അമേരിക്കയില്‍ നടന്ന ലോകകേരളസഭയുടെ സമ്മേളനത്തില്‍ എനിക്കു ക്ഷണം ലഭിക്കുകയും മലയാളികളായ പരശ്ശതം പ്രവാസികള്‍ക്കൊപ്പം ഞാനും ഭാര്യയും അഭിമാനപൂര്‍വം അതില്‍ പങ്കുകൊള്ളുകയും ചെയ്തു. സ്വാഭാവികമായും അവിടെക്കണ്ട അസുലഭമുഹൂര്‍ത്തങ്ങള്‍ പകര്‍ത്തുകയും കൈരളിയുള്പ്പെടെയുള്ള ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്റെ അഭിപ്രായങ്ങള്‍ പറയുകയുമുണ്ടായി. ഈ വലിയ സംരംഭത്തോടു വിയോജിപ്പുള്ളവരുണ്ടാകാം. എന്നാല്‍ ഞങ്ങള്‍ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചിടത്തോളം അതൊരുത്സവമായിരുന്നു.
വര്‍ഷങ്ങളായി കേരളംവിട്ടു താമസിക്കുന്ന ഞങ്ങള്‍ക്ക് നമ്മുടെ മുഖ്യമന്ത്രി മുഖ്യാതിഥിയായെത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് ആഹ്ലാദകരമാണ്. പ്രവാസികള്‍തന്നെ മുന്‍കൈയെടുത്തു സ്പോണ്‍സര്‍മാരെ കണ്ടെത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയോടൊപ്പമിരിക്കാന്‍ പണം നല്‍കണമെന്നും രജിസ്ട്രേഷന് കിട്ടാന്‍ വന്‍തുക നല്‍കണമെന്നും തുടങ്ങി, ന്യൂയോര്‍ക്കില്‍ പുക കാരണം മാസ്ക് വയ്ക്കാതെ പുറത്തിറങ്ങാനാവില്ലെന്നുംവരെ ചില മാധ്യമങ്ങളെഴുതി. അതു തെറ്റാണെന്നു തെളിവു സഹിതം പറയേണ്ടത് ഒരു കലാകാരന്‍കൂടിയായ എന്റെ ചുമതലയായിരുന്നു. അതു ചെയ്തു. അതിനെ വിമര്‍ശിച്ചുകൊണ്ട് ഇപ്പോള്‍ ചലര്‍ രംഗത്തു വന്നിരിക്കുന്നതിനാലാണ് ഈ വിശദീകരണക്കുറിപ്പ്.
ഒരു വിമര്ശകന് കൊട്ടാരക്കരക്കാരനായ ഒരു പഴയ ചലച്ചിത്രപ്രവര്‍ത്തകനാണ്. സമൂഹമാധ്യമത്തിലൂടെ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുക മാത്രമല്ല, പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയായിരുന്നെന്നും അമേരിക്കയിലെ പ്രവാസിമലയാളികള്ക്കു ഫ്രസ്ട്രേഷനാണെന്നും പറഞ്ഞ് ലോകകേരളസഭയില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അദ്ദേഹം തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഫ്രസ്ട്രേഷന്‍ എന്നാല്‍ ഇച്ഛാഭംഗമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കേവലം ഇരുപതും അന്‍പതും ഡോളറുകളുമായി ഉപജീവനാര്‍ത്ഥം അമേരിക്കയില്‍ കുടിയേറിയവരാണ് ഇവിടത്തെ പ്രവാസികള്‍. കഠിനാധ്വാനത്തിലൂടെ സമ്പന്നരാവുകയും അമേരിക്കന്‍ ഇലക്ഷന് ഫണ്ടിലേക്ക് ദശലക്ഷക്കണക്കിനു ഡോളര്‍ സംഭാവന നല്കാന് പ്രാപ്തരായിത്തീര്ന്നവരുമായ അവരെക്കണ്ടാല്‍, എന്തെങ്കിലുമാകാന്വേണ്ടി അമേരിക്കയില്‍വന്ന്, അധ്വാനിക്കാന്‍ മനസ്സില്ലാതെ ഓടിപ്പോകേണ്ടിവന്നവര്ക്കു തോന്നാവുന്ന വികാരമാണ് ഫ്രസ്ട്രേഷന്‍! അതുകൊണ്ട് കൊട്ടാരക്കരക്കാരന്‍ അതു പറയാം!
അമേരിക്കയിലെ പല പ്രമുഖകമ്പനികളുടെയും സി ഇ ഓമാര്‍ ഇന്ത്യക്കാരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി, പല തലങ്ങളിലും ഇന്ത്യക്കാരുടെ ബാഹുല്യമുള്ളതു കാണുമ്പോള്‍ നമുക്കഭിമാനമാണുണ്ടാവേണ്ടത്. കേരളത്തില്‍നിന്ന് അമേരിക്ക സന്ദര്‍ശിക്കാനെത്തുന്ന കലാകാരന്മാരെയും പ്രമുഖവ്യക്തികളെയും പരിചരിക്കുന്നതും അവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കുന്നതും വിമര്‍ശകര്‍ 'പ്രാഞ്ചിയേട്ടന്മാര്' എന്നുവിളിച്ച് അപമാനിക്കുന്ന ഈ പ്രവാസികളാണ്, അല്ലാതെ സായിപ്പന്മാരല്ല. വര്‍ഷങ്ങളോളം കടലുകള്‍ക്കിപ്പുറം കഴിഞ്ഞുകൂടുമ്പോഴും മലയാളത്തെയും കേരളത്തെയും മറക്കാത്ത ഞങ്ങള്‍ പുതിയ കേരളത്തെ സ്വപ്നം കാണുന്നതു ഭ്രാന്തന്മാരായതുകൊണ്ടല്ല, മറിച്ച് ഇന്നു കേരളത്തില്‍ താമസിക്കുന്ന ഈ നാലാംകിടവിമര്ശകരെക്കാള് പിറന്ന നാടിനോടു സ്നേഹമുള്ളവരായതുകൊണ്ടാണ്.
മുഖ്യമന്ത്രിയുടെ കസേര
കസേരവിവാദമുണ്ടാക്കിയവരറിയാന്. പോഡിയമല്ലാതെ ഇരിപ്പിടമില്ലാത്ത വേദിയായിരുന്നു അത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, മുഖ്യമന്ത്രിയെ അല്‍പ്പം നേരത്തേ വേദിയിലേക്കാനയിച്ചു. സംഘാടകരിലൊരാള്‍ അദ്ദേഹത്തിനൊരു കസേര നല്കി. ഇരുമ്പുകസേരയൊന്നുമല്ല! അദ്ദേഹം, ശാന്തനായി അക്ഷോഭ്യനായി അവിടെയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണു ചെയ്തത്.
മുഖ്യമന്ത്രിയുടെ ഭക്ഷണം
ടൈംസ്ക്വയര്‍ മാരിയറ്റില്‍ മുഖ്യമന്ത്രിക്കും പത്നിക്കും മുറിയിലേക്കു ഭക്ഷണമെത്തിക്കുകയാണു ചെയ്തത്. ഞാനുള്‍പ്പെടെയുള്ളവര്‍, ഡൈനിംഗ് ഹാളില്‍ ആവശ്യമായ ഭക്ഷണമെടുത്ത് ലഭ്യമായ ഇരിപ്പിടങ്ങളിലിരുന്നു കഴിച്ചു. അവിടെ ഏതെങ്കിലും തരത്തിലുള്ള വേര്‍തിരിവുണ്ടായിരുന്നില്ല.
ബിസിനസ് മീറ്റിംഗുകളിലെ രെജിസ്ട്രേഷന്
ആകെ ഇരുനൂറുപേര്‍ക്ക് ഇരിപ്പിടമുള്ള അവിടെ അത്രയുംപേര്ക്കേ പ്രവേശനമനുവദിക്കാന്‍ കഴിയുമായിരുന്നുള്ളു. രെജിസ്ട്രേഷന് ഫീസുണ്ടായിരുന്നില്ല എന്നതാണു പരമാര്‍ത്ഥം!
ഞങ്ങളെല്ലാംതന്നെ മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സൗകര്യങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണു കൊടുത്തിരുന്നത്. അതുകൊണ്ടാണ് തൊട്ടടുത്ത മുറിയില്‍ താമസിച്ചിട്ടും എലിവേറ്ററില്‍ തൊട്ടടുത്തുനിന്നു യാത്ര ചെയ്തിട്ടും മുഖ്യമന്ത്രിയ്ക്കൊപ്പം ഒരു ഫോട്ടോപോലുമെടുക്കാന് ഞാന്‍ തയ്യാറാകാതിരുന്നത്; എടുത്തിരുന്നെങ്കില്‍ അതൊരു സ്വകാര്യമുതല്ക്കൂട്ടാകുമായിരുന്നിട്ടും!
സാര്‍ത്ഥകമായൊരു പരിപാടിയായിരുന്നു ലോകകേരളസഭ. അതുകൊണ്ടു കേരളത്തിനെന്താണു കാര്യമെന്നു ചോദിക്കുന്നവര്‍ ഒന്നുകില്‍ ഒന്നിനെക്കുറിച്ചും ഒരു ബോധ്യവുമില്ലാത്തവരായിരിക്കണം; അല്ലെങ്കില്‍ എന്തിനെയും കുറ്റം പറയുന്നവരായിരിക്കണം- ആപ്പിള്‍ മുറിച്ചുകൊടുക്കാനാവശ്യപ്പെട്ടു കരഞ്ഞ്, അതു സാധിച്ചുകിട്ടിയപ്പോള്‍ പഴയതുപോലെ മതിയെന്നാവശ്യപ്പെട്ട, പഴങ്കഥയിലെ കുട്ടിയെപ്പോലെ!
ഞാനുള്‍പ്പെടെയുള്ള പ്രവാസികളെ പ്രാഞ്ചിയേട്ടന്മാരെന്നു വിളിച്ചാക്ഷേപിക്കുന്ന, അന്യനാട്ടില്‍ മലയാളികളുടെ മാനംകളയാന്‍ മടിയില്ലാത്ത 'വിമര്‍ശ'കരേ, ഞങ്ങള്‍ നിങ്ങളേക്കാള്‍ കൂടുതല്‍ മലയാളികളാണ്.
Chief Minister in America.