Image

വഴി തെറ്റുന്ന നിരൂപണങ്ങൾ, വഴി മുട്ടുന്ന യാഥാർഥ്യങ്ങൾ !  (ലേഖനം: ജയൻ വർഗീസ്)

Published on 25 June, 2023
വഴി തെറ്റുന്ന നിരൂപണങ്ങൾ, വഴി മുട്ടുന്ന യാഥാർഥ്യങ്ങൾ !  (ലേഖനം: ജയൻ വർഗീസ്)

സാഹിത്യ രചന പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് സാഹിത്യ ആസ്വാദനവും. ആസ്വദിക്കപ്പെടാതെപോകുന്ന രചനകൾ കുപ്പക്കുഴികളിലെ മാണിക്യങ്ങളെപ്പോലെ തിളക്കം പുറത്തു കാട്ടാനാവാതെഅവഗണിക്കപ്പെട്ടു പോകുന്നു. അതുകൊണ്ടു തന്നെ ഏതൊരു സാഹിത്യ ശാഖയ്ക്കുമൊപ്പം ഒരു ആസ്വാദന ശാഖകൂടി വളർന്നു വരേണ്ടതുണ്ട്. ഈ ശാഖയെ നിരൂപണ സാഹിത്യം എന്നോ വിമർശന സാഹിത്യം എന്നോ ഒക്കെവിളിച്ചു വരുന്നു. ഈ പേരുകൾ ഒക്കെയും അർത്ഥമാക്കുന്നത് ശരിക്കും ആസ്വാദന സാഹിത്യം എന്ന്തന്നെയാകുന്നു.

ഇങ്ങിനെ വരുമ്പോൾ ആസ്വാദന സാഹിത്യം അഥവാ വിമർശന / നിരൂപണ സാഹിത്യം മറ്റു സാഹിത്യശാഖകൾക്കൊപ്പമോ അതിലുപരിയോ ആദരിക്കപ്പെടേണ്ട ഒരു സാഹിത്യ ശാഖയാണ് എന്ന് കാണാം. അതുകൊണ്ടു തന്നെ ഈ ശാഖ കൈകാര്യം ചെയ്യുന്നവർക്ക്‌ നിഷ്പ്പക്ഷ നിലപാടുകളും സത്യ സന്ധമായകാഴ്ചപ്പാടുകളും അത്യന്താപേക്ഷിതമാണ് എന്ന് വരുന്നു. നിരൂപണത്തിന്റെ നിയോഗം ഏറ്റു വാങ്ങുന്നവർമേൽപ്പറഞ്ഞ ഗുണഭാവങ്ങൾ ഉൾക്കൊള്ളാത്തവരായി ഭവിക്കുകയാണെങ്കിൽ അത് താമര വിരിയുന്ന സാഹിത്യസരോവരത്തിന്റെ തെളിനീർക്കുളങ്ങളിൽ വിഷം കലക്കുന്ന സാമദ്രോഹികളായി അവരെ പരിഗണിക്കേണ്ടിവരുന്നതാണ്. 

മലയാളത്തിൽ മുണ്ടശേരിയും കുട്ടിക്കൃഷ്ണ മാരാരും ഉൾപ്പടെയുള്ള മഹാരഥന്മാർ കൈകാര്യം ചെയ്തിരുന്ന ഈശാഖ കൂടുതൽ ജനകീയമാക്കി പൊതു സമൂഹത്തിൽ എത്തിച്ച പ്രതിഭാ ശാലിയായിരുന്നു സർവാദരണീയനായശ്രീ എം. കൃഷ്ണൻ നായർ. വിശ്വ സാഹിത്യത്തിലെ എക്കാലത്തെയും അനശ്വര രചനകളായ ക്ലാസിക്കുകൾവായിച്ചു പഠിച്ച് മനഃ പാഠമാക്കി വച്ചു കൊണ്ടാണ് അദ്ദേഹം സാഹിത്യ നിരൂപണത്തിന് തുനിഞ്ഞ് ഇറങ്ങുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ  നിരൂപണങ്ങളിൽ  താൻ നിരൂപണത്തിനെടുക്കുന്ന സാഹിത്യസൃഷ്ടികളിൽ ലോക ക്ളാസിക്കുകളുമായുള്ള ഒരു താരതമ്യം വന്നു പോകും. ‌പല സാഹിത്യകാരന്മാരോടും ’ പേനാ വലിച്ചെറിഞ്ഞ് തൂമ്പാപ്പണിക്ക് പോകൂ സുഹൃത്തുക്കളേ ‘ എന്ന് അദ്ദേഹത്തിന് പറയേണ്ടി വന്നസാഹചര്യവും ഇതായിരുന്നു. 

അദ്ദേഹത്തിന്റെ ഈ നിലപാട് കേരളത്തിലെ വായനക്കാരിൽ ആദരണീയമായ ഒരു സ്ഥാനംനേടിക്കൊടുത്തുവെങ്കിലും അമേരിക്കയിലെ മലയാളം ( എഴുത്തുകാർ തന്നെയാണ് ഇവിടെ വായനക്കാരും ) എഴുത്തുകാരുടെ നിത്യ ശത്രുതയ്ക്ക് പാത്രമാവാനായിരുന്നു അദ്ദേഹത്തിന്റെ യോഗം. തങ്ങളുടെ രചനകൾമഹത്തരങ്ങൾ ആണ് എന്ന് വെറുതേ ധരിച്ചു പോയ ഇവിടുത്തെ എഴുത്തുകാർ അദ്ദേഹം പറഞ്ഞ സത്യങ്ങൾഉൾക്കൊള്ളാനാവാതെ അസഹിഷ്ണതയോടെ അദ്ദേഹത്തെ ചീത്ത വിളിക്കുകയും, തങ്ങളുടെ എഴുത്തുകളിൽഅത് രേഖപ്പെടുത്തുകയുമുണ്ടായി  എന്നതാണ് ഇവിടെ സംഭവിച്ച സാംസ്കാരിക ദുരന്തം. 

സർഗ്ഗവേദി പോലെയുള്ള സാഹിത്യ സംഘടനകൾ കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ഏറെയായി ഇവിടെപ്രവർത്തിക്കുന്നു. അവർ എന്താണ് ചെയ്തത് എന്ന് അവർ തന്നെ വിശദീകരിക്കുന്നതാവും കൂടുതൽ ഭേദം. ആദ്യകാലങ്ങളിൽ ഞാനും സർഗ്ഗവേദി സമ്മേളനങ്ങളുടെ ഭാഗം ആയിരുന്നിട്ടുണ്ട്. ആരുടെയെങ്കിലും രചനകൾചർച്ചയ്‌ക്കെടുക്കുന്ന ഒരു രീതിയായിരുന്നു അന്ന്. അമേരിക്കയിലെ മലയാള രചനകൾക്ക് പൊതുവെ നിലവാരംകുറവായിരുന്നു എന്ന സത്യം ശ്രീ കൃഷ്ണൻ നായരെപ്പോലുള്ളവർ വിളിച്ചു പറയുമ്പോൾ അത് സമ്മതിക്കാതെതങ്ങളുടെ സബോർഡിനേറ്റുകളുടെ രചനകളെ ഉത്തരം, ഉദാത്തം ഉന്നതം, ആധുനികം ഉത്തരാധുനികംഎന്നൊക്കെ കയ്യടിച്ചു പാസാക്കലായിരുന്നു സർഗ്ഗവേദിയുടെ പണി. 

അമേരിക്കയിൽ മലയാള സാഹിത്യം വളർത്തിയത് സർഗ്ഗവേദി ആയിരുന്നു എന്ന പ്രസിഡണ്ടിന്റെ വാദത്തെഅംഗീകരിക്കാനാവാതെ വന്നതാണ് എനിക്ക് അനുഭവപ്പെട്ട ആദ്യത്തെ കല്ലുകടി. പോക്കേണ്ടവരുടെ പൊട്ടരചനകളെ ഉദാത്തം എന്ന് വിശേഷിപ്പിക്കുവാനുള്ള ഭാരവാഹികളുടെ മനഃ പൂർവമായ ശ്രമങ്ങളോടും എനിക്ക്യോജിക്കാൻ കഴിഞ്ഞില്ല. കൈരളിയിൽ എഴുതുന്നവർ വെറും ചവറ്  എഴുത്തുകാർ  എന്നതായിരുന്നു അവിടെരൂപപ്പെട്ട ഒരു നിലപാട് എന്നതും, ഫണ്ട് പിരിവ് പ്രവർത്തനങ്ങളുടെ ഭാഗമായി വന്നതും ഒക്കെ എന്നെസർഗ്ഗവേദിയിൽ നിന്നും അകറ്റുകയായിരുന്നു.  

അമേരിക്കയിൽ നിരൂപണമില്ല എന്നൊരു പ്രമേയം തന്നെ സമീപകാലത്ത് സർഗ്ഗവേദി ഔദ്യോഗികമായിഅംഗീകരിച്ചു. എങ്കിൽ എന്തുകൊണ്ട് ശ്രീ കൃഷ്ണൻ നായരെപ്പോലുള്ളവരുടെ നിരൂപണങ്ങൾഅംഗീകരിക്കുന്നില്ല എന്നൊരു ചോദ്യവും എനിക്കുണ്ട്.  ( അത് അംഗീകരിച്ചാൽ പിന്നെ സർഗ്ഗവേദിയിൽ മാത്രമല്ലഅമേരിക്കയിൽ തന്നെയും അധികം എഴുത്തുകാർ ഉണ്ടാവില്ല എന്നതാവുമോ കാര്യം ? ) 

അമേരിക്കയിൽ നിരൂപണം എഴുതുന്നവരിൽ സർവശ്രീ ജോർജ് മണ്ണിക്കരോട്ടിനെയും, സുധീർപണിക്കവീട്ടിലിനെയും, ഡോ. നന്ദകുമാർ ചാണയിലിനെയും, വാസുദേവ് പുളിക്കലിനെയും, എ.സി.ജോർജിനെയും വില കുറച്ചു കാണാനാവില്ല. അവരുടെ നിരൂപണങ്ങൾ പൊതുവെ സൗമ്യമാണ് എന്ന്സമ്മതിക്കുന്നു. ഈ സൗമ്യത ഒരു പരിധി വരെ ദോഷം ചെയ്യുന്നുണ്ടാവാം. ഈ സൗമ്യത മൂലം പല അനർഹരുംചുമ്മാ കളം നിറഞ്ഞ് കളിക്കുന്നുണ്ട്. എങ്കിലും സർഗ്ഗവേദിയുടെ ആളുകൾ  ഇതിനെ മൊത്തത്തിൽ ‘ പുറംചൊറിയൽ ‘ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് മാന്യതയല്ല. 

അമേരിക്കൻ മലയാള സാഹിത്യത്തിൽ അതിശക്തമായ ഒരു നിരൂപണ ശാഖ ഇനിയും വളർന്നു വരേണ്ടതുണ്ട്എന്നാണു എന്റെ അഭിപ്രായം. ഇതില്ലാതെ പോകുന്നത് കൊണ്ടാവാം കഴിഞ്ഞ 10 - 15 കൊല്ലം വരെ അമേരിക്കൻഎഴുത്തുകാർ ( പ്രവാസി ) ഗൃഹാതുരത്വത്തിൽ ഉറങ്ങുകയായിരുന്നു എന്ന് ചിലർക്ക് പറയേണ്ടി വരുന്നത്. പ്രവാസി സാഹിത്യ ലോകത്തു നിന്ന് തന്നെ മൂന്നു ജീനിയസ്സുകളെ മാത്രം ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്. ( അതിലൊരാൾ 2023 ൽ ആദ്യ കൃതിയുമായി വന്നയാൾ ആണെങ്കിലും? ) ബഹുമാന്യനായ ശ്രീ കൃഷ്ണൻനായരെപ്പോലെ ചിലരോടെങ്കിലും ‘ പേനയെറിഞ്ഞ് തൂമ്പയെടുക്കൂ' എന്ന് പറയുവാനുള്ള ആർജ്ജവംനിരൂപകർക്കുണ്ടാവണം. 

ഒരാളുടെ ഒരു കൃതി സാമാന്യേന ഉന്നത നിലവാരം പുലർത്തുന്നുണ്ടാവാം. അത് തുറന്നു കാണിക്കുന്നത്നിരൂപക ധർമ്മം ആയിരിക്കുമ്പോൾ തന്നെ പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിനുള്ള ചുമതലയുംഉത്തരവാദിത്വവും നിരൂപകനുണ്ട്. ഏതൊരു കൃതിയും വെറും സാമാന്യനായ മനുഷ്യനിൽ നിന്ന് വരുന്നുഎന്നതിനാൽ തന്നെ പോരായ്മകൾ സ്വാഭാവികം മാത്രമാകുന്നുവല്ലോ? നന്മകളെ നന്മകളായും, തിന്മകളെതിന്മകളായും അനുവാചകനെ പരിചയപ്പെടുത്തുന്ന ഒരിടനിലക്കാരന്റെ റോളിലാണ് നിരൂപകൻ നിൽക്കേണ്ടത്. ഈ ഇടനിലക്കാരൻ കമ്മീഷൻ കൈപ്പറ്റുന്ന ബ്രോക്കറുടെ നിലവാരത്തിലേക്ക് തരം താഴ്ന്നു പോയാൽസ്വാഭാവികമായും നട്ടെല്ലുള്ള ചിലരെങ്കിലും അതിനെ ചോദ്യം ചെയ്തു പോകും. 

ഒരു നിഷ്ക്കാമ കർമ്മമായി എഴുത്തിനെ സ്വീകരിക്കേണ്ടവനാണ് എഴുത്തുകാരൻ എന്നാണു എന്റെ അഭിപ്രായം. പേരിനോ, പ്രശസ്തിക്കോ, പണത്തിനോ വേണ്ടി അതിനെ ദുരുപയോഗം ചെയ്യരുത് എന്നും എനിക്ക്അഭിപ്രായമുണ്ട്. എങ്ങോ എവിടെയോ നിന്ന് പുറപ്പെടുന്ന ഒരു പ്രാപഞ്ചിക നിയോഗത്തിന്റെ നിഴൽരൂപമായിട്ട്എത്തിച്ചേരുന്നവൻ ആയിരിക്കണം എഴുത്തുകാരൻ എന്നാണ് എന്റെ എളിയ വിശ്വാസം. അത് കൊണ്ട് തന്നെഅവനെ അയച്ച ശക്തി അവനുള്ള സ്‌പേസും കരുതി വച്ചിട്ടുണ്ടാവണം. ആരൊക്കെ പുകഴ്ത്തിയാലുംഇകഴ്ത്തിയാലും സ്വന്തം സ്‌പേസിൽ അവൻ എത്തിച്ചേർന്നിരിക്കും. അവൻ വെളിച്ചത്തിന്റെപ്രസരിപ്പുകാരനാണെങ്കിൽ, സ്വന്തം കരൾ ആർത്തിക്കഴുകന്മാർക്കു കാണിക്കയർപ്പിച്ചു കൊണ്ടും ആ വെളിച്ചംജനസാമാന്യത്തിനു പങ്കു വയ്ക്കുന്ന പ്രൊമിത്യുസ് മാരാണ് ഓരോ എഴുത്തുകാരനും ! 

അങ്ങിനെ വരുമ്പോൾ എഴുത്തുകാരനെക്കാൾ എത്രയോ മുകളിലാണ് ഓരോ നിരൂപകന്റെ സ്ഥാനം ! എഴുത്തുകാരനും വായനക്കാരനും വേണ്ടി അവരുടെ വേദന ഏറ്റെടുക്കുന്നവനാണ് യഥാർത്ഥ നിരൂപകൻ. ബന്ധങ്ങളുടെയോ കടപ്പാടുകളുടെയോ മുന്നിൽ വാഴവള്ളി പോലെ വളയുന്ന നട്ടെല്ലുള്ള ഒരാൾക്ക് ഒരു നല്ലജഡ്ജി ആയിരിക്കാൻ ആവാത്തത് പോലെ ഒരു നല്ല നിരൂപകനും വ്യക്തിത്വമുള്ള, സത്യമുള്ള ഒരു പ്രതിഭാശാലിആയിരിക്കണം. അയാൾ ആ നില വിട്ട് തരം താഴുന്നതായാൽ എഴുത്തുകാരനെക്കാൾ ആക്ഷേപിക്കപ്പെടുന്നത്അയാളായിരിക്കും.  

മതത്തിലും രാഷ്ട്രീയത്തിലും കലയിലും സാഹിത്യത്തിലും വ്യക്തിത്വം നഷ്ടപ്പെടുത്തി നാണം കെടുന്നവർഅനേകമുണ്ട്. നമ്മുടെ വിഷയമായ സാഹിത്യത്തിൽ അയഥാർത്ഥമായ ആവിഷ്ക്കാരങ്ങളോടെ ആരെയെങ്കിലുംചുമ്മാ പ്രമോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ ഒരു ജീവിതകാലം കൊണ്ട് ഒരു നിരൂപകൻ ആർജ്ജിച്ച വിശ്വാസ്യതചോർന്നു പോവുകയാണ് ചെയ്യുന്നത്. ഒരു കൃതിയിൽ നാല് രാജ്യങ്ങളുടെ പേര് പരാമർശിച്ചിട്ടുണ്ട് എന്നതിനാൽആ കൃതി സാർവ്വ ലൗകികമാണ് എന്ന് പറയുന്നതും, നാല് പാലങ്ങളുള്ള നാട് ചതുർ നദീതട സംസ്കാരംപുലരുന്ന ഇടമാണെന്നും, അവിടെ ജീവിക്കുന്ന എഴുത്തുകാരന്റെ മനസ്സാണ് ആ പാലങ്ങൾ എന്നുമൊക്കെപറയുമ്പോൾ സ്വയം നാണം കെടുന്നത് തങ്ങൾ തന്നെയാണെന്ന് അത് പറയുന്നവരെങ്കിലും മനസ്സിലാക്കണം.

 ‘ അമേരിക്കൻ മലയാളികൾ കോമാളികളാണ് ‘ എന്ന് പറഞ്ഞിട്ട് പോയ ശ്രീനിവാസൻ പിന്നീട് അതിൽ  ദുഖിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. അമേരിക്കയിൽ കോമാളി വേഷം കെട്ടുന്ന മലയാളികൾ ഉണ്ടാവാം. ( ആരെയുംശല്യപ്പെടുത്താതെ സ്വന്തം ജോലി ചെയ്തു അന്തസ്സോടെ ജീവിക്കുന്ന മുഴുവൻ അമേരിക്കൻ മലയാളികളെയുംഅദ്ദേഹം പൊതുവായി ആക്ഷേപിക്കരുതായിരുന്നു എന്ന് അന്നും പ്രതികരിച്ചത് ഞാൻ മാത്രമായിരുന്നു. )  നാണംകൊണ്ടോ ജാള്യത കൊണ്ടോ എന്നറിയില്ല പിന്നീട് അദ്ദേഹം ഇങ്ങോട്ടു വന്നിട്ടില്ല. ഒരു ജീവിത കാലത്തെ  സ്വന്തംപ്രവർത്തികൾ കൊണ്ട് ഒരാൾ സ്വയം  ആർജ്ജിച്ച മാന്യത അശ്രദ്ധമായ ഒരു വാക്കു കൊണ്ടോ പ്രവർത്തികൊണ്ടോ ഒരു നിമിഷം കൊണ്ട് ചോർന്നു പോകാൻ  ഇട വരുന്നത് വേദനയാണ്. അത് കൊണ്ട് തന്നെ നമ്മുടെനിയന്ത്രണത്തിൽ ഉള്ള കാര്യങ്ങളെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടത്  ഓരോ വ്യക്തികളുടെയുംഅനിവാര്യമായ ചുമതലയാണ്. പ്രത്യേകിച്ചും രണ്ടു കൂട്ടരെ ചേർത്തു നിർത്തുന്ന നിരൂപണം പോലെയുള്ളമഹത്തായ മേഖലകളിൽ വ്യാപാരിക്കുന്നവർ. എല്ലാ എഴുത്തുകാർക്കും നിരൂപകർക്കും നന്മകൾ നേരുന്നു. 

Join WhatsApp News
വിദ്യാധരൻ 2023-06-25 14:11:10
"സാഹിത്യകൃതിയെ മനസ്സിലാക്കാവുന്നിടത്തോളം മനസ്സിലാക്കി അതിൽ നിന്ന് ആസ്വദിക്കാൻ കഴിഞ്ഞ ആനന്ദത്തിന്റ പിന്നിലുള്ള ബുദ്ധിപരവും ഭാവപരവുമായ അടിത്തറ എന്തെന്ന് ആവിഷ്കരിക്കലാണ് സാഹിത്യ വിമർശനം " (മലയാള സാഹിത്യ വിമർശനം -സുകുമാർ അഴിക്കോട് ). ജയൻ വറുഗീസിന്റെ ഈ ലേഖനത്തെ 'നിരൂപണങ്ങളുടെ നിരൂപണം' എന്ന് ഞാൻ വിളിക്കുന്നു. കാരണം, സത്യസന്ധമായി നിരൂപണങ്ങളെകുറിച്ച്‌ ഇവിടെ വളരെ വസ്തുനിഷ്ഠമായി രേഖപ്പെടുത്തിയിരിക്കുന്നു. നിരൂപണം എഴുതുന്നവർ ബുദ്ധിപരമായും ഭാവപരവും നിഷ്പക്ഷമായ ഒരു നിലപാടും സ്വീകരിക്കുന്നുണ്ടോ എന്ന ചോദ്യം അദ്ദേഹം ഉയർത്തുന്നു. ഇവിടെ വായനക്കാരേക്കാൾ കൂടുതൽ എഴുത്തുകാരാണ് എന്നുള്ള സത്യം അമേരിക്കയിൽ മാത്രമല്ല കേരളത്തിലും സത്യമാണ്. ഇന്ന് തട്ടിപ്പ്, വ്യാജം തുടങ്ങിയ ദുർഗുണങ്ങൾ സുകുമാരഗുണങ്ങൾ ആയി മാറിക്കൊണ്ടിരിക്കുകയാണ് . വാഴക്കുല വൈലോപ്പള്ളി എഴുതിയതാണ് എന്ന് പ്രബന്ധ കർത്താവ് എഴുതിയപ്പോൾ, വായിക്കാത്തവർ അതിന് പി എച്ച് ഡി കൊടുക്കയും, വായിച്ചിരുന്നവർ ആ തെറ്റ് കണ്ടു പിടിക്കുകയും ചെയ്യുത്. ഇന്ന് പ്രസിദ്ധികരിക്കപ്പെടുന്ന കൃതികളുടെ മൂല്യം നിർണ്ണയം നടത്തുന്നത് പേരും പെരുമയും വാലും ഉള്ളവരെ പണം കൊടുത്തു കൊണ്ടുവന്നു പ്രഭാഷണങ്ങൾ നടത്തിയും പൊക്കി പറഞ്ഞും ഒക്കെയാണ്. പ്രഭാഷണം നടത്തുന്നവർ അത് വായിച്ചുട്ടുണ്ടോ എന്ന് ചോദിച്ചാൽ, നിത്യ ചൈതന്യ യതി പറഞ്ഞതുപോലെ എല്ലാ പ്രശനങ്ങളുടെയും ഉത്തരം ഇരിക്കുന്നു 'പത്തായപ്പുരയായ ദൈവത്തോട്' (ദൈവം സത്യമോ മിഥ്യയോ) ചോദിക്കണം. അമേരിക്കയിൽ നിരൂപണം എഴുതുന്നവർ മൃദുവായി എഴുതുന്നില്ലെങ്കിൽ പിറ്റേ ദിവസം വിവരം അറിയും . അമേരിക്കയിലെ സാഹിത്യകാരന്മാർക്കും കേരളത്തിലെ സാഹിത്യകാരന്മാർക്കും ഗുണ്ടകൾ ഉണ്ടെന്നുള്ള വിവരം അവർക്ക് അറിയാവുന്നതുകൊണ്ടാണ്. എന്തായാലും മൃദുവായി എഴുതുന്നെങ്കിലും, നിരൂപണളായിട്ടും, ആസ്വാദനമായിട്ടും . പാദനമായിട്ടും ഏറ്റവും കൂടുതൽ എഴുതി കണ്ടിരിക്കുന്ന വ്യക്തി സുധീർപണിക്ക വീട്ടിൽ എന്ന വ്യക്തിയാണ് . അദ്ദേഹത്തിന്റ ലേഖനങ്ങൾ വായിച്ചാൽ അതിൽ വളരെ അധികം ഉദ്ധരണികൾ കാണാം. ഒരു വായനക്കാരനു മാത്രമേ അത് സാധിക്കുകയുള്ളു. അദ്ദേഹത്തിന് എന്റെ പ്രത്യക അഭിനന്ദനം. വായന അറിയാനുള്ള ജിജ്ഞാസയിൽ നിന്ന് ഉടലെടുക്കുന്നതാണ്. വായിക്കുന്നവരുടെ എഴുത്തിൽ അത് വളരെ പ്രകടമായി കാണാൻ കഴിയും . നല്ലൊരു ലേഖനത്തിന് അഭിനന്ദനങ്ങൾ . എങ്കിലും ജയൻ അഭിപ്രായം എഴുതുമ്പോൾ ലളിതമായ ഭാഷയിൽ എഴുതിയാൽ വായിക്കുന്നവർക്ക് മനസിലാകും, കാവ്യഭാഷയിലും സാഹിത്യഭാഷയിലും പ്രതികരണകോളത്തിൽ എഴുതിയാൽ അത് വായിക്കുന്നവർക്ക് മനസിലായിക്കൊള്ളണം എന്നില്ല . വായിക്കുന്നവർ അമേരിക്കയിലുള്ളത് മലയാളഭാഷയുടെ സുകൃതം . നല്ല വായനക്കാർക്ക് മാത്രമേ എഴുത്തുകാർ ആകാൻ കഴിയുകയുള്ളു . വിദ്യാധരൻ
Santhosh Pillai 2023-06-25 15:26:48
കൃഷ്ണൻ നായർ സാറിന്റെ കാഠിന്യമേറിയ നിരൂപണം മൂലം തുടക്കക്കാരായ പല എഴുത്തുകാരും എഴുത്തി നിറുത്തി എന്നും, അതുമൂലം മലയാളത്തിന് ലഭിക്കാമായിരുന്ന നല്ല കൃതികൾ ഇല്ലാതായി എന്നും ഒരു പ്രമുഖ സാഹിത്യകാരൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭേദഗതികൾ നിർദേശിച്ചു കൊണ്ട് പ്രോത്സാഹന ജനകമായ നിരൂപണമാകും സാഹിത്യാന്വേഷികൾക്ക് കൂടുതൽ സ്വീകാര്യം എന്ന് കരുതുന്നു.
Vayanakaaran 2023-06-25 11:42:40
നിരൂപണ ങ്ങളെല്ലാം ഒരേ pattern ആകുന്നതാണ് പ്രധാന കുഴപ്പം.മുണ്ടശ്ശേരിയും മാരാരും കൃഷ്ണനായരുമൊക്കെ വ്യത്യസ്ത രീതിയിലായിരുന്നു വിമര്ശനങ്ങൾ നടത്തിയിരുന്നത് എന്ന് ശ്രീ ജയൻ മനസ്സിലാക്കികാണുമല്ലോ. അതുകൊണ്ട് ആ മേഖല ശ്രദ്ധയാകര്ഷിക്കാതെ മുരടിച്ചു പോയ്കൊണ്ടിരിക്കുന്നു ഇനി അത് പച്ചപിടിക്കാൻ പോകുന്നില്ല. പുതിയ എഴുത്തുകാരൊക്കെ നാട്ടിലെ പ്രമുഖ നിരൂപകരെകൊണ്ട് അവരുടെ കൃതികളെക്കുറിച്ച് എഴുതിക്കുന്നു. പറയുന്നതൊക്കെ പിന്താങ്ങാൻ ആളുണ്ടെങ്കിൽ ആരും എന്തും പറയും. അമേരിക്കയിൽ സാഹിത്യം വളർത്തിയത് സർഗ്ഗവേദിയല്ല. അത് എല്ലാവര്ക്കും അറിയാം. എന്നാലും കുഞ്ഞാങ്ങള അങ്ങനെ പറയുമ്പോൾ പൊന്നു പെങ്ങള്മാര് എതിർത്ത് പറയുമോ?
G. Puthenkurish 2023-06-25 16:45:05
A well written article. Congratulations.
Sudhir Panikkaveetil 2023-06-26 11:03:39
ആൾക്കൂട്ടത്തിൽ നിന്നും എന്റെ പേര് പ്രത്യേകം പരാമര്ശിച്ചതിനു വിദ്യാധരൻ മാഷിന് നന്ദി വളരെ കാലത്തെ പരിശ്രമങ്ങൾക്ക് ഒരു അംഗീകാരം കിട്ടിയപോലെ സന്തോഷം തോന്നി. ഞാൻ വിമര്ശനം എഴുതാറില്ല. അതിനുള്ള കഴിവ് എനിക്കില്ലെന്ന തിരിച്ചറിവ് മുന്നേ ഉണ്ട്. ഞാനെഴുതുന്നത് നിരൂപണ ങ്ങളാണ്. അതിൽ ആസ്വാദനവും, പഠനവും, നിഗമനങ്ങളും, ഉണ്ടാകും. നിരൂപണം ചെയ്യപ്പെടുന്ന കൃതിയുടെ സൃഷ്ടി,അതിന്റെ സ്ഥിതി പിന്നെ അതിന്റെ ലയം അതിലേക്ക് എന്റെ അറിവിലൂടെ ഒരു പ്രയാണം.അപ്പോൾ കിട്ടുന്ന ആശയങ്ങൾ അത് ഞാൻ പ്രതിഫലിപ്പിക്കുന്നു. വിദ്യഭ്യാസക്കുറവും, സംസ്കാരദാരിദ്ര്യവും (cultural bankruptcy) അനുഭവിക്കുന്ന പാവങ്ങൾ അതിനെ പുറംചൊറിയൽ എന്ന് പറയുന്നുണ്ടെങ്കിൽ അവരോട് സഹതപിക്കുക.അതിനെ അവഗണിക്കുക. എഴുതുന്നയാളിന് പ്രശസ്തിയുണ്ടെങ്കിൽ അയാൾ എന്ത് എഴുതിയാലും പുറം ചൊറിയൽ ആയാൽ പോലും മിണ്ടുകയില്ല. ഈ ലേഖനത്തിൽ ശ്രീ ജയൻ വർഗീസ് എഴുതിയ ഭാഗം വായിക്കുക. "ഒരു കൃതിയിൽ നാല് രാജ്യങ്ങളുടെ പേര് പരാമർശിച്ചിട്ടുണ്ട് എന്നതിനാൽആ കൃതി സാർവ്വ ലൗകികമാണ് ന്ന് പറയുന്നതും, നാല് പാലങ്ങളുള്ള നാട് ചതുർ നദീതട സംസ്കാരംപുലരുന്ന ഇടമാണെന്നും, അവിടെ ജീവിക്കുന്ന എഴുത്തുകാരന്റെ മനസ്സാണ് ആ പാലങ്ങൾ എന്നുമൊക്കെപറയുമ്പോൾ സ്വയം നാണം കെടുന്നത് തങ്ങൾ തന്നെയാണെന്ന് അത് പറയുന്നവരെങ്കിലും മനസ്സിലാക്കണം.". ഒരു രചന വായിച്ചു ആസ്വദിക്കാനും അതേക്കുറിച്ച് വരുന്ന നിരൂപണങ്ങൾ മനസ്സിലാക്കാനും അറിവും വിദ്യാഭ്യാസവും ആവശ്യംആവശ്യമാണ്. അതൊന്നും മനസ്സിലാകാതെ പുറം ചൊറിയൽ എന്ന് പറഞ്ഞു നടക്കുന്നവരെ എന്ത് പറയാൻ. അതേസമയം ശ്രീ ജയൻ പരാമർശിക്കുന്ന പുസ്തകം ഏതെന്നു കണ്ടുപിടിക്കാനോ ആ പറഞ്ഞതൊക്കെ ശരിയാണോ എന്നന്വേഷിക്കാൻ താൽപ്പര്യമില്ല പാവങ്ങൾക്ക് കാരണം പറഞ്ഞയാൾ പ്രഗത്ഭനാണ്. ശ്രീ വിദ്യാധരൻ മാഷിന് ഒരിക്കൽ കൂടി നന്ദി.
Abdul punnayurkulam 2023-06-26 23:37:01
I agree with Jayan's many points, but like M. krishnan nair I simply not agree. Krishnan nair may be highly scholar, but his reviews discouraged and destroyed many writers, which is not praiseworthy!
ഒരു സുഹൃത്ത് 2023-06-27 00:29:07
ഞാൻ അമേരിക്കയിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ നിരൂപണങ്ങൾ വായിച്ചിട്ടുള്ളത് സുധീർ പണിക്കവീട്ടിൽ എഴുതിയ നിരൂപണങ്ങൾ ആണ്. വിദ്യാധരൻമാഷിന്റ നിരീക്ഷണത്തോട് ഞാൻ യോജിക്കുന്നു. ഇവിടുത്തെ, അതായത് ‘അമേരിക്കയിൽ മലയാള സാഹിത്യം വളർത്തിയത് ഞങ്ങളാണെന്ന് ‘ അവകാശപ്പെടുന്നവർ എന്തെങ്കിലും എഴുതി അതിനെ വിമർശിച്ചു കഴിഞ്ഞാൽ പിന്നെ വിമർശിക്കുന്നവരെ അവർക്ക് കണ്ണിനു കണ്ടുകൂടാ. സുധീർ പണിക്കവീട്ടിലിന്‌ അത്തരം സുഹൃത്തുക്കൾ ധാരാളം കാണും. കൂടെ നടന്നു യൂദാസിനെപ്പോലെ ഒറ്റുകൊടുക്കുന്നവർ. എന്തായാലും താങ്കൾ എഴുതുക. ഒരുപക്ഷെ അവാർഡുകൾ കിട്ടാതെ ജീവിതം അവസാനിച്ചെന്നിരിക്കും. പക്ഷെ നിങ്ങളുടെ രചനകളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അത് നിങ്ങളുടെ കാലശേഷവും നില നിന്നെന്നിരിക്കും അതുകൊണ്ടു നിഷ്‌ക്കാമ കർമ്മ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക