കുശലവന്മാരുടെ ജനന വാർത്ത കേട്ട്, ആ സന്തോഷത്തോടെ ലവണാസുരനെ വധിക്കാൻ ശത്രുഘ്നൻ തയ്യാറെടുത്തു. ഈ സമയം ചവന്യ മഹർഷി ശത്രുഘ്നനോടു ലവണൻ്റെ കൈയിലെ ദിവ്യമായ വേൽ കൈയ്യിൽ ഉള്ള കാലം അവൻ അവധ്യനാണെന്നും. അതിനാൽ അക്കാര്യത്തിൽ ശ്രദ്ധ വയ്ക്കണം എന്നു അനുഗ്രഹിച്ചയച്ചു.
ശത്രുഘ്നൻ വില്ലു ധരിച്ച് ദിവ്യങ്ങളായ അമ്പുകളും എടുത്തു കൊണ്ടു മധു വനത്തിലെ ലവണൻ്റെ കൊട്ടാരത്തിനു മുന്നിൽ കാത്തുനിൽപ്പായി. അസുരൻ വേട്ടയാടിപ്പിടിച്ച അനേകം മൃഗങ്ങളെ കൈയ്യിൽ തൂക്കി വരികയായിരുന്നു. വഴിമുടക്കി നിൽക്കുന്ന ശത്രുഘ്നനെ കണ്ട് അവൻ കൊല്ലാനായി പാഞ്ഞടുത്തു. അസ്ത്രങ്ങൾ കൊണ്ടു ശത്രുഘ്നൻ അവനെ നേരിട്ടു. ഒരു വേള ലവണൻ്റെ ആക്രമണത്തിൽ ശത്രുഘ്നൻ ബോധരഹിതനാവുക പോലും ചെയ്തു. എന്നാൽ പെട്ടന്നുണർന്ന ശത്രുഘ്നൻ അവനു നേരെ പണ്ടു ബ്രഹ്മാവിനാൽ നിർമ്മിതമായ ഘോരമായ അസ്ത്രം തൊടുത്തു. അതവൻ്റെ മാറു പിളർന്നു രസാതലം വരെ പോയി തിരികെ ആവനാഴിയിൽ പ്രവേശിച്ചു.
ലവണാസുരവധം കണ്ടു ദേവന്മാർക്കു സന്തോഷമായി.അവർ ശത്രുഘ്നനോട് എന്തു വരമാണു വേണ്ടതെന്നു ചോദിച്ചു. മധു വനം ഒരു മികച്ച ജനപഥമാക്കി മാറ്റി മാറ്റിത്തരണം എന്നവരമാണു അദ്ദേഹം ആവശ്യപ്പെട്ടത്. അങ്ങനെ യമുനാ തീരത്തു മധുരാപുരം സൃഷ്ടിക്കപ്പെട്ടു.
പന്ത്രണ്ടു വർഷം അവിടെ പാർത്തു കാര്യങ്ങൾ എല്ലാം ശോഭനമായിക്കഴിഞ്ഞപ്പോൾ രാമനെക്കാണുവാൻ ശത്രുഘ്നനു മോഹമായി. അദ്ദേഹം ധാരാളം ഉപഹാരങ്ങളുമായി രാമസവിധത്തിലേക്കു യാത്രയായി.പോകും വഴി വാല്മീകി ആശ്രമത്തിൽ ഒരു രാത്രി തങ്ങി. ആ രാത്രി ആരോ അതിമനോഹരമായി രാമചരിതം പാടുന്നതു കേട്ടു. പഴയ കഥകൾ ഓർത്ത് അദ്ദേഹത്തിൻ്റെ കണ്ണു നിറഞ്ഞു. എങ്കിലുമത് ആരെന്നോ എന്തെന്നോ അന്വേഷിക്കാൻ നിന്നില്ല. പിറ്റേന്നു മുനിയുടെ അനുവാദം വാങ്ങി അതിവേഗം അയോധ്യയിലെത്തി രാമനെ കണ്ടു.
രാമൻ കുശലങ്ങൾ അന്വേഷിച്ച. ഏവർക്കും മോദമായി. പിന്നെ ഏഴു നാൾ തങ്ങി ശത്രുഘ്നൻ മധുരയിലേക്കു തിരിച്ചുപോയി.
നാളുകൾ കടന്നു പോകവേ രാമൻ സഹോദരന്മാരുമായി രാജസൂയം നടത്തിയലോ എന്നഭിപ്രായം ചോദിച്ചു. എന്നാൽ ഭരതൻ അതു വേണ്ടെന്നും, ലോകം രാമനെ അംഗീകരിക്കുന്നതിനാൽ അശ്വമേധം മതിയാകുമെന്നും അഭിപ്രായം പറഞ്ഞു.ആ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയ രാമൻ അശ്വമേധം നടത്താൻ തീരുമാനിച്ചു.