Image

മഴനിയമത്തിൽ അയർലണ്ടിനെതിരെ ഇന്ത്യക്ക് ജയം

Published on 19 August, 2023
മഴനിയമത്തിൽ അയർലണ്ടിനെതിരെ ഇന്ത്യക്ക് ജയം

അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് രണ്ട് റൺസ് ജയം. ഡബ്ലനിൽ മഴ വില്ലനായപ്പോൾ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് എടുക്കാനെ കഴിഞ്ഞിരുന്നുളളൂ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 6.5 ഓവറിൽ രണ്ടിന് 47 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു മഴ മത്സരം മുടക്കിയത്.

11 മാസങ്ങൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങി വന്ന ജസ്പ്രീത് ബുംറ കളിയിലെ താരമാകുന്നതാണ് ഡബ്ലിനിൽ കണ്ടത്. 140 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് മികച്ച റൺറേറ്റിങ്ങാണ് തുണയായത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (24), റുതുരാജ് ഗെയ്കവാദ് (പുറത്താവാതെ 19) എന്നിവരുടെ മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ 46 റണ്‍സ് കരസ്ഥമാക്കിയിരുന്നു. ഇതാണ് ഡി.എൽ സിസ്റ്റത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകിയ്തത്.  ക്രെയ്ഗ് യംഗിന്റെ അടുത്തടുത്ത പന്തുകളില്‍ ജെയ്‌സ്വാളും തിലക് വര്‍മയും (0) പുറത്തായി. റുതുരാജിനൊപ്പം സഞ്ജു സാംസണ്‍ (1) ക്രീസിൽ ഉള്ളപ്പോഴാണ് മഴ മത്സരം തടസ്സപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡിന്റെ മുൻ നിര ബാറ്റ്സ്മാൻമാർക്ക് നീലപ്പടയ്ക്ക് മുന്നിൽ ചെറുത്തുനിൽക്കാൻ പോലും കഴിഞ്ഞില്ല. മധ്യനിരയിൽ നിന്നുമുളള ക്വേര്‍ടിസ് കാംഫെര്‍ (39), വാലറ്റത്തു നിന്നുമുളള ബാരി മക്കാര്‍ത്തി (33 പന്തില്‍ പുറത്താവാതെ 51)യുടെയും ഇന്നിങ്സാണ് അ‍യ‍ലൻഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ആന്‍ഡ്രൂ ബാല്‍ബിര്‍നിയെ (4) മടക്കി അയച്ചുകൊണ്ട് ബുമ്ര തന്റെ തിരിച്ചുവരവ് വിളംബരം ചെയ്തു. അതേ ഓവറില്‍ തന്നെ ലോര്‍കാന്‍ ടക്കറിനേും (0) ബുംറ മടക്കി. ഹാരി ടെക്റ്റര്‍ (9), പോള്‍ സ്റ്റിര്‍ലിംഗ് (11), ജോര്‍ജ് ഡോക്‌റെല്‍ (1) എന്നിവര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഇതോടെ അഞ്ചിന് 31 എന്ന നിലയിലായി അയര്‍ലന്‍ഡ്. പിന്നാലെ മാര്‍ക്ക് അഡെയ്ര്‍ - കാംഫെര്‍ സഖ്യം 28 റണ്‍സ് അടിച്ചെടുത്തെങ്കിലും അഡെയ്‌റെ വിക്കറ്റിന് മുന്നില്‍ കുടുക്കി ബിഷ്‌ണോയ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴാം വിക്കറ്റില്‍ കാംഫെര്‍ - മക്കാര്‍ത്തി സഖ്യം പടുത്തുയർത്തിയ 57 റണ്‍സ് ആയിരുന്നു അയര്‍ലന്‍ഡ് ഇന്നിംഗ്‌സിലെ മികച്ച കൂട്ടുകെട്ട്. കാംഫെറെ അര്‍ഷ്ദീപ് സിങ് ബൗള്‍ഡാക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക