ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി, പ്രസ് ക്ലബ്ബ്- പ്രസ്ഥാനം എന്തുമാകട്ടെ, ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വ്യത്യാസങ്ങള്‍ എന്തുമാകട്ടെ. അമേരിക്കന്‍ മലയാളികളെ പറ്റി പൊതുവായി പറയാവുന്ന ഒരു വസ്തുതയാണ് സമയക്കുറവ്. ഒന്നിനും സമയമില്ല എന്നതാണ് ആരോടു ചോദിച്ചാലും കിട്ടുന്ന മറുപടി. മൂന്നിനു പകരം അഞ്ചു നേരം ഉണ്ണുകയും ഏഴു മണിക്കൂറിനു പകരം പത്തു മണിക്കൂര്‍ ഉറങ്ങുകയും ചെയ്യുന്ന നാട്ടിലെ സഹോദരങ്ങളോടുള്ള അസൂയ പ്രകടിപ്പിച്ച് കൊണ്ട് തന്നെ നിസ്സംശയം പറയാം, നിങ്ങള്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളും തന്നെ. രാവിലെ ജോലിക്കു പോകുന്ന വണ്ടിയിലിരുന്ന് ബ്രേക്ക്ഫാസ്റ്റ് എന്ന പേരില്‍ എന്തെങ്കിലും കൊറിക്കുന്ന ശീലമുള്ള നാം നാട്ടില്‍ ചെല്ലുമ്പോള്‍ തറവിലയ്ക്ക് കിട്ടുന്ന പുട്ടും കടലയും അപ്പവും മുട്ടയും ദോശയും ചമ്മന്തിയുമൊക്കെ ഹായ് എന്തൊരു രുചി എന്ന പേരില്‍ സയമെടുത്ത് തിന്നുന്നത് കാണുമ്പോള്‍ അറിയാതെ അമേരിക്കന്‍ തിരക്ക് ഓര്‍ത്തു പോകുന്നത് സ്വാഭാവികം. ഇങ്ങനെ, സമയമില്ലാതെ മുട്ടേലോടുന്ന തിരിക്കിനിടയിലാണ് അല്‍പ്പം റിലാക്സേഷനു വേണ്ടി ഒരു മലയാളം പടം കാണാന്‍ തീയേറ്ററിലേക്ക് ഓടുന്നത്. അങ്ങനെ ഓടി ചെല്ലുമ്പോള്‍ അവിടെ ഓടുന്നത് കമ്മട്ടിപ്പാടം പോലെയുള്ള ഒരു മോശം ചിത്രമാണെങ്കിലോ? തുടക്കം മുതല്‍ സഭ്യമല്ലാത്തതും സംസ്ക്കാര ശൂന്യവുമായ സംസാര ശൈലി. കുത്തും കൊല്ലും കൊലയും. എല്ലാ കഥാപാത്രങ്ങളും നരച്ച മുടിയും താടിയുമൊക്കെയായി വയസ്സായി മുന്നേറുമ്പോഴും നായകന് ദുല്‍ഖര്‍ സല്മാന് കട്ടിമീശ വെച്ചെന്നൊഴിച്ചാല് വേറെ ഒരു മാറ്റവുമില്ല.
കാശു കൊടുത്ത് എഴുതിപ്പിടിപ്പിച്ചതാണോ എന്തോ, ചില നല്ല കമ്മന്റ്സ് വായിച്ചതു കൊണ്ടാണ് ഈ കുമ്മാട്ടിക്കളിക്ക് പോയേക്കാം എന്നു കരുതിയത്. ഭാര്യയെ നിര്‍ബന്ധിച്ച് കൂട്ടിയതാണ്. ഒരാഴ്ച കൊണ്ട് ഏഴു കോടി നേടി എന്നു കൂടി വായിച്ചപ്പോള്‍ കണ്ടിട്ട് തന്നെ കാര്യം തന്നെ എന്നറുപ്പിച്ചതാണ്.
വാരഫലം നോക്കിയിരുന്നുവെങ്കില് ഈ സിനിമ കാണല്‍ എന്ന കൊലപാതകത്തിന് കൂട്ട് നില്‍ക്കേണ്ടി വരില്ലായിരുന്നു. കഷ്ടം. നടി മഞ്ജുവാര്യര്‍ പറഞ്ഞത്- സിനിമയെപ്പറ്റിയാണോ എന്നൊരു സംശയം. അവര്‍ പറഞ്ഞത്, ഇതൊരു സിനിമയല്ല മറിച്ച് ഒരു അനുഭവമാണെന്നായിരുന്നു. ശരിക്കും അനുഭവമായി പോയെന്ന് സിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായി.
