകോടതി ഇത് റദ്ദാക്കണം. കാരണം അത് ജനകീയമല്ല. ജനവിരുദ്ധം ആണ്.