Image

എന്താണ് ഇന്ത്യയിൽ സംഭവിക്കുന്നത്? മണിപ്പൂർ മറ്റൊരു അരീനയോ?  (ലേഖനം: ജയൻ വർഗീസ്)

Published on 23 July, 2023
എന്താണ് ഇന്ത്യയിൽ സംഭവിക്കുന്നത്? മണിപ്പൂർ മറ്റൊരു അരീനയോ?  (ലേഖനം: ജയൻ വർഗീസ്)

അടുത്ത ഏതാനും ദശകങ്ങൾക്കുള്ളിൽ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പർ ആകുമെന്നുള്ള പ്രചാരണങ്ങൾഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അതിനിടയിൽ പാവം നാൽക്കാലിയായ പശുവിനെദൈവമാക്കി അതിന്റെ ചാണകത്തിൽ കുളിക്കുന്ന ഉത്തരേന്ത്യൻ വാർത്തകളും, അതിൽ പ്രതിഷേധിച്ചുകൊണ്ടുപന്നിക്ക് പൂണൂൽ ചാർത്തിക്കുന്ന ദക്ഷണേന്ത്യൻ വാർത്തകളും വന്നുകൊണ്ടിരിക്കുന്നു.  ഇതൊന്നുമല്ല, ഇന്ത്യൻപുരോഗതിക്ക് തടസമായി നിൽക്കുന്നത് വിഘടന വാദികളും, നക്സലൈറ്റുകളുമാണെന്നും, ഇപ്പോൾ അതിന്ചുക്കാൻ പിടിക്കുന്നത് മാവോയിസ്റ്റുകളാണെന്നും ഭരണ കൂടങ്ങൾ പറയുന്നു.

തിരുനെല്ലി വനാന്തരങ്ങളിൽ വച്ച് വറുഗീസിന്റെ നെഞ്ചിൻകൂട് പിളർന്ന് അയാളെ വകവരുത്തിയപ്പോളും, എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി രാജനെ ഉരുട്ടിക്കൊലപ്പെടുത്തി  അയാളുടെ വൃദ്ധ മാതാപിതാക്കളെകണ്ണുനീരിൽ കുളിപ്പിച്ചപ്പോളും , നക്സൽ പ്രസ്ഥാനങ്ങളെ ഉന്മൂല നാശം വരുത്തിയെന്നവകാശപ്പെട്ടിരുന്ന ഭരണകൂടങ്ങൾ, അന്നും, ഇന്നും  ഇന്ത്യയിൽ ഉയരുന്ന ദരിദ്രകോടികളുടെ പ്രതിഷേധത്തിന്റെ കനത്ത പുക കണ്ടിട്ടും, കണ്ടില്ലന്നു നടിക്കുകയാണ്!

ആദിവാസി-തോട്ടം മേഖലകളിൽ നിന്ന് നക്സൽ-മാവോയിസ്റ് പ്രസ്ഥാനങ്ങളുടെ വേരറുക്കൽഅസാധ്യമാണെന്ന് ബോധ്യമായത് കൊണ്ടായിരിക്കണം, സർക്കാർ തലത്തിലുള്ള ക്ഷേമ പദ്ധതികൾ ആദിവാസി- തോട്ടം മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും, അതിലൂടെ അവരെക്കൂടി മുഖ്യധാരയിലേക്ക്കൊണ്ടുവരുന്നതിലൂടെ ഇത്തരം പ്രസ്ഥാനങ്ങളുടെ വേരറുക്കൽ സാധ്യമാക്കാം എന്നുമൊക്കെയാണ്  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കണക്കു കൂട്ടലുകൾ.

കഴിഞ്ഞ എഴുപത് വർഷങ്ങൾ സ്വതന്ത്രമായി നില നിന്ന ഒരു രാജ്യത്ത്, അന്നത്തെ ജനസംഖ്യയിൽ പകുതിയോളംവരുന്ന ഒരു വലിയ കൂട്ടത്തെ ദാരിദ്ര്യ രേഖക്കടിയിൽ തളച്ചിടപ്പെടാനുണ്ടായ സാഹചര്യം എന്താണെന്ന്വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതേ കാലയളവിൽ മറ്റേ പകുതിയുടെ സാന്പത്തിക-സാമൂഹ്യ മേഖലകളിലേമുന്നേറ്റം അസൂയാവഹമായ മാനങ്ങൾ കൈയ്യടക്കുകയും ചെയ്തു. ഒരു ജനാധിപത്യ-സോഷ്യലിസ്റ്റു രാജ്യത്തെസംബന്ധിച്ചിടത്തോളം ഇത് നീതിയാണോ?

സ്വാതന്ത്രാനന്തര ഭാരതത്തിൽ നിലവിൽ വന്ന ഗവർമെന്റുകൾ ഏകപക്ഷീയമായി നടപ്പിലാക്കിയ വികസനവിരോധാഭാസമാണ് ഇതിനു വഴി വച്ചത്. പിൻവാതിലിലൂടെ ഭരണത്തിലും, അധികാരത്തിലും കയറിപ്പറ്റിയമേലാളന്മാർ, കുമിഞ്ഞു കൂടിയ പൊതുസ്വത്ത് സ്വന്തം പോക്കറ്റിലേക്ക് തന്ത്രപൂർവം അടിച്ചു മാറ്റുമ്പോൾ, ചിരിച്ചുകൊണ്ട് ഇവർ തങ്ങളുടെ കഴുത്തറുക്കുകയായിരുന്നു എന്ന് സ്വതന്ത്ര ഭാരതത്തിന് വേണ്ടി കാത്തുകാത്തിരുന്ന ഈ പാവങ്ങൾ മനസിലാക്കിയില്ല.! 

സമാനതകളില്ലാത്ത നന്മ്മകളുടെ നാടാണ് ഭാരതം! ഭൂപ്രകൃതിയും, കാലാവസ്ഥയും, സാംസ്കാരികസമ്പന്നതകളും മറ്റാരിൽ നിന്നും നമ്മെ വേർതിരിക്കുന്നു. നമ്മുടെ നാലതിരുകൾക്കുള്ളിൽ നമുക്ക്വേണ്ടതെല്ലാമുള്ള രാജ്യമാണ് നമ്മുടേത്. സമൃദ്ധമായ സൂര്യപ്രകാശം കൊണ്ടനുഗ്രഹീതമായ കന്നിമണ്ണ് കാത്തുകിടക്കുകയാണ് ഭാരതത്തിൽ! ജലസമൃദ്ധിയിൽ വെള്ളപ്പൊക്കത്തിന് വിധേയമാവുന്ന ഉത്തരേന്ത്യൻസംസ്ഥാനങ്ങൾക്കും, വറുതിയിൽ കുടിവെള്ളം മുട്ടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഒരേസമയം പ്രകൃതിക്ഷോഭ ദുരിതാശ്വാസം അനുവദിക്കേണ്ട വിരോധാഭാസം നടമാടുകയാണ് ഭാരതത്തിൽ?

ഉത്തരേന്ത്യയിലെ അധിക ജലം ദക്ഷിണേന്ത്യയിലേക്കു തിരിച്ചു വിടാനുള്ള ഭാവനയും, അതിനുള്ളതലച്ചോറുമില്ലാത്ത ഭരണ കൂടങ്ങളുടെ ദുരിതാശ്വാസ കമ്മറ്റികളിൽ കയറിപ്പറ്റി നാല് കാശ് സന്പാദിക്കുകയാണ്, നമ്മുടെ മഹാൻമാരായ ജനപ്രതിനിധികൾ!  ഇരിക്കുന്നതിനും, കിടക്കുന്നതിനും, മൂത്രിക്കുന്നതിനും, കാഷ്ഠിക്കുന്നതിനും വരെ അലവൻസുകൾ കൈപ്പറ്റുന്ന ഇവരുടെ വേതന നിരക്കുകൾ ഈയിടെ സർക്കാർപുറത്തു വിട്ടത് ഒന്ന് കാണേണ്ടത് തന്നെ! ആരും തലകറങ്ങി വീണുപോകും- അത് വാങ്ങുന്നവർ പോലും! 

മൂന്നു വശങ്ങളിലുമുള്ള കടലാഴങ്ങളിലെ വന്പിച്ച മൽസ്യ സന്പത്ത് മറ്റു രാജ്യങ്ങൾ കപ്പൽ ലോഡ് കണക്കിന്കട്ട് കടത്തുന്പോൾ, അവർ നീട്ടുന്ന അൽപ്പം കോഴക്ക് വേണ്ടി വായിൽ പഴം തള്ളി നിശ്ശബ്ദരാവുകയാണ് നമ്മുടെവല്യേട്ടന്മാർ? ധാതു സന്പത്തിന്റെയും, കൽക്കരി ഉൾപ്പടെയുള്ള പ്രകൃതി വിഭവങ്ങളുടെയും സ്ഥിതി ഇത് തന്നെ! യൂറേനിയവും, തോറിയവുമടങ്ങിയ ലോഹ മണൽ നിറഞ്ഞു കിടക്കുകയാണ് ചവറയിലെ വിശാലകടൽപ്പുറങ്ങളിൽ! ധാതു സന്പുഷ്ടമായ കരിമണൽ തീരമാണ് ആലപ്പുഴ മേഖലയിൽ മുഴുവനുമുള്ളത്. ഇരിമ്പും, മംഗനീസും, അഭ്രവും, അലുമിനീയവും സമൃദ്ധമായിട്ടുള്ള നമ്മുടെ നാടിനെന്തിനാണ്ആഗോളവൽക്കരണത്തിന്റെ അന്തിച്ചന്ത? ആഗോളവൽക്കരണത്തിന്റെ അരും നുകത്തിനടിയിൽ കഴുത്ത്പിണച്ചു കൊടുത്തു കൊണ്ട്, നമ്മുടെ മാർക്കറ്റുകൾ വിദേശ ഉൽപ്പാദകർക്കു തുറന്നു കൊടുത്തതെന്തിന്? 

