തംബുരുക്കുട്ടി പഠിച്ചിരുന്ന സ്കൂളിൽ ഉച്ചക്കുള്ള ഇടവേള ഒരു മണിക്കൂർ ആയിരുന്നു. അര മണിക്കൂറ് കൊണ്ട് ഭക്ഷണം കഴിച്ച് പാത്രം കഴുകിവെച്ച് അന്നമ്മ മിസ്സിന്റെ ക്ലാസ്സിലേക്ക് അവൾ ഓടി. അന്നമ്മ മിസ്സ് ആ സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപികയായിരുന്നു. അവർ ഇടവേളകളിൽ സ്കൂളിൽവെച്ച് ട്യുഷനും എടുത്തിരുന്നു. തംബുരുവും രാജലക്ഷ്മിയും കണ്ണനും ബിജുവും ഒന്നരയാകുമ്പോൾ മിസ്സിന്റെ ടേബിളിന് ചുറ്റും ഹാജരാകും. മിസ്സ് ഇരിക്കുകയും അവർ അരമണിക്കൂർ മിസ്സിന്റെ ടേബിളിന് ചുറ്റും നിന്നു കൊണ്ട് പഠിക്കുകയും ചെയ്തു.
നല്ലതുപോലെ പഠിച്ചില്ല എങ്കിൽ മിസ്സിന്റെ അസ്സലു പിച്ചു കിട്ടും. മിസ്സിന്റെ പിച്ച് കൊള്ളുമ്പോഴുള്ള വേദന എന്താണെന്ന് എഴുതി ബോധിപ്പിക്കാൻ സാധ്യമല്ല. അവരുടെ പിച്ച് കുട്ടികൾക്കിടയിലും വീട്ടുകാർക്കിടയിലും പ്രശസ്തമായിരുന്നു. അവരുടെ പിച്ചിന് പൈശാചികതയുടെ പിടിയുണ്ട്. മിസ്സ് കൈയിലുള്ള മാംസത്തെ വെറുതേ വിട്ട് , കുഞ്ഞു ദേഹത്തെ മാർദവമുള്ള തൊലിയിൽ നഖങ്ങൾ കൊണ്ട് പിടിച്ചു വലിച്ച് കറക്കി , നഖങ്ങൾ തൊലിയിലേക്ക് ഇറക്കും. അങ്ങനെ തെറ്റിച്ചത് പിന്നെയും പറഞ്ഞു തരും പിച്ചിക്കൊണ്ട്തന്നെ. അവരുടെ ക്ലാസ്സിൽ ഇരിക്കുമ്പോൾ പേടികൊണ്ട് ഒന്നും ശ്രദ്ധിക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
പിച്ചു കൊണ്ട ഭാഗം ചുവന്നിരിക്കും. രണ്ട് ദിവസം കഴിയുമ്പോൾ കറുത്തിരിക്കും. തംബുരുവിന്റെ കൈയിൽ എല്ലാം കറുത്ത പാടുകളായിരുന്നു. പിച്ചു കിട്ടിയ വേദന മാറാത്ത സ്ഥലത്തായിരിക്കും പിന്നെയും പിച്ചു കിട്ടുക. അത്ര ഭയാനകവും ഭീകരവുമായ കാലമായിരുന്നു അന്നമ്മമിസ്സിന്റെ ട്യൂഷന് പോയിരുന്ന കുട്ടികൾക്ക് ഉണ്ടായിരുന്നത്.
സ്കൂളിൽ വെച്ചുള്ള ട്യൂഷൻ പോരാഞ്ഞ് മിസ്സിന്റെ വീട്ടിലും ട്യൂഷൻ ഉണ്ടായിരുന്നു കുട്ടികൾക്ക്.
മിസ്സിന്റെ വീട്ടിലെ ടോയ്ലെറ്റ് കുട്ടികൾക്ക് ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നില്ല. സ്കൂളിലേത് ഉപയോഗിച്ചിട്ട് ട്യൂഷന് വന്നാൽ മതി എന്ന കർശന നിർദ്ദേശം പോലും ഉണ്ടായിരുന്നു.
തംബുരുവിനെ രാത്രി ഏഴര ആകുമ്പോൾ അവളുടെ അച്ഛൻ ജോലി കഴിഞ്ഞു വന്ന് വിളിച്ചുകൊണ്ട് പോകും. വീട്ടിൽ ചെന്ന് ബാക്കി ഉള്ള ഹോംവർക്കും ചെയ്ത് , കഴിച്ച് ഉറങ്ങുക മാത്രം ചെയ്തു. ഒരു കുട്ടി എന്ന നിലയ്ക്ക് അന്നമ്മ മിസ്സിന്റെ കൂടെയുള്ള പേടിപ്പെടുത്തുന്ന മണിക്കൂറുകൾ അല്ലാതെ സമാധാനമായി കുറച്ചു നേരം വെറുതേ ഇരിക്കാൻ അവൾക്കോ ബാക്കിയുള്ള കുട്ടികൾക്കോ കഴിഞ്ഞിരുന്നില്ല.
നാളുകൾ കഴിയുന്തോറും കുട്ടികളുടെ ദേഹത്തെ പാടുകൾ കൂടി വരുന്നതു കണ്ടു പേടിച്ചു വിഷമിച്ചു വീട്ടുകാർ ട്യൂഷൻ നിർത്തിത്തുടങ്ങി. അവസാനം ആ ട്യൂഷന് തംബുരു മാത്രമായി.
മിസ്സിന്റെ വീട്ടിൽ അടുക്കളയോട് ചേർന്നുള്ള വർക്ക്ഏരിയയിലെ കമ്പി വലകളിൽ കൂടി പുറത്തേക്ക് നോക്കി , അമ്മ തന്നുവിട്ടിരുന്ന മിക്സ്ച്ചറും ബിസ്കറ്റും കഴിച്ച് ട്യൂഷൻ തുടങ്ങുന്നത് വരെ ആ ഇടുങ്ങിയ മുറിയിൽ ചിലവിടുമ്പോൾ നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഖ്യം ഉണ്ടായിരുന്നു. കൂട്ടുകാർ ഉണ്ടായിരുന്നപ്പോൾ വർക്ക്ഏരിയയിൽ ചിരി പകർത്തുന്ന നിമിഷങ്ങൾ എത്രയേറെ ഉണ്ടായിരുന്നു! തനിക്ക് ആ മുറിയിൽനിന്ന് ഒരു മോചനമില്ല എന്നുതന്നെ തംബുരു വിശ്വസിച്ചു.
ആ ട്യൂഷൻ വേണ്ട എന്ന് വീട്ടിൽ പറഞ്ഞുകൂടേ എന്ന് കൂട്ടുകാർ അവളോട് ചോദിച്ചിട്ടുണ്ട്. രക്ഷപെട്ടോടിയ രാജലക്ഷ്മി അവളോട് എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടാൻ അവളെ ഉപദേശിച്ചു. രാജലക്ഷ്മിക്ക് സഹാതപവും സങ്കടവുമായിരുന്നു. തംബുരു വീട്ടിൽ പിന്നെയും പറഞ്ഞുനോക്കി. അവളുടെ അച്ഛന് മിസ്സിനോട് എന്തോ ഒരു ഇഷ്ട്ടമുണ്ടായിരുന്നു. അവളുടെ അച്ഛന് അവൾ അവിടെത്തന്നെ പഠിച്ചാൽമതി എന്നായിരുന്നു. അവളുടെ കൈയിൽ കാണുന്ന കരിനീലിച്ചും ചുവന്നും കിടക്കുന്ന പാടുകൾ അവളുടെ അച്ഛന് തംബുരു നേരേ ചൊവ്വേ പഠിക്കുന്നതിന്റെ ലക്ഷണങ്ങളായിരുന്നു. നല്ല ശിക്ഷണത്തിൽ വളർന്നാലേ നേരേയാകൂ!
ആരുടേയും ഉപദേശങ്ങൾ അവളുടെ അച്ഛൻ കേട്ടില്ല. തന്റെ മകൾ നല്ല ശിക്ഷണത്തിൽ വളർന്നാൽ മതിയെന്ന് അയാൾ വാശി പിടിച്ചു. അങ്ങനെ തംബുരു എന്നെന്നേക്കുമായി ഒരടിമയായി.
മിസ്സിന്റെ വീട്ടിൽ മിസ്സിന്റെ അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ കോളേജിൽ ആയതുകൊണ്ട് വെല്ലപ്പോഴുമൊക്കെയേ അവൾ കണ്ടിട്ടുള്ളൂ. വർക്ക്ഏരിയയിൽ മണിക്കൂറുകൾ ഇരിക്കുമ്പോഴുള്ള ഏകാന്തത മറികടക്കാൻ അവൾ അവരുടെ വീട് തൂത്തു തുടങ്ങി. പിന്നെ സ്ഥിരം അവിടുത്തെ തൂപ്പുകാരിയായി. അവളിൽ അടിമത്തം ശീലമായിത്തുടങ്ങി.
അവൾ ഒരു ദിവസം മിസ്സിന്റെ വീട് തൂക്കുന്ന കാര്യം അമ്മയോട് പറഞ്ഞു. അമ്മക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. തംബുരുവിനെക്കൊണ്ട് അമ്മ ഒരു ജോലിയും ചെയ്യിപ്പിക്കുമായിരുന്നില്ല. വീട്ടിൽ എല്ലാവരേയും ഭരിക്കുന്നവർ എങ്ങനെ ഒരു വീട്ടിൽ ചെന്ന് അവരുടെ വീട് തൂത്തു കൊടുക്കുന്നു! അവൾക്ക് ഇത് എന്ത് പറ്റി ? അമ്മക്ക് ഒരെത്തും പിടിയും കിട്ടിയില്ല. കുട്ടികൾ വീട്ടിൽ കാണുന്നതുപോലെയല്ല പുറത്ത് എന്ന പരമ സത്യം അന്നവർ മനസ്സിലാക്കി.
അവർ തംബുരുവിന്റെ കൂടെയുണ്ട് എന്ന് പറഞ്ഞു കൊടുത്തു. മോൾക്ക് ഇഷ്ട്ടമല്ലാത്ത ഒന്നിനും ഇനി ആരും നിർബന്ധിക്കില്ല എന്ന് ഉറപ്പ് കൊടുത്തു. നിന്റെ കൂടെ ഞാൻ ഉണ്ട് എന്ന് അവളോട് അവളുടെ അമ്മ പിന്നെയും പിന്നെയും പറഞ്ഞു കൊടുത്തു. അവളുടെ അവിടെയുള്ള പഠിത്തം അതോടെ നിർത്തി. അവൾക്ക് അടിമത്വത്തിൽ നിന്ന് മോചനമുണ്ടായി.
എങ്കിലും സ്കൂളിൽ വെച്ച് കാണുമ്പോൾ മിസ്സ് അവളെ പിടിച്ചു നിർത്തി അപമാനിക്കാൻ തുടങ്ങി. അന്നമ്മ മിസ്സ് അവളെ നീരാളി കണക്ക് ചുറ്റി. മറ്റുള്ള മിസ്സുമാരുടെ മുൻപിലും കുട്ടികളുടെ മുൻപിലും അവളെ തെറ്റുകാരി പോലെ നിർത്തിച്ചു. അതറിഞ്ഞ അവളുടെ അമ്മ സ്കൂളിൽ വന്ന് മിസ്സിനെതിരെ പരാതി കൊടുത്തു. അതോടെ അവളെ ചുറ്റാൻ നോക്കിയിരുന്ന മിസ്സിന്റെ ബലിഷ്ട്ട കരങ്ങൾ പിടി വിട്ടു. അവൾ പൂർണ്ണമായും സ്വാതന്ത്രം അനുഭവിച്ചു.