മെല്ലെ ജീവിതാവസാനത്തിലേക്കെത്തുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞേ തീരു. അത് പരമ സത്യമായി അറിയാമായിരുന്നെങ്കിലും അനുഭവിച്ചുകൊണ്ടേയിരിക്കുന്ന സ്വാതന്ത്ര്യം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.
ഇങ്ങനെയിരിക്കെ, സുരക്ഷിതത്വവും മറ്റും കണക്കിലെടുത്താണ് മക്കളും പേരക്കിടാങ്ങളും ചേര്‍ന്ന് ഒരു അപാര്‍ട്ടുമെന്റ് സംഘടിപ്പിച്ചത്.
''സമ്പന്നര്‍ വാടക മുറികളിലാണ് ജീവിക്കുന്നത്...''
''ദരിദ്രവാസികളും....'' അങ്ങനെ മറുപടി പറയാന്‍ വാക്കുകള്‍ വന്നതാണ്, പക്ഷേ അത് നാവിന്‍ത്തുമ്പില്‍ത്തന്നെ നിന്നു. പറയുന്നതിന്റെ നാടന്‍ പശ്ചാത്തലം പുതു തലമുറകള്‍ക്ക് മനസ്സിലായില്ലെങ്കിലോ.
കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മക്കള്‍ പറഞ്ഞു:
''രണ്ടു കിടപ്പുമുറികളുണ്ട്, തൂപ്പുതുടപ്പും പുല്ലുവെട്ടും വേണ്ട, ......ഗ്രാന്‍പായും ഗ്രാന്‍മായും ടിവി കണ്ടുകൊണ്ടിരുന്നാല്‍ മതി... പുറത്തിറങ്ങി കൊതുകടീം വേണ്ട.''
അപാര്‍ട്ട്‌മെന്റ് കോംപ്ലക്സിന്റെ വിചിത്രമായ ചിത്രം വരഞ്ഞു കിട്ടിക്കൊണ്ടേയിരുന്നു, ഏറെ ചായക്കൂട്ടോടെ. സുരക്ഷാ ഭടന്മാര്‍ കാവല്‍ നില്ക്കുന്ന സെക്യൂരിറ്റി ഗേറ്റ്. കോംപ്ലക്‌സില്‍ എല്ലാത്തരം സേവനങ്ങളുമുണ്ട്. ഡോക്ടറും ഫാര്‍മസിയും ബാങ്കും പിന്നെ ഒരു പോസ്റ്റ് ഓഫീസുവരെയുണ്ട്.
നേര് .....?
പക്ഷേ, സ്വകാര്യ അദ്ധ്വാനത്തിന്റെ സ്വതന്ത്ര്യം കളഞ്ഞിട്ട് ചുമ്മാതിരിക്കുന്ന ഒരു സ്വര്‍ഗ്ഗത്തിലേക്ക് നേരത്തെ പോകണോ? താലോലിച്ച സ്വപ്നങ്ങള്‍ അകാലത്തില്‍ മറ്റുള്ളവര്‍ കയ്യേറുന്നത് കാണണോ, അത് മക്കളും കൊച്ചുമക്കളും ആണെങ്കില്‍ക്കൂടി.
എന്റെ ലൈബ്രറി റൂമില്‍ ഒരു ചുവര്‍ ചിത്രമുണ്ട്. യാഥാര്‍ത്ഥ്യത്തില്‍ ആ ചിത്രവുമായി എനിക്ക് ഒരു ബന്ധവുമില്ല, ഇഷ്ടപ്പെട്ടിട്ട് വിലകൊടുത്ത് വാങ്ങിയതല്ല.
എങ്കിലും,
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ആ ചിത്രം കാണാത്ത ഒരു ദിവസവും എനിക്കില്ലായിരുന്നു. അതൊരു കച്ചവടച്ചിത്രമായിരുന്നില്ല. കയ്യൊപ്പില്ല, വില്പനക്ക് പകര്‍പ്പെടുത്തതിന്റെ അക്കങ്ങളുമില്ല. ചിത്രകാരന്റെ മനസ്സും ചിന്തയും ആത്മാവും നിറഞ്ഞുനില്ക്കുന്ന ചിത്രം! അതിനൊരു തലവാചകവും ചാര്‍ത്തി വെച്ചിട്ടില്ലായിരുന്നു. എങ്കിലും പറഞ്ഞുകേട്ടിരുന്നത് ''മിക്കോങ് താഴ്‌വരയിലെ സുര്യോദയം'' എന്നാണ്.
മിക്കോങ് നദിയും താഴ്‌വരയും നാട്ടിന്‍പുറവും എന്റെ മുന്നില്‍വന്ന് നിത്യവും നൃത്തമാടുന്നതുപോലെ.
എന്റെ പേരക്കുട്ടിയോട് ഞാന്‍ പറഞ്ഞു
''ഈ വീടിന് നീ മാറ്റങ്ങള്‍ വരുത്തുമെന്ന് എനിക്കറിയാം, എങ്കിലും ഈ ചിത്രം അവിടെത്തന്നെ ഉണ്ടായിരിക്കണം.......''
അവന്റെ മറുപടി ഏറെ തത്വശാസ്ത്രപരമായ ഒരു മറു ചോദ്യവുമായി:
''എത്രകാലം വരെ...?''
അതായത് അത് സംരക്ഷിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് അവന്‍ ഒഴിഞ്ഞുമാറി. ശരിയാണ് ഏതിനെങ്കിലും എന്തിനെങ്കിലും സ്ഥിരമായ നിലനില്പുണ്ടോ? എന്നാലും ഞാന്‍ കരുതി ആ ചിത്രത്തിന്റെ പ്രാധാന്യം അവന്‍ മനസ്സിലാക്കുമെന്ന്.
അതിന്റെ സംരക്ഷണം ഏറ്റെടുക്കാമെന്ന് ഒരു കാലത്ത് ഞാന്‍ വാക്കു കൊടുത്തിരുന്നല്ലോ
ഓര്‍ക്കുമ്പോള്‍ ഇന്ന് ചരിത്രം ആവര്‍ത്തിക്കുന്നതുപോലെ.!
പഴയ കഥ:
നാല്പതു വര്‍ഷം മുമ്പ് ഈ നഗരത്തിലേക്ക് പുതുതായി ഞങ്ങള്‍ വന്നു. എത്രനാള്‍ അപാര്‍ട്ട്‌മെന്റില്‍ ജീവക്കും, ഒരു വീടു വാങ്ങണം. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് തനിയെ സമയം ചെലവഴിക്കാനുള്ള ഇടം കണ്ടെത്താന്‍, തങ്ങളുടെ സ്വകാര്യത സൂക്ഷിക്കാന്‍. വിശാലമായ ബാക്ക്‌യാര്‍ഡു വേണം. കൂടാതെ കിളികളെയും അണ്ണാര്‍ക്കണ്ണന്മാരെയും ആകര്‍ഷിക്കാന്‍ ഉയരമുള്ള മരങ്ങളും അകമ്പടിയായി!
ഇടനിലക്കാരില്ലാതെയുള്ള വില്പനയുടെ ബോര്‍ഡ് കണ്ടപ്പോള്‍ നേരെയങ്ങ് കേറിച്ചെന്നു. ആ വൃദ്ധന്‍ എന്നെ കാത്തിരുന്നതുപോലെ.
തൊട്ടു മുന്നിലെ വഴിയിലൂടെ കാറോടിച്ചു പോകുന്നവരെ, പ്രത്യേകിച്ച്, അല്പമൊന്ന് സാവകാശത്തില്‍ പോകുന്നവരെ ആര്‍ത്തിയോടെ നോക്കിയിരിക്കുകയായിരുന്നു അയാള്‍. ചിലപ്പോഴെങ്കിലും അയാള്‍ക്ക് തോന്നിയിരിക്കാം ആ കാത്തിരിപ്പിന് അവസാനമില്ലെന്ന്.
ഒരു കൗതുകത്തിനു മാത്രമായിരുന്നു പ്രഫഷണലല്ലാത്ത അനാകര്‍ഷകമായ ആ വില്പന ബോര്‍ഡിലേക്ക് പലരും തുറിച്ചു നോക്കിയിരുന്നത്.
അതേ, എനിക്കും ആവശ്യത്തിന്റേതായ ഒരു കൗതുകം!
എതോ നഷ്ടബോധത്തിന്റെ പ്രതീകംപോലെ തോന്നി സ്വീകരണമുറിയുടെ അലങ്കാരങ്ങള്‍. വേസുകളിലൊന്നും പൂക്കളില്ല, പച്ചനിറവും കാണാനില്ല, പകരം ഉണങ്ങിയ പുല്‍ത്തണ്ടുകള്‍. അതിലേറെ എന്നെ ആകര്‍ഷിച്ചത് ചുമരില്‍ തൂക്കിയിട്ടിരുന്ന പെയിന്റിംഗ് ആയിയിരുന്നു.. അവിടവിടെ മാറാല പിടിച്ചു കിടന്നത് ആ ചിത്രത്തിന്റെ സ്വഭാവികതയാണോയെന്നുപോലും തോന്നിപ്പോയി.
ചിത്രകലയിലെ ഒരു പ്രസ്ഥാനത്തെയും പ്രതിനിധീകരിക്കാത്തത്. കാല്പനികതയല്ല, ഇംപ്രഷനിസത്തില്‍ നിന്ന് ഒരു കുതിപ്പുപോലെ, എന്നാല്‍ എക്സ്പ്രഷനിസത്തിലൂടെ ആധുനികതയില്‍ ചെന്നിട്ടുമില്ല.
എന്റെ അപക്വമായ വിലയിരുത്തല്‍.
ഉദിച്ചുയരുന്ന സൂര്യകിരണങ്ങള്‍ ചെറു ഓളങ്ങളുമായി സാവധാനം നീങ്ങുന്ന വെള്ളത്തില്‍ പതിച്ച് വിവിധ നിറങ്ങളായി രൂപപ്പെടുന്ന നിമിഷത്തിന്റെ ചിത്രീകരണം.
ഞാന്‍ ആ ചിത്രത്തിലേക്ക് നോക്കി നിന്നപ്പോള്‍ വൃദ്ധന്‍ പറഞ്ഞു
''മിക്കോങ് താഴ്‌വരയിലെ സുര്യോദയം.''
എനിക്ക് ഒന്നും മനസ്സിലായില്ല.
എവിടെയാണീ മിക്കോങ് താഴ്‌വര? അറിവില്ലായ്മ മറച്ചുവെച്ചുകൊണ്ട് ഞാന്‍ വീണ്ടും ആ ചിത്രം ആസ്വദിക്കുന്നതായി....
ഒരു ഒറ്റയാന്‍ ചിത്രം.
അപ്പോള്‍ വൃദ്ധന്റെ കണ്ണു നിറയുന്നതുപോലെ
''മകന്‍ വരച്ച ചിത്രമാണ്.....''
വാക്കുകള്‍ക്ക് കനം വെച്ചു.
''അവന്‍ അവസാനമായി വന്നപ്പോള്‍ വരച്ചത്...'' ഒരു വിശദീകരണമോ... മറുചോദ്യമോ അയാള്‍ എന്നില്‍ നിന്ന് പ്രതീക്ഷിച്ചില്ല.
''ഇത് മിക്കോങ് നദിയിലെ പ്രഭാത സൂര്യന്‍, തനിപ്പകര്‍പ്പുപോലെ.. അവന്‍ അന്ന് അവിടെയായിരുന്നു.''
നിമിഷങ്ങള്‍ തളംകെട്ടി നിന്നു.
''വിയറ്റ്‌നാമില്‍......''
വിയറ്റ്‌നാം, ആ വാക്ക് എന്നില്‍ ഞെട്ടലുണ്ടാക്കി.
പ്രതിഷേധ ജീവിതരീതിയും വിപ്ലവവും ഒന്നാണെന്ന് ധരിച്ചിരുന്ന കാലം. ഹിപ്പികളാണ്പ്രത്യക്ഷ മാതൃക. അവര്‍ അമേരിക്കയില്‍ നിന്ന് വരുന്നവരാണ്, തങ്ങളുടെ നാടുമായി, അതിന്റെ ജീവിതരീതിയുമായി ഒത്തുചേരാതെ.
അമേരിക്കയാണെങ്കില്‍ വിയറ്റ്‌നാമുമായി തുറന്ന യുദ്ധത്തിലും. യാഥാര്‍ഥ പോരാട്ടം.
ഇതിന്റെ ഭാഗമായിയിരുന്നു വിയറ്റ്‌നാം യുദ്ധത്തിനെതിരായ പ്രതിഷേധങ്ങള്‍.
അമേരിക്കന്‍ എംബസിയുടെ സമീപത്തെ തെരുവിലും കൊണാട് പ്ലേസിലെ കോണ്‍സലേറ്റ് ലൈബ്രറിയുടെ മുന്നിലും പാര്‍ലമെന്റ് ഹൗസിന്റെ അടുത്തും അരങ്ങേറിക്കൊണ്ടിരുന്ന പ്രകടനങ്ങള്‍!
അന്ന് തൊള്ളതുറന്ന് വിളിച്ചു പറഞ്ഞ ചില വാക്കുകള്‍: ''ജോണ്‍സാ, കൊലയാളീ നിന്നെ ഞങ്ങള്‍ കണ്ടോളാം...''
