"മീരേ, എന്റെ ഷർട്ട് തേച്ചില്ലേ ഇതുവരെ? പുതിയ അണ്ടർ വെയർ വാങ്ങിയത് കാണുന്നില്ലല്ലോ, നീയതെവിടെയാ വെച്ചിരിക്കുന്നത്?"
രാവിലെ വായനശാലയിൽ പതാക ഉയർത്താൻ പോകാനുള്ളതാണ്. ഇവളിതെവിടെ പോയി കിടക്കുന്നു?! അയാൾ ഈർഷ്യയോടെ മുറുമുറുത്തു.
"ഷർട്ട് അവിടെ ഹാങ്ങറിൽ തൂക്കിയിട്ടിട്ടുണ്ട്. അണ്ടർ വെയർ അലമാരയിലും." കടലക്കറിക്ക് കടുക് പൊട്ടിക്കുന്നതിനിടെ അവൾ വിളിച്ചു പറഞ്ഞു.
"അമ്മേ, എന്റെ ക്രിക്കറ്റ് ബാറ്റ് എവിടെ, അമ്മ കണ്ടോ?" സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ക്രിക്കറ്റ് മാച്ചിൽ ഇന്ന് ജിതിന്റെ ടീമിനെ തുരത്താനുള്ളതാണ്. ഈ ബാറ്റെവിടെപ്പോയി? മകൻ പിറുപിറുത്തു കൊണ്ട് തെക്കു വടക്കു നടക്കുന്നു.
തലേന്ന് വൈകിട്ട് ക്രിക്കറ്റ് പ്രാക്റ്റീസും കഴിഞ്ഞ് വരുംവഴി ബാറ്റ് പുറകിലെ മുറ്റത്ത് വലിച്ചെറിഞ്ഞു കയറിപ്പോകുന്നത് കണ്ടപ്പോഴേ ഇങ്ങനെ ഒരു സീൻ അവൾ പ്രതീക്ഷിച്ചതാണ്.
" അത് ആ പുറകുവശത്തെ ഇറയത്ത് എടുത്തു വച്ചിട്ടുണ്ട് ഞാൻ. ഒരു സാധനവും എടുത്തിടത്ത് തിരിച്ചു വച്ച് ശീലിക്കരുത്!"
"ഓ..ഞാനതു മറന്നു! ഹാപ്പി ഇൻഡിപെൻഡൻസ് ഡേ അമ്മേ !" അവളെ സുഖിപ്പിക്കാൻ ഒരുമ്മയും കൊടുത്ത് അവനിറങ്ങിപ്പോയി.
അവൾ പുട്ടും കടലയും പഴവും എടുത്ത് മേശപ്പുറത്തു വച്ചപ്പോഴേക്കും
" ദാ മീരേ, ഈ ചായ തണുത്തു." എന്ന് ചായക്കപ്പു നീട്ടിക്കൊണ്ട് അയാൾ റെഡിയായി വന്നു.
"ചായ തന്നപ്പോൾ തന്നെ കുടിച്ചിരുന്നെങ്കിൽ തണുക്കില്ലായിരുന്നല്ലോ" എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് വേറെ ചായ ഇടാൻ അവൾ അടുക്കളയിലേക്ക് നടന്നു.
"മ്യാവൂ... എന്റെ പാലെവിടെ?" എന്ന് കുറിഞ്ഞി കാലിൽ തട്ടിത്തടഞ്ഞു നിന്നപ്പോൾ, "മീനുക്കുട്ടീ, കുറിഞ്ഞിക്കിത്തിരി പാലെടുത്തു കൊടുക്കൂ" എന്നവൾ മകളെ വിളിക്കാനാഞ്ഞു. പിന്നെയോർത്തു, "വേണ്ട, ഇപ്പോൾ കിട്ടുന്ന ഈ സ്വാതന്ത്ര്യം അവൾ ആഘോഷിച്ചോട്ടെ..."
ഭക്ഷണം കഴിഞ്ഞു പുറത്തേക്കിറങ്ങുന്നതിനു മുന്നേ അയാൾ അടുക്കളയിലേക്ക് തല നീട്ടി. "പരിപാടികൾ കഴിഞ്ഞ് നാണുവേട്ടനും മാത്യു സാറും ഇങ്ങോട്ടു വരും. അവർക്കും കൂടി ഊണ് കരുതിക്കോളൂ. സ്വാതന്ത്ര്യദിനമല്ലേ, കുറച്ചു പായസവും കൂടെ ആയിക്കോട്ടെ."
അവളുടെ മറുപടിക്കു കാക്കാതെ, ഇന്നത്തെ പ്രസംഗത്തിൽ പറയാനുള്ള കാര്യങ്ങൾ മനസ്സിൽ ഒന്നു കൂടെ അടുക്കിപ്പെറുക്കി അയാൾ ഇറങ്ങി നടന്നു.
അപ്പോഴേക്കും മകളുടെ വിളി വന്നു. "അമ്മേ, നാളെയാ ഉമയുടെ മൈലാഞ്ചിക്കല്യാണം. ഏതു സാരിയാ എനിക്ക് കൂടുതൽ ചേരുന്നതെന്നു നോക്കിക്കേ.."
സാരിയും ബ്ലൗസും ആഭരണങ്ങളും ഒക്കെ സെലക്ട് ചെയ്ത് അടുക്കളയിലെത്തിയപ്പോൾ ഈച്ച വീണ് പാട ചൂടിയ ചായ അവളെ നോക്കി കൊഞ്ഞനം കുത്തി. അതെടുത്തവൾ കാടിക്കലത്തിലേക്ക് കമിഴ്ത്തിയ നിമിഷം, നന്ദിനിക്കുട്ടി നീട്ടിവിളിച്ചു, "മ്ഹേ...!"
"ഇല്ലെടീ... നിന്നെ ഞാൻ മറന്നിട്ടില്ല..." അലിവാർന്നൊരു ചിരിയോടെ അവൾ കാടിയുമായി തൊഴുത്തിലേക്ക് നടന്നു.
ഫോണെടുത്ത് സ്പീഡ് ഡയലിൽ അമ്മയെ വിളിച്ചു, " അമ്മേ, ഇന്ന് അങ്ങോട്ടിറങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല, ആഗസ്റ്റ് 15 അല്ലേ? പിടിപ്പത് പണിയുണ്ട്." അവളേക്കാൾ ഒരുപാട് കൂടുതൽ 'സ്വാതന്ത്ര്യദിനങ്ങൾ' ആഘോഷിച്ച അമ്മ ഒന്നമർത്തി മൂളി.
മൈതാനത്തുനിന്നുള്ള പടക്കം പൊട്ടിക്കലിന്റെ ഒച്ചയിൽ അതങ്ങ് മുങ്ങിപ്പോവുകയും ചെയ്തു.