വാനര കോപത്തില്‍ ലങ്ക ദഹിക്കുകയാണ്.
കത്തിയമരുന്ന ലങ്കാപുരി കണ്ടു കൊണ്ട് ഹനുമാന്‍ അശോകവനികയിലെത്തി, സീതയെക്കണ്ടു. മതി, ഇനി സങ്കടം വേണ്ട. രാമനിതാ വന്നെത്തിപ്പോയി എന്നു പറഞ്ഞു. ഇനി രാമന്റെ ഊഴമാണ്. ചെന്നു പറയട്ടെ, രാമന്റെ സീത, അശോകവനിയില്‍ രാമനെക്കാത്ത് ഇരിക്കുന്നുവെന്ന്. ഹനുമാന്‍ തിരികെ മടങ്ങി.
സീതയെ കണ്ടുവെന്ന വൃത്താന്തം കേട്ട്, വാനരന്മാരില്‍ ആനന്ദം തിരതല്ലി. ഈ സന്തോഷ വാര്‍ത്ത എത്രയും വേഗം സുഗ്രീവ സവിധത്തിലെത്തിക്കുവാന്‍ തിടുക്കമായി അവര്‍ക്ക്. അങ്ങനെ തെക്കു ദിക്കിലേക്കു സീതയെത്തേടി ഇറങ്ങിയവര്‍ ഏവരും സുഗ്രീവനും രാമലക്ഷ്മണന്മാരുടെ അടുത്തേക്കു യാത്രയായി. അവിടെ എത്തി വിവരങ്ങള്‍ ഏതും വിശദമായി ധരിപ്പിച്ച്, സീത നല്‍കിയ ചൂഢാമണി രാമനു മുന്നില്‍ സമര്‍പ്പിച്ച്, ആ സാധ്വി അനുഭവിച്ച എല്ലാ സങ്കടങ്ങളും അറിയിച്ചു.
സീതയെ കണ്ടെത്തിയ സന്തോഷവും എന്നാല്‍ ആ സാധ്വിയെ പിരിഞ്ഞ സങ്കടത്തിലും രാമന്‍ ചിന്താധീനനായി.
പ്രത്യാശയുടെ ദിനങ്ങളാരംഭിക്കുന്നു. രാക്ഷസപതനത്തിന്റേയും. നന്മയുടെ പാതയില്‍ കഷ്ടതകള്‍ അനുഭവിക്കുമ്പോഴും അന്തിമ വിജയം അവിടെയുണ്ടാവും.
രാക്ഷസീയ ചിന്തകള്‍ ഒരിക്കല്‍ നിലം പതിക്കും. സീതാ ദുഃഖം അവസാനിച്ചുകൊണ്ട് സുന്ദരകാണ്ഡം സമാപിക്കുന്നു.
ലങ്കയില്‍ നിന്നും തിരികെ വന്ന ഹനുമാന്‍ പറഞ്ഞ വിശേഷങ്ങള്‍ വളരെ വ്യക്തമായി രാമലക്ഷ്മണന്മാരും സുഗ്രീവനും മന്ത്രിമാരും കേട്ടു. അതില്‍ നിന്നും എപ്രകാരമാണ് ലങ്കയിലെ സൈനിക വിന്യാസമെന്നും, എപ്രകാരം മാത്രമേ അവിടെ എത്തിച്ചേരാനാകുവെന്നും അവര്‍ക്കു ബോധ്യമായി. ഈ സമയം രാമന്‍ ഹനുമാനെ ആശ്ലേഷിച്ച് അനുമോദിച്ചു. ഏവര്‍ക്കും സന്തോഷമായി. പിന്നെ തെക്കന്‍ സമുദ്രതീരത്തേക്കു വാനര സൈന്യം നീങ്ങട്ടെ എന്നു സുഗ്രീവന്‍ കല്പ്പിച്ചു. അതനുസരിച്ചു കരുത്തരായ വാനര പ്രവരന്മാര്‍ തെക്കു ദിക്കിലേക്കു സുഗ്രീവന്റെ നേതൃത്വത്തില്‍ യുദ്ധകാഹളം മുഴക്കി യാത്ര ആരംഭിച്ചു.എല്ലാവരും ആനന്ദത്തില്‍, ആഹ്ലാദത്തില്‍. ഹനുമാന്‍ പറഞ്ഞ പ്രകാരം ലങ്കയുടെ മുക്കും മൂലയും വാനരസേനാധിപന്‍ മന:പാഠമാക്കി.
ഈ സമയം ലങ്കയില്‍ കാര്യങ്ങള്‍ കൈവിട്ട നിലയിലായിരുന്നു. സീതാപഹരണത്തിനു ശേഷം സര്‍വ്വവും നാശം തന്നെയെന്നു അനുഭവത്തില്‍ വന്നു തുടങ്ങിയിരിക്കുന്നു. ഒരു കുരങ്ങന്‍ സമുദ്രം താണ്ടി വരുക, അതിനു ശേഷം അവന്‍ അശോക വനിയില്‍ കടന്നു സീതയെക്കാണുക, അതും പോരാഞ്ഞ് ചൈത്യ പ്രാസാദം ചുട്ടെരിച്ചു. പോരില്‍ അരക്കന്മാരെക്കൊന്നു, എന്തിന് രാവണപുത്രന്‍ അക്ഷകുമാരന്‍ കൊല്ലപ്പെട്ടു. രാവണന്‍ വേഗം സഭ വിളിച്ചു കൂട്ടി. രാമന്‍ വന്നേക്കാം സീതയെ കൊണ്ടു പോകാന്‍. അതു തടയണം. എന്താണതിനു വഴി?
മന്ത്രിമാരില്‍ ചിലര്‍ വമ്പു പറഞ്ഞു. കടല്‍ കടന്നു ചെന്നു വാനരന്മാരെ മുച്ചൂടും മുടിച്ചു ഞാനിതാ വരാം എന്ന മട്ടിലായിരുന്നു പലരുടേയും ഉപദേശങ്ങള്‍. ചിലര്‍ ലങ്കയുടെ പ്രതിരോധ സംവിധാനങ്ങളെ വാനോളമുയര്‍ത്തി. ഏതായാലും സഹോദരന്മാരോടു കൂടി അഭിപ്രായമാരായാന്‍ രാവണന്‍ നിശ്ചയിച്ചു.
വിഭീഷണന്‍ ആദ്യം തന്നെ നിലപാടു വ്യക്തമാക്കി. ഇതനീതിയാണ്. അപകടമാണ്. അന്യന്റെ ഭാര്യയെ തട്ടിയെടുത്താല്‍ ഫലം മരണം തന്നെ. അവളെ വിട്ടുകൊടുക്കുക.
പിന്നെ കുംഭകര്‍ണ്ണന്റെ ഊഴമായി. ഉറക്കത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടു മുന്‍പാണ് കുംഭകര്‍ണ്ണനോടും രക്ഷാവിധി തേടുന്നത്. അവന്‍ പറഞ്ഞു, ഞാന്‍ രാമന്റെ പടയെ മുടിക്കാം. പക്ഷേ ജേഷ്ഠാ നീ ചെയ്തത് അധര്‍മ്മമാണ്. സീതയെ തൊടാന്‍ പാടില്ലായിരുന്നു.അതും പറഞ്ഞ് അവന്‍ തന്റെ അടുത്ത നീണ്ട ഉറക്കത്തിലേക്കു പ്രവേശിച്ചു.
ഈ സമയം ചില മന്ത്രിമാര്‍ രാവണനെ വീണ്ടും വീണ്ടും വാഴ്ത്തി. യുദ്ധം അരുതെന്നു പറഞ്ഞ വിഭീഷണനോട് ഇന്ദ്രജിത്ത് പരുഷമായി സംസാരിച്ചു. ഒടുവില്‍ വിഭീഷണന്‍ ലങ്ക വിട്ടു രാമനെ അഭയം പ്രാപിച്ചു.
ചില രാക്ഷസര്‍ രാവണനോട് ബലമായി സീതയെ പ്രാപിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് പണ്ട് പുഞ്ജിക സ്ഥല എന്ന അപ്‌സരസ്സിനെ ബലേന പ്രാപിച്ചതറിഞ്ഞ് ബ്രഹ്‌മാവ് ഏതെങ്കിലും സ്ത്രീയെ ബലേന പ്രാപിച്ചാല്‍ തല പൊട്ടിത്തെറിച്ചു പോകുമെന്ന ശാപത്തെക്കുറിച്ച് രാവണന്‍ അവരോടു പറയുന്നത്.
രാമ പക്ഷത്ത് എത്തിയ വിഭീഷണനെ ഒന്നു ശങ്കിച്ചുവെങ്കിലും നല്ലവനെന്നു കണ്ട് സ്വന്തം പക്ഷത്തു ചേര്‍ത്ത് അഭിഷേകം നടത്തി. പിന്നെ ഏവരും സമുദ്രതീരത്തെത്തി. എന്നാല്‍ സമുദ്രം തരണം ചെയ്യാനെന്തു വഴിയെന്നു രാമന്‍ കോപംപൂണ്ടപ്പോള്‍ സമുദ്രം സ്വയം പ്രത്യക്ഷപ്പെട്ട്, എന്നില്‍ ചിറകെട്ടു അതു ഞാന്‍ സംരക്ഷിക്കാമെന്നു വാക്കു കൊടുത്തു. അങ്ങനെ സേതുബന്ധനം ആരംഭിച്ചു.