നമുക്ക് വേണ്ടിയിരുന്നത് അവരുടെ ഉല്പന്നങ്ങളായിരുന്നില്ല.അവർ നേടിയ സാങ്കേതിക നൈപുണ്യമായിരുന്നു. നമുക്കാകാത്തിടത്തു അവരുടെ നൈപുണ്യവും, നമ്മടെ അസംസ്കൃത വസ്തുക്കളും കൊണ്ട് ഉൽപ്പന്നങ്ങൾനിർമ്മിച്ചെടുക്കുകയായിരുന്നു. ഒരു ഉൽപാദക രാജ്യമാവാനുള്ള വിഭവ ശേഷി കാത്തു കിടന്നപ്പോളും, വെറുമൊരുഉപഭോക്ത്റു രാജ്യമായി നമ്മൾ അധ:പതിക്കുകയാണ് ഉണ്ടായത്! 

ഇത് ഇൻഡ്യാക്കാരനെ അലസനായ അടിപൊളിക്കാരൻ ആക്കുകയാണുണ്ടായത്. ആയാസകരമായിധനവാനാകുന്നതിൽ നിന്ന് നയവൈകല്യങ്ങൾ അവനെ പിറകോട്ടടിച്ചിരിക്കുന്നു!  അടിക്കൂ,പൊളിക്കൂ, ആനന്ദിക്കൂ എന്ന ( എൻജോയ്  ദ  ലൈഫ്  ) പടിഞ്ഞാറൻ മുദ്രാവാക്യം അവൻ ഉശിരോടെ ഏറ്റുവിളിച്ചുതുടങ്ങിയിരിക്കുന്നു. ഇതിനുള്ള വഴി തുറക്കുന്നതിനായിരുന്നു, എൻജോയ്  ദ  ലൈഫ്  മൊഴിമാറ്റം നടത്തി 'അടിപൊളി "യാക്കി ഇന്ത്യക്കാരന്റെ മനസ്സിന്റെ മാർക്കറ്റിൽ ആദ്യമേ ഇറക്കി വിട്ടത്. അൻപതു ശതമാനത്തോളംജനങ്ങൾ ഇന്നും ദാരിദ്ര്യ രേഖക്കടിയിലോ സമീപത്തോ ആണെങ്കിലും അന്നന്നപ്പം മുട്ടില്ലാത്തവർ ഉൾപ്പടെയുള്ളഅൻപതു ശതമാനം വരുന്ന വാങ്ങലുകാർ ഇന്ത്യൻ മാർക്കറ്റിലുണ്ട്. ഇത് അമേരിക്കയിലെ മൊത്തംവാങ്ങലുകാരുടെ ഇരട്ടിയിലധികമാണ്. അനിഷേധ്യമായ ഈ വില്പനാ സാധ്യതയാണ്, വിദേശ കുത്തകകന്പനികളെ ഇന്ത്യൻ മണ്ണിൽ പിടിച്ചു നിർത്തുന്നത്. ഉൽപ്പാദന ചിലവിന്റെ പത്തും അതിലധികവും ഇരട്ടി വിലക്ക്‌സാധനങ്ങൾ മാർക്കറ്റ് ചെയ്യുന്ന ഈ കുത്തകകളുടെ ക്രൂര ദൃംഷ്ടങ്ങൾക്കിടയിലേക്ക് ഇന്ത്യൻ ജനതയെഎറിഞ്ഞു കൊടുത്ത ഭരണ കൂടങ്ങൾ മാപ്പ് അർഹിക്കുന്നതേയില്ല?

എൺപതു ശതമാനത്തിലധികം ജനങ്ങൾ നിവസിക്കുന്ന ഗ്രാമങ്ങളുടെ സന്പൂർണ്ണ പുരോഗതി ലക്‌ഷ്യം വച്ചുള്ളആസൂത്രണങ്ങൾ നടപ്പിലാക്കുന്നതിൽ നാം പരാജയപ്പെട്ടു. പകരം, നഗരങ്ങളിലെ ഇരുപത് ശതമാനത്തിനു വേണ്ടിമൊട്ടസൂചി മുതൽ മോട്ടോർ കാർ വരെയുള്ള ഉപകരണങ്ങൾ നിർമ്മിച്ചെടുക്കുവാൻ വേണ്ടി നമ്മുടെ പഞ്ചവത്സരപദ്ധതികളുടെ ഊർജ്ജം മുഴുവൻ ചെലവഴിക്കപ്പെട്ടു.ഫാക്ടറികളിൽ നിന്ന് പുറത്തുവന്ന ഉൽപ്പന്നങ്ങൾ വാങ്ങാൻകഴിയാതെ ഗ്രാമീണ ദരിദ്ര വർഗ്ഗം തങ്ങളുടെ പരിമിതികളിലേക്കു ചുരുണ്ടു കൂടിയപ്പോൾ, വ്യവസായ വികസനംകേവലം ജല രേഖയായി പരിണമിച്ചു! വൻകിട മൂലധനത്തോടെ സമാരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ പലതുംനഷ്ടത്തിലേക്ക് കൂപ്പു കുത്തിയത് ഇങ്ങിനെയാണ്‌. അര നൂറ്റാണ്ടിനു ശേഷം കൈവന്ന അൽപ്പം വളർച്ചയിലൂടെഇന്ത്യൻ വാങ്ങലുകാർ സജീവമായിത്തുടങ്ങിയതോടെ, ഇന്ത്യൻ കമ്പനികൾക്കെതിരെ മത്സരിക്കാൻ ആഗോളകുത്തകകളെ അനുവദിക്കുക വഴി, ഇന്ത്യൻ വ്യവസായ മേഖലയെ കൊലക്കു കൊടുക്കുവാനാണ്, ഫലത്തിൽആഗോളവൽക്കരണം സഹായിച്ചത്! 

രാഷ്ട്ര ശില്പിയെന്ന് നാം ആദരവോടെ വിളിക്കുന്ന നെഹ്‌റു ഭരണകൂടത്തിന് പറ്റിപ്പോയ വലിയൊരുപിടിപ്പുകേടായിരുന്നൂ ഇത്. ( വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നു വീഴുകയും ഒന്നാംകിട ജീവിതസൗകര്യങ്ങൾ ആസ്വദിച്ച് വളർന്നു വരികയും ചെയ്ത അദ്ദേഹത്തിന് അര വയറിൽ മുണ്ടു മുറുക്കുന്ന ഇന്ത്യൻദരിദ്രവാസിയുടെ ജീവിത വേദനകൾ എന്തെന്ന് മനസിലാക്കുവാൻ ഏതൊരു സാഹചര്യത്തിലുംസാധിക്കുമായിരുന്നില്ല എന്ന സത്യം അംഗീകരിക്കുന്നു. ) ആദ്യകാല പഞ്ചവത്സര പദ്ധതികളിൽ ഗ്രാമീണ-കാർഷിക മേഖലകളുടെ സമഗ്ര വികസനത്തിന് ഊന്നൽ കൊടുത്തിരുന്നുവെങ്കിൽ, വിഭവ സമൃദ്ധിയിൽ മടിശീലനിറയുന്ന ഗ്രാമവാസി സ്വാഭാവികമായും സുഖഭോഗ വസ്തുക്കൾ തേടിപ്പോകുമായിരുന്നു. അപ്പോൾസമാന്തരമായി ഒരു വ്യവസായിക വിസ് പോടനം വളർന്നു വരികയും, രാജ്യത്തിന്റെ മൊത്തം പുരോഗതിക്ക് രണ്ടുംകാരണമായിത്തീരുകയും ചെയ്‌യുമായിരുന്നു.

ഇന്ന് ഭരണകൂടങ്ങളും, മാധ്യമങ്ങളും ഇന്ത്യൻ പുരോഗതിയുടെ വലിയ വൃത്തങ്ങൾ വരച്ചിടുന്പോൾ, അവരും, അവരോടൊപ്പം നമ്മളും അറിയുന്നില്ല,  സർക്കാർ കണക്കിൽ തന്നെ മുപ്പതു ശതമാനത്തിലധികം വരുന്നനാൽപ്പതു കോടിയിലധികം ജനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ ഒരു നേരത്തെ ആഹാരം പോലും ഉറപ്പില്ലാത്തദാരിദ്രാവസ്ഥയിലാണെന്ന് ! ഭരണ മാഫിയകൾക്ക് വോട്ടു നേടുവാൻ മാത്രമുള്ള ഉപകാരണങ്ങളാക്കി അവരെജമീന്ദാരി ഭൂസ്വാമികളുടെ സ്റ്റോറേജുകളിൽ കൂട്ടിയിട്ടിരിക്കുകയാണെന്ന് !?

അടിസ്ഥാന വർഗ്ഗത്തിന്റെ സമുദ്ധാരണത്തിലൂടെ മാത്രമേ ഏതൊരു രാജ്യവും പുരോഗതി പ്രാപിക്കുകയുള്ളുഎന്നറിയുവാൻ വലിയ ബുദ്ധിജീവി ഇമേജൊന്നും ആവശ്യമേയില്ല. വെറും സാമാന്യ ബോധം കൊണ്ട് മാത്രം അത്മനസ്സിലാക്കാവുന്നതേയുള്ളൂ. മുതലാളിത്ത രാജ്യമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റുകൾ പരിഹസിക്കുന്നഅമേരിക്കയിൽ നിലവിലിരിക്കുന്ന മിനിമം  വേജസ് നിയമം സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഊട്ടിയുറപ്പിക്കുന്ന ഒരു വൻമുന്നേറ്റമാണ്. ജോലി ചെയ്യാൻ തയാറുള്ള ഏതൊരാൾക്കും മിനിമം വേജസ് കിട്ടും. ഈ തുക കൊണ്ട് അയാൾക്ക്ന്യായമായി ജീവിച്ചുപോകാം. അവന്റെ തലയ്ക്കു മുകളിൽ ദാരിദ്ര്യ രേഖയില്ല. ഇന്ത്യയിലാകട്ടെ, തൊഴിലെടുക്കുന്നവന് പോലും ദാരിദ്ര്യമാണ്.  അവന്റെ അദ്ധ്വാന ഫലം ആസൂത്രിതമായി തട്ടിയെടുക്കാൻകുത്തക മുതലാളിമാർക്ക് അവസരമൊരുക്കിക്കൊണ്ട് രാഷ്ട്രീയക്കാരും മതക്കാരുമായ ഇടനിലക്കാർ രക്ഷകവേഷത്തിൽ അവന്റെ ചുറ്റിലും നിൽക്കുന്നുണ്ട് എന്നതാണ് ഇതിനു കാരണം.

ഉത്തരേന്ത്യൻ ജമീന്ദാരികൾക്കു വേണ്ടി തലമുറകളായി അടിമപ്പണി ചെയ്‌യുന്ന ദരിദ്ര തൊഴിലാളികൾക്ക് അളന്നുകിട്ടുന്ന അൽപ്പം ഗോതന്പാണ്  ഇന്നും വേതനം എന്ന് കേൾക്കുന്നു. ഈ തൊഴിലാളിയുടെ ഏതോ മുതുമുത്തച്ഛൻ ഇന്നത്തെ ജമീന്ദാരുടെ ഏതോ മുതു മുത്തച്ഛനോടു എന്നോ വാങ്ങിയിട്ടുണ്ടന്നു പറയപ്പെടുന്നകടത്തിന്റെ പലിശക്കാണ് ഇന്നും അവൻ പണി ചെയ്യുന്നത്. ഒരു ജീവിതകാലം മുഴുവൻ പണിതാലും തീരാത്ത ഈകടം തന്റെ തലമുറകൾക്കു ഏൽപ്പിച്ചു കൊടുത്തിട്ടു ഈ തൊഴിലാളി മരിക്കുന്പോൾ, പുതിയ ജമീന്ദാരും, പുതിയതൊഴിലാളിയുമായി ഈ ചക്രം വീണ്ടും ഉരുളുകയാണ്‌. ഈ കടത്തിന്റെ അദൃശ്യ ചങ്ങലയാൽ കെട്ടപ്പെടുന്നത്കൊണ്ട് ജോലി ചെയ്യാൻ ത്രാണി നേടുന്ന ഏതൊരുവനും പുറത്തു കടക്കാനാവുന്നില്ലാ. വിദ്യാഭ്യാസസൗകര്യങ്ങൾ നിത്യമായി നിഷേധിക്കപ്പെടുന്നത് കൊണ്ട് പുറത്തെ ലോകം എങ്ങിനെ ചലിക്കുന്നുവെന്ന്ഇവരറിയുന്നില്ല. കാലാകാലങ്ങളിൽ വോട്ടു ചെയ്യാൻ മാത്രമായി അടുത്ത പട്ടണങ്ങളിലേക്കുആട്ടിത്തെളിക്കപ്പെടുന്ന ഈ അടിമക്കൂട്ടം, ജമീന്ദാർ യജമാനന്മാർ വരച്ചു കൊടുക്കുന്ന ഒരു ചെറിയവൃത്തത്തിനുള്ളിൽ തങ്ങളുടെ ലോകം ഒതുക്കുന്നു!

ഈ അടിമകളുടെ മോചനം സുസാധ്യമാകണമെങ്കിൽ, കേന്ദ്ര- സംസ്ഥാന തലങ്ങളിൽ നട്ടെല്ലുള്ള ഭരണ കൂടങ്ങൾവരണം. കുത്തഴിഞ്ഞ ജനാധിപത്യത്തേക്കാൾ, നട്ടെല്ലുള്ള ഏകാധിപത്യത്തിനു കൂടുതൽ ചെയ്യാൻ സാധിച്ചേക്കും. കൂട്ടുകക്ഷി രാക്ഷ്ട്രീയത്തിലൂടെ കസേര കളിച്ചു ഭരണത്തിലേറുന്നവർക്ക്, അതിൽ അള്ളിപ്പിടിച്ചിരുന്ന് സ്വന്തംകീശ വീർപ്പിക്കാനല്ലാതെ ഒന്നിനും സാധിക്കുകയില്ല.  കാരണം, ജമീന്ദാർ വർഗ്ഗത്തിലുള്ളവരുടെ പണവും കൂടിമുതലിറക്കിയിട്ടാണ് ഇയാൾ പാർലിമെന്റിൽ എത്തിയിട്ടുള്ളത് എന്ന് കാണാവുന്നതാണ്. . മറ്റൊരു തരത്തിൽപറഞ്ഞാൽ, ജമീന്ദാർ പണമിറക്കി, തന്റെ തൊഴിലാളികളെക്കൊണ്ട് വോട്ടു ചെയ്യിച്ചു, തനിക്കു വേണ്ടിപാർലിമെന്റിൽ അയച്ചിട്ടുള്ള ഡമ്മികളാണ് ഭൂരിഭാഗം എം .പി.മാരും. പരസ്യമായി രംഗത്തുവരാതെ കോർപറേറ്റ്പ്രഭുക്കൻമ്മാരും ഇത് തന്നെ ചെയ്യുന്നു. തങ്ങളുടെ യജമാനന്മാർക്കെതിരെയുള്ള ഏതൊരു നിയമനിർമ്മാണത്തെയും ഈ ഡമ്മികൾ നഖ ശിഖാന്തം എതിർത്തു തോൽപ്പിക്കുക തന്നെ ചെയ്യും. ഫലത്തിൽ, തള്ളക്കോഴിക്ക് മുല വരുന്നത് കാത്തിരിക്കുന്ന കുഞ്ഞുങ്ങളെപ്പോലെ, വികസനത്തിന്റെയും സമൃദ്ധിയുടെയുംഅയഥാർത്ഥ സ്വപ്നങ്ങളോടെ ഇന്ത്യൻ സാമൂഹ്യാവസ്ഥയിലെ ഈ അടിമക്കൂട്ടങ്ങൾ എന്നുമൊരുയാഥാർഥ്യമായിരിക്കും. വികസനത്തിന്റെ വിപ്ലവം ഛർദ്ദിക്കുന്ന മാധ്യമങ്ങളോ കോർപ്പറേറ്റുകളുടെ ആസനംതാങ്ങാനായി വരിയുടച്ചു പരുവപ്പെടുത്തിയ സാംസ്കാരിക മുരട്ടു കാളകളോ ഇവരെ കാണുകയേയില്ല.

തൊള്ളായിരത്തി നാൽപ്പത്തേഴിൽ ഇന്ത്യ നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം കുരക്കാനുള്ള സ്വാതന്തൃമാണ്. കൂടുതൽ ഉച്ചത്തിൽ കുരക്കുന്നവൻ കൂടുതൽ പൊതുമുതൽ കൈയ്യടക്കുന്ന അവസ്ഥയാണ് സംജാതമായത്. നാൽപ്പത്തേഴിന് മുൻപും പിൻപുമുള്ള സൂര്യോദയങ്ങൾ ഇന്ത്യൻ ദരിദ്രവാസിക്ക് ഒരുപോലെയാണ്അനുഭവപ്പെടുന്നത് എന്നതാണ് നഗ്നമായ യാഥാർഥ്യം. ബ്രിട്ടീഷ് സായിപ്പൻമ്മാർ മോട്ടോർ സൈക്കിളിൽഎത്തിയിരുന്നിടത്ത് ഇന്ന് വീറ്റിഷ് (ഗോതന്പു നിറം) സായിപ്പന്മാർ കോടി വച്ച കാറുകളിൽ എത്തുന്നു. ജമീന്ദാരുടെ ആതിഥ്യം സ്വീകരിച്ചെത്തുന്ന അവരെ ഭക്ത്യാദരവുകളോടെ ജമീന്ദാരുടെ തൊഴിലാളികൾ ഇന്നുംകൈ തൊഴുന്നു! തക്കാളിയുടെ നിറമുള്ള തന്പുരാക്കന്മാർ തങ്ങളെ നോക്കി കൈ വീശുന്പോൾ, ഉത്തരേന്ത്യൻവേനൽച്ചൂടിൽ കത്തിക്കരിഞ്ഞ കറുത്ത തൊഴിലാളികൾ ജന്മസാഫല്യമടഞ്ഞ സന്തോഷത്തോടെകോൾമയിർക്കൊള്ളുന്നു!

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ഇന്ത്യൻ മൂലധന നിക്ഷേപത്തിൽ നിന്ന് ഒരു ചില്ലിയുടെ പോലും പ്രയോജനംലഭിക്കാതെ പോയ ഈ വലിയ കൂട്ടം അത് തങ്ങളുടെ കൂടി അവകാശമായിരുന്നുവെന്ന് ഇന്നും അറിഞ്ഞിട്ടില്ല. 'നിന്റെ ദുരന്തം നിന്റെ വിധിയാണ്' എന്ന് ചെവിയിൽ മന്ത്രിച്ചു കൊടുക്കുവാൻ വേണ്ടി മതങ്ങളെയും യജമാനവർഗ്ഗം ഒരുക്കി നിർത്തിയിട്ടുണ്ട്  ദൈവത്തിന്റെ ലേബൽ നെറ്റിയിലൊട്ടിച്ചിട്ടുള്ളത് കൊണ്ട് ഈ നീലക്കുറുക്കൻമാരെപാവങ്ങൾ തിരിച്ചറിയുന്നുമില്ല!

മാനവീകതയുടെ മഹത്തായ സാധ്യതകൾ സ്വപ്നം കാണുന്ന ഇന്ത്യൻ യുവത്വം ഇവർക്ക് വേണ്ടിഉണരണം.വിദ്യാഭ്യാസത്തിലൂടെ തങ്ങൾ നേടിയ വെളിച്ചം ഇവർക്ക് കൂടി പകർന്നേകണം. ഏറ്റവും ചുരുങ്ങിയത്ഒരു പൗരൻ എന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു അവരെ ബോധവാന്മാരാക്കണം. പുകയില, മദ്യം, ആഭരണങ്ങൾ എന്നിവ പൂർണമായി വർജ്ജിക്കുവാൻ അവരെ പഠിപ്പിക്കണം. പ്രകൃതിയുടെ തോഴന്മാരായഇവരെ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും, അടിപൊളിയുടെ ആക്രമണത്തിൽ നിന്ന്സ്വയം രക്ഷപ്പെടുന്നതിനും സജ്ജരാക്കണം.

സ്വന്തം വർഗ്ഗത്തെയും, ചോരയെയും തിരിച്ചറിയുന്ന ഒരു ജനകീയ കൂട്ടായ്മയാണ് അവർക്കാവശ്യം. തങ്ങൾചൂഷിതരാണ് എന്ന തിരിച്ചറിവ് 

ഇവരെ ഉണർത്തും. ചൂഷകർക്കെതിരെയുള്ള ജനകീയ പ്രതിരോധത്തിൽ ഇവർ വലിയ ശക്തിയായി മാറും. ആശക്തിക്കെതിരെ തോക്കും, ലാത്തിയും ഒന്നുമല്ലാതായിത്തീരുന്ന കാലം വരും!

നിത്യമായ വിദ്യാഭ്യാസ നിഷേധത്തിലൂടെ ഉത്തരേന്ത്യൻ അടിമകളുടെ പ്രതിഷേധങ്ങളെ നിശബ്ദമാക്കാൻഇക്കാലമത്രയും മേലാളർക്കു സാധിച്ചുവെങ്കിൽ, എല്ലാ പ്രതിരോധങ്ങളെയും അതിജീവിച്ചു കൊണ്ടുള്ളപ്രതിഷേധങ്ങൾ വ്യാപകമാവുകയാണ് ഭാരതത്തിൽ! അറിവിന്റെ വെളിച്ചം അൽപ്പമെങ്കിലും നേടാൻ കഴിഞ്ഞദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഈ പ്രതിഷേധങ്ങൾ ഇക്കാലം വരെയും ശക്തമായിരുന്നതെങ്കിൽഇപ്പോളതു മണിപ്പൂർ പോലെയുള്ള അത്ര വികസിതമല്ലാത്ത പ്രദേശങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. നിതാന്തമായമൗനത്തിന്റെ നിശബ്ദത കൊണ്ടും മത - ഗോത്ര വർഗ്ഗ സംഘട്ടനങ്ങളുടെ പുകമരകൊണ്ടും ഇതിനെസാമാന്യവൽക്കരിക്കാൻ ശ്രമിക്കുന്ന ഭരണ കൂടങ്ങൾക്കു രക്ഷപ്പെടുവാൻ കുതന്ത്രങ്ങളുടെ മണലിലെ  തലപൂഴ്ത്തഅൽ മതിയാവുകയില്ല എന്ന് അവർ തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ഉയർന്നുയർന്നു പോകുന്നകർഷകരുടെ ആല്മഹത്യകൾ പോലും ഇന്ത്യയിൽ തകർന്നടിയുന്ന ധാർമ്മിക അപചയങ്ങൾക്കെതിരെയുള്ളപ്രതിഷേധത്തിന്റെ പ്രഖ്യാപനങ്ങളാണ്  എന്ന് നാം മനസ്സിലാക്കണം. ഭരണകൂടങ്ങൾക്കെതിരെയുള്ളപ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടുമെന്നു ബോധ്യമുള്ള ദരിദ്ര കർഷകർ സ്വയം പീഠിപ്പിച്ചു കൊണ്ട്കീഴടങ്ങുകയാണ്, ആല്മഹത്യയിലൂടെ! പക്ഷെ, അവരെയും, അവരുടെ ദുരന്തങ്ങളെയും നെഞ്ചേറ്റുന്ന ഒരുവലിയ സമൂഹം ഇന്നും ജീവിച്ചിരിക്കുന്നുണ്ട് സമൂഹത്തിൽ?

വിസ്പോടനാല്മകമായ ഈ സ്ഥിതിവിശേഷം ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സാധ്യതകളിലേക്ക്ഇന്ത്യയെ നയിക്കപ്പെടാനുള്ള സാഹചര്യങ്ങൾ വളർന്നു വരികയാണ്. ഇതുവരെ ഭാരതം ഉയർത്തിപ്പിടിച്ചധാർമ്മികവും, സാമൂഹികവും, സാംസ്‌കാരികവുമായ മൂല്യങ്ങൾ ഈ പ്രളയത്തിൽകുലംകുത്തിയൊഴുകിപ്പോകുന്പോൾ, ഭാരതീയർ എന്ന നിലയിൽ നാം ഏറ്റുവാങ്ങേണ്ടി വരുന്ന പ്രത്യാഘാതങ്ങൾഅനിര്വചനീയമായിരിക്കും!?

ഇത് തടയാൻ ഏറെ കടപ്പെട്ട ഭരണകൂടങ്ങൾ അടിയന്തിരമായി ഉണരണം. മേശക്കടിയിൽ വീഴുന്നമുറിക്കഷണങ്ങൾ കൊണ്ട് ഇനിയിവരെ തടയാനാവില്ലെന്ന് ഭരണകൂടങ്ങൾ അറിയണം. എല്ലാ സാന്പത്തിക- സാമൂഹിക- സ്വാന്തനങ്ങളും ഇവരിലേക്ക് തിരിച്ചു വിടണം. ദരിദ്ര മേഖലകളിലെ ചോർന്നൊലിക്കുന്ന കൂരകൾക്കുപകരം മെച്ചപ്പെട്ട പാർപ്പിടങ്ങൾ ഉയരണം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെ പാടേ അവഗണിച്ചുകൊണ്ട്, ജോലിയിലിരുന്നു പരിശീലനം നേടാനുള്ള സംവിധാനത്തോടെ ആകാവുന്നത്ര സർക്കാർ ജോലികൾ ഇവർക്കായിസംവരണം ചെയ്യണം. ആരോഗ്യ സംരക്ഷണാർത്ഥം ഇവർക്ക് ഹെൽത്ത് കാർഡുകൾ നൽകണം.ഈ കാർഡുകൾകാണിച്ചുകൊണ്ട് ഏതൊരു സ്വകാര്യ സ്ഥാപനത്തിൽ നിന്നും ഇവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം. കാർഡുകളിലേക്കുള്ള പേയ്‌മെന്റുകൾ അടിയന്തിര പ്രാധാന്യത്തോടെ സർക്കാർ വഹിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗ്രാമ ഗലികളിലേക്കു കടന്നു ചെല്ലുകയും,  പ്രായ ഭേദമന്യേ ഇവർക്ക് സൗജന്യവിദ്യാഭ്യാസം നൽകുകയും വേണം. അതിനു തടസമായി നിൽക്കുന്നത് ജമീന്ദാരി തന്പുരാക്കൻ ആണെങ്കിലും, സവർണ്ണ പ്രഭുക്കന്മാർ ആണെങ്കിലും, നിയമം മൂലം ഇവരെ നിലക്ക് നിർത്തണം. സർവോപരി, കൃഷിഭൂമിയിന്മേലുള്ള അവകാശം കൃഷി ചെയ്യുന്നവരായ ഇവരിലേക്ക് വരണം. കായിക ജോലികൾക്കുള്ളവേതന നിരക്ക്, ഓഫീസ് ജോലികൾക്കുള്ളതിനേക്കാൾ കൂടുതലാക്കിക്കൊണ്ട് നിയമ നിർമ്മാണം നടത്തണം.

ഇത്രയുമൊക്കെ അടിയന്തിരമായി ചെയ്‌താൽ ഒരു മഹാ ദുരന്തം ഒഴിവാക്കാൻ സാധിച്ചേക്കും. നഗര മേഖലകളിലെവികസന വിപ്ലവം ഗ്രാമ ഗലികളിലേക്ക് തിരിച്ചു വിടണം.

പണമെവിടെ എന്നാണോ? പണമുണ്ട്.സമർത്ഥമായ സംവിധാനത്തിലൂടെ അത് കണ്ടെത്തിയാൽ മതി.സർക്കാർഎഴുതിത്തള്ളാനൊരുങ്ങുന്ന ആദായ നികുതിക്കുടിശ്ശിഖ മാത്രം കോടാനുകോടി വരും.അത് പോലെഒളിഞ്ഞുകിടക്കുന്ന പണം മറ്റു മേഖലകളിലും ധാരാളമുണ്ട്. ക്രിമിനൽ കുറ്റങ്ങൾക്കുള്ള പിഴ ഉയർന്ന നിരക്കിൽപണമായി ഈടാക്കണം. അപരനെ അടിക്കുന്നവനുള്ള പിഴ ഓടിക്കുന്നവന്റെ ശേഷിക്കനുസരിച്ചുഅൻപതിനായിരം മുതൽ, അഞ്ചുകോടി വരെ ഈടാക്കണം. ഇത് ചെയ്‌താൽ ഗുണ്ടാപ്പണി പോലും ക്രമേണ നിന്ന്പോകും?

ഈ വൈകിയ വേളയിൽ ഒന്നേ പറയാനുള്ളു: അൽപ്പസ്വൽപ്പം നഷ്ടം സഹിച്ചിട്ടാണെങ്കിലും, അവകാശങ്ങൾ പങ്കുവയ്ക്കുകയാണ് അഭികാമ്യം.ആരുടെ നെഞ്ചിലൂടെയും തേര് തെളിച്ചു കൊണ്ടുള്ള ഈ അധികാര ഘോഷയാത്രഅധികം നിൽക്കാൻ പോകുന്നില്ല. ഓരോ ആല്മഹത്യയും ഓരോ പ്രതിഷേധമാണ്. ഓരോ പ്രതിഷേധവും ഓരോതീപ്പൊരിയാണ്. തലമണ്ടയുണ്ടെങ്കിൽ ഈ തീപ്പൊരി പടരാൻ അനുവദിക്കരുത്. അണിപ്പൂരിലെതീയണയ്ക്കാനായി ഭരണകൂടങ്ങൾ നഗ്ന പാദരായി അവിടേയ്ക്കു ഇറങ്ങിച്ചെല്ലണം. 

‘ നിരാശയുടെ ചുടലക്കളങ്ങളിൽ നിന്ന് മനുഷ്യപ്പിശാചുക്കൾ ഉടലെടുക്കുന്നു ‘ വെന്ന് പറഞ്ഞതാരാണ്? വർക്കിയോ ? ദേവോ? ആരായാലും അത് യാഥാർഥ്യമാവുകയാണ് ഇന്ത്യൻ സമൂഹത്തിൽ- കരുതിയിരിക്കുക!

Join WhatsApp News
Chacko Kurian 2023-07-23 23:17:58
The time is not looking for philosophical articles. The whole world now knows what’s happening in Manipur. Please support the people who are trying whatever they could to get the government do what is necessary to stop the carnage.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക