Image

പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ ?* ലേഖനം: ജയൻ വർഗീസ്)

Published on 15 July, 2023
പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ ?* ലേഖനം: ജയൻ വർഗീസ്)

മനുഷ്യ വംശ ചരിത്രത്തെ ആഴത്തിൽ സ്വാധീനിച്ചിട്ടുള്ള സർഗ്ഗാല്മക വ്യാപാരങ്ങളാണ് കലയും, സാഹിത്യവും. ഓരോ  കാലഘട്ടത്തിലും  ജീവിച്ചിരുന്ന  അസാധാരണക്കാരായ  മനുഷ്യരുടെ  ചിന്താ  വിസ്പോടനങ്ങളായിരുന്നു  ഇവ.  വാമൊഴിയിലും,  വരമൊഴിയിലുമായി  ഇവർ  പുറത്തുവിട്ട  ആശയങ്ങൾ  നെഞ്ചിലേറ്റിയ  സാധാരണ  ജനങ്ങൾ,  സ്വന്തം  ജീവിതത്തിൽ  അവ  പ്രായോഗികമാക്കിയതിന്റെ  അനന്തര  ഫലങ്ങളെയാണ്  നാം  സംസ്കാരം  എന്ന്  വിളിക്കുന്നത്. ഇത്  പറയുമ്പോൾ  ഏതൊരു  സംസ്‌ക്കാരവും  രൂപപ്പെട്ടതിനു  പിന്നിൽ  അതാത്  കാലത്തെ  പ്രതിഭാശാലികളുടെ  ചിന്താനാളങ്ങൾ  പ്രകാശിച്ചിരുന്നതായി  കാണാവുന്നതാണ്.  ക്രിസ്തുവിന്റെ  ചിന്ത  ക്രൈസ്റ്റിസവും,  മാർക്സിന്റേതു  മാർക്സിസവും,  ഗാന്ധിയുടേത്  ഗാന്ധിസവുമായി  രൂപപ്പെട്ടത്  ഇങ്ങിനെയാണ്‌.

മറ്റുള്ളവർക്ക്  കാണാൻ  കഴിയാത്ത  മഹത്തായ  കാഴ്ചകൾ  സ്വന്തം  ദാർശനിക  തലത്തിൽ  കണ്ടെത്താൻ  കഴിയുന്നവനാണ്  യഥാർത്ഥ  പ്രതിഭാശാലി.  ഈ  കാഴ്ചകൾ  സ്വന്തം  കാലഘട്ടത്തിനു  വേണ്ടി  പങ്കു  വയ്ക്കുമ്പോളാണ്,  യഥാർത്ഥത്തിൽ  അങ്ങിനെയും  ഒന്നുണ്ടായിരുന്നുവെന്ന്  നാം  മനസ്സിലാക്കുന്നത്.  കാഴ്ചകളുടെ  ഈ  വർണ്ണപ്പൊട്ടുകൾ  കോറിയിടുവാൻ  കലാകാരൻ  ഒരു  മാദ്ധ്യമം  തെരഞ്ഞെടുക്കുന്നു.  ഈ  മാദ്ധ്യമം  എഴുത്താണിയാവാം,  കല്ലുളിയാവാം,  ബ്രഷ്  നാരുകളാവാം.

കാലാകാലങ്ങളിൽ  ലോകത്താകമാനം  സംഭവിച്ച  ഇത്തരം  കലാ-സാഹിത്യ  പ്രവർത്തനങ്ങളിൽ  നിന്ന്  പ്രചോദനം  ഉൾക്കൊണ്ട്   ജനപഥങ്ങൾ  കൂടുതൽ  മെച്ചപ്പെട്ട  ജീവിത  വ്യാപാരങ്ങളിൽ  ഏർപ്പെടുകയും,  പുരോഗതിയുടെ  പുത്തൻ  മാനങ്ങൾ  സ്വായത്തമാക്കുകയും  ചെയ്തു!

 പ്രതിഭാശാലികളുടെ  ചിന്താ വിസ്പോടനങ്ങൾ  കലയും  സാഹിത്യവുമായി  ജനമനസുകളിൽ  പടർന്നിറങ്ങുകയായിരുന്നു. ഇവയെ  ദൈവദത്തമായ  അനുഗ്രഹ  വിശേഷങ്ങളായി   പരിഗണിക്കപ്പെട്ടിരുന്നു.  അതുകൊണ്ടുതന്നെ  അത്തരം  പ്രതിഭാശാലികളെ  ആരാധനയോടെയാണ്  ജനപഥങ്ങൾ  അഭിവീക്ഷിച്ചിരുന്നത്.

ഡാർവിന്റെ  പരിണാമ  സിദ്ധാന്തവും,  ഫ്രോയിഡിന്റെ  മനോവിഭ്രമ  സിദ്ധാന്തവും  കൂടിക്കുഴഞ്ഞ്‌   പടിഞ്ഞാറൻ  നാടുകളിൽ  പുതിയൊരു  ജീവിതതാളം  രൂപപ്പെട്ടതോടെ  പലർക്കും  ദൈവം  ഒരയാഥാർഥ്യമാണെന്നു  തോന്നിത്തുടങ്ങി.  കണ്ണ്  കൊണ്ട്  കാണുകയും,  കൈകൊണ്ടു  സ്പർശിക്കുകയും  ചെയ്യാനാവുന്ന  ഒരു  ദൈവത്തെ  തേടി  അവരലഞ്ഞു.  വ്യർത്ഥമായ  ഈ  അന്വേഷണങ്ങളുടെ  അവസാനം,  പടിഞ്ഞാറൻ  നാടുകളുടെ  അപക്വ  മനസുകളിൽ  ആധിപത്യം  സ്ഥാപിച്ച  ശൂന്യതാബോധം  സൃഷ്ടിച്ചെടുത്ത  ആസ്തിത്വവേദനയുടെ  അനന്തര  ഫലങ്ങളായിരുന്നൂ,  കഴിഞ്ഞ  നൂറ്റാണ്ടിലെ  പടിഞ്ഞാറൻ  യുവാക്കളെ  മദ്യത്തിലും,  മയക്കുമരുന്നിലും,  അക്രമത്തിലും,  അനാശാസ്യത്തിലും  കൂടി  ഇഴഞ്ഞു  വലിഞ്ഞ് തിന്നുക, കുടിക്കുക,  ആനന്ദിക്കുക  എന്ന  ത്രികോണത്തിൽ  തളച്ചു  കൊണ്ട്,  ഇരതേടലിനും,  ഇണചേരലിനുമുള്ള  ഒരു  വ്യർഥ  വ്യാപാരമാണ്  ജീവിതം  എന്ന  ഉൾക്കാഴ്ച്ചയോടെ  സ്വവർഗ്ഗ  രതിയുടെ  ഇരുണ്ട  മാളങ്ങളിൽ  വരെ  ഇന്നും അവരെ  തളച്ചിട്ടിരിക്കുന്നത്?

( നിന്റെ ശരീരത്തിലെ ‘നീ ‘ എന്ന സജീവാവസ്ഥ പോലെ സർവ്വപ്രപഞ്ച സംവിധാനത്തിലെ സജീവമായചിന്താരൂപമാണ് ദൈവം എന്ന് ഉൾക്കൊള്ളാൻ പോലുമാവാതെ  പ്രപഞ്ചം എന്നാൽ ഭൂമി ആണെന്നാണ് പലനിരീശ്വരന്മാരും പള്ളിക്കാരും മനസ്സിലാക്കി  വച്ചിരിക്കുന്നത്. അത് കൊണ്ടാണ് മനുഷ്യനെ ഉദ്ധരിക്കാൻഞങ്ങളുടെ കൂടെക്കൂടൂ എന്ന് ഇടയ്ക്കിടയ്ക്ക് അവർ വിലപിച്ചു കൊണ്ടിരിക്കുന്നത്. ) 

കഴിഞ്ഞ  നൂറ്റാണ്ടിന്റെ  ഉത്തരാർത്ഥത്തിൽത്തന്നെ  പടിഞ്ഞാറിന്റെ  ഈ  സാംസ്കാരികാപചയം  ലോകത്താകമാനം  കടന്നു  കയറുകയായിരുന്നു.  ഇന്ത്യ  ഉൾപ്പടെ  തനതായ  സാംസ്ക്കാരിക  തനിമയുള്ള  രാജ്യങ്ങളിൽ  ഇതത്ര  എളുപ്പമായിരുന്നുല്ലങ്കിലും,  കഴിഞ്ഞ  ഏതാനും  ദശകങ്ങളിൽ  എല്ലാ  ചെറുത്തു   നിൽപ്പുകളെയും  കീഴ്പ്പെടുത്തിക്കൊണ്ട്   ആ  പടിഞ്ഞാറൻ  യാഗാശ്വം  ലോകത്തെ  മുഴുവനുമായിത്തന്നെ  കീഴടക്കിക്കളഞ്ഞു. ശദ്ധമലയാളത്തിൽ  നമ്മളിതിനെ  'അടിപൊളി' എന്ന്  വിളിക്കുന്നു.

അടിസ്ഥാന  ലക്ഷ്യങ്ങളിൽ  നിന്ന്  വഴിപിരിഞ്ഞ  കലയും  സാഹിത്യവും  അമാലന്മാരുടെ  വേഷം  ധരിച്ചു   പുതിയ  സംസ്‌ക്കാരത്തെ   ചുമലിലേറ്റി  നടന്നു!  ഫലമോ?  ഇര  തേടലിനും,  ഇണ  ചേരലിനുമുള്ള   പ്രചോദനങ്ങൾ  മാത്രമായി  അവ  തരം   താണു.  അടിപൊളി  സംഗീതവും,  അടിപൊളി  സാഹിത്യവും  മാത്രമല്ല,  അടിപൊളി  നൃത്തങ്ങളും,  അടിപൊളി  ആരാധനകളും,  അടിപൊളി  ആൾദൈവങ്ങളും  വരെ  നിലവിൽ  വന്നു!

സമകാലീന  മാദ്ധ്യമങ്ങൾ  മത്സര  ബുദ്ധിയോടെ  ഇത്  നന്നായി  ആഘോഷിച്ചു.  ബിഗ്‌സ്‌ക്രീനിലും,  മിനിസ്ക്രീനിലും   മീഞ്ചന്തയിലെപ്പോലെ   സെക്സ്  വിറ്റഴിഞ്ഞു.  ഇര  തേടാനുള്ളത്  വിറ്റാൽ  ഇണ  ചേരാമെന്നും,  ഇണ  ചേരാനുള്ളത്  വിറ്റാൽ  ഇര  തേടാമെന്നും  അനായാസം  അവർ  തിരിച്ചറിഞ്ഞു. തൊലി  വെളുപ്പുള്ള  സകലമാന  പെണ്ണുങ്ങളെയും  അവർ  തുണിയുരിച്ചു  വിറ്റു.  മാധ്യമങ്ങളോട്  സഹകരിക്കാൻ  വൻകിട  ബിസിനസ്  ഗ്രൂപ്പുകളും  രംഗത്തു  വന്നതോടെ  ലോകജനതയുടെ  ജീവിതതാളമായി  അത്  മാറി.  തുടുത്ത  പെണ്ണുങ്ങൾ  തുണിയുരിഞ്ഞു  നിന്ന്  പറഞ്ഞപ്പോൾ   ആട്ടിൻകാഷ്ഠം   മുതൽ   ആനപ്പിണ്ടം  വരെ  വാങ്ങിത്തിന്ന്  ജനങ്ങൾ  രോഗികളായിത്തീർന്നു?  പക്ഷെ,  കുഴപ്പമില്ല.  മൂക്കിപ്പനി   മുതൽ   മുടിഞ്ഞ  കാൻസറിന്‌  വരെയുള്ള  ഉടൻകൊല്ലി  മരുന്നുകളുടെ  പരസ്യവുമായി  വീണ്ടും  അർദ്ധനഗ്നകൾ.  ഇര  തേടലും,  ഇണ  ചേരലുമായി  കുഴഞ്ഞു  മറിഞ്ഞ  ഒരു  വൻ   ബിസിനസ് ! എല്ലാവർക്കും   സുഖം.  തുണി  ഉരിയുന്നവർക്ക്,  ഉരിയിപ്പിക്കുന്നവർക്ക്,  അത്  പ്രദർശിപ്പിക്കുന്നവർക്ക്,  'മൈഥുനം  പാതി  ദർശന' പരുവത്തിൽ  അത്  കണ്ടാസ്വദിക്കുന്ന  അടിപൊളി  ആശാന്മാർക്ക് !  

വേദകാലത്തോളം  പിൻ ചെല്ലുന്ന  പുരാതന  ഇന്ത്യയിലെ  കല-സാഹിത്യ  പ്രവർത്തനങ്ങളിൽ  മൂല്യാധിഷ്ടിതവും,  ധാർമ്മികവുമായ  ഒരടിത്തറ  നില  നിന്നിരുന്നതായിക്കാണാം.  മനുഷ്യനും,  അവൻ  അധിവസിക്കുന്ന  ഭൂമിയും  നന്മയിൽ നിന്ന് നന്മയിലേക്ക്  വളരുന്നതിനുള്ള പ്രചോദകങ്ങൾ  അവയിൽ  നില  നിന്നിരുന്നു ! ബ്രഹ്‌മാവ്‌,  വിഷ്ണു,  മഹേശ്വരൻ  എന്നീ  കഥാപാത്രങ്ങൾ  ദൈവപ്രതീകങ്ങളായി  നിലകൊള്ളുകയും,  അവരെ  അംഗീകരിക്കുകയോ,  അനുകരിക്കുകയോ  ചെയ്യുന്ന  മനുഷ്യ  കഥാപാത്രങ്ങൾ  ജനങ്ങളോടൊപ്പം  ജീവിക്കുകയും,  മരിക്കുകായും  ചെയ്തുവെങ്കിലും,  പാത്രസൃഷ്ടിയിലെ  പരമമായ  നന്മയുടെ  സന്നിവേശം  കൊണ്ടായിരിക്കണം,  ജനങ്ങൾ  അവരെയും  ദൈവങ്ങളായി  അംഗീകരിച്ചു  ആരാധിക്കുവാൻ  തുടങ്ങിയത്.  അതായത്,  അവരെ   സംവദിച്ച്‌   നെഞ്ചലേറ്റി   ഒരു  പുത്തൻ  ജീവിത  ക്രമം  രൂപപ്പെടുത്തയത്.  ഈ  ജീവിത  ക്രമത്തെയാണ്  നമ്മൾ  സിന്ധു-ഗംഗാ  നദീതട  സംസ്ക്കാരം  എന്ന്  പേരിട്ടു  വിളിക്കുന്നത്!

ഫാന്റസിയും  റിയാലിറ്റിയും  ഇഴചേർന്ന  ഈ  രചനകളിൽ  ദൈവവും  മനുഷ്യനും  കഥാപാത്രങ്ങളായി  നിന്നു.  സർവ  നന്മ്മകളുടെയും  സാക്ഷാൽക്കാരമായ  ദൈവത്തെ  സ്വാംശീകരിക്കുന്നതിനുള്ള  ഉപാധിയാണ്  മനുഷ്യൻ  എന്ന്  ഈ  രചനകൾ  പറഞ്ഞുവെച്ചു.

നിസ്സഹായനും,  നിരാവലംബനുമായ  മനുഷ്യന്  എങ്ങിനെ  അതിനെ  അതിജീവിച്ചു  മുന്നേറാനാകുമെന്ന്   സത്യവാന്റെയും,  സാവിത്രിയുടെയും  കഥയിലൂടെ  അവർ  വെളിപ്പെടുത്തി.

അകാലത്തിൽ  മരണപ്പെട്ട  യുവാവായ  സത്യവാന്റെ  ജീവനെ  കയറിൽ  കുടുക്കിക്കൊണ്ട്   തന്റെ  പോത്തിൻ   പുറത്തേറി  പോവുകയാണ്   കാലൻ.  എത്ര  നിർബന്ധിച്ചിട്ടും  തിരിച്ചു  പോകാൻ  കൂട്ടാക്കാതെ  സാവിത്രിയും  കാലനെ  പിന്തുടരുന്നു.  നിർവാഹമില്ലാതെ  സാവിത്രിക്ക്   ഒരു  വരം  കൊടുക്കുവാൻ  കാലൻ   നിര്ബന്ധിതനാവുന്നു.  ആ  വരത്തിന്റെ   പിൻബലത്തിൽ  ധർമ്മിഷ്ഠനായ  കാലന്  സത്യവാന്റെ  ജീവനെ  അവൾക്കു  തിരിച്ചു  കൊടുക്കേണ്ടി  വരുന്നു.  മരണത്തെപ്പോലും  തോൽപ്പിച്ചു  തന്റെ  കാന്തനെ  സ്വന്തമാക്കിയ  സാവിത്രി  ഭാരതീയ  സ്ത്രീത്വത്തിന്റെ  പ്രതീകമാണ്!  ഒരു  ജനതയ്ക്ക്  അഭിമാനത്തോടെ  സംവദിക്കാൻ  ഇതിൽക്കൂടുതൽ  എന്ത്  വേണം?  കെട്ടുറപ്പോടെ  സമീപ കാലം വരെയും ഇന്ത്യയിൽ നില നിന്ന് വരുന്ന  കുടുംബ  ബന്ധങ്ങളുടെ  അടിവേരുകൾ  സാവിത്രിയോളം  വരെ  നീണ്ടു,  നീണ്ട്   ചെല്ലുന്നുണ്ടെന്ന്   നാം  തിരിച്ചറിയേണ്ടിയിരിക്കുന്നു!

ജനപഥങ്ങളെ  ആവേശം  കൊള്ളിച്ചു  കൊണ്ട്    ക്ളാസിക്കുകളായി  നിലനിൽക്കുന്ന  ഇത്തരം  ചിന്താവിസ്പോടനങ്ങൾ  ലോകത്താകമാനം  സംഭവിച്ചിട്ടുണ്ട്.  പുരാതന  ഗ്രീക്ക്  രചനകളിലെ ‘ പ്രോമിത്യുസ് ’ എന്ന  കഥാപാത്രവും,  യൂറോപ്പിന്റെ  മൊത്തം  അഭിമാനമായ  ഗോയ്‌ഥെയുടെ  ‘ ഫൗസ്റ്റ്   ‘ എന്ന  കഥാപാത്രവും  തന്നെ  ഉദാഹരണങ്ങൾ:

അധികാരത്തിന്റെ  ഉരുക്കുമുഷ്ടി  ഉപയോഗിച്ചു   ജനങ്ങൾക്കവകാശപ്പെട്ട  അഗ്നി  കൈവശപ്പെടുത്തി  സൂക്ഷിച്ച  'സിയൂസ് ' ദേവനിൽ  നിന്ന് ,   ജനങ്ങൾക്ക്  വേണ്ടി  അത്  മോഷ്ടിച്ചു  കൊണ്ട്  വന്ന  കഥാപാത്രമാണ്  പ്രോമിത്യുസ്.  ഇതിന്റെ  ശിക്ഷയായി  ക്രൂരനായ  ഒരു  കഴുകന്റെ  മുന്നിൽ  തന്റെ  കരൾ  കൊത്തിപ്പറിക്കുവാൻ  വേണ്ടി  ദിവസവും  പ്രോമിത്യുസിനു  കിടന്നു  കൊടുക്കേണ്ടി  വന്നു.  സ്വന്തം  കരൾ  കഴുകന്   കൊത്തിപ്പറിക്കുവാൻ  കൊടുത്ത്  കൊണ്ട്  ജനങ്ങൾക്ക്  അഗ്നിയുടെ  അനുഗ്രഹം  സമ്മാനിച്ച  പ്രോമിത്യുസിനേക്കാൾ  മഹത്തായ  ഒരു  മാതൃകയെവിടെ?

ഗൊയ്‌ഥെയുടെ  ഫൗസ്റ്റ്   അഹങ്കാര  ലേശമില്ലാത്ത  ഒരു  മനുഷ്യനായിരുന്നു.  ദൈവത്തിന്   പ്രിയപ്പെട്ടവനായ ഫൗസ്റ്റിനെ,  ഒരവസരം  തന്നാൽ  അഹങ്കാരിയാക്കി  മാറ്റി  ആ  ആൽമാവിനെ  സ്വന്തമാക്കികൊള്ളാം  എന്ന്  പിശാച്  വെല്ലുവിളിയുയർത്തുന്നു.  ഇരുപത്തി  നാല്  വർഷത്തിനുള്ളിൽ  എന്ന്  കരാർ.  

ഫൗസ്റ്റിന്റെ  വിരസതയിൽ  പിടിമുറുക്കിക്കൊണ്ട്   'മെഫിസ്റ്റോഫീസ്‌'. എന്നപേരിൽ  പിശാച്  വേഷം  മാറിയെത്തുന്നു.  ഫൗസ്റ്റിന്റെ  ഉറ്റ  മിത്രമായി  അഭിനയിച്ചു  കൊണ്ട്  സമീപിച്ച  പിശാചിന്റെ  പ്രലോഭനങ്ങളിൽ  നിഷ്‌ക്കളങ്കനായ  ഫൗസ്റ്റ്   വീണു  പോകുന്നു.  നിഷ്ക്കളങ്കയും,  അതിസുന്ദരിയുമായ  'ഗ്രെച്ചൻ ' എന്ന  യുവതിയെ  ഫൗസ്റ്റീന്  ഭാര്യയായി   മെഫിസ്റ്റോഫീസ്‌   കണ്ടെത്തുന്നു.  ഫൗസ്റ്റു ആഗ്രഹിച്ചതെല്ലാം  പിശാച്  അയാൾക്ക്  നിവർത്തിച്ചു  കൊടുക്കുന്നു. ഉപയോഗശൂന്യമായിക്കിടന്ന  ഒരു  ചതുപ്പ്   സുഹൃത്തിന്റെ  സഹായത്തോടെ  ഫൗസ്റ്റ്   നികത്തിയെടുക്കുന്നു.  അതി  മനോഹരവും,  ഫലഭൂയിഷ്ഠവുമായ  ഒരു  ഗ്രാമമാക്കി  ഫൗസ്റ്റ് അത്  ജനങ്ങൾക്ക്  നൽകി.  സന്തോഷവും,  സംതൃപ്തിയും,  സമാധാനവും  നിറഞ്ഞു  നിന്ന  ആ  ഗ്രാമപാതയിലൂടെ  കൃതാർത്ഥനായി  നടക്കുമ്പോൾ  ഫൗസ്റ്റിന്റെ  ഹൃദയം  അഭിമാനം  കൊണ്ട്  നിറഞ്ഞു  പോയി.  അവസരം  കാത്തിരുന്ന  ചെകുത്താൻ  കരാർ  കാലത്തിനു  മുമ്പ്  തന്നെ  ഇതാ  ഫൗസ്റ്റ്   അഹങ്കാരിയായിരിക്കുന്നുവെന്നും,  ഉടൻ  തന്നെ  അയാളുടെ  ആൽമാവിനെ  തനിക്കു  വിട്ടുതരണമെന്നും  ദൈവത്തോട്  ആവശ്യം  ഉന്നയിക്കുന്നു.  തന്റെ  സൽപ്രവർത്തികളുടെ  ഫലം  കണ്ട്   അഭിമാനിച്ചു  പോയ   ഫൗസ്റ്റ് കുറ്റക്കാരനല്ലെന്ന്  ദൈവം  വിധിച്ചു !  ചെകുത്താന്റെ  കൈവശത്തിൽ  നിന്ന്   ഫൗസ്റ്റിന്റെ  ആൽമാവിനെ  വീണ്ടെടുത്ത്   നിത്യമായി  സ്വാതന്ത്രമാക്കുന്നിടത്ത്     ഗോയ്‌ഥേ  ഫൗസ്റ്റ്  അവസാനിപ്പിക്കുന്നു!

കാലം  പ്രവഹിക്കുകയാണ്.  ലോകത്താകമാനം  സാഹിത്യ  രൂപങ്ങളുടെ  എണ്ണം  കൂടുകയും,  വണ്ണം  കുറയുകയും  ചെയ്തു.  ശതകങ്ങളും,  ദശകങ്ങളും  ഈ  തകർച്ചക്ക്  സാക്ഷ്യം  വഹിക്കുകയായിരുന്നു.  ഇന്ത്യയിൽത്തന്നെ  സ്വാതന്ത്ര്യത്തിനു  മുമ്പും, പിമ്പുമായി   ഈ  മൂല്യത്തകർച്ച  അതിന്റെ  പാരമ്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു!

എഴുത്തുകാർ  എന്ന്  പറയാവുന്നവർ  അധികം  ഉണ്ടെന്നു  തോന്നുന്നില്ല.  വെറും  ' പേനയുന്തുകാർ  മാത്രമായി  അവർ  തരം  താണു  കഴിഞ്ഞിരിക്കുന്നു.  തങ്ങളെ  താങ്ങിനിർത്തുന്ന  കോർപറേറ്റുകൾക്കോ,  രാഷ്ട്രീയങ്ങൾക്കോ  വേണ്ടി  അവർ  പേനയുന്തുന്നു.  ഇത്  സംവദിക്കുന്ന  ജനങ്ങളാകട്ടെ  പ്രതീക്ഷകളും  സ്വപ്നങ്ങളും  അസ്തമിച്ചു,  മാനസികവും ,  ശാരീരികവുമായി  തകർന്ന്,  ദാരിദ്ര്യത്തിലും,  കഷ്ടതയിലും  തളക്കപ്പെട്ട്,  രോഗത്തിലും,  ദുരിതത്തിലും  വലിച്ചെറിയപ്പെട്ട്,  മരണത്തിന്റെ  ഗുഹാമുഖങ്ങളിലേക്ക് കൂപ്പുകുത്തി  രക്ഷപ്പെടുന്നു !

മലയാള  സാഹിത്യത്തിലും  സ്ഥിതി  വ്യത്യസ്തമല്ല.  കുറെ  ആഢ്യന്മാരുടെ  അരസിക  രചനകൾ  അവരുടെ  ആശ്രിതർ  പൊക്കിപ്പിടിച്ചു  നടക്കുന്നുണ്ട്.  കാലത്തെ  അതിജീവിക്കുന്ന  ഒന്നെങ്കിലുമുണ്ടോ  അക്കൂട്ടത്തിൽ?  ഒരു  കുമാരനാശാൻ  മാത്രം  കുറച്ചു  വ്യത്യസ്തനായി  നില  കൊള്ളുന്നുണ്ട്.

ലോക പ്രശസ്തമായ ‘ ചെമ്മീനി ‘ ൽ തകഴി സംവദിക്കുന്ന സന്ദേശമെന്താണ് ? ജീവിത വേദികയിൽ ആദ്യചുവടുകൾ വച്ചെത്തുന്ന, ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കേണ്ട നായക കഥാപാത്രങ്ങൾ ചത്തുമലച്ച ഒരുസ്രാവിനോടൊപ്പം കരയ്ക്കടിയുന്നു. ജീവിത വേദനകളുടെ കാണാച്ചുഴികളിൽ അകപ്പെട്ടു പോകുന്ന മനുഷ്യന്മുമ്പിൽ അടുത്ത ചുവടു വയ്ക്കുന്നതിനുള്ള തിരിവെട്ടമായി പരിണമിക്കാൻ സാധിക്കുന്ന ചിന്തകൾക്ക് മാത്രമേനവ സംസ്കാരത്തിന്റെ സൃഷ്ടാക്കളാകാൻ സാധിക്കുകയുള്ളു എന്ന് എനിക്ക് തോന്നുന്നു.

ആധുനിക  മലയാളത്തിന്റെ  അഭിമാനങ്ങളെന്നു  വിവക്ഷിക്കപ്പെടുന്ന   മുകുന്ദനും,  വിജയനും  വരെ  ഒരു  തിരി  തെളിക്കാൻ  സാധിച്ചിട്ടില്ല.  മയ്യഴിയുടെ  മോചന  നായകൻ   ദാസൻ  കടലാഴങ്ങളിലേക്ക്   നടന്നു  മറഞ്ഞും,  ഖസാക്കിന്റെ  ഇതിഹാസ  നായകൻ  രവി  പൂറ്റിൽ  നിന്ന്  നീണ്ടുവരുന്ന  വിഷപ്പല്ലുകൾക്ക്   കാൽവച്ചു  കൊടുത്തും  ആത്മഹത്യയിൽ  അഭയം  തേടുന്നു ! അനുവാചകന്റെ  ആത്മദാഹത്തിന്   അവർ  നിർദ്ദേശിക്കുന്ന  ഒറ്റമൂലികളാണോ   ഇത്?

പ്രവാസി  സാഹിത്യത്തെപ്പറ്റി  എടുത്തുപറയാൻ  ഒന്നുമില്ല.  അമേരിക്കയിലെ   മലയാള  സാഹിത്യ  ചരിത്രകാരന്മാരുടെ  വാക്കുകളിൽ,  അധികവും  ' കണ്ണോക്ക് ' സാഹിത്യമാണ്.  ഒരാളുടെ  ആശയം  അടിച്ചുമാറ്റി  പേരും  നാളും   മാറ്റി  വീണ്ടും  അവതരിപ്പിക്കുക. എഴുത്തുകാരികളായ  സ്ത്രീകൾ  കുറെയുണ്ട്.  കടുത്ത  വിഷയ  ദാരിദ്ര്യം  അനുഭവിക്കുന്നുവെന്നു  വെളിവാക്കികൊണ്ട്  അവരിൽ  മിക്കവരുടെയും  രചനകൾ  അടുക്കളകാര്യങ്ങളിലും,  കിടപ്പറക്കാര്യങ്ങളിലും  മാത്രമായി ഒതുങ്ങിപ്പോകുന്നു..

എങ്കിൽപ്പോലും  ആർക്കും  അവഗണിക്കാനാവാത്തവിധം  നമ്മുടെ  പ്രവാസി  സാഹിത്യവും  സജീവമാണ്. കഠിനമായ രചനാ പരിശ്രമങ്ങൾ  ഇവിടെയും  നടക്കുന്നുണ്ട്. എന്നിട്ടും  പരിമിതികളുടെ വിഷമവൃത്തങ്ങൾ ഭേദിച്ച് പുറത്തുകടക്കാൻ  അവയ്ക്ക്*  സാധിക്കുന്നില്ല.  ഭാഷയുടെ  ഈറ്റില്ലം കേരളത്തിലായതിനാലും, അച്ചടി-ഇലക്ട്രോണിക്  മാധ്യമങ്ങൾ  അവിടെ  കാലുറപ്പിച്ചു നിൽക്കുന്നതിനാലും  പ്രവാസി  രചനകൾ  ക്രൂരമായി  അവഗണിക്കപ്പെടുകയാണ്.

പിന്നെ  ഏതെങ്കിലും  നാട്ടുമാധ്യമ  പ്രമാണിയെ  എഴുന്നള്ളിച്ചുകൊണ്ടു  വരികയും,  അവന്   നല്ല.  കള്ളും   കഞ്ചാവുമൊക്കെ  കൊടുത്ത്  സുഖിപ്പിച്ചു  വിടുകയും  ഒക്കെ  ചെയ്തിട്ടാവണം,  ഏതെങ്കിലും  പ്രവാസി  രചനകൾ  മുഖ്യധാരാ  മാധ്യമങ്ങളിൽ  ഇടം  നേടുന്നത്  പോലും? പലരും എഴുത്ത് മതിയാക്കി സും മീറ്റിങ്ങുകളിൽഅഭയം തേടിക്കഴിഞ്ഞിരിക്കുന്നു. 

മതവും  രാഷ്ട്രീയവും,  ശാസ്ത്രവും  സാങ്കേതികവിദ്യയും,  കലയും  സാഹിത്യവും  എല്ലാംകൂടി  ഇഴചേർന്ന്   മനുഷ്യനെ  ഒരു  യന്ത്രപ്പാവയാക്കി  മാറിക്കഴിഞ്ഞിരിക്കുന്നു!  അവന്റെ  ആത്മാവിന്റെ  ആഴങ്ങളിൽ  ദൈവം  കൊളുത്തിവച്ച  നൻമയുടെ  തിരിവെട്ടം  എന്നേ അണഞ്ഞുകഴിഞ്ഞു?  സത്യവും,  ധർമ്മവും  മരിച്ചു  മണ്ണടിഞ്ഞ  ഈ  ജീവിത  ഭൂമികയിൽ  ജാതിയുടെയും,  മതത്തിന്റെയും,  വർഗ്ഗത്തിന്റെയും,  വർണ്ണത്തിന്റെയും  ലേബലുകൾ  നെറ്റികളിൽ  ഒട്ടിക്കപ്പെട്ട്,  രാജ്യങ്ങളുടെയും,  കോളനികളുടെയും  അതിരുകൾക്കുള്ളിൽ  തളച്ചിടപ്പെട്ട്,  സ്വപ്നങ്ങളും,  പ്രതീക്ഷകളും  അസ്തമിച്ചു,  രോഗത്തിന്റെയും,  മരണത്തിന്റെയും  ഇരുണ്ട  ഗലികളിൽ   വെളിച്ചത്തിനായി  കേഴുന്ന  മനുഷ്യരാശിക്ക്  വേണ്ടി;  രക്ഷയുടെയും,  സാന്ത്വനത്തിന്റെയും  സൈദ്ധാന്തിക  വിസ്പോടനങ്ങൾ  സൃഷ്ടിക്കുന്ന  സർഗ്ഗരചനാ  വിപ്ലവങ്ങൾ  എന്നാണ്,  എവിടെയാണ്  നമുക്ക്  കരഗതമാവുക?  കാത്തിരിക്കാം ? 

* വയലാർ കവിത.

Join WhatsApp News
Sudhir Panikkaveetil 2023-07-15 15:13:55
നല്ല ലേഖനം. മാറ്റുവിൻ ചട്ടങ്ങളെ എന്ന് ഒരു കവി പറഞ്ഞത് എല്ലാവരും പൊക്കി നടക്കുന്നുവെന്നല്ലാതെ ആരും അതിനായി ശ്രമിക്കുന്നില്ല. ശ്രീ ജയൻ തൊടുത്തു വിടുന്ന ശരങ്ങൾ സ്വന്തം ശരീരത്തിൽ കൊള്ളാതെ ഒഴിഞ്ഞു മാറുകയേയുള്ളു എല്ലാവരും. പിന്നെ അമേരിക്കൻ മലയാള സാഹിത്യം അങ്ങനെ ഒന്നില്ലെന്നു പറയുന്നുണ്ട് നാട്ടിലെ എഴുത്തുകാർ. ഒരു കൂട്ടർ ഇവിടെ അവർക്ക് കുട പിടിക്കുന്നു അതിനെതിരായി ഞാനും എഴുതിയിരുന്നു.പക്ഷെ ഭൂരിപക്ഷം നാട്ടിലെ ഏമാന്മാരുടെ അഭിപ്രായം ശരിവയ്ക്കുന്നു. ഇവിടെ എല്ലാ എഴുത്തുകാരും ഓരോ ദ്വീപുകളാണ് സ്വന്തം കാര്യം മാത്രം പ്രസക്തം എന്ന് കരുതുന്നവർ എങ്ങനെ സമൂഹമായി പ്രവർത്തിക്കും. സ്വന്തം കൃതികൾ നാട്ടിലുള്ള ഏതോ "നമ്പൂരി" യെക്കൊണ്ട് തൊടുവിച്ച് കുറെ ആളെ വിളിച്ചു സദ്യയും നടത്തി വരുന്നതോടെ ആ പുസ്തകം മരിക്കുന്നു. ആരെങ്കിലും അതേക്കുറിച്ച് എഴുതിയാൽ അത് പുറം ചൊറിയൽ എന്ന് പരിഹസിക്കുന്നു. ഇച്ഛാശക്തിയുള്ളവർ എഴുതിക്കൊണ്ടിരിക്കും ആരും ഗൗനിച്ചില്ലേലും. ശ്രീ ജയൻ താങ്കൾ എഴുതിക്കൊണ്ടിരിക്കുക. വിജയം നേരുന്നു
Ninan Mathullah 2023-07-16 16:26:09
Thanks, Jayan, for the article and the poignant question. My understanding is that the dawn is not too far. It will be in this generation. The exact time God only knows. Before that, what is pre-ordained has to happen. There will be wars between different races all over the world. We have not seen such wars before in history as all the wars before were localized to certain areas. Next, we will see wars and armed conflicts and struggles between all the races of the world in all the countries of the world (Mathew 24:7). What we see in the news about Ukraine, the USA, China, Russia, Israel, Palestine, etc., are only a bad omen as to what is in the pipeline; 'beginning of birth pains' as Jesus quoted about it (Mathew 24:8). There won't be any peace except in the minds of some.
Ninan Mathullah 2023-07-17 00:18:37
What Nereeswaran said is just his thoughts or 'thonnalukal' What I said is based on my understanding of the Bible. When you say something, it must be supported by evidence, other writers, prophets of religion or history, science (proven), or your own experience. As Nereeswaran stated here (An anonymous writer), anything other than this is just opinion only, and it can mislead readers. Readers decide how much weight to give to such views. Nereeswaran's quote, 'അതുകൊണ്ട് നമ്മൾക്ക് അറിയാൻ വയ്യാത്തതിനെ കുറിച്ച് എഴുതരുത്'.I wrote what I knew. About the exact time, I don't know, and so I stated, 'God only knows.' Bible doesn't give the precise time but says that God only knows (Mathew 24:36). Even Jesus didn't know the exact time when he stated these words.
നിരീശ്വരൻ 2023-07-16 21:46:09
മനുഷ്യ വംശചരിത്രം തന്നെ ശരിയല്ല. കാരണം ചരിത്രം എഴുതിയവർ, അവർ ചവിട്ടിമെതിച്ചവരെക്കുറിച്ച് ചരിത്രത്തിൽ രേഖപ്പെടുത്താറില്ലല്ലോ? കലയും സാഹിത്യവും കൊട്ടാരങ്ങളിൽ ഒതുങ്ങി നിന്ന ഒന്നാണ്. അത് സാധാരണക്കാരനെ എത്രമാത്രം സ്വാധീനിച്ചു എന്ന് നിങ്ങളുടെ ദൈവത്തിനറിയാമായിരിക്കും. അദ്ദേഹം സർവ്വജ്ഞനാണല്ലോ. പിന്നെ ക്രൈസ്റ്റിസം എന്നൊന്നില്ല . ക്രിസ്റ്റനിസം എന്ന് കേട്ടിട്ടുണ്ട്. ക്രൈസ്റ്റ് ജീവിച്ചിരുന്നെങ്കിൽ തന്നെ അദ്ദേഹം അങ്ങനത്തെ ഒരു ഇസവും മതവും സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. മനുഷ്യജീവിതം ഓരോ കാലഘട്ടങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. അൻപത് വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന അവസ്ഥയല്ല ഇന്ന്. കലയും കഥയും കവിതയും മാറുന്നു. മലയാള ഭാഷ മംഗ്ലീഷായി. ജോലി ചെയ്യാതെ ജീവിക്കാം. ദൈവ ബിസിനസ് നല്ല ഒരു കച്ചവടം. കോട്ടേം നെയ്യാം നെയ്യപ്പോം തിന്നാം . എത്ര പുരോഹിതന്മാരാണ് നെയ്യപ്പം കട്ട് തിന്നതിന് ജയിലായത് അല്ലെങ്കിൽ പിടിക്കപ്പെട്ടത്. മനുഷ്യർ മാറിക്കൊണ്ടിരിക്കുകയാണ്.അതുകൊണ്ട് ദർശിനകൻ ആയതുകൊണ്ടോ പ്രതിഭാശാലിയായതുകൊണ്ടോ അല്ലെങ്കിൽ പ്രവചനം നടത്തിയതുകൊണ്ടോ പ്രയോചനം ഇല്ല . ഇത് തന്നെയല്ലേ വയലാറും ചോദിച്ചിരിക്കുന്നത് അദ്ദേഹം ചോദിക്കുന്നു ' ആയിരം യുഗങ്ങളിൽ ഒരിക്കൽ മാത്രം വരാറുള്ള അവതാരങ്ങൾ എവിടെ? (അത് അദ്ദേഹം പ്രവാചകന്മാരോടും ദാര്ശനികരോടും കളിയാക്കി ചോദിച്ചതാണ് അതുകൊണ്ട് നമ്മൾക്ക് അറിയാൻ വയ്യാത്തതിനെ കുറിച്ച് എഴുതരുത്. ഇപ്പോൾ തന്നെ നിങ്ങളുടെ പാറയും രക്ഷകനും എന്താണ് എഴുതിയിരിക്കുന്നത് ? "My understanding is that the dawn is not too far. It will be in this generation. The exact time God only knows."" dawn is not too far." എന്നത് ഒരു അണ്ടർസ്റ്റാന്റിംഗ് അല്ല . അത് വിവരക്കേടാണ് . അതുകൊണ്ട് അദ്ദേഹം ഒന്നും അറിയാൻ വയ്യാത്ത ദൈവത്തെ അത് ഭരമേല്പിച്ചു. ഒന്നും അറിയാൻ വയ്യെങ്കിലും എല്ലാം അറിയാം എന്ന ഭാവമാണ് നമ്മെൾക്കെല്ലാം. അറിയില്ല എന്ന് പറഞ്ഞാൽ നടനക്കേടല്ലേ. പക്ഷെ രക്ഷപ്പെടാൻ നമ്മുടെ കയ്യിൽ വാക്കുകൾ സുലഭമല്ലേ . ഗോഡ് ഒൺലി നോസ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക