Image

2024: ഇരുപക്ഷവും സന്നാഹം തുടങ്ങി (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 24 June, 2023
2024: ഇരുപക്ഷവും സന്നാഹം തുടങ്ങി (ദല്‍ഹികത്ത് : പി.വി.തോമസ്)

2024 ആരംഭം നടക്കുവാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിനായി ഭരണപക്ഷവും പ്രതിപക്ഷവും പടയൊരുക്കം തുടങ്ങി. ആദ്യമെതന്നെ സൈന്യത്തെ ഒരുമിപ്പിച്ച് സമരസന്നദ്ധം ആക്കുകയെന്ന കര്‍മ്മപരിപാടിയിലാണ് ഇരുപക്ഷവും. ഭരണകക്ഷിയായ നാഷ്ണല്‍ ഡെമോക്രാറ്റിക്ക് അലയന്‍സ് (എന്‍.ഡി.എ.) ഈ സഖ്യത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തില്‍ പൊതുതെരഞ്ഞെടുപ്പ് പ്രമാണിച്ച് സഖ്യം വലുതാക്കുവാനും അടര്‍ന്നുപോയ കണ്ണികളെ വീണ്ടും യോജിപ്പിക്കുവാനുമുള്ള സംരംഭത്തിലാണ്. പ്രതിപക്ഷം മുന്‍സഖ്യമായ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിന്റെ(യു.പി.എ.) സ്ഥാനത്ത് എല്ലാ പ്രതിപക്ഷകക്ഷികളെയും ചേര്‍ത്ത് ഒരു അഖിലേന്ത്യാ മതേതരസഖ്യം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ്. ഈ വിശാല സഖ്യത്തിന്റെ ഉദ്ദേശം ബി.ജെ.പി.യെയും നരേന്ദ്രമോദിയെയും അധികാരത്തില്‍ നിന്നും നീക്കം ചെയ്യുകയെന്നതാണ്. കാരണം ഈ സഖ്യവും മോദിയും ഇന്‍ഡ്യന്‍ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുമെന്നും 2024-ല്‍ ഇവര്‍ തന്നെ അധികാരത്തില്‍ വന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പു തന്നെ ഉണ്ടാകുമോയെന്നും പ്രതിപക്ഷം സംശയിക്കുന്നു. ബി.ജെ.പി.യെയും മോദിയെയും അധികാരത്തില്‍ നിന്നും തുരുത്തുവാനായി വിശാല പ്രതിപക്ഷസഖ്യം നാനൂറ് ലോകസഭ സീറ്റിലെങ്കിലും ഭരണസഖ്യത്തിനെതിരെ ഒരു പൊതു സ്ഥാനാര്‍ത്ഥിയെ നിറുത്തുവാനുള്ള നിര്‍ദ്ദേശവും പരിഗണിക്കുന്നുണ്ട്. ഇവരുടെ കണക്കുകൂട്ടല്‍ പ്രകാരം വിവിധ പ്രതിപക്ഷ ശക്തികള്‍ പരസ്പരം മത്സരിക്കുന്നതിനാലും പ്രത്യേകപ്രത്യേകം സ്ഥാനാര്‍്തഥികളെ നിറുത്തുന്നതിനാലും പ്രതിപക്ഷ വോട്ട് വിഘടിച്ച് ബി.ജെ.പി. സഖ്യത്തിന്റെ വിജയം ഉറപ്പുവരുത്തുകയാണ് 2014-ലും 2019-ലും സംഭവിച്ചത്. ഈ നിര്‍ദ്ദേശത്തിന്റെ പ്രായോഗീകത പരീക്ഷിച്ചറിയേണ്ടതാണ്. ദേശീയ തലത്തിലുള്ള പരസ്പരം മനസിലാക്കലും ഒത്തൊരുമയുമാണ് ഇരുപതിലേറെ വലുതും ചെറുതുമായ ദേശീയ- പ്രാദേശിക പ്രതിപക്ഷകക്ഷികള്‍ തേടുന്നത്. ഇതിനായി ഒരു പൊതു മിനിമം പരിപാടി വേണം. അങ്ങനെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം ഈ പ്രതിപക്ഷ കക്ഷികള്‍ ഒറ്റകെട്ടാണെന്നും ഇന്‍ഡ്യന്‍ ജനാധിപത്യവും മതേതരത്വവും ഇന്‍ഡ്യ എന്ന ആശയവും സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധര്‍ ആണെന്നും. ഇന്‍ഡ്യന്‍ ഭരണഘടനയുടെ മേധാവിത്വം പുനഃസ്ഥാപിക്കുവാനാണ് ഇവരുടെ ശ്രമമെന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. സംസ്ഥാനതലത്തിലുള്ള രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ മറികടക്കുകയെന്നതാണ് വിവിധ, പ്രതിപക്ഷകഷികളുടെ മുമ്പിലുള്ള ആദ്യത്തെ കടമ്പ. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പി.യെയും കോണ്‍ഗ്രസിനെയും ഒരേപോലെ ശത്രുക്കളായികാണുന്നു. കോണ്‍ഗ്രസിനെ തോല്‍പിച്ച്  പഞ്ചാബില്‍ അധികാരം പിടിച്ചെടുക്കുകയും രാജസ്ഥാനിലേക്കും ഗോവയിലേക്കും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു കടക്കുവാനും തയ്യാറാകുന്നു. ഇവര്‍ ദേശീയതലത്തില്‍-ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും- എങ്ങനെ കൈകോര്‍ക്കും? കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഇതേപോലെ തന്നെയാണ്. ബംഗാളിലും ത്രിപുരയിലും തൃണമൂല്‍ കോണ്‍ഗ്രസ് ബി.ജെ.പി.യെയും കോണഗ്രസിനെയും സി.പി.എം.നെയും ഒരു പോലെ നേരിടുകയാണ്. മമതബാനര്‍ജി ഈ വിശാല സഖ്യത്തില്‍ എത്രമാത്രം മുമ്പോട്ടു പോകും? എന്നാല്‍ മമതയുടെ ഒരു നിര്‍ദ്ദേശം മറ്റു പ്രതിപക്ഷകക്ഷികള്‍ സ്വീകരിച്ചാല്‍ ഈ വൈരുദ്ധ്യത്തിന് ഒരു പരിധിവരെ പരിഹാരം ഉണ്ടാകും. അതായത് ശക്തനായ പ്രതിപക്ഷ കക്ഷിയെ മറ്റുള്ളവര്‍ പിന്തുണയ്ക്കുക, സ്ഥാനാര്‍്തഥി നിര്‍ണ്ണയത്തിലും ഇത് മനസില്‍ വയ്ക്കുക. കോണ്‍ഗ്രസുമായി സഹകരിക്കുവാന്‍ തയ്യാറില്ലാത്ത പ്രാദേശിക പാര്‍ട്ടികളും ഇക്കൂട്ടത്തില്‍ ഉണ്ട്. ആം ആദ്മി പാര്‍ട്ടിക്ക് സുപ്രീം കോടതി നല്‍കിയ അധികാരം ഓര്‍ഡിനന്‍സ് റൂട്ടു വഴി ഇ്ല്ലാതാക്കിയ കേന്ദ്ര ഗവണ്‍മെന്റിന്റെയും ബി.ജെ.പി.യുടെയും നയത്തെ എതിര്‍ക്കുവാന്‍ കോണ്‍ഗ്രസ് കാണിച്ച വൈമുഖ്യവും മറ്റൊരു വൈരുദ്ധ്യം ആമ്. മമതയുടെ തിയറി അനുസരിക്കുകയാണെങ്കില്‍ ബംഗാളിലും റ്റി.എം.സി.ലും ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും വിശാല ദേശീയ മതേതര പ്രതിപക്ഷത്തിന്റെ പതാക വഹിക്കണം. സഖ്യത്തിന് ഇതിനുള്ള പരസ്പരധാരണയും ദീര്‍ഘവീക്ഷണവും ഉണ്ടാകുമോ? പൊതുമിനിമം പരിപാടി രൂപീകരിച്ചത് 2004-ല്‍ തെരഞ്ഞെടുപ്പിനുശേഷം ആണ്. ആരു നയിക്കും ഈ മുന്നണിയെ എന്നുള്ളത് ഒരു വലിയ തര്‍ക്കവിഷയം ആകാം. അതും തെരഞ്ഞെടുപ്പിനുശേഷം ആകാവുന്നതാണ് എന്ന ഒരു പൊതുധാരണയില്‍ സഖ്യം എത്തിയാല്‍ കാര്യങ്ങള്‍ സുഗമം ആകും. നിതീഷ് കുമാറിന്റെ നേതൃത്വത്തിനോട് കോണ്‍ഗ്രസിന് എതിര്‍പ്പ് ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ രാഹുല്‍ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ പോലും സാധിക്കുകയില്ലെന്നത് ഒരു പ്രശ്‌നപരിഹാരം ആകുന്നു. ദക്ഷിണ ഭാരതത്തില്‍ നിന്നും വൈ.എസ്.ആര്‍. കോണ്‍ഗ്രസും (ആന്ധ്രപ്രദേശ്) ഭാരത് രാഷ്ട്രസമിതിയും(തെലുങ്കാന)സഖ്യത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇതിനെ ദുര്‍ബ്ബലം ആക്കിയേക്കാം. ബംഗാളില്‍ കോണ്‍ഗ്രസും സി.പി.എ. ആയി സഖ്യം ഉണ്ടാക്കിയാല്‍ 2024-ല്‍ കോണ്‍ഗ്രസിനെ റ്റി.എം.സി. സഹായിക്കുകയില്ലെന്ന് മമത എടുത്ത കര്‍ശന നിലപാടില്‍ അയവുണ്ടാകേണ്ടിയിരിക്കുന്നു. അതുപോലെ തന്നെ നാഷ്ണല്‍ കോണ്‍ഫ്രന്‍സിലെ ഒമാര്‍ അബ്ദുള്ളയും അസ്വസ്ഥനാണ്. പ്രതിപക്ഷം കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്നും എടുത്തുകളഞ്ഞപ്പോഴും ജമ്മു-കാശ്മീരിനെ വിഭജിച്ചപ്പോഴും പ്രതിഷേധിച്ചില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാതി. റ്റി.എം.സി.യും ഡി.എം.കെ.യും ഇടതുപാര്‍ട്ടികളും ആണ് ഇതിനെ പ്രതിഷേധിച്ചതെന്നും ഒമാര്‍ അബ്ദുള്ള ഓര്‍മ്മപ്പെടുത്തുന്നു. ബി.എസ്.പി.യും മായാവതിയും ശിരോമണി അകാലിദളും. റ്റി.ഡി.പി.യും ബിജു ജനതാദളും പ്രതിപക്ഷസഖ്യത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇത് ബി.ജെ.പി.സഖ്യ, വിപുലൂകരിണത്തിന്റെ വെളിച്ചത്തില്‍ നോക്കിയാല്‍ ഇവര്‍ എന്‍.ഡി.എ.യിലേക്കുള്ള വഴിയിലാണെന്ന് മനസിലാക്കാം. മോദിയും ഷായും എന്‍.ഡി.എ. സഖ്യത്തിന്റെ വികസനത്തിനായി ചര്‍ച്ചകൡലാണ്. 25 വര്‍ഷങ്ങള്‍ക്കു മുമ്പ് എന്‍.ഡി.എ.യില്‍ 20 സഖ്യകക്ഷികള്‍ ഉണ്ടായിരുന്നു. ഇന്നത് 16 ആണ്. ബി.ജെ.പി.ക്ക് സഖ്യകക്ഷികളുടെ ബലം ഇല്ലെങ്കിലും തനിച്ചു ഭരിക്കാം. അവര്‍ക്ക് കിട്ടിയ സീറ്റുകളുടെ അടിസ്ഥാനത്തില്‍. 2014-ല്‍ ബി.ജെ.പി.മാത്രം 282 സീറ്റുകള്‍ നേടി. 543 അംഗങ്ങള്‍ ഉള്ള ലോകസഭയില്‍ കേവല ഭൂരിപക്ഷത്തിന് 272 അംഗങ്ങള്‍ മതി. ബി.ജെ.പി.യും സഖ്യകക്ഷികളും. കൂടെ 336 സീറ്റുകള്‍ നേടി. 2019-ല്‍ ബി.ജെ.പി. 303 സീറ്റുകള്‍ നേടി. സഖ്യകക്ഷികള്‍ ഉള്‍പ്പെടെ 352 സീറ്റുകള്‍ എന്‍.ഡി.എ.ക്ക് ലഭിച്ചു. 1998-ല്‍ ബി.ജെ.പി.ക്ക് സഖ്യകക്ഷികളുടെ സഹായം ആവശ്യം ആയിരുന്നു ഭരിക്കുവാന്‍. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്‍.ഡി.എ.യില്‍ ചേരുവാന്‍ സാധ്യതയില്ല. അത് ചന്ദ്രബാബു നായ്ഡുവിന്റെ റ്റി.ഡി.പി. എന്‍.ഡി.എ.യില്‍ തിരിച്ചുവരുവാനുള്ള സാദ്ധ്യത കൂട്ടുന്നു. ഒഡീഷയില്‍ നവീന്‍ പട്‌നായ്ക്കിന്റെ ബിജു ജനതാദളും എന്‍.ഡി.എ.യില്‍ ചേരുവാനുള്ള സാദ്ധ്യതയില്ല. പക്ഷേ സഹകരിച്ചു പ്രവര്‍ത്തിക്കും. 2019-ല്‍ ബി.ജെ.പി.യുടെ 303-ല്‍ 124 സീറ്റുകള്‍ വന്നത് പ്രതിപക്ഷസഖ്യം വളരെ വിരളമായിരുന്ന ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ദല്‍ഹി, കര്‍ണ്ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആണ്. ഒരു വിശാല മതേതര പ്രതിപക്ഷ മുന്നണി സാദ്ധ്യമായാല്‍ ഈ സംസ്ഥാനങ്ങളിലും ബീഹാര്‍, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലും ബി.ജെ.പി.ക്ക് കനത്ത തിരിച്ചടി ഉണ്ടാകും. അതുകൊണ്ട് വിശാല ദേശീയ മതേതര സഖ്യത്തിന്റെ സ്ഥാപനം ശരിയായ വിധം നടത്തി വേണ്ടവിധം പ്രവര്‍ത്തനം ആയാല്‍ 2024-ല്‍ ബി.ജെ.പി.ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടതായി വരുമെന്നതില്‍ സംശയം ഇല്ല. ഇന്നലെ വരെ കണക്കുകൂട്ടിയിരുന്നതുപോലെ 2024 മോദിക്ക് അത്ര അനായാസം അല്ല. ഒപ്പം പ്രതിപക്ഷത്തിനും. കാരണം പ്രതിപക്ഷം ഇപ്പോഴും ഒറ്റക്കെട്ടല്ല. ഐക്യത്തില്‍ വിള്ളല്‍ ഉണ്ട്. കര്‍ണ്ണാടകത്തിലെ പരാജയം ബി.ജെ.പി.ക്ക് ഒരു തിരിച്ചടിയാണ്. പ്രതിപക്ഷത്തിന് ഉണര്‍വ്വും. പക്ഷേ ഇന്‍ഡ്യയില്‍ വോട്ടര്‍മാര്‍ നിയമസഭയിലേക്കും ലോകസഭയിലേക്കും വോട്ടു ചെയ്യുന്നത് ഒരുപോലെ അല്ല. പക്ഷേ, കര്‍ണ്ണാടക മോദിയെ തോല്‍പിക്കുവാന്‍ ആവുകയില്ല എന്ന വിശ്വാസം ഒരു പരിധി വരെ തകര്‍ത്തു. 2014-ലും 2019ലും ബി.ജെ.പി. തനിച്ച് കേവല ഭൂരിപക്ഷം നേടിയപ്പോഴും വിഘടിത പ്രതിപക്ഷത്തിനായിരുന്നു വോട്ടുവിഹിതത്തിന്റെ ശതമാനത്തില്‍ മേല്‍കൈ. തെരഞ്ഞെടുപ്പു വിജയം മുന്നണികളുടെ രസതന്ത്രത്തിന്റെ കൂടെ കഥയാണ്. അതും ഇവിടെ പ്രധാനം ആണ്.

Both the ruling party and the opposition have started preparations for the Lok Sabha eelection.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക