നാടിനെ അന്വേഷിച്ചു കൊണ്ടൊരു, ‘നാടൻ’ പാട്ടു കേൾക്കാനിടയായി. പലർക്കും സുപരിചിതമായിരിക്കും, ആ പഴയ "നാടൻ പാട്ട് "."പണ്ടൊരു നാടുണ്ടാർന്നേ.., ആ നാട്ടിൽ പുഴയുണ്ടാർന്നേ....; .........അന്നും പല മതമുണ്ടാർന്നേ..., അതിനപ്പുറം അൻപുണ്ടാർന്നേ.....,
എന്റെ പടച്ചോൻ നിന്റെ പടച്ചോൻ എന്നുള്ളൊരു തല്ലില്ലാർന്നേ..., ആ നാട് മരിച്ചേ പോയോ..., അത് വെറുമൊരു കനവാർന്നോ ?...."
എന്ന് ആശങ്കയും സങ്കടവും നഷ്ടബോധവും പ്രകടമാക്കിയ ഏതാനം വരികൾ, എന്റെ പൂർവ കാല ജീവിത സാഹചര്യങ്ങളിലേക്കും എന്നെ
തള്ളിവിട്ടു. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തിൽ, ജില്ലാ ആശുപത്രിക്കും മത്സ്യ ചന്തയ്ക്കും ജെറുസലേം പള്ളിക്കും മനോരമയ്ക്കും സമീപസ്ഥമായി, കുറെ കച്ചവട സ്ഥാപനങ്ങളും കൊച്ചുകൊച്ചു വീടുകളും അവക്കിടയിൽ ചില വലിയ വീടുകളും ഒക്കെ ആയി, വ്യത്യസ്ഥതയുടെ പര്യായമായി നിലനിന്ന കോട്ടയം പട്ടണത്തിലെ എന്റെ ജീവിതം... . സൗകര്യങ്ങളും ജീവിത രീതികളും പല നിലവാരങ്ങൾ പുലർത്തിയിരുന്നു എങ്കിലും, എല്ലാവരും എല്ലാവരെയും മനുക്ഷ്യരായി കണ്ടിരുന്നു. സ്നേഹവും ബഹുമാനവും കരുതലും കൂടെപ്പിറപ്പായിരുന്നു. തദ്ദേശീയരുടെ വാസസ്ഥലങ്ങൾ ആ സമൂഹത്തെ സുരക്ഷിതമായും സാന്മാർഗീകതയോടെയും കാത്തു സൂക്ഷിക്കുന്ന 'കോട്ട കൊത്തളങ്ങൾ' ആയിരുന്നു. സമ്പത്തിനും ജാതി വിഭാഗീയതക്കും ഉപരിയായി പ്രായത്തെ ബഹുമാനിച്ചിരുന്നു, അയൽ ബന്ധങ്ങളെ പവിത്രമായി സൂക്ഷിച്ചു.
"വാസു മൂപ്പനും വലിയഉമ്മായും പറഞ്ഞത് നീയെന്താ അനുസരിക്കാഞ്ഞത്?....... ചാക്കോച്ചേട്ടനും ഉമ്മർ മാമായും പറഞ്ഞില്ലേ , 'ആ വഴിയേ ഇപ്പോൾ പോകേണ്ടാ' എന്ന്. പ്രായത്തെ ബഹുമാനിക്കാൻ നിനക്ക് എന്താ ഇത്ര മടി?". ശിക്ഷ പ്രതീക്ഷിക്കാവുന്ന ഒരു തെറ്റ് ആയിരു ന്നു അതു. ചിലപ്പോൾ, അവരോടുള്ള ക്ഷമാ യാചനത്തിൽ അവസാ നിച്ചേക്കാം. അന്ന് അയൽക്കാർ തമ്മിൽ രക്തബന്ധത്തേക്കാൾ വലിയൊരു ബന്ധം സ്ഥാപിച്ചിരുന്നു. അയൽ വീട്ടിലെ സാമ്പത്തീക പ്രതിസന്ധി മനസ്സിലാക്കിയാൽ, അടുത്ത വീടുകളിലെല്ലാം ആ വേദനയുടെ അടക്കി പ്പിടിച്ച രോദനം 'അലതല്ലു'ന്നുണ്ടാവും. ഭക്ഷണവും ആകാവുന്ന ത്ര സഹായങ്ങളും അവിടെ എത്തിക്കുന്നതിൽ അഹമഹമിഹാദിയ ശ്രെമിക്കുന്നും ഉണ്ടാകും.
ഒരു ചെറിയ കുട്ടി ആയിരുന്നപ്പോൾ, ഞാൻ പനി പിടിച്ചു കിടപ്പിലായതു, ഇന്ന് ഓർക്കുന്നു. അടുത്ത വീട്ടിലെ വൃദ്ധ മാതാവ്, രോഗാന്വേഷണത്തിനും ശുശ്രൂഷയ്ക്കുമായി അനേക പ്രാവശ്യം കടന്നു വരുമായിരുന്നു. മാത്രമല്ല, എന്റെ 'അമ്മ എന്നെ ശുശ്രൂഷിച്ചു,
ക്ഷീണിച്ചു രാത്രിയിൽ ഉറങ്ങി പോയെങ്കിൽ, എന്റെ പനി മൂർച്ഛിച്ചാൽ അറിയില്ലല്ലോ എന്ന് ഭയപ്പെട്ട്, പാതിരാത്രി കഴിഞ്ഞു റാന്തൽ വിളക്കുമായി എന്റെ കട്ടിലിനരികിലെ ജനാലയ്ക്കൽ എത്തുമായിരുന്നു. എന്റെ 'അമ്മ ആ സമയത്തു ഉറങ്ങുന്നത് കണ്ടാൽ, "പനിയായി കിടക്കുന്ന
കൊച്ചിനെ നോക്കാതെ നീ ഉറങ്ങുന്നോ....?..." എന്ന ശകാരവർഷം ആരംഭിക്കുകയായി. അവരൊക്കെ പല പതിറ്റാണ്ടു കൾക്കു മുൻപേ ഇഹലോകവാസം വെടിഞ്ഞു എങ്കിലും, ഇന്നും ഓർമ്മയിൽ നിന്ന് മായാതെ ആ സ്നേഹവും കരുതലും എന്നോടൊപ്പം ജീവിക്കുന്നു.
വീട് കയറി മോഷണവും അതിക്രെമങ്ങളും, പഴയ കാലത്തു തുലോം കുറവായിരുന്നു, കാരണം അയൽക്കാർ സുരക്ഷയുടെ ഒരു കോട്ടയായി, എന്റേത് നിന്റേതു എന്ന വേർതിരിവ് ചിന്തിക്കാതെ ജീവിച്ചു എന്നുള്ളതാണ്. ധാർമ്മീകതയോടും നീതിന്യായങ്ങളോടും ഇന്ന്ഉള്ള തിലും കൂടുതലായ ഒരു ആത്മാർത്ഥത പുലർത്തിയിരുന്നു. ഇന്നത്തെ ചിന്താധാരയിൽ, "വ്യക്തിപരമായി എന്നെ ബാധിക്കുന്നില്ലെങ്കിൽ പിന്നെ എനിക്കെന്തു കാര്യം" എന്ന സ്വാര്ഥതയിൽ മുങ്ങിയ അലസ മനോഭാവം കൂടിയേറി കിടക്കുന്നു. ബന്ധങ്ങൾ എന്ന വാക്കു അപരിചിതമായി മാറി കൊണ്ടിരിക്കുന്നു. പുതിയ തലമുറയുടെ ആദ്യന്വേഷണം, "നാം എന്തിനാണ് മറ്റുള്ളവരെ ഒക്കെ അനുസരിക്കുന്നത്?"
അവർ വളർച്ചക്ക് ഒപ്പം പറയാൻ തുടങ്ങി, "എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ തീരുമാനിക്കും, നിങ്ങൾക്കാണ് കടപ്പാടും കർത്തവ്യങ്ങളും", എന്ന്. ബന്ധങ്ങൾ അടർന്നു പോകുന്നതിന്റെ സങ്കടകരമായ കാഴ്ചയാണിത്. ഇതിനെ പുനരുദ്ധരിക്കാൻ വിദ്യാഭ്യാസ മേഖലക്കൊ,മതങ്ങൾക്കോ കഴിയാതെ പോകുന്നു. മനുക്ഷ്യത്വത്തിനോ, ആത്മീകതയ്‌ക്കോ പ്രാധാന്യം കൊടുക്കേണ്ട മതങ്ങൾ, സ്ഥാപനവത്കരിച്ചു,
അതിനെ താങ്ങി നിർത്താനും വളർത്താനും ഉള്ള പങ്കപ്പാടിലാണ്.
പഴയ കാലത്തു സാമ്പത്തീകമായും ജാതിപരവുമായ വേർതിരിവുകൾ നാടമാടിയിരുന്നു എങ്കിലും അന്യോന്യബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തി എന്ന് വേണം കരുതാൻ. മനുക്ഷ്യത്വം നഷ്ടപ്പെടാത്ത അന്യോന്യം കരുതലുള്ള ഒരു സമൂഹമായി നിലകൊണ്ടു. മനുക്ഷ്യനെ വിഘടിപ്പിക്കാനായിരുന്നില്ല 'മതം' അന്ന്. ജീവിതത്തിലെ ഭയാശങ്കകളും ഇല്ലായ്മകൾ സൃഷ്ടിക്കുന്ന ചില ആഗ്രഹങ്ങളും, മരണ ശേഷമെങ്കിലും ലഭിക്കാവുന്ന സൗഭാഗ്യത്തെകുറിച്ചുള്ള പ്രതീക്ഷകളും ഉൾകൊള്ളിച്ചു, ജീവിതത്തിന്റെ ഒരു കോണിൽ സുരക്ഷിതമായി ബഹുമാന പുരസ്സരം സൂക്ഷിച്ചു വെച്ചിരുന്ന ഒരു 'ഭാണ്ഡം' മാത്രമായിരുന്നു, മതം. അതിനെ, മനുക്ഷ്യത്വത്തിനു നിരക്കാത്ത പാർശ്വവത്ക രണത്തിനും ക്രൂരതയ്ക്കും ധനാർജ്ജനത്തിനും സഹായക മാക്കി മാറ്റിയപ്പോൾ, ശ്രീ.നാരായണ ഗുരുസ്വാമികൾ മതത്തെ ദൈവത്തിൽ നിന്ന് മാറ്റി നിർത്തി. മഹാത്മ ഗാന്ധിജി, മതത്തെ രാക്ഷ്ട്രീയത്തിൽ നിന്ന് വിടർത്തി മാറ്റി. യേശു ക്രിസ്തു, മതമൊന്നും സ്ഥാപിക്കാതെ 'സുവിശേഷം' അറിയിച്ചു, പ്രബോധോദയം നൽകി. ആചാരങ്ങളിലും അനുഷ്ഠനങ്ങളിലും മനുക്ഷ്യനെ തളച്ചിടുന്ന മതത്തിൽ നിന്നും, സ്നേഹത്തിലും നീതിയിലും സത്യത്തിലും അധിഷ്ഠിതമായ, ശാന്ത സുന്ദരമായ ഒരു ദൈവ സാന്നിദ്ധ്യത്തെ ഉൾക്കൊള്ളാനുള്ളതായിരുന്നു "ആ സുവിശേഷം". ആത്മീകതയും ധാര്മീകതയും നിലനിർത്തി, സ്നേഹ സൗഹൃദങ്ങളുടെ ബന്ധം സൃഷ്ടിക്കുന്ന 'മതങ്ങൾ' നില നിൽക്കുന്നതിൽ പ്രസക്തിയുണ്ട്. അന്യോന്യം സ്നേഹബന്ധങ്ങൾ സ്ഥാപിക്കാനും സഹായിക്കാനും കഴിയില്ലെങ്കിൽ, ആ 'ഭാണ്ഡം' വെറുമൊരു "ഭാരം എന്ന അസൗകര്യമായി" രൂപാന്തരപ്പെടും.
......അങ്ങനെയൊരു ലോകത്തു ജീവിച്ചവരും കണ്ടറിഞ്ഞ വരും, കേട്ടറിഞ്ഞവരും ബന്ധങ്ങളില്ലാതെ ഒറ്റപെട്ടവരും സ്വപ്നത്തിൽ
എന്നവണ്ണം പാടിപോവുകയാണ്, "........പണ്ടെങ്ങാണ്ടോരു നാടുണ്ടാർന്നേ....., എങ്ങോട്ടതു പോയറിവുണ്ടോ?....., അത് വെറുമൊരു
കനവാര്ന്നൊ ...?........?.........?....”