നാട്ടിലെ ഒരു പഞ്ചായത്തു പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ നിന്ന് പ്രതിഷേധിക്കുന്ന ലാഘവത്തോടെ.
മനസ്സിലേക്കു വന്ന അടുത്ത ചിത്രം, കുറേ നാളുകള്‍ കഴിഞ്ഞപ്പോള്‍, അമേരിക്കന്‍ എംബസിയില്‍ ഇമിഗ്രേഷന്‍ ഓഫീസറുടെ മുന്നില്‍ വിസാ ഇന്റര്‍വ്യൂവിന് ഇരിക്കുന്ന അവസരമാണ്. കുറേയധികം ചോദ്യങ്ങളുണ്ട്..
കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളില്‍ അംഗമായിരുന്നിട്ടുണ്ടോ?
ഇല്ലായെന്നുത്തരം.
യൂണൈറ്റഡ് സ്റ്റേറ്റ്‌സിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ടോ?
ഇല്ല
യൂണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പട്ടാളത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടാല്‍ സമ്മതമാണോ?
കണ്ണുമടച്ച് യേസ് എന്നെഴുതി.
''വലതുകരം ഉയര്‍ത്തുക, എന്റെ പിന്നാലെ സത്യം, സത്യം, സത്യം എന്ന് പറയുക.'' ''സത്യം, സത്യം, സത്യം...''
എന്തോ നേടിയെന്ന ഭാവത്തോടെ ടാക്സിയില്‍ മടങ്ങുമ്പോള്‍ ചെഗുവാരെ പടമുള്ള ഉടുപ്പു ധരിച്ച തന്റെ മൂന്‍കാല രൂപം മറന്നു. വിരുദ്ധ സംസ്‌കൃതിവക്താവെന്ന പദവിയും ഒളിപ്പോരുയുദ്ധവും പിന്നിലെവിടെയോ.
പുറത്തെ റോഡില്‍ ദിനംപ്രതിയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നു. ആരും കാണാതിരിക്കാന്‍ കണ്ണുകളടച്ചു; അവര്‍ക്ക് തന്നെ കാണാതിരിക്കാനോ, അതോ തനിക്ക് അവരെയോ.
ഇതിനിടയില്‍ വൃദ്ധന്‍ കഥ തുടരുകയായിരുന്നു.
ഒരിക്കല്‍ അവന്‍ മടങ്ങിവന്നു. അന്ന് പറഞ്ഞുകൊണ്ടിരുന്നത് നദിയുടെ കഥ. പര്‍വ്വതങ്ങളില്‍ നിന്ന് പൊട്ടിവിടര്‍ന്നു വരുന്ന മിക്കോങ് നദിയുടെ മിത്ത്. അമ്മൂമ്മക്കഥകള്‍. ചൈനയില്‍ നിന്ന്, ബര്‍മ്മ വഴി സയാമും ലാവോസും കംബോഡിയയും കടന്ന് കടലിനെ ലക്ഷ്യമിട്ട് താഴ്‌വരയിലെത്തുന്നു. സെയ്‌ഗോണ്‍ നഗരത്തിന്റെ തെക്കുഭാഗത്ത്.
തീരങ്ങളില്‍ ശുദ്ധ ഗ്രാമീണര്‍. പോത്തിന്‍പുറത്ത് കേറി നെല്‍പ്പാടങ്ങളിലേക്ക്, ഒരു വിനോദ സവാരിപോലെ, പോകുന്ന കുട്ടികള്‍.
വഴിയേ ആ നാട്ടിന്‍പുറത്തിന്റെ ഒരു പെണ്‍കുട്ടിയുടെ കഥയും. സാവധാനം.
കൊഞ്ചിനടക്കുന്ന ഒരു രണ്ടു വയസുകാരിയെയും! അവന്‍ പരിചയപ്പെടുത്തി. ഇതെല്ലാം സ്വാഭാവിക ജീവിതത്തിന്റെ ഭാഗമെന്നോണം.
''മിക്കോങ് താഴ്‌വരയിലേക്ക്, അതിന്റെ കിരണങ്ങളിലേക്ക്'' നോക്കിക്കൊണ്ട് മടങ്ങുന്ന ധൃതിക്കിടയില്‍ അവന്‍ പറഞ്ഞു ''ഞങ്ങള്‍ മടങ്ങിവരും.''
''ഇന്നും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു, ഈ ശ്വാസം നിലക്കുന്നതുവരെ.''
യുദ്ധം തീര്‍ന്നു. കുറേപ്പേര്‍ മടങ്ങിയെത്തി, വളരെപ്പേര്‍ മരിച്ചു. സര്‍ക്കാര്‍ പറയുന്നു ഞങ്ങള്‍ മറന്നിട്ടില്ലായെന്ന്്. അന്വേഷിച്ചുകൊണ്ടിരിക്കുന്നു.
വിലപേശലുകള്‍ക്കു ശേഷം പ്രമാണങ്ങള്‍ ഒപ്പുവെച്ച് ആ വീട് ഞങ്ങള്‍ സ്വന്തമാക്കി.
ആ അവസാന നിമിഷത്തില്‍ വൃദ്ധന്‍:
''ഈ ചിത്രം, മിക്കോങ് താഴ്‌വര സംരക്ഷിക്കുന്നത് ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതരുന്നു......''
എന്റെ മൗനം.
''വാക്കു തരു...'' അല്പനേരത്തിനു ശേഷം ''വാക്കു തരൂ...''
മൗനം സമ്മതമായി അയാള്‍ കണക്കാക്കിയിരിക്കാം.
മിക്കോങ് താഴ്‌വരയും നദിയും അതിന്റെ സൂര്യോദയവും, ആ വെള്ളിവെളിച്ചം സൃഷ്ടിച്ച മാസ്മരികതയും............. ഞാന്‍ തന്നത്താന്‍ മറന്നു.
പിന്നീട് നാലു പതിറ്റാണ്ടുകാലം എന്റെ ലൈബ്രറിയില്‍ ആയിരുന്നു ആ ചിത്രം. നിത്യസഹചാരിയായി. ആ സുര്യോദയം കണ്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നിരുന്നത്.
സ്വപ്നങ്ങളില്‍ നിന്ന് ഉണര്‍ന്നിരുന്നതും.
ആ വീടും പുസ്തകശേഖരവും മിക്കോങ് ചിത്രവും പേരക്കിടാവിന് കൈമാറി. അപ്പോള്‍ അവന്‍ പറഞ്ഞു ''റിനവേറ്റ് ചെയ്യണം. ഇന്റീരിയര്‍ ഡിസൈനേഴ്‌സ് പറയുന്നതു പോലെ...''
പുതിയ തലമുറക്ക് സ്വന്തമായി ആശയങ്ങളില്ലെന്ന് ഞാനോര്‍ത്തു, എല്ലാം പ്രഫഷണല്‍സ് പറയുന്നതുപോലെ. അതാണ് അവസാന വാക്ക്.
നാളുകള്‍ കഴിഞ്ഞ് പേരക്കുട്ടിയുടെ വീടു കാണാന്‍ ഞാനെത്തിയപ്പോള്‍............ ആധുനികതയുടെ പാടുകള്‍.
ലൈബ്രറിയില്‍ നിന്ന് വളരെയേറെ പുസ്തകങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. തടിച്ച ചില കാസിക്ക് ഗ്രന്ഥങ്ങള്‍ ആകര്‍ഷണീയമായി നിരത്തിവെച്ചിരിക്കുന്നു. അകമ്പടിയായി ചില റോമന്‍ സ്തൂപങ്ങളുടെ മാതൃകകളും..
മിക്കോങ് ചിത്രം?
ഞാന്‍ ചോദിച്ചില്ല
''ഇന്റീരിയര്‍ ഡിസൈനര്‍ ആ ചിത്രം ആവശ്യപ്പെട്ടു...''
അമ്പതിലേറെ പ്രായമുള്ള പാതി ഓറിയന്റല്‍ ഛായയുള്ള ആ സ്ത്രീ ഏതോ അവകാശത്തോടെ, ശൈശവിക കൗതുകത്തേടെ ഒളിച്ചുവെച്ചതെന്തോ തെരയുന്ന ആവേശത്തോടെ.
''ഇത് ഞാനെടുക്കുകയാണ്.....''
വിരസമായ നിമിഷങ്ങള്‍,
എന്തോ കളഞ്ഞുപോയതിന്റെ ദുഃഖം.
തുടര്‍ന്ന് അലസമായി അവനെന്തോ സംസാരിച്ചപ്പോള്‍ ഞാന്‍ മിക്കോങ് താഴ്‌വരയിലേക്ക് മടങ്ങിപ്പോയി.
ആ ചിത്രകാരന്‍, അയാളുടെ കാമുകി, അവരുടെ മകള്‍.....! അവളുടെ മുഖഛായ ഞാന്‍ സങ്കല്പിച്ചു.
ഇനീം ആ മിക്കോങ് താഴ്‌വര ശാന്തമായി ഉറങ്ങട്ടെ.
--------