നാട്ടില്‍ പോയ ഷാജി വര്‍ഗീസ് കോട്ടയം അഭിലാഷില്‍ നിന്നു പടം കണ്ട് ഛര്‍ദ്ദി വന്നിട്ട് ഇന്റര്‍വെല്ലിനു മുന്‍പ് ഇറങ്ങിപ്പോയി. നാട്ടില്‍ പോയ അനിലിന് ഇന്റര്‍വെല്ലിനു മുന്‍പ് തന്നെ വയറിളക്കം ആരംഭിച്ചു. ജോസ് മുണ്ടുചിറയ്ക്ക് ശ്വാസം മുട്ടലും തലകറക്കവും തുടങ്ങിയപ്പോഴേ തീയേറ്റര്‍ വിട്ടു. ലേഖകന്റെ ഭാര്യ ആദ്യ 15 മിനിറ്റിനു ശേഷം സ്ക്രീനില്‍ നോക്കാതെ ഫേസ് ബുക്കില്‍ തന്നെ മുഴുകി ഇരുന്നു. പ്രാക്ക് ആത്മഗതമായിരുന്നുവെങ്കില് തന്നെയും അതിന്റെ അലയടികള്‍ ഉച്ചസ്ഥായിയില്‍ തന്നെ എന്റെ കര്ണ്ണപുടങ്ങളിലെത്തിയിരുന്നു. 12 ഡോളര്‍ കൊടുത്തതല്ലേ എന്നു കരുതി വെറുതേ ഒരു ഊളനായി ഇരുന്നു കൊടുത്തു.
ഈ സിനിമ ആസ്വാദനശേഷിയുള്ളവര് മാത്രമാണ് കാണേണ്ടതെന്നും യഥാര്‍ത്ഥ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നതുമെന്നൊക്കെയാണ് സിനിമ വിദഗ്ധന്മാര് പറഞ്ഞു പരത്തുന്നത്. എന്നാല്‍ ഒരു കാര്യം വ്യക്തമായി പറയട്ടെ, ഈ സിനിമ കാണണമെങ്കില്‍ ആസ്വാദനശേഷി മാത്രം പോര, അസാമാന്യ ശേഷി തന്നെ വേണം. ഇത്തരമൊരു ശേഷി കൃത്രിമമായി ഉണ്ടാക്കിയെടുത്ത്, ഇല്ലാത്ത കാശും കൊടുത്ത് പടം കണ്ട് നിര്‍മ്മാതാക്കള്‍ക്ക് കാശുണ്ടാക്കി കൊടുക്കണമെന്നു പറയുന്ന വിദഗ്ധരോട് ഒന്നേ പറയാനുള്ളു. ഇമ്മാതിരിയുള്ള ചവറു പടങ്ങള്‍ എന്തിന്റെ പേരിലാണെങ്കിലും കണ്ടിരിക്കാനുള്ള അസാമാന്യ ശേഷിയുള്ള അമേരിക്കന്‍ മലയാളികള്‍ക്കില്ല. മണ്ണിന്റെ മണമുള്ള സാധാരണക്കാരന് ദഹിക്കുന്നതാവണം സിനിമ. അതൊരു കലാരൂപമാണ്. അല്ലാതെ ഡോക്യുമെന്ററി ഉണ്ടാക്കി കാണിച്ച് അതിനു സിനിമ എന്നു പേരിട്ട് വല്ലവരുടെയും പോക്കറ്റില്‍ കിടക്കുന്ന കാശ് പിടിച്ചു പറിക്കാനുള്ളതാവരുത്. കേരളത്തില്‍ നിന്ന് ഇമ്മാതിരി ചവറുകള്‍ പടച്ചു വിട്ട് അമേരിക്കന്‍ മലയാളികളുടെ ക്ഷമയുടെ നെല്ലിപലക കാണിച്ചു കൊടുക്കും എന്ന് ആര്‍ക്കെങ്കിലും നേര്‍ച്ച ഉണ്ടെങ്കില്‍ ഒന്നേ പറയാനുള്ള സുഹൃത്തുക്കളെ, മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്ക്കരുത്.
കമ്മട്ടിപ്പാടം കണ്ടിറങ്ങിയപ്പോള്‍ പലരും ചോദിക്കുന്നതു കേട്ടു, അമേരിക്കയിലുള്ള മലയാളികളോട് നാട്ടിലുള്ളവര്‍ക്ക് ഇത്രയും വിരോധമോ? പ്ലീസ്, ഞങ്ങളെ വെറുതെ കൊല്ലാകൊല ചെയ്യരുത്. ഇവിടെ അത്യാവശ്യം ഞങ്ങള്‍ ജീവിച്ചോട്ടെ. വല്ലപ്പോഴും ഒരു പടം കാണാന്‍ ഓടിയെത്തുമ്പോള്‍ ഇമ്മാതിരി അലുകുലുത്ത് പടങ്ങള്‍ കാണിച്ച് ഞങ്ങളുടെ കുടുംബഭദ്രത തകര്‍ക്കാതിരിക്കുക. കൂടാതെ, ഞങ്ങളുടെ തലയിലും അല്‍പ്പസ്വല്‍പ്പം ആള്‍ത്താമസം ഉണ്ടെന്നുന്നുള്ള നിലയില്‍ ഞങ്ങളെ കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം, പെരുച്ചാഴി, മണ്‍സൂണ്‍ മാംഗോസ് പോലെയുള്ള ലോകോത്തര സിനിമകള്‍ നിര്‍മ്മിക്കുന്ന ആള്‍ക്കാരാണെന്ന പേരുദോഷം ഉണ്ടെന്നു കരുതി എന്തുമാകാമെന്നു നിങ്ങള്‍ കരുതരുതെന്നു കൂടി അഭ്യര്‍ത്ഥിക്കട്ടെ. ഏവര്‍ക്കും നല്ല നമസ്ക്കാരം.