Image

മൾട്ടി സ്പെഷ്യാലിറ്റികൾ മനുഷ്യനെക്കൊന്ന് മാംസം വിൽക്കുന്നുവോ ?, അവിടുത്തെ കശാപ്പുകാർ കാവൽ ദൈവങ്ങളോ ?  (ലേഖനം: ജയൻ വർഗീസ്)

Published on 09 July, 2023
മൾട്ടി സ്പെഷ്യാലിറ്റികൾ മനുഷ്യനെക്കൊന്ന് മാംസം വിൽക്കുന്നുവോ ?, അവിടുത്തെ കശാപ്പുകാർ കാവൽ ദൈവങ്ങളോ ?  (ലേഖനം: ജയൻ വർഗീസ്)

( ഇത് എല്ലാവരെയും കുറിച്ചുള്ള പരാമർശനമല്ല )


“ എവനെ ഞാൻ പഠിപ്പിച്ചൊരു ഡോക്ടറാക്കുമെടീ “ അമ്മയുടെ മടിയിൽ അമ്മിഞ്ഞപ്പാലുണ്ണുന്നപിഞ്ചുകുഞ്ഞിനെ നോക്കി അച്ഛന്റെ വീരവാദം. 

“:എൻജിനീയറാക്കുവെടീ ” എന്ന് വീമ്പിളക്കുന്നവരും പണ്ട് കുറവായിരുന്നില്ല. കേരളത്തിൽ പിറക്കുന്ന മിക്കകുഞ്ഞുങ്ങളും അവരുടെ അമ്മയപ്പന്മാരുടെ  മനസ്സിൽ ഇങ്ങനെ ഡോക്ടറോ എൻജിനീയറോ ആകുന്നു. 

കാലാന്തരത്തിൽ കാശെറിഞ്ഞും കാക്കപിടിച്ചും കുതികാൽ വെട്ടിയും അവരിൽ ചിലരുടെയെങ്കിലും സ്വപ്നംസാക്ഷാൽക്കരിക്കുമ്പോൾ, ബഹു ഭൂരിപക്ഷത്തിന്റെയും ഒരു വലിയ നിര തെങ്ങുകയറ്റ തൊഴിലാളികളും, വള്ളമൂന്നുകാരും ഒക്കെയായിത്തീർന്നു കൊണ്ട് ഉപജീവന മാർഗ്ഗം തേടുന്നു! 

അടിസ്ഥാനപരമായി ചിന്തിക്കുകയാണെങ്കിൽ തെങ്ങു കയറ്റക്കാരനും വള്ളമൂന്നുകാരനും ഡോക്ടറുംഎൻജിനീയറും സൃഷ്ടിക്കപ്പെട്ടത് സാമൂഹ്യ സാഹചര്യങ്ങളുടെ സമ്മർദ്ദ തന്ത്രങ്ങളുടെ പരിണാമസൂത്രമായിട്ടായിരുന്നു എന്ന് കണ്ടെത്താമെങ്കിലും, സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇതംഗീകരിക്കുന്നില്ല. 

എന്റെ കഴിവും സാമർഥ്യവും പാരമ്പര്യവുമൊക്കെയാണ് എന്റെ മകനെ ഡോക്ടറാക്കിയതെന്ന് അഭിമാനിക്കുന്നതന്തപ്പടി തനിക്കുണ്ടെന്ന് പറയുന്ന ഈ എക്സ്ട്രാ യോഗ്യതകളും സാഹചര്യങ്ങൾ സമ്മാനിച്ചഔദാര്യമായിരുന്നു എന്ന സത്യം സൗകര്യ പൂർവ്വം മറക്കുകയാണ് ചെയ്യുന്നത്. 

സാമൂഹ്യ സാഹചര്യങ്ങളുടെ ആഴങ്ങളിൽ വേരിറക്കി ഇന്ധനം സ്വീകരിച്ചു കൊണ്ടാണ് വ്യക്തി പരമായോ, സാമൂഹ്യമായിത്തന്നെയോ മനുഷ്യൻ വളർച്ച പ്രാപിക്കുന്നത് എന്നറിയുമ്പോൾ, തന്റെ ഇച്ഛകളേക്കാളധികംതന്നെ പൊതിഞ്ഞു നിന്ന സാമൂഹ്യാവസ്ഥയുടെ നൂൽപ്പൂപ്പായ്ക്കുള്ളിലാണ് തന്റെ വർണ്ണച്ചിറകുകളിലെ സ്വർണ്ണരേണുക്കൾ രൂപപ്പെട്ടത് എന്ന് ബോധ്യപ്പെടുന്നതായാൽ  അതാണറിവ്. ഒരുപക്ഷെ, അറിവിനേക്കാൾ ഒരു പടിമേലേ നിൽക്കുന്ന ജ്ഞാനം എന്നതിനെ വിളിക്കാം.. 

ഇങ്ങനെ ചിന്തിക്കുമ്പോൾ ഓരോ വർണ്ണത്തുമ്പിയും തനിക്കു പോലും അജ്ഞാതമായ ഏതോ നിയോഗത്തിന്റെവർത്തമാന വർണ്ണചിറകുകളിലാണ് പറക്കുന്നത് എന്ന് അനായാസം കണ്ടെത്താവുന്നതാണ്. നിയോഗം എന്നത്നിക്ഷിപ്തമായ കടമകളുടെയും കർത്തവ്യങ്ങളുടെയും ഒരു മാറ്റപ്പേരു മാത്രമാണ് എന്ന് കൂടി അറിഞ്ഞാൽജ്ഞാനം പൂർണ്ണമായി ! 

അതായത്, ഓരോ മനുഷ്യനും ഇവിടെ നിർവഹിക്കുന്നത് അവനിൽ നിക്ഷിപ്തമായ കർമ്മമാണെന്നും, ആയതിന്റെ ദാർശനിക മൂല്യം വിശാലമായ ഒരു അർത്ഥത്തിൽ ഏറ്റക്കുറച്ചിലുകളില്ലാത്ത തുല്യതയിലുള്ളതുമാണ്എന്ന് കാണാവുന്നതാണ്. 

എങ്കിൽപ്പിന്നെ എന്തിനാണ് ഈ ഡോക്ടർ എൻജിനീയർ സ്വപ്നം ?  ഏതൊരു തൊഴിൽ ചെയ്യുന്നവനും നിലനിൽക്കുന്നത് അവനറിയാത്ത ആയിരങ്ങൾ അവനറിയാത്ത ആയിരമായിരം മേഖലകളിൽ അവനു വേണ്ടിപ്രവർത്തിക്കുന്നത് കൊണ്ടാകുന്നു എന്ന സത്യം ഉൾക്കൊള്ളാനാവുമ്പോൾ എല്ലാ തൊഴിലുകളിലും തുല്യമായമാന്യത അംഗീകരിക്കേണ്ടി വരികയും എല്ലാ തൊഴിലുകൾക്കും തുല്യ വേതനം നൽകുന്നതിനുള്ള ധർമ്മികബാധ്യത സമൂഹത്തിൽ നടപ്പിലാവുന്നതുമാണ്. 

എന്റെ മകനെ ഞാനൊരു പട്ടക്കാരനാക്കിയെന്നോ എന്റെ മകളെ ഞാനൊരു ഡോക്ടറാക്കിയെന്നോ ഒക്കെനിർവൃതിക്കൊള്ളുന്ന മാതാപിതാക്കൾ സമൂഹത്തിനു വേണ്ടി തങ്ങളൊരു വലിയ കാര്യം ചെയ്തു എന്നനിലയിലാണ് ഊറ്റം കൊള്ളുന്നത്. 

ഇവിടെ ഒരു ചോദ്യം പ്രസക്തമാവുന്നുണ്ട്. ഇറച്ചി വെട്ടു കടയിൽ ഇറച്ചി നുറുക്കുന്നവനും കാട്ടിലെ ഈറ്റ കൊണ്ട്മുറം നെയ്യുന്ന കലാകാരിക്കും ഡോക്ടർക്കു കിട്ടുന്നതിനേക്കാൾ ഇരട്ടി വേതനവും അതിലൂടെ ലഭ്യമാവുന്നസാമൂഹ്യ മാന്യതയും ലഭ്യമാവുമായിരുന്നെങ്കിൽ നിങ്ങൾ നിങ്ങളുടെ മക്കളെ ഇതിൽ ഏതെങ്കിലും തൊഴിലിന്അയക്കുമായിരുന്നില്ലേ എന്നതാണ് ആ ചോദ്യം. 

ആതുര സേവന രംഗം ദൈവീക നിയോഗമായിക്കണ്ട മഹാരഥന്മാർക്ക്  അവർ അർഹിക്കുന്ന ആദരവുകൾഅർപ്പിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇന്നത്തെ ബഹുഭൂരിപക്ഷവും വരുന്ന ഭിഷഗ്വരന്മാർ ഇതുപോലെ കൊഴുത്തുതടിക്കുന്നത് കേവലന്മാരായ  തങ്ങളുടെ സഹജീവിയുടെ ഹൃദയ രക്തം ഊറ്റിക്കുടിച്ചു കൊണ്ട് മാത്രമാണ് എന്ന്തിരിച്ചറിയുന്നതിനുള്ള തെളിവുകളാണ് നമുക്ക് ചുറ്റും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 

സേവനം എന്ന മഹത്തായ വാക്കിന്റെ ഭൗതിക അർത്ഥം അകത്താക്കുക എന്ന് ലളിതവൽക്കരിച്ചു കഴിഞ്ഞനമ്മുടെ സമൂഹത്തിൽ ഉപഭോഗ സംസ്ക്കാരത്തിന്റെ കാവൽപ്പട്ടികളെ ‘ സാർ ‘ എന്നുതന്നെ വിളിച്ചു കൊണ്ട്മുട്ടടിച്ചു കൈകൂപ്പി നിൽക്കുന്ന നമ്മുടെ സാമൂഹ്യാവസ്ഥ, അടിപതറി വീണു കഴിഞ്ഞ ധാർമ്മികതയുടെ  നേർചിത്രങ്ങളാണ് ലജ്‌ജാകരമായി നമുക്ക് മുന്നിൽ തുറന്നിടുന്നത്. 

ഉപജീവനത്തിനും ധന സമ്പാദനത്തിനുമുള്ള കുറുക്കു വഴികൾ തേടുന്നതിനിടയിൽ ഏറ്റവും കുറച്ച്മേലനങ്ങാതെ ഏറ്റവും കൂടിയ ഭൗതിക സൗകര്യങ്ങൾ ആസ്വദിക്കാനുള്ള നെട്ടോട്ടത്തിൽ, സമൂഹ ഗാത്രത്തിലെകൊഴുത്ത ഇടങ്ങളിൽ പോത്തട്ടകളെപ്പോലെ കടിച്ചു തൂങ്ങി ചോരയൂറ്റിക്കുടിച്ച് കൊഴുത്തു തടിച്ച്‌ മിനുത്തുമിനുങ്ങി മാന്യതയുടെ പുറം കുപ്പായങ്ങൾക്കടിയിൽ വിലസുമ്പോൾ ” കഴുതകളേ ഞങ്ങളീ ചെയ്യുന്നത് ഞങ്ങൾക്ക്വേണ്ടിയല്ലാ, പിന്നയോ നിങ്ങൾക്ക് വേണ്ടിയാണ് “ എന്ന് പൊതു വേദികളിൽ വിളിച്ചു കൂവാതിരിക്കാനുള്ളമര്യാദയെങ്കിലും നിങ്ങൾക്കുണ്ടാകണമേ എന്നപേക്ഷിക്കുകയാണ്.

അറിഞ്ഞുകൊണ്ട് കഴുത്തറുക്കുന്ന ഈ കശ്‌മലന്മാരുടെ കള്ളക്കൂട്ടം പണ്ടം പണയത്തിന്മേൽ അന്യായ പലിശക്ക്പണം കൊടുത്ത് കൊഴുത്തു തടിച്ച കഴുത്തറുപ്പൻ ബ്ലേഡ് കമ്പനിക്കാരെ വരെ ലജ്ജിപ്പിച്ചു കൊണ്ടാണ് സമൂഹഗാത്രത്തിൽ അള്ളിപ്പിടിച്ചു വളർന്നു കൊണ്ടിരിക്കുന്നത്. 

കേവലമൊരു ജലദോഷത്തിന് ഡോക്ടർ ദൈവത്തിന്റെ കസ്റ്റഡിയിലാവുന്ന സാധാരണക്കാരൻ ഒരാഴ്ചത്തെവിദഗ്ധ ചികിത്സയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ തന്നിൽ നിന്ന് താനറിയാതെ ഡോക്ടർ മുറിച്ചെടുത്ത തന്റെകിഡ്നിയെക്കുറിച്ച് തികച്ചും ബോധവാനല്ല തന്നെ. . ബാക്കിയുള്ളത് മതിയല്ലോ ജീവിച്ചു പോകാൻ ? 

ശരീര ശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് തന്നെആരംഭിക്കുന്നു എന്നതാണ് സത്യം. “ 'അമ്മ എനിക്ക് കാച്ചിയ പാൽ തരും, അത് കുടിക്കാഞ്ഞാൽ 'അമ്മ കരയും “ എന്ന് തുടങ്ങുന്ന മസ്‌തിഷ്‌ക്ക പ്രക്ഷാളനത്തിന്റെ ബലിയാടുകളായിട്ടാണ് ‘ ചൊട്ട മുതൽ ചുടല വരെ ചുമടുംതാങ്ങി ‘ ഗുളികപ്പൊതികളുമായി അവൻ ശവക്കുഴിയിലേക്ക് വേഗം നടന്നടുക്കുന്നത്. 

ജന്തു ( മനുഷ്യ ) ശരീരമെന്നത് യാതൊരു വൈദ്യ ശാസ്ത്രത്തിന്റെയും സൃഷ്ടിയല്ലെന്നും, അനന്തവും, അജ്ഞാതവും, അഗമ്യവുമായ പ്രപഞ്ച ചേതനയുടെ സർഗ്ഗ ഭണ്ഡാകാരത്തിലെ അതുല്യവും, അപൂർവവുമായരചനാ വൈഭവത്തിന്റെ പ്രകട രൂപമാണെന്നും നാം മനസ്സിലാക്കണം. 

അമ്മയുടെ അതി സൂക്ഷ്മമായ ഭ്രൂണാവസ്ഥയുടെ സുഖ സുഷുപ്തിയിൽ നിന്ന് അജ്ഞാതമായ ഏതോവിളിച്ചുണർത്തലിന്റെ ചിലമ്പൊലി അറിഞ്ഞനുഭവിച്ച് അടുത്ത നൂറു വര്ഷങ്ങളിലേക്കുള്ള സജീവമായ ഒരുവളർച്ചാ പദ്ധതിയുടെ കരട് രൂപവുമായി ജീവിതം ആരംഭിക്കുകയായി. ആരും ഒന്നും ചെയ്യാതിരുന്നാൽ മതി, അനുസ്യൂതമായ ആ പ്രിക്രിയ ആരോഹണാവരോഹണങ്ങളിലൂടെ അനവരതം തുടർന്ന് അവസാനമൊരുശവക്കുഴിയിൽ അലിഞ്ഞു ചേരുമ്പോൾ ഘടിപ്പിക്കപ്പെട്ടതു വിഘടിപ്പിക്കപ്പെടുകയും, സ്വീകരിക്കപ്പെട്ടത്നിരാകരിക്കപ്പെടുകയും ചെയ്തുകൊണ്ട് ചക്രം പൂർത്തിയാവുന്നു ! 

കേവലമൊരു രാസമാറ്റം എന്ന് പറയാം. കാർബൺ ഡയോക്സൈഡും നീരാവിയുമായി വേർപിരിഞ്ഞ്അപ്രത്യക്ഷമായ മെഴുകുതിരി പോലെ മറ്റേതോ രൂപങ്ങളും ഭാവങ്ങളുമായി, വസ്തുക്കളും പദാർത്ഥങ്ങളുമായിപ്രപഞ്ച മഹാ സാഗരത്തിന്റെ തറവാട്ടു വീട്ടിലേക്ക് ജന്മത്താൽ വേർതിരിക്കപ്പെട്ട പ്രത്യേക തുള്ളിതിരിച്ചൊഴുകുന്നു. 

പുറത്തു നിന്നുള്ള യാതൊരു നിയന്ത്രണവും ഈ പ്രിക്രിയക്ക് ആവശ്യമേയില്ല. ഓരോ ശരീരത്തിലും അതിസൂക്ഷ്മമായി സ്ഥിതി ചെയ്യുന്ന പ്രപഞ്ചാത്മാവിന്റെ ചെറു മാത്രയായ പ്രാണൻ അഥവാ വൈറൽ പവ്വർ ( vital power ) സുഗമമായി ഈ കൃത്യം നിർവഹിച്ചു കൊള്ളുമായിരുന്നു- നാം സമ്മതിച്ചിരുന്നെങ്കിൽ ? 

സമ്മതിക്കില്ല നാം. അറിവെന്നു പേര് ചാർത്തപ്പെട്ട അജ്ഞത അതിനു അനുവദിക്കുന്നില്ല എന്നതാണ് സത്യം. ഗർഭ രക്ഷക്കായി 'അമ്മ ഏറ്റു വാങ്ങുന്ന രാസ വസ്തുക്കൾ മുതൽ ജലദോഷത്തിനും പനിക്കും  നാം വിഴുങ്ങുന്നആന്റിബയോട്ടിക്കുകൾ വരെ ഇഞ്ചിഞ്ചായി നമ്മെ കൊന്നു കൊണ്ടിരിക്കുകയാണ്. സാമൂഹ്യഎസ്റ്റാബ്ലീഷ്മെന്റിന്റെ  ഭാഗമായി നില നിൽക്കുന്ന മനുഷ്യന് ഒരു പരിധി വരെ ഇതിനെ ഒറ്റയ്ക്ക് എതിർത്ത്തോൽപ്പിക്കുവാൻ സാധിക്കുന്നുമില്ല. 

120 വയസ്സ് വരെ ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നതിനുള്ള ശാരീരിക യോഗ്യത ഉൾക്കൊളളുന്നവരാണ് ഓരോമനുഷ്യ ജീവിയും. മാതാ പിതാക്കളിൽ നിന്ന് പകർന്നു കിട്ടിയതും സ്വന്തമായി സ്വീകരിച്ചതുമായ തെറ്റായ ജീവിതരീതിയുടെ അനന്തര ഫലമായിട്ടാണ് അതിന്റെ പകുതി എത്തുന്നതിനു മുൻപ് തന്നെ അവനെ അവശനാക്കിരോഗങ്ങൾ സമ്മാനിച്ച് അവസാനം മരണത്തിന് വിട്ടു കൊടുക്കുന്നത് എന്ന രഹസ്യം ആരും പുറത്തു പറയുന്നില്ല. ‘  എല്ലാം വിധിയാണ് മക്കളെ ‘ എന്നൊരു കള്ള ന്യായീകരണം മതങ്ങളുടെ വകയായി പിറകേ എത്തിക്കൊള്ളുംഎന്നേയുള്ളു. 

പള്ളിപ്പത്രങ്ങൾ  പള്ളിപ്പത്രങ്ങളിൽ 

പ്രകൃതിയോടിണങ്ങി ലളിതമായ ഒരു ജീവിത രീതി സ്വീകരിക്കുന്ന ഒരാൾക്ക് സാധാരണയായി രോഗബാധഉണ്ടാവുന്നില്ല. ആധുനിക സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്നു എന്നത് കൊണ്ട് തന്നെ നമ്മളറിയാതെകുറച്ചൊക്കെ വിഷങ്ങൾ നമ്മുടെ ശരീരവും ഏറ്റു വാങ്ങുന്നുണ്ട് എന്ന് സമ്മതിക്കാം. ഈ വിഷങ്ങളെനിർവീര്യമാക്കുന്നതിനുള്ള ശാരീരിക സംവിധാനങ്ങളുടെ ഭാഗമായി ചെറിയ തരം പ്രകട രോഗങ്ങൾ ആർക്കുംസംഭവിക്കാമെങ്കിലും ഭക്ഷണ ക്രമീകരണവും ശാരീരിക വിശ്രമവും കൊണ്ട് ഇത്തരം രോഗങ്ങളെമാറ്റിയെടുക്കാവുന്നതേയുള്ളു.

എങ്കിലും ഇത്തരം രീതികളെ അറു പഴഞ്ചൻ എന്ന് പരിഹസിച്ചു കൊണ്ട് ആധുനിക ചികിത്സാ സമ്പ്രദായങ്ങൾചെറു പട്ടണങ്ങളിൽപ്പോലും കടന്നു കയറി നിലയുറപ്പിച്ചു കഴിഞ്ഞു. ഏതൊരു ചെറിയ രോഗവും മരണത്തിനുകാരണമാവാം എന്ന ഭീതിയുടെ ഒരു പുകമറ സൃഷ്ടിച്ചു കൊണ്ടാണ് കച്ചവട ചികിത്സാ മാഫിയകൾ പൊതുജനത്തെ വീഴ്ത്തുന്നത് എന്നതിനാൽ നിസ്സാരമായ ഒരു ജലദോഷം പിടിപെട്ടയാൾ പോലും സ്വാഭാവികമായുംഇക്കൂട്ടരുടെ കൈകളിൽ തന്നെ എത്തിപ്പെടുന്നു. 

പാതി ചത്ത ഇരകളെ ക്രൂരമായി തട്ടിക്കളിക്കുന്ന ശാർദ്ദൂല വിക്രീഡിതത്തിന്റെ മനുഷ്യപ്പതിപ്പുകളായിമാറിക്കൊണ്ട് മഹാ മാന്യന്മാരായ നമ്മുടെ വൈദ്യശാസ്ത്ര വിശാരദന്മാർ ഇവിടെ തങ്ങളുടെ കച്ചവടം പൊടിപൊടിക്കുന്നു. രോഗികളുടെ പോക്കറ്റിനെ വിലയിരുത്തിക്കൊണ്ട് നടപ്പിലാക്കുന്ന ചികിത്സാ രീതികളിലൂടെ പരമപരിശുദ്ധമായ മനുഷ്യ ശരീരത്തിൽ അനാവശ്യമായ വിഷവസ്തുക്കൾ കടത്തി വിട്ട് കാലാന്തരത്തിൽ അവനെനിത്യ രോഗിയും ആശുപത്രി മാഫിയകളുടെ സ്ഥിരം ഇരകളും ആഗോള ഫർമസ്യൂട്ടികൾ ഭീമന്മാരുടെ ( കമ്മീഷൻകൈപ്പറ്റിക്കൊണ്ടുള്ള )  കസ്റ്റമറും ആക്കിത്തീർത്ത് ആ ഒറ്റുകാശു കൊണ്ട് കെട്ടിപ്പൊക്കിയ സാമൂഹ്യ മാന്യതയുടെരമ്യ ഹർമ്യങ്ങളിൽ സുഖിച്ചു വാഴുകയാണ് നമ്മുടെ കാണപ്പെട്ട ദൈവങ്ങൾ !

ആഗോള മനുഷ്യ രാശിയുടെ രക്ഷയുടെ കിളിവാതിലായി പ്രവർത്തിക്കാൻ കഴിയുന്ന ആരോഗ്യ രക്ഷാസംവിധാനങ്ങൾ അവസാനിപ്പിക്കണം എന്നല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. സാമൂഹ്യ സേവനത്തിന്റെമേലെഴുത്തുമായി തലയുയർത്തി നിൽക്കുന്ന ഈ പ്രസ്ഥാനങ്ങൾ സത്യസന്ധമായി പ്രവർത്തിക്കണം എന്നഅഭ്യർത്ഥനയാണ് ഈ ലേഖനം മുന്നോട്ടു വയ്ക്കുന്നത്. 

ആദ്യമായി നിങ്ങൾ സത്യം തുറന്നു പറയാൻ തയ്യാറാവണം. ദൈവത്തിന്റെ പ്രതിപുരുഷനായിക്കണ്ട് നിങ്ങളിൽവിശ്വാസമർപ്പിച്ച് നിങ്ങളെ സമീപിക്കുന്ന സാധു രോഗിയെ നിങ്ങൾ വഞ്ചിക്കരുത്. അയാളുടെ ചെറിയ ശാരീരികപ്രശ്നത്തെ പർവതീകരിച്ച് അയാളെ നിങ്ങളുടെ യജമാനന്മാർക്ക് കൂട്ടിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റരുത്‌. ആയജമാനന്മാരുടെ  നിരയിൽ നിങ്ങളുടെ ആശുപത്രി മുതലാളിയുണ്ടാവാം, നിങ്ങൾക്ക് കമ്മീഷൻ തരുന്നലാബറട്ടറികൾ ഉണ്ടാവാം, മെഡിക്കൽ റെപ്പുകളിലൂടെ നിങ്ങളെ വീഴ്‌ത്തുന്ന അന്താരാഷ്ട്ര ഫർമസ്യൂട്ടിക്കൽപ്രാപ്പിടിയന്മാരുണ്ടാവാം.  

പണ സമ്പാദനത്തിനുള്ള അടങ്ങാത്ത ആർത്തിയിൽ ജീവനുള്ള മനുഷ്യന്റെ ആന്തരികാവയവങ്ങൾ മുറിച്ചു വിറ്റ്കോടികൾ കൊയ്യുന്ന അത്യന്താധുനിക ആശുപത്രികളെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. നമ്മുടെമഞ്ഞപ്പത്രങ്ങളും പള്ളിപ്പത്രങ്ങളും അരിച്ചു പെറുക്കിയാലും ആ വാർത്തകൾ ഇന്ന് കാണാനേയില്ല. ആപത്രങ്ങളുടെയും ആ ആശുപത്രികളുടെയും പിന്നിൽ നിന്ന് പ്രവർത്തിക്കുന്നത് കടല് കടന്നു പോയികാശുണ്ടാക്കിയ ഒരു ദാനശീലനാണ് എന്നതാവാം ഒരു കാരണം. 

ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ അകത്തളങ്ങളിൽഅകപ്പെടുന്നവനെ ചികിൽസിച്ചു പുറത്തു വിട്ടാൽ കിട്ടുന്നത് ഏതാനും ആയിരങ്ങൾ. അവൻ ചത്തു എന്ന്വരുത്തി ചങ്കും കരളും മുറിച്ചു വിറ്റാൽ കിട്ടുന്നത് കോടാനു കോടികൾ. ലിംഗം വരെ വാങ്ങാനുള്ള വൻഓഫറുകളുമായി കടല് കടന്നു പോയി കാശുണ്ടാക്കിയ പുതുപ്പണ മുതലാളിമാർ കാത്തു നിൽക്കുന്നുമുണ്ട്. 

പക്ഷേ ഡോക്ടർമാർ. എല്ലാം സംഭവിക്കുന്നത് യാദൃശ്ചികമായാണ് എന്ന് പുലമ്പുന്ന ഭൗതിക വാദ  നിരീശ്വരബുദ്ധിജീവികളുടെ ഈ ലോകത്തും എങ്ങോ എവിടെയോ രൂപപ്പെടുന്ന ഒരു നിയാമക നിയോഗത്തിന്റെ ബാക്കിപത്രങ്ങളായിട്ടാണ് ഓരോ മനുഷ്യനും അവനായുള്ള ഇടങ്ങളിൽ എത്തിപ്പെടുന്നത് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടു തന്നെ വേദനിക്കുന്നവന്റെ മുറിപ്പാടുകളിൽ സാന്ത്വനമാവാനും കരയുന്നവന്റെ കൺതടങ്ങളിൽനിന്ന് കണ്ണീരൊപ്പുവാനുമുള്ള നിയോഗം ഏറ്റു വാങ്ങിയ ഭിഷഗ്വരന്മാർ തങ്ങളുടെ മന സാക്ഷിയോട് നീതിപുലർത്തുന്നവരാകണം എന്ന അപേക്ഷയാണ് ഈ കാലഘട്ടം അവരുടെ മുന്നിൽ സമർപ്പിക്കുന്നത്. 

പണം പ്രാണവായു പോലെ അത്യാവശ്യമാണ് എന്ന് സമ്മതിക്കുന്നു. ഒരു പരിധി കഴിഞ്ഞാൽ അത് വെറുംകടലാസ് മാത്രമാണ്‌ എന്ന് എല്ലാവരും മനസ്സിലാക്കണം. അത് വാരിയെറിഞ്ഞ് ആരെയും വീഴ്ത്താം എന്നത്വിഡ്ഢികളുടെ വ്യർത്ഥ സ്വപ്നം മാത്രമാകയാൽ അത് നടപ്പിലാക്കാൻ പോകുന്നേയില്ല. പണത്തിനു വേണ്ടിസഹജീവിയെ കൊന്ന് അവന്റെ മാംസം തൂക്കി വിൽക്കുമ്പോൾ കാലത്തിന്റെ കാണാക്കണ്ണുകൾ അത്കാണുന്നുണ്ട് എന്നറിയുക. ഒരു ജീവന്റെ വില ഒരു പ്രപഞ്ചത്തെക്കാൾ കൂടുതലാണ് എന്ന ദാർശനിക സത്യംസജീവമായിരിക്കെ അത് കവർന്നെടുക്കുന്നവൻ കാലത്തോട് കണക്കു പറയേണ്ടി വരും. നിങ്ങൾ കെട്ടിപ്പൊക്കിയസ്റ്റാറ്റസ് സൗധങ്ങളുടെ മൂലക്കല്ലുകൾ ഇളകി വന്ന് നിങ്ങളെത്തന്നെ എറിഞ്ഞു വീഴ്‌ത്തുന്ന ദുരന്തങ്ങൾസംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ! 

 

Join WhatsApp News
P T Paulose 2023-07-09 23:49:59
സത്യത്തിന് മുൻപിൽ സൗകര്യപൂർവ്വം കണ്ണടക്കുന്ന ഈ വർത്തമാന സാമൂഹ്യസാഹചര്യത്തിൽ ഈ ലേഖനവും ഞാൻ മുഴുവനായി വായിച്ചു തള്ളുന്നു. വസ്തുതകൾക്ക് മുഖപടലമിടാതെയുള്ള ലേഖകൻ്റെ തുറന്നെഴുത്തിന് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ
നിരീശ്വരൻ 2023-07-10 03:33:38
നിങ്ങൾ എഴുതിയിരിക്കുന്ന പല കാര്യങ്ങളോടും ഞാൻ യോചിക്കുന്നു. മലയാളികൾ മക്കളെ പഠിപ്പിക്കുന്നത് അവരുടെ മാന്യത നിലനിര്ത്താനും പൊങ്ങച്ചം കാണിക്കാനുമാണെന്ന് എനിക്ക് തോന്നാറുണ്ട് അവരോട് വർത്തമാനം പറയുമ്പോൾ. ചിലപ്പോൾ ഇത്തരക്കാരോട് വാർത്താമാനം പറയുമ്പോൾ, ഇത്തരം കാര്യം പറയാൻ അവർ വിമ്മിഷ്ടപ്പെടുനനതുപോലെ തോന്നും. നിർബന്ധിച്ചൊരാളെ പഠിപ്പിച്ചാൽ. പ്രത്യേകിച്ച് ഡോക്ടറായാൽ. പണ്ടാരാണ്ട് പറഞ്ഞതുപോലെ, ഹാർട്ട് പറിച്ചു ഉയർത്തി പിടിച്ചിട്ട് " ഐ ആം പ്രറ്റി ഷുവർ ദിസ് ഈസ് ഹാർട്ട് എന്നൊക്കെ പറയും. അത്തരക്കാർ കിഡ്‌നി പറിച്ചു കിട്ടുന്ന കാശിന് വിറ്റെന്നുമിരിക്കും. അത് അവിടെ നിൽക്കട്ടെ. നിങ്ങൾ ഇത് എല്ലാവരെയും പരാമശിച്ചുകൊണ്ടല്ല എഴുതിയിരിക്കുന്നത് എന്ന് മുൻ‌കൂർ ജാമ്യവും എടിത്തിട്ടുണ്ട്. അത്കഴിഞ് നിങ്ങൾ അരഞ്ഞാടുകയാണ് . ആടിക്കൊ. പക്ഷെ ആടുമ്പോൾ സത്യാവസ്‌ഥ അറിഞ്ഞുകൊണ്ടായിരിക്കണം. നിങ്ങൾ എഴുതുമ്പോൾ അതിനെ സാധുകരിക്കാൻ തക്കവണ്ണം തെളിവുകൊടുക്കണം . അല്ലാതെ നാട്ടുകാർ ഒരുത്തനെ കള്ളൻ കള്ളൻ എന്ന് പറഞ്ഞോടിക്കുമ്പോൾ അവരുടെ കൂടെ ഓടിയാൽ പണ്ട് എനിക്ക് അടി കിട്ടിയപോലെ ഇരിക്കും. ഇതുപോലെ നാട്ടുകാരുടെ കൂടെ ഓടി കാലു മടങ്ങി തോട്ടിൽ വീണ ഞാൻ ഒറ്റപ്പെട്ടുപോയി. പുറകെ വന്നവർ അമ്പട കള്ളാ നീ തോട്ടിൽ പതുങ്ങി ഇരിക്കുന്നോ എന്ന് ചോദിച്ചു എടുത്തിട്ട് പെരുമാറി . ഇത് കേട്ട് മുൻപിൽ പോയവർ തിരികെ വന്നു എടിത്തിട്ടു കുമ്മി . എന്തിന് പറയുന്നു ഏഴുരാത്രിയിലെ തെണ്ടി അടികിട്ടിതിനെ കുറിച്ച് പറഞ്ഞപോലെ ശരീരത്തിൽ എന്തൊക്കൊയോ ഒടിയുന്ന ശബ്ദം കേട്ട് . അതുകൊണ്ട് അങ്ങ് സത്യം അറിഞ്ഞിട്ടേ വെളിച്ചപ്പാട് തുള്ളാവൂ എന്ന് അപേക്ഷിക്കുന്നു ഐ ലവ് യു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക