ബ്രസീലിയന്‍ സുപ്പര്‍ ഫുട്ബോള്‍ താരം നെയ്മറിന് രാജകീയ സ്വീകരണം ഒരുക്കി അറബ് കായിക ലോകം. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ട നെയ്മർ ഇന്നലെ രാത്രിയിലാണ് സൗദിയിലെത്തിയത്. റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ക്ലബ് ഇന്ന് നെയ്മറിനെ അവതരിപ്പിക്കും
വെള്ളിയാഴ്ച രാത്രി വൈകി റിയാദ് വിമാനത്താവളത്തിലെത്തിയ നെയ്മറിനെ അല്‍ ഹിലാല്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെത്തിയാണ് സ്വീകരിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ അല്‍ ഹിലാലിലെത്തിയിരിക്കുന്നത്. എകദേശം 160 ദശ ലക്ഷം യൂറോ(ഏകദേശം 1,451 കോടി രൂപ)യാണ് അല്‍ഹിലാല്‍ നെയ്മറിനു നല്കുന്ന പ്രതിഫലം. താരത്തിന് ജേഴ്സി കൈമാറുന്ന ചിത്രങ്ങളും ക്ലബ് പങ്കുവെച്ചു. ഇഷ്ടനമ്പറായ പത്തിൽ തന്നെയാണ് താരം അൽ ഹിലാലിലും കളിക്കുക. റിയാദിലെ കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ നെയ്മര്‍ ഔദ്യോഗികമായി അല്‍ഹിലാല്‍ ജേഴ്സി അണിയും. പ്രൗഡഗംഭീരമായ ചടങ്ങായിരിക്കും കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുക എന്ന സൂചനയാണ് അല്‍ ഹിലാലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്.