Image

സ്ത്രീത്വത്തിന്റെ പ്രതീകമായ സീതാദേവി (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 13 August, 2023
സ്ത്രീത്വത്തിന്റെ പ്രതീകമായ സീതാദേവി (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ഭാരതസ്ത്രീകളുടെ ആദർശവനിതയാണ് രാമായണത്തിലെ സീത.   മാതൃകാപത്നിയായിരുന്നു സീതാദേവി. ശ്രീരാമദേവനോടുള്ള  അവരുടെ അദമ്യമായ ഭക്തി അവരെ  പതിവ്രതരത്നം എന്ന പേരിൽ വിശ്വവിശ്രുതയാക്കി.  ഒരു സ്ത്രീയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ  അനുഭവിക്കേണ്ടിവരുന്ന സംഭവപരമ്പരകൾ സീതയുടെ ജീവിതത്തിൽ കാണാം. ഈ രാമായണമാസത്തിൽ രാമായണം പാരായണം ചെയ്യുമ്പോൾ സീതയുടെ സ്വയംവരം മുതൽ അവർ ഭൂമിദേവിയുടെ മടിയിലേക്ക് അന്തർദ്ധാനം ചെയ്യുന്നതുവരെയുള്ള  ജീവിതം ഒരു സാധാരണസ്ത്രീയുടെ ജീവിതം പോലെ തന്നെയാണെന്ന് മനസ്സിലാക്കാം.  അവർ ജീവിച്ചിരുന്ന കാലഘട്ടം ത്രേതായുഗമായിരുന്നു. അത് കഴിഞ്ഞു ദ്വാപരയുഗം കഴിഞ്ഞു  നമ്മൾ ഇപ്പോൾ കലിയുഗത്തിലാണ്. എന്നിട്ടും  സ്ത്രീയുടെ ജീവിതം സീതയുടെ ജീവിതത്തിൽനിന്നും വ്യത്യസ്തമായിട്ടില്ല എന്ന് പല അവസരങ്ങളിലും നമ്മൾക്ക് സംശയം തോന്നാം 

ജനകമഹാരാജാവിന്റെ വത്സലപുത്രിയായിരുന്നു സീത. അദ്ദേഹം യജ്ഞം നടത്തുമ്പോൾ ഉഴവുചാലിൽ നിന്നും കിട്ടിയ ഒരു ബാലികയാണ് സീതാദേവി എന്ന് പറയപ്പെടുന്നു. അവളെ സ്വന്തം മകളെപ്പോലെ അദ്ദേഹം വളർത്തി.   കാപട്യം എന്തെന്നറിയാത്ത കൗമാരകാലം. അല്ലൽ  എന്തെന്നറിയാതെ കളിച്ചുവളർന്ന സീതയെപ്പറ്റി വള്ളത്തോൾ "കിളിക്കൊഞ്ചൽ" എന്നപേരിൽ ഒരു കവിതയെഴുതിയിട്ടുണ്ട്. പത്മപുരാണത്തിലെ  ഒരു കഥയെ ആസ്പദമാക്കി രചിച്ചതാണ് ആ കവിത. ആ കവിതയിൽ ബാലികയായ സീതയോട് രണ്ടു തത്തകൾ ഇങ്ങനെ പറയുന്നു  “കുട്ടിയെ ശ്രീരാമദേവൻ മംഗളം ചെയ്യും" അതുകേട്ട് സീതാദേവി ഇങ്ങനെ മറുപടി പറഞ്ഞു  “എനിക്ക്  ശ്രീരാമചന്ദ്രൻ പതിയായി വേണ്ട.  എന്നെ എന്റെ അമ്മ വേട്ടാൽ  മതിയെന്ന്. ബാലികയായ അവളറിഞ്ഞില്ല അവൾക്കു മുന്നിൽ കിടക്കുന്ന ജീവിതമാകുന്ന ഘോരവനങ്ങളും അതിലെ രാക്ഷസന്മാരും,   സഹിക്കേണ്ടിവരുന്ന അപവാദങ്ങളും അഗ്നിപരീക്ഷകളും.. രാജകുമാരിയായി വളർന്നിട്ടും,   രാജാവായ മര്യാദാപുരുഷോത്തമന്റെ  ധർമ്മപത്നിയായിട്ടും  അവൾ താണ്ടിയ ജീവിതപാതകൾ മുള്ളുകൾ നിറഞ്ഞതായിരുന്നു.   

മഹർഷിമാരുടെ  തപസ്സ് മുടക്കുന്ന രാക്ഷസന്മാരെ ഉൻമൂലനം ചെയ്യുന്നതിനായി വിശ്വാമിത്രമഹർഷി രാമലക്ഷ്മണന്മാരെ ആശ്രമത്തിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. കാട്ടിലൂടെയുള്ള യാത്രയിൽ  യുവാക്കളായ ലക്ഷ്മണന്മാർക്ക്  മഹർഷി ഓരോ സ്ഥലങ്ങളെയും  പരിചയപ്പെടുത്തുകയും, പല കഥകൾ പറഞ്ഞുകൊടുക്കുകയും ചെയ്തു. വിധിവശാൽ മാർഗ്ഗതടസ്സത്തിനായി വന്ന താടകയെ വധിക്കുകയും , അഹല്യയ്ക്ക് ശാപമോക്ഷം നൽകുകയും ചെയ്തു.     യാത്രാമധ്യേ യാഗം കാണുവാനും ശിവചാപം ദര്ശിക്കുവാനുമായി മഹർഷി അവരെ മിഥിലാപുരിയിലേക്ക് കൊണ്ടുപോയി.  സുന്ദരന്മാരായ ജ്യേഷ്ഠാനുജന്മാരെക്കണ്ടു  നൃപൻ മഹർഷിയോട്  വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് ജനകമഹാരാജാവ് തന്റെ പുത്രിയുടെ സ്വയംവരവാർത്തയും ശൈവചാപം കുലക്കുകയും ഒടിക്കുകയും ചെയ്യുന്ന യുവാവിന് മാത്രമേ തന്റെ പുത്രിയെ വിവാഹം ചെയ്യാൻ കഴിയുകയുള്ളൂ എന്ന നിബന്ധനയെപ്പറ്റിയും  പറയുന്നത്.  സാക്ഷാൽ ഭഗവാന്റെ അവതാരമായ ശ്രീരാമചന്ദ്രൻ ഈ ദൗത്യം നിഷ്പ്രയാസം ചെയ്തു.

“ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
ഞടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ.”  എന്ന് എഴുത്തച്ഛൻ  ഈ സാഹചര്യത്തെ വിശേഷിപ്പിക്കുന്നു.   വിവാഹമണ്ഡപത്തിലേക്ക് നടന്നടുക്കാനുള്ള സമയത്തിന് മുമ്പ് ഓരോ യുവതിയും മധുരസ്വപനങ്ങൾ കാണുന്നു. സ്വര്ണനിറമുണ്ടായിരുന്ന സീത സ്വർണ്ണഭൂഷണങ്ങളും സ്വർണ്ണമാലയും ധരിച്ച് രാമന് മുന്നിൽ വന്നെത്തി ആദ്യം നേത്രോല്പാലമാലയും പിന്നെ വരണമാലയും ചാർത്തിയെന്നും വിവരിച്ചിട്ടുണ്ട് അയോധ്യയിലെ രാജകുമാരന്റെ പത്നി, ദശരഥമഹാരാജാവിന്റെ പുത്രവധു. യുവരാജാവായി അഭിഷേകം ചെയ്യാൻ പോകുന്ന ശ്രീരാമന്റെ നവവധു. തീർച്ചയായും സീതാദേവിയുടെ മനസ്സ് ആനന്ദഭരിതമായികാണും

വിവാഹജീവിതം ആരംഭത്തിലെ സീതയുടെ ജീവിതത്തിൽ കരിനിഴൽ പടർന്നു. ശ്രീരാമന് പതിനാലുവര്ഷം കാനന വാസം  എന്ന് ദശരതാമാഹാരാജാവ്  പ്രഖ്യാപിക്കുന്നതോടെ സീത എന്ന സ്ത്രീയുടെ വിവാഹജീവിതത്തിന്റെ ഗതി മാറുന്നു.. രാമനൊപ്പം കാട്ടിലേക്ക് പോകാൻ സീത തയ്യാറാകുന്നു. രാമൻ അവരെ തടുക്കുന്നുവെങ്കിലും ഭാര്യയുടെ ജീവിതം ഭർത്താവിനൊപ്പമാണെന്നു അവർ നിശ്ചയദാർഢ്യത്തോടെ പറഞ്ഞു. രാമന് അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അങ്ങിനെ സീതാദേവി ശ്രീരാമചന്ദ്രനോടൊപ്പം കാനനത്തിലേക്ക് യാത്രയാകുന്നു.  ഒരു സ്ത്രീ അവളുടെ വിവാഹശേഷമുള്ള ജീവിതം ഭർത്താവിനൊപ്പം കഴിക്കുന്നു. സുഖത്തിലും സന്തോഷത്തിലും പ്രിയപത്‌നി ഭാര്തതാവിനോടൊപ്പം ഉണ്ടാകണം എന്ന ഭാരതീയ സ്ത്രീ സങ്കൽപ്പത്തിന്റെ പ്രതീകമാകുകയായിരുന്നു സീതാദേവി. 

അന്നുമുതൽ സീത എന്ന ഭാരതീയ സ്ത്രീയുടെ വിവാഹജീവിതത്തിലെ യഥാർത്ഥ അനുഭവം പ്രകടമാകുന്നു. പുരുഷാധിപത്യ സമൂഹത്തിൽ അനവധി വെല്ലുവിളികളെ സ്ത്രീകൾക്ക് നേരിടേണ്ടിവരുന്നു. സമൂഹം പുരുഷനൊപ്പം നിന്നുകൊണ്ട് നടത്തുന്ന കുല്സിത പ്രവർത്തികളിൽ സ്ത്രീക്ക് അനാഥത്വം അനുഭവപ്പെടുന്നു എന്ന അന്നത്തെ സാമൂഹിക  വ്യവസ്ഥിതിയിലെ അനുഭവങ്ങൾ സീതാദേവിയുടെ ജീവിതത്തിലും പ്രമേയമാകുന്നു.

രാമനൊത്തുള്ള വനവാസജീവിതവും സമാധാനപ്രദമാകുന്നില്ല. അവൾ അപഹരിക്കപ്പെടുന്നു. ഒരു രാക്ഷസൻ അവളെ അയാളുടെ കൊട്ടാരത്തിൽ കൊണ്ടുപോയി തടങ്കലിൽ വയ്ക്കുന്നു. ഭർത്താവിലുള്ള അചഞ്ചലമായ വിശ്വാസവും ഭക്തിയും ആ സാഹചര്യത്തെ നേരിടാൻ അവളെ പ്രാപ്തയാക്കുന്നു. ഭർത്താവ്  ആ അധമനെ ഹിംസിച്ച് തന്നെ സ്വാതന്ത്രയാക്കുമെന്ന പ്രതീക്ഷയിൽ അവൾ കഴിയുന്നു. സീതയുടെ ആഗ്രഹംപോലെ രാമൻ അവളെ രക്ഷിച്ച് അയോധ്യയിൽ കൊണ്ടുപോയപ്പോഴും അവളുടെ സ്ത്രീഹൃദയം ഭർത്താവിന്റെ കരങ്ങളിൽ സുരക്ഷിതയാണെന്ന് ആശ്വാസംകൊണ്ടു. പക്ഷെ വിധി അവളെ വിടാതെ പിന്തുടരുന്നു. ഒരു സാധാരണ മനുഷ്യൻ  (മണ്ണാൻ) രാജപത്നിയെപ്പറ്റി അപവാദം പറയാൻ  ധൈര്യം കാണിക്കുന്നു. എന്നിട്ടും അഗ്നിപരീക്ഷയിൽ ജയിച്ച തന്നെ ഭർത്താവ് സംശയിക്കില്ലെന്നു അവൾ വിശ്വസിച്ചു. പക്ഷെ അവളുടെ പ്രതീക്ഷകളെ പരാജയപ്പെടുത്തികൊണ്ട് രാജനീതിക്കായി ശ്രീരാമൻ ഗർഭവതിയായ സീതയെ കാട്ടിലുപേക്ഷിക്കാൻ തയ്യാറാകുന്നു.  സീ ത വീണ്ടും അനാഥയാകുന്നു. ഗർഭിണിയായിരുന്ന അവൾ വാൽമീകി മഹർഷിയുടെ സഹായത്താൽ അവിടത്തെ പർണ്ണശാലയിൽ താമസിച്ച്  രണ്ടു കുട്ടികൾക്ക്  ജന്മം നൽകുന്നു. മഹർഷി കുട്ടികളെ രാമന്റെ കഥ പഠിപ്പിച്ചു. അത് പാടാനായി കുട്ടികളുമൊത്ത് മഹർഷി അയോധ്യിൽ പോയി. വിവരമറിഞ്ഞ രാമൻ സീതയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതനുസരിച്ച് മഹർഷി സീതയെ കൂട്ടികൊണ്ടുവന്നപ്പോൾ  പൊതുജനങ്ങളെ തൃപ്തിപ്പെടുത്താനായി സീതയോട് വീണ്ടും അവളുടെ പവിത്രത തെളിയിക്കാൻ ആവശ്യപ്പെട്ടു. ഇത് അവൾക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. സീത അവരുടെ അമ്മയായ ഭൂമിദേവിയെ വിളിച്ച് കരഞ്ഞു. ഭൂമിദേവി പിളർന്നു സീതയെ തന്നിലേക്ക് എടുത്തു.

പുരുഷനായതുകൊണ്ട് രാമന് സീതയെ ഉപേക്ഷിക്കാൻ കഴിഞ്ഞു പക്ഷെ ലങ്കാധിപതിയായ രാവണനെ സീതക്ക് തോൽപ്പിക്കാൻ കഴിഞ്ഞു അതാണ് സ്ത്രീ ശക്തി. ഇന്ന് നമ്മൾ പത്രങ്ങളിൽ വായിക്കുന്നത് പെൺകുട്ടികൾ ആത്മഹത്യാ ചെയ്തു അല്ലെങ്കിൽ അവർ ഭർത്തൃഗൃഹത്തിൽ വധിക്കപ്പെട്ടുവെന്നൊക്കെയാണ്. അവർ അറിയണം ത്രേതായുഗത്തിലെ ഒരു രാജകുമാരി, രാജകുമാരി എന്ന പദവിയോ അധികാരമോ ഇല്ലാതെ വെറും ഒരു സ്ത്രീയായി നിന്നുകൊണ്ട് വെല്ലുവിളികളെ ജയിച്ച കഥയാണ് രാമായണത്തിലൂടെ ഒരു സ്ത്രീ മനസ്സിലാക്കേണ്ടത്. നമ്മൾ രാമായണ മാസത്തിലും അല്ലാത്തപ്പോഴും രാമായണം വായിക്കുമ്പോൾ രാമനു മാത്രമാണ് പ്രാധാന്യം നൽകുന്നത്. എന്നാൽ ഭാരതീയ സ്ത്രീ സങ്കൽപ്പത്തിന്റെ മൂർത്തീഭാവമാണ് സീത എന്നത് നമ്മൾ മനസ്സിലാക്കണം. ആ ദേവിയെ മാതൃകയാക്കുമ്പോൾ ഭാരതീയ കുടുംബങ്ങളിൽ ഭാര്യാ-ഭർത്താക്കന്മാർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളെ അഭിമുഖീകരിച്ച് അത് എങ്ങിനെ ഉലയാതെ കാത്തു സൂക്ഷിക്കപ്പെടാം എന്ന് തന്നെയാകാം രാമായണ പാരായണത്തിന്റെ പാരമ്യമായ ലക്‌ഷ്യം.. 

 രാമായണത്തെപ്പറ്റി പറയുമ്പോൾ മര്യാദാപുരുഷോത്തമനായ ശ്രീരാമൻ നിരപരാധിയായ സീതയെ കാട്ടിലുപേക്ഷിച്ചത് രാജധർമ്മത്തെ കാക്കാനായിരുന്നു എന്ന നിഗമനത്തിൽ എത്തിച്ചേരാറുണ്ട്. എന്നാൽ ശ്രീരാമൻ കാംഷിച്ചത് സീതയുടെ അഭിമാനമായിരുന്നു. ഒരുപക്ഷെ സീതയുടെ നിരപരാധിത്വം മനസ്സിലാക്കിയ സീതയെ പരീക്ഷണങ്ങൾക്ക് വിധേയയാക്കാതെ  സ്വീകരിച്ചിരുന്നെങ്കിൽ ഇന്നും രാമായണത്തിലെ സീത കളങ്കപ്പെട്ടവളായിത്തന്നെ നിലകൊണ്ടേനെ. എന്നാൽ സീതയുടെ നിരപരാധിത്വവും ശ്രീരാമന് മുന്നിലല്ല ജനങ്ങൾക്ക് മുന്നിൽ തന്നെ വ്യക്തമാക്കണം എന്ന് ശ്രീരാമദേവൻ തീരുമാനിച്ചുകാണും.

രാമന്റെയും സീതയുടെയും ജീവിത യാത്രയിലൂടെ സഞ്ചരിക്കുമ്പോൾ നമ്മൾ കാണുന്നത് ഉത്തമനായ ഒരു പുരുഷന്റെയും, ഭാരതീയ സ്ത്രീ സമൂഹത്തിന് മാതൃകയായ ഒരു സ്ത്രീരത്നത്തിന്റെയും ജീവിതമാണ്. നിരവധി വിമർശനങ്ങൾ നിരത്താമെങ്കിലും, രാമായണത്തിൽനിന്നും ഒരു സ്ത്രീക്ക് അവൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്നതിൽ തർക്കമില്ല.

Join WhatsApp News
Abdul Punnayurkulam 2023-08-14 01:25:27
It's quite confusing. Accusing an innocent lady without proven, and sending her jungle and a lot she is suffering ...etc. Need some justice. Need some role model.
P.R. 2023-08-13 18:34:55
ജ്യോതി പരാമർശിച്ചിരിക്കുന്ന പത്മപുരാണത്തിൽ പറയുന്നത് സീത സഖിമാരോത്ത് ഉദ്യാനത്തിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ടു തത്തകൾ അവിടേക്ക് പറന്നു വന്നു തത്തകൾ ശ്രീരാമന്റെ കഥകൾ പാടി. ജിജ്ഞാസുവായ സീത കഥകൾ മുഴുവൻ പാടാൻ പറഞ്ഞെങ്കിലും തത്തകൾ അറിയില്ലെന്ന് പറഞ്ഞു. സീത തത്തകളെ പിടിച്ചുവച്ച്‌. പെൺ തത്ത മുട്ടയിടാനുള്ള സമയത്തിലായിരുന്നു. എത്ര അപേക്ഷിച്ചിട്ടും സീത അവരെ വിട്ടയക്കാൻ തയ്യാറായില്ല അവസാനം ആൺ തത്തയെ വിട്ടയച്ചു, പെൺ തത്ത ആ വേദനയിൽ മനം നൊന്തു സ്വന്തം ജീവൻ വെടിഞ്ഞു. സീതയെ ശപിച്ചു.നീയും ഗര്ഭവതിയാകുമ്പോൾ ഭർത്താവിനെ പിരിയും. ആൺ തത്ത ആ ദുഃഖവാർത്ത കേട്ട് ഗംഗയിൽ ചാടി ജീവനൊടുക്കി. അത് മണ്ണാനായി പുനർജനിച്ച് പ്രതികാരം ചെയ്തു. ജ്യോതി ലേഖനം നന്നായി വിശകലനം ചെയ്തു എഴുതി അതെ സീത ദേവി സ്ത്രീകൾക്ക് എന്നും വഴികാട്ടിയും ശക്തിയും.
Sudhir Panikkaveetil 2023-08-14 13:11:03
ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ എഴുതുന്നു. "രാജകുമാരിയായി വളർന്നിട്ടും,   രാജാവായ മര്യാദാപുരുഷോത്തമന്റെ  ധർമ്മപത്നിയായിട്ടും  അവൾ താണ്ടിയ .ജീവിതപാതകൾ മുള്ളുകൾ നിറഞ്ഞതായിരുന്നു.". അതിനെ വിധിയെന്ന് വിശ്വസിപ്പിക്കയാണ് .സമൂഹം ചെയ്യുന്നത്. കളങ്കമേൽപ്പിച്ചിട്ടും കളങ്കമില്ലാതെ ജീവിക്കാൻ കഴിഞ്ഞത് സീതയുടെ മഹത്വം. രാമായണത്തെക്കുറിച്ചുള്ള ലേഖനങ്ങളും, ചോദ്യാവലിയും പ്രസിദ്ധീകരിച്ച് രാമായണമാസത്തെ കൊണ്ടാടുന്നു ഇ മലയാളി. അഭിനന്ദനങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക