Image

മനസ്സില്ല മരിക്കാൻ (നർമ്മ കഥ: ജയൻ വർഗീസ്)

Published on 21 June, 2023
മനസ്സില്ല മരിക്കാൻ (നർമ്മ കഥ: ജയൻ വർഗീസ്)

അയാൾ എന്ന മലയാളി അസ്വസ്ഥനായിരുന്നു. മാഫിയകളുടെ മഞ്ഞച്ചേരകൾ മാളങ്ങളിൽ കയറി ഇര പിടിക്കുന്നകേരളത്തിൽ കേവലമായ ഒരു തവളയായി എങ്ങിനെ ജീവിക്കും എന്നായിരുന്നു അയാളുടെ സത്യസന്ധമായആധി.

മദ്യ മാഫിയകൾ, സ്വർണ്ണ മാഫിയകൾ, പാർട്ടി മാഫിയകൾ, മണ്ണ് മാഫിയകൾ, പെണ്ണ് മാഫിയകൾ, മണല്മാഫിയകൾ, ക്വോറി മാഫിയകൾ, സർക്കാർ മാഫിയകൾ, സർവീസ് മാഫിയകൾ, പട്ടി മാഫിയകൾ ....നിരനീളുകയാണ്‌ ? 

അൽപ്പം ആശ്വാസം തേടിയാണ് അയാൾ കടപ്പുറത്ത് എത്തിയിരിക്കുന്നത്. ഒരാളോടെങ്കിലും ഒന്ന് മനസ്സ്തുറന്നിരുന്നെങ്കിൽ എന്നയാൾ ആശിച്ചുവെങ്കിലും ആരെയും കാണുന്നുമില്ല.

 ‘ മാനസ മൈനേ വറൂ ‘ എന്ന ശീലുകൾ കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. ഒരാൾ കടപ്പുറത്ത് കൂടിഅങ്ങനെ പാടിക്കൊണ്ട് വരികയാണ്..

“ ആരാ ? “

“ഞാൻ പരീക്കുട്ടി ”

“ എന്താ ? “

“ കറുത്തമ്മ വരും. ഞങ്ങൾക്ക് പോകണം “

“നിൽക്കൂ പ്ലീസ് നിൽക്കൂ ”

അത് കേട്ടതായി പോലും ഭവിക്കാതെ അയാൾ നടന്നു. അകലെ നിന്ന് അയാളിലേക്ക് ഓടിയടുക്കുന്ന കതിര്പോലത്തെ  ഒരരയത്തിപ്പെണ്ണ് ചെന്തൊണ്ടിപ്പഴ സത്ത് കടഞ്ഞെടുത്ത അവളുടെ ചോരച്ചുണ്ടുകൾ അയാളുടെകവിളിൽ ഉരസുന്നതും പിന്നെ ഇണ നാഗങ്ങളെപ്പോലെ കെട്ടുപിണഞ്ഞ്  കടലാഴങ്ങളിൽ മറയുന്നതുംനിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നു അയാൾ എന്ന മലയാളിക്ക്. 

അല്പമകലെ, അലകടലിന്റെ അറ്റങ്ങളിൽ ആരെയോ തെരയും പോലെ മിഴിയുടക്കി നിൽക്കുന്ന ഒരു യുവാവിനെകണ്ട് അയാൾ സമീപിച്ചുവെങ്കിലും 

അടുത്ത് ആരോ എത്തിയതൊന്നും ആൾ അറിഞ്ഞിട്ടേയില്ല. 

“എന്താ നോക്കുന്നത് ? “

“ വർണ്ണത്തുമ്പികൾ “ആൾ ഞെട്ടിത്തിരിഞ്ഞു :

“ കണ്ടില്ലേ വെള്ളിയാങ്കല്ലിൽ ആത്മാവുകളായി അവ പാറിപ്പറക്കുന്നത് ? “ 

“ അതിന് നിങ്ങൾക്കെന്താ ? “

“ എനിക്ക് കാര്യമുണ്ട്, എന്നെ അറിയില്ലേ ഞാൻ ദാസൻ. “

“ ഏത് ദാസൻ ? “ 

“ മയ്യഴിയിലെ ദാസൻ “ 

“ ഓ! അത് ശരി. വരൂ നമുക്കല്പം ... “ 

“ വേണ്ട. എനിക്ക് പോകണം. അവിടെ ആത്മാവുകൾ എന്നെ കാത്തിരിക്കുകയാണ്. “

“അത് കടലാണ് ” 

“ പ്രശ്നമല്ല “  അയാളും പോയി. അലകടലിന്റെ ആഴങ്ങളിലേക്ക്. 

തീരത്ത് കടലിലേക്ക് ചാഞ്ഞു നില്ക്കുന്ന മുതുക്കൻ തെങ്ങിന്റെ കടക്കൽ കാലല്പം ഉയർത്തി വച്ച് ഒരാൾനിൽക്കുന്നു. അയാളോട് മനസ് തുറക്കാം എന്നാശിച്ചാണ് ഓടിയടുത്തത്. 

“ അരുത്, അരുത്, അടുക്കരുത്. “ അയാൾ അലറുകയാണ്.

“ എന്താ കാര്യം? “ 

“ ഇവിടെ ഈ പൂറ്റിൽ പാമ്പുണ്ട്. കരിമൂർഖൻ. “

“ നിങ്ങളാ കാല് മാറ്റൂ “ 

“ വേണ്ട. എനിക്ക് കടിയേൽക്കണം, മരിക്കണം “ 

“ വേണ്ടാ വേണ്ടാ പ്ലീസ് “

“ നിങ്ങൾ പോകണം മിസ്റ്റർ. ഞാൻ രവി. ഖസാക്കിലെ രവി  വച്ച കാൽ പിൻവലിക്കുന്നവനല്ലാ  രവി “ 

കാലുകൾ അമർത്തിച്ചവിട്ടി രവി നിന്നു. പൂറ്റിൽ  നിന്ന് നീണ്ടുവന്ന കരിനീലത്തിളക്കം ഇളവെയിലിൽ ഇണചേർന്നു കൊണ്ട് കാൽപ്പാദങ്ങളിൽ ആഞ്ഞാഞ്ഞു കൊത്തുമ്പോൾ ചിര പരിചിതനായ ഒരതിഥിയെ പുണരുംപോലെ അയാൾ അവിടെ വീണു. 

മനസ്സ് കൊണ്ട് മരവിച്ചു പോയ മലയാളിക്ക്‌ അയാളുടെ വഴി ഏതാണെന്ന് ഏകദേശം ഒരു ബോധോദയം ഉണ്ടായി. എല്ലാവരും മനം മടുത്ത് മരണത്തെ പുൽകുന്ന ഈ നാട്ടിൽ ഇനിയെന്തിന് ജീവിക്കണം എന്ന തോന്നൽഅയാൾക്കും ഉണ്ടായി. ചെകുത്താനും കടലിനും ഇടയിൽപ്പെട്ട തന്നേപ്പോലുള്ളവർക്ക്‌ എന്ത് ജീവിതം? അകലെഅലകടൽ ആഞ്ഞു വിളിക്കുന്നത് അയാളറിഞ്ഞു. 

പിന്നെ താമസിച്ചില്ല. ഓടി. മിനുത്ത ചൊരി മണലിൽ കാലത്തിന്റെ കാൽപ്പാടുകൾ ചവിട്ടിത്താഴ്ത്തി അയാളോടി. കടലിലേക്ക് കമിഴ്ന്നടിച്ചു വീണ  അയാൾ എന്ന മലയാളിയെ ഒരു കിഴവന്റെ രണ്ട് ബലിഷ്ഠ ഹസ്തങ്ങൾ താങ്ങി. 

“എന്നെ വിടൂ, എനിക്കും മരിക്കണം “

“ സാന്യോൾ, വെൻ കോൺ മിഗോ ” 

“ ആരാണ് നിങ്ങൾ ? ഹൂ ആർ യു ? “ 

“ യോ സോയി സാന്റിയാഗോ “

തുടർന്ന്  കിഴവൻ തന്റെ കഥ പറഞ്ഞു : “ കഴിഞ്ഞ മൂന്നു മാസത്തോളം ഒന്നും കിട്ടാതെ കടലിൽചൂണ്ടയിടുകയായിരുന്നു താൻ. എൺപത്തിനാലാം ‌ ദിവസം മീൻ മാർക്കറ്റിൽ ഏറ്റവും വലിയ വിലയുള്ളവലിയോരു മാർലിൻ മൽസ്യം തന്നെ ചൂണ്ടയിൽ കുടുങ്ങിയപ്പോൾ തന്റെ അടുത്ത തലമുറകൾക്ക് വരെജീവിക്കാനുള്ള പണം അത് വിറ്റ് സമ്പാദിക്കാമെന്ന് ആശിച്ചിരുന്നു. “

“ എന്നിട്ട് ?”

പഴക്കമുള്ള വള്ളവും വലിച്ചു കൊണ്ടോടിയ വമ്പൻ മത്സ്യത്തിന് പിറകേ അനാരോഗ്യം വകവയ്ക്കാതെ രണ്ട്ദിവസം ഓടിയിട്ടാണ് അതിനെ കീഴ്‌പ്പെടുത്തി വള്ളത്തിൽ ചേർത്ത് കെട്ടി വയ്ക്കാൻ സാധിച്ചത്. പിന്നെസ്വപ്‌നങ്ങൾ തുഴഞ്ഞുള്ള യാത്രയായിരുന്നു കരയിലേക്ക്. 

രാത്രിയിലെ ഇരുട്ടിൽ ചോരയുടെ മണം പിടിച്ചെത്തിയ കൂറ്റൻ സ്രാവുകൾ വള്ളത്തെ വളഞ്ഞു. ഓരോ കടിയിലുംഅവ റാത്തലുകൾ വേർപെടുത്തിക്കൊണ്ട് പോകുമ്പോൾ അവശേഷിച്ച മുഴുവൻ ഊർജ്ജവും സംഭരിച്ച് അവയെതടയാൻ 

ശ്രമിച്ചുവെങ്കിലും നടന്നില്ല.  സ്രാവുകൾ ബാക്കി വയ്ക്കുന്നത് വിറ്റാലും തനിക്ക് ജീവിക്കാനുള്ളത്കിട്ടുമെനായിരുന്നു അവസാന പ്രതീക്ഷ. 

രാത്രി വെളുത്ത് കരയിലെത്തി നോക്കുമ്പോൾ ഞെട്ടിപ്പോയി. ഒരു റാത്തൽ പോലും അവശേഷിക്കാതെ വലിയോരുതലയും വള്ളത്തെക്കാൾ നീളമുള്ള മീൻമുള്ളും മാത്രമാണ് ബാക്കിയെന്നറിഞ്ഞപ്പോൾ അത് കടലിലുപേക്ഷിച്ച്വരും വഴിയാണ് നിങ്ങളെ കാണുന്നത്. 

“ നിങ്ങൾക്ക് മരിച്ചൂടെ? ഇനിയെന്തിന് ജീവിക്കണം? “ അയാൾ എന്ന മലയാളി.

“ മനസ്സില്ല  “ ഒരലർച്ച പോലെയായിരുന്നു കിഴവന്റെ ശബ്ദം. “ എനിക്കിനി കടലിന്റെ ഔദാര്യം ആവശ്യമില്ല. ആഫ്രിക്കൻ വനാന്തരങ്ങളിൽ അലറി നടക്കുന്ന സിംഹങ്ങളുണ്ട്. അവയെ നേരിട്ട് വേട്ടയാടിപ്പിടിച്ച് വിറ്റ് ഞാൻജീവിക്കും.” 

ചാഞ്ഞു നിൽക്കുന്ന തെങ്ങിന്റെ ഓലത്തണൽ തുളച്ചു വന്ന തങ്ക നാണയങ്ങൾ വിരിച്ചിട്ട ചൊരി മണലിൽകമിഴ്ന്നു കിടന്ന കിഴവൻ ഉറങ്ങിപ്പോയി. ഇടതുകാൽ ഇറക്കി, വലതുകാൽ മടക്കി ഇടതുകൈ നിവർത്തി വലതുകൈപ്പത്തിപ്പുറത്ത് മുഖം ചേർത്ത് കിഴവനുറങ്ങുകയാണ്, ആഫ്രിക്കൻ കാടുകളിലെ അലറുന്ന സിംഹങ്ങളെ താൻവേട്ടയാടിപ്പിടിക്കുന്നത് സ്വപ്നത്തിൽ കണ്ടു കൊണ്ട് ! 

അയാൾ എന്ന മലയാളി അവിടെ ചലനമറ്റ് നിന്നു. ഉദയ സൂര്യന്റെ ചെങ്കതിരുകൾ ഓലപ്പീലികൾ തുളച്ച്അയാളേയും സമൃദ്ധമായി തഴുകി. അയാൾ നടന്നു - കടലിന്റെ എതിർ ദിശയിലേക്ക്. അയാളിൽ നിന്ന് അയാൾപോലുമറിയാതെ ഒരൊറ്റ വാക്ക് തെറിച്ചു വീണു : “ മനസ്സില്ല മരിക്കാൻ“ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക