കുട്ടാപ്പി ആന്‍ഡ് സണ്‍സ്
കൂനമ്പാറ സിറ്റിയിലും പ്രാന്തപ്രദേശങ്ങളിലും ഓട്ടോ ഓടിച്ചുനടന്ന കുട്ടാപ്പി ഒരു സുപ്രഭാതത്തില്‍ കുട്ടാപ്പി ആന്‍ഡ് സണ്‍സ് തുടങ്ങി. ലോട്ടറിയടിച്ചു കിട്ടിയ പണമാണെന്നു നാട്ടുകാര്‍ പറയുന്നുണ്ട്. എന്തായാലും നാട്ടുകാരുടെ പ്രിയപ്പെട്ട ഒരു സംഗമസ്ഥലമാണത്. അയാളുടെ ശരിയായ പേര് കുട്ടന്‍പാപ്പി എന്നാണ്. ആദ്യം തെങ്ങുകയറ്റമായിരുന്നു തൊഴില്‍. അതിനുശേഷമാണ് ഓട്ടോ ഡ്രൈവറായത്. പിന്നീട് പഴയ ഒരു ഓട്ടോറിക്ഷാ ആരുടെയൊക്കെയോ സഹായത്തില്‍ വാങ്ങി. പുന്നാരമകന്റെ ഓമനപ്പേരു കുട്ടപ്പായി എന്നാണ്. അതൊന്നു ചുരുക്കി, 'കുട്ടാപ്പി' എന്ന് ഓട്ടോയ്ക്കു പേരിട്ടു. ക്രമേണ കുട്ടന്‍ പാപ്പിക്കും ആ പേരു വീണു.
പാപ്പിയുടെയും കത്രീനയുടെയും ഏകമകനാണു കുട്ടാപ്പി. കൂട്ടുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് ചായക്കട തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചത്. ജോക്കുട്ടന്റെ കോഴിക്കോടന്‍ ബേക്കറി പൂട്ടിയതില്‍പ്പിന്നെ കുട്ടായി ആന്‍ഡ് സണ്‍സ് എന്ന ചായക്കട, കൂനമ്പാറയിലെ വന്‍ പ്രസ്ഥാനംതന്നെയാണ്!
എന്നാലും വന്ന വഴി കുട്ടാപ്പി മറന്നിട്ടില്ല. പഴയ ഓട്ടോറിക്ഷ ഇപ്പോഴും മുറ്റത്തുതന്നെ വിശ്രമിക്കുന്നുണ്ട്. എന്നും തൂത്തും തുടച്ചും മിനുക്കിയിടുന്നതു ടാക്‌സി ഓടിക്കാനൊന്നുമല്ല. സ്വന്തം ആവശ്യത്തിനു മാത്രം. അതു തന്റെ ഭാഗ്യവാഹനമാണെന്നാണു കുട്ടാപ്പി കരുതുന്നത്.
കടയില്‍ വരുന്ന എല്ലാവരോടും സംസാരിക്കുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്യുന്നതു കുട്ടാപ്പിയുടെ പ്രകൃതമാണ്. എല്ലാവരുടെയും പേരുകള്‍ ഓര്‍ത്തുവയ്ക്കുകയും പേരുവിളിച്ചു വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്യും. 'സിീം ്യീൗൃ രൗേെീാലൃ ഗഥഇ' എന്നതാണല്ലോ കച്ചവടക്കാരന് അത്യാവശ്യം വേണ്ട ഗുണം! അതൊക്കെ ചിലരുടെ ജന്‍മസിദ്ധമായ കഴിവാണ്. എന്തായാലും സാധാരണദിവസങ്ങളില്‍പ്പോലും കടയില്‍ നല്ല തിരക്കനുഭവപ്പെടാറുണ്ട്.
പിന്നെയുള്ള ഒരേയൊരു ഹോട്ടല്‍, സിറ്റിയിലുള്ള മലബാര്‍ ഹോട്ടലാണ്. അതു നാട്ടുകാര്‍ കുടിയേറിയപ്പോള്‍ത്തന്നെയുള്ള സ്ഥാപനമാണ്. അതിന്റെ പിന്നാമ്പുറത്തു വാറ്റുചാരായവും വില്‍ക്കുന്നുണ്ടെന്നുള്ളത് എല്ലാവര്‍ക്കുമറിയാം. കുട്ടാപ്പി ആന്‍ഡ് സണ്‍സിന്റെ പിന്‍വശത്തെ ചാര്‍ത്തില്‍ കാശുവച്ചുള്ള ചീട്ടുകളിയും അത്യാവശ്യം മദ്യപാനവുമുണ്ടെങ്കിലും അനധിഃകൃതമായ കള്ളുകച്ചവടത്തിനു കുട്ടാപ്പിയെ കിട്ടില്ല. വേണ്ടവര്‍ വാങ്ങിക്കൊണ്ടുവന്നോണം, ഇരുചെവിയറിയാതെ വീശിക്കോണം! കുട്ടാപ്പി കണ്ണടയ്ക്കും, അത്രയേയുള്ളു!
അവധിദിവസമാണ്. പതിവുപോലെ എല്ലാവരും എന്തിനെക്കുറിച്ചോ കാര്യമായി സംസാരിക്കുകയാണ്. സസ്‌നേഹം സുശീല, നിയമസഭയിലേക്കു മത്സരിക്കാന്‍ വരുന്നതുതന്നെയാണ് എല്ലാവരുടെയും വിഷയം. നാട്ടുകാരുടെ സ്വന്തം നീലിമാ ഉണ്ണിത്താനെ തോല്‍പ്പിക്കാനാണു വരവെന്നും എല്ലാവര്‍ക്കുമറിയാം. സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനു വന്നപ്പോള്‍ കാര്‍ തല്ലിപ്പൊളിച്ചത്, കന്തസ്വാമിയുടെ ആള്‍ക്കാരാണെന്നും സഹതാപതരംഗമുണ്ടാക്കാന്‍ കളിച്ച നാടകമായിരുന്നു അതെന്നും കുട്ടാപ്പിക്കുപോലും മനസ്സിലായിരുന്നു.
കരണ്ടുരാജപ്പന്റെ ബൈക്കിന്റെ ശബ്ദം ദൂരെനിന്നുതന്നെ കേട്ടു. കടയുടെ മുമ്പില്‍ വന്നു നിര്‍ത്താറായപ്പോള്‍ വണ്ടിയൊന്നു പാളി. രാജപ്പന്‍ താഴെവീണെങ്കിലും ബൈക്കില്‍പ്പിടിച്ച് എഴുന്നേറ്റു. എവിടെനിന്നോ വാറ്റുചാരായമടിച്ചിട്ടുള്ള വരവാണ്. ഒരു വിധത്തില്‍ ബൈക്ക് ചാരിവച്ച്, ആടിയാടി അകത്തേക്കുവന്ന്, ചൂടുചായയ്ക്ക് ഓര്‍ഡര്‍ ചെയ്തു.
'എന്റെ രാജപ്പാ, ഇനിയെങ്കിലും ഈ ബൈക്കിലുള്ള കറക്കമങ്ങു നിര്‍ത്ത്. വയസ്സായി വരികയല്ലേ?'
'എടാ കുട്ടാപ്പീ, എന്നെ വയസ്സാ എന്നു വിളിക്കുന്നവരോടു ഞാന്‍ പറയും, എനിക്കു സിനിമാതാരം മമ്മൂട്ടിയുടെ പ്രായമേയുള്ളെന്ന്. അപ്പോള്‍ അവരെന്നെ കളിയാക്കിച്ചിരിച്ചിട്ടു പറയും, ഇങ്ങള് ചെറുപ്പമാ കേട്ടോ എന്ന്!'
അതുകേട്ടു കുഞ്ചാക്കോ പറഞ്ഞു:
'കര്‍ത്താവേ, ഈ മമ്മൂട്ടിയെ ഒന്നു വയസ്സനാക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ!'
കരണ്ടുരാജപ്പന്‍ ചൂടുചായ കുടിച്ചുകൊണ്ട് കുഞ്ചാക്കോയേയും കുട്ടാപ്പിയേയും മാറിമാറി നോക്കി. കുട്ടാപ്പി ചോദിച്ചു:
'അപ്പോള്‍ മോഹന്‍ലാലോ?'
'മമ്മൂട്ടിയേക്കാള്‍ ചെറുപ്പമാ.'
മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ കുഞ്ചാക്കോ ഒട്ടും വിട്ടുകൊടുത്തില്ല.
'അങ്ങനെ നോക്കുമ്പോള്‍ സസ്‌നേഹം സുശീലാമ്മയാ അവരേക്കാളൊക്കെ ചെറുപ്പം!'
കരണ്ടുരാജപ്പന്‍ പറഞ്ഞു. കുട്ടപ്പായി മറുപടി നല്‍കി:
'അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. അവസാനം അമ്മവേഷംവരെ ചെയ്തിട്ടല്ലേ ഫീല്‍ഡു വിട്ടത്?'
സുശീലാമ്മയെപ്പറ്റി അങ്ങനെയൊക്കെ പറയുന്നതു കുഞ്ചാക്കോയ്ക്കു സഹിക്കാന്‍ പറ്റില്ലെന്നു രാജപ്പനും കുട്ടാപ്പിക്കുമറിയാം.
'അതുപിന്നെ അങ്ങനെയല്ലേ? മലയാളസിനിമയില്‍ പെണ്‍താരങ്ങള്‍ വല്യമ്മയായാലും ആണ്‍താരങ്ങള്‍ക്കു നിത്യയൗവ്വനമായിരിക്കും. പ്രേംനസീര്‍ തൊട്ടുള്ള കീഴ്‌വഴക്കമാ.'
നാടകക്കാരനും പഴയ സംവിധായകനുമായ അപ്പാജി എന്ന നാരദനപ്പ ആധികാരികമായിപ്പറഞ്ഞു.
'നിങ്ങളു നോക്കിക്കോ. സുശീലാമ്മ ഈ മണ്ഡലത്തില്‍നിന്നു ജയിച്ചു മന്ത്രിയാകും. കന്തസ്വാമിയും തമിഴ്മക്കളും പിന്തുണയ്ക്കും, സിനിമാനടിയല്ലേ?'
'അതുനേരാ. മുഖ്യമന്ത്രിവരെയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ ആണും പെണ്ണുംകെട്ട പുരുഷന്‍മാര്‍ ഭരിച്ചുമുടിച്ച നമ്മുടെ നാടിന്റെ കാര്യത്തിലും ഒരു തീരുമാനമാകും. എതിര്‍സ്ഥാനാര്‍ത്ഥി നീലിമയുടെ കാര്യം കട്ടപ്പുക!'
അതുപറഞ്ഞ്, അപ്പാജി ഉച്ചത്തില്‍ ചിരിച്ചു. അപ്പാജി അങ്ങനെയാണ്, തമാശ പറഞ്ഞിട്ട് നല്ല ഉച്ചത്തില്‍ അട്ടഹസിക്കും.
അതുകേട്ട് മറ്റാരും ചിരിച്ചില്ല. കുഞ്ചാക്കോയ്ക്കു ദേഷ്യം വന്നു.
'തൊട്ടപ്പുറത്തു തമിഴ്‌നാട്ടിലെ കാര്യമറിയാമല്ലോ. ഏഴൈയ് തോഴി ജയലളിതാമ്മ കട്ടു മുടിച്ചില്ലേ? തിരഞ്ഞെടുപ്പടുക്കുമ്പോള്‍ പാവങ്ങളെ സുഖിപ്പിക്കാന്‍ കമ്പ്യൂട്ടറും ടീവീമൊക്കെക്കൊടുക്കും. എന്നിട്ടു കോടിക്കണക്കിനല്ലേ സമ്പാദിച്ചത്? പോകാന്‍നേരത്തു വല്ലോം കൊണ്ടുപോയോ? വെറും ആറടി മണ്ണ്! ഇതൊക്കെ എല്ലാവരുമോര്‍ത്താല്‍ കൊള്ളാം.'
എട്ടാംക്ലാസ്സുകാരന്‍ കുഞ്ചാക്കോ, ആരോ പറഞ്ഞതുകേട്ട് ഒരു തത്ത്വചിന്തകനെപ്പോലെ സംസാരിച്ചു. കുട്ടാപ്പി ആന്‍ഡ് സണ്‍സിലിരുന്നാല്‍ ആരും അങ്ങനെയായിപ്പോകും! കോളേജ് പ്രൊഫസര്‍ പീറ്റര്‍സാറിനെപ്പോലെ വിവരമുള്ള നാട്ടുകാര്‍ വന്ന് വലിയവലിയ ലോകകാര്യങ്ങളല്ലേ സംസാരിക്കുന്നത്!
'ഇവിടെയിപ്പം സസ്‌നേഹം സുശീല വന്നാലും അതൊക്കെയല്ലേ സംഭവിക്കാന്‍ പോകുന്നത്?'
അത്രയും പറഞ്ഞുതീര്‍ന്നപ്പോഴേക്കും ഒരു കാരണവരും രണ്ടു സ്ത്രീകളും കുട്ടികളുമായി കടയിലേക്കു വന്നു. കൂനമ്പാറ ബസ് സ്റ്റാന്‍ഡിലിറങ്ങി നടന്നുവന്നതാണ്. അതുകൊണ്ട്, തല്‍ക്കാലം രാഷ്ട്രീയചര്‍ച്ചയ്ക്കു വിരാമമിട്ടു. കുട്ടാപ്പി അവരുടെയടുത്തുപോയി പരിപ്പുവടയ്ക്കും ചായയ്ക്കുമുള്ള ഓര്‍ഡറെടുത്തു.
'പരിപ്പുവട ഇന്നത്തേതാണോ?'
കാരണവര്‍ ചോദിച്ചു.
'ഇന്നലെ രാത്രി ഉണ്ടാക്കിയതാ. അതാ ഇവിടുത്തെ പതിവ്.'
കാരണവര്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. 'വാടീ മക്കളേ, നമുക്കു പോകാം' എന്നുപറഞ്ഞ്, കൂടെ വന്നവരേയുംകൂട്ടി പടിയിറങ്ങി. ദേഷ്യംവന്ന കുട്ടാപ്പി അവരോടു പറഞ്ഞു:
'എടോ കാര്‍ന്നോരേ, ഇന്നത്തേതുതന്നെ വേണമെന്നു നിര്‍ബ്ബന്ധമാണെങ്കില്‍ നാളെ വാ.'
അയാള്‍ അതു കേള്‍ക്കാത്തമട്ടില്‍ സ്ഥലം വിട്ടു.
'ഓരോ മാരണങ്ങള് രാവിലെ കെട്ടിപ്പെറുക്കി ഇറങ്ങിക്കോളും.'
കുട്ടാപ്പി അതു പറഞ്ഞപ്പോഴേക്കും ദൂരെനിന്നു റോഷനച്ചന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടു. അപ്പാജി, സ്വയം പറയുന്നതുപോലെ ഉച്ചത്തില്‍ ഒരു കമന്റു പാസ്സാക്കി:
'അതാണു സൗണ്ട്. നല്ല പട പട പടാന്ന്... അല്ലാതെ രാജപ്പന്റെ ചടാക്കിന്റെ കരച്ചിലുപോലെയൊന്നുമല്ല.'
അതു കുഞ്ചാക്കോയ്ക്കിഷ്ടപ്പെട്ടു. അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു:
'അതു നേരാ. ഒന്നു നല്ല ക്ലിയര്‍ വോയിസുള്ള യേശുദാസാ. മറ്റേതു കറുമുറാന്നല്ലേ! കമുകറ പുരുഷോത്തമനാണോന്നാ എന്റെ സംശയം.'
'അതിന് അപ്പാജി പുരുഷോത്തമന്റെ പാട്ടു കേട്ടിട്ടുണ്ടോ?'
'ഒരു നാടകക്കാരനെ ഇങ്ങനെ പരിഹസിക്കരുത്. കമുകറയെ അറിയുമോന്ന്! അല്ലെങ്കില്‍ത്തന്നെ കറുമുറാന്നുള്ള ആ പേരുകേട്ടാലറിയത്തില്ലേ...'
കരണ്ടുരാജപ്പനു നീലിമയെയാണു താല്‍പ്പര്യം. പക്ഷേ സുശീലാമ്മയുടെ ആളാണെന്ന് ആരൊക്കെയോ അച്ചനോട് ഓതിക്കൊടുത്തിട്ടുണ്ട്. അതില്‍ അച്ചനു രാജപ്പനോടിത്തിരി അമര്‍ഷമുണ്ട്. മിക്കവാറും കുഞ്ചാക്കോയുടെ കുത്തിത്തിരുപ്പാകാനാണു സാധ്യത. ഇടയ്‌ക്കെപ്പോഴോ റോഷനച്ചന്‍ അതു സൂചിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണെന്നു തോന്നുന്നു, റോഷനച്ചന്‍ ബൈക്ക് ടീ ഷോപ്പിന്റെ മുമ്പില്‍ വച്ചിട്ട് അകത്തേക്കു കയറാന്‍ തുടങ്ങിയപ്പോഴേ, രാജപ്പന്‍ പിന്നിലെ വാതിലിലൂടെ മുങ്ങി. അച്ചന്റെ സന്തതസഹചാരിയായ പൊട്ടന്‍ ചെങ്ങാലി അത് ആംഗ്യഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തു. രാജപ്പന്റെ ബൈക്ക് ഇരിക്കുന്നതു കണ്ടപ്പോള്‍ത്തന്നെ അച്ചന്‍ കാര്യങ്ങള്‍ ഗ്രഹിച്ചിരുന്നു. പുറത്തേക്കു നോക്കി കുഞ്ചാക്കോയോടു പറഞ്ഞു:
'ഞായറാഴ്ച കുര്‍ബ്ബാനയ്ക്കുപോലും പള്ളീല്‍ വരാതെ ഷാപ്പില്‍ കയറിനടക്കുവാ. ഇന്നവനെ കണ്ടിട്ടേ ഞാന്‍ പോകുന്നുള്ളു.'
'ഇന്നിനി അവന്‍ ഈവഴിക്കു വരുമെന്നു തോന്നുന്നില്ല. അച്ചന്‍ വെറുതേ സമയം കളയണ്ട.'
കുഞ്ചാക്കോ പറഞ്ഞു.
കുറച്ചുനേരംകൂടി അവിടെയിരുന്നശേഷം, കുടയുമായി മുറ്റത്തേക്കിറങ്ങിയ അച്ചന്‍ തിരിഞ്ഞുനിന്നു കുട്ടപ്പായിയോടു പറഞ്ഞു:
'എടാ കുട്ടാപ്പീ, ഞാന്‍ അന്വേഷിച്ചെന്നൊന്നും രാജപ്പനോടു പറയണ്ട. അതു പറഞ്ഞാല്‍പ്പിന്നെ പള്ളിമുറ്റത്തുപോലും കയറില്ല. എന്റെ കൈയില്‍വന്നു വീഴും... അപ്പോള്‍ ഞാന്‍തന്നെ കൈകാര്യം ചെയ്‌തോളാം. അല്ലെങ്കിലും അവനെന്തിനാ ഈ സിനിമാനടിയുടെ പക്ഷം ചേര്‍ന്നത്? ഇടതുപക്ഷമാണെന്നൊക്കെപ്പറഞ്ഞാലും ഒറ്റ ഞായറാഴ്ചക്കുര്‍ബ്ബാനപോലും മുടക്കാത്ത നീലിമയല്ലേ നമ്മുടെ സ്ഥാനാര്‍ത്ഥി?'
'അവനങ്ങനെ ആരുടെയും പക്ഷമൊന്നുമില്ലച്ചോ. ഈ കുഞ്ചാക്കോ ഒരോന്നുപറഞ്ഞു ചൊറിഞ്ഞോണ്ടുചെല്ലുമ്പോള്‍ എന്തെങ്കിലുമൊക്കെപ്പറയും, അത്രേയുള്ളു.'
'എന്തായാലും ഞാന്‍തന്നെ രാജപ്പനോടു സംസാരിച്ചോളാം.'
അച്ചന്‍, പൊട്ടന്‍ചെങ്ങാലിയേയും കൂട്ടി, ബൈക്കെടുത്തു പള്ളിമേടയിലേക്കു പോയി.